ഇസ്ലാമോഫോബിയ ഒരു രാഷ്ട്രീയപ്രശ്‌നമാകുന്നത് എങ്ങനെയെന്ന പരിശോധന പ്രധാനമാണ്. ഉദാഹണത്തിന് ഇന്ത്യയില്‍ സിംഗിള്‍ ഇഷ്യു(ഒറ്റ പ്രശ്‌നം) എന്ന അര്‍ത്ഥത്തില്‍ വ്യവഹരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പലരും ഇസ്‌ലാമോഫോബിയയെയും കാണുന്നത്.
ഉദാഹണത്തിന് പരിസ്ഥിതി പ്രശ്‌നമോ ഒരു പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നമോ ഒക്കെ വിശാലമായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെങ്കിലും അതനുഭവിക്കുന്നവര്‍ക്ക് ഒറ്റ പ്രശ്‌നങ്ങളാണ്. ഇസ്‌ലാമോഫോബിയയും ഇതുപോലെയാണെന്ന് ചിലരെങ്കിലും കരുതുന്നു.
ഒറ്റപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തെ സമഗ്രമായി കാണുന്നതില്‍നിന്ന് നമ്മെ തടയുന്നുവെന്നും മുഖ്യരാഷ്ട്രീയ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നുവെന്നും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയവല്‍ക്കരരണമാണ് ഇതെന്നാണ് ആരോപണം. ഒറ്റപ്പെട്ട രാഷ്ട്രീയപ്രശ്‌നമായി ഇസ് ലാമോഫോബിയയെയും ചുരുക്കാന്‍ ഇത് കാരണമാവുന്നു. ഒരു പരിധികൂടി കടന്ന് ഇസ് ലാമോഫോബിയ പല രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും നയപരിപാടികളില്‍ ഒരു നാമമാത്ര പ്രതികരണം മാത്രമായി ചുരുങ്ങുന്നതും കാണാം.
ഇസ് ലാമോഫോബിയ തത്ത്വചിന്താപരമായി ദുര്‍ബലമായ സങ്കല്‍പ്പമാണെന്ന മുന്‍വിധിയാണ് ഈ ധാരണയ്ക്കു പിന്നില്‍. ഇസ് ലാമോഫോബിയയെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ അങ്ങേയറ്റം അവ്യക്തമാണെന്നും അങ്ങനെ ചിന്തിക്കുന്നവര്‍ കരുതുന്നു. വിവിധ സാഹചര്യങ്ങളില്‍ വിവിധ നിര്‍വചനങ്ങളാണ് ഇസ്‌ലാമോഫോബിയക്കുള്ളത്. അതുകൊണ്ട് വിമര്‍ശനത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ തലത്തില്‍ ഇസ്‌ലാമോഫോബിയക്ക് പ്രാധാന്യമില്ലെന്നും അതൊരു ഏകപ്രശ്‌നമാണെന്നുമാണ് വാദം.
മറ്റൊരു വിഭാഗം ഇസ്‌ലാമോഫോബിയയെ ഒരു നയപ്രശ്‌നമായി ഒതുക്കുന്നവരാണ്. മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനങ്ങള്‍ അടയാളപ്പെടുത്തുക, അതിന്റെ കണക്കുകള്‍ ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തുക, അങ്ങനെ ഭരണകൂടത്തിന്റെയോ രാഷ്ട്രീയസംവിധാനങ്ങളുടെയോ നയരൂപീകരണങ്ങളില്‍ ഇടപെട്ട് പരിഹരിക്കാവുന്ന ഒന്നായി ഇസ്‌ലാമോഫോബിയയെ ചുരുക്കുന്നവരാണ് ഇത്തരക്കാര്‍. മുഖ്യധാരാഷ്ട്രീയത്തിന്റെ നയപരിപാടികള്‍ക്കുള്ളില്‍ ഉള്‍പ്പെടുത്തേണ്ട ചെറിയൊരു ഉപപ്രശ്‌നം ഇസ്‌ലാമോ ഫോബിയ.
