Hindutva Indian Islamophobia

ലിഞ്ചിങും ഇസ്‌ലാമോഫോബിയയും

2023 സപ്തംബര്‍ 10ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പുസെസവലി എന്ന ഗ്രാമത്തില്‍ വെച്ച് നൂറുല്‍ ഹസന്‍ എന്ന ഇരുപത്തൊമ്പതുകാരനെ പള്ളിയില്‍ വച്ച് ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ കേരളത്തിലടക്കം വലിയ വാര്‍ത്താ പ്രാധാന്യമോ പൊതു ചര്‍ച്ചകളോ ഇവ്വിഷയകമായി കണ്ടില്ല. എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ പൊതു ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷ്യമാവുന്നത്?

ലിഞ്ചിങ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിളിക്കുന്ന ഈ നരഹത്യകള്‍ക്ക് ഒരുതരം നോര്‍മലൈസേഷന്‍ സംഭവിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. ഡാറ്റാ ജേണലിസം വെബ്‌സൈറ്റായ ‘ഇന്ത്യാസ്‌പെന്‍ഡ്’ നല്‍കുന്ന കണക്കു പ്രകാരം 2010നു ശേഷം ഇന്ത്യയില്‍ നടന്ന ലിഞ്ചിങുകളില്‍ 97 ശതമാനവും നരേന്ദ്ര മോഡിയുടെ അധികാരാരോഹണം നടന്ന 2014നു ശേഷമാണ് നടന്നത്.

2015ല്‍ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ വെച്ചു മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതോടെ ഇവ്വിഷയകമായ പൊതു ചര്‍ച്ചകള്‍ വികസിച്ചത്. 2017 വരെ വലിയ പൊതുചര്‍ച്ചകള്‍ ഇവ്വിഷയകമായി നടന്നിരുന്നു. 2017 ആഗസ്തില്‍ മോഡി തന്നെ ഇതിനെതിരേ രംഗത്തു വന്നു. ദലിതുകളെ ആക്രമിക്കുന്നവര്‍ എന്നെ തന്നെയാണ് അക്രമിക്കുന്നതെന്നാണ് മോഡി പറഞ്ഞത്. മുസ്‌ലിം വ്യക്തികള്‍ക്കെതിരേ നടക്കുന്ന ഹത്യകളെ അഭിമുഖീകരിക്കാന്‍ പക്ഷെ മോഡി തയ്യാറായതുമില്ല.

പ്രയോഗവും അട്ടിമറിയും
ഇംഗ്ലീഷ് ഭാഷയില്‍ നിയമ ബാഹ്യമായും നിയമ വിചാരണയില്ലാതെയും കൂട്ടം ചേര്‍ന്ന് ഒറ്റപ്പെട്ട വ്യക്തികളെ വധിക്കുന്നതിനെയാണ് ലിഞ്ചിങ് എന്നു പറയുന്നത്. ‘വിചാരണയില്ലാത്ത ദണ്ഡനം’ എന്നാണ് രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷനറി ഈ വാക്കിന് നല്‍കുന്ന അര്‍ത്ഥം.
അമേരിക്കന്‍ ഐക്യനാടുകളില്‍ കറുത്തവര്‍ക്കെതിരെ വെള്ള വംശീയവാദികള്‍ നടത്തിയ അക്രമങ്ങളെ വിവരിക്കാനാണ് ലിഞ്ചിങ്് എന്ന പദം വികസിച്ചത്. നിഘണ്ടു അര്‍ത്ഥം എന്നതിലുപരി ലിഞ്ചിങ്് എന്ന പദത്തിനു കൈവന്ന രാഷ്ട്രീയാര്‍ത്ഥമിതാണ്. നിയമബാഹ്യമായി സംഘം ചേര്‍ന്നു നടത്തുന്ന നരഹത്യകള്‍ക്ക് വ്യക്തിപരമായ കാരണങ്ങളാണെങ്കില്‍ അതിനെ ആള്‍ക്കൂട്ട ഹിംസ എന്നാണ് നിര്‍വചനം.

