Indian Islamophobia

ഭരണഘടന, ന്യൂനപക്ഷം, നിയമം: ചില നിരീക്ഷണങ്ങൾ

സെക്കുലറിസം എന്നത് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ദീർഘകാലം നിലനിന്നിരുന്നുവെങ്കിലും, സമകാലിക പഠനങ്ങൾ അതിനെ ഒരു ഹെജിമോണിക് (ആധിപത്യ സ്വഭാവമുള്ള) അധികാര രൂപമായാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന സെക്കുലറിസം എങ്ങനെയാണ് ഇസ്‌ലാമോഫോബിയയെ ഒളിപ്പിച്ചുവെക്കാനോ അല്ലെങ്കിൽ അതിന് നിയമസാധുത നൽകാനോ ഉള്ള ഒരു ഉപകരണമായി മാറുന്നത് എന്നത് ഗൗരവതരമായ ചർച്ചകൾ അർഹിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ എന്നത് വെറുമൊരു മുൻവിധി മാത്രമല്ല, മറിച്ച് അത് ആധുനിക കൊളോണിയൽ വംശീയ ഘടനകളാൽ നിർമിക്കപ്പെട്ടതും ഭരണകൂട സംവിധാനങ്ങളാൽ നടപ്പിലാക്കപ്പെടുന്നതുമായ ഒന്നാണ്.

ആധുനിക കൊളോണിയൽ വംശീയ ഘടനകളുടെയും പ്രാദേശിക എലൈറ്റുകളുടെയും പങ്കാളിത്തത്തോടെ രൂപപ്പെട്ട ഒരു ‘പ്ലാനറ്ററി’ പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ. ഇന്ത്യയിൽ ഇത് കേവലം വിദ്വേഷ പ്രചാരണമല്ല, മറിച്ച് ജാതീയതയെയും വംശീയതയെയും പോലെ തന്നെ ആഴത്തിലുള്ള ഘടനാപരമായ ഒന്നാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയോടെ ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ കൂടുതൽ പ്രകടമാവുകയും വ്യവസ്ഥാപിതമാവുകയും ചെയ്തിട്ടുണ്ട്. സാമൂഹിക തലത്തിലുള്ള അക്രമങ്ങൾക്ക് പുറമെ, പൗരത്വ ഭേദഗതി നിയമം (CAA), മതപരിവർത്തന നിരോധന നിയമങ്ങൾ തുടങ്ങിയവയിലൂടെ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെക്കുന്ന ‘സ്ട്രക്ചറൽ ഇസ്‌ലാമോഫോബിയ’ (ഘടനാപരമായ ഇസ്‌ലാമോഫോബിയ) ശക്തിപ്പെടുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ ഹിജാബ് നിരോധനം. സെക്കുലറിസം, യൂണിഫോമിറ്റി തുടങ്ങിയ പുരോഗമനപരമായ പദാവലികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് ഒരു ന്യൂനപക്ഷ സമുദായത്തെ പൊതുവിടങ്ങളിൽ നിന്ന് അദൃശ്യമാക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ഇത്.

