Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയ: വംശീയതയും വംശീയവൽകരണവും

മുസ്ലിംകള്‍ക്കെതിരേയുള്ള വംശീയതയാണ് ഇസ്ലാമോഫോബിയ. മുസ്‌ലിംകള്‍ എന്തു പറയുന്നു, പ്രവര്‍ത്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു, ഏത് തരത്തില്‍ കുടുംബ/ വ്യക്തി ജീവിതം നയിക്കുന്നു, സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു, ദൈംനംദിനജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു, സാമൂഹികവ്യവസ്ഥയെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, ഏതു രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുന്നു, എങ്ങനെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നു, ഏതു ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, ആരോഗ്യ പരിപാലനം, സൌഹൃദം എന്നിവ തിരഞ്ഞെടുക്കുന്നു തുടങ്ങിയവയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ നിര്‍ണയനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആര്‍ക്കും വിയോജിപ്പുകളുണ്ടാകാം. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശങ്ങളെ നിഷേധിക്കാത്തിടത്തോളം കാലം അത്തരം വിയോജിപ്പുകള്‍ സ്വാഭാവികമാണ്.

എന്നാൽ മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശം നിഷേധിക്കുന്നതും സ്വയം കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവരുടെ ശേഷിയെ നിരാകരിക്കുന്ന രീതിയില്‍ അവരെക്കുറിച്ച് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും വംശീയതയാണ്. തങ്ങള്‍ ആരാണെന്നും എന്താണെന്നും തങ്ങളുടെ ഭാവിയും വര്‍ത്തമാനവും ഭൂതകാലവും എന്താണെന്നും നിര്‍വചിക്കാനുള്ള അധികാരം ഏത് മനുഷ്യര്‍ക്കുമുളളതുപോലെ മുസ്‌ലിംകള്‍ക്കുമുണ്ട്. സാമൂഹിക/ രാഷ്ട്രീയ/ ദൈനംദിന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സമീപനങ്ങള്‍ രൂപപ്പെടുത്താനും അവകാശമുണ്ട്. മുസ്‌ലിംകളുടെ ഈ സ്വയംനിര്‍ണയാവകാശത്തെ നിരാകരിക്കുന്നതും നിഷേധിക്കുന്നതും തള്ളിക്കളയുന്നതും വംശീയതയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമോഫോബിയയുടെ ഭാഗവുമാണ്.

വംശീയത 

‘വംശീയത’ എന്താണെന്ന ചോദ്യം ഈ സാഹചര്യത്തില്‍ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഒരു വിഭാഗം മനുഷ്യർക്ക് തുല്യപദവി നിഷേധിക്കുന്നതാണ് വംശീയത. ബഹിഷ്കരണം, വിവേചനം, വാർപ്പുമാതൃകകള്‍, മുൻവിധി, വിദ്വേഷം, ആക്രമണം, വെറുപ്പ്, ഉച്ചനീചത്വങ്ങള്‍ തുടങ്ങി സ്വയംനിരണയാവകാശ നിഷേധത്തിന്റെ വിവിധ രൂപങ്ങളില് അത് പ്രവർത്തിക്കുന്നു. എന്നാൽ അതിലേറെ പ്രധാനമാണ് വംശീയത എങ്ങിനെ നിർമിക്കപ്പെടുന്നുവെന്നത്. മനുഷ്യർക്ക് തുല്യപദവി നിഷേധിക്കുന്ന വംശീയവൽക്കരണ പദ്ധതിയിലൂടെയാണ് വംശീയതയും അതുവഴി വംശവും ഉല്പാദിപ്പിക്കപ്പെടുന്നത്. നാം വംശമെന്ന് കരുതുന്ന പലതും സ്വാഭാവികമായി നിർമിക്കപ്പെടുന്നവയല്ല. വ്യവസ്ഥാപരവും ഘടനാപരവും ആയ വംശീയവല്‍ക്കരണപ്രക്രിയയുടെ ഭാഗമാണ് അത്. വംശം, വംശീയത തുടങ്ങിയ നിർമിതികള് വംശീയവൽകരണത്തിന്റെ ഭാഗമായി വികസിച്ചതാണ്. മുസ്ലിംകള് എന്നു സ്വയം വിളിക്കുന്നവരോ മറ്റുള്ളവരാൽ അങ്ങനെ വിളിക്കപ്പെടുകയും ചെയ്യുവന്നവരെ വംശമായി നിരവചിക്കപ്പെടുന്ന സാമൂഹിക- രാഷ്ട്രീയ പ്രക്രിയയാണ് ഇസ്ലാമോഫോബിയ.

