Islamophobia Studies Kerala Islamophobia Theorising Islamophobia

കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ

കുറച്ചു കാലം മുന്‍പ് ദലിത് രാഷ്ട്രീയ രംഗത്ത് സജീവമായ ഒരു വ്യക്തിയുമായുള്ള ചര്‍ച്ചയില്‍ ആ വ്യക്തി ഉന്നയിച്ച ഒരു കാര്യം കീഴാള രാഷ്ട്രീയ ഇടങ്ങളിലെ ഒരു പ്രതിസന്ധിയെ വെളിവാക്കുന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന വ്യവഹാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ള വ്യക്തിയില്‍ നിന്നുമാണ് ഈ പരാമര്‍ശം വന്നത് എന്നത് കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. “ഇപ്പോള്‍ ഏതിനേയും ‘മുസ്ലിം വിരുദ്ധത’ എന്ന് ആരോപിക്കാന്‍ എളുപ്പമാണ്” എന്നതായിരുന്നു പരാമര്‍ശം. ഈ പരാമര്‍ശം വളരെ പരിചിതമായാണ് തോന്നിയത്. ജാതിയുടെ വിഷയം ഉന്നയിക്കുമ്പോള്‍ കേള്‍ക്കാറുള്ള ഒന്നാണ് “എന്തിനും ഏതിനും ജാതി കാണുന്നോ?” എന്ന്. അനാവശ്യമായി ഒരു വ്യവഹാരത്തിലേക്ക് ഒരു രാഷ്ട്രീയത്തെ കൊണ്ടു വരുന്നു എന്ന് ആരോപിക്കുമ്പോള്‍ അതിലൂടെ മറ്റൊരു ആശങ്ക പങ്കു വയ്ക്കപ്പെടുന്നു എന്നാണു തോന്നുന്നത്. ജാതി, വംശീയത തുടങ്ങിയ വിഷയങ്ങളിലെ സ്വന്തം നിലപാടുകളെ കുറിച്ചുള്ള ആശങ്കയാകാം ഈ ചോദ്യങ്ങളിലൂടെ പുറത്തു വരുന്നത്.

ഒരു ആധുനിക/പുരോഗമന വ്യക്തിയെന്ന് അഭിമാനിക്കുന്ന വ്യക്തിയെ സംബന്ധിച്ച് സ്വന്തം നിലപാടുകളിലെ “ജാതീയത/വംശീയത” ചൂണ്ടിക്കാട്ടപ്പെടുക എന്നത് വളരെയേറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷെ ജാതീയതയും വംശീയതയും ഏറ്റവും അപകടകരമായി നില്‍ക്കുന്നത് ഈ പുരോഗമന ഇടത്തായിരിക്കണം. മുസ്ലിം വിരുദ്ധ വ്യവഹാരത്തിന്റെയും കാര്യമിങ്ങനെയാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിലെ ആക്രമണോത്സുക മുസ്ലിം വിരുദ്ധതയോ വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ആസൂത്രിത ഹിന്ദുത്വ ആക്രമണങ്ങളോ മനസിലാക്കാനും പ്രതിരോധിക്കാനും എളുപ്പമായിരിക്കാം, എന്നാല്‍ ഈ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ ഇടങ്ങളിലെ മുസ്ലിം വിരുദ്ധത പ്രതിരോധിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും കീഴാള രാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് മുസ്ലിം വിരുദ്ധ രാഷ്ട്രീയം പരിഭാഷ ചെയ്യപ്പെട്ടാല്‍ അത് കൂടുതല്‍ അപകടകരമാവും. കീഴാള രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നു വന്ന ചില സംവാദങ്ങളില്‍ വെളിവാക്കിയ ഇത്തരം ചില സംഘര്‍ഷങ്ങളിലൂടെ ഇസ്ലാമോഫോബിയയുടെ കീഴാള പരിസരത്തെ കുറിച്ച് ആലോചിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

വളരെ ആസൂത്രിതമായ ബോധപൂര്‍വമായ ഒരു രാഷ്ട്രീയ/സാമൂഹിക തെരഞ്ഞെടുപ്പാവണമെന്നില്ല മുസ്ലിം വിരുദ്ധത. സംഘപരിവാര്‍ രാഷ്ട്രീയത്തെ സാധ്യമാക്കുന്ന ഹിന്ദു പൊതുബോധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മതേതരത്വ വ്യവഹാരങ്ങളിലെ മുസ്ലിം വിരുദ്ധതയും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ് ദലിത്-ബഹുജന്‍ മണ്ഡലത്തിലെ ചില രാഷ്ട്രീയ ധാരകളിലൂടെ മുന്നോട്ടു വെക്കപ്പെടുന്ന മുസ്ലീങ്ങളെ കുറിച്ചുള്ള ആശങ്ക. ഇതിനു ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഷയുണ്ട് എന്നതാണ് പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എന്ന നിലയ്ക്ക് ഇടതു–മതേതര വ്യവഹാരത്തിന്റെ ഭാഗമായി ഇടതു ശക്തികളുടെ മുന്‍കൈയില്‍ “മനുഷ്യ സംഗമവും” അതിനെ പ്രതിരോധിക്കുന്ന “അമാനവ സംഗമവും”  (2016) നടക്കുമ്പോള്‍ ദലിത്-ബഹുജന്‍/കീഴാള രാഷ്ട്രീയത്തിലെ രാഷ്ട്രീയമായ വ്യത്യസ്തതകളും പുറത്തു വന്നു. മനുഷ്യ സംഗമത്തിന്റെ മുസ്ലിം വിരുദ്ധത വളരെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിലെ തന്നെ മുസ്ലിം വിരുദ്ധതയുടെയും ഇടതു ബോധത്തിന്റെയും സംഘര്‍ഷങ്ങളെ വ്യക്തമാക്കുന്ന ഒന്നായിരുന്നു മനുഷ്യ സംഗമവും പിന്നീടു തൃശൂരില്‍ നടന്ന ഭൂഅധികാര കണ്‍വെന്‍ഷനും.

