Data Brief Indian Islamophobia

മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും

2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ പ്രത്യേക ചര്‍ച്ച ആവശ്യപ്പെടുന്നു.

2024ല്‍ പുറത്തിറങ്ങിയ ‘എ സര്‍വേ ഓഫ് മുസ് ലിം അഫിലിയേറ്റഡ് ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ ഇന്ത്യ’ എന്ന പഠന റിപ്പോര്‍ട്ട് മുസ് ലിംകളുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഡല്‍ഹി കേന്ദ്രമായ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ചിന്റെയും ന്യൂസ് നെറ്റ് വര്‍ക്കിന്റെയും സഹായത്തോടെ പുറത്തിറക്കിയ ഈ പഠനപ്രകാരം മുസ് ലിംകള്‍ ജനസംഖ്യയുടെ 14 ശതമാനമാണെങ്കിലും അവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല.

2021-22 അക്കാദമിക വര്‍ഷത്തെ ഓള്‍ ഇന്ത്യ ഹയര്‍ എജുക്കേഷന്‍ സര്‍വേ ഇതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതനുസരിച്ച്, ഉന്നതവിദ്യാഭ്യാസത്തില്‍ മുസ് ലിം വിദ്യാര്‍ഥികളുടെ എൻറോള്‍മെന്റ് വെറും 4.8 ശതമാനമാണ്, ഇത് എസ്.സി/എസ്.ടി വിഭാഗങ്ങളെക്കാളും താഴെയാണ് (എസ്.സി 15.3 ശതമാനം, എസ്.ടി. 6.3 ശതമാനം). ഐ.ഐ.ടി, ഐ.ഐ.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍, എന്‍.ഐ.ടി, ഐ.ഐ.എം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ മുസ് ലിം വിദ്യാര്‍ഥികളുടെ എണ്ണം 1.76 ശതമാനം മാത്രമാണ് (ഓള്‍ ഇന്ത്യ ഹയര്‍ എജുക്കേഷന്‍ സര്‍വേ 2021-22).

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് 17 വര്‍ഷം കഴിഞ്ഞിട്ടും മുസ് ലിംജനത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പിന്നിലാണെന്നാണ് ഇതിനര്‍ഥം. 2006ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുസ് ലിംകളുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ എൻറോള്‍മെന്റ്  3.6 ശതമാനം മാത്രമായിരുന്നു. ഈ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുശേഷവും 2012-13ലെ ആദ്യത്തെ ഓള്‍ ഇന്ത്യ ഹയര്‍ എജുക്കേഷന്‍ സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിച്ചത് ആറ് വര്‍ഷത്തിനുള്ളില്‍ 0.6 ശതമാനത്തിന്റെ വര്‍ധന മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നാണ്. എന്നാല്‍ എസ്‌.സി, എസ്.ടി തുടങ്ങിയ മറ്റ് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. 2006ല്‍ 2.4 ശതമാനമായിരുന്ന അവരുടെ എൻറോള്‍മെന്റ്  2021-22ല്‍ യഥാക്രമം 15.3 ശതമാനവും 6.3 ശതമാനവുമായി ഉയര്‍ന്നു. രാഷ്ട്രീയവും സാമൂഹികവുമായ അവഗണനയും വിവേചനങ്ങളും സാമ്പത്തികപ്രയാസം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളുമാണ് മുസ് ലിംകളെ ഉന്നതവിദ്യാഭ്യാസത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്നത്.