വംശീയത എന്ന നിലയിൽ ഇസ് ലാമോഫോബിയയുടെ നിർമിതി

കേവലമായ അര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ വംശീയ വിഭാഗമല്ല. മുസ്ലിംകളെ വംശീയമായി തരംതിരിക്കുകയും വംശീയതക്കു വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെ മുസ്ലിംങ്ങൾ ഒരു വംശമായി നിരവചിക്കപ്പെടുകയാണ്. ആ അർഥത്തിൽ പ്രവർത്തിക്കുന്ന മുസ്ലിം വിരുദ്ധ വംശീയതയെയാണ് ഇസ്‌ലാമോഫോബിയ എന്നു വിളിക്കുന്നത്. ഇസ്‌ലാമോഫോബിയ അഥവാ ഇസ്ലാം ഭയം/ പേടി എന്ന പദത്തിന്റെ സാങ്കേതിക അര്ഥത്തെയും കവിഞ്ഞുനിൽകുന്ന ഒരു നിർവചനം ആണിത്. ഇസ്ലാമോഫോബിയ സാങ്കേതികമായി ഒരു ഭയം/പേടി മാത്രമായല്ല ഈ നിർവചനം കാണുന്നത്.

മുസ്ലിംകളുടെ കുഴപ്പം കൊണ്ടുണ്ടാകുന്നതല്ല ഇസ് ലാമോഫോബിയ. മുസ്ലിംകളെ വംശീയമായി കാണുന്ന സാമൂഹികവിഭാഗങ്ങളുടെയും രാഷ്ട്രീയവിഭാഗങ്ങളുടെയും പ്രത്യേകതയാണിത്തിന്റെ കാരണം. മുസ്‌ലിംകളെയും മുസ്‌ലിംകള്‍ എന്താണെന്നതിനെയും നിര്‍വചിക്കാനും ആ നിര്‍വചനം മുസ്‌ലിം എന്നു വിളിക്കപ്പെടുന്ന ജനതക്കുമേലും ഇസ്‌ലാമെന്ന് മുസ്‌ലിംകള്‍ നിര്‍വചിച്ചിട്ടുള്ള ഒരു ജീവിത വീക്ഷണത്തിനുമേലും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന വംശീയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശത്തെയും ഇസ്‌ലാമിനെക്കുറിച്ചുള്ള മുസ്‌ലിംകളുടെ സ്വയംബോധ്യങ്ങളെയും വംശീയമായി നിര്‍ണയിക്കാനും നിര്‍വചിക്കാനുമുള്ള വംശീയപ്രചാരണത്തിന്റെ ഭാഗവുമാണിത്.

ഇസ്‌ലാമോഫോബിയ നിര്‍മിച്ച ഇസ്‌ലാമിനെപ്പറ്റിയുള്ള കാഴ്ചപ്പാടും മുസ്‌ലിംകള്‍ നിര്‍മിക്കുന്ന ഇസ്‌ലാമിനെപ്പറ്റിയുള്ള കാഴ്ചപ്പാടും രണ്ടു വ്യത്യസ്ത പ്രശ്‌നങ്ങളായി കാണേണ്ടതുണ്ട്. മുസ്‌ലിംകള്‍ ഇസ്‌ലാമിനെക്കുറിച്ച് നിര്‍മിക്കുന്ന ധാരണകളും ഇസ്‌ലാമോഫോബിയ ഇസ്‌ലാമിനെക്കുറിച്ച് നിര്‍മിക്കുന്ന ധാരണകളും തമ്മില്‍ സമീകരിക്കുകയും ആ അര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ, ഇസ്‌ലാമിനെ ‘പരിഷ്‌കരിക്കുന്ന’ മറ്റൊരു വംശീയ പദ്ധതിയായി മാറുന്നു. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാമോഫോബിയയെ ഒരു സവിശേഷ രാഷ്ട്രീയ സാമൂഹിക പ്രക്രിയയും പ്രയോഗവുമായി മനസ്സിലാക്കണം. ഇസ്‌ലാമും ഇസ്‌ലാമോഫോബിയയും രണ്ട് തരത്തില്‍ സമൂഹത്തെ നിര്‍വചിക്കാനുള്ള ഭാഷകളാണ്. മുസ്‌ലിംകള്‍ സ്വയം സംസാരിക്കാന്‍ ശ്രമിക്കുന്ന ഭാഷയാണ് ഇസ്‌ലാമെന്നു ഒരു വശത്തുപറയാം. ആധിപത്യ/ മേൽകോയ്മ സാമൂഹിക, സാമ്പത്തിക ശക്തികള്‍ മുസ്‌ലിംകളെ വംശീയമായി നിര്‍വചിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ഭാഷയാണ് ഇസ്‌ലാമോഫോബിയ.
തീര്‍ച്ചയായും ഇസ്ലാമോഫോബിയ എന്ന മുസ്ലിം വിരുദ്ധ വംശീയതക്കു പിന്നില്‍ നിരവധി സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ആധിപത്യ/ മേൽകോയ്മ താല്‍പര്യങ്ങളുണ്ട്. ജാതിപരവും ലിംഗപരവും സാമുദായികവും ദേശീയപരവും ഭരണകൂടപരവും മതപരവും സാമ്പത്തികപരവും ചരിത്രപരവും ആയ അനേകം ഘടകങ്ങളും ഉണ്ടാകാം. ഇന്ത്യപോലുള്ള ദേശരാഷ്ട്രക്രമത്തില്‍ ഭൂരിപക്ഷ ജാതി ഹിന്ദു ആധിപത്യമായും ആഗോളക്രമത്തില്‍ സാമ്രാജ്യത്വതാല്‍പര്യങ്ങളോട് ചേര്‍ന്നുനിന്നും നിരവധി കാരണങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നമുക്ക് കണ്ടെത്താമെങ്കിലും ഇസ്‌ലാമോഫോബിയ പ്രാഥമികമായി സ്വയംനിര്‍ണയവകാശ നിഷേധത്തിന്റെ പ്രശ്‌നമാണ്, ഒപ്പം വംശീയതയിലൂടെ സവിശേഷമായ തരത്തില്‍ മുസ്‌ലിംകളെ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയുമാണ്. തങ്ങളുടെ വ്യത്യാസത്തെ നിര്‍ണയിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ ഇല്ലാതാക്കലുമാണ് ഇത്. ഇസ്ലാമോഫോബിയയുടെ വിവിധ കാരണങ്ങള് ഈ സ്വയം നിരണയവകാശ നിഷേധമെന്ന വംശീയതയെ നിരന്തരം ഉറപ്പിക്കുന്നു.

വംശീയത പ്രാഥമികമായും ഒരു സാമൂഹിക/ രാഷ്ട്രീയ വിഭാഗത്തിന്റെ സ്വയം നിരണയവകാശ നിഷേധമാണ്. ഇൻഡ്യൻ സാഹചര്യത്തില് മുസ്ലിംസംഘാടനത്തോടുള്ള വിയോജിപ്പാണ് മുസ്ലിം സ്വയം നിർണയവകാശ നിഷേധത്തിന്റെ മൂർത്ത രൂപം. സ്വയം സംഘടിക്കാനും പ്രവർത്തിക്കാനുമുള്ള മുസ്ലിംകളുടെ അവകാശത്തെ നിഷേധിക്കുന്ന ഒരു കാഴ്ചപ്പാട് വ്യവസ്ഥാപരമായി തന്നെ ഇൻഡ്യൻ ദേശീയതയുടെ പ്രബല മാതൃകകളിലുണ്ട്. മുസ്ലിം ന്യൂനപക്ഷ സംഘാടനത്തെ വർഗീയതയായും മതേതര/ ദേശീയതതയുടെ വ്യതിയാനുമായയും കാണുന്ന വിശകലന മാതൃകക്ക് പലപ്പോഴും ഇസ്ലാമോഫോബിയയയെ അഭീമുഖീകരിക്കാന് കഴിയാത്തത്തിന്റെ കാരണവും ഇതാണ്. മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന വിവേചനത്തെയും ബഹിഷ്കരണത്തെയും മുൻവിധികളെയും വിദ്വേഷ ആക്രമണങ്ങളെയും മുസ്ലിംങ്ങളുടെ സ്വയം സംഘാടന നിഷേധത്തിന്റെ പ്രശ്നമായികൂടി കാണുമ്പോള് മാത്രമാണ് ഇൻഡ്യൻ സാഹചര്യത്തില് ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള വിശകലനങ്ങള് പൂർത്തിയാകുകയുള്ളൂ.