മുസ്ലിം സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തകർച്ച ഇസ്‌ലാമോഫോബിയയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സാമാന്യമായ ഒരു വിവരണമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിലുള്ള ഇസ്ലാമോഫോബിയയുടെ പ്രത്യേകതകൾ പഠിക്കാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ട്. പാർലമെന്റ്, മാധ്യമം, നിയമം, പോലിസ് തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള 2006ലെ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സച്ചാർ കമ്മിറ്റി റിപോർട്ട് പുറത്തു വന്ന് പതിനഞ്ചു വർഷത്തിനു ശേഷവും മുസ്‌ലിം പ്രാതിനിധ്യത്തിൽ വലിയ മാറ്റമില്ലെന്നാണ് പുതിയ കണക്കുകൾ പറയുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട അധികാര സ്ഥാപനങ്ങളിൽ മിക്കവയിലും ജനസംഖ്യയുടെ പകുതിപോലും പ്രാതിനിധ്യം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കില്ല എന്നതാണ് വസ്‌തുത. 2019-2021 കാലയളവിൽ നടന്ന പഠനങ്ങളുടെ കണ്ടെത്തലുകളാണ് ഇവിടെ നൽകുന്നത്. ഇന്ത്യയിലെ ആകെ ജനസംഖ്യ 147 കോടിയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്ക്. 2011 ലെ സെൻസസ് പ്രകാരം ഏകദേശം 14 ശതമാനം ആണ് മുസ്ലിം ജനസംഖ്യ.
പാർലമെന്റ്ററി പ്രാതിനിധ്യം
ഇന്ത്യൻ പാർലമെൻ്റിൻ്റെ 1952 മുതലുള്ള ചരിത്രം എടുത്തു പരിശോധിക്കുകയാണെങ്കിൽ മുസ്‌ലിംകളുടെ പാർലമെന്റ്ററി പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഏകദേശ ധാരണ ലഭിക്കും. 1952ലെ ഇന്ത്യൻ പാർലമെന്റിൽ അഞ്ചു ശതമാനമായിരുന്നു മുസ്‌ലിംകളുടെ പ്രാതിനിധ്യം. ഇന്ത്യയുടെ ചരിത്രത്തിൽ 1980-84 കാലയളവിനുള്ള പാർലമെൻ്റിലാണ് മുസ്‌ലിംകൾക്ക് ഏറ്റവും കൂടുതൽ പ്രതിനിധികളുണ്ടായിരുന്നത് – 9 ശതമാനം. ഇപ്പോൾ ബിജെപി ഭരിക്കുന്ന കാലഘട്ടത്തിൽ പാർലമെന്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ 5 ശതമാനം പേർ മാത്രമാണ് മുസ്‌ലിംകൾ. അതായത് പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ 1952നു തുല്യം. ഇന്ത്യൻ മുസ്‌ലിംകൾക്ക് ഏറ്റവും കൂടുതൽ പ്രാതിനിധികളെ ലഭിച്ച 1980ലെ 9 ശതമാനം തന്നെ മുസ്‌ലിം ജനസംഖ്യയുമായി താരതമ്യം ചെയ്താൽ ആകെയുള്ളതിന്റെ മൂന്നിൽ രണ്ടു മാത്രമേ വരൂ. 1952 മുതൽ 2019 വരെയുള്ള മുസ്‌ലിംകളുടെ ശരാശരി പാർലമെൻ്ററി പ്രാതിനിധ്യം വെറും 6 ശതമാനം മാത്രമാണ്. പകുതി പോലും പ്രാതിനിധ്യമില്ല എന്നു സാരം.