ഇതൊക്കെ ഇസ്‌ലാമോഫേബിയയുടെ രാഷ്ട്രീയപരമായ ഉണ്‍മയെക്കുറിച്ചുള്ള പരിമിതമായ വിശകലനമാണെന്നുവേണം മനസ്സിലാക്കാന്‍. പല തരം അടിച്ചമര്‍ത്തലുകള്‍ നിലനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇസ്‌ലാമോബിയയെ ഒരു പ്രത്യേക പേരിട്ട് വിളിക്കേണ്ടിവരുന്നതെന്ന പ്രശ്നം രാഷ്ട്രീയപരമാണ്. ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. തിരുവനന്തപുരത്തെ ഒരു പ്രത്യേക പ്രദേശത്തുള്ളവരുടെ ശൈലിയില്‍ സംസാരിക്കുന്ന മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രാജമാണിക്യമെന്ന പേരില്‍ ഒരു സിനിമ 2005-ല്‍ പുറത്തുവന്നിരുന്നു. ധനികനായ പിതാവും അദ്ദേഹത്തിന്റെ ഒരു ഭാര്യയിലുണ്ടായ രണ്ടു മക്കളും ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനുമാണ് കഥാപാത്രങ്ങള്‍. ഈ മകന്‍ പിന്നീട് കുടുംബത്തില്‍ നിന്ന് പുറത്തുപോവുകയും ധനികനായി തിരിച്ചുവന്ന് പിതാവിന്റെ സ്ഥാനത്തിരുന്ന് കുടുംബത്തിന്റെ രക്ഷകനായി മാറുന്നു. മലയാളസിനിമക്ക് പരിചിതമായ പ്രമേയമായിരുന്നെങ്കിലും അതിലുപയോഗിച്ച സംസാരഭാഷയാണ് സിനിമയെ വ്യത്യസ്മാക്കിയത്. ആ സിനിമ പുതിയൊരു ഭാഷയെ, ശൈലിയെ സിനിമയിലാവിഷ്‌കരിച്ചു. ഭാഷാശൈലിയുടെ വ്യാകരണം പുതുക്കിയാണ് സിനിമ വ്യത്യസ്തത നിലനിര്‍ത്തിയത്. അതുപോലെത്തന്നെയാണ് ഇസ്‌ലാമോഫോബിയയെന്ന പുതിയ ഭാഷയും. രാഷ്ട്രീയത്തിന്റെ ഭാഷയെ പുതിയ രീതിയില്‍ സമീപിക്കാനാണ് ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ ആഹ്വാനം ചെയ്യുന്നത്.
ജാതി, ലിംഗം, വര്‍ഗം, സമുദായം, ദേശീയം, പ്രാദേശികം, തുടങ്ങി വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ നമുക്കിടയിലുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ ലെന്‍സിലൂടെ നോക്കിയതുകൊണ്ടുമാത്രം ഇസ്ലാമോഫോബിയ പുറത്തുവരണമെന്നില്ല.
ഇസ്‌ലാമോഫോബിയയെന്ന ഭാഷയിലൂടെ വായിച്ചാലാണ് അതുവരെ മറഞ്ഞുകിടന്ന പലതും വെളിച്ചത്തുവരുന്നത്. അതിനാവശ്യമായ സവിശേഷ ഭാഷയാണ് ആ സംജ്ഞ നമുക്ക് നല്‍കുന്നത്. നിലവിലുള്ള രാഷ്ട്രീയത്തിന്റെയും അതിന്റെ പരിധികളെയും അതിര്‍ത്തികളെയും ഇസ്‌ലാമോഫോബിയയെന്ന സംജ്ഞ നിരന്തരം വെളിവാക്കുന്നു. അതോടൊപ്പം നിലവിലുളള രാഷ്ട്രീയമണ്ഡലത്തില്‍ പുതിയൊരു ഭാഷയും അതിനാവശ്യമായ വ്യാകരണവും നിര്‍മിക്കുന്നു.
പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷ തന്നെ ഒരു രാഷ്ട്രീയമാണ്. അത് സമൂഹത്തെ വ്യത്യസ്തമായി കാണാന്‍ പ്രാപ്തി നല്‍കുന്നു. ഇത് ഇസ്‌ലാമോഫോബിയയുടെ രാഷ്്ട്രീയത്തെക്കുറിച്ചുള്ള പുതിയൊരു സമീപനം ആവശ്യമാക്കുന്നു. രാഷ്ട്രീയത്തിന് സംഘാടനതലത്തോടൊപ്പം ഉണ്‍മാപരമായ മറ്റൊരു തലവുമുണ്ട്. ഏതൊരു രാഷ്ട്രീയസംഘാടനവും ചില പരിധികളും അതിര്‍വരമ്പുകളും നിശ്ചയിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയ നിലവിലുള്ള രാഷ്ട്രീയത്തിന്റെ പരിമിതിയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നിലവിലുള്ള രാഷ്ട്രീയസങ്കല്‍പ്പവും ആ രാഷ്ട്രീയത്തിന്റെ പരിധികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ അതിര്‍വരമ്പുകളിലാണ് ഇസ്‌ലാമോഫോബിയ നിലകൊള്ളുന്നത്. രാഷ്ട്രീയസമൂഹത്തിന്റെയും രാഷ്ട്രീയഘടനയുടെയും അതിര്‍വരമ്പായി ഇസ്‌ലാമോഫോബിയ മാറുന്നു. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാമോഫോബിയക്ക് രാഷ്ട്രീയം എന്നതിനേക്കാള്‍ രാഷ്ട്രീയത (പൊളിറ്റിക്കല്‍)യുമായാണ് ബന്ധം.
രാഷ്ട്രീയം / രാഷ്ട്രീയത
ഒരു സമൂഹത്തിനും ഒരു നിശ്ചിതകേന്ദ്രം ആരോപിക്കാനാവില്ല. സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രത്യേകതകളൊന്നുംതന്നെ സമൂഹത്തിന്റെ കേന്ദ്രത്തെ നിശ്ചയിക്കാന്‍ പ്രാപ്തമല്ല. ഉണ്‍മാപരമായ യോജിപ്പ് അസാധ്യമാക്കുന്ന സങ്കല്‍പമാണ് സമൂഹം. ഏതെങ്കിലും നിശ്ചിത കേന്ദ്രത്തില്‍നിന്ന് നിര്‍മിക്കാവുന്നതോ നിശ്ചയിക്കാവുന്നതോ അല്ല അത്. സമൂഹത്തിന്റെ സംഘാടനത്തെക്കുറിച്ച് വിവിധ രാഷ്ട്രീയ സാമൂഹിക സമീപനങ്ങള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും. ഭാഷയിലൂടെ സമൂഹത്തെ പ്രത്യേകരീതിയില്‍ നിയന്ത്രിക്കാനോ നിര്‍വചിക്കാനോ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് അത്. ആ ശ്രമമാണ് രാഷ്ട്രീയം.
സാമ്പത്തിക പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് രാഷ്ട്രീയം സംസാരിക്കുന്ന ശൈലി ഇതിന്റെ ഭാഗമാണ്. സാമൂഹികപ്രശ്‌നങ്ങളെപിന്‍പറ്റി രാഷ്ട്രീയം സാസാരിക്കുന്നതും ഇതിന്റെ ഭാഗമാണ്. സമൂഹത്തെ അതത് ചരിത്രസന്ദര്‍ഭങ്ങളില്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഒരു താല്‍ക്കാലികകേന്ദ്രം നിര്‍മിച്ച് സമൂഹത്തെക്കുറിച്ച് സംസാരിക്കാനുള്ള ശ്രമമാണ് രാഷ്ട്രീയം.
