ഏകസിവില്‍കോഡ് ചര്‍ച്ച ബിജെപിയുടെ അവസരവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ടും മുസ്ലിംകളെ ഒറ്റതിരിച്ചുകൊണ്ട് ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള വിമര്‍ശനം വ്യാപകമാണ്. ഒരു നിയമസങ്കല്‍പ്പമെന്ന നിലയില്‍ ഏക സിവില്‍കോഡ് ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടകളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ കഴിഞ്ഞ 75 വര്‍ഷമായി ഇതിനു സംഭവിച്ച മാറ്റങ്ങള്‍കൂടി പരിശോധിക്കണം.
കഴിഞ്ഞ 75 വര്‍ഷത്തെ സംവാദം പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഏകസിവില്‍കോഡിനെ തുടക്കം മുതല്‍ ഏകപക്ഷീയമായി എതിര്‍ത്തത് മുസ്ലിം ന്യൂനപക്ഷ സമീപനമുള്ള പ്രസ്ഥാനങ്ങളാണ്. പാര്‍ലമന്ററി നിയമനിര്‍മാണത്തിന്റെ ഭാഗമായി ഹിന്ദുത്വര്‍, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച് ഏകസിവില്‍കോഡിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തിട്ടുണ്ട്. പൗരസമൂഹത്തില്‍ നിന്ന് മതേതരവാദികള്‍, സ്ത്രീവാദികള്‍ തുടങ്ങിയവരും ഏകസിവില്‍കോഡിനെ പല കാരണങ്ങളാല്‍ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു. 1980- കള്‍ക്കു ശേഷം സ്ത്രീവാദികളില് വലിയൊരു വിഭാഗം ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നത് ഹിന്ദു ദേശീയവാദത്തിന്റെ വളര്‍ച്ചയോടുള്ള പ്രതികരണം മാത്രമായിട്ടല്ല മറിച്ച് ഭരണകൂട കേന്ദ്രീകൃത സ്ത്രീ രാഷ്ട്രീയത്തിന്റെ പരിമിതികള്‍ കൂടി കണക്കിലെടുത്താണ്.
സ്വാത്രന്ത്ര്യത്തിനു മുമ്പുതന്നെ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ (1946-1949) ഹിന്ദു പാരമ്പര്യവാദികളുടെയും ഹിന്ദു ദേശീയവാദികളുടെയും ആവശ്യമായാണ് ഏകസിവില്‍കോഡ് കടന്നു വരുന്നത്. വിഭജനം, പാകിസ്താന് രൂപീകരണം, സാമുദായിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഈ സംവാദത്തിന്റെ വൈകാരിക പശ്ചാത്തലമായിരുന്നു. സെക്കുലറിസം, സ്ത്രീ അവകാശം തുടങ്ങിയ ചര്‍ച്ചകളുടെ ഭാഗമായല്ല അന്ന് യൂനിഫോം സിവില്‍കോഡ് ചര്‍ച്ച ചെയ്യപ്പെട്ടത്.
യൂനിഫോം ഫാമിലി ലോ, ഹിന്ദു കോഡ് ബില്‍ തുടങ്ങിയ കാര്യങ്ങളാണ് അമൃത് കൗര്‍, ഹന്‍സ് മേത്ത തുടങ്ങിയ സ്ത്രീ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. കെ എം മുന്‍ഷിയെ പോലുള്ള ഹിന്ദുപാരമ്പര്യവാദികളുടെ ആവശ്യമായ യൂനിഫോം സിവില്‍കോഡിനെ എതിര്‍ക്കാന്‍ രംഗത്തു വന്നത് മുസ്ലിംലീഗ് നേതാക്കളായ ബി പോക്കര്, മുഹമ്മദ് ഇസ്മായീല്‍ തുടങ്ങിയവരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ ഹസ്രത് മൊഹാനിയും ഇതേ കാഴ്ചപ്പാട് ഭരണഘടനാ അസംബ്ലിയില്‍ ഉയര്‍ത്തിപ്പിടിച്ചു. കെ എം മുന്‍ഷി മറുവശത്ത് സെക്കുലറിസത്തെ ഒരു മതവിരുദ്ധ ആശയമെന്ന നിലയില്‍ തളളിക്കളയുന്ന നിലപാടും എടുത്തിട്ടുണ്ട്. ഭരണഘടന ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രയോഗം (പ്രാക്റ്റീസ്) എന്നതിനേക്കാള്‍ ഒരു തത്ത്വം (പ്രിന്‍സിപ്പല്‍) എന്നതായിരുന്നു അംബേദ്കറെ ഏകസിവില്‍കോഡിനെ ആര്‍ട്ടിക്കിള്‍ 44ന്റെ ഭാഗമാക്കി മാറ്റാന്‍ പ്രേരിപ്പിച്ചത്. അതാവട്ടെ യൂനിഫോമിറ്റി എന്ന താല്‍പ്പര്യത്തിന്റെ ഭാഗമോ ന്യൂനപക്ഷാവകാശങ്ങളുടെ നിഷേധമോ ആയിരുന്നില്ല.
