ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്.
മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യത്തിന് തന്നെ ഒരു കുഴപ്പമുണ്ടെന്നാണ് മനസ്സിലാവുന്നത്. ചില ചോദ്യങ്ങള്‍ തന്നെ സ്വയം പരിശോധന അര്‍ഹിക്കുന്നതാണ്.
പാര്‍ഥാ ചാറ്റര്‍ജി, തന്റെ ‘ദി പൊളിറ്റിക്‌സ് ഓഫ് ദി ഗവേര്‍ണ്‍ഡ്: റിഫ്‌ലെക്ഷന്‍സ് ഓണ്‍ പോപ്പുലര്‍ പൊളിറ്റിക്‌സ് ഓണ്‍ മോസ്റ്റ് ഓഫ് ദി വേള്‍ഡ്’ എന്ന പഠനത്തില്‍, പ്രമാദമായ ഈ ചോദ്യത്തെ പരിശോധിക്കുന്നുണ്ട്. ആരാണ് ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നതെന്ന ചോദ്യത്തെ വിശകലനം ചെയ്യുമ്പോള്‍ പലരും കരുതുന്ന പോലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആശയക്കുഴപ്പത്തിലേക്കു മാത്രമല്ല അത് വിരല്‍ചൂണ്ടുന്നത്. മറിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്റേയും ജനാധിപത്യ വ്യവസ്ഥയുടെയും മതേതരത്വത്തിന്റെയും വൈരുധ്യങ്ങളുടെ സവിശേഷ സാഹചര്യത്തിലേക്കു കൂടിയാണ്.
പാര്‍ഥാ ചാറ്റര്‍ജിയുടെ വീക്ഷണപ്രകാരം ഇന്ത്യന്‍ മതേതരത്വം രണ്ട് അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങളില്‍ അധിഷ്ഠിതമാണ്. ഒന്ന്, മതവും രാഷ്ട്രീയവും രണ്ടാണ് എന്ന് പറയുന്ന ഇന്ത്യന്‍ ഭരണകൂടം എന്താണ് മതം, എന്താണ് രാഷ്ട്രീയം എന്ന് നിരന്തരം നിര്‍വചിക്കുന്ന ഒരു അധികാരമായി പ്രവര്‍ത്തിക്കുന്നു. ഫലത്തില്‍, മതത്തെയും രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുന്ന ഒരു അധികാരമായി, ഇന്ത്യന്‍ മതേതരത്വം ഒരു ഭരണകൂട വ്യവഹാരം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതായത് മതേതരത്വത്തിന്റെ വാഗ്ദാനവും അതിന്റെ പ്രയോഗവും തമ്മിലുള്ള വൈരുധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്.
രണ്ടാമതായി, മതന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്ര, സാമുദായിക, ന്യൂനപക്ഷ അവകാശ രാഷ്ട്രീയമുണ്ടെന്നും അവര്‍ക്ക് സംഘടിത അവകാശങ്ങളുണ്ടെന്നും, ന്യൂനപക്ഷങ്ങള്‍ക്ക് സ്വയം അവരെ നിര്‍ണയിക്കാമെന്നും ഇന്ത്യന്‍ ഭരണഘടന പറയുന്നു. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും വ്യക്തിനിയമങ്ങള്‍ പിന്‍തുടരാനുമുള്ള അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഭരണകൂടവുമായി, ഒത്തുതീര്‍പ്പുകളും കാര്യനിര്‍വഹണവും നടത്താന്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് ആരാണ് അര്‍ഹതപ്പെട്ടതെന്ന ചോദ്യത്തിന് ഭരണഘടനയ്ക്ക് വ്യക്തമായ ഉത്തരമില്ല. ഈയൊരു പ്രശ്‌നം മുസ്‌ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. ഇതിന്റെ ഉത്തരം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആന്തരിക പ്രതിസന്ധിയുടെ ഭാഗമാണ്. അത് ഏതെങ്കിലും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല.
മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു വരുന്ന മറ്റൊരു രാഷ്ട്രീയ സാഹചര്യമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ സന്നിഗ്ധ സ്വഭാവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാവും. മുസ്‌ലിം ജനസാമാന്യത്തെ ഉള്‍ക്കൊള്ളുന്ന ഉലമാക്കള്‍ (പണ്ഡിതനേതൃത്വം) ഉള്‍പ്പെടുന്ന മുസ്‌ലിം സാമുദായിക നേതൃത്വത്തിന്റെ ഭാഷ ഭരണകൂടത്തിന് പലപ്പോഴും ഉള്‍ാെള്ളാന്‍ കഴിയാറില്ല. ഉദാഹരണമായി ഇന്ത്യയിലെ മുസ്‌ലിം ഉലമ സംസാരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് വലിയ വ്യക്തത ഇന്ത്യന്‍ ഭരണകൂടത്തിനില്ല. അതിനെക്കുറിച്ചുള്ള അറിവോ കാഴ്ച്ചപ്പാടോ ഇന്ത്യന്‍ ഭരണകൂടത്തിനില്ല. 1985ലെ ശാബാനു കേസില്‍ അടക്കം പ്രതിഫലിച്ച ഒരു പ്രശ്‌നമാണിത്.
