Global Islamophobia Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ

ഇസ്ലാമോഫോബിയ (Islamophobia) അഥവാ മുസ്ലിം വിരുദ്ധ വംശീയത (anti-Muslim racism) എന്നത്  ഒരു സമകാലിക  സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന  വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്ലാമോഫോബിയ പഠനങ്ങൾ” (Islamophobia Studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ  ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം.

ഈ മേഖലയിൽ നടക്കുന്ന അക്കാദമിക ചർച്ചകൾക്ക് ഒരു പ്രധാന തുടക്കമായി പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് 1997-ൽ ബ്രിട്ടനിലെ റണ്ണിമീഡ് ട്രസ്റ്റ് (Runnymede Trust) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ്. ആ റിപ്പോർട്ടിൽ ഇസ്ലാമോഫോബിയയെ “ഇസ്ലാമിനെക്കുറിച്ചുള്ള അടഞ്ഞതും മുൻവിധിപരവുമായ കാഴ്ചപ്പാടുകൾ” (closed views about Islam) എന്നാണ് നിർവചിച്ചത്. ഇസ്ലാമിനെയും മുസ്ലിംകളെയും ഒരു ഏകതാനമായ, മാറ്റമില്ലാത്ത, പിന്നാക്കമായ സംസ്കാരമായി കാണുന്ന സമീപനമാണ് ഇസ്ലാമോഫോബിയയുടെ അടിസ്ഥാനം എന്നാണ് ഈ റിപ്പോർട്ട് വിശദീകരിച്ചത്. പിന്നീട് ഈ നിർവചനം ഏറെ വിമർശനങ്ങളും ചർച്ചകളും ഉണ്ടാക്കിയെങ്കിലും, ഇസ്ലാമോഫോബിയയെ ഒരു സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അക്കാദമിക ലോകത്ത് ചർച്ച ചെയ്യാൻ ഇത് ഒരു പ്രധാന തുടക്കമായി കണക്കാക്കപ്പെടുന്നു.

ഇന്ന് ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളിൽ പ്രധാനമായും മൂന്ന് വ്യത്യസ്ത ചിന്താധാരകൾ അല്ലെങ്കിൽ സമീപനങ്ങൾ കാണപ്പെടുന്നു. ചില പഠനങ്ങൾ ഇസ്ലാമോഫോബിയയെ ഒരു മുൻവിധി അല്ലെങ്കിൽ മതവിദ്വേഷം എന്ന നിലയിൽ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, മറ്റുചില സമീപനങ്ങൾ അതിനെ വംശീയവൽക്കരണത്തിന്റെ (racialisation) ഒരു രൂപമായി വിശകലനം ചെയ്യുന്നു. ഇതോടൊപ്പം, ചില ഗവേഷകർ ഇസ്ലാമോഫോബിയയെ രാഷ്ട്രീയവും സാമ്പത്തികവുമായ അധികാര ഘടനകളുമായി ബന്ധപ്പെട്ട അഞ്ഞൂറു വര്ഷം പഴക്കമുള്ള  ഒരു കൊളോണിയൽ  സാമൂഹിക പ്രക്രിയയായി മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഈ വ്യത്യസ്ത സമീപനങ്ങളാണ് ഇന്ന് ഇസ്ലാമോഫോബിയ പഠനങ്ങളുടെ ഗതി നിർനയിക്കുന്ന  പ്രധാന അക്കാദമിക ചർച്ചകളെ രൂപപ്പെടുത്തുന്നത്.

