2026 ജനുവരിയിലെ ഒരു വാർത്താസമ്മേളനം പൊതുചർച്ചകളിലെ മുസ്ലിം ബിംബവത്കരണത്തിനുപയോഗിക്കുന്ന ‘സവിശേഷ’ ഭാഷാപ്രയോഗങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചു. കേരളത്തിലെ ഏക മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് എസ്എൻഡിപി പ്രസ്ഥാനത്തിന് സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന തന്റെ മുൻ ആരോപണത്തെക്കുറിച്ച് റിപ്പോർട്ടർ ടിവി ജേണലിസ്റ്റ് റഹീസ് റഷീദ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഒരു ചോദ്യം ചോദിച്ചു. റഷീദ് തുടർചോദ്യങ്ങളുന്നയിച്ചതോടെ പ്രകോപിതനായ നടേശൻ മൈക്രോഫോണുകൾ തട്ടിമാറ്റി അവിടെനിന്ന് പോയി.
പിറ്റേന്ന് മാധ്യമങ്ങളെക്കണ്ട നടേശൻ ആക്രമണം കടുപ്പിച്ചു. റഷീദിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിന്റെ ജന്മനാടായ ഈരാറ്റുപേട്ടയെ പരാമർശിക്കുകയും ചെയ്ത അദ്ദേഹം, റഷീദ് മുസ്ലിം ലീഗിന്റെ വിദ്യാർഥി പ്രസ്ഥാനമായ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷനുമായി ബന്ധമുള്ളയാളാണെന്നും ആരോപിച്ചു. “എനിക്കാ റിപ്പോർട്ടറെയറിയാം. അയാൾ ഈരാറ്റുപേട്ടക്കാരനും എംഎസ്എഫ് നേതാവുമാണ്. അവൻ ഒരു തീവ്രവാദിയും മുസ്ലീങ്ങളുടെ വക്താവുമാണ്. ആരോ അവനെ അവിടെയയച്ചതാണ്,” അദ്ദേഹം പറഞ്ഞു. മറ്റു മാധ്യമപ്രവർത്തകർ ആരോപണങ്ങളെപ്പറ്റി കൂടുതൽ വിശദീകരണമാവശ്യപ്പെട്ടപ്പോൾ പ്രത്യേകമായ തെളിവുകളൊന്നും തനിക്കു നല്കാനില്ലെന്നും തന്റെ “അനുഭവം” മാത്രമാണ് അടിസ്ഥാനമെന്നും അദ്ദേഹം മറുപടി നല്കി. പിന്നീട്, താൻ ‘മതതീവ്രവാദി’ എന്നല്ല ‘തീവ്രവാദി’ എന്നുമാത്രമാണ് വിളിച്ചതെന്നും, ‘മതതീവ്രവാദി’ എന്ന് വിളിക്കാതിരുന്നതൊരു തെറ്റായിപ്പോയെന്നുമദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഗമനോന്മുഖമെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ രൂഢമൂലമായ ഇസ്ലാമോഫോബിയയുടെ വ്യത്യസ്തതലങ്ങളെ ഈ സംഭവം അനാവരണംചെയ്യുന്നു. മുസ്ലിം നാമം പേറുന്നുവെന്ന ഒറ്റക്കാരണത്താൽമാത്രം തെളിവുകളശ്ശേഷമില്ലെങ്കിലും മുസ്ലിംസ്വത്വത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന വസ്തുത ഈ വിവാദം അടിവരയിടുന്നു. മറ്റൊന്ന്, മുസ്ലീം വിദ്യാർഥി രാഷ്ട്രീയത്തെ ദേശസുരക്ഷാ വീക്ഷണകോണിലൂടെ (സെക്യൂരിറ്റി ലെൻസ്) ചിത്രീകരിക്കുന്നതാണ്. ഈ രീതിയിൽ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷനെ പരാമർശിക്കുന്നതിലൂടെ അവരുടെ ന്യായമായ രാഷ്ട്രീയ പങ്കാളിത്തത്തെപ്പോലും സംശയത്തിന്റെ നിഴലിൽ നിറുത്തുകയാണിവിടെ. ഈ സംഭവത്തിന്റെ അതിസൂക്ഷ്മതല വായനയിൽഈരാറ്റുപേട്ടപോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ തീവ്രവാദകേന്ദ്രങ്ങളായി ചിത്രീകരിക്കുന്ന ‘ഭൂമിശാസ്ത്ര മുദ്രണ’വും ദൃശ്യമാണ്.