1948ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ന്റെ ഭാഗമായ നിര്ദേശകതത്ത്വത്തിലേക്ക് ഏകസിവില്‍കോഡ് മാറ്റപ്പെട്ടു. ഏകസിവില്‍കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് നിര്‍ദേശകതത്ത്വങ്ങള്‍ സൂക്ഷ്മമായി പഠിച്ച പണ്ഡിതന്മാര് 60കളിലും 70കളിലും എഴുതിയിട്ടുണ്ട്. എന്നിരുന്നാലും ഈ കോഡ് നടപ്പില്വരുത്തുകയെന്നത് ഇന്ത്യയിലെ അതിവരേണ്യരായിട്ടുള്ള ആധുനിക വാദികളായ രാഷ്ട്രീയക്കാരുടെയും നിയമവിദഗ്ധരുടെയും അഭിലാഷമായി മാറുന്നതാണ് പിന്നീടു കാണുന്നത്.
മറുവശത്ത്, 1956ല്‍ ഹിന്ദു കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്ന സമയത്താണ് ഹിന്ദു കോഡ് പരിഷ്കരിക്കുന്നതിനെതിരേയുള്ള ആശയമെന്ന നിലയില്‍ ഹിന്ദുത്വര്‍ ഏക സിവില്‍ കോഡ് എന്ന ആശയം വീണ്ടും ഉയര്‍ത്തിപ്പിടിക്കുന്നത്. ബിജെപിയുടെ മാത്രം രാഷ്ട്രീയനിലപാടിന്റെ പ്രശ്നമായല്ല ഏക സിവില്‍കോഡിനെ മനസിലാക്കേണ്ടത്.
ലോകത്തെത്തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങളുള്ള ഇന്ത്യ പോലുള്ള ഒരു ജനാധിപത്യക്രമത്തില്‍ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഒരു പൊതു സിവില്‍കോഡ് വളരെയേറെ വിഷമംപിടിച്ചതായിട്ടും ആധുനിക വരേണ്യര്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതെന്നതിന് അക്കാലത്ത് ഏക ഉത്തരമേയുള്ളൂ- ഇന്ത്യയിലെ നിയമവ്യവസ്ഥ രൂപപ്പെട്ടത് ഇംഗ്ലീഷ് നിയമവ്യവസ്ഥയ്ക്കുള്ളില്നിന്നാണ്. ഏകതാനമായ ഒരു സമൂഹത്തില്‍ പൊതുസിവില്‍കോഡ് നടപ്പാക്കണമെന്ന നിയമയുക്തി ഇംഗ്ലീഷ് നിയമങ്ങള്ക്കുള്ളിലുണ്ട്. ഈ യുക്തി കടമെടുത്താണ് ഇന്ത്യയിലെ ആധുനിക നിയമ വരേണ്യര്‍ ചിന്തിച്ചിരുന്നതെന്ന് വെര്‍ണന്‍ മെന്സ്കിയെപ്പോലുള്ള ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
1950കളിലും 60കളിലും 70കളിലും ഏക സിവില്‍കോഡിനുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചിരുന്നത് നിയമ വിശാരദന്മാരായ കോണ്‍ഗ്രസ് നേതാക്കന്മാരായിരുന്നു. പി ബി ഗജേന്ദ്ര ഗാഡ്കറെ പോലുള്ള നിയമ വിദഗ്ധരുടെ പിന്തുണ ഈ നീക്കത്തിനുണ്ടായിരുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ നാലാമത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം സി ഛഗ്ല അദ്ദേഹത്തിന്റെ ‘റോസസ് ഇന്‍ ഡിസംബര്‍‘ (1973) എന്ന ആത്മകഥയില്‍ ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എഴുതുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ മുഴുവന്‍ പേരും ഏക സിവില്‍കോഡിന്റെ വക്താക്കളായിരുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. ഏക സിവില്‍കോഡിനെതിരേ സംസാരിച്ചിരുന്ന നേതാക്കളുടെ ഒരു ധാരയും ഇക്കാലത്ത്കോ ണ്ഗ്രസ്സിനുള്ളിലുണ്ടായിരുന്നു. മതേതരരും ആധുനികരുമായ നേതാക്കള്‍ നെഹ്റുവിയന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഏകസിവില്‍കോഡിനുവേണ്ടി നിലകൊണ്ടപ്പോള്‍ ഗാന്ധിയന്‍ മാതൃകയില്‍ ഗ്രാമസ്വരാജ് പോലുള്ള ആശയങ്ങളെ പിന്‍പറ്റി പാര്‍ലമെന്ററി അധികാരത്തെ സംശയിക്കുന്ന മറ്റൊരു ധാര ഈ നിയമസങ്കല്പ്പത്തിനെതിരേ രംഗത്തുവന്നു.
