Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും പ്രായോഗിക നിലപാടുകളും

മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകളെ ഒറ്റതിരിച്ചു വിവേചനം മുതല്‍ ഉന്‍മൂലനം നടത്തുന്ന ആശയ പ്രവര്‍ത്തന നയപരിപാടിയാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമോ മോഫോബിക്കായ വ്യക്തികളെയും വിഭാഗങ്ങളെയും ഈ രീതിയില്‍ നിര്‍വചിക്കാവുന്നതാണ്. പൗരത്വ നിഷേധം, രാഷ്ട്രീയ അവകാശ നിഷേധം, വിദ്യാഭ്യാസ അവകാശ നിഷേധം മുതല്‍ പൊതുയിടത്തിലെ മുസ്‌ലിം എന്നു കരുതുന്ന വ്യക്തികള്‍ക്കുള്ള പ്രാതിനിധ്യ നിഷേധം വരെ ഈ വംശീയ വിവേചന വ്യവസ്ഥയുടെ പരിധിയില്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്.

വംശീയവിരുദ്ധ നിലപാടിന്റെ പ്രശ്‌നം
ഒരു വംശീയ നയത്തിനോ കാഴ്ചപ്പാടിനോ സ്വന്തം പ്രവര്‍ത്തനത്താലോ അതല്ലെങ്കില്‍ നിര്‍ജീവമായി അതിനു മൗനസമ്മതം നല്‍കുന്നവരോ ആരായാലും അവരെ വംശീയവാദിയെന്നു വിളിക്കാം. വംശീയതയെക്കുറിച്ചുള്ള പഠനത്തില്‍ ഇബ്രാം എക്‌സ് കെന്‍ഡി (ഹൗ റ്റു ബി ആന്‍ ആന്റ്റി റൈസിസ്റ്റ്, 2019) പറയുന്നതു പോലെ ഒരു ആശയമോ പ്രവര്‍ത്തനമോ സാമൂഹികനയമോ ഒന്നുകില്‍ വംശീയമായിരിക്കും അല്ലെങ്കില്‍ വംശീയവിരുദ്ധമായിരിക്കും. അതിനിടയില്‍ ഒരു സംശയമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വംശീയത ഒരു ആശയത്തിനോ പ്രവര്‍ത്തനത്തിനോ നയത്തിനോ നാം കൊടുക്കുന്ന പിന്തുണയാണ്. ആശയം, പ്രവര്‍ത്തനം, നയം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വംശീയതയ്ക്കു പിന്തുണ കൊടുക്കുന്നവരാണ് വംശീയവാദികള്‍. ഏതു വ്യക്തിയും സാമൂഹിക വിഭാഗവും വംശീയ വാദികളാവാം എന്ന സാധ്യതയും കാണേണ്ടതുണ്ട്.

വംശീയത ആന്തരികവല്‍ക്കുന്ന അതിന്റെ തന്നെ ഇരകളായ വ്യക്തികളും വിഭാഗങ്ങളുമുണ്ട്. അവര്‍ വംശീയതയുടെ ഉല്‍പ്പാദകരല്ല. ആധിപത്യ വംശീയ അധികാരം (ഇസ്‌ലാമോഫോബിയ ഉദാഹരണം) ജനജീവിതത്തില്‍ നിര്‍മിച്ച ശക്തിയാണ് അത് കാണിക്കുന്നത്. എന്നാല്‍, വംശീയതയുടെ ഉല്‍പ്പാദന അധികാരം ഇസ്‌ലാമോഫോബിയാ വാഹകരിലല്ല, മറിച്ച് ഇസ്‌ലാമോഫോബിയ ഉല്‍പ്പാദകരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനെ നിരന്തരം പുനരുല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇസ്‌ലാമോഫോബിയയുടെ വാഹകര്‍ ചെയ്യുന്നത്. എങ്കിലും അതൊരു വംശീയത തന്നെയായി തിരിച്ചറിയേണ്ടതുണ്ട്.