ആള്‍ക്കൂട്ടം ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ദേശീയ ഭരണകൂട പിന്തുണയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗമല്ല. പ്രാദേശികാര്‍ത്ഥത്തിലുള്ളതും വികേന്ദ്രീകൃതവും സാമൂഹികമായി സ്വീകരിച്ചുറപ്പിച്ചതും ആയ പൊതുബോധത്തിന്റെ പ്രവര്‍ത്തനം പോലെയല്ല നേരിട്ടും പ്രത്യക്ഷ്യവുമായി ദേശീയ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂട പ്രത്യയശാസ്ത്രം.
കേരളത്തില്‍ ആള്‍ക്കൂട്ടാക്രമണ സംഭവങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേയും വിവാഹ ബാഹ്യ ബന്ധങ്ങള്‍ പുലര്‍ത്തുന്ന വ്യക്തികള്‍ക്കെതിരേയും മോഷ്ടാവ് എന്നാരോപിക്കപ്പെടുന്ന ദരിദ്രരായ വ്യക്തികള്‍ക്കെതിരേയും നടക്കാറുണ്ട്. പ്രത്യയശാസ്ത്ര പ്രേരിതമായ രാഷ്ട്രീയ ലക്ഷ്യം എന്നതിലുപരി വ്യക്തിതാല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഘംചേരലാണ് ഇത്തരം ഹത്യകളുടെ ഭാഗമായി നടക്കുന്നത്. പെട്ടെന്നുണ്ടാവുന്ന കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കുന്നു. സദാചാര പോലിസ് പോലുള്ള പദാവലികളും ഈ സാഹചര്യത്തെ വിവരിക്കാന്‍ വികസിച്ചുവന്നു.

ഇവ്വിഷയകമായി ഇര്‍ഫാന്‍ അഹ്‌മദും പീറ്റര്‍ വാന്‍ഡര്‍ വീറും നടത്തിയ പഠനം (മുസ്‌ലിം ബെയര്‍ ലൈഫ് ഇന്‍ കൊണ്ടംപററി ഇന്ത്യ എന്ന ലേഖനം, 2022ല്‍ ഇര്‍ഫാന്‍ അഹ്‌മദ്, ജി കാങ്ക് എന്നിവര്‍ ചേര്‍ന്ന് എഡിറ്റു ചെയ്ത ‘ദി നേഷന്‍ ഫോം ഇന്‍ ദ ഗ്ലോബല്‍ ഏജ്’ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്) പറയുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ദലിത് ബഹുജന പിന്നാക്കക്കാര്‍ക്കെതിരേ തുടരുന്നതും വിശിഷ്യ ഇപ്പോള്‍ മുസ്‌ലിം എന്ന സൂചകം പേറുന്ന വ്യക്തികള്‍ക്കെതിരേ നടക്കുന്ന നിയമ ബാഹ്യ ഹത്യകളെ ആള്‍ക്കൂട്ട അക്രമം എന്ന പദമോ ഗുണ്ടാ അക്രമം എന്ന പദമോ ഉപയോഗിച്ചു പൂര്‍ണമായി വിശദീകരിക്കാന്‍ കഴിയില്ലെന്നാണ്. പശു വിജിലാന്റിസം അഥവാ കൗ വിജിലാന്റിസം എന്ന പദവും ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. പശു സംരക്ഷണ പ്രവര്‍ത്തനം എന്ന രീതിയില്‍ വിജില്‍ എന്ന പൗരാവകാശ സമരങ്ങളെ സൂചിപ്പിക്കുന്ന ഒരു വാക്കിനെ ഉപയോഗിക്കുന്നതു കുഴപ്പംപിടിച്ച പരിപാടിയാണ്.

