Global Islamophobia Hindutva

ഫലസ്തീനും ഇസ്‌ലാമോഫോബിയയും

1994ല്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ അപാര്‍തീഡ് ഭരണം അവസാനിച്ചതിനു ശേഷവും തുടരുന്ന സമകാലികലോകത്തെ പഴക്കംചെന്ന ഒരു കൊളോണിയല്‍ പ്രശ്‌നമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. പശ്ചിമേഷ്യയിലെ ഏക ന്യൂക്ലിയര്‍ശക്തി, ലോകത്തെ പതിനൊന്നാമത്തെ സൈനികശക്തി, ആയുധ കയറ്റുമതിയില്‍ പന്ത്രണ്ടാം സ്ഥാനം തുടങ്ങി ആഗോള അധികാരങ്ങളുള്ള അധിനിവേശ രാജ്യമാണ് ഇസ്രയേല്‍. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇസ്രയേലിന്റെ ചില ‘പ്രത്യേകതകള്‍’ ഇപ്രകാരമാണ്: ഐക്യരാഷ്ട്ര സഭ ഏറ്റവുമധികം പ്രമേയങ്ങള്‍ (140 എണ്ണം) പാസാക്കി അപലപിച്ച രാജ്യം. മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കെതിരേയും ആകെ 68 ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. യുനെസ്‌കോ എല്ലാ വര്‍ഷവും പത്തു പ്രമേയങ്ങള്‍ ഇസ്രയേലിനെതിരേ പാസ്സാക്കുന്നു. 2013ല്‍ സിറിയക്കെതിരേ ഒരു പ്രമേയം വന്നതൊഴിച്ചാല്‍ മറ്റൊരു രാജ്യവും ഈ ലിസ്റ്റിലില്ല. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അപലപിച്ച ഏക രാജ്യവും ഇസ്രയേലാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പേരെടുത്തു വിമര്‍ശിച്ച രാഷ്ട്രവും ഇസ്രയേല്‍ മാത്രമാണ്. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ കാര്‍മികത്വത്തില്‍ കൊളോണിയല്‍ അപാര്‍തീഡ് വ്യവസ്ഥ (2022) നിലനില്‍ക്കുന്നുവെന്നു ഐക്യരാഷ്ട്ര സഭ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ഭൂമിയിലെ നരകം (2021), ലോകത്തെ ഏറ്റവും വലിയ തുറന്നജയില്‍ (2010) തുടങ്ങിയ ഫലസ്തീനെയും ഗസയെയും കുറിച്ചുള്ള പ്രയോഗങ്ങളും ഐക്യരാഷ്ട്ര സഭയുടേതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ വരെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ (2010) എന്നാണ് ഒരിക്കല്‍ ഗസയെ വിശേഷിപിച്ചത്.

 

എങ്ങനെയാണ് ഫലസ്തീന്‍ പ്രശ്‌നം പുതിയകാല ഇസ്‌ലാമോഫോബിയയിലേക്ക് കണ്ണി ചേര്‍ക്കപ്പെട്ടതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്നുമുള്ള അന്വേഷണം ഏറെ പ്രസക്തമാണ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടുന്ന മുസ്‌ലിംകളെയും അവരുടെ ലോകവീക്ഷണത്തെ നിര്‍മിക്കുന്ന ഇസ്‌ലാമിനെയും പഴിചാരി കൊളോണിയല്‍ വംശീയതയ്ക്കു ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്ന സാമൂഹിക രാഷ്ട്രീയ യുക്തിയായാണ് ആഗോള ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ആഗോള ഇസ്‌ലാമോഫോബിയയുടെ ന്യായപ്രമാണങ്ങള്‍ ചരിത്രപരമായി വികസിച്ചതാണ്. മുസ്‌ലിംകള്‍ എന്തു പ്രവര്‍ത്തിക്കുന്നു, പറയുന്നു എന്നതല്ല ഇസ്‌ലാമോഫോബിയയുടെ കാരണം. മറിച്ച് സയണിസ്റ്റ് സാമ്രാജ്യത്വ ആഖ്യാനങ്ങളുടെ പ്രവര്‍ത്തന വൈപുല്യമാണ്.

ലോകത്തെ പല ദേശീയ വിമോചന പ്രസ്ഥാനങ്ങളും അതതു സാഹചര്യങ്ങളിലെ മത സാംസ്‌കാരിക പ്രാദേശിക സാമൂഹിക സവിശേഷതകളെ ഉള്‍ക്കൊണ്ടാണ് വികസിച്ചത്. ലോകം അതൊന്നും പരിശോധിച്ചല്ല ഒരു ദേശീയ വിമോചനസമരത്തെ പിന്തുണച്ചിരുന്നത്. ദേശീയ വിമോചനത്തിനു മുന്നുപാധികളില്ലായിരുന്നു. അധിനിവേശം അവസാനിപ്പിക്കുക, അതാണ് മുഖ്യ പ്രശ്‌നം. മുസ്‌ലിം ഉള്ളടക്കമുള്ളതിനാല്‍ ഫലസ്തീനികള്‍ക്കു ദേശീയവിമോചന പ്രക്ഷോഭം എന്ന രാഷ്ട്രീയ അവകാശം നിഷേധിക്കുന്നതിനെയാണ് ഇസ്‌ലാമോഫോബിയ എന്നു പറയുന്നത്.