 

ഈ വിഷമവൃത്തത്തില്‍ നിന്നു പുറത്തുകടക്കാന്‍ ഞാന്‍ ഒരു ഇസ്‌ലാമോഫോബിക്കല്ല എന്നു വെറുതെ പറയുക പരിഹാരമല്ല. ഓരോ ഘട്ടത്തിലും ആശയം, പ്രവര്‍ത്തനം, നയം തുടങ്ങിയവയെ ഇസ്‌ലാമോഫോബിയ വിരുദ്ധമായി ചിട്ടപ്പെടുത്തുക എന്ന നിലപാട് ബോധപൂര്‍വ്വം ഒരു തിരഞ്ഞെടുപ്പായി മാറേണ്ടതുണ്ട്. അതിനാവശ്യമായ തയ്യാറെടുപ്പും ഗൃഹപാഠവും സന്നദ്ധതയും സ്വയം വിമര്‍ശനവും ആവശ്യമാണ്. പലപ്പോഴും ഞാന്‍ മുസ്‌ലിം വിരുദ്ധനല്ല എന്ന് ആണയിടുന്ന പലരും വീണ്ടും ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വംശീയത പ്രകടിപ്പിക്കുന്നത് ആശയം, പ്രവര്‍ത്തനം, നയം തുടങ്ങിയ മേഖലയില്‍ ബോധപൂര്‍വ്വം എടുക്കാതെ പോയ ഉറച്ച ഇസ്‌ലാമോഫോബിയ വിരുദ്ധതയുടെ അഭാവത്താലാണ്. മാത്രമല്ല, ഇസ്‌ലാമോഫോബിയയുടെ കാരണം അജ്ഞതയല്ല. ഇസ്‌ലാമോഫോബിയകൊണ്ട് അറിഞ്ഞും അറിയാതെയും പ്രായോജകര്‍ക്ക് ഘടനാപരമായിത്തന്നെ ലാഭവും ഉപകാരവും അനുഭവിക്കുന്നുണ്ടെന്നാണ് വസ്തുത.

പ്രായോഗിക ചുവടുകളുടെ പ്രശ്‌നം
ഇസ്‌ലാമോഫോബിയക്കെതിരായ പ്രയോഗിക പോരാട്ടത്തിന്റെ യുക്തി അത്ര എളുപ്പമുള്ള കാര്യമല്ല. മേല്‍ പറഞ്ഞ നിലപാടുകള്‍ എല്ലാവര്‍ക്കും എല്ലാ ഘട്ടങ്ങളിലും സാധ്യമാവില്ലെന്നും വരുന്നു. പ്രായോഗികതയാണ് മുഖ്യ തടസ്സമായി പറയാറുളളത്.
ചില സമയങ്ങളില്‍ ചില പരിപാടികളിലോ പദ്ധതികളിലോ പ്രവര്‍ത്തനങ്ങളിലോ വേദികളിലോ സ്ഥാനങ്ങളിലോ മുസ്‌ലിംകളെ ഒഴിവാക്കുന്നത് അവരുടെ തന്നെ നന്‍മയെ കരുതിയിട്ടാണെന്നു കരുതുന്നവരുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പൊതുപരിപാടികളിലെ പ്രാസംഗികരെ വരെ മുസ്‌ലിം ആണെന്നതിനാല്‍ വംശീയ വാദികള്‍ മുതലെടുക്കുമെന്നു കരുതി മാറ്റിനിറുത്തണമെന്ന വാദവും ഉയരാറുണ്ട്. പല മുസ്‌ലിംകളും സ്വന്തം സാമൂഹിക സ്ഥാപനങ്ങളില്‍ വരെ ഇത്തരമൊരു നയം സ്വീകരിക്കുന്നു. അറബി പേര് ഒരു ഭാരമായും കരുതുന്നു. ഒരു സുഹൃത്ത് പ്രശ്‌നത്തില്‍ പെട്ടാല്‍ ഞാനവരെ അറിയും എന്നുറപ്പിച്ചു പറയാന്‍ കഴിയാതെ വരുന്നു.

രണ്ടു തരം പ്രായോഗിക വാദങ്ങളാണിത്:
ഒന്ന്, കൂടുതല്‍ നന്‍മയ്ക്കുവേണ്ടി വംശീയതയുമായി ചില വിട്ടുവീഴ്ചകളാവാമെന്ന പ്രായോഗിക സമീപനമാണിത്. അന്തിമ വിശകലനത്തില്‍ ഭാവിയില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒരു ധാര്‍മിക പ്രവര്‍ത്തനമായി ഇതു വിശദീകരിക്കുകയും ചെയ്യുന്നു. ഒരു പ്രവര്‍ത്തനത്തിന്റെ ഫലം മാര്‍ഗത്തില്‍ നന്‍മ നിറഞ്ഞതല്ലെങ്കിലും അതിന്റെ ലക്ഷ്യത്തില്‍ നന്‍മ കൊണ്ടു വരുമെന്ന യൂറ്റിലിറ്റേറിയന്‍ യുക്തിയാണത്. നന്‍മയും നൈതികതയും ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തില്‍ കണ്ണുനട്ടു മാത്രം നേടാനാണ് ശ്രമം.സാമൂഹികനയങ്ങളില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ മാര്‍ഗം ഫലപ്രദമാണെന്ന വാദവും നിലവിലുണ്ട്.. ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തില്‍ പക്ഷെ ഈ പ്രായോഗികവാദം വംശീയതയുമായി രാജിയാവുന്ന പ്രവര്‍ത്തനമായി മാറുന്നുവെന്നാണ് വിമര്‍ശനം. മുസ്‌ലിം നാമമുള്ള സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടക്കം പുലര്‍ത്തുന്ന സമീപനം ഉദാഹരണം. മുസ്‌ലിം എന്നു തോന്നിപ്പിക്കുന്ന ചിഹ്നങ്ങളെ ഹിന്ദുത്വര്‍ മുതലെടുക്കുമെന്നാണ് അവര്‍ കരുതുന്നത്.