2017 ജൂണില്‍ ജുനൈദ് എന്ന ബാലനെ ട്രെയിനില്‍ വെച്ചു തല്ലിക്കൊന്നപ്പോള്‍ അത് നടത്തിയവരെ ആള്‍ക്കൂട്ടം അഥവാ മോബ് എന്നാണ് ടീസ്റ്റ സെറ്റില്‍വാദും ജാവേദ് ആനന്ദും എഡിറ്റ് ചെയ്യുന്ന സബ്രംഗ് ഇന്ത്യ (2017 ജൂണ്‍ 23) യുടെ വാര്‍ത്താകുറിപ്പ് വിശേഷിപ്പിച്ചത്. സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ വര്‍ഗീയ ആള്‍ക്കൂട്ട പ്രവര്‍ത്തനം (കമ്മ്യൂണല്‍ മോബ് ആക്ഷന്‍) എന്നാണ് വിശേഷിപ്പിച്ചത് (സബ്രംഗ് ഇന്ത്യ 2017 ജൂണ്‍ 23). സമാനമായ പ്രയോഗങ്ങള്‍ തന്നെയാണ് ശശി തരൂരും രാഹുല്‍ ഗാന്ധിയും ഒക്കെ ഉപയോഗിക്കാറുള്ളത്.

ലിഞ്ചിങ് എന്ന ഇംഗ്ലീഷ് പ്രയോഗം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ടെററിസം അഥവാ ഭീകരത എന്ന പ്രശ്‌നത്തിന്റെ പരിധിയിലാണ് വരുന്നത്. രാഷ്ട്രീയ പ്രേരിതമായി വ്യക്തികള്‍ സംഘം ചേര്‍ന്നു നടത്തുന്ന നിയമ ബാഹ്യ ഹിംസകളെയാണ് ടെററിസം അഥവാ ഭീകരത എന്ന് നിര്‍വചിക്കുന്നത്. ടെററിസം എന്ന പദത്തിനു രാമലിംഗം പിള്ള നല്‍കുന്ന അര്‍ത്ഥം ഭീകരപ്രവര്‍ത്തനം എന്നാണ്. ടെറര്‍ എന്ന വാക്കിനു പിള്ള നല്‍കുന്ന അര്‍ഥം ‘ഉഗ്രഭയം, ഭീതി, ഉള്‍ക്കിടുക്കം, നടുക്കം, ഭീതി, സംത്രാസം, സാധ്വസം, ഭയകാരണം’ എന്നിവയാണ്. യഥാര്‍ത്ഥത്തില്‍ ലിഞ്ചിങ് എന്ന വാക്കിന്റെ വ്യാപതി വളരെ കുറവാണ്.

ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ ഉപോല്‍പ്പന്നമായ അക്രമങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ ഹിന്ദുത്വ രാഷ്ട്രീയ സാമൂഹികാന്തരീക്ഷത്തിന്റെ ഭാഗമായ ആള്‍ക്കൂട്ടകൊലകളെ കാണണമെന്ന് ഇര്‍ഫാന്‍ അഹ്‌മദും പീറ്റര്‍ വാന്‍ഡര്‍ വീറും വാദിക്കുന്നു. (ഹിന്ദു/ ഹിന്ദുത്വ എന്ന ബൈനറിക്കു പരിമിതിയുണ്ട്. പക്ഷെ വിവരണത്തിന്റെ സൗകര്യത്തിന് ഹിന്ദുത്വ എന്ന വി ഡി സവര്‍ക്കര്‍ ഉപയോഗിച്ച പദം തന്നെ എടുത്തുപയോഗിക്കുകയാണ് ഇര്‍ഫാന്‍ അഹ്‌മദും പീറ്റര്‍ വാന്‍ഡര്‍ വീറും ചെയ്യുന്നത്). ഹിന്ദുത്വ ആള്‍ക്കൂട്ട ഭീകരത പലപ്പോഴും ഭരണകൂടം ലഘുവായി കാണുന്നു. എന്നാല്‍ കേവല ആള്‍ക്കൂട്ട ഹിംസ പലപ്പോഴും ഭരണകൂടം തന്നെ നേരിട്ടു അടിച്ചമര്‍ത്തുന്നു. ആള്‍ക്കൂട്ടം കേവല ആള്‍ക്കൂട്ടമായാല്‍ നിയമ ബാഹ്യമായ പോലിസിങിനെ നേരിടാന്‍ തയ്യാറാവുന്നു. ഹിന്ദുത്വ ആള്‍ക്കൂട്ടവും കേവല ആള്‍ക്കൂട്ടവും ഹിംസയുടെ കാര്യത്തില്‍ ദൃശ്യപരമായി പുലര്‍ത്തുന്ന സമാനതകളേക്കാള്‍ അതിന്റെ രാഷ്ട്രീയ വ്യത്യാസത്തെ കൂടുതല്‍ ആഴത്തില്‍ പരിഗണിക്കേണ്ടതുണ്ട്.