2021 ഡിസംബറിൽ ഉഡുപ്പിയിലെ സർക്കാർ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ ആറ് മുസ്‌ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി ആരംഭിച്ച പ്രതിഷേധം വിവാദത്തിന്റെ പ്രാരംഭഘട്ടമായിരുന്നു. 2022 ഫെബ്രുവരി 5-ന് കർണാടക സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് (Government Order), 1983-ലെ കർണാടക എഡ്യൂക്കേഷൻ ആക്ട് ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ളതായിരുന്നു. “സമത്വം, ഐക്യം, പബ്ലിക് ഓർഡർ” എന്നിവ ചൂണ്ടിക്കാട്ടി ഹിജാബ് നിരോധിച്ചപ്പോൾ, അത് മുസ്‌ലിം വിദ്യാർത്ഥിനികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറന്തള്ളുന്ന ഘടനാപരമായ വിവേചനമായി മാറി. പൗരത്വ ഭേദഗതി നിയമം (CAA), മതപരിവർത്തന നിരോധന നിയമങ്ങൾ എന്നിവയുടെ അതേ രാഷ്ട്രീയ തുടർച്ചയായാണ് ഹിജാബ് നിരോധനവും വരുന്നത്. കർണാടകയിലെ ഹിജാബ് നിരോധനം രണ്ട് തലങ്ങളിലായാണ് ഹിന്ദുത്വ ശക്തികൾ നടപ്പിലാക്കിയത്. ഒന്ന്, ‘സൊസൈറ്റൽ ലെവലിൽ’ (Societal level) കാവി ഷാളുകൾ ധരിച്ചുള്ള പ്രതിഷേധങ്ങളിലൂടെയും ഭീഷണികളിലൂടെയും ‘പബ്ലിക് ഓർഡർ’ തകരുന്ന സാഹചര്യം തെരുവുകളിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു. രണ്ട്, ‘സ്ട്രക്ചറൽ ലെവലിൽ’ (Structural level) ഭരണകൂട സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഇതിന് നിയമസാധുത നൽകി.

ഈ വിഷയത്തിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. ഭരണകൂടം ഹിജാബിനെ നിരോധിക്കുമ്പോൾ, അതിനെ ചോദ്യം ചെയ്യേണ്ടതിന് പകരം ഹിജാബ് ഇസ്‌ലാമിലെ ഒരു ‘അനിവാര്യ ആചാരമാണോ’ (Essential Religious Practice) എന്ന ദൈവശാസ്ത്രപരമായ ചർച്ചയിലേക്കാണ് കോടതികളും പൊതുസമൂഹവും ശ്രദ്ധ തിരിച്ചത്. ഒരു സെക്കുലർ ജനാധിപത്യ രാജ്യത്ത്, ഒരു ന്യൂനപക്ഷ സമുദായത്തിന്റെ വസ്ത്രധാരണ രീതികളെ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ വിധിതീർപ്പിലെത്തിക്കുന്നത് സെക്കുലറിസത്തിന്റെ തന്നെ വൈരുദ്ധ്യമാണ്.