കേരളീയ സാഹചര്യം
കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ചെറുത്തു നില്‍ക്കാനുള്ള ഫലസ്തീനികളുടെ ദേശീയ രാഷ്ട്രീയ അവകാശം എന്ന കേന്ദ്രപ്രമേയത്തില്‍ യോജിക്കുന്നവര്‍ പണ്ടുതൊട്ടുതന്നെ കേരളത്തില്‍ ധാരാളമുണ്ട്. പക്ഷെ മാറിയ കാലത്ത് മുസ്‌ലിം രാഷ്ട്രീയ പ്രശ്‌നങ്ങളെ സൂക്ഷ്മമായി പരിഗണിക്കാതെയുള്ള ഫലസ്തീന്‍ അനുകൂല പ്രമേയങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ വഴുക്കുന്ന പ്രതലങ്ങളില്‍ തെന്നി വീഴുന്ന കാഴ്ചയാണുള്ളത്. ഭീകരത, ഹിംസ, രാഷ്ട്രീയം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ആഗോള തലത്തില്‍ തന്നെ വികസിച്ച മുസ്‌ലിംവിരുദ്ധ വാര്‍പ്പുമാതൃകകള്‍ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നതു കേരളത്തില്‍ വ്യാപകമായി മാറുന്നു.
സി പി എം നേതാവായ കെ കെ ശൈലജയുടെ, പിന്നീട് തിരുത്തിയ, ‘ഹമാസ് ഭീകരര്‍’ എന്ന പ്രയോഗത്തിലും (11 ഒക്ടോബര്‍ 2023, മനോരമ ഓണ്‍ലൈന്‍) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായ വി ടി ബല്‍റാമിന്റെ ‘ഹമാസിനെ നിരായുധീകരിക്കണം’ എന്ന നിര്‍ദേശത്തിലും (13 ഒക്ടോബര്‍ 2023 മീഡിയവണ്‍) ഉള്ളടങ്ങിയ ഫലസ്തീന്‍ വിരുദ്ധ സൂചനകള്‍ സോഷ്യല്‍ മീഡിയായില്‍ തന്നെ വിമര്‍ശിക്കപ്പെട്ടു. കേരളത്തിലെ രണ്ടു പ്രബല രാഷ്ട്രീയപ്പാര്‍ട്ടികളിലെ രാഷ്ട്രീയ ജാഗ്രതയുള്ളതെന്നു പൊതുവെ കരുതുന്ന നേതാക്കന്‍മാരാണല്ലോ ഇരുവരും.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ (26 ഒക്ടോബര്‍ 2023) പങ്കെടുത്തു സംസാരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രവാചകന്‍ ഇബ്രാഹിം അഥവാ എബ്രഹാമിന്റെ സന്തതികള്‍ നടത്തുന്ന സഹോദരഹത്യയെക്കുറിച്ചു സംസാരിച്ചാണ് തുടങ്ങിയത്. പക്ഷെ, ചില ആഗോള മാധ്യമങ്ങളുടെ അതേ ശൈലിയില്‍ ഇസ്രയേലില്‍ നടന്ന ഹിംസയെ (അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ രണ്ടു തവണയെങ്കിലും) ‘ഭീകരവാദികള്‍’ നടത്തിയ പ്രവര്‍ത്തനമായി വിശദീകരിക്കുകയുണ്ടായി. ഇസ്രയേല്‍ അധിനിവേശത്തെ വിമര്‍ശിക്കുന്ന തരൂര്‍ പക്ഷേ, ഇസ്രയേല്‍ ചെയ്ത ഭീകരതയെ ‘കാര്യങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രയേലിനെ വിമര്‍ശിക്കുമ്പോള്‍ തരൂര്‍ പ്രത്യേകിച്ചു വിശേഷണങ്ങളൊന്നും ഉപയോഗിക്കുകയുണ്ടായില്ലയെന്നതു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഹമാസ് എന്ന് ഒരു തവണ മാത്രമാണ് തരൂര്‍ പ്രസ്തുത പ്രഭാഷണത്തില്‍ പരാമര്‍ശിക്കുന്നത്. പക്ഷേ, പ്രത്യേകിച്ച് മറ്റു വിശേഷണങ്ങളൊന്നും നല്‍കിയില്ല. യാസര്‍ അറഫാത്തിന്റെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ പറ്റി പറയുമ്പോള്‍ അതൊരു ‘റെസിസ്റ്റന്‍സ്’ മൂവ്‌മെന്റ് എന്ന തരത്തിലുള്ള സൂചനയും ഇന്ദിരാഗാന്ധിയും യാസര്‍ അറഫാത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഓര്‍മകളും ശശി തരൂര്‍ പങ്കുവെച്ചു. പിറ്റേ ദിവസം തരൂര്‍ നടത്തിയ വിശദീകരണത്തില്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ഫലസ്തീനൊപ്പം നില്‍ക്കുന്നുവെന്നും പറഞ്ഞു. പക്ഷെ ഭീകരത എന്നു ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ വിശേഷിപ്പിച്ചതിനെ അദ്ദേഹം വ്യക്തമായി തള്ളി പറഞ്ഞില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങള്‍ പക്ഷെ ഇസ്രയേലിന്റെ പ്രവര്‍ത്തനത്തെ ‘ഭീകരത’ എന്നു വിശേഷിപ്പിച്ചത് പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നു.