മുൻവിധി പഠനങ്ങൾ

ഒന്നാമതായി മുൻവിധി പഠനങ്ങൾ (Prejudice Studies) എന്ന സമീപനമാണ് ഇസ്ലാമോഫോബിയയെ വിശദീകരിക്കുന്ന ഒരു പ്രധാന ചിന്താധാര. ഈ സമീപനത്തിൽ ഇസ്ലാമോഫോബിയയെ പ്രധാനമായും ഒരു മുൻവിധി (prejudice) അല്ലെങ്കിൽ വിദ്വേഷ മനോഭാവം എന്ന നിലയിലാണ് കാണുന്നത്. ചില വ്യക്തികൾക്കും സമൂഹങ്ങൾക്കും മുസ്ലിംകളെക്കുറിച്ച് രൂപപ്പെടുന്ന തെറ്റായ ധാരണകൾ, ഭയം, സംശയം എന്നിവയാണ് ഇസ്ലാമോഫോബിയയുടെ അടിസ്ഥാനകാരണമെന്ന് ഈ പഠനങ്ങൾ വാദിക്കുന്നു. ഈ കാഴ്ചപ്പാടിൽ ഇസ്ലാമോഫോബിയയെ വ്യക്തികളുടെ മനോഭാവങ്ങളുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പ്രശ്നമായി മനസ്സിലാക്കാൻ ശ്രമിക്കപ്പെടുന്നു.

ഈ ചിന്താധാരയെ വിശദീകരിക്കുന്ന പഠനങ്ങളിൽ ജോൺ എസ്പോസിറ്റോ (John Esposito), വുൾഫ്ഗാങ് ബെൻസ് (Wolfgang Benz) തുടങ്ങിയ ഗവേഷകരുടെ രചനകൾ ശ്രദ്ധേയമാണ്. ഇവരുടെ പഠനങ്ങളിൽ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ, മാധ്യമങ്ങളിൽ രൂപപ്പെടുന്ന മുസ്ലിം വിരുദ്ധ പ്രതിച്ഛായകൾ, ഭൂരിപക്ഷ-ന്യൂനപക്ഷ ബന്ധങ്ങളിലെ സംഘർഷങ്ങൾ എന്നിവ പ്രധാനമായും പരിശോധിക്കപ്പെടുന്നു. അതായത്, സമൂഹത്തിൽ ഭൂരിപക്ഷമായി നിലകൊള്ളുന്ന വിഭാഗങ്ങളും ന്യൂനപക്ഷമായ മുസ്ലിം സമൂഹവും തമ്മിലുള്ള സാമൂഹിക ബന്ധങ്ങളിലാണ് ഈ സമീപനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എങ്കിലും ഈ സമീപനത്തിന് ചില പരിമിതികളുണ്ടെന്ന വിമർശനവും അക്കാദമിക ലോകത്ത് ഉയരുന്നുണ്ട്. വ്യക്തികളുടെ മുൻവിധികളിലേക്കും മനോഭാവങ്ങളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സമൂഹത്തിലെ അധികാര ഘടനകൾ, രാഷ്ട്രീയ ശക്തികൾ, സാമ്പത്തിക താൽപര്യങ്ങൾ തുടങ്ങിയ ഘടകങ്ങളെ ഈ സമീപനം പലപ്പോഴും പരിഗണിക്കുന്നില്ല എന്നാണ് വിമർശകർ പറയുന്നത്. അതിനാൽ ഇസ്ലാമോഫോബിയയെ ഒരു ‘വ്യക്തിഗത മുൻവിധി’ മാത്രമായി കാണുന്നത് അതിന്റെ വ്യാപകമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം പൂർണ്ണമായി മനസ്സിലാക്കാൻ മതിയാകില്ലെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

പോസ്റ്റ്-കോളോണിയൽ പഠന സമീപനം

രണ്ടാമതായി, പോസ്റ്റ്-കോളോണിയൽ പഠനങ്ങളും വംശീയത പഠനങ്ങളും (Postcoloniality and Racism Studies) അടിസ്ഥാനമാക്കിയുള്ള ഒരു സമീപനമാണ് ഇസ്ലാമോഫോബിയയെ വിശദീകരിക്കുന്നത്. ഈ ചിന്താധാര ഇസ്ലാമോഫോബിയയെ കേവലം മതപരമായ വിവേചനമായി മാത്രം കാണുന്നില്ല. പകരം, അത് ഒരു സാംസ്കാരിക വംശീയതയായി (cultural racism) അല്ലെങ്കിൽ ‘മുസ്ലിം  വിരുദ്ധ വംശീയത’ (anti-Muslim racism) എന്ന നിലയിലാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ നിരവധി ഗവേഷകർ ‘ഇസ്ലാമോഫോബിയ’ എന്ന പദത്തിന് പകരം ‘ മുസ്ലിം വിരുദ്ധ വംശീയത’ എന്ന പദമാണ് നേരിട്ടുപയോഗിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ, മുസ്ലിംകളെതിരെയുള്ള വിവേചനം മതവുമായി മാത്രം ബന്ധപ്പെട്ടതല്ല; അത് വംശീയവൽക്കരണത്തിന്റെ ഒരു പ്രത്യേക രൂപമായി പ്രവർത്തിക്കുന്നതാണ്.