മറ്റ് രാഷ്ട്രീയ ധാരകളെ പോലെ തന്നെ ഏകശിലാ രൂപത്തിലുള്ള ദലിത് രാഷ്ട്രീയവും സാധ്യമല്ല എന്നത് കൂടുതല്‍ വ്യക്തതയാക്കുന്നവയായിരുന്നു തുടര്‍ന്നുള്ള ചര്‍ച്ചകള്‍.
ഈ ചര്‍ച്ചകളില്‍ മുഴങ്ങിക്കേട്ട ചില വാദങ്ങള്‍ “മുസ്ലീങ്ങള്‍” അധികാര വര്‍ഗമാണെന്നും ജാതീയത ഉള്ളവരാണെന്നും ദലിത്-മുസ്ലിം ഐക്യം പോലുള്ള രാഷ്ട്രീയ വ്യവഹാരങ്ങള്‍ അസാധ്യമാണെന്നും ഒക്കെയാണ്. അങ്ങനെയല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഈ വ്യവഹാരങ്ങളെ പ്രതിരോധിക്കുന്നവര്‍ക്ക് മേല്‍ വന്നുചേര്‍ന്ന എന്നുള്ളതാണ് ഇതുണ്ടാക്കിയ ഒരു പ്രതിസന്ധി. പക്ഷെ ഇന്ത്യയിലെ “മുസ്ലിം” വിഷയം ചര്‍ച്ച ചെയ്യേണ്ടത് ഈ വ്യവഹാരങ്ങളിലൂടെയല്ല എന്നത് എങ്ങനെ വ്യക്തമാക്കും എന്നതും ഒരു പ്രതിസന്ധിയായിരുന്നു. കേരളത്തിലെ പുരോഗമന ഇടങ്ങളില്‍ “ന്യൂനപക്ഷങ്ങള്‍” എന്ന വ്യവഹാരത്തിന്റെ ഭാഗമായി മുസ്ലിം ചര്‍ച്ചാ വിഷയമാകാം. എന്നാല്‍ മത സമുദായം എന്ന നിലയില്‍ സമൂഹത്തോടും ഭരണകൂടത്തോടും ഇടപെടാനുള്ള മുസ്ലീങ്ങളുടെ സാധ്യതകളെ മാനിക്കുന്നില്ല എന്നതാണ് “പുരോഗമന” ഇടതിന്റെയും പ്രശ്നം. ഗുജറാത് വംശഹത്യ പോലെയുള്ള പ്രകടമായ സംഘപരിവാര്‍ ആക്രമണങ്ങളെ എതിര്‍ക്കുമ്പോള്‍ ബീമാപള്ളി വെടിവെപ്പ് പോലെയുള്ള വിഷയത്തില്‍ മലയാളികള്‍ മൌനം പാലിക്കുന്നു എന്നത് ശ്രദ്ധിക്കുക. “വര്‍ഗീയത”യെ എതിര്‍ക്കുക എന്ന ഒരു പുരോഗമന വ്യവഹാരത്തില്‍ മാത്രമായിരിക്കാം മുസ്ലിംകളെ പിന്തുണയ്ക്കുക എന്നത് ഇവര്‍ക്ക് സാധ്യമാവുന്നത്. അതുകൊണ്ട് തന്നെ ഒരു മത സമുദായം എന്ന നിലയില്‍ നടത്തുന്ന അതിജീവനത്തിന്റെ ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ് വ്യക്തതയാകുന്നത്. പരീക്ഷാ ഹാളില്‍ തട്ടമിടാന്‍ അനുവദിക്കാത്ത സി.ബി.എസ്.ഇ. നിലപാടിനെതിരെ നടന്ന സമരങ്ങള്‍ ഉള്‍പ്പെടെ നോക്കിയാല്‍ മനസിലാക്കാവുന്ന ഒരു കാര്യം, മുസ്ലിം എന്ന മതപരമായ സ്വത്വത്തെ പിന്തുണയ്ക്കുന്ന ഒന്നല്ല ഈ “പുരോഗമന” മനുഷ്യാവകാശ വ്യവഹാരങ്ങള്‍ എന്നതാണ്. അതുകൊണ്ട് തന്നെയാണ് കേരളം പോലുള്ള ഒരു ഇടത്ത് സാമ്പത്തിക സുരക്ഷയും വിഭവാധികാരവും പോലുള്ള കാര്യങ്ങളിലും ഭരണത്തിലെ പങ്കാളിത്തത്തിനും വേണ്ടി മുസ്ലിം സമുദായം നടത്തിയിട്ടുള്ള അതിജീവനത്തിന്റെ ശ്രമത്തെ മനസിലാക്കാന്‍ പലരും ശ്രമിക്കാത്തത്. ഗള്‍ഫ് പ്രതിഭാസം പോലെയുള്ള ശ്രമങ്ങളെയും കേരളത്തിലെ നിയമസഭാ രാഷ്ട്രീയത്തില്‍ ഉള്ള മുസ്ലിം സമുദായ ഇടപെടലുകളെയും മറ്റു സമുദായങ്ങള്‍ക്ക് അപകടകരമായി കാണുന്ന ഒരു നിലപാട് ഈ സമുദായത്തോടുള്ള ആശങ്കയില്‍ നിന്നുമുണ്ടാകുന്നത് തന്നെയാണ്.

ആരെയും വെറുക്കാത്ത, പരസ്പരം കലഹിക്കാത്ത ശുദ്ധമായ സമുദായങ്ങളില്ല. സ്വത്വത്തെ നിര്‍ണയിക്കുന്നതും മറ്റു സമുദായങ്ങളെ എതിര്‍നിര്‍ത്തി തന്നെയാണ്. അതുകൊണ്ട് തന്നെ കീഴാള സമുദായങ്ങളെ തന്നെ പരസ്പര നിര്‍വചനത്തിന്റെ തലങ്ങളെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ദലിത്-ബഹുജന്‍ ഇടങ്ങളിലെ മുസ്ലിം സമുദായത്തോടുള്ള വിരോധമോ ആശങ്കയോ ഒക്കെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. “ദലിത്”, “മുസ്ലിം” എന്ന സാമൂഹ്യ ഗണങ്ങളെ നിര്‍വചിക്കുന്നതും വ്യത്യസ്തമായ മാനദണ്ഡങ്ങളിലാണ്. ഈ നിര്‍വചനങ്ങളുടെ വ്യത്യസ്തതയെ മനസിലാക്കിയാകണം ദലിതരുടെ ഇടയിലെ മുസ്ലിം വിരുദ്ധതയോ മുസ്ലീങ്ങളുടെ ഇടയിലെ ജാതീയതയോ ചര്‍ച്ച ചെയ്യേണ്ടത്. കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഉയര്‍ന്നു വന്ന രണ്ട് പ്രധാന സംവാദങ്ങളുമായി ബന്ധപ്പെട്ടു ഈ വിഷയങ്ങളെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കാം. അതില്‍ ഒന്ന് 2014-ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ഊര്‍മിളാ ദേവിക്കെതിരെയുണ്ടായ സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ടു ചര്‍ച്ച; രണ്ട്, മുസ്ലിം പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന സര്‍ക്കാര്‍ നടപടികളോട് മലയാളികള്‍ സ്വീകരിച്ച മൌനത്തെ കുറിച്ചുള്ള ചര്‍ച്ച.

കോട്ടണ്‍ഹില്‍ ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍

2014-ല്‍ കോട്ടണ്‍ ഹില്‍ സ്‌കൂള്‍ അധ്യാപികയായ കെ. ഊര്‍മിള ദേവിയ്‌ക്കെതിരായ നടപടിയെ തുടര്‍ന്നുവന്ന വ്യവഹാരങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തിലെ പ്രതിസന്ധികളെയും പ്രവണതകളെയും വെളിവാക്കുന്ന ഒന്നായിരുന്നു. ഒരുപക്ഷെ ഇതിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെ വിദ്യാഭ്യാസമന്ത്രിയുടെ നടപടിയെ ന്യായീകരിക്കലാണ് എന്ന് വാദിക്കുന്നവരുണ്ടാകാം. വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍ വ്യത്യസ്ത സാമൂഹ്യ പദവികളിലും അധികാര ശ്രേണിയിലും നിലനില്‍ക്കുന്ന ജാതീയവും, മതപരവും, വംശീയവും, ലിംഗപരവുമായ വിവേചനങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ നേരിടുന്ന; ഇവയെല്ലാം കൂടിക്കുഴഞ്ഞ സാഹചര്യങ്ങളുള്ള കേരളം പോലുള്ള ഒരു പ്രദേശത്ത് പല പ്രശ്‌നങ്ങളിലും എളുപ്പത്തില്‍ ഒരു നിലപാടെടുക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയം ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