കെ കെ ശൈലജയോ വി ടി ബല്‍റാമോ ശശി തരൂരോ ബോധപൂര്‍വം ഫലസ്തീന്‍ വിരുദ്ധതയോ നഗ്‌നമായ ഇസ്‌ലാമോഫോബിയയോ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ അല്ല. വ്യക്തികളെന്ന നിലയിലുള്ള അവരുടെ രാഷ്ട്രീയ പ്രയോഗങ്ങളെ കേവലം നാക്കുപിഴയോ വാക്കുപിഴയോ അലസതയോ ആയി മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ പൊതുവ്യക്തികളുടെ നിലപാടുകളില്‍, പ്രയോഗങ്ങളില്‍, ‘അറിയാതെ’ തന്നെ ഇസ്‌ലാമോഫോബിയ നിറഞ്ഞ പ്രയോഗങ്ങള്‍ ‘സ്വാഭാവികമായി’ മാറുന്നതും നാക്കുപിഴകള്‍ ‘നിരന്തരം’ കടന്നുവരുന്നതും ആയ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഫലസ്തീനികളായ മുസ്‌ലിംകള്‍ എന്തു ചെയ്യുന്നുവെന്നോ പ്രവര്‍ത്തിക്കുന്നുവെന്നോ എന്നുള്ളതല്ല മുഖ്യപ്രശ്‌നം, മറിച്ച് സയണിസ്റ്റ് നിയോകൊളോണിയല്‍ രാഷ്ട്രീയത്തിന്റെ ആഗോള അധികാരമാണ് ഫലസ്തീന്‍ പ്രശ്‌നത്തെ നിര്‍മിക്കുന്നതെന്ന അടിസ്ഥാന സമീപനം നഷ്ടപ്പെടുന്നത് കേരളീയ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ സ്വാധീനിച്ച ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനമാണ്.
സയണിസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ അധികാരമാണ് ഫലസ്തീന്‍ പ്രശ്‌നത്തെ നിര്‍മിക്കുന്നതെന്ന പ്രാഥമിക യുക്തിയിലൂന്നി ഏറെ ആഴത്തിലും ഗൗരവത്തിലും പ്രതികരിച്ചത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിയായിരുന്നു. ഫലസ്തീന്‍ ഇസ്രയേല്‍ സമീകരണ യുക്തികളെ തള്ളിക്കളഞ്ഞ എം എ ബേബി പോലും ‘ഹമാസ് ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലയെന്നു’ (8 ഒക്ടോബര്‍ 2023, മനോരമ ഓണ്‍ലൈന്‍) പ്രസ്താവിക്കുകയുണ്ടായി. ബേബി തന്നെ പരിഹാരമായി പറയുന്ന കിഴക്കന്‍ ജെറുസലേം കേന്ദ്രമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരം 2006 മുതല്‍ തന്നെ ഹമാസ് അംഗീകരിക്കുന്നുവെന്നതാണ് വസ്തുത (നെവന്‍ ബോണ്ടോക്ജി എഴുതിയ, നാഷണലിസ്റ്റ് വേഴ്‌സസ് റിലീജ്യസ്: ഇംപ്ലിക്കേഷന്‍സ് ഫോര്‍ പീസ് വിത്ത് ഹമാസ് എന്ന ബ്രൂകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രബന്ധം, 2014 കാണുക). വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ ജൂത കുടുംബ പശ്ചാത്തലമുള്ള ചിന്തകരായ ഇലന്‍ പപെയും നോം ചോംസ്‌കിയും അറിയപ്പെടുന്ന ഫലസ്തീന്‍ സ്വാതന്ത്ര്യവാദികളാണ്. എന്നാല്‍ 2015ല്‍ പ്രസിദ്ധീകരിച്ച ‘ഓണ്‍ ഫലസ്തീന്‍’ എന്ന പുസ്തകത്തില്‍ ചോംസ്‌കി ദ്വിരാഷ്ട്ര പരിഹാരത്തെ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഇലന്‍ പപെ ഏകരാഷ്ട്ര പരിഹാരമാണ് മുന്നോട്ടു വെച്ചത്. ഏറെ ജാഗ്രതയോടെ ഫലസ്തീന്‍ പ്രശ്‌നത്തെപ്പറ്റി സംസാരിക്കുന്ന എം എ ബേബിയുടെ പ്രസ്താവനയില്‍ വസ്തുതാവിരുദ്ധതയും പരോക്ഷമായ ഫലസ്തീന്‍ വിരുദ്ധതയും കടന്നുവരുന്നത് നേരത്തെ സൂചിപ്പിച്ച പ്രാഥമിക യുക്തി പിന്നോട്ടടിക്കുന്നതിന്റെ സൂചനയാണ്.

മറ്റെല്ലാ മുസ്‌ലിം സാമൂഹിക രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍ പോലെ തന്നെ ഹമാസ് അടക്കമുള്ള ഇസ്‌ലാമിക ജനകീയ പ്രസ്ഥാനങ്ങളോടുള്ള വിമര്‍ശനം ഒരു രാഷ്ട്രീയ അവകാശമാണ്. പക്ഷേ അത് തൂക്കമൊപ്പിക്കുന്ന ലാഘവത്തോടെ നടത്തേണ്ട ഒന്നല്ല. മുസ്‌ലിം ഉള്ളടക്കമുള്ള പൊതുപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകളെയും ചരിത്ര പ്രശ്‌നങ്ങളെയും ‘അവ്യക്തമാക്കി’ അവതരിപ്പിക്കുന്നതും മുസ്‌ലിം സൂചകമുള്ള രാഷ്ട്രീയ ആവിഷ്‌കാരങ്ങളായതു കൊണ്ടു മാത്രം അവയെ ‘സംശയത്തിന്റെ നിഴലില്‍’ നിറുത്തുന്നതും നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. ഇസ്‌ലാമോഫോബിയയുടെ സ്വീകരിച്ചുറപ്പിച്ച മുന്‍മാതൃകകളെയും മുസ്‌ലിം ഉള്ളടക്കമുള്ള പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ പുലര്‍ത്തുന്ന ലളിതവല്‍കരണങ്ങളേയും സമീകരണ യുക്തികളെയും സ്വയംവിമര്‍ശനാത്മകമായി മറികടക്കുമ്പോള്‍ മാത്രമെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം എന്ന കൊളോണിയല്‍ വിരുദ്ധ പ്രമേയം പുതിയൊരു രാഷ്ട്രീയപ്രതിരോധമായി വികസിക്കുകയുള്ളൂ.

അറബ് പ്രശ്‌നം
ഉസ്മാനിയ ഖിലാഫത്ത് എന്ന മുസ്‌ലിം ഭരണ നിര്‍വഹണ വ്യവസ്ഥയെ തകര്‍ത്ത് 1917ലാണ് ബ്രിട്ടണ്‍ ഫലസ്തീന്‍ പ്രദേശം പിടിച്ചടക്കുന്നത്. തുടര്‍ന്നു 1948 ല്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടീഷ് കൊളോണിയലിസം സയണിസ്റ്റുകളെ സഹായിക്കുന്നു. പിന്നീട് 1967ല്‍ അറബ് ഇസ്രയേല്‍ യുദ്ധം നടക്കുന്നു. ഇക്കാലയളവിലൊക്കെ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഒരു അറബ് ദേശീയ പ്രശ്‌നമായും അറബ് വിരുദ്ധതയുടെയും ഭാഗമായാണ് ഫലസ്തീന്‍ പ്രശ്‌നത്തെ കണ്ടിരുന്നത്. ഇക്കാലയളവില്‍ പൊതുവായ അധിനിവേശവിരുദ്ധത അഥവാ കൊളോണിയല്‍ വിരുദ്ധത എന്ന കാരണത്താല്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും ഫലസ്തീനൊപ്പം നിന്നു.