എന്നാല്‍ രാഷ്ട്രീയത്തിന്റെ എല്ലാ നിര്‍വചനങ്ങളെയും പ്രതിസന്ധിയിലാക്കുന്ന ഒരു തലം സമൂഹത്തിനുള്ളതിനാല്‍ ഓരോ ഘട്ടത്തിലും രാഷ്ട്രീയം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ രാഷ്ട്രീയചലനാത്മകതയെയാണ് രാഷ്ട്രീയത അഥവാ പൊളിറ്റിക്കല്‍ എന്നു പറയുന്നത്. ഈ ചലനാത്മകത രാഷ്ട്രീയമെന്ന് വിളിക്കപ്പെടുന്ന ഒരു ചരിത്രമാതൃകയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. സമൂഹത്തിന്റെ ചലനാത്മകത സമൂഹത്തെ ഏതെങ്കിലും തരത്തില്‍ യോജിപ്പിക്കുന്ന അബോധമായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തെ നിര്‍ണയിക്കാന്‍ ശ്രമിക്കുന്ന ഏത് രാഷ്ട്രീയത്തിന്റെയും പരിധിയും പരിമിതിയും നിര്‍ണയിക്കുന്നതും രാഷ്ട്രീയതയാണ്.
രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്ക് ചരിത്രഗതിക്കനുസരിച്ച് മാറ്റംവരുന്നുണ്ട്. ഒരു കാലത്ത് രാഷ്ട്രീയത്തിന്റെ കേന്ദ്രമെന്നും സ്വാഭാവികമെന്നും കരുതപ്പെടുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്ക് അസ്വാഭാവികമായി തോന്നാന്‍തുടങ്ങുന്നു. ഇങ്ങനെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, രാഷ്ട്രീയത്തിന്റെ പരിധി നിര്‍ണയിക്കുന്ന, അതിന്റെ അപരമോ അതിരോ ആയി പ്രവര്‍ത്തിക്കുന്ന, എന്നാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ഈ ഘടകമാണ് രാഷ്ട്രീയതയെന്നും നിര്‍വചിക്കാം. സമൂഹത്തിന്റെ സ്വഭാവം തന്നെ സംഘര്‍ഷഭരിതമാണെന്ന കാഴ്ചപ്പാടാണ് ഇത്. രാഷ്ട്രീയത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ നിരന്തരം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഇത് കടന്നുവരുന്നത്. സമൂഹത്തിന്റെ ഉണ്‍മാപരമായ പ്രത്യേകതയുമാണിത്. ഇസ്‌ലാമോഫോബിയ അടക്കമുള്ള പുതിയ രാഷ്്്ട്രീയപ്രശ്‌നങ്ങളെ ഉണ്‍മാപരമായ പ്രശ്‌നമായും രാഷ്ട്രീയതയുടെ പ്രശ്‌നമായും തിരിച്ചറിയുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇസ് ലാമോഫോബിയയെ ഒറ്റതിരിഞ്ഞ രാഷ്ട്രീയപ്രശ്‌നമായോ നയരൂപീകരണ പ്രശ്‌നമായോ തത്ത്വചിന്താപരമായ നിര്‍വചനത്തിന്റെ അവ്യക്തതയായോ ചുരുക്കുന്നില്ല. ഇസ്‌ലാമോഫോബിയ ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയം അഥവാ പൊളിറ്റിക്‌സ് എന്ന് വ്യവഹരിക്കപ്പെടുന്ന ഘടനക്കുള്ളില്‍മാത്രമല്ല, രാഷ്ട്രീയമെന്ന ഘടനയെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന രാഷ്ട്രീയതയുടെ മണ്ഡലത്തില്‍ക്കൂടി നിലനില്‍ക്കുന്നു. ഇസ്‌ലാമോഫോബിയയെ ഒറ്റപ്പെട്ടതോ നയരൂപീകരണത്തിന്റെ മാത്രം വിഷയമായോ മനസ്സിലാക്കുന്നതാണ് കാരണം. രാഷ്്്ട്രീയത്തിന്റെ പരിധിയെ പ്രതിസന്ധിയിലാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയതയുമായി ചേര്‍ന്നാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന സമീപനം നിര്‍ണായകമാണെന്ന വാദം ഉയരുതുന്നതുംഅതുകൊണ്ടാണ്.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)