ഭൂരിപക്ഷദേശീയത ഭരണകൂടങ്ങളെയും അതുവഴി രാഷ്ട്രങ്ങളെയും നിയന്ത്രിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ പ്രകടിതമാവുന്നതിന്റെ ഒരു കാരണം അതാണ്. ചിലയിടങ്ങളില്‍ പൗരാവകാശത്തിന്റെ തലത്തിലുള്ള വിവേചനമായും മറുവശത്ത് പൗരാവകാശനിഷേധമായും ഇത് പ്രവര്‍ത്തിക്കുന്നു. പൗരസമൂഹത്തിന്റെ ഇടപെടലുകള്‍ പലല്ലോഴും ഇസ്‌ലാമോഫോബിയ ത്വരിപ്പിക്കുന്ന തരത്തിലാവാറുണ്ടെങ്കിലും അതിനെതിരേ സംഘടിക്കാനും ഒരു പ്രതിരോധ പൗരസമൂഹം സാധ്യമാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. ഇത്തരമൊരു പൗരസമൂഹഘടനതന്നെ പൂര്‍ണമായും ഇല്ലാതാവുകയും കോടതികളും മാധ്യമങ്ങളും നിശബ്ദമായി ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നതും ന്യൂനപക്ഷ സാഹചര്യത്തിലുള്ള ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. എന്നാല്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായിവരുന്ന ഇടങ്ങളില്‍ മാത്രമല്ല, ഭൂരിപക്ഷരാജ്യങ്ങളിലും ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നുണ്ട്.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ ഏകശിലാത്മകമായി വിവരിക്കാന്‍ കഴിയില്ല. വിശകലനസൗകര്യത്തിന് ഇവയെ രണ്ടായി തിരിക്കാം. ഒന്നാമത്തേത് രാഷ്ട്രവും ഭരണകൂടവും പൂര്‍ണമായും സൈനികവല്‍കരിക്കപ്പെടുകയും പൗരാവകാശം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഏകാധിപത്യ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍. ദേശരാഷ്ട്രങ്ങളുടെ കാര്‍മികത്വത്തില്‍ നിലനില്‍ക്കുന്ന ഏകാധിപത്യ വ്യവസ്ഥയും ഇസ്‌ലാമോഫോബിയയും ചേര്‍ന്നാണ് ഇത്തരം ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ മുസ്‌ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളെയും മനസസ്സിലാക്കാന്‍ ഈ ഘടന ഉപയോഗപ്രദമാകണമെന്നില്ല.
ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഇവ വേറെത്തന്നെ പഠിക്കേണ്ട ഒരു മേഖലയാണ്. സൈനിക-ഏകാധിപത്യ വ്യവസ്ഥ നിലനില്‍കുന്ന മുസ്‌ലിം ദേശരാഷ്ട്രങ്ങളെ മുന്‍നിറുത്തി ചില നിരീക്ഷണങ്ങള്‍ സാധ്യമാക്കാനാണ് ഈ കുറിപ്പ്.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും ഇസ്ലാമോഫോബിയയും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുന്നതില്‍ രണ്ടു ഘടകങ്ങള്‍ പ്രധാനമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന സൈനിക-ദേശ-രാഷ്ട്ര-ഭരണകൂട വ്യവസ്ഥയ്‌ക്കെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ മാത്രമാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് അറബ് പ്രക്ഷോഭകാലത്ത് ഹാമിദ് ദബഷി നിരീക്ഷിച്ചിരുന്നു. ഇത്തരം രാഷ്ട്രങ്ങളില്‍ ദേശരാഷ്ട്ര വ്യവസ്ഥയും സൈനിക ഏകാധിപത്യ ഭരണകൂടങ്ങളുമാണ് ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനതയുടെ സ്വയംനിര്‍ണയാവകാശം നിഷേധിക്കുന്ന ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അറബ് ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നതും അതിനെ അട്ടിമറിക്കാന്‍ സൈനിക ദേശ-രാഷ്ട്ര വ്യവസ്ഥ ശ്രമിച്ചതും.
