Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം

കേരളീയ  പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നതാണ്. ഈ പ്രവണതയ്‌ക്കെതിരെ നിന്നുകൊണ്ട് ഇസ്ലാമോഫോബിയക്കെതിരെ  മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമാര്‍ഹിക്കുന്നത്.

മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പുരോഗമനമെന്നും മതേതരമെന്നും  സ്വയം വിശേഷിപ്പിക്കുന്ന പൊതുബോധത്തിന്റെ അപ്രഖ്യാപിത അതിര്‍വരമ്പുകളെ ചോദ്യം ചെയ്യാതെ ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കാനാകില്ല. ജാതി, മത, വംശീയ, ലിംഗ വിവേചനങ്ങളില്‍നിന്ന് വ്യത്യസ്തമായിട്ടും അവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രത്യേക വംശീയ യുക്തിയായാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. കേരളീയ പൊതു രാഷ്ട്രീയ മണ്ഡലം ഇസ്‌ലാമിനോടും മുസ്‌ലിം സ്വത്വങ്ങളോടും നടത്തുന്ന ബോധപൂര്‍വ്വമായ തിരസ്കരണങ്ങള്‍, മറവികള്‍, നീതി നിഷേധങ്ങള്‍ എന്നിവയെ തുറന്നുകാട്ടുന്ന ഒരു വിമര്‍ശന ദൃഷ്ടി ഇവിടെ ആവശ്യമാണ്.

ഇസ്‌ലാമോഫോബിയയെ പരിശോധിക്കുമ്പോള്‍ യൂറോകേന്ദ്രിക ജ്ഞാന വ്യവസ്ഥയുടെ പരിധികളെ ചോദ്യം ചെയ്യുന്ന കീഴാള  സൈദ്ധാന്തിക ഇടപെടലുകളും, അപകോളനീകരണ ചിന്തകളും, ആഫ്രോ-ഫെമിനിസ്റ്റ് ആലോചനകളും പ്രസക്തമാകുന്നു. അതോടൊപ്പം ഇന്ത്യന്‍ സാമൂഹിക ഘടനയുടെ അടിസ്ഥാനമായ ജാതി വ്യവസ്ഥയെ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളാതെയും ഈ പ്രശ്നത്തെ മനസ്സിലാക്കാനാവില്ല. ജാതി വിരുദ്ധ രീതിശാസ്ത്രം നല്‍കുന്ന ഉപകരണങ്ങള്‍ മുസ്‌ലിം വിരുദ്ധ വംശീയതയുടെ സ്വഭാവം വിശകലനം ചെയ്യുന്നതിനും സഹായകരമാണ്.

വിലാപ രാഷ്ട്രീയവും മുസ്‌ലിം സമുദായവും

കേരളത്തിന്റെ മാധ്യമചരിത്രം സ്വാംശീകരിച്ചിരിക്കുന്ന വിലാപ രാഷ്ട്രീയത്തെ ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്. അപര സമൂഹങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളോട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന സമീപനം പലപ്പോഴും ഭരണകൂട ഭാഷ്യങ്ങളെ സാധൂകരിക്കുന്ന രീതിയിലായിരിക്കുന്നു. കീഴാള സമൂഹങ്ങളില്‍ സംഭവിക്കുന്ന അവകാശ ലംഘനങ്ങള്‍ പര്‍വതീകരിച്ച് അവതരിപ്പിക്കുമ്പോള്‍, അവര്‍ സമുദായമായി നേരിടുന്ന ഘടനാപരമായ അതിക്രമങ്ങളെ അദൃശ്യമാക്കുന്ന പ്രവണത കാണാം.