രണ്ട്, സാമൂഹികനയങ്ങളോ പ്രവര്‍ത്തനങ്ങളോ ഇടപെടലുകളോ ഭാവിയില്‍ എന്തു ഫലം കൊണ്ടുവരുമെന്ന് ആര്‍ക്കും മുന്‍കൂര്‍ നിര്‍വചിക്കാനാവില്ല. ഭാവി ഒരു വാഗ്ദാനം മാത്രമാണ്. വര്‍ത്തമാനം മാത്രമാണ് സ്വയം തിരഞ്ഞെടുക്കാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ നല്ല ഉദ്ദേശ്യത്തിലൂടെ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഭാവിയിലേക്ക് നീട്ടി വെക്കാതെ വര്‍ത്തമാനത്തില്‍ തന്നെ സ്വയമാവിഷ്‌കരിക്കുക. അതാണ് വംശീയതയെ ചെറുക്കുന്നതില്‍ യുക്തിപരമായി ഉറപ്പിക്കാവുന്ന ഏക കാര്യം.

ഉറപ്പില്ലാത്ത, ഭാവിയില്‍ കൈവരുന്ന നന്‍മയേക്കാള്‍, വര്‍ത്തമാനത്തില്‍ത്തന്നെ ഉദ്ദേശ്യശുദ്ധിയോടെ ഇടപെടുക എന്നതു പ്രധാനമാണ്. ഭാവിയില്‍ ഉദ്ദേശിച്ച കാര്യം നടന്നാല്‍ അതൊരു വിജയമായി. അഥവാ പരാജയപെട്ടാലും ആദ്യഘട്ടത്തിലെ വിജയം അതിനെ ബാധിക്കയുമില്ല. ഭാവിയിലെ വിജയം ഒരു ധാര്‍മിക ഭാഗ്യം മാത്രമാണെന്നു കരുതുക. അതിനായി വര്‍ത്തമാനത്തിലെ രാഷ്ട്രീയമായ ഒരു ശരിയെ ബലി കഴിക്കേണ്ടതില്ല.

മാത്രമല്ല, യുക്തിപരമായിത്തന്നെ, തൊട്ടറിയാവുന്ന അടുത്ത ചുവടാണ് നമുക്ക് ഉറപ്പിക്കാവുന്ന ഏക കാര്യം.  ആ ചുവടുവെപ്പ് യുക്തിപരമായിത്തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ഭാവിയിലെ വിജയത്തിന്റെ പേരില്‍ ഒരു പ്രവര്‍ത്തനത്തിന്റെ വംശീയവിരുദ്ധതയെ തടയുന്നത് ഒരു പ്രായോഗിക യുക്തിയല്ലെന്നും വരുന്നു.

കേരളത്തില്‍ ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തില്‍ വ്യക്തികളായാലും വിഭാഗങ്ങളായാലും ഈ രണ്ടു നിലപാടുകളും പുലര്‍ത്തുന്നു. ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം നടത്തുന്നവര്‍ മാത്രമല്ല, മുസ്‌ലിംകള്‍ തന്നെ ഈ രണ്ടു സമീപനങ്ങളും ആന്തരികമായി സ്വയം പുലര്‍ത്തുന്നതായി കാണുന്നു.

ഉറപ്പുള്ള, വര്‍ത്തമാനത്തില്‍ കാലൂന്നിയ ഒരു വംശീയവിരുദ്ധ നിലപാടാണ് രണ്ടാമത്തേത്. ആദ്യത്തേത് വംശീയത ഉപയോഗിച്ചു, പലപ്പോഴും വംശീയ വാദിയാണെന്നു സ്വയം സമ്മതിക്കാതെ, ഇസ്‌ലാമോഫോബിയ ചെറുക്കാമെന്ന നിലപാടും.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)