പാകിസ്താന്‍, ഈജിപ്ത് പോലുള്ള ദേശരാഷ്ട്രങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ സൈന്യത്തിന്റെ എതിരാളികളായാണ് കണക്കാക്കപ്പെടുന്നത്. ഭരണകൂടംതന്നെ സൈനികവ്യവസ്ഥയുടെ വാഹകരായി മാറുന്നതോടെ രാഷ്ട്രഘടനയില്‍ വംശീയ രൂപത്തിലുള്ള ഇസ്‌ലാമോഫോബിയ സ്ഥാപനരൂപം കൈവരിക്കുന്നു. ഈജിപ്തിലെ കുടുംബ ഘടനയില്‍ത്തന്നെ ഇത്തരം സൈനിക സ്വഭാവമുണ്ട്. സൈനികരായി മാറുന്ന കുടുംബങ്ങള്‍ക്ക് ആഴത്തില്‍ സ്വാധീനമുള്ള ഈജിപ്തില്‍ മറ്റേതൊരു ജനകീയ പ്രക്ഷോഭങ്ങളേക്കാളും ശക്തി, സാമൂഹികമായി സൈന്യത്തിനുണ്ട്. പാകിസ്താനില്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് സൈനിക പിന്തുണയില്ലാതെ നിലനില്‍ക്കാനേ ആവില്ല. കഴിഞ്ഞ പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന് സംഭവിച്ചത് ഓര്‍ക്കുക.
സൗദി അറേബ്യ, യുഎഇ പോലുള്ള ഏകാധിപത്യ-സൈനിക രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഒരു വാടക സംവിധാനമായി നിലനിറുത്തുന്നത് ബാഹ്യശക്തികളെ നേരിടാനോ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനോ മാത്രമല്ല, സ്വന്തം ജനതയെ നിയന്ത്രിക്കാനുംകൂടിയാണ്. ജനങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഇതില്‍ പ്രഥമപരിഗണന. ഇവയൊക്കെ താങ്ങിനിറുത്താന്‍ ചൈന, അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ശക്തി രാഷ്ട്രങ്ങളുടെ റിയലിസ്റ്റ് ഇന്റെര്‍നാഷനല്‍ പോളിസി പ്രധാന പങ്കുവഹിക്കുന്നു.
ആധിപത്യദേശീയതയാണ് മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങളില്‍ ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന നൈരന്തര്യത്തെ ഉറപ്പു വരുത്തുന്ന രണ്ടാമത്തെ പ്രധാനഘടകം. ഇത്തരം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ദേശീയതയുടെ അപരരായി ചിത്രീകരിക്കപ്പെടുന്നു. ഭരണകൂടം ആധിപത്യദേശീയതയുടെ വാഹകരായി മാറുന്നതോടെ രാഷ്ട്രഘടനയില്‍ മറ്റു വംശീയതകള്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെ ഇസ്‌ലാമോഫോബിയയും സ്ഥാപനരൂപം കൈവരിക്കുന്നു.
ഇറാഖില്‍ സദ്ദാം ഹുസെയ്‌ന്റെ കാലത്തു നിലനിന്ന സുന്നി മത വ്യഖ്യാനവും അറബ് മതേതര ദേശീയതയും ചേര്‍ന്നു നിര്‍മിച്ച ഭരണകൂട ഇസ്ലാമോഫോബിയയുടെ ഇരകളായി മാറുകയും ബഹിഷ്‌കരണം നേരിടുകയും ചെയ്തത്, ബഹുഭൂരിപക്ഷം വരുന്ന ശിയാ മുസ്‌ലിം വിഭാഗങ്ങളായിരുന്നു. എന്നാല്‍ സിറിയയില്‍ സ്ഥിതി മറിച്ചാണ്. അസദ് കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയില്‍ ഇവിടെ വിവേചനം നേരിടുന്നത് സുന്നി മുസ്‌ലിംകളാണ്. ശിയാ-അലവി മത വ്യഖ്യാനവും അറബ് മതേതര ദേശീയതയുമാണ് ഇവിടെ അസദ് ഏകാധിപത്യഭരണകൂടത്തിന്റെ കൈയിലെ ആയുധങ്ങളായി മാറുന്നത്. ഈ രണ്ടു സാഹചര്യത്തിലും 20 ശതമാനത്തോളം വരുന്ന ഒരു ചെറു ന്യൂനപക്ഷം ഭരണകൂട-സൈനിക ശക്തി ഉപയോഗിച്ച് ഭൂരിപക്ഷംവരുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. ഇതാവട്ടെ 1920കളില്‍ സൈക്‌സ്-പികോട്ട് വ്യവസ്ഥ നിര്‍മിച്ച കൊളോണിയല്‍ വിഭജനത്തിന്റെ തുടര്‍ച്ചയുമാണ്. ഈ രണ്ടു ഘടകങ്ങളും ഒന്നു ചേരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. നേരത്തെ സൂചിപ്പിച്ച ഈജിപ്തിലും ദേശീയത ഒരു പ്രധാനപ്പെട്ട ഘടകമാണ്.