എല്ല ഷോഹത് (ഓണ്‍ ദി അറബ് ജ്യൂ, ഫലസ്തീന്‍ ആന്റ് അതര്‍ ഡിസ്‌പ്ലേസ്‌മെന്റ്: സെലക്റ്റഡ് റൈറ്റിംഗ്, 2017) നടത്തിയ ഗവേഷണമാണ് ഇസ്‌ലാമോഫോബിയയും അറബ് വിരുദ്ധതയും തമ്മിലുള്ള ബന്ധം ഏറ്റവും നന്നായി വേര്‍തിരിക്കുന്നത്. 1950-1980 കാലയളവില്‍ പാശ്ചാത്യ മാധ്യമ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ പൗരസ്ത്യ ദേശത്തെ അറബ് ജനതയുടെ കുഴപ്പമായി മതപരമായ ഘടകങ്ങള്‍ ആരോപിക്കുന്നത് കാണാമെങ്കിലും പ്രസ്തുത ആഖ്യാനത്തിന് അത്ര ശക്തിയുണ്ടായിരുന്നില്ല. ഇസ്‌ലാം മതത്തിനു പകരം അറബികളുടെ പ്രാദേശിക സാംസ്‌കാരിക പിന്നാക്കാവസ്ഥ എന്ന സാമൂഹിക നിര്‍മിതിയാണ് ഫലസ്തീന്‍ അപരവല്‍ക്കരണത്തെ അക്കാലത്തു കൂടുതല്‍ നിര്‍ണയിച്ചത്. അതുവരെ ശത്രുവും ‘ഭീകരരും’ അറബിയായിരുന്നുവെന്നു പറയാം. അറബ് വിരുദ്ധത എന്ന നിര്‍മിതിയില്‍ പ്രവര്‍ത്തിച്ച ഇസ്‌ലാമോഫോബിയ അപൂര്‍ണവും ഭാഗികവുമായിരുന്നു. അറബികള്‍ മുസ്‌ലിംകളായി മാറാനും അറബ് വിരുദ്ധത ഇസ്‌ലാമോഫോബിയയായി മാറാനും പിന്നെയും വര്‍ഷങ്ങളെടുത്തുവെന്ന് എല്ല ഷോഹത് നിരീക്ഷിക്കുന്നു.

ഭീകരത എന്ന നിര്‍മിതി
ദീപ കുമാറിന്റെ ‘ഇസ്‌ലാമോഫോബിയ ആന്റ് ദി പൊളിറ്റിക്‌സ് ഓഫ് എംപയര്‍’ (2012) എന്ന ഗവേഷണ പഠനം പറയുന്ന പ്രകാരം 1979ലെ ഇറാന്‍ ഇസ്‌ലാമിക വിപ്ലവമാണ് ഫലസ്തീന്‍ പ്രശ്‌നം ഒരു മുസ്‌ലിം/ഇസ്‌ലാം പ്രശ്‌നമാണെന്ന ധാരണ വികസിപ്പിക്കാന്‍ സയണിസ്റ്റുകളെയും സാമ്രാജ്യത്വവാദികളെയും പ്രേരിപ്പിച്ചത്. 1979ല്‍ ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം നടക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ഇപ്പോഴത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ‘ഇന്റര്‍നാഷനല്‍ ടെററിസം’ ചര്‍ച്ച ചെയ്യാന്‍ ഒരു സമ്മേളനം ജെറുസലേമില്‍ വിളിച്ചിരുന്നു. ഈ സമ്മേളനത്തില്‍ യാസര്‍ അറഫാത്തിനെയും അറബ് ദേശീയവാദികളെയും ഫലസ്തീനു പിന്തുണ നല്‍കിയ കമ്മ്യൂണിസ്റ്റുകളെയുമാണ് ഭീകരര്‍ എന്നു വിശേഷിപ്പിക്കുന്നത്.
എന്നാല്‍ 1984ല്‍ ഇതേ സമ്മേളനത്തിന്റെ രണ്ടാം പതിപ്പില്‍ ‘ഇസ്‌ലാമിക ഭീകരവാദം’എന്ന വാക്ക് ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ വിശേഷിപ്പിക്കാന്‍ വികസിപ്പിച്ചു. ഇപ്പോള്‍ ചില പാശ്ചാത്യരാഷ്ട്രങ്ങള്‍ ‘ഭീകരര്‍’ എന്നു വിശേഷിപ്പിക്കുന്ന ഹമാസ് രൂപീകരിക്കപ്പെടുന്നത് മൂന്നു വര്‍ഷത്തിനു ശേഷം 1987ലാണ് എന്നതും ശ്രദ്ധേയമാണ്. ഫലസ്തീനിലെ അറബ് മുസ്‌ലിംകള്‍ എന്തു ചെയ്യുന്നുവെന്നോ പ്രവര്‍ത്തിക്കുന്നുവെന്നോ പരിശോധിച്ചല്ല ഈ പദനിര്‍മാണം നടന്നത് എന്നത് വ്യക്തമാണ്. മറിച്ച് ബഹുഭൂരിപക്ഷം അറബ് മുസ്‌ലിംകള്‍ അണിനിരക്കുന്ന ഒരു ദേശീയപ്രശ്‌നത്തെ വ്യാഖ്യാനിച്ചു നിയന്ത്രിക്കാനുള്ള സയണിസ്റ്റ് രാഷ്ട്രീയ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പദനിര്‍മാണം. മുസ്‌ലിംകളുടെ മതാനുഭവത്തെ നിര്‍ണയിക്കാനുള്ള അവകാശം അവരില്‍ നിന്ന് എടുത്തുമാറ്റുകയും ബാഹ്യശക്തികള്‍ മുസ്‌ലിം മതാനുഭവത്തെ നിയന്ത്രിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നുവെന്ന ആഗോള പ്രശ്‌നം ഇതിലടങ്ങിയിട്ടുണ്ട്.

എല്ലി ബല്‍കിനും ഡോന നെവലും ചേര്‍ന്നെഴുതിയ ‘ഇസ്‌ലാമോഫോബിയ ആന്റ് ഇസ്രയേല്‍’ (2014) എന്ന പഠന നിരീക്ഷണ പ്രകാരം 1990കള്‍ക്കു ശേഷം ഭീകരതയെ അനുകൂലിക്കുന്നവര്‍ അഥവാ ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മോശം മുസ്‌ലിംകളെന്നും ഇസ്രയേലിന്റെ അധിനിവേശ നയങ്ങളെ സഹായിക്കുന്നവര്‍ നല്ല മുസ്‌ലിംകളെന്നുമുള്ള തരംതിരിവ് വ്യാപകമായി. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഈ പ്രവണത ആഗോള വ്യാപകമായതോടെ സാമ്രാജ്യത്വ അധിനിവേശത്തെ എതിര്‍ക്കുന്നതും മുസ്‌ലിം സാമൂഹിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുമായ മുസ്‌ലിം അവകാശ പ്രസ്ഥാനങ്ങള്‍ ഭീകര പ്രസ്ഥാനങ്ങളായി ചിത്രീകരിക്കപ്പെട്ടു. ഇതോടെ ഫലസ്തീന്‍ പ്രശ്‌നം ഒരു കേവല മതആശയ സംഘര്‍ഷമാക്കി ചിത്രീകരിക്കപ്പെടുന്ന പ്രവണത വ്യപ്രകമായി.