വിവേചനം പല തലങ്ങളിലുമുള്ളവയാണ്. ചരിത്രപരമായതും പുതിയകാലത്തെ സാമൂഹ്യസാഹചര്യങ്ങളനുസരിച്ച് പുനഃക്രമീകരിക്കപ്പെട്ടതും ഒളിച്ചുവെക്കപ്പെടുന്ന രീതിയിലും പ്രത്യക്ഷമായതും ഒക്കെയടങ്ങുന്ന വ്യത്യസ്ത അനുഭവങ്ങളാണ് വിവേചനം സാധ്യമാക്കുന്നത്. ഘടനാപരമായും വ്യവഹാരങ്ങളുടെ തലത്തിലും നോട്ടത്തിലുമൊക്കെ അതുണ്ടാവാം. വിവേചനം നേരിടുന്നതുവരെ സംബന്ധിച്ച് മനപൂര്‍വ്വമാണോ അല്ലാതെയാണോ ഒരാളുടെ പെരുമാറ്റം വിവേചനമായി തോന്നിയത് എന്നത് മിക്കപ്പോഴും പ്രസക്തമല്ല. ആ പ്രത്യേക സാഹചര്യത്തില്‍ അനുഭവിക്കുന്നത് എന്ത് ബോധമാണ് ഉണ്ടാക്കുന്നത് എന്നതാണ് പ്രധാനം. വിവേചനം കാണിക്കുന്ന ആളും നേരിടുന്ന ആളും ഭാഗമായ ഒരു സാമൂഹ്യ അവസ്ഥയിലെ ആ പ്രത്യേക സന്ദര്‍ഭവുമാണ് പ്രധാനം. നേരത്തെ സൂചിപ്പിച്ചതുപോലെ വിവിധ സമുദായങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ വ്യത്യസ്തമാവാം. ജാതി, മതം, വര്‍ഗ്ഗം, വംശം എന്നിവയുമായി ബന്ധപ്പെട്ട അധികാരവും വിവേചനങ്ങളും വ്യത്യസ്തമാണ്. അധികാരവും സാമൂഹ്യ പദവിയും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്യാം.
ഒരു വിഷയത്തില്‍ തന്നെയുള്ള വ്യത്യസ്തമായ വിവേചനങ്ങളുടെയും അധികാരത്തിന്റെയും തലങ്ങളെ എങ്ങനെ സമീപിക്കും? ദലിത് സ്ത്രീയായ കോട്ടണ്‍ഹില്‍ ഹെഡ്മിസ്ട്രസ് കെ. ഊര്‍മിളദേവി തനിക്കെതിരെ ഉണ്ടായ സ്ഥലമാറ്റ ഉത്തരവ് പട്ടികജാതിക്കാരിയായത് കൊണ്ടുള്ളതാണെന്ന് പറയുമ്പോള്‍ അത് തീര്‍ച്ചയായും ഒരു പ്രാധാന്യമുള്ള കാര്യമാണ്. വിദ്യാഭ്യാസമേഖലയിലും വകുപ്പിലും തന്നെ ഉള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ദൈനംദിന സംഘര്‍ഷത്തിലേര്‍പ്പെട്ടുമാണല്ലോ ദലിതര്‍ക്ക് വ്യവസ്ഥയ്ക്കുള്ളിലെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുക. വിദ്യാഭ്യാസവകുപ്പിലെ അധികാരവ്യവസ്ഥയില്‍ ഒരു മന്ത്രിയുടെ അധികാരത്തിനു എത്രയോ താഴെയാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക. എന്ത് ന്യായീകരണത്തിന്റെ പുറത്തായാലും ഈ അധികാരമുപയോഗിച്ച് സ്ഥലം മാറ്റിയത് ശരിയല്ല. അത് പട്ടികജാതിക്കാരിയാണ് എന്നത് സാമൂഹിക പദവിയും അധികാരവും വീണ്ടും കുറവാണ് എന്ന് കാണിക്കുന്നു. ജനായത്ത സംവിധാനത്തിലെ തന്നെ ഒരു അസമത്വത്തെ വെളിവാക്കുന്ന ഒരു അധികാരം കൂടിയാണത്. അതില്‍ ജാതി ഉള്‍ടങ്ങിയിട്ടുണ്ട് എന്നുള്ളത് ശരിയാണ്. ഒരു ദലിത് ഉദ്യോഗസ്ഥയ്‌ക്കെതിരെയുണ്ടായ വിവേചനം എന്ന രീതിയില്‍ തന്നെ ഉയര്‍ത്തേണ്ട പ്രശ്‌നമാണ്.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മുസ്ലീം വിരുദ്ധമായ ഒരു തലത്തിലേക്ക് വികസിക്കുകയുമുണ്ടായി. “വര്‍ഗീയത” ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ചിലര്‍ ഇത് ‘ജാതീയത’ മാത്രമാണ് എന്ന് പറയുകയുണ്ടായി. മുസ്ലീം സമുദായം ദലിതര്‍ക്ക് മുകളിലായി വരുന്ന ഒരു ജാതിശ്രേണി കേരളത്തില്‍ ഉണ്ടോ? അതോ ജാതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു മനോഭാവം പങ്കു വയ്ക്കുന്നുണ്ടോ? ആധുനിക ജാതി സങ്കീര്‍ണമായ ഒന്നായത് കൊണ്ട് പരമ്പരാഗതമായ ജാതിശ്രേണി തന്നെ അനുസരിച്ചായിരിക്കണമെന്നില്ല ജാതി വിവേചനം.

കേരളത്തില്‍ തന്നെ ജാതിശ്രേണിയില്‍ താഴെ വരുന്ന ശൂദ്രര്‍ ആയി മനസ്സിലാക്കപ്പെടുന്ന നായര്‍ ആണ് ആധുനിക കേരളത്തിലെ പ്രമുഖമായ അധീശജാതി. മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ തന്നെയുള്ള ജാതിപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിനാല്‍ ദലിതരോട് ജാതീയമായി മേല്‍ക്കോയ്മ പുലര്‍ത്തുന്ന ഒരൊറ്റ സമുദായമായി മുസ്ലീം സമുദായം നിലനില്‍ക്കുന്നതായി തോന്നുന്നില്ല. എന്നാല്‍ രാഷ്ട്രീയ സഖ്യത്തിന് വേണ്ടി ധാരാളം ശ്രമങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ജാതീയമായ ഒരു വേര്‍തിരിവ് ഉണ്ടായിരുന്നെങ്കില്‍ അവ എങ്ങനെ സാധ്യമായി എന്ന് ആലോചിക്കാവുന്നതാണ്. മുസ്ലീങ്ങളും മുസ്ലീങ്ങളല്ലാത്ത ദലിതരും തമ്മില്‍ “ജാതീയമായ” ഒരു അധികാരബന്ധം പ്രാദേശികമായ ചില രൂപങ്ങളില്ലാതെ നിലനില്‍ക്കുന്നുവെന്ന് തോന്നുന്നില്ല.