അനുഭവവും വ്യത്യാസവും
സാമൂഹ്യ രാഷ്ട്രീയ പ്രേരിതമായി വ്യക്തികള്‍ ആള്‍ക്കൂട്ടത്താല്‍ കൊല ചെയ്യപ്പെടുമ്പോള്‍ അതിനിരയാവുന്ന സാമൂഹിക വിഭാഗങ്ങളില്‍ ഉണ്ടാവുന്നത് ഭയമാണ്. നാളെ ഇത് എനിക്കും സംഭവിക്കാം എന്ന ഭയം. ട്രെയിനിലോ മാര്‍ക്കറ്റിലോ ബസ്സിലോ നിരത്തിലോ സ്‌കൂളിലോ കോളജിലോ തൊഴിലിടങ്ങളിലോ എവിടെയും എപ്പോഴും ഒരു ഹിംസ നടക്കാം എന്ന ഭയം വികസിക്കുന്നു. ഈ ഭയം വര്‍ത്തമാന കാലത്തിന്റെതു മാത്രമല്ല അതു ഭാവി കാലത്തിന്റെതും കൂടിയാണ്.

ഹിന്ദുത്വ പ്രചോദിതരായ ആള്‍ൂട്ടത്തിന്റെ ഭീകരപ്രവര്‍ത്തനം സ്വാഭാവികമായും അതു കണ്ടു നില്‍ക്കുന്നവരിലും അതിന്റെ വാര്‍ത്തകള്‍ വായിക്കുന്ന എല്ലാ വിഭാഗം മനുഷ്യരിലും അമര്‍ഷവും ഭയവും ഉണ്ടാക്കുന്നുണ്ട് എന്ന മറുവാദം പൊതുവെയുണ്ട്. എന്നാല്‍ അതുണ്ടാക്കുന്ന ഭയം കാലികമാണ്. നാളെ എനിക്കു സംഭവിക്കുമെന്ന ഭയം എല്ലാവര്‍ക്കും എല്ലായ്‌പോഴും ഇല്ല. അതിനാല്‍ തന്നെ ഭാവിയുടെ ആശങ്ക കിഴിച്ചാല്‍ കിട്ടുന്ന ഭയമായാണ് അതു പ്രവര്‍ത്തിക്കുന്നത്. മനഃശാസ്ത്രത്തിന്റെ ഭാഷയില്‍ പെര്‍സപ്റ്റിസൈഡ് എന്നാണ് ഈയവസ്ഥയെ വിവരിക്കുന്നത്. ഭാവിയെ വേട്ടയാടുന്ന ഓര്‍മയായല്ല, മറിച്ച് മറക്കാന്‍ കഴിയുന്ന തികച്ചും കാലികമായ ഓര്‍മയാണ് പെര്‍സപ്റ്റിസൈഡ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വ്യക്തികള്‍ ഭാവിയിലും തുടരുന്ന ഒരു ഓര്‍മയുടെ ഭാഗമായി അനുഭവിക്കുന്ന ഭയം വ്യത്യസ്തമാണ്. യോഗി ആദിത്യനാഥ് എന്ന അജയ് ബിഷ്ട് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള 50,000 ഇറിച്ചിക്കടകളാണ് 2017-2018 കാലയാളവില്‍ മാത്രം അടച്ചുപൂട്ടിയത് (വാഷിംഗ്ടണ്‍ പോസ്റ്റ് 16 ജൂലൈ 2018, ആനി ഗൊവെന്‍ എഴുതിയ റിപോര്‍ട്ട്). ഹിന്ദുത്വ ആള്‍ക്കൂട്ടം നരഹത്യ നടത്തുമ്പോള്‍ എളുപ്പം മറക്കാന്‍ കഴിയുന്ന ഒരു സംഭവമായി, മറക്കാന്‍ കഴിയുന്ന ഒരു ഓര്‍മത്തെറ്റായി അതു ചുരുങ്ങാത്ത വിഭാഗം അതിന്റെ ഇരയാവുന്ന സാമൂഹിക വിഭാഗമാണ്. ഭയം എന്ന സാമൂഹികാനുഭവത്തിന്റെ ഈ വ്യത്യാസം വളരെ പ്രധാനമാണ്.