ഈ സംഭാഷണം മലയാളം ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുകയും പത്രപ്രവർത്തക യൂണിയനുകൾ, രാഷ്ട്രീയ നേതാക്കൾ, സിവിൽ സൊസൈറ്റി മൂവ്മെന്റുകൾ തുടങ്ങിയവരിൽനിന്നു രൂക്ഷവിമർശനം ഏറ്റുവാങ്ങുകയുംചെയ്തു. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിലൊരു മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് ചാപ്പയടിക്കുന്നത്
ന്യൂനപക്ഷങ്ങൾ അപമാനവീകരിക്കപ്പെടുകയും സാമുദായിക സംഘർഷം വർദ്ധിക്കുകയും ചെയ്യുന്ന സാമൂഹികസാഹചര്യത്തിന്റെ പ്രത്യക്ഷലക്ഷണമാണെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്കി.
ഇത്തരം പ്രവണതകൾ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രചേരിയിൽ മാത്രമൊതുങ്ങുന്നതല്ല. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ എൻ.പി. ചെക്കുട്ടിയെ ഒരു സി.പി.ഐ(എം) നേതാവ് “ഇസ്ലാമിക തീവ്രവാദത്തിന്റെ” പ്രതിനിധിയായി വിശേഷിപ്പിച്ചത് മാധ്യമപ്രവർത്തകർക്കും സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കുമിടയിൽ വ്യാപക വിമർശനത്തിന് കാരണമായി. യാതൊരു തെളിവുമില്ലാതെ ഉന്നയിക്കപ്പെട്ട ഈ ആരോപണം, മതപരമായ സ്വത്വത്തിന്റെ പേരിൽ സംശയങ്ങൾ ജനിപ്പിച്ച് ഒരു പത്രപ്രവർത്തകനെ തളർത്താനുള്ള ശ്രമമായാണ് പരക്കെ വിലയിരുത്തപ്പെട്ടത്. 1970-കളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ രാഷ്ട്രീയജീവിതമാരംഭിച്ച ചെക്കുട്ടി, മുസ്ലീം മാനേജ്മെന്റിന് കീഴിലുള്ള തേജസ് പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു എന്നതിന്റെ പേരിൽ നേരത്തേതന്നെ ഇടതുപക്ഷ വിഭാഗങ്ങളിൽനിന്ന് വിമർശനങ്ങൾ നേരിട്ടിരുന്നു.
ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
കേരളത്തിലുടനീളമുള്ള ഇസ്ലാമോഫോബിക് സംഭവങ്ങളെ വ്യവസ്ഥാപിതമായി നിരീക്ഷിക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായ ഇസ്ലാമോഫോബിയ റിസർച്ച് കളക്ടീവിനെ സംബന്ധിച്ചിടത്തോളം, ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട വിവാദങ്ങളല്ല; മറിച്ച്, വ്യാപകമായൊരു സാമൂഹിക പ്രവണതയുടെ ഭാഗമാണ്. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട സാധാരണ സംഭവങ്ങളോ അബദ്ധവശാൽ നടക്കുന്ന പ്രവൃത്തികളോപോലും എങ്ങനെയാണ് സംശയം, കൂറില്ലായ്മ, ഭീഷണി എന്നീ വീക്ഷണങ്ങളോടുചേർത്തു പുനഃനിർമ്മിക്കപ്പെടുന്നതെന്ന് അവരുടെ രേഖശേഖരം കാണിക്കുന്നു.