കേരളത്തിന്റെ സാമൂഹ്യ/വിഭവാധികാരത്തിന്റെയും കാര്യത്തില്‍ കേരളത്തില്‍ സവര്‍ണ ഹിന്ദു/സുറിയാനി ക്രൈസ്തവരെ പോലെ ഒരു അധീശ സമുദായമല്ല മുസ്ലീങ്ങള്‍. മുന്നണി രാഷ്ട്രീയത്തില്‍ തന്നെ എന്നും “വര്‍ഗീയത” എന്ന ഒരു മുദ്ര ഒരു ഒഴിയാബാധ പോലെ കൊണ്ട് നടക്കേണ്ടി വരുന്ന ഒന്നാണ് മുസ്ലീം ലീഗ്. അതിന്റെ നേതൃത്വപരമായ പങ്കുവഹിക്കുന്നത് വരേണ്യമായ ഒരു വിഭാഗമാണെങ്കിലും ലീഗിന്റെ രാഷ്ട്രീയ സാധ്യതയെ വരേണ്യമായി മാത്രം ചുരുക്കാന്‍ കഴിയില്ല എന്നാണ് തോന്നുന്നത്. കേരള രാഷ്ട്രീയത്തോടുള്ള മുസ്ലീം സമുദായങ്ങളുടെ വിവിധ തലങ്ങളിലുള്ള ഇടപാട് കൂടിയാണ് ലീഗ്. മുഖ്യധാരയില്‍ മറ്റു മുസ്ലീം സംഘടനകളെക്കാള്‍ താരതമ്യേന അത് നേടിയിട്ടുള്ള ഒരു സാധുത, ഭരണപരമായ മണ്ഡലത്തില്‍ മുസ്ലീം സമുദായങ്ങള്‍ക്ക് ഒരു വിലപേശല്‍ ശക്തി കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. ആ ഒരു സാന്നിധ്യം കൂടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കേരളം പൂര്‍ണമായും ഒരു സവര്‍ണ ഹിന്ദു മേധാവിത്വ സംസ്ഥാനമാകുമായിരുന്നു.
1992-ന് ശേഷമുള്ള കാലഘട്ടത്തില്‍, മണ്ഡല്‍-മസ്ജിദാനന്തര കാലത്ത് മുസ്ലീം രാഷ്ട്രീയ മണ്ഡലത്തിലുണ്ടായ റാഡിക്കലായ മാറ്റങ്ങള്‍ മുസ്ലീം ലീഗ് പോലുള്ള ഒരു അധികാര പാര്‍ട്ടി മുസ്ലീം സമുദായങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അപര്യാപ്തമാണെന്ന് ഒരു വ്യവഹാരം സൃഷ്ടിക്കുന്നുണ്ട്. പിഡിപി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഐ.ഒ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയ വ്യത്യസ്തമായ പുതിയ രാഷ്ട്രീയത്തെ ‘തീവ്രവാദം’, ‘സ്വത്വവാദം’ എന്നുമൊക്കെ തള്ളിക്കളയാനാണ് പൊതു മതേതര മണ്ഡലം ശ്രമിച്ചത്. ഈ വ്യവഹാരത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് താരതമ്യേന അപകടകാരികളല്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. മുസ്ലീം ലീഗ് ആണ് മുസ്ലീങ്ങളുടെ ഇടയില്‍ നിന്നുള്ള ‘വര്‍ഗീയ’ കലാപങ്ങളെ തടഞ്ഞുനിര്‍ത്തിയതെന്നുള്ള അവകാശവാദങ്ങളും ഈ പുതിയ സാഹചര്യങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ പുതിയ പ്രസ്ഥാനങ്ങള്‍ക്കെതിരെയെല്ലാം വളരെ ശത്രുതാപരമായ നിലപാടാണ് ലീഗ് എടുത്തിട്ടുള്ളതും. മുസ്ലീം രാഷ്ട്രീയത്തെ പുറമെ നിന്ന് നോക്കി കാണുന്ന ഒരു പരിമിതിയില്‍ നിന്നാണ് ഇത്രയും പറഞ്ഞത്.
ഒരു പൊതുസ്വഭാവം നിലനിര്‍ത്തുന്ന ഒരു മുസ്ലീം സമുദായം ഇല്ലായെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ മുസ്ലീം വിരുദ്ധമായ ഒരു വ്യവഹാരം ചെയ്യുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ഒരു ഒറ്റ സമുദായമായി മുസ്ലീങ്ങളെ കാണുക എന്നതാണ്. വൈരുദ്ധ്യങ്ങളെയും കലഹങ്ങളെയും എല്ലാം രാഷ്ട്രീയമായ വ്യത്യാസങ്ങളെയും മറയ്ക്കുകയാണ് അത് ചെയ്യുന്നത്.

ഈ മുസ്ലീം വിരുദ്ധത ലീഗിനും നേരിടേണ്ടിവരുന്നുണ്ട്. കേരളഭരണത്തെ സംബന്ധിച്ച വ്യവഹാരങ്ങളില്‍ എപ്പോഴും ചേരാതെ കിടക്കുന്ന ഒരു ഘടകം പോലെയാണ് ലീഗിനെ പരിഗണിക്കുന്നത്. മതേതരമായ ഒരു പൊതുമണ്ഡലത്തില്‍ വര്‍ഗീയത എന്ന നിലയിലാണ് ലീഗിനെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ലീഗുമായ ബന്ധപ്പെട്ടു ഇപ്പോഴും ഒരു വര്‍ഗീയതാവിവാദം ഉയര്‍ന്നു വരിക തന്നെ ചെയ്യും.
ഉദാഹരണമായി പച്ചബോര്‍ഡ് വിവാദം മറ്റൊരു തലത്തെ കൂടി തുറന്നുകാട്ടുന്നു: വിദ്യാഭ്യാസ വകുപ്പ് ഒരു മുസ്ലീം കൈകാര്യം ചെയ്യുന്നതിന്റെ ഒരു മലയാളി ആശങ്ക. കേരളത്തിലെ വിദ്യാഭ്യാസത്തെ സംബന്ധിച്ച ഒരു പൊതു വ്യവഹാരം സവര്‍ണ ഹിന്ദു ആണ്. സരസ്വതിദേവിയും നിലവിളക്കും സംസ്‌കൃതവും ഹൈന്ദവ പ്രാര്‍ത്ഥനയും വിദ്യാരംഭവുമൊക്കെ ചേര്‍ന്ന ഒരു പൊതു ഹിന്ദു വ്യവഹാരത്തെയാണ് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ പ്രധാന സര്‍വകലാശാലകളുടെ ലോഗോകള്‍ തന്നെ സംസ്‌കൃത ശ്ലോകങ്ങളാണ്. പഠനവിഷയങ്ങളും സ്‌കൂളുകളിലെ പൊതു അന്തരീക്ഷവും മുസ്ലീം സമുദായത്തെ ഒരു പ്രത്യേകതയായി എടുത്തു കാട്ടാറുണ്ട്. ഈ അധീശ മണ്ഡലം മുസ്ലീങ്ങള്‍ കൈകാര്യം ചെയ്യുന്നതിനോടുള്ള ആശങ്ക ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ ഉയര്‍ന്നു വരാറുണ്ട്. കോട്ടണ്‍ ഹില്‍ വിഷയത്തില്‍ ഒരു മുസ്ലീം ലീഗ് മന്ത്രിയുടെ അധികാര ഗര്‍വ് നിറഞ്ഞ നടപടിയെ പെട്ടെന്ന് വര്‍ഗീയത ആയി വ്യാഖ്യാനിക്കപ്പെട്ടത് ഈ സാഹചര്യങ്ങളിലാണ്.

ഫേസ്ബുക്കില്‍ നടന്ന ചില ചര്‍ച്ചകള്‍

ഈ വിഷയവുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ നടന്ന ചില ചര്‍ച്ചകള്‍ സൂചിപ്പിക്കാം. ദലിതരെയും മുസ്ലീങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതിയില്‍ ഒരു ധ്രുവീകരണം നടത്താനാണ് പലരും ശ്രമിച്ചത്. മുസ്ലീം/ദലിത് ദ്വന്ദ്വം ഉണ്ടാക്കുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് ഞാന്‍ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടപ്പോള്‍ അതിനു പ്രതികരണമായി നിസ്സഹായന്‍ സജി ഒരു സ്റ്റാറ്റസ് ഇടുകയുണ്ടായി. അതില്‍ അദ്ദേഹം എഴുതി: ‘ചില സുഹൃത്തുക്കള്‍ മന്ത്രിയുടെ നീചമായ നടപടിയെ എതിര്‍ക്കുന്നതിനേക്കാളുപരി, എതിര്‍ക്കുന്ന രീതി മുസ്ലീം വിരുദ്ധമായിപ്പോകരുത് എന്ന അതിജാഗ്രതയാണ് മുന്നോട്ടുവെച്ചത്.’ നേരത്തെ സൂചിപ്പിച്ചതുപോലെ രാഷ്ട്രീയമായ ഒരു ജാഗ്രത ആവശ്യമില്ലേ? വര്‍ഗത്തിലേക്ക് എല്ലാത്തിനേയും ചുരുക്കിയിരുന്ന ഒരു അധീശ ഇടതു രാഷ്ട്രീയമണ്ഡലത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള സാധ്യതകളാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് നല്‍കിയത്. ദലിതുകള്‍, ദലിത് ക്രിസ്ത്യാനികള്‍, ദലിത് മുസ്ലീങ്ങള്‍, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍ ഇങ്ങനെ ഒട്ടേറെ സാമൂഹ്യഗണങ്ങള്‍ക്ക് രാഷ്ട്രീയമായ സ്വരം നല്‍കിയ ഒന്നാണ് അഭിജ്ഞാനതയുടെ രാഷ്ട്രീയം. എന്നാല്‍ ഈ കീഴാളശക്തികളെ പരസ്പരം പ്രതിഷ്ഠിക്കുന്ന ഒരു അപകടത്തിലേക്ക് ചിലപ്പോള്‍ പോകുന്നതായും കാണുന്നു. ഐഡന്റിറ്റി പൊളിറ്റിക്‌സ് നിരന്തരം ഉയര്‍ന്നുവരുന്ന പുതിയ ചോദ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. വര്‍ഗത്തിലേക്ക് ന്യൂനീകരിച്ചിരുന്ന ഇടതുഅധീശ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് ചുരുങ്ങാതിരിക്കണമെങ്കില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നിലനില്‍ക്കുന്ന ഒരേ സാമൂഹ്യബന്ധത്തിനുള്ളിലെ അധികാരത്തിന്റെയും സാമൂഹ്യ പദവിയുടെയും വ്യത്യസ്ത തലങ്ങളെ മനസിലാക്കേണ്ടതുണ്ട്.