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും പതുക്കെ ഈ മാറ്റത്തിന്റെ ഭാഗമായെന്നു അസദ് ഇസ്സയുടെ പഠനം (ഹോസ്‌റ്റൈല്‍ ഹോംലാന്‍ഡ്‌സ്: ദി ന്യൂ അലയന്‍സ് ബിറ്റ്‌വീന്‍ ഇന്ത്യ ആന്റ് ഇസ്രയേല്‍, 2023) പറയുന്നു. 1992ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നരസിംഹ റാവു സര്‍ക്കാര്‍ ഇസ്രയേലുമായി നയതന്ത്രം പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഇസ്രയേലിന്റെ കൊളോണിയല്‍ നയങ്ങളെ നേരിട്ടു പിന്തുണയ്ക്കാന്‍ ഇന്ത്യ മടിച്ചിരുന്നു. എന്നാല്‍ 2003ല്‍ ഹിന്ദുത്വരാഷ്ട്രീയമുള്ള എ ബി വാജ്‌പേയി പ്രധാനമന്ത്രിയാവുന്നതോടെ ഫലസ്തീന്‍ പ്രശ്‌നത്തെ ഒരു കൊളോണിയല്‍ പ്രശ്‌നം എന്നതിലുപരി മുസ്‌ലിം ‘ഭീകരത’യുടെ പ്രശ്‌നമാക്കി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തിടുക്കം കാണിച്ചു. 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി അതുവരെ ഇന്ത്യ സൂക്ഷിച്ച കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകളെ സമ്പൂര്‍ണമായി റദ്ദാക്കി. ആഗോളതലത്തില്‍ തന്നെ സയണിസ്റ്റുകളും നിയോ കണ്‍സര്‍വേറ്റീവ് വിഭാഗങ്ങളും ഹിന്ദുത്വര്‍ നിര്‍മിച്ച അന്ത്യന്‍ വിദേശ നയത്തിലെ മാറ്റത്തെ സ്വാഗതം ചെയ്തുവെന്നു ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന്റെ പുതിയ ഘട്ടത്തെക്കുറിച്ച് അസദ് ഇസ്സ നിരീക്ഷിക്കുന്നു.

മുസ്‌ലിം പ്രശ്‌നം
ഫലസ്തീന്‍ പ്രശ്‌നത്തെ ഒരു ദേശീയ പ്രശ്‌നമോ കൊളോണിയല്‍ പ്രശ്‌നമോ ആയിക്കാണാതിരിക്കാനാണ് ഇസ്‌ലാമോഫോബിയയിലൂടെ ശ്രമങ്ങള്‍ നടക്കുന്നത്. ബഹുഭൂരിപക്ഷം അറബ് മുസ്‌ലിംകള്‍ താമസിക്കുന്ന ഒരു പ്രദേശത്തെ പ്രശ്‌നമായതിനാല്‍ ദേശീയപ്രശ്‌നം, കൊളോണിയല്‍ പ്രശ്‌നം തുടങ്ങിയ ‘പൊതു’ ഘടകങ്ങളെ മാറ്റിവെക്കാനും പകരം അതൊരു ചരിത്രബാഹ്യമായ ആശയപ്രശ്‌നമായി ചുരുക്കാനുമുള്ള വഴിയായാണ് ഇസ്‌ലാമോഫോബിയ വികസിച്ചത്. ഫലസ്തീനികളായ/ മത വിശ്വാസികളായ മുസ്‌ലിംകള്‍ സ്വന്തം പ്രശ്‌നത്തെ കാണുന്ന രീതികളെ പൈശാചികവല്‍കരിക്കാനും അവരുടെ സ്വയംനിര്‍ണയാവകാശത്തെ തകര്‍ക്കാനും ഈ ആശയനിര്‍മാണത്തിലൂടെ കഴിയുന്നു. ഗസയിലെ ഹമാസിന്റെ സാന്നിധ്യമാണ് ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം.

2023 ലെത്തുമ്പോള്‍ ഗസയിലെ അധിനിവേശ വിരുദ്ധ പോരാട്ടമാണ് പുതിയ ചര്‍ച്ചകളുടെ കാരണം. ഒടുവില്‍ രാഷ്ട്രീയ പ്രതിരോധത്തിന്റെ ചെറുതുരുത്തായി അവശേഷിച്ചത് ഹമാസ് ഭരിക്കുന്ന ഗസ മാത്രമായിരുന്നു. യാസര്‍ അറഫാത്തിനെ പോലുള്ള ആഗോള നേതാക്കള്‍ ഉയര്‍ന്നുവന്ന നാടാണ് ഗസ. തന്റെ കൗമാര കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകര്‍ഷിക്കപ്പെട്ട അറഫാത്തിന്റെ ജീവിതം ഫലസ്തീന്‍ ജീവിതത്തിന്റെ സങ്കീര്‍ണതയുടെ ഭാഗമാണ് (സൈദ് കെ അബൂറിഷ് 1999ല്‍ എഴുതിയ അറഫാത്ത്: ഫ്രം ഡിഫന്‍ഡര്‍ ടു ഡിക്‌റ്റേറ്റര്‍ എന്ന പുസ്തകം). ഏണസ്‌റ്റോ ചെഗുവേര നേരിട്ടു സന്ദര്‍ശിച്ച ഫലസ്തീന്‍ പ്രദേശം. അധിനിവേശത്തിനു നേരിട്ടു കീഴടങ്ങാത്ത ഏക ഫലസ്തീന്‍ പ്രദേശമാണ് ഗസയെന്ന് ജിന്‍പിയറേ ഫിലിയു എഴുതിയ ഗസയുടെ ചരിത്രം (ഗസ: എ ഹിസ്റ്ററി, 2015) പറയുന്നു. 1950-1980 കാലത്ത് അറബ് ദേശീയവാദികളുടെ സായുധ ചെറുത്തുനില്‍പ്പിന്റെ പ്രഭവകേന്ദ്രമായിരുന്നു ഗസയെന്നും അതിനാല്‍ തന്നെ ഗസയിലെ ദേശീയ നേതൃത്വത്തെ ഘട്ടംഘട്ടമായി കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചുവെന്നും 1980കളോടുകൂടി ഗസയിലെ പരമ്പരാഗത ദേശീയ നേതൃത്വം സമ്പൂര്‍ണമായി നിശബ്ദമാക്കപ്പെട്ടുവെന്നും ഉള്ള തിരിച്ചറിവില്‍ നിന്നാണ് ഹമാസ് എന്ന പുതിയ ഇസ്‌ലാമിക ജനകീയ പ്രസ്ഥാനം 1987ല്‍ വികസിച്ചതെന്നു ഖാലിദ് ഹറൂബ് (ഹമാസ്: എ ബിഗിനേഴ്‌സ് ഗൈഡ്, 2006) പറയുന്നു.