2024 ഓഗസ്റ്റിൽ തൃപ്പൂണിത്തുറയിലെ എരൂരിൽ നടന്ന സംഭവം ഉദാഹരണം. ‘ഐ ലവ് പാകിസ്താൻ’ എന്നച്ചടിച്ചൊരു ജന്മദിന ബലൂൺ ഒരു മുസ്ലിം നാമധാരിയായ കച്ചവടകാരന്റെ അടുത്തെത്തുന്നു. ചൈനയിൽ നിന്നു ഇറക്കുമതി ചെയ്ത ബലൂണുകൾ കേരളത്തിൽ ഷിപ്മെന്റ് തകരാർ മൂലം അബദ്ധത്തിൽ എത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ആ ബലൂൺ വിറ്റ കടയുടമ വിദ്വേഷ ആക്രമണത്തിനു വിധേയമായി. ഹിന്ദുത്വ പ്രതിഷേധങ്ങൾ, മാധ്യമങ്ങളുടെ അതിശയോക്തി കലർന്ന റിപ്പോർട്ടിംഗ്, രാഷ്ട്രീയമായ ദുർവ്യാഖ്യാനങ്ങൾ എന്നിവയിലൂടെ ഈ സംഭവം ഏറെവേഗമാളിപ്പടർന്നത് ആവർത്തിക്കപ്പെടുന്നൊരു ഒരു രീതിയെ പ്രതിഫലിപ്പിക്കുന്നു: ഇസ്ലാമോഫോബിയ പലപ്പോഴും വ്യാപിക്കുന്നത് തെളിവുകളിലൂടെയല്ല, മറിച്ച് അതിശയോക്തികളിലൂടെയാണ്.
മുസ്ലീം ന്യൂനപക്ഷ ജീവിതങ്ങൾക്ക് ചുറ്റുമുള്ളയിത്തരം സാമൂഹിക നിരീക്ഷണ വലയങ്ങൾക്കും (സോഷ്യൽ സർവയലൻസ്) മുൻവിധികൾക്കും സംശയങ്ങൾക്കുമൊക്കെ പറയുന്ന പേരാണ് ഇസ്ലാമോഫോബിയ. ഇത് വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. മുസ്ലീങ്ങളെ സംശയത്തോടെ കാണുക; അവസരങ്ങൾ പരിമിതപ്പെടുത്തുക; ദൈനംദിനാചാരങ്ങളെ പരിഹസിക്കുക; അവരെ ആക്രമണങ്ങളുമായി ബന്ധിപ്പിക്കുക; അവരുടെ സ്കൂളുകൾ, മാധ്യമങ്ങൾ, പാർപ്പിടം, നിയമപാലന സംവിധാനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്കുമേൽ മുൻവിധികൾ ആരോപിക്കുക തുടങ്ങിയവയിതിൽ ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനം മുസ്ലീം ജീവിതത്തിന്മേലുള്ള നിരന്തരമായ സൂക്ഷ്മപരിശോധനയാണ്. കേരളത്തിൽ, ദൈനംദിന സാംസ്കാരികരീതികൾ, സംഘടിത മത പ്രവർത്തനങ്ങൾ, പൊതുമണ്ഡലത്തിലെ രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയവയിലേക്കൊക്കെ ഈ സൂക്ഷ്മനിരീക്ഷണം നീളുന്നു.
2024ൽ മാത്രം, ഇസ്ലാമോഫോബിയ റിസർച്ച് കളക്ടീവ് കേരളത്തിൽ 260 ഇസ്ലാമോഫോബിക് സംഭവങ്ങളും പ്രസ്താവനകളും രേഖപ്പെടുത്തിയിട്ടുണ്ട്—അതായത് ഏകദേശം ഓരോ 36 മണിക്കൂറിലും ഒന്നുവീതം. ബാബുരാജ് ഭഗവതിയും ഡോ. കെ. അഷ്റഫും ചേർന്ന് എഡിറ്റ് ചെയ്ത ‘കേരള ഇസ്ലാമോഫോബിയ റിപ്പോർട്ട് 2024’ലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷയിൽ ഇസ്ലാമോഫോബിയയെ രേഖപ്പെടുത്താനും പഠിക്കാനുമുള്ള ഏറ്റവും വ്യവസ്ഥാപിതമായ ആദ്യപരിശ്രമങ്ങളിൽ ഒന്നാണിത്.
ഇസ്ലാമോഫോബിയ റിസർച്ച് കളക്ടീവിന്റെ ഭാഗമായ ബാബുരാജ് ഭഗവതിയുടെ വാദപ്രകാരം മുസ്ലിം അന്യവൽക്കരണത്തിന്റെ വേരുകൾ കൊളോണിയൽ അനന്തര ഇന്ത്യൻ ദേശീയതയിൽത്തന്നെ ആഴത്തിൽ പതിഞ്ഞുകിടക്കുന്നുണ്ടെന്നാണ്; അവിടെ മുസ്ലിം വ്യക്തിത്വം പലപ്പോഴുമൊരു ‘അപരമായി’ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ യുക്തി കേരളത്തിലെ പൊതുചർച്ചകളെ ഇന്നും സ്വാധീനിക്കുന്നു. നായർ സർവീസ് സൊസൈറ്റിക്കും എസ്എൻഡിപി യോഗത്തിനുമൊക്കെ ‘വർഗീയ’ ചാപ്പയില്ലാതെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടാനാകുമ്പോൾ മുസ്ലീം ലീഗും മറ്റു മുസ്ലീം സംഘടനകളും പലപ്പോഴും വർഗീയമായ കാഴ്ചപ്പാടിലൂടെയാണ് വീക്ഷിക്കപ്പെടുന്നത്.
മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയ
കേരളത്തിലിന്ന് ഇസ്ലാമോഫോബിയ ഏറ്റവും സജീവമായി പ്രചരിക്കുന്നത് സോഷ്യൽമീഡിയയിലൂടെയാണ്. പ്രത്യേക സോഷ്യൽ മീഡിയ പേജുകളും ഇൻഫ്ലുവൻസർമാരും നെറ്റ്വർക്ക് അക്കൗണ്ടുകളും നിരന്തരം മുസ്ലീം വിരുദ്ധ വിവരണങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ കാണപ്പെടുന്ന നേരിട്ടുള്ള വെറുപ്പിന്റെ ഭാഷയിൽനിന്നു വ്യത്യസ്തമായി, കേരളത്തിന്റെ ‘പുരോഗമന’ രാഷ്ട്രീയസംസ്കാരത്തിന് അനുസൃതമായി രൂപപ്പെടുത്തിയ രൂപകങ്ങളും ചിഹ്നങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയാണിത് പ്രത്യക്ഷപ്പെടുന്നത്. സംശയങ്ങൾ വിരളമായേ നേരിട്ട് പ്രകടിപ്പിക്കാറുള്ളൂ; പകരം, വിവരങ്ങൾ പ്രത്യകമായി തിരഞ്ഞെടുത്ത് ഗൂഢോദ്ദേശ്യത്തോടെ അവതരിപ്പിക്കുന്ന സെലക്റ്റീവ് ഫ്രെയിമിംഗ് , ആവർത്തനം, ദൃശ്യസന്ദേശവിനിമയം എന്നിവയിലൂടെയാണിതു പടർത്തുക. എഡിറ്റുചെയ്ത വീഡിയോ ക്ലിപ്പുകൾ, തെറ്റിദ്ധരണാജനകമായ അടിക്കുറിപ്പുകൾ, സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത സംഭവങ്ങൾ എന്നിവ മുസ്ലീം സാന്നിധ്യമൊരു ഭീഷണിയെന്ന തോന്നൽ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു.
ടെലിവിഷൻ ചർച്ചകൾ ഉൾപ്പെടെയുള്ളവ നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വിവരണങ്ങളെ വിമർശനാത്മകമായി പരിശോധിച്ച് അവയെ ചോദ്യംചെയ്യുന്നതിന് പകരം പലപ്പോഴും വ്യാപകമായി പ്രസരിപ്പിച്ചു ശക്തിപ്പെടുത്തുന്നു. ഓൺലൈനിൽ പ്രചാരം ലഭിക്കുന്ന വാർത്തകൾ വേഗത്തിൽ ടെലിവിഷൻ ചർച്ചകളിലേക്ക് വഴിമാറുന്നു. അവിടെ മുസ്ലീം വക്താക്കൾ പ്രതിരോധത്തിലാവുകയും ദേശസുരക്ഷാ വീക്ഷണത്തിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്ക് മറുപടിയേകാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. പാനൽ തിരഞ്ഞെടുപ്പ്, ചോദ്യരീതി, ഉപയോഗിക്കുന്ന പദാവലികൾ തുടങ്ങിയവ നിശ്ചയിക്കുന്നതിൽ പ്രകടിപ്പിക്കുന്ന സവിശേഷമായ പത്രാധിപ താൽപര്യങ്ങളിലൂടെ വാർത്താചർച്ചകൾ നേരിട്ടുള്ള ശത്രുത പ്രകടിപ്പിക്കാതെതന്നെ മുസ്ലീങ്ങളുടെ നേരേയുള്ള സംശയത്തെ തികച്ചും സ്വാഭാവികമായി ആന്തരികവത്കരിക്കുന്ന സാധാരണ കാര്യമാക്കി മാറ്റുന്നു.