ഒരു മനുഷ്യാവകാശ പ്രശ്നം ‘പൊതു’ പ്രശ്നമാകണമെങ്കില്‍ അത് മുസ്‌ലിം സമുദായത്തിനകത്തെ ഒരു പ്രശ്നമായി രൂപപ്പെടുത്തപ്പെടണം എന്നൊരു വംശീയ മാധ്യമ യുക്തി ഇവിടെ പ്രവര്‍ത്തിക്കുന്നതായി കാണാം. മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോള്‍ അത് പ്രത്യേക സംഭവമായി ചുരുക്കപ്പെടുകയും, എന്നാല്‍ മുസ്‌ലിം സമൂഹത്തിനകത്തെ പ്രശ്നങ്ങള്‍ മുഴുവന്‍ സമുദായത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കപ്പെടുകയും ചെയ്യുന്നു.

സ്ത്രീശരീരങ്ങളുടെയും ലിംഗ വിവേചനത്തിന്റെയും പേരില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലിബറൽ  വിമോചന രാഷ്ട്രീയവും ഇവിടെ ശ്രദ്ധേയമാണ്. മുസ്‌ലിം സ്ത്രീയുടെ ശരീരം വിമോചനത്തിന്റെ പ്രതീകമാക്കുകയും അതിലൂടെ സമൂഹങ്ങളെ നിയന്ത്രിക്കാനാവുന്ന ഒരു അധിനിവേശ യുക്തി സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. മാധ്യമങ്ങളും ഭരണകൂടങ്ങളും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ‘വിമോചന’ ഭാഷ്യങ്ങളുടെ പിറകിലെ ഇസ്‌ലാമോഫോബിക് അടിസ്ഥാനം തിരിച്ചറിയേണ്ടതുണ്ട്.

ബ്രാഹ്മണ്യ വ്യവസ്ഥയും ഇസ്‌ലാമോഫോബിയയും

ഇന്ത്യന്‍ സാമൂഹിക നിര്‍മിതിയുടെ അടിസ്ഥാന ഘടകം ജാതിയാണെന്നിരിക്കെ, ഇസ്‌ലാമോഫോബിയയുടെ ഉത്പാദനത്തില്‍ ബ്രാഹ്മണ്യ-ജാതി വ്യവസ്ഥയുടെ പങ്ക് അവഗണിക്കാനാവില്ല. ജാതി മുന്നോട്ടുവെക്കുന്ന പ്രധാന ആശയം ശരീരങ്ങളെ നിയന്ത്രണവിധേയമാക്കുകയും അധീശത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ്. ഈ നിയന്ത്രണ യുക്തി മുസ്‌ലിം സ്വത്വങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുമ്പോള്‍ അതാണ് ഇസ്‌ലാമോഫോബിയയുടെ സാമൂഹിക അടിത്തറ.

ജാതി നിയമങ്ങള്‍ ലംഘിക്കുന്ന ദലിത് ശരീരങ്ങള്‍ സ്വാഭാവികമായി ശിക്ഷിക്കപ്പെടുന്ന ഒരു സാമൂഹിക അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. സമാനമായൊരു സ്വാഭാവികതയിലേക്കാണ് മുസ്‌ലിം സമൂഹവും എത്തിക്കപ്പെടുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളും വിവിധ തരത്തിലുള്ള ‘സംശയ’ത്തിന്റെ പേരിലുള്ള ആക്രമണങ്ങളും ഈ സ്വാഭാവികവത്കരണത്തിന്റെ ഭാഗമാണ്. ജാതിയെയും ഇസ്‌ലാമോഫോബിയയെയും കേവലമായി  തുലനം ചെയ്യുകയല്ല; മറിച്ച് ഇവയ്ക്ക് കാരണമാകുന്ന അധീശത്വ ഘടനയെ നിരന്തരം പ്രശ്നവത്കരിക്കുകയാണ് നിര്‍ണായകം.

