Experiencing Islamophobia Kerala Islamophobia

ഒരു എക്‌സ്-ഇസ്‌ലാമോഫോബിന്റെ കുമ്പസാരം

ഒരിക്കല്‍ ഞാന്‍ ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ”തൊപ്പിയിട്ടവര്‍ തീട്ടുകുഴിയില്‍” എന്നായിരുന്നു. ഇന്ന് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ എനിക്ക് ലജ്ജ തോന്നുന്നു. അന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്, മുസ്‌ലിംകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഒരു പരിധിവരെ അവര്‍ തന്നെയാണ് ഉത്തരവാദിയെന്നായിരുന്നു. മുസ്‌ലിംകള്‍ കൂടുതല്‍ ”നന്നാവണം”, ”പുരോഗമിക്കണം”, ”ആധുനികരാകണം” എന്നൊക്കെ ഞാന്‍ കരുതി.

ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ ഇസ്‌ലാമോഫോബിക് ബോധം എങ്ങനെ എന്നില്‍ രൂപപ്പെട്ടുവെന്ന് പറയേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ സി.ബി.എസ്.ഇ. സ്‌കൂളിലായിരുന്നു പഠനം. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്തെ ഒരു അനുഭവം ഓര്‍ക്കുന്നു. എന്‍.സി.സി. പരിശീലനം നേടിയ അച്ചടക്കവാദിയായ ഞങ്ങളുടെ ഒരു അധ്യാപകന്‍ ക്ലാസില്‍ സ്‌കാര്‍ഫ് ധരിച്ചു വന്ന ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിനിയോട് അത് അഴിക്കാന്‍ ആവശ്യപ്പെട്ടു. ആ കുട്ടി എതിര്‍ത്തു. ഞങ്ങള്‍ ആ കുട്ടിയോടൊപ്പമല്ല, അധ്യാപകനൊപ്പമാണ് നിന്നത്. അവരെ മതപരമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചവരില്‍ മുന്നിലുണ്ടായിരുന്നത് ഞാന്‍ തന്നെയായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, അതാണ് എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ഇസ്‌ലാമോഫോബിക് പ്രവൃത്തി.

ഒരു യുക്തിവാദിയെന്ന നിലയില്‍ മതത്തെക്കുറിച്ച് എനിക്ക് ചില ധാരണകളുണ്ടായിരുന്നു. പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണം നല്‍കുമായിരുന്ന ഒരു അധ്യാപികയുടെ ക്ലാസ് എന്നില്‍ വലിയ സ്വാധീനം ചെലുത്തി. മതം മനുഷ്യവിരുദ്ധവും പുരോഗമനവിരുദ്ധവുമായ ഒന്നാണെന്ന ചിന്ത വളര്‍ന്നുവന്നത് ഇതിന്റെയൊക്കെ ഫലമായിരിക്കണം.

പക്ഷേ ഇവിടെ ഒരു വലിയ പ്രശ്‌നം ഉണ്ടായിരുന്നു: ഞാന്‍ എല്ലായ്‌പ്പോഴും മതത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ എന്റെ ദൈനംദിന അനുഭവത്തില്‍ ഇസ്‌ലാമിനെയാണ് ഞാന്‍ ”മതം” ആയി മനസ്സിലാക്കിയിരുന്നത്. കാരണം നമ്മുടെ പൊതുബോധം തന്നെ ഹൈന്ദവമാണ്. അതുകൊണ്ട് ഹൈന്ദവ ചിഹ്നങ്ങള്‍ “പൊതുസംസ്‌കാരത്തിന്റെ” ഭാഗമായും മുസ്‌ലിം അടയാളങ്ങള്‍ ”മതപരമായ പ്രത്യേകത”യായും തോന്നും. സ്‌കാര്‍ഫ് പ്രശ്‌നമാകുന്നതും മറ്റു മത-സാംസ്‌കാരിക ചിഹ്നങ്ങള്‍ സാധാരണമാകുന്നതും ഇതിന്റെ ഭാഗമാണെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി.