ലിബറല്‍ സെക്കുലര്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഷയിലേക്ക് ഇസ്‌ലാമോഫോബിയ കടന്നുവരുന്ന ഒരു പ്രധാനപ്പെട്ട വഴി ഹമാസിന്റെ ഇസ്‌ലാമിക ഉള്ളടക്കത്തെക്കുറിച്ചുള്ള സന്ദേഹങ്ങളാണ്. ഹമാസ് ഇസ്രയേലിന്റെ സൃഷടിയാണ് എന്ന വാദം ഇതിന്റെ ഭാഗമായി വികസിച്ചു. ഒരു സാമൂഹിക രാഷ്ട്രീയ വിശദീകരണവും ഒപ്പം പത്രപ്രവര്‍ത്തകയുക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തവും ഈ വിശദീകരണത്തിന്റെ ഭാഗമാണ്. അറബ് ലോകത്തെ സോഷ്യലിസ്റ്റ് ദേശീയ പ്രസ്ഥാനങ്ങളുടെ ജനകീയ പിന്തുണയില്ലായ്മയ്ക്ക് ഇസ്രയേല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു കാരണം കണ്ടെത്താന്‍ ഈ വിശദീകരണങ്ങള്‍ ഉപയോഗപ്പെടുന്നുണ്ട്.

രണ്ടു വിമര്‍ശനങ്ങളില്‍ ആദ്യത്തേത് ഇതാണ്: ചില റിട്ടയേഡ് ഇസ്രയേലി മിലിട്ടറി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ ഹമാസിനു ഇസ്രയേല്‍ സഹായം ലഭിച്ചുവെന്നതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുതകള്‍ എടുത്താല്‍ത്തന്നെ, മുന്‍ചൊന്ന വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന മറ്റൊരു വിഭാഗം റിട്ടയേഡ് ഇസ്രയേലി മിലിട്ടറി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ രേഖകളായി കിട്ടുമെന്നാണ് ഇതിന്റെ മറുവശം. ഗസയില്‍ നിന്നുള്ള ഹമാസിന്റെ സ്ഥാപക നേതാക്കളായ അഹ്‌മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി അടക്കമുള്ളവരെ ഇസ്രയേല്‍ വകവരുത്തിയതും ഇസ്രയേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരില്‍ ഹമാസ് പ്രവര്‍ത്തകരാണ് ഭൂരിപക്ഷമെന്നതും അടക്കമുള്ള ഹമാസിന്റെ ജീവചരിത്രം എഴുതിയ അസ്സാം തമീമിയെ (ഹമാസ്: അണ്‍റിട്ടണ്‍ ചാപ്‌റ്റേഴ്‌സ് (2007) എന്ന പുസ്തകം)പോലുള്ളവരുടെ വിവരണം ഈ വിശകലനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഹമാസ് ഇസ്രയേലിന്റെ സൃഷടിയാണ് എന്ന ഗൂഢാലോചനാസിദ്ധാന്തം വസ്തുതകളുടെ ബലത്തില്‍ അസന്നിഗ്ധമായി സ്ഥാപിക്കാന്‍ പ്രയാസമാണ്.

ഫലസ്തീന്‍ ദേശീയ ഐക്യത്തില്‍ വിള്ളലുണ്ടാക്കി എന്ന വിമര്‍ശനമാണ് രണ്ടാമത്തേത്. ദേശീയ വിമോചന പോരാട്ടത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കത്തെ പറ്റിയാണ് ഈ വിമര്‍ശനം. തീര്‍ച്ചയായും ഹമാസിന്റെ വളര്‍ച്ച ദേശീയ ഐക്യത്തെ ബാധിച്ചിരുന്നുവെന്നതു ശരിയാണ്. എഡ്വേഡ് സെയ്ദ് അടക്കമുള്ളവര്‍ ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുറേകൂടി ഗൗരവമുള്ള ഒരു വിമര്‍ശനമാണിത്. എന്തുകൊണ്ടു ഫലസ്തീന്‍ ജനത ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അടക്കമുള്ള പരമ്പരാഗത ഫലസ്തീന്‍ ദേശീയ പ്രസ്ഥാനങ്ങളെ കൈയൊഴിഞ്ഞുവെന്നതിന്റെ ഉത്തരം നല്‍കാന്‍ ഈ വിമര്‍ശനത്തിനു പൂര്‍ണമായും കഴിയുന്നില്ല.

ഇസ്രയേല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം എന്നതിലുപരി ഫലസ്തീനികളായ ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോവുന്നുവെന്നതാണ് വിമര്‍ശനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം. ഫലസ്തീനിലെ മറ്റൊരു സായുധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ശിയാ പശ്ചാത്തലമുള്ള ഇസ്‌ലാമിക് ജിഹാദ് രൂപീകരിച്ചത് പഴയകാല മാവോവാദികളുടെ പങ്കാളിത്തത്തോടെയായിരുന്നു (മാന്‍ഫ്രഡ് സിങ്. ‘ബ്രദേഴ്‌സ് ഇന്‍ ആര്‍മ്‌സ്: ഹൗ പാലസ്‌റ്റൈന്‍ മാവോയിസ്റ്റ്‌സ് ടേണ്‍ഡ് ജിഹാദിസ്റ്റ്‌സ്.’ (ഡൈ വെല്‍ട് ദെസ് ഇസ്‌ലാം, 2011,) എന്ന പഠനം ) എന്നതു മാറുന്ന ജനകീയ ഇച്ഛയുടെ പ്രകാശനമായിരുന്നു. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തോടുള്ള സെക്കുലര്‍ ലിബറല്‍ വിപ്രതിപത്തി മൂലമാണ് ഫലസ്തീനിലെ ജനങ്ങളുടെ മാറുന്ന ഇച്ഛയെ കേവലം അധിനിവേശ ഭരണകൂട ഗൂഢാലോചനയായും ദേശീയ ഐക്യത്തിന്റെ തകര്‍ച്ചയായും പരിമിതപ്പെടുത്തുന്നത്. മുസ്‌ലിം എന്ന രീതിയില്‍ സ്വയം തിരിച്ചറിയുന്ന ഫലസ്തീനിലെ ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ (ചോയ്‌സ്) കാണാത്ത വിശകലനമാണ് ഇത്.