ഇക്കാലയളവില്‍ ഹിന്ദുത്വരുടെ പ്രതികരണവും ഏകതാനമായിരുന്നില്ല, ചിലപ്പോള്‍ അവര്‍ അനുകൂലിച്ചു, ചിലപ്പോള്‍ എതിര്‍ത്തു. 1970കളില്‍ ഗോള്‍വാല്‍ക്കര്‍ ഏക സിവില്‍കോഡിനെതിരേ സംസാരിക്കുന്നത് കാണാം. 1981ലെ പ്രകടനപത്രികയിലാണ് ഏക സിവില്‍കോഡിനുവേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നത്. അതിനു മുൻപ് ഹിന്ദുത്വരുടെ പാര്‍ലമെന്ററി രാഷ്ട്രീയ മുഖമായ ഭാരതീയ ജനസംഘത്തിന്റെ പ്രകടനപത്രികയില്‍ ഏക സിവില്‍കോഡിനെക്കുറിച്ചുള്ള നിലപാടുകളില്‍ ഇത്ര ശക്തിയുണ്ടായിരുന്നില്ല.
1980നുശേഷം മറ്റൊരു മാറ്റം ഏക സിവില്‍കോഡ് സംവാദത്തില്‍ ഉണ്ടാകുന്നുണ്ട്. 1950 മുതല്‍ 80 വരെ ഇംഗ്ലീഷ് നിയമസങ്കല്പ്പത്തിന്റെ ഹാങ്ഓവറില്‍ ഏകസിവില്‍കോഡിനെ അംഗീകരിച്ചിരുന്ന ആധുനിക മതേതര രാഷ്ട്രീയ വിദഗ്ധര്‍ ഈ നിയമം മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കാനാവില്ലെന്ന തിരിച്ചറിവിലെത്തി. ഇക്കാര്യത്തില്‍ പുതിയ തരത്തിലുള്ള നിയമരാഷ്ട്രീയ തന്ത്രങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവ് അവരിലുണ്ടായി. മാത്രമല്ല വ്യക്തിനിയമങ്ങള്‍ തന്നെ പരിഷ്കരിക്കുന്ന ഒരു തന്ത്രത്തിലൂടെ ഏകസിവില്‍ കോഡിന്റെ ലക്ഷ്യങ്ങള്‍ മറ്റൊരു രീതിയില്‍ സാക്ഷാല്കരിക്കാമെന്നുവന്നു. ഫലത്തില്‍ വിവിധ വ്യക്തിനിയമങ്ങള്‍ തമ്മില്‍ ഭാഷയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി പൊതുവായ ഫലങ്ങള്‍ പങ്കിടുന്ന അനേകം ജുഡീഷ്യല്‍ ഇടപെടലുകള്‍ ഇക്കാലയളവില്‍ നടന്നു.
ഉദാഹരണമായി, 1985ലെ ഷാബാനു കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഢ് ഏകസിവില്‍കോഡിന് അനുകൂലമായി നടത്തിയ പരാമര്‍ശം പിന്നീട് ബിജെപിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആ വാദത്തെ തള്ളിപ്പറയുക മാത്രമല്ല, പാര്‍ലമെന്ററി നിയമനിര്‍മാണത്തിലൂടെ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയെ മറികടക്കുകയും ചെയ്ത ചരിത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിനുശേഷം വ്യക്തിനിയമപരിഷ്കരണകാര്യത്തില് കോണ്‍ഗ്രസ് അടക്കമുള്ള ഭരണകൂടങ്ങള്‍ പുതിയ രീതികള്‍ കണ്ടെത്തുകയുണ്ടായി. വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം, വൃദ്ധരുടെയും കുട്ടികളുടെയും സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങള്‍ താരതമ്യം ചെയ്ത് അതില്‍ പൊതുവായ ഘടകം കണ്ടെത്തുകയും അവയെ ഏകീകരിക്കുകയും ചെയ്യുകയെന്നതായിരുന്നു അത്. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ ഇവരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ ഇക്കാലയളില്‍ വര്‍ധിപ്പിക്കുന്നതായി നമുക്ക് കാണാം. 1980കള്‍ക്കുശേഷമുണ്ടായ നിയമരാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി ഇത് മനസിലാക്കാം.