കോളേജിലെത്തിയപ്പോഴും എന്റെ മുന്‍വിധികള്‍ മാറിയില്ല. മുസ്‌ലിം സുഹൃത്തുക്കളുമായി മതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ നിലപാടുകള്‍ ആധുനികതയ്ക്കും മാനവികതയ്ക്കും എതിരായി എനിക്ക് തോന്നി. ഒരര്‍ത്ഥത്തില്‍, എന്റെ നാസ്തികബോധം കൂടുതല്‍ കടുപ്പിച്ചതും ഇസ്‌ലാമിനെതിരായ ചര്‍ച്ചകളിലൂടെയായിരുന്നു.

എ.ബി.വി.പി. പശ്ചാത്തലമുള്ള ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അബ്ദുന്നാസര്‍ മദനിയുടെ ചില കാസറ്റുകളും പ്രസംഗങ്ങളും അദ്ദേഹത്തിന്റെ കൈയില്‍നിന്നാണ് ഞാന്‍ കേട്ടത്. അതുകേട്ടപ്പോള്‍ എന്നിലെ മുസ്‌ലിം വിരുദ്ധത എനിക്ക് സ്വാഭാവികവും ന്യായമായും തോന്നി. അവയില്‍ പലതും അബ്ദുന്നാസര്‍ മദനിയുടെ പ്രസംഗങ്ങളുടെ പാരഡിയാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി.

അന്ന് ഞാന്‍ ആവര്‍ത്തിച്ചുപറഞ്ഞ ഒരു വാചകമുണ്ടായിരുന്നു: ”മുസ്‌ലിംകള്‍ കുത്തിക്കൊല്ലും, ക്രിസ്ത്യാനികള്‍ നക്കിക്കൊല്ലും.” ഇന്ന് ആ വാചകം ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നു. അത് വെറുമൊരു തമാശയോ അഭിപ്രായമോ ആയിരുന്നില്ല; എന്നിലെ വംശീയ ബോധത്തിന്റെ സാധാരണവത്കരണമായിരുന്നു.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകേണ്ടതായിരുന്നു എന്ന നിലപാടും ഒരുകാലത്ത് എനിക്ക് ഉണ്ടായിരുന്നു. അതായിരുന്നു എന്റെ രാഷ്ട്രീയ മനോഭാവം. എന്നാല്‍ പിന്നീട് പഠനം, വായന, യൂണിവേഴ്‌സിറ്റി കോളേജിലെ ജീവിതം, വിവിധ ആശയങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവ എന്റെ ധാരണകളില്‍ ചെറിയ വിള്ളലുകള്‍ സൃഷ്ടിച്ചു.

മുസ്‌ലിംകളെക്കുറിച്ചുള്ള എന്റെ ധാരണകള്‍ രൂപപ്പെട്ടത് പ്രധാനമായും തെക്കന്‍ കേരളത്തില്‍നിന്നുള്ള പരിമിതമായ അനുഭവങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും കേട്ടറിവുകളില്‍നിന്നുമായിരുന്നു. തെക്കന്‍ കേരളത്തിലെ മുസ്‌ലിംകള്‍ ”കുറച്ചൊക്കെ ഇടതുപക്ഷ-പുരോഗമനവാദികള്‍” ആണെന്നും വടക്കന്‍ മുസ്‌ലിംകള്‍ “യാഥാസ്ഥിതികരും ഭീകരവാദ മനോഭാവക്കാരാണെന്നുമുള്ള” വിഭജനം പോലും ഞാന്‍ മനസ്സില്‍ കെട്ടിപ്പടുത്തിരുന്നു. ഇത് മാധ്യമങ്ങളും പ്രചാരണങ്ങളും ചേര്‍ന്നുണ്ടാക്കിയതാണ്, യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല.

എന്റെ ചിന്തയില്‍ ആദ്യത്തെ നിര്‍ണായകമായ വിള്ളല്‍ ഉണ്ടാകുന്നത് തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ പ്രോജക്ട് ജോലിക്കിടെ മലപ്പുറത്ത് നിന്നുള്ള മൂന്ന് ജമാഅത്തെ ഇസ്‌ലാമി പശ്ചാത്തലമുള്ള സുഹൃത്തുക്കളെ പരിചയപ്പെട്ടപ്പോഴാണ്. അവരോട് സംസാരിക്കുംതോറും ഞാന്‍ കരുതിയിരുന്നതുപോലുള്ള ആളുകളല്ല അവരെന്ന് എനിക്ക് മനസ്സിലാകാന്‍ തുടങ്ങി. മതത്തെ വിമര്‍ശിച്ചാലും, ആവേശത്തോടെ ആക്രമിച്ചാലും, അവര്‍ ശാന്തമായി, ക്ഷമയോടെ മറുപടി പറയുമായിരുന്നു. വാദപ്രതിവാദം വൈരത്തിലേക്ക് നീങ്ങാതെ നിലനിര്‍ത്താനുള്ള ആ സുഹൃത്തുക്കളുടെ ശേഷി എന്നെ പിടിച്ചുകുലുക്കി. മുസ്‌ലിംകളെക്കുറിച്ചുള്ള എന്റെ മുന്‍വിധികള്‍ തകര്‍ന്നുതുടങ്ങിയതിന്റെ ആദ്യ അനുഭവമായിരുന്നു അത്.

2015 മുതല്‍ 2018 വരെയുള്ള കാലത്ത് എനിക്ക് മലപ്പുറം ജില്ലയിലേക്ക് സ്ഥിരമായി പോകേണ്ടിവന്നിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനായിരുന്നു അത്. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, പൂക്കോട്ടുംപാടം, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ എന്റെ മനസ്സിലെ സകല ചിത്രങ്ങളും പൊളിച്ചെഴുതി. നോമ്പ് നോക്കുന്ന അയൽ വീട്ടുകാര്‍ എനിക്ക് ഭക്ഷണം വിളമ്പി. വഴിയാത്രയ്ക്കിടെ പരിചയമില്ലാത്തവര്‍ പോലും കുടിച്ച ചായയുടെ പണം സ്‌നേഹപൂര്‍വം നല്‍കി. അതിഥിസല്‍ക്കാരവും സൗഹൃദവും മാനവികതയും ഞാന്‍ നേരിട്ട് അനുഭവിച്ചു. ”മലപ്പുറം” എന്ന പേര് കേട്ടാല്‍ തന്നെ സംശയവും ഭയവും ഉണ്ടാകുന്ന തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഇമേജ് എത്രത്തോളം വ്യാജമാണെന്ന് ഞാന്‍ മനസ്സിലാക്കി.

അതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലെ എന്റെ പഴയ എഴുത്തുകള്‍ ഞാന്‍ വീണ്ടും പരിശോധിച്ചു. അതിലെ ഭാഷയും നിലപാടുകളും ഇസ്‌ലാമോഫോബിക്കായിരുന്നു. ”തൊപ്പിയിട്ടവര്‍ തീട്ടുകുഴിയില്‍” എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനം അതിന്റെ ഉദാഹരണമായിരുന്നു. മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ക്ക് അവരെത്തന്നെ കുറ്റപ്പെടുത്തുന്ന വംശീയ ഭാഷയായിരുന്നു ലേഖനത്തിന്റേത്.

പക്ഷേ എന്നെ കൂടുതല്‍ പിടിച്ചുകുലുക്കിയത് മറ്റൊന്നാണ്: ആ ലേഖനത്തെ വിമര്‍ശിച്ച പല മുസ്‌ലിം വായനക്കാരും എനിക്ക് നേരെ ആക്രമണത്തിന്റെ ഭാഷ ഉപയോഗിച്ചില്ല. അവര്‍ ഭാഷയിലെ പ്രശ്‌നവും ഉള്ളടക്കത്തിലെ പ്രശ്‌നവും ശാന്തമായി ചൂണ്ടിക്കാട്ടി. ആ അനുഭവം എന്നെ അതിശയിപ്പിച്ചു. ഞാന്‍ വെറുപ്പോടെ എഴുതിയപ്പോള്‍, അവര്‍ ശാന്തതയോടെ മറുപടി പറഞ്ഞു. അങ്ങനെയാണ് ”ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്” എന്ന വാചകത്തെ ഞാന്‍ ഒരു പ്രചാരണവാക്യമായല്ലാതെ മനുഷ്യാനുഭവമായി കാണാന്‍ തുടങ്ങിയത്.

ഈ മാറ്റത്തിന്റെ മറ്റൊരു നിര്‍ണായക ഘട്ടം യുക്തിവാദി സുഹൃത്തായ വികാസുമായുള്ള ചര്‍ച്ചകളായിരുന്നു. അദ്ദേഹമാണ് ”നമ്മള്‍ യുക്തിവാദികള്‍ ഇസ്‌ലാമോഫോബിയ എന്ന വിഷയം ഗൗരവമായി അഡ്രസ് ചെയ്യേണ്ടതുണ്ട്” എന്ന് ആദ്യമായി എന്നോട് പറയുന്നത്. പിന്നീട് ഞാന്‍ തന്നെ പാലക്കാട്ടെ ഒരു യുക്തിവാദി സംഘത്തിന്റെ വേദിയില്‍ ”നമ്മളിലെ ഇസ്‌ലാമോഫോബിയയെ എങ്ങനെ അന്‍ലേണ്‍ ചെയ്യാം, എങ്ങനെ അതില്‍ നിന്ന് പുറത്തുവരാം” എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

പക്ഷേ അവിടെ പോലും പ്രതിരോധം വന്നു. ഞാന്‍ ഇസ്‌ലാമോഫോബിയയെ വിശദീകരിച്ചപ്പോള്‍, ചിലര്‍ക്ക് അത് ”ഇസ്‌ലാമിനെ ന്യായീകരിക്കല്‍” ആയി തോന്നി. “ഹലാല്‍” എന്ന ഒരു പ്രയോഗം എങ്ങനെ ഇസ്‌ലാമോഫോബിക് കണ്ടെന്റ് ആയി നിര്‍മിക്കപ്പെടുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ”നീ ഹലാലിനെ ന്യായീകരിക്കുന്നു” എന്ന അപവാദം ഉയര്‍ന്നു. ഈ പണിക്കു മാസക്കൂലിയാണോ ദിവസക്കൂലിയാണോ എന്ന് ചോദിച്ചവരും ഉണ്ടായി. മുന്‍പ് എന്റെ മുസ്‌ലിം വിരുദ്ധ എഴുത്തുകള്‍ക്ക് കൈയ്യടിച്ചവരാണ് പിന്നീട് എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയത്. അതൊരു തിരിച്ചറിവായിരുന്നു. ഇസ്‌ലാമോഫോബിയക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത, അതിനെ വിമര്‍ശിക്കുന്ന നിമിഷം തന്നെ അവസാനിക്കുന്നു.

എഴുത്തുകാരനും പ്രഭാഷകനുമായ സുദേഷ് എം രഘുവിനെ പരിചയപ്പെട്ടത് എന്റെ കാഴ്ചപ്പാടില്‍ വന്‍ സ്വാധീനം ചെലുത്തി. മുസ്‌ലിം സംഘടനകളെ അന്ധമായി പിന്തുണക്കുന്ന ഒരാളാണ് എന്നായിരുന്നു അദ്ദേഹത്തെക്കുറിച്ച് മുമ്പ് ഞാന്‍ കേട്ടിരുന്നത്. പക്ഷേ നേരിട്ട് കണ്ട സമയത്ത് അദ്ദേഹം ചോദിച്ച ചില ചോദ്യങ്ങള്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ചു: ”മുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന കാര്യം അംഗീകരിക്കുന്നവര്‍, അവര്‍ക്കു ഐക്യദാര്‍ഢ്യം നല്‍കാന്‍ എന്തിനാണ് നിബന്ധനകള്‍ വെക്കുന്നത്?”

അദ്ദേഹം തുടര്‍ന്നു: സ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍, സ്ത്രീകളുടെ എല്ലാ പരിമിതികളെയും കുറ്റങ്ങളെയും മുന്നില്‍ വെച്ച് നാം ഐക്യദാര്‍ഢ്യം നിഷേധിക്കാറുണ്ടോ? ദലിതര്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍, അവരുടെ സമൂഹത്തിനുള്ളിലെ എല്ലാ പ്രശ്‌നങ്ങളും തീര്‍ത്തശേഷമേ പിന്തുണ നല്‍കൂ എന്ന് പറയാറുണ്ടോ? മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ‘അവര്‍ നന്നായാല്‍ പിന്തുണ നല്‍കാം” എന്ന് പറയുന്നത്? ആ ചോദ്യത്തില്‍ ‘പകച്ചുപോയി എന്റെ ബാല്യം’. കാരണം അതേ ‘നിബന്ധനാ രാഷ്ട്രീയം’ ഒരുകാലത്ത് ഞാനും പിന്തുടര്‍ന്നിരുന്നു.