സണ്ണി എം. കപിക്കാടിന്റെ വിലയിരുത്തലിലും ഒരു പോരായ്മ ആയി തോന്നിയത് ഇതിലെ “മുസ്ലീം വിരുദ്ധത”യുടെ പ്രശ്‌നത്തെ ഈ വിവാദത്തിനു പുറത്തുള്ള ഒന്നായി കാണുന്നു എന്നതാണ്. “ഇത്തരമൊരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമവും നടക്കുന്നുണ്ട്. ഇതില്‍ ഹിന്ദുപീഡനം കാണുന്നവരും, മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രിയായതുകൊണ്ട് ഈ പ്രശ്‌നത്തിലന്തര്‍ഭവിച്ചിരിക്കുന്ന ജാതിയെക്കുറിച്ച് പറയുന്നത് ദോഷമാണെന്ന് വിചാരിക്കുന്നവരും, ദലിതര്‍ക്കെതിരെ നടക്കുന്ന ജാതിവിവേചനത്തിന്റെ സമകാലീന രൂപങ്ങളെ അഭിസംബോധന ചെയ്യാന്‍ മടിക്കുന്നവരാണ്.” ഈ സന്ദര്‍ഭത്തിന്റെ ഉള്ളില്‍ തന്നെയാണ് ജാതിയും മതപരവുമായ വിവേചനങ്ങള്‍ കൂടിക്കുഴയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

“ജാതി വെറിയന്മാരായ ചിലര്‍ നടത്തിയ ഗൂഢനീക്കങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുമാണ് കോട്ടണ്‍ഹില്‍ സംഭവത്തിനടിസ്ഥാനമായത്. ഇത് മനസിലാക്കാനുള്ള വിവേകവും നീതിബോധവും കാണിച്ചില്ല എന്നതാണ് വിദ്യാഭ്യാസമന്ത്രി ചെയ്ത കുറ്റകൃത്യം.” എന്ന് പറയുന്ന സണ്ണി കപിക്കാട് തന്നെ “മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രിയായതുകൊണ്ട് ഈ പ്രശ്‌നത്തിലന്തര്‍ഭവിച്ചിരിക്കുന്ന ജാതിയെക്കുറിച്ച് പറയുന്നത് ദോഷമാണെന്ന് വിചാരിക്കുന്നവരും…” എന്ന് പറയുന്നത് മനസിലാകുന്നില്ല. ജാതിപരമായ ഗൂഢാലോചന നടന്നത് മന്ത്രിയുടെ ചെയ്തികള്‍ക്ക് പുറത്താണെങ്കില്‍ “മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രി” എന്നത് പ്രസക്തമാണോ? ഇവിടെ പ്രസക്തമായ ഒരു കാര്യം “മുസ്ലീം വിഭാഗത്തില്‍പെട്ട മന്ത്രി” എന്നതിനേക്കാളും “മുസ്ലീം ലീഗ് മന്ത്രി” എന്നതും ഒരു ലീഗ് മന്ത്രി വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നു എന്നതും കൂടിയാണെന്നതല്ലേ? ഇടതുപക്ഷ മുസ്ലീം മന്ത്രിമാര്‍ക്കെതിരെ ഇതേപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നത് ഒരുപക്ഷെ ഒരു മതേതര സാധൂകരണം അവര്‍ക്ക് ലഭിച്ചിരുന്നു എന്നത് കൊണ്ടാണ്. മുസ്ലീം ലീഗിനെ സംബന്ധിച്ച് അത് ഒരു പ്രശ്‌നം നിറഞ്ഞ ഒന്നായി നില്‍ക്കുന്നു എന്നതുമല്ലേ പ്രശ്‌നം? ഏകപക്ഷീയമായി ഒരു പ്രശ്‌നത്തിലേക്ക് മാത്രം ചുരുക്കാതെ ഈ പ്രശ്‌നത്തില്‍ അടങ്ങിയിട്ടുള്ള സങ്കീര്‍ണതയെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നതാണ് സമകാല ജാതിയെ നേരിടുമ്പോഴുള്ള പ്രധാന വെല്ലുവിളി.

ഈ അവസരത്തില്‍ ആലോചിക്കേണ്ട മറ്റൊന്ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരോട് പൊതുജനം പ്രകടിപ്പിക്കേണ്ട ഭക്തിയെയും ആദരവിനെയും സംബന്ധിച്ച നിലനില്‍ക്കുന്ന ഒരു പൊതു സംസ്‌കാരത്തെ കുറിച്ചാണ്. ഈ സംസ്‌കാരത്തെ ഒരു കോട്ടവും തട്ടാതെ നിലനിര്‍ത്തി പോന്നിട്ടാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഒരു മന്ത്രിയുടെ അധികാരബോധത്തെ കുറിച്ച് വാചാലരാകുന്നത്. ജനായത്ത സമ്പ്രദായത്തിലെ അസമത്വം നിറഞ്ഞ അധികാരവുമായി ബന്ധപ്പെട്ട ഈ പൊതു സംസ്‌കാരത്തെ കൂടി ചോദ്യം ചെയ്യുന്ന ഒന്നായി ഈ ചര്‍ച്ചകള്‍ വികസിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

മുസ്ലീങ്ങൾക്ക് നല്ലതല്ല ‘ആവിഷ്‌കാര സ്വാതന്ത്ര്യം’: പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും

‘നന്മ’ ഉള്‍പ്പെടെയുള്ള മുസ്ലീങ്ങളുടെ പുസ്തക പ്രസിദ്ധീകരണ/വിതരണ സ്ഥാപനങ്ങള്‍ക്കും ‘തേജസ്’ പത്രത്തിനും എതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ ഭീകരമാവുന്നത് മതേതരം/പുരോഗമനപരം എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളില്‍ അതിനു കിട്ടുന്ന നിശബ്ദമായ സാധൂകരണം കൊണ്ടാണ്. കേരളത്തില്‍ ഇത്തരം നടപടികള്‍ വളരെ എളുപ്പത്തില്‍ സര്‍ക്കാരിനോ പോലീസിനോ ചെയ്യാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? മറ്റു പല വിഷയങ്ങളിലും ചാടി വീഴുന്ന മതേതര പുരോഗമനക്കാര്‍ അല്ലെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് അത്രയൊന്നും ആവേശത്തോടെയല്ല. ഒട്ടെല്ലാ ഇടങ്ങളിലും പത്രമാധ്യമങ്ങളിലും ഒരു പൊതു ജനാധിപത്യ പ്രശ്‌നമായി ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നാല്‍ മുസ്ലീം വിവാഹപ്രായവും, വിശ്വരൂപത്തിനെതിരായ പ്രതിഷേധവും, നിലവിളക്ക് കൊളുത്താതിരിക്കലും പോലുള്ള വിഷയങ്ങളില്‍ കേരളത്തിലെ പൊതു സമൂഹവും മതേതര ബുദ്ധിജീവികളും ഉറക്കമിളച്ചിരുന്നു; മുസ്ലീം സമുദായത്തിന്റെ ‘യാഥാസ്ഥിതികത’യും ‘വര്‍ഗീയത’യും ചര്‍ച്ച ചെയ്യുന്നതും കാണാമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയവയിലൂന്നിയ ചര്‍ച്ചകളായിരുന്നു അധികവും. ഈ സന്ദര്‍ഭത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളിലെ ചില ഇരട്ടത്താപ്പുകളെക്കുറിച്ച് ആലോചിക്കാനാണ് ശ്രമിക്കുന്നത്.

