2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023- മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നു.
ഇറാനെതിരെ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ- സയണിസ്റ്റ് കടന്നാക്രമണത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം കടന്നു വരുന്നത്. നിലവിലെ അമേരിക്കൻ ഭരണകൂട പ്രതിനിധിയായ മാർക്ക് റൂബിയോ ജർമനിയിലെ മ്യൂണിച്ചിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14-നു നടന്ന ആനുവൽ മ്യൂനിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗം വരാനിരിക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിൻ്റെ തുറന്നു പറച്ചിലായിരുന്നു. ലോകത്ത് സാമ്രാജ്യത്വ അധിനിവേശങ്ങളും കൊളോണിയൽ ആധിപത്യവും തിരിച്ചുകൊണ്ടുവരാൻ യൂറോപ്പും അമേരിക്കയും ചേർന്നു ശ്രമിക്കണമെന്ന ആശയം അദ്ദേഹം പരസ്യമായി ഉയർത്തിയിരുന്നു.
മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. അതാവട്ടെ നിരപേക്ഷമെന്നു തോന്നിപ്പിക്കുന്ന നിരവധി കോഡുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.
ലോകജനസംഖ്യയിൽ കുടിയേറ്റക്കാർ ഏകദേശം 3.5 % മാത്രമാണെങ്കിലും, അവർ യൂറോ- അമേരിക്കൻ ആധിപത്യത്തിനുള്ള “യഥാർഥ ഭീഷണി” ആണെന്ന തരത്തിലുള്ള പ്രചാരണം,വ്യാപകമായി നടക്കുന്നു. കുടിയേറ്റ വിരുദ്ധതയുടെ മറവിൽ മുസ്ലിം കുടിയേറ്റക്കാരെ ആക്രമിക്കുകയും അപമാനിക്കുകയും തടവിലിടുകയും ഇസ്ലാമോഫോബിയ വളർത്തുകയും ചെയ്യുന്നതു യൂറോ- അമേരിക്കൻ ജനതകളെ യുദ്ധത്തിനും വംശഹത്യക്കും തയ്യാറാക്കുന്നതിന്റെ ഭാഗമാണ്.
വർധിച്ചുവരുന്ന വിദ്വേഷപ്രചാരണങ്ങൾ
ഇൻഡ്യൻ സാഹചര്യവും ഇതിൽനിന്നു വ്യത്യസ്തമല്ല. 2024-മായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ വിദ്വേഷ പ്രസ്താവനകളിൽ ഗണ്യമായ വർധനവുണ്ടായതായി ഇൻഡ്യാ ഹേറ്റ് ലാബ് അടക്കം പുറത്തു വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലും, യാതൊരു നിയന്ത്രണവുമില്ലാതെ വിദ്വേഷ ഭാഷ പ്രചരിക്കുന്നു. 2024 ഏപ്രിൽ മുതൽ അടുത്തകാലം വരെ, വെള്ളാപ്പള്ളി നടേശൻ നടത്തിയത് അറുപതിലധികം ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസ്താവനകളാണ്.