പില്‍ക്കാലത്ത് കേരളത്തില്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി പേരുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ചേലാകർമ്മം (സര്‍കംസിഷന്‍), ഹലാല്‍, മുസ്‌ലിം സംഘടനകള്‍, സ്വയംസംഘാടനം, രാഷ്ട്രീയ അവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുന്‍പ് ഞാന്‍ എടുത്തിരുന്ന നിലപാടുകള്‍ ഒട്ടുമിക്കതും ഇസ്‌ലാമോഫോബിക് ഫ്രെയിംവര്‍ക്കിനുള്ളിലാണെന്ന് തിരിച്ചറിയാന്‍ തുടങ്ങി.

മുസ്‌ലിംങ്ങളെ വിമര്‍ശിക്കാമോ? തീര്‍ച്ചയായും കഴിയും. പക്ഷേ അതിനെ വംശീയ വെറുപ്പിന്റെയും അപരവല്‍ക്കരണത്തിന്റെയും ഭാഷയില്‍ അവതരിപ്പിക്കരുത്. ഈ ചെറിയ വ്യത്യാസം മുന്‍കാലങ്ങളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് ഞാന്‍ എന്നെ ഒരു എക്‌സ് ഇസ്‌ലാമോഫോബായി കാണുന്നു. ഞാന്‍ ഇപ്പോഴും യുക്തിവാദിയാണ്; മതങ്ങളെ വിമര്‍ശിക്കാനുള്ള അവകാശത്തിലും വിമര്‍ശനത്തിന്റെ ആവശ്യകതയിലും ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ യുക്തിവാദം എന്ന പേരില്‍ മുസ്‌ലിം വിരുദ്ധ വംശീയതയെ സംരക്ഷിക്കാനാകില്ല. കേരളത്തിലെ യുക്തിവാദ മണ്ഡലങ്ങളിലും സാംസ്‌കാരിക മണ്ഡലങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ഇസ്‌ലാമോഫോബിയ സാധാരണ ബോധമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് എന്റെ ഇപ്പോഴത്തെ തിരിച്ചറിവ്.

ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതും മുസ്‌ലിംകളെ അപമാനിക്കുന്നതും രണ്ടാണ്. ഒരു മതാചാരത്തെ വിമര്‍ശിക്കുന്നതും മുസ്‌ലിംകളുടെ സ്വയംസംഘാടനം, സ്വയംനിര്‍ണയാവകാശം, പൊതുരാഷ്ട്രീയ സാന്നിധ്യം എന്നിവയെ ഭീകരമായി ചിത്രീകരിക്കുന്നതും രണ്ടാണ്. എന്നാല്‍ പൊതുചര്‍ച്ചകളില്‍ പലപ്പോഴും ഈ രണ്ടിനെയും കുഴച്ചുകെട്ടി മുസ്‌ലിംകളെതിരായ വെറുപ്പ് സാധൂകരിക്കപ്പെടുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

എനിക്കെതിരെ ഇന്ന് ഉയരുന്ന ആക്രമണങ്ങള്‍ തന്നെ അതിന് തെളിവാണ്. ”മുസ്‌ലിം സംഘടനകളില്‍നിന്ന് പണം വാങ്ങിയാണ് നീ സംസാരിക്കുന്നത്”, ”വേദികള്‍ കിട്ടുന്നതിനാലാണ് ഇങ്ങനെ പറയുന്നത്”, ”ജിഹാദികളുടെ ഭാഷയാണ് നീ സംസാരിക്കുന്നത്” ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഞാന്‍ നേരിടുന്നു. ഇതെല്ലാം പറയുന്നവര്‍ ആരാണ്? ഒരുകാലത്ത് ഞാന്‍ മുസ്‌ലിംകളെ കടുത്ത വാക്കുകളിലൂടെ ആക്രമിക്കുമ്പോള്‍ കൈയ്യടിച്ചവരാണ്. ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്, മുസ്‌ലിംകൾക്കെതിരെ ഏതു തരത്തിലുള്ള വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചാലും പിന്തുണ കിട്ടുമെന്നാണ്; പക്ഷേ ഇസ്‌ലാമോഫോബിയയെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ ആക്രമിക്കപ്പെടും.

ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്: ഇസ്‌ലാമോഫോബിയ എന്നത് കേവലമായ മുസ്‌ലിം വിരുദ്ധ വാചകങ്ങള്‍ മാത്രമല്ല. മുസ്‌ലിംകളുടെ സ്വയംസംഘാടനത്തെ സംശയത്തോടെ കാണുക, അവരുടെ രാഷ്ട്രീയാവകാശത്തെ ഭീഷണിയായി കാണുക, അവരുടെ മതാചാരങ്ങളെ മാത്രം അസഹിഷ്ണുതയുടെ തെളിവായി വായിക്കുക, അവരുടെ സാമൂഹിക സാന്നിധ്യത്തെ പ്രത്യേകം തന്നെ പ്രശ്‌നവത്കരിക്കുക.. ഇവയും അതിന്റെ ഭാഗമാണ്. അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ തിരിച്ചറിയുക എന്നത് വെറും ചില മോശം വാക്കുകള്‍ ഉപേക്ഷിക്കുക എന്നല്ല; നാം ലോകത്തെ കാണാന്‍ പഠിച്ച മുഴുവന്‍ ചട്ടക്കൂടിനെയും ചോദ്യം ചെയ്യുക എന്നതാണ്.

അതുകൊണ്ടുതന്നെ ഞാന്‍ ഇന്ന് ഒരു അഭ്യര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നു: നമുക്ക് ഒരു എക്‌സ്-ഇസ്‌ലാമോഫോബുകളുടെ കൂട്ടായ്മ വേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രചോദനം ലാലി പി.എം അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതാണ്. അങ്ങനെ ഒരിക്കല്‍ വെറുപ്പ് പുലര്‍ത്തിയവരും പിന്നീട് സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞവരും തുറന്ന് സംസാരിക്കണം. സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കണം. എത്രത്തോളം നാം അജ്ഞതയിലും വംശീയബോധത്തിലും കുടുങ്ങിയിരുന്നുവെന്ന് സമ്മതിക്കണം. കാരണം ഇസ്‌ലാമോഫോബിയയില്‍നിന്ന് പുറത്തുവരാനുള്ള ആദ്യപടി അത് സ്വന്തമായി തിരിച്ചറിയലാണ്. അതിനുശേഷം മാത്രമേ മറ്റുള്ളവരിൽ മാറ്റം സാധ്യമാകൂ.

ഹിന്ദുത്വ വംശീയതയെയും ഫാഷിസത്തെയും ചെറുക്കണമെങ്കില്‍ അതിന്റെ സാമൂഹിക അടിത്തറയായ ഇസ്‌ലാമോഫോബിയയെ നേരിടാതെ വഴിയില്ല. ഇസ്‌ലാമോഫോബിയയെ ചോദ്യം ചെയ്യാതെ ഫാഷിസത്തെ ഇല്ലാതാക്കാമെന്ന് കരുതുന്നത് മിഥ്യാഭ്രമമാണ്. ഞാന്‍ തന്നെയാണ് അതിന്റെ ഒരു സാക്ഷ്യം. ഒരുകാലത്ത് ആ വെറുപ്പിന്റെ ഭാഷ ഞാന്‍ സംസാരിച്ചവനാണ്. ഇന്ന് അതിനെതിരെ സംസാരിക്കേണ്ടതിന്റെ അനിവാര്യത ഞാന്‍ മനസ്സിലാക്കുന്നു. എന്റെ ഈ കുമ്പസാരം അതിന്റെ ചെറിയൊരു തുടക്കം മാത്രമാണ്.
ഈ ബോധ്യത്തിലേക്ക് എന്നെ എത്തിച്ച എല്ലാ മനുഷ്യരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ ഒരു ഇസ്‌ലാമോഫോബായിരുന്നു. ഇന്ന് ഞാന്‍ അത് തുറന്ന് സമ്മതിക്കുന്നു. ആ സമ്മതത്തില്‍നിന്നു തന്നെ ഇസ്‌ലാമോഫോബിയക്കെതിരെ ഒരുപുതിയ രാഷ്ട്രീയം തുടങ്ങണം.

(കടപ്പാട്: ടോപ് മീഡിയ യൂടൂബ് ചാനൽ)

ട്രാൻസ്ക്രിപ്ഷൻ: കമാൽ വേങ്ങര