മുസ്ലീം സമുദായങ്ങള്‍ നേരിടുന്ന ജനാധിപത്യത്തിന്റെയും നീതിയുടെയും പ്രശ്‌നങ്ങളെക്കുറിച്ചു എഴുതുമ്പോഴും സംസാരിക്കുമ്പോഴും ഉള്ള ചില പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യമേ സൂചിപ്പിക്കട്ടെ. പലപ്പോഴും ഈ വിഷയത്തില്‍ ഇടപെടുമ്പോള്‍ എനിക്കെതിരെ എറിയപ്പെട്ട ചില ചോദ്യങ്ങള്‍ ഞാന്‍ ഉദ്ദേശിക്കുന്ന പരിസരത്തെ വ്യക്തമാക്കുമെന്ന് കരുതുന്നു. ദലിത് വിഭാഗത്തില്‍പെട്ട എനിക്കെന്താണ് മുസ്ലീം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ കാര്യം എന്നതാണ് പലരെയും കുഴയ്ക്കുന്നത്. ചില ദലിത് സുഹൃത്തുക്കള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്: ഞാന്‍ ഉള്‍പ്പെടെയുള്ള ചില ദലിതര്‍ മുസ്ലീം സംഘടനകളോട് പുലര്‍ത്തുന്ന രാഷ്ട്രീയ സമീപനത്തില്‍ കുറെ സംശയങ്ങളുണ്ടെന്ന്. മുസ്ലീം മതത്തിലേക്ക് “മതപരിവര്‍ത്തനം” നടത്തിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ നടക്കുന്ന ഒരു മുസ്ലീം ഏജന്റ് എന്ന് ദേഷ്യത്തോടെ ആരോപിച്ച ദലിതരുമുണ്ട്. ദേശീയവാദ, മതേതര തീവ്രവാദികളായ ചില മുസ്ലീം തീവ്ര പുരോഗമന വിശ്വാസികള്‍ ‘എസ്.ഐ.ഒ’യുടെയും ‘സോളിഡാരിറ്റി’യുടെയും ‘പോപ്പുലര്‍ ഫ്രണ്ടി’ന്റെയും പണം പറ്റുന്നു എന്നും ആരോപിച്ചിട്ടുണ്ട്. പല ഹിന്ദുത്വ വിശ്വാസികളും മതേതര ഹിന്ദുക്കളും അവരുടെ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടും. ഈ കാര്യങ്ങള്‍ ഇവിടെ പറഞ്ഞത്, മുസ്ലീം അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനു ഒരു അസ്വാഭാവികത ഉണ്ടെന്ന ഒരു പൊതു ധാരണയുണ്ടെന്ന് തോന്നുന്നു എന്ന് പറയാനാണ്. ഒന്നുകില്‍ ഒരു ഏജന്റോ, പണം പറ്റുന്ന ആളോ, അവരുടെ “വലയില്‍ വീണ” ആളോ അല്ലെങ്കില്‍ തലക്ക് സുഖമില്ലാത്ത ആളോ ആകണമെന്നതാണ് ന്യായം. സ്വാഭാവികമായി മുസ്ലീം അവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല എന്ന വാദമാണിത്. മുസ്ലീം അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒരു രാഷ്ട്രീയ നിലപാടാണ് എന്ന് അംഗീകരിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മുസ്ലീങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കില്‍ എം. എന്‍. കാരശ്ശേരി അല്ലെങ്കില്‍ ഹമീദ് ചേന്നമംഗലൂര്‍ എന്നിവരെപ്പോലെ സംസാരിക്കണം. ‘ദേശീയവാദം’, ‘മതേതരത്വം’ എന്നിവയാല്‍ മെരുക്കപ്പെട്ട “മുസ്ലീമിയത” കുറഞ്ഞ മുസ്ലീങ്ങളെയാണ് ഈ പൊതു മണ്ഡലം അംഗീകരിക്കുന്നത്. അബ്ദുല്‍ കലാം, കലാം അയ്യര്‍ ആയി അംഗീകരിക്കപ്പെടുന്നപോലെ. ഈ ദേശീയവാദ/മതേതര യുക്തിക്ക് പുറത്തു ജീവിക്കുന്നവരെല്ലാം ‘യാഥാസ്ഥിതികരോ’ ‘തീവ്രവാദികളോ’ ആയി മനസിലാക്കപ്പെടുന്നു. മതപരത തന്നെ യാഥാസ്ഥിതികതയായി മുദ്ര കുത്തപ്പെടുന്നു. നേരത്തെ ഞാന്‍ സൂചിപ്പിച്ച മുസ്ലീം അവകാശത്തിനുവേണ്ടി സംസാരിക്കുന്നത് അസ്വാഭാവികമായി കരുതപ്പെടുന്നതിന്റെ മറുപുറമെന്നോണം മുസ്ലീം ചെറുപ്പക്കാരുടെ അറസ്റ്റ്, മുസ്ലീം പുസ്തകശാലകളിലെ റെയ്ഡ്, പത്ര സ്ഥാപനങ്ങളെ സംശയത്തോടെ നോക്കുന്നതുമെല്ലാം സ്വാഭാവികം ആയി കരുതപ്പെടുന്നു. മുസ്ലീങ്ങളല്ലേ സര്‍ക്കാര്‍ അല്ലെങ്കില്‍ പോലീസ് പറയുന്നതില്‍ എന്തെങ്കിലും കഴമ്പു കാണുമെന്നു പലരും വിശ്വസിക്കുന്നു. രാജ്യത്തോടുള്ള കൂറിന്റെ കാര്യത്തില്‍ ഇന്നും സംശയത്തോടെ തന്നെയാണ് മുസ്ലീം സംഘടനകളെ കാണുന്നത്.

മുസ്ലീം സംഘടനകളെയും പ്രസിദ്ധീകരണങ്ങളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ള വ്യവഹാരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏതോ നിഗൂഢ പദ്ധതി അവര്‍ക്കുണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാം. ‘രഹസ്യ അജണ്ട’ എന്നത് മിക്കവാറും ഉന്നയിക്കപ്പെടുന്നത് കാണാം. ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് മുതല്‍ വളരെ പരസ്യമായി ഹിന്ദു രാഷ്ട്രവാദം പറയുകയും, വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുമ്പോള്‍ മുസ്ലീം സംഘടനകള്‍ എന്ത് നല്ല കാര്യം ചെയ്താലും അതിന്റെ പിന്നില്‍ നിഗൂഢ ഉദ്ദേശം ഉണ്ടെന്ന് ആരോപിക്കപ്പെടാറുണ്ട്. ഇതേ സമയം തന്നെ മതേതര-തീവ്രവാദികള്‍ മുസ്ലീം സംഘടനകളെയും സംഘപരിവാര്‍ സംഘടനകളെയും തുല്യമായി കാണുകയും ചെയ്യും.

മുസ്ലീം അവകാശത്തിനുവേണ്ടി സംസാരിക്കുന്നത് അസ്വാഭാവികമായി കരുതപ്പെടുന്നതിന്റെ മറുപുറമെന്നോണം മുസ്ലീം ചെറുപ്പക്കാരുടെ അറസ്റ്റ്, മുസ്ലീം പുസ്തകശാലകളിലെ റെയ്ഡ്, പത്ര സ്ഥാപനങ്ങളെ സംശയത്തോടെ നോക്കുന്നതുമെല്ലാം സ്വാഭാവികം ആയി കരുതപ്പെടുന്നു. മുസ്ലീങ്ങളല്ലേ സര്‍ക്കാര്‍ അല്ലെങ്കില്‍ പോലീസ് പറയുന്നതില്‍ എന്തെങ്കിലും കഴമ്പു കാണുമെന്നു പലരും വിശ്വസിക്കുന്നു. രാജ്യത്തോടുള്ള കൂറിന്റെ കാര്യത്തില്‍ ഇന്നും സംശയത്തോടെ തന്നെയാണ് മുസ്ലീം സംഘടനകളെ കാണുന്നത്.

മതേതര വ്യവഹാരങ്ങളിലെ ജനാധിപത്യ വിരുദ്ധത തെളിയിക്കുന്നതാണ് മുസ്ലീം പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ നടന്ന പോലീസ് നടപടികളോട് പുലര്‍ത്തുന്ന നിശബ്ദത. പത്ര പ്രവര്‍ത്തകര്‍ക്കോ പത്രങ്ങള്‍ക്കെതിരെയോ എന്ത് സംഭവം നടന്നാലും ശക്തമായ പ്രതിഷേധം മാധ്യമപ്രവര്‍ത്തകര്‍ നടത്തും. ഏതെങ്കിലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പത്ര ലേഖകരെയോ പത്ര ഫോട്ടോഗ്രാഫര്‍മാരെയോ കൈയ്യേറ്റം ചെയ്താല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ‘പത്ര സ്വാതന്ത്ര്യം’ അല്ലെങ്കില്‍ ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്നിവക്കെതിരായ കടന്നാക്രമണം എന്ന നിലയിലായിരിക്കും പ്രതിഷേധം. പക്ഷേ ഇപ്പോള്‍ തേജസ് പത്രത്തിന്റെ കാര്യത്തില്‍ മാധ്യമ ലോകത്തിനു അത്രയും ആവേശമില്ലാത്തതെന്താണ്? നന്മ ബുക്‌സിലും മറ്റു മുസ്ലീം പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാകാത്തതെന്താണ്? 1936-ല്‍ തീയ്യ യൂത്ത് ലീഗ് പ്രസിദ്ധപ്പെടുത്തിയതും പിന്നീട് 88-ല്‍ ദലിത് സാഹിത്യ അക്കാദമിയും 2005-ല്‍ ബഹുജന്‍ സാഹിത്യ അക്കാദമിയും പുനര്‍ പ്രസിദ്ധീകരിച്ചതുമായ ‘അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന പുസ്തകം മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം വിതരണം ചെയ്യുമ്പോള്‍ അപകടകരമാവുന്നത് എന്തുകൊണ്ടായിരിക്കും? സഹോദരന്‍ അയ്യപ്പന്‍, കെ. സുകുമാരന്‍, സി. വി. കുഞ്ഞിരാമന്‍, എ. കെ. ഭാസ്‌കരന്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉള്ള ‘അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പേര് തന്നെ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം വിതരണം ചെയ്യുമ്പോള്‍ ‘മറ്റൊരു അസവര്‍ണ്ണത’ കല്‍പിക്കപ്പെടുന്നത് എന്തുകൊണ്ട്? ഒട്ടേറെ അവസരങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കായ ‘ജിഹാദ്’ എന്ന ഒറ്റവാക്കുള്ളതുകൊണ്ട് പരിഭാഷ ചെയ്യപ്പെട്ട ഒരു പുസ്തകത്തിനെതിരെ ആരംഭിച്ച്, മറ്റു മുസ്ലീം പുസ്തക സ്ഥാപനങ്ങളിലേക്കുള്ള ശത്രുതാപരമായ റെയ്ഡ് ആയി മാറിയത് എന്ത് രാഷ്ട്രീയത്തെയാണ് വെളിവാക്കുന്നത്?

പൊതുമണ്ഡലങ്ങളിലെ വിവാദങ്ങള്‍, ചര്‍ച്ചകള്‍

കേരളത്തില്‍ കുറച്ചുകാലങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളും ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ മനസിലാകും, മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയം എപ്പോഴും സജീവമായി നില്ക്കുമെന്നതാണ്. പച്ച ബ്ലൗസ്, നിലവിളക്ക് പ്രശ്‌നം, വിവാഹപ്രായം, അല്‍ റുബായിഷിന്റെ കവിത, ലൗ ജിഹാദ്, വിശ്വരൂപം… അങ്ങനെ വളരെയേറെ ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായി. ഒട്ടെല്ലായിടത്തും ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ മഫ്ത്ത നിരോധനം പോലുള്ളവയ്‌ക്കെതിരെ അധികം ചര്‍ച്ചയുമുണ്ടായില്ല. ദലിതരുടെ കാര്യത്തില്‍ ‘ദലിത് തീവ്രവാദം’ പോലുള്ള പേടികളും സൃഷ്ടിക്കപ്പെട്ടു. ‘ബ്ലാക്ക്മാന്‍’ ഭീഷണിയും ദലിതരെ ലക്ഷ്യംവച്ചുള്ളതായിരുന്നു എന്ന് കരുതാം. ‘സമുദായങ്ങള്‍’ ആയിരുന്നു ഇവിടെ ഭീഷണിയായി ഉയര്‍ത്തപ്പെട്ടത്. സമുദായങ്ങള്‍ക്ക് മേല്‍ ‘യാഥാസ്ഥിതികത’, ‘മൗലികവാദം’, ‘വര്‍ഗീയത’, ‘ദേശദ്രോഹം’, ‘തീവ്രവാദം’ മുതലായ ആരോപങ്ങള്‍ എളുപ്പത്തില്‍ കെട്ടിവയ്ക്കുന്നത് കാണാമായിരുന്നു.

എന്നാല്‍ ഇതേസമയം ഉയര്‍ന്നുവന്ന സോളാര്‍ അഴിമതിയുടെയും മറ്റും വിവാദത്തിന്റെ സ്വഭാവം ശ്രദ്ധിച്ചാല്‍ സമീപനം വളരെ വ്യത്യസ്തമാണെന്ന് കാണാം. “സാമ്പത്തിക തലത്തിലുള്ള അഴിമതിയുടെ പ്രശ്‌നമായിട്ടാണ് അത് ചര്‍ച്ചചെയ്യപ്പെട്ടത്.” ‘ലൈംഗിക’മായ ഒരു മാനം കല്‍പിക്കപ്പെട്ടതോടെ ഒരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തോടെ ആ ചര്‍ച്ച മലയാളികളെ രസിപ്പിക്കുകയും ചെയ്തു. നായര്‍ സമുദായം അവിടെ ആക്രമിക്കപ്പെട്ടില്ല. നായര്‍ സമുദായത്തിനും മറ്റും ചെയ്യാന്‍ കഴിയുന്നത് സാമ്പത്തിക അഴിമതി മാത്രമായിരിക്കും. വിവാദങ്ങളുടെ ഈ വ്യത്യസ്തതയാണ് മതേതര പൊതുമണ്ഡലത്തില്‍ കാണാന്‍ കഴിയുക.

ആവിഷ്‌കാര സ്വാതന്ത്ര്യം

“സമുദായം” എന്ന ആധുനിക പൂര്‍വ്വഗണത്തിനെതിരെ ആധുനിക വ്യക്തിയെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ചര്‍ച്ചചെയ്യപ്പെടാറുള്ളത് എന്നതാണ്. അടുത്തകാലത്തുള്ള മിക്ക വിവാദങ്ങളെടുത്താലും ഇത്തരത്തില്‍ സമുദായം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് കാണാം. മുസ്ലീം/ദലിത് സമുദായങ്ങളെ ‘സമുദായങ്ങളായും’ വൈകാരികമായും മനസിലാക്കപ്പെടുമ്പോള്‍ മേല്‍ജാതി ഹിന്ദു യുക്തിപൂര്‍വ്വം ഇടപെടുന്ന ആധുനിക വ്യക്തിയും പൗരപ്രജയായും മനസിലാക്കപ്പെടുന്നു. ഈ വ്യക്തി സമുദായമുദ്രകളും വികാരങ്ങളും മറികടന്നയാളായി കണക്കാക്കപ്പെടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം ഈ വ്യക്തിയുടെ പ്രശ്‌നമാവുന്നു. ദലിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നീ അപരരുടെ താല്പര്യങ്ങള്‍ ഈ വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പുറത്താണ് നില്ക്കുന്നത്.