ഈ സമീപനത്തിന്റെ സൈദ്ധാന്തിക അടിത്തറ പോസ്റ്റ്-കോളോണിയൽ ചിന്തയിൽ നിന്നാണ് വരുന്നത്.  എഡ്വേർഡ് സെയ്ദിന്റെ ‘ഓറിയന്റലിസം’ എന്ന ആശയം ഇവിടെ പ്രധാനമാണ്. പാശ്ചാത്യ സമൂഹങ്ങൾ ‘കിഴക്ക്’ എന്ന പേരിൽ ഒരു പ്രത്യേക ലോകത്തെ രൂപപ്പെടുത്തുകയും അതിനെ പിന്നാക്കവും അസംസ്കൃതവുമായ ഒരു പ്രദേശമായി ചിത്രീകരിക്കുകയും ചെയ്ത രീതിയെ സെയ്ദ് വിശദീകരിക്കുന്നു. ഈ സമീപനം പിന്നീട് മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള ധാരണകളെയും സ്വാധീനിച്ചു. അതിന്റെ ഭാഗമായി മുസ്ലിംകളെ ഒരേ സ്വഭാവമുള്ള, മാറ്റമില്ലാത്ത ഒരു സമൂഹമായി അവതരിപ്പിക്കുന്ന പ്രവണത ശക്തമായി.

ഈ ചിന്താധാരയിൽ വരുന്ന പഠനങ്ങൾ അധികാരഘടനകൾ മുസ്ലിംകളെ എങ്ങനെ ‘അപരവൽക്കരിക്കുന്നു’ (othering) എന്നതിനെക്കുറിച്ചാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത്, ഭൂരിപക്ഷ സമൂഹം തങ്ങളുടെ മേൽക്കോയ്മ നിലനിർത്തുന്നതിനായി മുസ്ലിംകളെ വ്യത്യസ്തവും ‘അപായകരവുമായ’ അപരരായി  അവതരിപ്പിക്കുന്ന പ്രക്രിയയെ ഈ പഠനങ്ങൾ പരിശോധിക്കുന്നു. അതോടൊപ്പം മുസ്ലിംകളെ ഒരു സ്ഥിരവും മാറ്റമില്ലാത്തതുമായ സ്വത്വമായി ചിത്രീകരിക്കുന്ന രീതിയും ഇവ വിമർശിക്കുന്നു. നാസർ മീർ (Nasar Meer), ബ്രയാൻ ക്ലഗ് (Brian Klug), ഇമാൻ ആറ്റിയ (Iman Attia) തുടങ്ങിയ ഗവേഷകരുടെ പഠനങ്ങൾ ഈ സമീപനത്തിന്റെ പ്രധാന ഉദാഹരണങ്ങളാണ്.

