Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും

പ്രിയ സുഹൃത്തുക്കളെ,

നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്.

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

ഇസ്‌ലാമോഫോബിയയുടെ വിളവെടുപ്പ് കാലം

തിരഞ്ഞെടുപ്പ് കാലങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ഒരു വിളവെടുപ്പ് കാലമാണ്. ഏറ്റവും കൂടുതല്‍ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇസ്‌ലാമോഫോബിയ വളരെ ശക്തമായി രംഗത്തുവരികയും അതൊരു കുത്തൊഴുക്കായി മാറുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണത്തിലുള്ള സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണിയാണ് അത് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് (2025 ജൂണ്‍) തൊട്ടുമുന്നെയുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കുറേയൊക്കെ ഇസ്‌ലാമോഫോബിക് പ്രചാരണ തന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. എങ്കിലും അതിനുശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പിലും പിന്നീടുണ്ടായ തദ്ദേശ തിരഞ്ഞെടുപ്പുകളിലും ആ രീതി കുറേയൊക്കെ മാറുന്നതായി നമുക്ക് കാണാം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോട് എടുത്ത ഒരു സമീപനം ഞാന്‍ നിങ്ങളുടെ ഓര്‍മയില്‍ കൊണ്ടുവരുന്നു. ഇത് ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി സൂചിപ്പിക്കുന്നതല്ല; ഇസ്‌ലാമോഫോബിയയെ മനസിലാക്കാന്‍ വേണ്ടിയാണ് പറയുന്നത്. മുസ്‌ലിം ഉള്ളടക്കമുള്ള  വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും അതുപോലെ എസ്.ഡി.പി.ഐയുടെയും പിന്തുണയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ആദ്യം എടുത്ത സമീപനം ”ഞങ്ങള്‍ക്ക് അത് താല്‍പര്യമില്ല” എന്നായിരുന്നു. അദ്ദേഹമത് മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ 2024 നവംബറില്‍ നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിശബ്ദത പാലിച്ചു. പിന്നീട് 2025 ജൂണില്‍ നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് നിശബ്ദതയ്ക്കു പകരം അതിനെ പ്രതിരോധിക്കാന്‍ തയ്യാറായി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ നേടിയാല്‍ എന്താണ് കുഴപ്പം എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. എന്നാല്‍ സമാനമായ നിലപാട് അദ്ദേഹം എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ എടുത്തതുമില്ല. അത്, പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും, ഇസ്‌ലാമോഫോബിയക്കെതിരെയുള്ള ഒരു പോരാട്ടമായിട്ടോ ഒരു മുന്നേറ്റമായിട്ടോ ഇതിനെ ഞാന്‍ മനസിലാക്കുന്നു.

മുസ്‌ലിം സംഘാടനം എന്ന പ്രശ്‌നം

വംശീയവല്‍കരണത്തിലൂടെ സവിശേഷമായ തരത്തില്‍ മുസ്‌ലിംകളെ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളുടെ വ്യത്യാസത്തെ നിര്‍ണയിക്കാനുള്ള അവരുടെ അവകാശത്തെ ഇല്ലാതാക്കലുമാണിത്. ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ അവരുടെ വ്യത്യാസത്തെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഒരു കൂട്ടമെന്ന നിലയിലും സംഘടിതശക്തിയെന്ന നിലയിലുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളായും സാമൂഹിക, സാമുദായിക പ്രസ്ഥാനങ്ങളായുമുള്ള മുസ്‌ലിംകളുടെ സ്വയംസംഘാടനം. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമണ്ഡലങ്ങളില്‍ ഒന്ന് ഇതാണ്.