ഇതിന്റെ മറുവശം കൂടി കാണേണ്ടതുണ്ട്. രാഷ്ട്രവും ഭരണകൂടവും സൈനിക-ഏകാധിപത്യ വ്യവസ്ഥയില്‍ നിന്ന് ഒരുപരിധിവരെ മുക്തമായ തുര്‍ക്കി പോലുള്ള മുസ്‌ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളില്‍ പൗരസമൂഹത്തില്‍ ഇസ്‌ലാമോഫോബിയ സെക്കുലര്‍-ലിബറല്‍ വരേണ്യതയുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനൊരു സ്ഥാപന വംശീയതയുടെ സ്വഭാവമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. എങ്കിലും ഏതു സമയത്തും തിരിച്ചു വരാവുന്ന സൈനിക അട്ടിമറി തുര്‍ക്കിയിലെ ജനാധിപത്യ വ്യവസ്ഥയെ തുറിച്ചു നോക്കുന്നുണ്ട്.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ പ്രശ്‌നം
ഇന്ത്യയില്‍ മുസ്ലിംപ്രസ്ഥാനങ്ങള്‍ ഏതെങ്കിലും സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു വാദം ഇവിടത്തെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പറയുന്ന മുസ്ലിംകള്‍ അവര്‍ ഭൂരിപക്ഷമായി വരുന്ന ഇടങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നാണ്. ദേശരാഷ്ട്രങ്ങളില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് മുസ്ലിംകളുടെ ഒരു മതപരമായ നിലപാടില്‍നിന്നോ ഇസ്ലാമിലെ ദൈവശാസ്ത്ര നിലപാടില്‍നിന്നോ മാത്രമല്ല. തീര്‍ച്ചയായും ഇത്തരം വ്യവസ്ഥകളെ താങ്ങിനിറുത്തുന്ന മത-ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഘടന കുറെക്കൂടി വിപുലമാണ്.
കൊളോണിയല്‍ സ്വഭാവമുള്ള സെക്കുലര്‍ ലിബറല്‍ നവോത്ഥാന രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള രാഷ്ട്രീയവ്യവസ്ഥിതിയാണ് ആധുനിക ദേശരാഷ്ട്രം അഥവാ മോഡേണ്‍ നാഷന്‍ സ്റ്റേറ്റ്. ആധുനിക ദേശരാഷ്ട്രത്തിന്റെ സുപ്രധാനമായ ഘടകമാണ് അതിന്റെ ഭരണകൂടം. ദേശരാഷ്ട്രത്തിന്റെ ആധിപത്യം അതതു ദേശങ്ങളിലെ ഭൂരിപക്ഷ സാമൂഹിക വിഭാഗങ്ങളുടെ കൈയിലേക്ക് പോകുന്നുവെന്നതു കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക ഒക്കെ അനുഭവിച്ച സുപ്രധാന സാമൂഹിക മാറ്റമാണ്. ദേശീയ ഭൂരിപക്ഷം എന്നത് മതപരവും ലിംഗപരവും വര്‍ണപരവും വംശീയവുമൊക്കെയാവാം. ആധിപത്യമുള്ള വിഭാഗങ്ങള്‍ സ്റ്റേറ്റിനെ നിയന്ത്രിക്കുന്നുവെന്നത് കേവലം മതപരമായ പ്രശ്നമല്ല, മതേതര പ്രശ്നമാണ്. മതേതര ദേശരാഷ്ട്രത്തിന്റെ പ്രശ്നമെന്ന നിലയില്‍ അത് നേരിട്ട് അനുഭവിക്കുന്നവരാണ് ഇന്ത്യന്‍ മുസ്ലിംകളും ഇസ്ലാമും. അവരത് ഉന്നയിക്കുമ്പോള്‍ മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രത്തിന്റെ അനുഭവത്തിലേക്ക് അതിനെ വിവര്‍ത്തനം ചെയ്യുന്നതില്‍ കുഴപ്പങ്ങളുണ്ട്. ഇന്ത്യയില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെയും ദേശരാഷ്ട്രമെന്ന മതേതര സ്ഥാപനത്തിന്റെ അടിസ്ഥാന സംഘര്‍ഷങ്ങളെയും അഭിമുഖീകരിക്കാന്‍ അത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ വിമുഖത പ്രകടിപ്പിക്കുന്നു.