1980-2000 കാലയളവില്‍ നിലനിന്ന ഈ വിമര്‍ശനങ്ങള്‍ പിന്നീട് അപ്രസക്തമായിട്ടുണ്ട്. ഫലസ്തീനില്‍ 2006ല്‍ ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പു നടന്നപ്പോള്‍ 132ല്‍ 74 സീറ്റും നല്‍കി ഫലസ്തീന്‍ ജനത ഹമാസിനൊപ്പം നിന്നു. മാത്രമല്ല ഹമാസിന്റെ എതിരാളികളായ ഫതഹ് പാര്‍ട്ടിക്ക് ആയുധങ്ങള്‍ നല്‍കി ഈ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ അമേരിക്കയും ഇസ്രയേലും ശ്രമിച്ചെന്ന് അലിസ്റ്റര്‍ കുക്ക് നടത്തിയ അന്വേഷണം (ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ്, 5 ജൂലൈ 2007) പറയുന്നു. ഇതോടെ അമേരിക്കന്‍ ഇസ്രയേല്‍ പിന്തുണ ആര്‍ക്കാണെന്ന പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.

ഏതൊരു സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനവും പോലെ ഹമാസിന്റെ നിലപാടുകളും ചരിത്രപരവും മാറുന്നതും സ്ഥലകാലബന്ധിതവുമാണ്. ജിഹാദ് (പരിശ്രമം), ഉമ്മ (ആഗോള മുസ്‌ലിം സമുദായം) തുടങ്ങിയ ഇസ്‌ലാമിക സാങ്കേതിക പദങ്ങളെക്കാള്‍ ശഅബ് (ജനം), മുഖാവമ (പ്രതിരോധം) തുടങ്ങി അറബ് ലോകത്ത് ദേശീയ പ്രതിരോധത്തിന് ഉപയോഗിക്കുന്ന സംജ്ഞകളാണ് ഹമാസിന്റെ നയപരിപാടികളുടെ പദാവലികളെന്ന് ഗവേഷകയായ നെവന്‍ ബോണ്ടോക്ജി (നാഷണലിസ്റ്റ് വേഴ്‌സസ് റിലീജ്യസ്: ഇംപ്ലിക്കേഷന്‍സ് ഫോര്‍ പീസ് വിത്ത് ഹമാസ് എന്ന ബ്രൂകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രബന്ധം, 2014) നിരീക്ഷിക്കുന്നു. ഒരേ സമയം ഇസ്‌ലാമിക പ്രത്യയശാസ്ത്ര സമീപനങ്ങളും ദേശീയ രാഷ്ട്രീയ സമീപനങ്ങളും അവര്‍ക്കുണ്ട് എന്നാണ് ഖാലിദ് ഹറൂബ് നടത്തിയ പഠനവും പറയുന്നത്. തങ്ങളെ നേരിട്ടു ബാധിക്കാത്ത ഫലസ്തീന് പുറത്തുള്ള വിഷയങ്ങളില്‍ ഹമാസ് ഒരിക്കലും ഇടപെടാനോ അഭിപ്രായം പറയാനോ തയ്യാറാകാത്തതിന്റെ കാരണം ദേശീയ സാഹചര്യത്തില്‍ മാത്രം ഒതുങ്ങിനിന്നു പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനം എന്ന ഐഡന്റിറ്റിയുടെ ഭാഗമായിട്ടായിരിക്കാമെന്നു നെവന്‍ ബോണ്ടോക്ജി കരുതുന്നു.
തുടക്കത്തില്‍ ഇസ്രയേല്‍ എന്ന ‘നിയമവിരുദ്ധ’ രാഷ്ട്രത്തെ അംഗീകരിക്കാതിരുന്ന ഹമാസ് 2009ല്‍ മാറിയ സാഹചര്യത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുന്ന സംഘടനാ ചാര്‍ട്ടര്‍ പുറത്തിറക്കുകയുണ്ടായി. ഇതാവട്ടെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പരിഹാരവുമാണ്. പഴയ വൈരങ്ങള്‍ മറന്ന് ഫലസ്തീന്‍ ഇനിഷ്യേറ്റീവ് എന്ന മുസ്തഫ ബര്‍ഗുതിയുടെ ഇടതു ദേശീയ പ്രസ്ഥാനം (ഇടതു കക്ഷിയായ അറബ് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗം) ഹമാസിന്റെ ഈ മാറ്റത്തെ സ്വാഗതം ചെയ്തിരുന്നു. 2018 ഡിസംബര്‍ 6ന് ഐക്യരാഷ്ട്ര സഭയില്‍ ഹമാസിനെ അപലപിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പ്രമേയം പക്ഷെ ഭൂരിപക്ഷ പിന്തുണ കിട്ടാതെ പരാജയപ്പെട്ടു. 2018ല്‍ ഹമാസിന്റെ എതിരാളികളായ ഫലസ്തീന്‍ അതോറിറ്റിയുടെ മഹ്‌മൂദ് അബ്ബാസ് തന്നെ, ഹമാസ് വിശാല ദേശീയ പോരാട്ടത്തിന്റെ ഭാഗമാണെന്ന് പ്രതികരിച്ചത്, മാറുന്ന ദേശീയസമവായത്തിന്റെ ഭാഗമായിരുന്നു.