2026 ജനുവരിയിൽ പാലക്കാട്ടുണ്ടായ ഒരു സംഭവം ഇത്തരം വിവരണങ്ങൾ എത്ര വേഗത്തിലാണ് രൂപപ്പെടുന്നതെന്ന് കാണിച്ചുതരുന്നു. നഗരമധ്യത്തിലെ തിരക്കേറിയ റോഡിൽ അനീസയെന്ന സ്ത്രീ നിസ്കരിക്കുന്ന വീഡിയോകൾ, വസ്തുതകൾ പുറത്തുവരുന്നതിന് മുമ്പേതന്നെ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആ പ്രാർഥന യഥാർഥത്തിൽ ദീർഘകാലമായുള്ള കുടുംബ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടൊരു പ്രതിഷേധസമരമാണെന്ന് പിന്നീട് വ്യക്തമായെങ്കിലും, ഓൺലൈനിലെ ആദ്യ പ്രതികരണങ്ങൾ ശത്രുതയും ഊഹാപോഹങ്ങളും നിറഞ്ഞതായിരുന്നു. ജനം ടിവി ഈ പ്രവൃത്തിയെ മതപരമായി മാത്രം വീക്ഷിച്ച് നിയമനടപടി ആവശ്യമായ പൊതുശല്യവുമായി ചിത്രീകരിച്ചു. അതേസമയം, മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ‘അപകടം’ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു എന്ന് ക്രൈസ്തവ വലതുപക്ഷ ഗ്രൂപ്പായ കാസ പ്രചരിപ്പിച്ച പോസ്റ്റ് മുന്നറിയിപ്പ് നല്കി.
മാധ്യമചർച്ചകൾ വെറുതെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയല്ല; അവ മുസ്ലീങ്ങളെക്കുറിച്ചുള്ള പൊതുബോധത്തെ സജീവമായി രൂപപ്പെടുത്തുന്നു. പലപ്പോഴും, സംശയം ജനിപ്പിക്കുംവിധവും ക്രിമിനൽ സ്വഭാവമുള്ളവരെന്ന രീതിയിലും സാംസ്കാരികമായ പൊരുത്തക്കേട് പ്രദർശിപ്പിക്കുന്നവരെന്ന രൂപത്തിലുമൊക്കെയാണ് ഇത്തരം പരിപാടികളിലവരെയവതരിപ്പിക്കുന്നത്.
മുസ്ലീങ്ങൾ നിത്യേന വ്യക്തിപരമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയരാക്കപ്പെടേണ്ടിവരുമ്പോൾ, അവരുടെ കൂട്ടായ സംഘടനാരൂപങ്ങൾ അതിലും വലിയ സംശയങ്ങൾക്കാണ് ഇരകളാക്കപ്പെടുന്നത്. കേരളത്തിലുടനീളം ഇസ്ലാമിക വിശ്വാസികൾ നേതൃത്വംനല്കുന്ന ക്ഷേമപ്രവർത്തനങ്ങൾ, രാഷ്ട്രീയവേദികൾ, സാംസ്കാരികപരിപാടികൾ തുടങ്ങിയവ പലപ്പോഴുമൊരു ദേശസുരക്ഷാ വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുക. അവിടെ പൗരൻ എന്നനിലയിലുള്ള സാധാരണ പ്രവർത്തനങ്ങൾപോലും ദേശീയ ജീവിതത്തിന്റെ ഭാഗം എന്നതിനുപകരം രാഷ്ട്രത്തിനു തന്നെ ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നു.