2015ല്‍ ദാദ്രിയില്‍ മാട്ടിറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരിലും അസഹിഷ്ണുത എന്ന പൊതുപേരിലും ഈ പ്രതിരോധ രാഷ്ട്രീയം വികസിച്ചു. ബീഫ് ഫെസ്റ്റിവല്‍ നടത്തുമ്പോള്‍ പക്ഷെ പോര്‍ക്ക് ഫെസ്റ്റിവലും നടത്തണമെന്ന സമീകരണ യുക്തികളും സമാന്തരമായി വികസിച്ചു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ഭയത്തിന്റെ അനുഭവത്തെ വ്യത്യസ്തമായി അഭിസംബോധന ചെയ്യാന്‍ അത്തരം പ്രതിരോധശ്രമങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നുവെന്നതാണ് മസസ്സിലാവുന്നത്.

ഹിന്ദുത്വ ഫാസിസത്തിനെതിരായ രാഷ്ട്രീയപ്രതിരോധങ്ങള്‍ വിശാലമായ ജനകീയാടിത്തറയില്‍ തന്നെ വികസിക്കേണ്ടതുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ വ്യത്യസ്തമായ സാമൂഹിക അനുഭവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അതിനു പലപ്പോഴും തുടര്‍ച്ചയുണ്ടാവുന്നില്ല. മാത്രമല്ല അതു കൂട്ടമറവികളെ അറിയാതെ തന്നെ സാധ്യമാക്കിയെന്നും വരുന്നു.
2015ലെ അഖ്‌ലാഖിന്റെ വധം അപേക്ഷിച്ച് 2023 സപ്തംബര്‍ 10ന് നൂറുല്‍ ഹസന്‍ കൊല്ലപ്പെട്ടപ്പോള്‍ ചുരുക്കം ചില മുസ്‌ലിം ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് എന്ന അനുഭവം നല്‍കുന്ന പാഠം വളരെ നിര്‍ണായകമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ വികസിക്കുന്ന ഇസ്‌ലാമോഫോബിയയെ ചെറുക്കുമ്പോള്‍ അതു ന്യൂനപക്ഷങ്ങളുടെ സാമൂഹികാനുഭവ വ്യത്യാസത്തെ സൂക്ഷ്മമായി പരിഗണിച്ചു വേണം എന്ന സമീപനം പ്രധാനമാവുന്നതുകൊണ്ടാണ്. ന്യൂനപക്ഷങ്ങളെ ഇരകള്‍ മാത്രമായല്ല, സജീവമായ ഒരു രാഷ്ട്രീയ ശക്തിയായി പരിഗണിക്കുമ്പോള്‍ മാത്രമെ പ്രതിരോധ മാതൃകകള്‍ക്ക് തുടര്‍ച്ചയുണ്ടാവുകയുള്ളൂ.