അഭിപ്രായത്തിലെയും ആവിഷ്‌കാരത്തിലെയും ഹിംസകള്‍ പരിശോധിക്കേണ്ട ഒരു ബാധ്യതയായി ഇവര്‍ക്ക് തോന്നാറില്ല. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ആധുനിക വ്യക്തിയുടെ അവകാശമാവുന്നു. ഇന്ത്യയില്‍ ഈ ആധുനിക ‘വ്യക്തി’ എന്നത് മേല്‍ജാതി ഹിന്ദു ആയിരിക്കും. ദലിതരും മുസ്ലീംകളും നിശ്ചലമായ സമുദായങ്ങള്‍ ആയി ഉറപ്പിക്കുന്ന ഒരു യുക്തി ഇതിനു പിന്നിലുണ്ട്. ‘വിശ്വരൂപം’ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത് ഒരു കലാകാരന്‍/കാരിയുടെ ആവിഷ്‌കാരത്തിനെതിരെ നില്ക്കുന്ന ഒരു സമുദായത്തിന്റെ വികാരത്തെ കുറിച്ചാണ്. ‘മതേതര-ആധുനിക വ്യക്തികള്‍ക്കെതിരെ’ ഒരു ‘യാഥാസ്ഥിതിക’, ‘മതമൗലികവാദ’ സമുദായത്തെ പ്രതിഷ്ഠിക്കുകയാണ് ആ ചര്‍ച്ച ചെയ്തത്.

മുസ്ലീം പത്ര/പുസ്തക സ്ഥാപനങ്ങളില്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ശബ്ദിക്കാന്‍ ഈ ‘ആവിഷ്‌കാര/അഭിപ്രായസ്വാതന്ത്ര്യ’വാദികളെ അശക്തരാക്കുന്നത്, ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യം നേരിടുന്നത് ഒരു മത സമുദായമാണ് എന്നതായിരിക്കാം. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് വ്യക്തിയല്ല, ഒരു സമുദായമാണ്. ഒരു സമുദായം നടത്തുന്ന സ്ഥാപനങ്ങളെ മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ ആണ് ഇവിടെ ശ്രമിക്കപ്പെട്ടത്. (മതേതര) ആവിഷ്‌കാര സ്വാതന്ത്ര്യ വാദികളുടെ നിലപാടുകളുടെ ദൗത്യം ഇതിലൂടെ പുറത്തുവന്നു. എം. എന്‍. കാരശ്ശേരി, ഹാമിദ് ചേന്നമംഗലൂര്‍ അടക്കമുള്ള മുസ്ലീങ്ങള്‍ മതേതര പൊതുയിടത്തില്‍ ‘ആവിഷ്‌കാര സ്വാതന്ത്ര്യ’ത്തിനു തടസം നേരിടുന്നില്ല. എന്നാല്‍ ‘മുസ്ലീം’ എന്ന നിലയ്ക്ക് ഈ പൊതുയിടത്ത് ആവിഷ്‌കരിക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നം. കേരളത്തിന്റെ സാമാന്യ ധാരണകളില്‍ ഇപ്പോള്‍ സംസാരിക്കപ്പെടുന്നത് പ്രധാനമായും രണ്ടുതരം മുസ്ലീംകളെ കുറിച്ചാണെന്ന് തോന്നുന്നു.

ആധുനികത/ദേശീയത/മതേതരത്വം/സ്ത്രീ സ്വാതന്ത്ര്യം എന്നിവയ്ക്കനുസരിച്ച് മെരുക്കപ്പെട്ട ഒരു മുസ്ലീമും മറുവശത്ത് അതിന്റെ അപരമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ‘തീവ്രവാദിയും’/‘മൗലികവാദിയും’ ആയ മുസ്ലീം പുരുഷന്മാരും. പണ്ട് മലയാള സിനിമകളില്‍ ബഹദൂറും മറ്റും പ്രതിനിധീകരിച്ചിരുന്ന ‘നിഷ്‌കളങ്കരായ’ മുസ്ലീം ഇന്ന് ദൃശ്യമാക്കപ്പെടുന്നില്ല. ഈ ‘തീവ്രവാദിയും’ ‘മൗലികവാദിയും’ ആയ മുസ്ലീങ്ങള്‍ ആരാണ്? മുസ്ലീം സമുദായത്തിന്റെ സാമുദായികമായ വിവേചനത്തിനെതിരെ സംസാരിക്കുകയും അല്ലെങ്കില്‍ സാമുദായികമായ ഒരു പരിസരത്തില്‍ നിന്ന് കൊണ്ട് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നവരുമാണിവര്‍. മതപരമായ വിശ്വാസത്തെ സമൂഹത്തിലെ ജനാധിപത്യപരമായ ഒരു രാഷ്ട്രീയ ഇടപെടലിനു ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇവര്‍ ചെയ്യുന്ന കുറ്റമായി പരിഗണിക്കപ്പെടുന്നത്. ഒരു ദലിത് സമരത്തോട് അല്ലെങ്കില്‍ പരിസ്ഥിതി സമരത്തോട് മുസ്ലീം സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ ഉടന്‍ ഒരു സംശയം ഉന്നയിക്കും: “എന്താണ് ഇതിനുപിന്നിലെ രഹസ്യ അജണ്ട?”

ഏതാണ് ആ ‘തീവ്രവാദികളുടെ’ പത്രം

മുസ്ലീം സമുദായത്തില്‍പെട്ടവരുടെ ഉടമസ്ഥതയിലുള്ള പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍, പത്രമാധ്യമങ്ങളില്‍, ടെലിവിഷന്‍ ചാനല്‍ എന്നിവയോടും ഈ ഒരു സംശയം പ്രകടിപ്പിച്ചു കാണാറുണ്ട്. ‘രഹസ്യ അജണ്ട’ ഉണ്ടോയെന്ന ഒരു സംശയത്തിന്റെ നിഴലില്‍ ഇവര്‍ നില്‍ക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട് തന്നെ മതേതരത്വവും ദേശീയവാദവും ഇവര്‍ കൂടുതല്‍ പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതരായി മാറുന്നു. ‘തേജസിന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത് തന്നെ ശ്രദ്ധിക്കുക: “രാജ്യത്തിന്റെ ഐക്യത്തെയും താല്‍പര്യത്തെയും അത്യന്തം ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അടിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടിരിക്കുന്നു” എന്നാണ് അതില്‍ ആരോപിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള കൂറ് എപ്പോഴും തെളിയിക്കേണ്ട ബാധ്യത മുസ്ലീംകളുടെ തലയില്‍ വന്നുവീഴാറുള്ളതുപോലെ തന്നെയാണ് ഈ വാചകങ്ങളും തേജസിനോട് ആവശ്യപ്പെടുന്നത്.

കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക താല്‍പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. ‘മലയാള മനോരമ’യും ‘മാതൃഭൂമി’യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധി വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. ‘ജന്മഭൂമിയും’ ‘കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍ മതേതരം എന്നോ നിഷ്പക്ഷമെന്നോ അവകാശപ്പെടാനും കഴിയുന്നു. എന്നാല്‍ ‘തേജസ്’ പോലെയുള്ള പത്രങ്ങള്‍ക്ക് ദേശീയബോധം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഗ്യാനേന്ദ്ര പാണ്ഡെയുടെ വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു: “Can a Muslim be Indian?” പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു ചോദ്യം കൂടി ചോദിക്കാവുന്നതാണ്: “മുസ്ലീം (ഉടമസ്ഥതയിലുള്ള) പത്രത്തെ ഇന്ത്യന്‍ പത്രമായി പരിഗണിക്കുമോ?”

(കടപ്പാട്: വി ഹിക്മത്തുല്ല എഡിറ്റ് ചെയ്ത ഇസ്ലാമോഫോബിയ: പ്രതിവിചാരങ്ങള് (2017) എന്ന പുസ്തകത്തിൽ നിന്ന് )