ഇക്കാലയളവില്‍ ബിജെപിയാകട്ടെ ഏകസിവില്‍കോഡ് എന്നത് മുസ്ലിംകള് അനര്‍ഹമായി നേടിയ പ്രത്യേക അവകാശമായി ചിത്രീകരിക്കുന്ന പ്രചാരണപരിപാടികളിലാണ് ഊന്നല്‍നല്‍കിയത്. ഹിന്ദു ദേശീയവാദത്തെ സംബന്ധിച്ചിടത്തോളം ഏകസിവില്‍കോഡ് മുസ്ലിം അപരവല്‍ക്കരണത്തിന്റെ ഭാഗമായ സാമൂഹിക പ്രചാരണത്തിന്റെ ഉപകരണമായിരുന്നു.
ഇതിന് മറ്റൊരു വശംകൂടിയുണ്ട്. പൊതു വ്യക്തിനിയമങ്ങള്‍ നിലവിലുള്ള പാശ്ചാത്യ ദേശരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതില്‍ ഭരണകൂടം വിമുഖത കാട്ടി. വിവിധ നിയമ നിര്‍മാണങ്ങളിലൂടെ കുട്ടികളുടെയും വൃദ്ധരുടെയും സ്ത്രീകളുടെയും സംരക്ഷണം കുടുംബങ്ങളും സമുദായവും അടക്കമുള്ള പുരുഷാധിപത്യക്രമത്തിനകത്ത് നിലനിര്‍ത്തിയെന്നതാണ് ഇതിന്റെ ഫലം. ഇന്ത്യയില്‍ പൊതുസിവില്‍കോഡിന്റെ അസാധ്യതയെ വീണ്ടും വ്യക്തമാക്കുന്ന വസ്തുതയാണ് ഇത്.
നിലവിലുള്ള പുരുഷാധിപത്യക്രമത്തിനകത്ത് സമത്വത്തിനോ നീതിക്കോ അനുസരിച്ചുള്ള ചില നീക്കുപോക്കുകള്‍ നടപ്പാക്കുകയും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന സാമൂഹികവിഭാഗങ്ങളുടെ സംരക്ഷണ ഉത്തരവാദിത്തം സമുദായങ്ങളിലെ പുരുഷന്മാരുടെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് ഇന്ത്യയിലിന്ന് വ്യക്തിനിയമങ്ങള്ക്കുള്ളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹികപരിഷ്കരണങ്ങളുടെ ഒരു പൊതുപ്രത്യേകത. മറിച്ചൊരു സമീപനത്തിന്റെ സാധ്യത ഇന്ത്യന്‍ ഭരണകൂടത്തിന്റെ ക്ഷേമസങ്കല്പത്തിലില്ല. വ്യക്തിനിയമങ്ങളെ മാറ്റുന്നത് സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സമുദായങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അകത്ത് തുല്യതയും നീതിയും ഉറപ്പുവരുത്താനാണ്. അത്തരമൊരു ദൗത്യം ഏറ്റെടുക്കുന്ന ഭരണകൂട സമീപനത്തിന്റെ അഭാവം ഏകസിവില്‍കോഡിനെ ഘടനാപരമായി തടയുന്ന പ്രധാന പ്രശ്നമാണ്.
ഇത് രണ്ട് തരത്തിലുള്ള തിരിച്ചറിവുകള്‍ നമുക്ക് നല്കുന്നു. മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഏക സിവില്‍ കോഡിനെക്കുറിച്ച് പറയുമ്പോഴും കുട്ടികളുടെയും വൃദ്ധരുടെയും സ്ത്രീകളുടെയും ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കാന്‍ ഭരണകൂടം അശക്തമായ അവസ്ഥ ഇവിടെയുണ്ട്. അതോടൊപ്പം നിലവില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു പ്രചാരണപരിപാടിയെന്ന നിലയില്‍ ഏകസിവില്‍ കോഡ് നിലനില്ക്കുകയും ചെയ്യുന്നു. ഈ രണ്ട് സാഹചര്യങ്ങളെ മുന്‍നിര്‍ത്തിവേണം ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട ചര്ച്ചകളെവിലയിരുത്താന്.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)