മുസ് ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍

വിവിധ സ്രോതസുകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, രാജ്യത്ത് മുസ് ലിം ഉടമസ്ഥതയിലുള്ള കോളജുകളുടെ എണ്ണം 1,155 ഉം സര്‍വകലാശാലകളുടെ എണ്ണം 23ഉം ആണ്. 2020-21ലെ ഓള്‍ ഇന്ത്യ ഹയര്‍ എജുക്കേഷന്‍ സര്‍വേ ഡാറ്റാബേസ് അനുസരിച്ച് രാജ്യത്ത് ആകെ 1,113 സര്‍വകലാശാലകളും 43,796 കോളജുകളുമാണുള്ളത്. അതായത് ആകെ കോളജുകളുടെ 2.6 ശതമാനം മാത്രമാണ് മുസ് ലിംകളുടെ ഉടമസ്ഥതയിലുള്ളത്. സര്‍വകലാശാലകളുടെ എണ്ണം 2.1 ശതമാനം വരും. 8.8 ദശലക്ഷം ജനസംഖ്യയുള്ള കേരളമാണ് ഇക്കാര്യത്തില്‍ മെച്ചം. എല്ലാ മേഖലകളിലുമായി മുസ് ലിം ഉള്ളടക്കമുള്ള 211 കോളജുകളാണ് കേരളത്തിലുള്ളത്. 38.4 ദശലക്ഷം മുസ് ലിംകളുള്ള ഉത്തര്‍പ്രദേശില്‍ ഇത് 209 മാത്രവും.

ദേശീയ വിദ്യാഭ്യാസ ആസൂത്രണ നിര്‍വഹണ സര്‍വകലാശാലയുടെ വിദ്യാഭ്യാസ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ മുന്‍ തലവനായിരുന്ന പ്രൊഫ. അരുണ്‍ സി. മേത്ത തയാറാക്കിയ ‘ഇന്ത്യയിലെ മുസ് ലിം വിദ്യാഭ്യാസത്തിന്റെ നിലവാരം’ (സ്റ്റേറ്റ് ഓഫ് മുസ് ലിം എജുക്കേഷന്‍ ഇന്‍ ഇന്ത്യ) എന്ന 2024-ലെ പഠനം സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ (പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്) സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ് ലിം സമൂഹങ്ങളില്‍പെട്ട വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ എൻറോള്‍മെന്റ് നിരക്ക് കൂടുതലാണ്. ഈ സംസ്ഥാനങ്ങളില്‍ മുസ് ലിംകളുടെ ജനസംഖ്യാവിഹിതം ഗണനീയമാണെന്നതും ശ്രദ്ധേയമാണ്.

ടെക്‌നിക്കല്‍ വിദ്യാഭ്യാസ പ്രാതിനിധ്യം

1,155 മുസ് ലിം മാനേജ്‌മെന്റിലുള്ള കോളജുകളില്‍, 141 കോളജുകള്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ന്യൂനപക്ഷസമൂഹങ്ങളെ മൊത്തത്തിലെടുത്താല്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവയുടെ എണ്ണം 710 വരും. ന്യൂനപക്ഷങ്ങളില്‍ മുസ് ലിംകളുടെ ജനസംഖ്യാവിഹിതം 73.4 ശതമാനം വരുമെങ്കിലും ടെക്‌നിക്കല്‍ കോളജുകളുടെ ഉടമസ്ഥത പരിശോധിച്ചാല്‍ പ്രാതിനിധ്യം 16.6 ശതമാനത്തില്‍ ഒതുങ്ങും. 26.6 ശതമാനം ജനസംഖ്യ മാത്രമുള്ള മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ ടെക്‌നിക്കല്‍ കോളജുകളില്‍ 83.4 ശതമാനം വിഹിതവും കൈവശം വച്ചിരിക്കുന്നു.

തളര്‍ച്ചയുടെ ചരിത്രം

സ്വാതന്ത്ര്യാനന്തരം 1947ൽ രാജ്യത്ത് മുസ് ലിം മാനേജ്‌മെന്റിലുള്ള കോളജുകള്‍ 17 മാത്രമായിരുന്നു. എന്നാല്‍ 75 വര്‍ഷങ്ങളുടെ കാലയളവില്‍, ഈ എണ്ണം 1,155 ആയി വര്‍ധിച്ചു. വാര്‍ഷിക വളര്‍ച്ചാനിരക്ക് 2.8 ശതമാനം. കണക്കുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ 2001-2010 ദശകത്തിലാണ് കോളജുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് കാണാം. 2011-2020 കാലയളവിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് ഉണ്ടായതെന്നും വ്യക്തമാണ്.