സംഘടിത മുസ്‌ലിമിനെക്കുറിച്ചുള്ള ഈ ആകുലത ഇന്ത്യന്‍ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ ചരിത്രവുമായി ഇതിന് ബന്ധമുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം ലീഗ് അടക്കമുള്ള മുസ്‌ലിം സംഘടനകളോട് സഹകരിച്ചുപോകാന്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റ് മതേതര പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഇവിടെ ഞാന്‍ മറ്റൊരു കാര്യം കൂടി നിങ്ങളുടെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ശക്തമായ മുസ്‌ലിം അനുകൂല നിലപാട് എടുത്ത സംഘടന സി.പി.ഐ. ആയിരുന്നു. വിഭജനത്തിന്റെ എല്ലാ ദുരിതങ്ങള്‍ക്കിടയിലും 1946-48 കാലഘട്ടങ്ങളിലും മുസ്‌ലിം ന്യൂനപക്ഷ അനുകൂല നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവര്‍ത്തിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് ആ നിലപാടുകളില്‍ മാറ്റം വരുന്നതാണ് നാം കാണുന്നത്. 80-കളോടെ അവരുടെ നിലപാടില്‍ വന്ന നാടകീയമായ മാറ്റം ശ്രദ്ധേയമാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളില്‍നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ്, 1947 മുതല്‍ തന്നെ ലീഗിനോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചുവന്നത്.

മുസ്‌ലിംകളാണ് പാകിസ്താന്‍ വിഭജനത്തിനു ഉത്തരവാദികളെന്ന മട്ടിലുള്ള ദേശീയവാദ കാഴ്ചപ്പാട് സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് വ്യാപകമായിരുന്നു. ഈ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിനെയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകളെയും മുസ്‌ലിം സംഘാടനത്തിനെതിരേ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. മുസ്‌ലിംകള്‍ ഇനിയും സംഘടിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയും വിഭജനത്തിന് കാരണവുമായി മാറുമെന്ന ചിന്ത ഇക്കാലത്ത് വ്യാപകമാകുന്നുണ്ട്. മുസ്‌ലിംകളുടെ സംഘടിതശക്തി ഭയക്കേണ്ടതും വിലക്കപ്പെടേണ്ടതുമാണെന്ന കാഴ്ചപ്പാടാണ് ഇതിന്റെയൊക്കെ ഉള്ളിലുള്ളത്.

1950-കളിലും 60-കളിലും ദേശീയതലത്തില്‍ മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് തെക്കേ ഇന്ത്യയില്‍ മാത്രമായി ഒതുങ്ങി. അടിയന്തരാവസ്ഥയില്‍ യാതൊരു കാരണവുമില്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസിന്റെ മറുപതിപ്പെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിരോധിച്ചു. മുസ്‌ലിം സംഘടനകള്‍ പാന്‍ ഇന്ത്യന്‍ ഭീഷണിയാണെന്നും ആര്‍.എസ്.എസ്. പോലുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭീഷണിക്ക് തുല്യമാണെന്നുമുള്ള സമീകരണമാണ് ഇതിന്റെ ഫലം. ഒരു ശുദ്ധ മതേതര പ്ലാറ്റ്‌ഫോമില്‍ ആര്‍.എസ്.എസിനെ എതിര്‍ക്കാനാണ് ഇത്തരമൊരു നീക്കം ഇന്ദിരാ ഗാന്ധി നടത്തിയത്. പിന്നീട് ഇന്ത്യയിലെ സോഷ്യലിസ്റ്റ്, ഇടതുപക്ഷ, മതേതര പ്രസ്ഥാനങ്ങള്‍ കൂടി ഈ കാഴ്ചപ്പാട് സ്വീകരിച്ചു.

1980-കളോടുകൂടി ”ന്യൂനപക്ഷ വര്‍ഗീയത സമം ഭൂരിപക്ഷ വര്‍ഗീയത” എന്ന സമീകരണയുക്തി ഇടതുപക്ഷത്തിനകത്ത് രൂപപ്പെടുകയും മുസ്‌ലിം സംഘടിത പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള ഭീതി വര്‍ദ്ധിക്കുകയും ചെയ്തു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ഹിന്ദുത്വ ശക്തികള്‍ തകര്‍ത്തതോടുകൂടി ഐ.എന്‍.എല്‍, പി.ഡി.പി. അടക്കമുള്ള പുതിയ തരത്തില്‍ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന പ്രസ്ഥാനങ്ങളെയും ഇതേ കണ്ണിലൂടെ കാണാന്‍ തുടങ്ങി.

സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ പാപഭാരം മുസ്‌ലിംകൾക്കാണെന്ന കാഴ്ചപ്പാടുകള്‍ ഇന്ത്യയില്‍ വിവിധ രീതിയില്‍ നിലനിര്‍ത്തുന്നതില്‍ മത-മതേതര ശക്തികളുടെ ഭാഗമായ ഹിന്ദുത്വ ദേശീയവാദം വിജയിച്ചുവെന്നതാണ് കാര്യം. അതുകൊണ്ടുതന്നെ മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശത്തിന്റെയും വ്യത്യാസത്തിന്റെയും പ്രാഥമിക ഉപാധിയായി മുസ്‌ലിംകളുടെ സ്വയംസംഘാടനത്തെ രാഷ്ട്രീയമായി നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു മുന്നുപാധിയാണിത്. ഇതിനര്‍ഥം ഏതെങ്കിലും ഒരു മുസ്‌ലിം സംഘടനയുടെയോ അവരുടെ പ്രവര്‍ത്തനങ്ങളുടെയോ വിയോജിപ്പുകളും വിമര്‍ശനങ്ങളും മാറ്റിവയ്ക്കണമെന്നല്ല; വിയോജിപ്പുകളും വിമര്‍ശനങ്ങളും പ്രകടിപ്പിക്കാനുള്ള മുന്നുപാധിയെന്നു പറയുന്നത് മുസ്‌ലിംകളെ ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി അംഗീകരിക്കുകയെന്നതാണ്.

മതവും സംസ്‌കാരവും ദേശീയതയും: ഭരണകൂടത്തിന്റെ നിര്‍ണയം

മറ്റൊരു പ്രധാന ഘടകം മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ദേശീയ സങ്കല്‍പ്പമാണ്. ഭരണകൂടത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് ദേശീയത. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തണമെന്ന് ദേശീയവാദികള്‍ കരുതുന്നു. അതൊരു അടിസ്ഥാന സങ്കല്‍പ്പമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ കാഴ്ചപ്പാട് ഏകപക്ഷീയമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ മനസിലാക്കാന്‍ കഴിയും.

ഇന്ത്യന്‍ ചിന്തയില്‍ ഹൈന്ദവത ഒരു സംസ്‌കാരമായാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ അതൊരു മതമായും വ്യവഹരിക്കപ്പെടുന്നു. സംസ്‌കാരമായും മതമായും തെന്നിമാറാന്‍ ഹൈന്ദവതയ്ക്ക് കഴിയുന്നു. അതായത് ഹൈന്ദവതയെക്കുറിച്ച ധാരണയ്ക്ക് ഒരു ഉഭയസ്വഭാവമുണ്ട്. ചീത്ത കാര്യങ്ങളില്‍ സംസ്‌കാരത്തിന്റെ ഭാഗമായി എണ്ണിയും മികച്ചവ മതത്തിന്റെ സ്വഭാവമായി കണക്കാക്കിയും അതെപ്പോഴും ഹൈന്ദവ മതത്തെ മികച്ച ഒന്നായി ഉയര്‍ത്തിക്കാട്ടുന്നു. ഹിന്ദുമതവുമായി ചേര്‍ത്തുവയ്ക്കുന്ന സഹിഷ്ണുത, വിശാലവീക്ഷണം, ലിബറല്‍ സ്വഭാവം ഇതൊക്കെ ‘തെന്നിമാറല്‍’ സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യയുടെ ഫലമാണ്.

