Islamophobia Studies Theorising Islamophobia

സത്യാനന്തരം, രാഷ്ട്രീയാനന്തരം

 

ഭരണകൂടത്തിനും വിപണിക്കുമപ്പുറം ജനങ്ങൾ ഒരുമിച്ചുചേരുന്ന ഇടങ്ങളിലൂടെ നിർമിക്കുന്ന പൊതുമണ്ഡലം എന്ന ആശയം ചരിത്രപരമായിത്തന്നെ നിരവധി സംഘർഷങ്ങളിലൂടെ വികസിച്ചതാണ്. 1962-ൽ യൂറോപ്പിൽ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ചരിത്രമാണ് യുർഗൻ ഹാബർമാസ് വിവരിക്കുന്നതെങ്കിൽ, സ്ത്രീപക്ഷ നിലപാടുകളിലൂടെ അതിലെ ഒഴിവാക്കലുകളെയും വ്യത്യസ്തമായ ഭാവി പുനർനിർമ്മാണത്തെയും കുറിച്ച് നാൻസി ഫ്രേസർ 1990-ൽ തിരുത്തെഴുതി. ജനാധിപത്യത്തിന്റെ സക്രിയമായ വികാസത്തിന് പൊതുമണ്ഡലം എന്ന സങ്കൽപം, വിശിഷ്യ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഇടമെന്ന നിലയിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

മാറുന്ന പൊതുമണ്ഡലം

90-കൾക്കുശേഷം ശക്തിപ്പെട്ട കോർപറേറ്റ് മാധ്യമങ്ങൾ ബഹുജനാഭിപ്രായത്തെ വരിഞ്ഞുമുറുക്കുകയും ഒപ്പം നവലിബറൽ പ്രത്യയശാസ്ത്രം പൊതുതാൽപ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന പ്രവണത കഴിഞ്ഞ ചില ദശകങ്ങളായി ശക്തിപ്പെട്ടു. പ്രിന്റ് മുതലാളിത്തം സാധ്യമാക്കിയ പരമ്പരാഗത പൊതുമണ്ഡലത്തിന്റെ ചലനനിയമങ്ങൾ അതിവേഗം പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. വ്യാജവാർത്തകളുടെയും നുണപ്രചാരണങ്ങളുടെയും തെറ്റായ വിവരങ്ങളുടെ വിതരണവും അടങ്ങുന്ന പുതിയൊരു സാമൂഹിക മാധ്യമലോകം പൊതുമണ്ഡലത്തെ തന്നെ ആക്രമിക്കുന്ന കാഴ്ച കഴിഞ്ഞ പത്തുവർഷമായി ലോകം കാണുന്നു.

ലോകത്ത് ഇസ്‌ലാമോഫോബിയയുടെ നിർമിതി നടക്കുന്ന ശീതയുദ്ധാനന്തര പ്രത്യയശാസ്ത്ര പരിസരം കഴിഞ്ഞ 35 വർഷമായി വികസിച്ചെങ്കിലും അതിന്റെ ഉച്ചസ്ഥായിയിലാണ് ഇപ്പോൾ കാര്യങ്ങളുള്ളത്. 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം, വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തിലെത്തന്നെ വ്യാജവാർത്തകളുടെ തലസ്ഥാനമായി (64 ശതമാനം) ഇന്ത്യ മാറി. മറുവശത്ത്, ഡൊണാൾഡ് ട്രംപ് ആദ്യതവണ പ്രസിഡന്റായ കാലത്ത് (2016-2020) 30,573 നുണകളാണ് പറഞ്ഞതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം ശരാശരി 20 വ്യാജവാർത്തകൾ അമേരിക്കൻ പ്രസിഡന്റ് തന്നെ സൃഷ്ടിച്ചു. രാഷ്ട്രീയ എതിരാളികൾ മുതൽ മുസ്‌ലിംകൾ, ലാറ്റിനോ, കറുത്തവർ, കുടിയേറ്റക്കാർ തുടങ്ങിയവരൊക്കെ ഈ വ്യാജവാർത്തകളുടെ ഇരകളായി.

വീണ്ടും പ്രസിഡന്റായ ട്രംപ് നടത്തുന്ന പ്രസ്താവനകൾ വെരിഫൈ ചെയ്യാൻ കഴിയുന്ന നുണപോലുമല്ല, മറിച്ച് രാഷ്ട്രീയത്തെത്തന്നെ റദ്ദുചെയ്യുന്ന ‘ബുൾഷിറ്റ്’ എന്ന പുതിയൊരു ഭാഷാലീലയായിട്ടാണ് ഗവേഷകർ തരംതിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് പുതിയകാലത്തെ വ്യാജവാർത്തകളുടെ ഉൽപ്പാദകരും വാഹകരും പ്രായോജകരും.