പഠനങ്ങളും ഡാറ്റയും
ഹിന്ദു ദിനപത്രത്തില്‍ ജേണലിസ്റ്റായ സിയാഉസ്സലാം എഴുതിയ ‘ലിഞ്ച് ഫയല്‍’ (2019) എന്ന പുസ്തകം ഇവ്വിഷയകമായ ആദ്യത്തെ സ്വതന്ത്ര പഠനം എന്നു പറയാം. ശീതള്‍ പ്രസാദ് മീനയും ഹിതേഷ് ഗോയലും ചേര്‍ന്നു 2020ല്‍ പുറത്തിറങ്ങിയ ‘മോബ് ലിഞ്ചിങ്്: ലീഗല്‍ ആന്റ് സോഷ്യല്‍ ഡയമന്‍ഷന്‍’ എന്ന പുസ്തകം ഒരു ലേഖന സമാഹാരമാണ്. ഈ രണ്ടു പുസ്തകങ്ങളും ഇംഗ്ലീഷ് വായനക്കാരെ ലക്ഷ്യമിടുന്നു.

ഈ ലേഖനം എഴുതുമ്പോള്‍ ഇവ്വിഷയകമായുള്ള ഏറ്റവും പുതിയ ഡാറ്റ കണ്ടെത്താന്‍ സെര്‍ച്ച് എഞ്ചിനുകള്‍ വഴി ശ്രമിച്ചു. ഡാറ്റ വിവിധ സ്ഥലങ്ങളില്‍ ചിതറി നില്‍ക്കുന്നു. എന്തുകൊണ്ടാണിതെന്ന പ്രശ്‌നം പഠിക്കാനുള്ള തിരച്ചില്‍ എത്തിയത് ബംഗാളിലെ പ്ലാസി കോളജ് അധ്യാപകനായ അബു സിദ്ദീഖിന്റെ കൗണ്ടര്‍ കറന്റിലെ (20 മെയ് 2023) ലേഖനത്തിലേക്കാണ്.ലിഞ്ചിങിന്റെ കണക്കുകള്‍ പോലും അപ്രത്യക്ഷമാവുന്നുവെന്നാണ് സിദ്ദീഖ് കരുതുന്നത്. ചില വിവരങ്ങള്‍ ഇതാണ്: 2017 മുതല്‍ നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഇവ്വിഷയകമായുള്ള ഡാറ്റ ശേഖരണം നിറുത്തിയിരിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. 2017ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം മാനേജ്‌മെന്റ് മാറിയപ്പോള്‍ ഡാറ്റ കലക്ഷന്‍ നിറുത്തി. ഡാറ്റ പോര്‍ട്ടലായ ‘ഇന്ത്യ സ്‌പെന്‍ഡ്’ 2019 മുതല്‍ ഈ പ്രശ്‌നത്തെക്കുറിച്ചുള്ള വിവരണ ശേഖരണം നിറുത്തിയിരിക്കുന്നു. ഈ മേഖലയില്‍ 2009മുതല്‍ 2018 വരെ പ്രവര്‍ത്തനക്ഷമമായിരുന്ന ‘ഫാക്റ്റ്‌ചെക്കര്‍ ഡോട്ട് ഇന്‍’ എന്ന വെബ്‌സൈറ്റും ഇപ്പോള്‍ ഇല്ല. ഒടുവില്‍ 2022 മാര്‍ച്ച് 29ന് ശശി തരൂരും ചന്ദ്ര പ്രകാശ് ജോഷിയും ഡാറ്റയുടെ പ്രശ്‌നം ലോകസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രത്യേകം ഡാറ്റ ‘മോബ് ലിഞ്ചിങിന്റെ’ കാര്യത്തില്‍ നാഷല്‍ ക്രൈം റിക്കാഡ് ബ്യൂറോ സൂക്ഷിക്കുന്നില്ലായെന്നാണ് മറുപടി കിട്ടിയത്. ഡാറ്റാശേഖരണം നടത്താന്‍ സുപ്രിംകോടതി 2023 ജൂണില്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. അത് പരിശോധിക്കാന്‍ ഒരു മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)