കേരളത്തിൽ, ഹേറ്റ് സ്പീച്ച് അഥവാ വിദ്വേഷപ്രസ്താവനകൾ ഒരു സാമൂഹിക പ്രശ്നമായി തീർന്നിരിക്കുന്നു. ഇതിനെതിരെ നിയമനിർമാണം നടത്താൻ കർണാടക സർക്കാർ തയ്യാറായതു പോലെ കേരളത്തിലെ സർക്കാറുകളും തയ്യാറാവണം. പത്തുവർഷമായുള്ള എൽഡിഎഫ് ഭരണത്തിൽ വിദ്വേഷ പ്രചാരണങ്ങൾ പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നു. കോവിഡ് കാലത്തെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഹിന്ദുത്വരും നവനാസ്തികരുമാണ് ഇതിനെ തീവ്രമാക്കിയത്. കെ ആർ ഇന്ദിര, കെ പി ശശികല, പി സി ജോർജ് , വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരും ചാണക്യ ന്യൂസ് അടക്കമുള്ള ഓൺലൈൻ ചാനലുകളും കാസയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും കേരളത്തെ മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിൻ്റെ വിളനിലമാക്കി. എന്നാൽ വിദ്വേഷ പ്രചാരകരെ വിലക്കുന്നതിനു പകരം, പരാതിക്കാരെത്തന്നെ പൊലീസ് വേട്ടയാടുന്ന അനുഭവമാണുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ കൊടുങ്ങല്ലൂരിലെ സാമൂഹിക പ്രവർത്തകൻ വിപിൻദാസിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
ഇടതുപക്ഷ ഇസ്ലാമോഫോബിയ
മുസ്ലിങ്ങളെക്കുറിച്ചുള്ള വ്യാജങ്ങളും വിദ്വേഷങ്ങളും വ്യാപിപ്പിക്കുന്നതിൽ ഭരണകക്ഷിയായ സിപിഎമ്മിന്റെ ചില നിലപാടുകളും ഇടപെടലുകളും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഞാൻ തന്നെ നടത്തിയ പഠനപ്രകാരം, ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിൽപ്പോലും, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 75 തവണ സിപിഎം അത്തരം ബന്ധം ആരോപിച്ചു പ്രചാരണം നടത്തിയിട്ടുണ്ട്. ചിന്തകരും എഴുത്തുകാരുമായ സച്ചിദാനന്ദനും സണ്ണി എം കപിക്കാടിനും പിന്നിൽ മാത്രമല്ല മണ്ണാർക്കാട്ടെ പാർട്ടി വിമതൻ പി കെ ശശിക്കു പിന്നിൽ വരെ ജമാഅത്തെ ഇസ്‌ലാമിയാണെന്ന പ്രൊപഗണ്ടയാണ് സി പി എം അണികളും നേതൃത്വവും കഴിഞ്ഞ ഫെബ്രുവരി മാസം പ്രചരിപ്പിച്ചത്.
ഹിന്ദുത്വ സർവാധിപത്യം പൂർത്തിയായ ചരിത്രഘട്ടത്തിലും മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെപ്പറ്റി വലിയ ആശയക്കുഴപ്പത്തിലാണ് സാംസ്കാരിക ഇടതുപക്ഷം ചെന്നുപതിച്ചിരിക്കുന്നത്. എം എം നാരായണൻ (ഹിന്ദുത്വ മതരാഷ്ട്രവാദമോ?, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 8–14, പേജ് 33) ഈയിടെ എഴുതിയതു നോക്കൂ: “ഹിന്ദുത്വ മതരാഷ്ട്രവാദമല്ല; മതസാമ്രാജ്യത്വമാണ് (empiricism) മുന്നോട്ടുവെക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വയ്ക്ക് മതരാഷ്ട്രവാദികളായ മുസ്ലിം ലീഗിനേക്കാൾ ജമാഅത്തെ ഇസ്ലാമിയോടാണ് ചാർച്ചയും വേഴ്ചയും ഉള്ളത്.”
ഇതുവരെ ജമാഅത്തെ ഇസ്ലാമിയെ ‘മതരാഷ്ട്രവാദികളാ’ക്കിയവർ ഇപ്പോൾ ലീഗിനും അതേ വിശേഷണം ചാർത്തി നൽകുകയാണ്. മുസ്‌ലിംകളിൽ ഒരു വിഭാഗത്തെ വേട്ടയാടാൻ വികസിപ്പിക്കുന്ന നിരപേക്ഷമെന്നു തോന്നിപ്പിക്കുന്ന കോഡഡ് പദാവലികൾ എല്ലാ മുസ്‌ലിംകളെയും വേട്ടയാടാൻ ഉപയോഗിക്കപ്പെടുന്നതു പുതിയ പ്രവണതയല്ല. തീവ്രവാദം, ഭീകരത തുടങ്ങിയ പദാവലികൾ മൊത്തം മുസ്‌ലിംകളുടെയും ഇസ്‌ലാമിൻ്റെയും പര്യായപദമാക്കിയതിൻ്റെ ചരിത്രപരിണാമങ്ങൾ ഇസ്‌ലാമോഫോബിയ പഠന വിദഗ്ധർ തെളിവു സഹിതം വിശദീകരിച്ചതാണ്.