2021ൽ അദ്നാൻ ഫാറൂഖിയെന്ന ഗവേഷകനാണ് മുസ്‌ലിം പ്രതിനിധാനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഈ വിവരങ്ങൾ ഇന്ത്യാ റിവ്യൂ എന്ന ജേണലിലൂടെ പുറത്തുകൊണ്ടുവന്നത്. ഈ കണക്കുകളെ സംഘപരിവാറിന്റെ പാർലമെൻ്റി രാഷ്ട്രീയ വളർച്ചയുമായി താരതമ്യം ചെയ്യാവുന്നതാണ്. ഇന്ത്യയിൽ സംഘപരിവാറിന്റെ പാർലമെന്ററി പ്രാതിനിധ്യം കുറഞ്ഞ കാലയളവ് 1980കളാണ്. ഈ കാലയളവിലാണ് പാർലമെൻ്റിൽ മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കൂടുതലുണ്ടായിരുന്നതെന്ന് (9 ശതമാനം) നാം കണ്ടു. മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യവും സംഘാടനശേഷിയും വർധിക്കുന്നത് സംഘപരിവാറിന്റെ വളർച്ചക്ക് കാരണമാവുന്നുവെന്ന് പറയുന്ന കാഴ്ചപ്പാടിന് എതിരാണ് ഈ കണക്കുകൾ. മുസ്‌ലിം സംഘാടനവും പ്രാതിനിധ്യവും വർധിക്കുന്ന സമയത്താണ് സംഘപരിവാർ ശക്തികളുടെ സ്വാധീനം ക്ഷയിക്കുന്നത്, പാർലമെന്ററി പ്രാതിനിധ്യം കുറയുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ന്യൂനപക്ഷ സംഘാടനത്തിൻ്റെയും പ്രാതിനിധ്യത്തിന്റെയും വളർച്ച ഭൂരിപക്ഷ വർഗീയതയ്ക്ക് വളമാവുന്നുവെന്ന ലിബറൽ/ മതേതര കാഴ്ചപ്പാട് പാർലമെന്ററി പ്രാതിനിധ്യത്തിന്റെ കണക്കുകൾ വച്ചു പരിശോധിച്ചാൽ അടിസ്ഥാനമില്ലാത്തതാണ്.
ഇസ്‌ലാമോഫോബിയാ പഠനങ്ങളും പറയുന്നത് മറ്റൊന്നല്ല. മുസ്‌ലിംകളുടെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തോടും രാഷ്ട്രീയത്തിൽ ഇടപെടാനുള്ള മുസ്‌ലിംകളുടെ സംഘടിത അവകാശത്തെയും നിഷേധിക്കുകയാണ് ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിൻ്റെ തകർച്ച ഇന്ത്യയിലെ ഇന്നത്തെ ഭരണകൂട സംഘപരിവാർ ഇസ്ലാമോഫോബിയയുടെ വളർച്ചയുമായി രേഖീയമായി ബന്ധപ്പെടുന്നു. ഈ പ്രശ്‌നത്തെ നേരിട്ടു പരിഗണിക്കാതെ ഇസ്‌ലാമോഫോബിയയെ ചെറുക്കാൻ കഴിയില്ല.
മുസ്‌ലിംകളുടെ പാർലമെന്ററി പ്രാതിനിധ്യത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ഇസ്‌ലാമോഫോബിയുടെ പ്രശ്നങ്ങൾ ഏറെ വിപുലമാണ്. സിഎഎ, എൻആർസി പോലുള്ള പൗരത്വ നിഷേധ നിയമങ്ങൾ മാത്രമല്ല, മോദി സർക്കാർ അധികാരത്തിൽ വന്ന 2014ന് ശേഷം മുസ്‌ലിംകൾക്ക് എതിരേയുള്ള വംശീയ വിദ്വേഷ പ്രസ്താവനകൾ 1130 ശതമാനം വർധിച്ചുവെന്ന് എൻഡിടിവിയുടെ ഹേറ്റ് സ്പീച്ച് ട്രാക്കർ 2018ൽ കണക്കാക്കിയിരുന്നു. ഇതിൽത്തന്നെ 80 ശതമാനം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും ബിജെപിക്കാരാണ്. അതിൽത്തന്നെ പാർലമെൻ്റ് അംഗങ്ങളും ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു. വിദ്വേഷ പ്രചാരണവും രാഷ്ട്രീയ പ്രതിനിധാനവും തമ്മിലുള്ള ബന്ധം സുദൃഢമാണ്.