പൊതു ഇടത്തിലെ മുസ്‌ലിം

പൊതു ഇടം എന്ന സങ്കല്‍പം തന്നെ പുനര്‍വിചാരിക്കേണ്ടതുണ്ട്. നാം ‘പൊതു’ എന്ന് കരുതുന്ന ഇടങ്ങള്‍ പലപ്പോഴും നിരീക്ഷണ സംവിധാനങ്ങള്‍ക്ക് വിധേയമായ നിയന്ത്രിത ഇടങ്ങളാണ്. ഷോപ്പിംഗ് മാളുകള്‍, പബ്ബുകള്‍, വലിയ ഹോട്ടലുകള്‍ തുടങ്ങിയവ യഥാര്‍ഥത്തില്‍ ഉപരിവര്‍ഗ്ഗ/ജാതി  ഇടങ്ങളായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പൊതു ഇടത്തിലെ സ്വാതന്ത്ര്യം പലപ്പോഴും ഭരണകൂട അനുമതിയുടെ പരിധിക്കുള്ളിലാണ്.

സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന മുസ്‌ലിം ദൃശ്യമാകാതെ പോകുകയും, എന്നാല്‍ സദാചാര വിവാദങ്ങളില്‍ മാത്രം മുസ്‌ലിം സ്വത്വം അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്നത് ലിബറല്‍ രാഷ്ട്രീയത്തിന്റെ ഇരട്ട മാനദണ്ഡം വ്യക്തമാക്കുന്നു. പൊതു ഇടത്തിലെ മുസ്‌ലിം ചര്‍ച്ചയാകുന്നത് ആരോപണവിധേയമാകുമ്പോഴോ അപകടകരനായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴോ മാത്രമാണ്.

സുരക്ഷാ ഭരണകൂടവും മുസ്‌ലിം സ്വത്വവും

ആധുനിക ലിബറല്‍ ഭരണകൂടങ്ങള്‍ ‘സുരക്ഷ’ എന്ന ആശയത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് മേല്‍ സ്ഥിരമായ സംശയാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഭരണകൂട  വേട്ടകള്‍, നിരീക്ഷണങ്ങള്‍, പ്രത്യേക നിയമങ്ങള്‍ എന്നിവയിലൂടെ മുസ്‌ലിം സ്വത്വം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു.

സുരക്ഷയുടെ പേരില്‍ ഭരണകൂടം സൃഷ്ടിക്കുന്ന ഭയം പിന്നീട് പൗരന്റെ തന്നെ ഭയമായി മാറുന്നു. അദൃശ്യനായ ‘തീവ്രവാദി’യുടെ പേരില്‍ സ്വയം തീവ്രവാദിയല്ലെന്ന് തെളിയിക്കേണ്ട അധിക ബാധ്യത മുസ്‌ലിം പൗരന് മേല്‍ ചുമത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷ ഹിംസയുമായി നേരിട്ട് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.

ഇസ്‌ലാമോഫോബിയയെ കുറിച്ച് അന്തിമ വിധികളല്ല നാം നിർമിക്കുന്നത്. മറിച്ച്, നമ്മുടെ ‘ജാതിവിരുദ്ധ മതേതര പുരോഗമന’ സ്വയംബോധ്യത്തെ  ചോദ്യം ചെയ്യുകയും, മുസ്ലിം കർതൃത്വത്തെ ആഴത്തിൽ ഉൾകൊണ്ടു തന്നെ,  ഇസ്‌ലാമോഫോബിയയെ സൈദ്ധാന്തികമായി  മനസ്സിലാക്കാന്‍ പുതിയ വഴികള്‍ തേടുകയും ചെയ്യുകയാണ് ഇന്നത്തെ രാഷ്ട്രീയ ചിന്ത നമ്മോടു പറയുന്നത്. കേരളീയ സാമൂഹിക ഘടനയിലെ വംശീയ ഇടപാടുകളെയും ജാതി /ലിംഗ അധികാരങ്ങളേയും  തുറന്നുകാട്ടുന്ന വിമര്‍ശന ചിന്ത മാത്രമേ ഈ ദിശയില്‍ ഒരു ഗൗരവമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നു കരുതട്ടെ.