ഭാവി ഫലസ്തീനില്‍, ജനാധിപത്യ സ്വഭാവമുള്ള ഒരു സ്വതന്ത്ര പരമാധികാര ‘സിവില്‍ സ്‌റ്റേറ്റ്’ (ദൌല മദനിയ്യ) എന്ന ആശയമാണ് ഹമാസ് മുന്നോട്ടു വെക്കുന്നതെന്നു സംഘടനയുടെ അന്താരാഷ്ട്ര വക്താക്കളില്‍ ഒരാളും ഗസയിലെ ആരോഗ്യ മന്ത്രിയുമായിരുന്ന ബാസിം നഈം (26 ഫെബ്രുവരി 2021 അനഡോലു ഏജന്‍സി പ്രസിദ്ധീകരിച്ച, ഡെസ്‌പൈറ്റ് റിസ്‌ക്, ഹമാസ് കീപ്‌സ് ഡേറ്റ് വിത് ഡെമോക്രസി, എന്ന ലേഖനം) പറയുന്നു. മധ്യകാല യൂറോപ്പിലെ മതഭരണമോ പുരോഹിതന്‍മാരുടെ തിയോക്രസിയോ തങ്ങള്‍ അംഗീകരിക്കുന്നില്ലന്നു നഈം വിശദീകരിക്കുന്നു. വിവിധ ദേശീയ വിഭാഗങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിലൂടെയും ചര്‍ച്ചകളിലൂടെയും സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് നഈം പറയുന്നത്. സ്വയം പ്രതിരോധത്തിനുള്ള ഐക്യരാഷ്ട്ര സഭ ചാര്‍ട്ടറിന്റെ 51ാം വകുപ്പാണ് ദേശീയ സായുധ സമരത്തിന്റെ നിയമപരമായ അടിസ്ഥാനമായി ബാസിം നഈം എടുത്തു പറയുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍, കൊളോണിയല്‍ വിരുദ്ധത, ദേശീയ സമവായം, ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഇവയുടെ വൈരുദ്ധ്യാധിഷ്ഠിത കലര്‍പ്പാണ് ഹമാസിന്റെ നയപരിപാടികളെ നിശ്ചയിക്കുന്നത്.

കൊളോണിയല്‍ പ്രശ്‌നം
ഫലസ്തീന്‍ സ്വയം നിര്‍ണയാവകാശത്തെ പഠിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എല്ലാ വിഭാഗം ആളുകളും ഒരു കൊളോണിയല്‍ പദ്ധതിയായാണ് ഇസ്രയേല്‍ അധിനിവേശത്തെ വിലയിരുത്തുന്നത്. ഇന്ത്യയില്‍ നടന്ന ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്നു വ്യത്യസ്തമാണ് ഫലസ്തീനിലെ സെറ്റ്‌ലര്‍ കൊളോണിയലിസം. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസം നാഗരിക മേന്‍മയില്‍ ഊന്നിയ ചൂഷണത്തിലധിഷ്ഠിതമായിരുന്നെങ്കില്‍ ഫലസ്തീനില്‍ നടക്കുന്നത് ഭരണകൂട സ്ഥാപനത്തിലൂന്നിയ ഉന്‍മൂലന പദ്ധതിയാണെന്നതാണ് വ്യത്യാസം. പാട്രിക് വോള്‍ഫിന്റെ പഠനങ്ങളാണ് കൊളോണിയല്‍ ചൂഷണവും കൊളാണിയല്‍ ഉന്‍മൂലനവും തമ്മിലുള്ള വ്യത്യാസത്തിലൂന്നിയ വിശകലന മാതൃക ഏറ്റവും ശക്തമായി വികസിപ്പിച്ചത്.

1912 മുതല്‍ തന്നെ ഫലസ്തീന്‍ പത്രങ്ങള്‍ സ്വന്തം നാട് അധിനിവേശം ചെയ്യുന്ന സയണിസ്റ്റ് ബ്രിട്ടീഷ് അച്ചുതണ്ടിനെ ഒരു കൊളോണിയല്‍ പദ്ധതിയായാണ് കാണുന്നതെന്ന് ഇലന്‍ പപെ 2015ല്‍ നടത്തിയ പഠനം (ദി ഫ്രേമിങ് ഓഫ് ദി ക്വസ്റ്റ്യന്‍ ഓഫ് ഫലസ്തീന്‍ ബൈ ദി ഏര്‍ലി ഫലസ്തീന്‍ പ്രസ്: സിയോണിസ്റ്റ് സെറ്റ്‌ലര്‍ കൊളോണിയലിസം ആന്റ് ദി ന്യൂസ് പേപ്പര്‍ ഫലസ്തീന്‍ 1912-1922) പറയുന്നു. സ്വന്തം നാടിനെ അധിനിവേശം ചെയ്യുന്നതിനെതിരേ തദ്ദേശീയരായ മതവിശ്വാസികളും പത്രപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത്തരമൊരു വിശകലന ചട്ടക്കൂട് വികസിപ്പിക്കുന്നത്.

1964ല്‍ രൂപീകരിച്ച ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനാലായാലും 1987ല്‍ രൂപീകരിച്ച ഹമാസായാലും കൊളോണിയല്‍ വിരുദ്ധതയുടെ ഫ്രെയിമിലാണ് അന്നും ഇന്നും ഫലസ്തീന്‍ പ്രശ്‌നത്തെ കാണുന്നത്. സൈദ്ധാന്തിക പ്രായോഗിക ഊന്നലുകളില്‍ വൈവിധ്യമുള്ളതാണെങ്കിലും ഫലസ്തീനിലെ എല്ലാ മത, മതേതര, ദേശീയപ്രസ്ഥാനങ്ങളും ഒരേ സ്വരത്തില്‍ പറയുന്ന ഫ്രെയിമാണ് കൊളോണിയല്‍ പദ്ധതി എന്നത്. ഇത്തരമൊരു രാഷ്ട്രീയ ഫ്രെയിമിനെ ഇല്ലാതാക്കുകയും മറച്ചുവെക്കുകയും ആദ്യം ഒരു അറബ് പിന്നാക്ക പ്രശ്‌നമായും പിന്നീട് ഒരു മുസ്‌ലിം ആശയപ്രശ്‌നമായും ചുരുക്കുകയാണ് ആധിപത്യ വ്യവഹാരങ്ങള്‍ ചെയ്യുന്നത്. ഇതുവഴി ഫലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട അറബ് മുസ്‌ലിം ഭൂരിപക്ഷത്തെ രാഷ്ട്രീയമായി നിശബ്ദമാക്കാനാണ് ഇസ്‌ലാമോഫോബിയ എന്ന സാമൂഹിക രാഷ്ട്രീയ യുക്തി ശ്രമിക്കുന്നത്.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)