ജുഡീഷ്യൽ പ്രാതിനിധ്യം
പാർലമെന്റിൽ നിയമനിർമാണം നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ശേഷി ഇല്ലാതാവുന്നതോടെ ഇന്ത്യൻ ഭരണഘടനാ ജനാധിപത്യ വ്യവസ്ഥയിൽ പിന്നീടു അവലംബിക്കുന്ന മാർഗം ജുഡീഷ്യറിയാണ്. ജുഡീഷ്യറിക്കു പാർലമെൻ്റി നിയമനിർമാണത്തിനു താഴെ മാത്രമാണ് ഇന്ത്യൻ ഭരണഘടനാ ജനാധിപത്യം അധികാരം നൽകുന്നത് എന്നതും പരിഗണിക്കേണ്ടതുണ്ട്. 2021ൽ ജുഡീഷ്യറിയിലെ മുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് വിവിധ അന്താരാഷ്ട്ര സർവകലാശാലകളിലെ എട്ടു ഗവേഷകർ ചേർന്നു സൂറിച്ചിലെ സെന്റർ ഫോർ ലോ ആന്റ് എക്കണോമിക്സിലെ ഇലിയട്ട് ആഷിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാനപ്പെട്ട പഠനം ഇന്ത്യൻ മുസ്‌ലിംകളുടെ നിയമ മേഖലകളിലെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. 2010നും 18നും ഇടയിലുള്ള 80 ദശലക്ഷം കേസുകൾ പരിശോധിച്ചാണ് ഈ പഠനം തയ്യാറാക്കിയത്.
അതിലെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ: ഇന്ത്യയിലെ സുപ്രിംകോടതി, ഹൈക്കോടതി, അവയ്ക്കു താഴെയുള്ള ജില്ലാ കോടതികൾ തുടങ്ങി 7000 കോടതികളിലെയും മുസ്‌ലിം പ്രാതിനിധ്യമാണ് ഗവേഷകർ പരിശോധിച്ചത്. അതുപ്രകാരം രാജ്യത്തെ ജില്ലാ കോടതികളിൽ 7 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. അതായത് മുസ്ലിം ജനസംഖ്യാനുപാതത്തിൻ്റെ നേർപകുതി. ഏറ്റവും കൂടുതൽ ദൈനംദിന നിയമവ്യവഹാരങ്ങൾ നടക്കുന്ന ഇടമാണ് ജില്ലാ കോടതികൾ. മുസ്ലിം ജഡ്ജിമാർക്കു പക്ഷെ നിയമ രാഷ്ട്രീയത്തിന്റെ കീഴ്വഴക്കങ്ങൾക്കുള്ളിൽ നിന്നു മാത്രമെ പ്രവർത്തിക്കാൻ കഴിയുന്നുള്ളൂവെന്നതിനാൽ വലിയ മാറ്റങ്ങൾക്ക് പരിമിതിയുമുണ്ടെന്നു റിപോർട്ട് പറയുന്നു.