കോഴ്സുകള്‍

കോളജുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും (89.3 ശതമാനം) ബിരുദ പ്രോഗ്രാമുകളിലാണ് പ്രവേശനം നേടുന്നത്. ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ 8 ശതമാനം വരും. എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പ്രോഗ്രാമുകളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം സ്വാഭാവികമായും കുറവായിരുന്നു. അത് ഒരു ശതമാനത്തിലും താഴെയായിരുന്നു.

ഇക്കാര്യത്തില്‍ മുസ് ലിം വിദ്യാര്‍ഥികളുടെ കണക്കെടുത്താല്‍ കൂടുതല്‍ പേരും ബിരുദ പ്രോഗ്രാമുകളാണ് (90.6 ശതമാനം) തിരഞ്ഞെടുത്തത്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ചേര്‍ന്നവര്‍ 7.5 ശതമാനവും എം.ഫില്‍, പിഎച്ച്.ഡി പ്രോഗ്രാമുകളില്‍ ചേര്‍ന്നവര്‍ യഥാക്രമം 0.02 ശതമാനവും 0.17 ശതമാനവുമായിരുന്നു. എം.ഫില്‍, പിഎച്ച്.ഡി തുടങ്ങിയ ഗവേഷണ കോഴ്‌സുകളിലെ മുസ് ലിം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം അപര്യാപ്തമാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ കുറഞ്ഞ പ്രാതിനിധ്യത്തിന് കാരണം അത്തരം കോഴ്‌സുകളുടെ പരിമിത ലഭ്യതയാവാം. രാജ്യത്തെ ഏകദേശം 93.16 ശതമാനം കോളജുകളാണ് ബിരുദ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നത്. 37.75 ശതമാനം കോളജുകള്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ എം.ഫില്‍, പിഎച്ച്.ഡി കോഴ്‌സുകള്‍ ഉള്ളത് 6.32% കോളജുകളില്‍ മാത്രമാണ്.

പരിഹാരം

അരുണ്‍ സി. മേത്തയുടെ പഠനമുസരിച്ച് സാമ്പത്തികപ്രയാസങ്ങള്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പരിമിതമായ പ്രവേശനം, സാമൂഹിക-സാംസ്കാരിക ഘടകങ്ങള്‍ എന്നിവയൊക്കെ ഈ കുറഞ്ഞ പ്രാതിനിധ്യത്തിന് കാരണമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇതിനൊരു പരിഹാരമാകുമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍, വിദ്യാഭ്യാസ ലോണുകള്‍ എന്നിവയും ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനത്തെ പ്രോത്സാഹിപ്പിക്കും. മുസ് ലിം വിദ്യാര്‍ഥികളെ പ്രത്യേകം ലക്ഷ്യംവച്ചുള്ള സ്‌കോളര്‍ഷിപ്പുകളുടെയും ഗ്രാന്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതും ഗുണം ചെയ്യും.

വികസനം വേണ്ടത്ര കടന്നുചെന്നിട്ടില്ലാത്ത അതിഗ്രാമീണ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് മുസ് ലിം ജനതയുടെ ആകെയുള്ള പുരോഗതിക്ക് ഗുണകരമാവും. അതിനുവേണ്ടി ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളും വിദ്യാഭ്യാസ സൗകര്യങ്ങളും സ്ഥാപിക്കണം. അത്തരം സ്ഥാപനങ്ങളില്‍ ആവശ്യമായ അളവില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം. ഗുണനിലവാരമുള്ള അധ്യാപനരീതികളും ഉപയോഗിക്കണം. എന്നാല്‍ മുസ് ലിം വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള കടന്നുവരവ് സുഗമമാക്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറുന്നതായാണ് കാണുന്നത്. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനാധിപത്യവാദികള്‍ മറന്നുകൂടാ.

(കടപ്പാട് : സുപ്രഭാതം ദിനപത്രം)