മാധ്യമ പഠനങ്ങളിലെ വെളിപ്പെടുത്തലുകൾ

2018-ൽ മുസ്‌ലിംകൾ, കത്തോലിക്കർ, ജൂതർ, ഹിന്ദുക്കൾ എന്നിവരെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകൾ പരിശോധിക്കുന്നതിനായി എറിക് ബ്ലീച്ച്, മൗറിസ്റ്റി വാൻ ഡെർ വീൻ എന്നിവർ നടത്തിയ പഠനത്തിൽ (Politics, Groups, and Identities) നിർണ്ണായകമായ വിവരങ്ങൾ പുറത്തുവന്നു. 1996 മുതൽ 2015 വരെ വിവിധ യുഎസ് പത്രങ്ങളിൽ നിന്നുള്ള 8,50,000 ലേഖനങ്ങൾ വിശകലനം ചെയ്തതിൽ: 28 ശതമാനം ‘മുസ്‌ലിം’ അല്ലെങ്കിൽ ‘ഇസ്‌ലാം’ എന്ന് പരാമർശിച്ചവയായിരുന്നു. ഇതിൽ 78 ശതമാനം ലേഖനങ്ങളും നെഗറ്റീവ് ആയിരുന്നുവെന്ന് പഠനം കണ്ടെത്തി.

പഴയകാല കുത്തക മാധ്യമങ്ങൾക്ക് വസ്തുനിഷ്ഠതയോട് ഔപചാരികമായ ഒരു കടപ്പാടുണ്ടായിരുന്നുവെങ്കിൽ, പുതിയകാല വ്യാജവാർത്തകൾ വസ്തുനിഷ്ഠ സത്യം എന്ന സങ്കൽപ്പംതന്നെ കൈയൊഴിഞ്ഞിരിക്കുന്നു.

സത്യാനന്തരം, രാഷ്ട്രീയാനന്തരം

സത്യത്തെ പൂർണ്ണമായും കൈയൊഴിയുന്ന വ്യാജവാർത്താ പ്രചാരണം അടിസ്ഥാനപരമായി രാഷ്ട്രീയത്തെ അസാധ്യമാക്കുന്നു. രാഷ്ട്രീയപൂർവ്വമായ ഒരു ഏകത്വം ദേശീയതയുടെ രൂപത്തിൽ സ്ഥാപിക്കുന്ന ശക്തികളാണ് ഇതിന്റെ ഏറ്റവും വലിയ പ്രായോജകർ. ഇസ്‌ലാമോഫോബിയ അടക്കമുള്ളവയുടെ സമകാലിക വികാസം തീവ്രദേശീയ ഭൂരിപക്ഷവാദത്തിന്റെ ഭാഗമാണ്. അപര ജനങ്ങൾക്കുമേൽ തങ്ങൾക്കിഷ്ടമുള്ള സത്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഈ വിദ്വേഷ രാഷ്ട്രീയം ചെയ്യുന്നത്.

സത്യത്തെക്കാൾ രാഷ്ട്രീയത്തെ നിഷേധിക്കുന്ന ഒരു പുതിയ സാങ്കേതികവാഴ്ച ലോകത്ത് നിലവിൽ വരുന്നു. 2014-വരെ ലോകത്ത് പലരീതിയിൽ വികസിച്ച നവസാങ്കേതിക നവമാധ്യമ രാഷ്ട്രീയത്തെ തീവ്രദേശീയവാദം അധിനിവേശം ചെയ്തതിന്റെ അനന്തരഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. തങ്ങളുടെതല്ലാത്ത എല്ലാ സത്യങ്ങളെയും സംശയിക്കണമെന്ന് ഈ തീവ്രദേശീയത പറയുന്നു. നുണയ്ക്കും സത്യത്തിനുമിടയിൽ അപരവിദ്വേഷത്തിലധിഷ്ഠിതമായ ദേശീയതയുടെ ‘സത്യം’ ഒളിച്ചുകടത്തുകയാണ് അവർ ചെയ്യുന്നത്.

രാഷ്ട്രീയത്തെ അതിന്റെ ബഹുസ്വരതയിൽ തിരിച്ചുപിടിക്കുന്ന ജനകീയ മുന്നേറ്റങ്ങൾക്കു മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുകയുള്ളൂ.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)