എക്സിക്യൂട്ടിവ് പ്രാതിനിധ്യം
ജുഡീഷ്യൽ പ്രാതിനിധ്യം നോക്കുമ്പോൾ എക്സിക്യൂട്ടിവ് സംവിധാനത്തിലെ പ്രാതിനിധ്യം അതിദയനീയമാണ്. ടാറ്റാ ട്രസ്റ്റ് 2019ൽ നടത്തിയ പഠനപ്രകാരം ഇന്ത്യയിലെ പോലിസ് സേനയിലെ മുസ്ലിം പ്രാതിനിധ്യം 3.4 ശതമാനം മാത്രമാണ്. അതുപോലെ ‘കോമൺ കോസ്’ എന്ന എൻജിഒ 2019ൽ പുറത്തുവിട്ട റിപോർട്ട് പ്രകാരം രാജ്യത്തെ 50 ശതമാനം പോലിസ് ഉദ്യോഗസ്ഥൻമാരും മുസ്‌ലിം സമുദായത്തിനെതിരേ മുൻവിധിയുള്ളവരാണെന്നും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിൽ വിമുഖരാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ മറുവശത്ത് 2021ലെ പ്രിസൻ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യ നൽകുന്ന കണക്കുപ്രകാരം രാജ്യത്തെ ജയിലുകളിൽ 30 ശതമാനം തടവുകാരും മുസ്‌ലിംകളാണ്. ഒരുപക്ഷെ രാജ്യത്ത് മുസ്‌ലിം പ്രാതിനിധ്യം ഇരട്ടിയായ ഒരേ ഒരു മേഖല. പൊതു ക്രിമിനൽ കുറ്റങ്ങൾ മുസ്‌ലിംകൾക്കു മേൽ ചാർത്തുന്നത് മറ്റു സമുദായങ്ങളേക്കാൾ മൂന്ന് ശതമാനം കൂടുതലാണെന്ന് കോമൺ കോസിന്റെ 2014ലെ പഠനം പറയുന്നതു കൂട്ടി വായിക്കുക.
മാധ്യമരംഗം
പാർലമെന്ററി-രാഷ്ട്രീയമേഖലയിലും നിയമ-പോലിസ് മേഖലയിലും മാത്രമല്ല, മാധ്യമരംഗത്തും മുസ്‌ലിം പ്രാതിനിധ്യം വളരെ പിന്നിലാണ്. രാജ്യത്തെ ഉയർന്ന മാധ്യമ തസ്തികകളിൽ മുസ്‌ലിംകൾ മൂന്നു ശതമാനം മാത്രമാണ് ഉള്ളത് എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ഓക്‌സ്‌ഫാമിന്റെ 2019ലെ റിപോർട്ട് പറയുന്നത്. 90 ശതമാനം സവർണ ഹിന്ദു പ്രാതിനിധ്യം ഉള്ള മേഖലയാണ് മാധ്യമങ്ങളുടെ എഡിറ്റോറിയൽ ബോർഡുകൾ. ലിബറൽ സെക്കുലർ പ്രതിച്ഛായയുള്ള പ്രതിപക്ഷ മാധ്യമങ്ങൾ പോലും ഈ പൊതുപ്രവണതയുടെ ഭാഗമാണ്.
രാജ്യത്തെ സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ ഗവേഷകനായ ഉമർ ബട്ലർ നടത്തിയ 2020ലെ പഠനം പറയുന്നത് ലോകത്തെ 85 ഇസ്ലാമോഫോബിക് ആയിട്ടുള്ള ട്വീറ്റുകളും വരുന്നത് മൂന്ന് രാജ്യങ്ങളിൽ നിന്നാണെന്നാണ് – ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക എന്നിവയാണ് ഈ രാജ്യങ്ങൾ. ഈ മൂന്നു രാജ്യങ്ങളും ഒരുമിച്ചെടുത്താൽ അതിൽ 55 ശതമാനം ട്വീറ്റുകളും വരുന്നത് ഇന്ത്യയിൽ നിന്നാണ്. ഇത് മുസ്‌ലിംകളുടെ മാധ്യമ പ്രാതിനിധ്യത്തെക്കുറിച്ച് മാത്രമല്ല, നവമാധ്യമത്തിൻ്റെ പ്രശ്‌നങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നു. മാധ്യമരംഗത്തെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അഭാവം പക്ഷെ വ്യാജ പ്രചാരണങ്ങൾക്ക് അവധി നൽകുന്നില്ല. 2021ൽ ഇന്ത്യ ടുഡേ നടത്തിയ കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നാഷണൽ സർവെ പ്രകാരം 54 ശതമാനം ആളുകൾ ലൗജിഹാദ് പ്രചാരണത്തിൽ വിശ്വസിക്കുന്നു. ലൗജിഹാദുമായി ബന്ധപ്പെട്ട ഫാഷിസ്റ്റ് പ്രചാരവേല പ്രമുഖ മാധ്യമങ്ങളിൽക്കൂടിയാണ് നടന്നത്.