ഭരണഘടനയുടെ അന്തസ്സത്തയെ ഹിന്ദുത്വ ഭാവനകൾക്കനുസരിച്ച് മാറ്റിയെടുക്കുന്ന പ്രക്രിയയെ ഹിലാൽ അഹമ്മദ് ‘ഹിന്ദുത്വ കോൺസ്റ്റിറ്റ്യൂഷണലിസം’ (Hindutva Constitutionalism) എന്ന് വിശേഷിപ്പിക്കുന്നു. ഭരണഘടനയിലെ സാങ്കേതിക പഴുതുകളെയും (Technical provisions) അപവാദങ്ങളെയും (Exceptions) ഉപയോഗപ്പെടുത്തി നിയമത്തെ ഹിന്ദുത്വ ഭാവനകൾക്കനുസരിച്ച് പുനർനിർമിക്കാനുള്ള ശ്രമമാണിത്. കർണാടക വിദ്യാഭ്യാസ നിയമത്തിലെ ആമുഖത്തിലുള്ള വിദ്യാഭ്യാസാവകാശത്തെയും ഉൾക്കൊള്ളൽ (Inclusiveness) എന്ന ആശയത്തെയും അവഗണിച്ചുകൊണ്ട്, സ്കൂൾ യൂണിഫോം പോളിസിയിലെ സാങ്കേതികതകളെ ഹിജാബ് നിരോധനത്തിനുള്ള ആയുധമാക്കി മാറ്റുകയായിരുന്നു. സെക്യുലറിസം, ലിബറലിസം തുടങ്ങിയ പുരോഗമന ഭാഷാപ്രയോഗങ്ങളെ അപ്രോപ്രിയേറ്റ് ചെയ്തുകൊണ്ട് മുസ്‌ലിം വിരുദ്ധ നടപടികൾക്ക് നിയമസാധുത നൽകുകയാണ് ഇവിടെ ചെയ്യുന്നത്.
ഇവിടെ സെക്യുലറിസം, സ്ത്രീവിമോചനം തുടങ്ങിയ ആധുനിക ആശയങ്ങൾ മുസ്‌ലിം വിരുദ്ധ അജണ്ടകൾ നടപ്പിലാക്കാനുള്ള ഉപകരണങ്ങളായി മാറുന്നു. കർണാടക ഹൈക്കോടതി ഹിജാബ് ഇസ്‌ലാമിലെ ഒരു “അനിവാര്യ ആചാരമല്ല” (Essential Religious Practice) എന്ന് വിധിച്ചപ്പോൾ, ഭരണഘടനാപരമായ അവകാശങ്ങളെക്കാൾ പ്രാധാന്യം മതപരമായ സാങ്കേതികത്വത്തിന് നൽകപ്പെട്ടു. ഒരു സെക്യുലർ ജനാധിപത്യത്തിൽ കോടതികൾ മതഗ്രന്ഥങ്ങളുടെ വ്യാഖ്യാതാക്കളായി മാറുന്നതിലൂടെ മുസ്‌ലിം സ്ത്രീകളുടെ ഏജൻസിയും (Agency) വിദ്യാഭ്യാസാവകാശവും റദ്ദാക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തിന്റെ ഇസ്‌ലാമോഫോബിക് അജണ്ടകളെ ചോദ്യം ചെയ്യുന്നതിന് പകരം “ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണോ?” എന്ന ചർച്ചകളിലേക്ക് ശ്രദ്ധ തിരിച്ചു. മുസ്‌ലിം സ്ത്രീകളുടെ തിരഞ്ഞെടുപ്പുകളെ സ്ത്രീവിമോചനത്തിന്റെ പേരിൽ അടിച്ചമർത്തുന്ന ഈ രീതി ആഗോള ഇസ്‌ലാമോഫോബിയയുടെ ഇന്ത്യൻ പതിപ്പാണ്. മുസ്‌ലിം സ്ത്രീകളെ അവരുടെ പുരുഷന്മാരിൽ നിന്നും മതത്തിൽ നിന്നും “രക്ഷിക്കാനെന്ന” പേരിൽ നടത്തപ്പെടുന്ന ഇത്തരം ഇടപെടലുകൾ യഥാർത്ഥത്തിൽ അവരെ വിദ്യാഭ്യാസരംഗത്തുനിന്നും പൊതുസമൂഹത്തിൽ നിന്നും പുറന്തളളുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസവും സുരക്ഷയും അന്തസ്സും പോലുള്ള മൗലിക ചോദ്യങ്ങളെ ഹിജാബിന്റെ മതപരമായ അനിവാര്യത എന്ന സാങ്കേതിക തർക്കത്തിലേക്ക് തളച്ചിടുന്നതിലൂടെ സ്ട്രക്ചറൽ ഇസ്‌ലാമോഫോബിയ അതിന്റെ ലക്ഷ്യം കൈവരിക്കുന്നു.

കർണാടകയിലെ ഹിജാബ് നിരോധനം വെറുമൊരു വസ്ത്രധാരണ പ്രശ്നമല്ല, മറിച്ച് ഇന്ത്യൻ സെക്യുലർ സ്റ്റേറ്റിന്റെ ആന്തരിക വിരോധാഭാസങ്ങളെ തുറന്നുകാട്ടുന്ന രാഷ്ട്രീയ പ്രതിഭാസമാണ്. സെക്യുലർ ഭാഷണങ്ങളെ ഹിന്ദുത്വ പദ്ധതിയോട് ചേർത്തുനിർത്തുന്നതിലൂടെ മുസ്‌ലിം സ്വത്വത്തെ അദൃശ്യമാക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഇസ്‌ലാമോഫോബിയയെ കേവലം മുൻവിധിയായി കാണാതെ, അതിനെ ജാതീയതയെപ്പോലെ ഒരു ഘടനാപരമായ വിവേചന രീതിയായി കണ്ട് പഠനവിധേയമാക്കേണ്ടത് അനിവാര്യമാണ്.