മാത്രവുമല്ല, പലപ്പോഴും ഇന്ത്യന്‍ സാഹചര്യത്തില്‍ പരമ്പരാഗതമായി സമുദായത്തിലെ തന്നെ പ്രശ്‌നങ്ങളെ വിവര്‍ത്തനം ചെയ്യുന്നത് ഭരണകൂടവുമായി ചേര്‍ന്നു നില്‍ക്കുന്ന ഉദ്യോഗസ്ഥ/ ബൗദ്ധികവര്‍ഗമാണ്. ആധുനിക വിദ്യാഭ്യാസം ലഭിച്ച മധ്യവര്‍ഗമാണ് അവര്‍. അവരും സമുദായത്തിന്റെ ഉലമാ നേതൃത്വവും തമ്മിലുള്ള ആശയപരമായ വിടവ് നിലനില്‍ക്കുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ സമുദായത്തിലുള്ള മധ്യവര്‍ഗവും ഉലമാക്കളും തമ്മില്‍, ഭരണകൂടത്തിനും സമുദായത്തിനുമിടയില്‍ ആര് ആരെ പ്രതിനിധീകരിക്കണമെന്ന തര്‍ക്കം ഉണ്ടാവുന്നു. ഇതാണ് ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നുവരാനുണ്ടായ ചരിത്രപരമായ സാമുദായിക രാഷ്ട്രീയ സാഹചര്യം.
പ്രതിനിധാന ചോദ്യം ഉണ്ടാവുന്ന സാഹചര്യം, ഒരേസമയം സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധികളെക്കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍ നിന്നും, ഇന്ത്യയിലെ ഭരണകൂടവും ന്യൂനപക്ഷ സമുദായവും തമ്മിലുളള ബന്ധത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍ നിന്നും കൂടിയാണ്. എന്നാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമാനമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ല.
കേരളത്തില്‍ മുസ്‌ലിംലീഗിന്റെ ഘടന പരിശോധിച്ചാല്‍ സമുദായ പ്രതിനിധാന പ്രശ്‌നം പരിഹരിക്കുന്ന അനേകം സംവിധാനങ്ങള്‍ അവര്‍ക്കുണ്ട്. മതപണ്ഡിതരെയും ഉദ്യോഗസ്ഥ ബൗദ്ധിക സാമ്പത്തിക വര്‍ഗത്തെയും സമന്വയിപ്പിച്ചാണ് ലീഗ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ സിപിഎം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നന്നായി ശ്രമിക്കുന്നുണ്ട്. അവര്‍ തങ്ങളുടേതായ വഴികള്‍ തുറക്കാനും ശ്രമിക്കുന്നുണ്ട്.
മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ പുതിയ കാലത്ത് ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നവരും എന്നാല്‍ ഭരണകൂടവുമായി ഇടപഴകാന്‍ കഴിയുന്നവരുമായ, സവിശേഷ തരത്തിലുള്ള ഒരു രാഷ്ട്രീയ സമൂഹം ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും വികസിച്ചുവന്നിട്ടുണ്ട്. ഒരേസമയം ന്യൂനപക്ഷാവകാശ പ്രശങ്ങള്‍ മനസ്സിലാക്കുന്നവരാണ് ഇക്കൂട്ടര്‍. അതേസമയം ഭരണകൂടവുമായി ഇടപെടാന്‍ കഴിയുന്നവരുമാണിവര്‍. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സ്വതന്ത്ര മുസ്‌ലിം ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. ഇരട്ട റോളില്‍, ഭരണകൂടത്തിന്റെ ഭാഷയും സമുദായത്തിന്റെ ഭാഷയും ഒരേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഇടപെടലുകള്‍ നടത്തുന്ന രാഷ്ട്രീയ മാതൃകകള്‍ വികസിച്ചു.
ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ജംഇയതുല്‍ ഉലമായെ ഹിന്ദ് അടക്കമുള്ള പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. മാറിയ സാഹചര്യത്തില്‍ പുതിയ മുസ്‌ലിം രാഷ്ട്രീയ പരീക്ഷണങ്ങളെ ബംഗാളിലും കേരളത്തിലും ഉള്‍ക്കൊള്ളാന്‍ സിപിഎം പോലും തയ്യാറാവുന്നുണ്ട്. എഴുപതുകളുടെ അവസാനം ബംഗാളില്‍ ജ്യോതി ബസുവിന് തുടര്‍ഭരണം കിട്ടിയപ്പോള്‍ മുസ്‌ലിം ന്യൂനപക്ഷ പ്രതിനിധികളെ പൂര്‍ണമായും ഇല്ലാതാക്കിയ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. ബംഗാളില്‍ അബ്ബാസ് സിദ്ധീഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും കേരളത്തില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രി സ്ഥാനത്തിലൂടെ ഇന്ത്യന്‍ നാഷണല്‍ ലീഗും സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും സമീപനത്തില്‍ ഉണ്ടാക്കിയ മാറ്റം അതാണ് സൂചിപ്പിക്കുന്നത്.
നിയമപരമായും ഭരണഘടനാപരമായും രാഷ്ട്രീയപരമായും ഉള്ള കാരണങ്ങളാല്‍ ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നതെന്ന ചോദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എളുപ്പമുള്ള ഉത്തരങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. മറിച്ച്, തെറ്റായ ചോദ്യങ്ങളെ ആവര്‍ത്തിക്കുന്നതിനു പകരം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ സ്വഭാവത്തെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളാന്‍ മതേതര ദേശീയവാദികളും ഇടതുപക്ഷവും തയ്യാറാവുകയാണ് വേണ്ടത്.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)