Gendered Islamophobia Indian Islamophobia Islamophobia Studies

ഹിജാബും പുരോഗമനവാദവും

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പുരോഗമനകാരികളുടെ ഒരു പ്രധാന വാദമിപ്പോഴും മുസ്‌ലിം സ്ത്രീകളെ അത് പുരുഷാധികാരത്തിന്റെ കാൽകീഴിൽ നിർത്തുന്നു എന്നതാണ് എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. ഭരണകൂടവും മറ്റിതര സമൂഹങ്ങളും ചേർന്ന് വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുന്ന അവരോട് നിങ്ങളുടെ വിശ്വാസാവകാശങ്ങൾ ആണധികാരത്തിൽ നിങ്ങളെ ചേർത്തുനിർത്തുന്നതാണെന്നും അത് പൊട്ടിച്ചെറിയണമെന്നും പറയുന്നവരുടെ വാക്കുകൾ ഭരണകൂട ഭാഷയുടെ വിവർത്തനമാകുന്നുണ്ട്. ഇത് തിരിച്ചറിയുക ഭരണകൂടവും മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്ന് പറഞ്ഞാണ് പലതരം നിയമങ്ങളും ഇടപെടലുകളും നടത്തുന്നത് എന്ന് ചേർത്ത് വായിക്കുമ്പോഴാണ്. അതാണ് സമകാലീന ഇന്ത്യൻ സാഹചര്യം.

ഇന്ത്യൻ ഭരണഘടന മുസ്‌ലിമിനോടെന്നല്ല ഒരു മതസ്ഥനോടും നിങ്ങൾ ഇങ്ങനെ ജീവിക്കണം എന്നു നിഷ്കർഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് അവർക്കിടയിൽ വിശ്വാസികളും അവിശ്വാസികളും കമ്മ്യൂണിസ്റ്റുകളുമെല്ലാമുണ്ടായിരിക്കുന്നത്. ഒന്നാമതായി നിലനിൽക്കേണ്ടത് ആ അവകാശമാണ്. അവിടെ മതത്തെ എങ്ങനെ സ്വീകരിക്കണമെന്നും പുരുഷാധികാരത്തോട് എങ്ങനെ പ്രതികരിക്കണമെന്നും തീരുമാനിക്കുന്നത് അതിനുള്ളിലെ സ്ത്രീകളാണ്. തട്ടമിടാൻ നിർബന്ധിക്കപ്പെട്ടാലും അഴിക്കാൻ നിർബന്ധിക്കപ്പെട്ടാലും സ്ത്രീകൾക്ക് നിയമപരമായി നേരിടാവുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ എങ്ങും തൊടാതെ മതം ഒരു ആണധികാര വ്യവസ്ഥയാണ് എന്ന് ഒഴുക്കിൽ പറഞ്ഞ് അവരെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും പുരോഗമനത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവർ അവർക്കെതിരെ നിൽക്കുന്ന വംശീയവാദികളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.

ആണധികാര ചിഹ്നമായത് കൊണ്ടല്ല ഹിജാബ് എതിർക്കപ്പെടുന്നത്.  അത് ധരിക്കുന്നത് ഒരു മുസ്‌ലിം സ്ത്രീ ആയതുകൊണ്ടാണ് എന്നതാണ് നമുക്ക് മുന്നിലുള്ള യാഥാർഥ്യം. വസ്ത്രത്തിന്റെ പേരിൽ അവരുടെ മുസ്‌ലിം സ്വത്വമാണ് ആക്രമിക്കപ്പെടുന്നത്. ശിരോവസ്ത്രം ധരിച്ച മറ്റൊരു മതസ്ഥ അത് പറയുമ്പോഴും ഹിജാബിനെ ആണധികാര ചിഹ്നമായി മാത്രമേ നിങ്ങൾക്ക് കാണാനാവുന്നുള്ളൂ എങ്കിൽ നിങ്ങൾ ഇവിടുത്തെ വംശീയവാദികളുടെ കണ്ണിലൂടെ തന്നെയാണ് അവരെ കാണുന്നത് എന്നും അതിന് മറ്റൊരു കാരണം മാത്രം പറയുന്നു എന്നും മനസിലാക്കേണ്ടി വരും.

വിശ്വാസത്തിന്റെ പേരിൽ അപരവൽക്കരിക്കപ്പെടുകയും പുറത്താക്കപ്പെടുകയും വംശഹത്യാ ഭീഷണി നേരിടുകയും ചെയ്യുന്ന ഒരു സമൂഹത്തിന് ആദ്യം പ്രതിരോധിക്കേണ്ടത് വിശ്വാസത്തിന്റെ പേരിൽ അവർ നേരിടുന്ന ബാഹ്യവിലക്കുകളെ തന്നെയാണ്. കാരണം, അതുവഴിയാണ് അവർ അപരവൽക്കരിക്കപ്പടുന്നതും പുറത്താക്കപ്പെടുന്നതുമെല്ലാം.