മെക് 7 സംഭവം
മലബാറിലും ഗൾഫ് മലയാളികൾക്കിടയിലും പ്രചാരമുള്ള ‘മെക് 7’ ( മൾട്ടി എക്സർസൈസ് കോമ്പിനേഷൻ) എന്ന കമ്മ്യൂണിറ്റി ഫിറ്റ്നസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട 2024ലെ വിവാദം ഇത്തരം സംശയങ്ങളെത്ര ആഴത്തിലുള്ളതാണെന്ന് വെളിപ്പെടുത്തുന്നു. മലപ്പുറം സ്വദേശിയായ മുൻ സൈനികോദ്യോഗസ്ഥൻ പെരിങ്കടക്കാട് സ്വാലിഹുദ്ദീൻ 2012ൽ രൂപപ്പെടുത്തിയ മെക് 7\. അത് യോഗയും ഫിസിയോതെറാപ്പിയും ശ്വസനവ്യായാമങ്ങളും സമന്വയിപ്പിച്ചുള്ള വ്യായാമരീതിയാണ്. വർഷങ്ങളോളം വടക്കൻ കേരളത്തിലുടനീളം പൊതുഫിറ്റ്നസ് പദ്ധതിയെന്ന നിലയിലിതു പരിശീലിച്ചിരുന്നു. എന്നാൽ, ഏറെപ്പെട്ടെന്നാണ് ഇത് കടുത്ത രാഷ്ട്രീയ-മാധ്യമ നിരീക്ഷണത്തിനു വിധേയമായത്.
സി.പി.ഐ(എം) നേതാവ് പി. മോഹനൻ മാസ്റ്ററുടെ പരാമർശങ്ങളെത്തുടർന്നാണ് ഈ വിഷയം വഷളായത്. ഈ പരിപാടിക്കു ഇസ്ലാമിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നും ഇതൊരുതരം ‘മതദേശീയത’ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹമാരോപിച്ചു. അദ്ദേഹത്തിന്റെയഭിപ്രായങ്ങൾ വളരെവേഗംതന്നെ ടെലിവിഷൻ സംവാദങ്ങളിലും വാർത്തകളിലുമിടം നേടി. ചർച്ചകൾ പിന്നീട്, ഈ വ്യായാമപരിപാടിയുടെ പ്രവർത്തനപദ്ധതികളിൽനിന്ന് അതിന്റെ നിഗൂഢ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലേക്ക് വഴിമാറി. വൈകാതെ, സുന്നി യുവജന സംഘം നേതാക്കളും ഈ സംരംഭത്തിന്റെ ‘രാഷ്ട്രീയ ലക്ഷ്യങ്ങളെ’ പരസ്യമായി ചോദ്യംചെയ്തു. നിരോധിതസംഘടനകളുമായിതിനു ബന്ധമുണ്ടെന്ന ആരോപണങ്ങൾ മലയാളമാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ പർവ്വതീകരിച്ചു.
രാഷ്ട്രീയ പ്രതികരണങ്ങൾ പലതട്ടിലായിരുന്നു. പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും മെക് 7നെ ഉപദ്രവകരമല്ലാത്ത ഒരു ഫിറ്റ്നസ് പ്രോഗ്രാമായി പ്രതിരോധിച്ചപ്പോൾ, പ്രതിപക്ഷനേതാക്കളും വലതുപക്ഷ നിരീക്ഷകരും ഇതെപ്പറ്റിയന്വേഷണം വേണമെന്നാവശ്യപ്പെട്ടു. വിഷയം രൂക്ഷമായതോടെ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണമാരംഭിച്ചെങ്കിലും ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.
ഈ യുക്തി മെക് 7ൽ മാത്രം ഒതുങ്ങുന്നതല്ല. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഇന്ത്യൻ ഭരണഘടനയോടും ജനാധിപത്യവ്യവസ്ഥയോടുമുള്ള കൂറ് ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പൊതുചർച്ചകളിൽ പലപ്പോഴും അതിനെ തീവ്രവാദയജണ്ടകളുള്ള മുൻനിര പ്രസ്ഥാനമായാണ് ചിത്രീകരിക്കുന്നത്. ഇതേരീതിയിലുള്ള ആവിഷ്കാരം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (PFI) ബാധകമാണ്. സംഘടനയുടെ നിരോധനത്തിനു ശേഷവും, മുസ്ലീങ്ങളുടെ വിപുലമായ സാമൂഹിക രാഷ്ട്രീയപ്രവർത്തനങ്ങളെയും സാമുദായിക നേതൃത്വങ്ങളെയും ഇല്ലാതാക്കാൻ ഈ പ്രസ്ഥാനവുമായി ബന്ധമുണ്ടന്ന് ആരോപിക്കാറുണ്ട്.