എന്നാല്‍ ഇസ്‌ലാമിനെക്കുറിച്ച ധാരണ ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഇസ്‌ലാം എല്ലാകാലത്തും ഒരു മതമായാണ് കണക്കാക്കപ്പെടുന്നത്. ചിലപ്പോള്‍ മതമായും ചിലപ്പോള്‍ സംസ്‌കാരമായും അവതരിപ്പിക്കുന്നതിലെ സൗകര്യം ഇസ്‌ലാമിന് നിഷേധിക്കപ്പെടുന്നത് ആ ജനവിഭാഗത്തിനെതിരെയുള്ള അപരത്വത്തിന് കാരണമാവുന്നു. എല്ലാ മോശം കാര്യങ്ങളുടെയും കേന്ദ്രമായി ഇസ്‌ലാം അവതരിപ്പിക്കപ്പെടുന്നു. ഇത് ഇസ്‌ലാമിനെതിരെ ”അപരത്വം” സൃഷ്ടിക്കുന്നതിന് കാരണമാവുന്നു.

അതുപോലെത്തന്നെ മതങ്ങളെ ‘സ്വദേശി’യും ‘വിദേശി’യുമായി തരംതിരിക്കുന്ന ഒരു കാഴ്ചപ്പാടും നിലനില്‍ക്കുന്നു. ഇസ്‌ലാമും ക്രൈസ്തവതയും വിദേശ മതങ്ങളായി ചിത്രീകരിക്കപ്പെടുമ്പോള്‍, പാര്‍സി, ബുദ്ധ, ജൈന മതങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. ഈ വ്യത്യാസം തന്നെ ഇസ്‌ലാമോഫോബിയയുടെ ഘടനാപരമായ സ്വഭാവത്തെ വ്യക്തമാക്കുന്നു. അത് ദേശീയതാ സങ്കല്‍പ്പങ്ങളുടെയും ഭരണകൂടത്തിന്റെയും ഘടനാപരമായ സ്വഭാവത്തിന്റെ ഭാഗമാണ്.

കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല, ദേശീയ/ഭരണകൂട പ്രശ്‌നം

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ, ഇസ്‌ലാമോഫോബിയയെ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി മാത്രം മനസിലാക്കരുത്. ഇസ്‌ലാമോഫോബിയ രണ്ട് തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്: ഒന്നാമത് കക്ഷിരാഷ്ട്രീയ പ്രശ്‌നമായി, രണ്ടാമത് ഭരണകൂട ഇസ്‌ലാമോഫോബിയായി. ഇന്ന് ഇസ്‌ലാമോഫോബിയയെ പ്രത്യക്ഷത്തില്‍ ചെറുക്കുന്ന ചില നേതാക്കളെങ്കിലും കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണി അധികാരത്തിലെത്തിയാല്‍ ഈ നിലപാടുകള്‍ അവര്‍ തുടരുമോയെന്ന് നമുക്ക് ഉറപ്പായി പറയാനാവില്ല.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഇസ്‌ലാമോഫോബിക് സ്വഭാവത്തെ താരതമ്യം ചെയ്ത് പറയുകയാണെങ്കില്‍, എന്റെ അഭിപ്രായത്തില്‍, ഇസ്‌ലാമോഫോബിയ ഇതേപോലെ തന്നെ നമ്മുടെ സമൂഹത്തില്‍ തുടരാനാണ് സാധ്യത. കാരണം, ഇസ്‌ലാമോഫോബിയ രാഷ്ട്രീയ കക്ഷികളുടെ മാത്രം പ്രശ്‌നമല്ല; അത് ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ ഘടനാപരമായ പ്രശ്‌നം കൂടിയാണ്. അതായത് ഭരണകൂടം തന്നെ ഇസ്‌ലാമോഫോബിക് ആകുമ്പോള്‍, ഏത് കക്ഷിയാണ് അതിനെ ചലിപ്പിക്കുന്നത്, അല്ലെങ്കില്‍ അധികാരത്തിലുള്ളത്, എന്നതൊന്നും അത്ര പ്രസക്തമല്ല. ഏത് കക്ഷിയായാലും ഭരണകൂടം ഇസ്‌ലാമോഫോബിക് സ്വഭാവം പ്രകടിപ്പിക്കുമെന്നുതന്നെയാണ് മനസിലാക്കേണ്ടത്. ഈ തിരിച്ചറിവ് ഇസ്‌ലാമോഫോബിയക്കെതിരേയുള്ള പോരാട്ടത്തില്‍ പ്രധാനമാണ്.