ഡീകൊളോണിയാലിറ്റി പഠനങ്ങൾ

ഡീകൊളോണിയാലിറ്റി (Decoloniality) എന്ന മൂന്നാമത്തെ ചിന്താധാര ഇസ്ലാമോഫോബിയയെ  ആഗോളവും ചരിത്രപരവുമായ ഒരു പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഈ സമീപനത്തിന്റെ വക്താക്കളായി റാമോൺ ഗ്രോസ്ഫോഗൽ (Ramon Grosfoguel), ഹാതിം  ബാസിയാൻ (Hatem Bazian), സൽമാൻ സയ്യിദ് (Salman Sayyid) എന്നിവരെ പൊതുവെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇവരുടെ അഭിപ്രായത്തിൽ, ഇസ്ലാമോഫോബിയ ഒരു സാമൂഹിക മുൻവിധി മാത്രമല്ല; മറിച്ച് യൂറോ കേന്ദ്രീകൃതവും ഓറിയന്റലിസ്റ്റ് സ്വഭാവവുമുള്ള ആഗോള കൊളോണിയൽ  അധികാര ഘടനകളുമായി ബന്ധപ്പെട്ട ഒരു ചരിത്രപരമായ പ്രക്രിയയാണ്. 1500 കളിൽ സജീവമായ കോളനിവൽക്കരണകാലം മുതൽ രൂപപ്പെട്ട ആഗോള സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക അസമത്വങ്ങളെയും ജ്ഞാന- വംശഹത്യകളെയും  നിലനിർത്തുന്നതിനുള്ള ഒരു ആശയപരവും ഭൌതികമവുമായ ഉപകരണമായി ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നു എന്നാണ് ഈ സമീപനം വാദിക്കുന്നത്.

ഡീകൊളോണിയൽ ചിന്താധാര യൂറോപ്യൻ കൊളോണിയൽ  ആധിപത്യം രൂപപ്പെടുത്തിയ അറിവിന്റെയും ചിന്താഗതികളുടെയും   അതിന്റെ സമകാലിക ഘടനകളെയും  വിമർശനാത്മകമായി പരിശോധിക്കുന്നു. പോസ്റ്റ്-കോളോണിയൽ പഠനങ്ങൾ കോളനിവൽക്കരണത്തിന്റെ സാംസ്കാരിക പ്രതിഫലനങ്ങളെ വിമർശിച്ചിരുന്നെങ്കിലും, അവയിൽ പോലും ചിലപ്പോൾ യൂറോ കേന്ദ്രീകൃതമായ സെക്കുലർ /ആധുനിക ധാരണകൾ നിലനിൽക്കുന്നതായി ഡീകൊളോണിയൽ ചിന്തകർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തെ മനസ്സിലാക്കുന്ന അറിവിന്റെയും ആശയങ്ങളുടെയും കേന്ദ്രം യൂറോപ്പും പാശ്ചാത്യവും മാത്രമാകരുതെന്നും, മറ്റ് സമൂഹങ്ങളുടെ ചരിത്രവും അനുഭവങ്ങളും അടിസ്ഥാനമാക്കിയുള്ള പുതിയ അറിവ് നിർമ്മിക്കേണ്ടതുണ്ടെന്നും ഇവർ വാദിക്കുന്നു.

ഈ സമീപനം   മുസ്ലിം സമൂഹങ്ങളെ വെറും ഇരകളായി മാത്രം കാണുന്നില്ല. മറിച്ച്  സ്വന്തമായി രാഷ്ട്രീയ ശബ്ദം ഉയർത്താനും അറിവ് സൃഷ്ടിക്കാനും സാമൂഹിക ഇടപെടലുകൾ നടത്താനും കഴിയുന്ന സജീവ സാമൂഹിക ശക്തികളായി (agency) അവരെ കാണേണ്ടതുണ്ടെന്ന് ഡീകൊളോണിയൽ ചിന്തകർ പറയുന്നു. അതിനാൽ ഇസ്ലാമോഫോബിയയെ ഒരു വ്യക്തിയുടെ മുൻവിധിയെന്ന നിലയിൽ മാത്രം കാണുന്ന സമീപനത്തിൽ നിന്ന് ആരംഭിച്ച്, പിന്നീട് അതിനെ സാംസ്കാരിക വംശീയതയായി മനസ്സിലാക്കുകയും, ഒടുവിൽ ആഗോള അധികാര ഘടനകളെയും യൂറോ കേന്ദ്രീകൃത ചിന്താഗതികളെയും ചോദ്യം ചെയ്യുന്ന ഒരു വിപുലമായ വിമർശനാത്മക സമീപനത്തിലേക്കാണ് ഡീകൊളോണിയൽ ചിന്താധാര നമ്മെ നയിക്കുന്നത്.

റഫറൻസ് 

Farid Hafez. (2018). “Schools of Thought in Islamophobia Studies: Prejudice, Racism, and Decoloniality.” Islamophobia Studies Journal 4, no. 2 (Spring): 210–225.