ദേശരാഷ്ട്രമെന്ന സ്ഥാപനത്തിന്റെ ഉണ്‍മാപരമായ പ്രശ്നമാണ് ഇത്. സ്റ്റേറ്റിന് കൈവരുന്ന ഫാഷിസ്റ്റ് സ്വഭാവം ആധുനിക മതേതര ദേശരാഷ്ട്രത്തിന്റെ സഹജമായ ബലഹീനതയാണ്. വേറൊരു തരത്തില്‍ ആധുനിക കൊളോണിയലിസത്തിനുശേഷം രൂപപ്പെട്ടിട്ടുള്ള സ്ഥാപനമാണ് ആധുനിക ദേശരാഷ്ട്രം. ഏഷ്യയിലും ആഫ്രിക്കയിലും മുസ്ലിംകള്‍ അനുവര്‍ത്തിച്ചിരുന്ന സാമൂഹിക ഭരണക്രമത്തിനുമുകളില്‍ ആധുനിക യൂറോപ്യന്‍ കൊളോണിയലിസം കെട്ടിവച്ച സ്ഥാപനമാണിത്. അത് മുസ്ലിംകളുടെ പെരുമാറ്റത്തിലും ചരിത്രത്തിലും ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ പഠിക്കപ്പെടേണ്ടതുണ്ട്.
ഉദാഹരണമായി, മുസ്ലിംകളും ക്രൈസ്തവരും ജൂതരും തടങ്ങി അനേകം സാമൂഹിക വിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന രാജ്യമായിരുന്നു ഈജിപ്ത്. കൊളോണിയലിസത്തിനുമുമ്പ് ഈജിപ്തില്‍ മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ സംഘര്‍ഷം കുറവായിരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ആധുനിക കൊളോണിയലിസം ദേശരാഷ്ട്രം സ്ഥാപിച്ചതോടെ ഭൂരിപക്ഷവിഭാഗമെന്ന നിലയില്‍ മുസ്‌ലിംകള്‍ സ്വയം മനസ്സിലാക്കുകയും ഏതൊരു ഭൂരിപക്ഷ വിഭാഗത്തിന്റെയും പെരുമാറ്റ രീതികള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഇസ്ലാമിക സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ നൈതിക മാതൃക ദേശരാഷ്ട്രത്തിന്റെ പുറന്തള്ളല്‍ രീതിയിലേക്ക് ചുരുങ്ങിയതാണ് ഈജിപ്തിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് കോപ്റ്റിക് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അതിനര്‍ത്ഥം വിവിധ ദേശരാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടെന്നല്ല. വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘര്‍ഷങ്ങളുടെ വ്യത്യസ്തത പരിഗണിച്ചുകൊണ്ട് അതിന്റെ സ്ഥാപനരൂപമായ ആധുനിക ദേശരാഷ്ട്രത്തെ പരിഗണിക്കാതെയും അതിന്റെ മത/ മതേതതര/ ദേശീയ അധികാര ബന്ധങ്ങളെ നിരാകരിച്ചുകൊണ്ടും ഇന്ത്യയിലെ മുസ്ലിംകളോട് സംസാരിക്കുന്നത് ശരിയല്ലെന്നാണ്. ഇന്ത്യയിലെ ഇസ്ലാമോഫോബിയ ഇതില്‍നിന്ന് വേറിട്ട പ്രശ്നമായി കാണണം. ഓരോ ചരിത്രസാമൂഹികഘട്ടത്തിലും എങ്ങനെയാണ് മുസ്ലിംകള്‍ക്കെതിരേ വംശീയപ്രചാരണങ്ങള്‍ നടന്നതെന്നതിനെപ്പറ്റിയുള്ള ആലോചനയും വികസിപ്പിക്കണം. ഇതു രണ്ടും ഒരേ സമയം നടത്തുകയും പരസ്പരം കൂട്ടിക്കുഴയ്ക്കാതിരിക്കുകയും വേണം.
റഫറന്‍സ്
Enes Bayrakli, Farid Hafez ( Editors). 2020. Islamophobia in Muslim Majority Societies. Routledge.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)