മുൻവിധിയുടെ ഭൂപടം
കേരളത്തിൽ ഇസ്ലാമോഫോബിയ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ മറ്റൊരുതലംകൂടി മെക് 7 സംഭവം വെളിപ്പെടുത്തുന്നുണ്ട്—അതിന്റെ ഭൂമിശാസ്ത്ര സ്വഭാവമാണ്. മുസ്ലിംങ്ങൾ ഏറെയുള്ള മലപ്പുറം, ഈരാറ്റുപേട്ട, കാസർകോട് തുടങ്ങിയ പല പ്രദേശങ്ങളെയും പലപ്പോഴും സംശയത്തിന്റെ നിഴലിലാക്കും വിധമാണു ചിത്രീകരിക്കുന്നത്. വസ്തുതകളുമായി ബന്ധമില്ലെങ്കിൽപ്പോലും, സുരക്ഷയെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ ഉള്ള ചർച്ചകളിൽ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവുമൊക്കെ ഇത്തരം സ്ഥലങ്ങളെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങൾ ഇസ്ലാമോഫോബിയയെ അഭിമുഖീകരിക്കുന്നത് ഒരുപോലെയല്ല; മുസ്ലീം സമുദായത്തിന് സംഖ്യാപരമായി കരുത്തുള്ള പ്രദേശങ്ങൾ കൂടുതലായി ആരോപണവിധേയമാകുന്നു. അത്തരം ദേശങ്ങളുൾപ്പെടുന്ന മുഴുവൻ ജില്ലകളെയും സംശയനിഴലിലാക്കുന്ന, അവിടുങ്ങളിലെ മുസ്ലീങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ഒരു ‘മുൻവിധിയുടെ ഭൂപടം’ (cartography of prejudice) സൃഷ്ടിക്കുകയാണിതിലൂടെ.
ഇത്തരം സംഭവങ്ങൾക്കൊരു ഉദാഹരണമാണ് സംഘപരിവാർ അനുകൂലിയായ ചരിത്രകാരൻ സന്ദീപ് ബാലകൃഷ്ണന്റെ പ്രസ്താവന (2024). വ്യാപകമായി പ്രചരിച്ചൊരു അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചത് മലപ്പുറത്ത് ‘മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പ്രവേശനമില്ലാത്ത’ ഒരു ഗ്രാമമുണ്ടെന്നായിരുന്നു. ഇത്തരം ദുഷ്പ്രചരണങ്ങളുടെ മുഖ്യധാരാ മാധ്യമങ്ങളിലൂടെയുള്ള ദ്രുതപ്രചാരം കേരളത്തിലെ വാർത്താവിനിമയലോകം ഇസ്ലാമോഫോബിക് വിവരണങ്ങൾക്ക് എത്രയെളുപ്പം വശംവദരാകുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ്.
ഇസ്ലാമോഫോബിക് ആഖ്യാനങ്ങളുടെ തുടർച്ചയായ പ്രസരണത്തിന്റെ അപകടം, വെറും വാർത്താ തലക്കെട്ടുകളിലോ സംവാദങ്ങളിലോ മാത്രമായതൊതുങ്ങാതെ ദൈനംദിന ജീവിതത്തിലേക്കുമിത് പടരുമെന്നതാണ്. ഇസ്ലാമോഫോബിയ റിസർച്ച് കളക്ടീവിലെ ഒരംഗം ലളിതമായൊരു ചോദ്യമുന്നയിച്ചു: ഓരോ ദിവസവുമുണരുമ്പോൾ തന്റെ സമുദായത്തെ സംശയത്തോടെ ചിത്രീകരിക്കുന്ന മറ്റൊരു വാർത്തകൂടി കാണേണ്ടിവരുന്ന ഒരു മുസ്ലീമിന് എന്തായിരിക്കും തോന്നുക? നിരന്തരമായുള്ള ഈ സംശയം ഒരു വ്യക്തിയുടെ അന്തസ്സ്, തന്മയീഭാവം (ബിലോംഗിങ്), വിശ്വാസം എന്നിവയെ തകരാറിലാക്കുന്നു.
തിരിച്ചറിവുകൾ, പ്രതിരോധങ്ങൾ
അതേസമയംതന്നെ, ഇസ്ലാമോഫോബിയയുടെ വ്യാപനം, ഈ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതിനെ ചെറുക്കാൻ വിവിധ സാമൂഹികതുറകളിൽനിന്നുള്ളവരെ ഒരുമിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലുടനീളമുള്ള പത്രപ്രവർത്തകർ, ഗവേഷകർ, ആക്ടിവിസ്റ്റുകൾ, സാമൂഹിക കൂട്ടായ്മകൾ മുതലായവർ പൊതുജീവിതത്തിലെ മുസ്ലീം വിരുദ്ധ മുൻവിധികളെ പേരെടുത്ത് വിമർശിക്കാനും പ്രതിരോധിക്കാനും ആരംഭിച്ചിട്ടുണ്ട്. 2021-ൽ ‘കേരള നെറ്റ്വർക്ക് എഗെയ്ൻസ്റ്റ് ഇസ്ലാമോഫോബിയ’ രൂപീകരിച്ചതോടെ ഈ ശ്രമങ്ങൾ കൂടുതൽ സംഘടിതമായി. ഈ കൂട്ടായ്മയുടെ കീഴിലാണ് ‘ഇസ്ലാമോഫോബിയ റിസർച്ച് കളക്ടീവ്’ സ്ഥാപിതമായത്. വൈവിധ്യമാർന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഈ കൂട്ടായ്മ ഒരുമിപ്പിക്കുന്നു. ‘ദലിത് വിഭാഗങ്ങൾ, ഈഴവ-തീയ്യ സമുദായങ്ങൾ, യുക്തിവാദികൾ, ക്വീർ ആക്ടിവിസ്റ്റുകൾ, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നുള്ളവർ തുടങ്ങിയവരെല്ലാം ഇസ്ലാമോഫോബിയക്കെതിരേയുള്ള ഈ വിപുലമായ സഖ്യത്തിലുണ്ട്,’ എന്ന് ബാബുരാജ് ഭഗവതി പറഞ്ഞു. ഇവരുടെയൊക്കെ കുറച്ചുവർഷത്തെ പ്രവർത്തനങ്ങൾ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള നിരന്തരമായൊരു സംവാദമിവിടെ രൂപപ്പെടുത്താനും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സംഭാഷണങ്ങളിൽനിന്ന് ഒഴിവാക്കാനാകാതിരിക്കുംവിധം ഈ പ്രശ്നത്തിനു ദൃശ്യതയേകാനും സഹായിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭ മാർച്ച് 15 ‘അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി’ പ്രഖ്യാപിച്ചത്. 2019-ൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയൊരു വെളുത്ത വംശീയവാദി നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 51 വിശ്വാസികളെ ഈ ദിനം അനുസ്മരിപ്പിക്കുന്നു.
കേരളത്തിലെ ഇസ്ലാമോഫോബിക് സംഭവങ്ങളുടെയും പ്രസ്താവനകളുടെയും വ്യാപ്തി അതീവ ഗൗരവകരമാണെങ്കിലും, ഈ പ്രശ്നത്തെപ്പറ്റി സമൂഹത്തിൽ ഉയർന്നുവരുന്ന നിരന്തരമായ ചർച്ചകളൊരു പ്രതീക്ഷയാണ്. ഇസ്ലാമോഫോബിയകൃത്യമായി തിരിച്ചറിയാനും രേഖപ്പെടുത്താനും വിശകലനംചെയ്യാനും നടത്തുന്ന ശ്രമങ്ങളാൽ, ദൈനംദിന ജീവിതത്തിൽ ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി കൂടുതൽ വ്യക്തമായ അവബോധമുണ്ടാകുന്നുണ്ട്. ഇപ്പോൾ ശൈശവദിശയിലായിരിക്കുന്ന ഈ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നതോടെ സാമുദായിക ബോധം, സാമൂഹിക സഹവർത്തിത്വം, സമത്വം, ഐക്യചിന്ത തുടങ്ങിയവയെപ്പറ്റി നാം പുലർത്തുന്ന കാഴ്ചപ്പാടുകളെ ഭാവിയിൽ അതിശക്തമായി സ്വാധീനിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്തുകൊണ്ട് കേരള സമൂഹത്തിന്റെ ഘടനയിൽ തന്നെ മാറ്റങ്ങളുണ്ടാക്കിയേക്കാം.
(കടപ്പാട്: മക്തൂബ് മീഡിയ, വിവർത്തനം: റെൻസൺ വി. എം)