1947-ല്‍ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ക്കെതിരേ നിലനിന്നിരുന്ന ഒരു ധാരണയെക്കുറിച്ച് തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചല്ലോ. മുസ്‌ലിംകള്‍ സ്വയം സംഘടിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ വിഭജനത്തിന് കാരണമാകുമെന്ന ധാരണയായിരുന്നു അതിനുപിന്നിലെന്നും ഞാന്‍ പറഞ്ഞു. മുസ്‌ലിംകള്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയോ, വിശ്വാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയോ, സാംസ്‌കാരിക സംഘടനകള്‍ രൂപീകരിക്കുകയോ, രാഷ്ട്രീയ സംഘടനകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ പോലും അത് സംശയത്തോടെ വീക്ഷിക്കപ്പെട്ടിരുന്നു. ഈ ആഖ്യാനത്തിന്റെ അലയൊലി ഇന്നും നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം ലീഗിനെയും മുസ്‌ലിം ഉള്ളടക്കമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയെയും എസ്.ഡി.പി.ഐയെയും പി.ഡി.പിയെയും ഐ.എന്‍.എല്ലിനെയും നോക്കിക്കാണുന്ന രീതി ഈ ആഖ്യാനത്തില്‍ അധിഷ്ഠിതമാണ്.

പറഞ്ഞുവരുന്നത്, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നം മാത്രമല്ല; അത് ഭരണകൂടത്തിനകത്ത് തന്നെ നിലനില്‍ക്കുന്ന ഘടനാപരമായ ഒരു ദേശരാഷ്ട്ര പ്രശ്‌നമാണെന്നാണ്. അതുകൊണ്ട് നാളെ കേരളത്തില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും സ്വിച്ചിട്ട പോലെ ഇസ്‌ലാമോഫോബിയ പൂര്‍ണമായും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇസ്‌ലാമോഫോബിക് പ്രയോഗങ്ങളുടെ നടത്തിപ്പുകാരില്‍ മാത്രമാണ് മാറ്റമുണ്ടാവുക.

ഇസ്‌ലാമോഫോബിയ മുസ്‌ലിംകളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതൊരു അടിസ്ഥാന പ്രശ്‌നവുമാണ്. ഈ സമൂഹത്തില്‍ തുല്യതയോടെ ജീവിക്കണോ വേണ്ടയോ എന്ന ചോദ്യവുമായി കൂടി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

അതേസമയം, ഇത് മുസ്‌ലിംകളുടെ പ്രശ്‌നം മാത്രമല്ല. ഏതെങ്കിലും കാരണത്താല്‍ മറ്റുള്ളവരാല്‍ മുസ്‌ലിമായി തെറ്റായി ധരിക്കപ്പെടുന്നവര്‍ക്കും മുസ്‌ലിം ന്യൂനപക്ഷത്തോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കും ബാധകമാണ്.  അതിനാല്‍ കീഴാള സമൂഹങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ ഇതിനെതിരെ പോരാടുന്നത് അനിവാര്യമാണ്.

അവസാനമായി, ഇസ്‌ലാമോഫോബിയയെ ഒരു കക്ഷിരാഷ്ട്രീയ വിഷയമായി ചുരുക്കാതെ, അതിനെതിരെ സാമൂഹികമായി പോരാടുക മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. ഹിന്ദുത്വവിരുദ്ധരായ വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാനമനസ്‌കരെ കണ്ടെത്താനും നമുക്ക് കഴിയണം. എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ഇസ്‌ലാമോഫോബിയവിരുദ്ധരെ സാമൂഹികമായി യോജിപ്പിക്കാനും കഴിയണം.

ഈ വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയ സംഘാടകര്‍ക്കു നന്ദി. നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

(കണക്റ്റ്: കള്‍ച്ചറല്‍ എക്‌സിബിഷനില്‍ 2026 ഫെബ്രുവരി 3-ന് ഇസ്‌ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)

ട്രാൻസ്ക്രിപ്ഷൻ: കമാൽ വേങ്ങര