സാമ്പത്തിക രംഗത്തെ പ്രാതിനിധ്യം
മുസ്‌ലിംകളുടെ സാമൂഹിക രാഷ്ട്രീയ നിയമരംഗത്തെ പ്രാതിനിധ്യം മാത്രമല്ല, സാമ്പത്തിക രംഗത്തെ പ്രാതിനിധ്യം കൂടി ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. സെന്റർ ഫോർ ന്യൂ എക്കണോമിക് സ്റ്റഡീസ് 2021ൽ അവസര തുല്യതയുടെ കുറവിനെക്കുറിച്ചു ഒരു ഇൻഡക്സ് തയ്യാറാക്കുകയുണ്ടായി. അതുപ്രകാരം മറ്റു സമുദായങ്ങളെ അപേക്ഷിച്ച് അവസര തുല്യത ലഭിക്കാത്ത, ആക്സസ് ഇക്വാളിറ്റി ഇൻഡക്സ് ഏറ്റവും കുറഞ്ഞ സമുദായം മുസ്‌ലിംകളാണ്. 2019ൽ പീരിയോഡിക് ലേബർ സർവേ ഡാറ്റ പ്രകാരം ദിവസക്കൂലിക്ക് പണിയെടുക്കുന്ന 85 ശതമാനം മുസ്ലിം തൊഴിലാളികൾക്കും ഒരു തരത്തിലുള്ള തൊഴിൽ രേഖയുമില്ല. 50 ശതമാനം മുസ്ലിം തൊഴിലാളികളും സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. 2018ൽ നാഷണൽ സാമ്പിൾ സർവേയുടെ 75-ാമത്തെ റിപോർട്ട് പ്രകാരം 3 മുതൽ 35 വയസ്സുവരെ പ്രായമുള്ള വിഭാഗങ്ങൾക്കിടയിൽ ഉയർന്ന വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കുറവ് പേർ പ്രവേശിക്കുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നാണ്.
ഇതുവരെ നൽകിയ ചില കണക്കുകൾ മുസ്ലിം പ്രാതിനിധ്യ പ്രശ്‌നം എന്ന വലിയ മഞ്ഞുമലയുടെ ദൃശ്യഭാഗം മാത്രമാണ്. ചുരുക്കി പറഞ്ഞാൽ, ഇന്ത്യയിലെ മുസ്ലിംകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, നിയമ, മാധ്യമ, വിദ്യാഭ്യാസ പ്രാതിനിധ്യത്തിൻ്റെ പ്രശ്നം കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും വിധേയമാക്കേണ്ടതുണ്ട്. മുസ്ലിം എന്ന ന്യൂനപക്ഷ ജനതയുടെ അധികാര പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിൻ്റെ തകർച്ച സമകാലിക ഇസ്ലാമോഫോബിയയുടെ വ്യാപനത്തിൻ്റെ ഭാഗമാണെന്ന തിരിച്ചറിവ് വളരെ നിർണായകമാണ്. കാരണം, ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകളെപറ്റി നിലനിൽക്കുന്ന കേവലാർത്ഥത്തിലുള്ള തെറ്റിദ്ധാരണയോ വെറുപ്പോ ദേഷ്യമോ മാത്രമല്ല, മറിച്ച് അധികാരത്തിലും പ്രാതിനിധ്യത്തിലും ഉള്ള പുറന്തള്ളലുകളുടെയും ബഹിഷ്കരണത്തിന്റെയും കൂടി ഭാഗമായി വികസിക്കുന്നതാണ്.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)