ഹിന്ദുത്വയുടെ ബ്രാഹ്മണിക് ജാതിരാഷ്ട്രവും വ്യത്യസ്തങ്ങളായ മതരാഷ്ട്ര സങ്കൽപങ്ങളും ഒന്നല്ല. ‘ജാതി പോലെയല്ല മതം’ എന്നാണ് ദലിത് ബഹുജൻ നിലപാട്. 1944-ൽ പാകിസ്ഥാൻ മാതൃകയിൽ ഒരു സിഖ് രാഷ്ട്രം (സിഖ് ഹോംലാൻഡ്) വേണമെന്നു പറഞ്ഞ പിൽക്കാല സി.പി.എം. ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ മതന്യൂനപക്ഷ രാഷ്ട്രീയചരിത്രം ഇതിന്റെ ഉദാഹരണമാണ്. വന്ന വഴി മറന്നുകൊണ്ട് മാർക്സിസത്തെ ഒരിക്കൽകൂടി കേവല ഹിന്ദു ഭൂരിപക്ഷവാദമാക്കി ചുരുക്കുന്ന ചരിത്രപരമായ അബദ്ധം ആവര്ത്തിക്കരുത്.
വര്ത്തമാനത്തിന്റെ ഭാവി
എന്നാൽ, പ്രതീക്ഷ നൽകുന്ന ചില മാറ്റങ്ങളും കേരളത്തിൽ നടക്കുന്നു. ഭരണ കക്ഷികളിൽ നിന്നു വ്യത്യസ്തമായി, ഇടതുപക്ഷ സ്വഭാവമുള്ള നിരവധി സിവിൽ സൊസൈറ്റി വിഭാഗങ്ങളും വിവിധ ദലിത് -ബഹുജന പ്രസ്ഥാനങ്ങളും ചില ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും ഇസ്‌ലാമോഫോബിയക്കെതിരെ നിലപാടു സ്വീകരിക്കുന്നുണ്ട്.
2022-ൽ രൂപീകരിച്ച കേരള നെറ്റ്വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ, ഇസ്ലാമോഫോബിയക്കെതിരെ നൂറ്റമ്പതോളം ലേഖനങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളും നിരവധി പൊതു പരിപാടികളും കഴിഞ്ഞ നാലു വർഷമായി നടത്തിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഈ വിഷയത്തിൽ പുറത്തിറങ്ങി. ഈ അഞ്ചാം വര്ഷം ഇസ്ലാമോഫോബിയവാച്ച് എന്ന വെബ്സൈറ്റും (https://islamophobiawatch.org/) ‘ദി അദർ പെർസ്പക്ടീവ്’ എന്ന യൂട്യൂബ് ചാനലും (https://www.youtube.com/@the.topmedia) ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്.
ഈ പോരാട്ടത്തിൽ മുസ്ലിം സംഘടനകളുടെ പങ്ക് നിർണായകമാണ്. പലപ്പോഴും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങി, ഗുഡ് മുസ്ലിം / ബാഡ് മുസ്‌ലിം എന്ന ബൈനറിയെ തൃപ്തിപ്പെടുത്തുന്ന ദുർബലമായ നിലപാടുകൾ സ്വീകരിക്കുന്ന ചില മുസ്ലിം നേതൃത്വങ്ങളെങ്കിലുമുണ്ട് എന്നതു് ദുഃഖകരമാണ്. അതേസമയം, അതിനെ ചോദ്യം ചെയ്യുന്ന ശക്തമായ ഇടപെടലുകൾ, വിശേഷിച്ച് മുസ്ലിം യുവജനങളുടെ സാംസ്കാരികമായ ചെറുത്തുനില്പ് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വികസിക്കുന്നുമുണ്ട്.
ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിൽ ഹിന്ദുത്വവിരുദ്ധരായ എല്ലാ സാമൂഹിക–രാഷ്ട്രീയ വിഭാഗങ്ങളും ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. അതിനാദ്യമായി, നമ്മുടെ പുരോഗമന/മതേതര ശീലങ്ങളിലും പ്രവർത്തനങ്ങളിലും ചിന്തകളിലും ഭാഷകളിലും പ്രയോഗങ്ങളിലും നയപരിപാടികളിലും ഒളിഞ്ഞിരിക്കുന്ന ഇസ്ലാമോഫോബിക് പ്രവണതകൾ സൂക്ഷ്മമായി തന്നെ വിമര്ശന വിധേയമാക്കേണ്ടതുണ്ട്.
(മാധ്യമം ദിനപത്രം 2026 മാർച്ച് 14 നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണരൂപം)