Indian Islamophobia

അടിയന്തിരാവസ്ഥയും ഇന്ത്യന്‍ മുസ്‌ലിംകളും

അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള (1975-1977) പഠനങ്ങളില്‍ രണ്ടു പ്രധാന ധാരകളാണ് ഉള്ളത്. ഉമ വാസുദേവ്, കാതറിന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ ധാരയാണ് ആദ്യത്തേത്. ഗ്യാന്‍ പ്രകാശിനെപ്പോലുള്ള എഴുത്തുകാരാണ് രണ്ടാമത്തെ ധാരയില്‍ ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗം അടിയന്തരാവസ്ഥയെക്കുറിച്ച് പരമ്പരാഗത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യവാസനയും വ്യക്തിപരമായ പരിഭ്രാന്തിയുമായി ബന്ധപ്പെടുത്തുന്നു. രണ്ടാമത്തെ പക്ഷക്കാര്‍ അടിയന്തിരാവസ്ഥയെ വെറും വ്യക്തിനിഷ്ഠമായ തീരുമാനമായി കാണുന്നതിനു പകരം, ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തുന്നു.

2018ല്‍ ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കിള്‍: ഇന്ദിര ഗാന്ധി ആന്റ് ഡെമോക്‌സിസ് ടേണിംഗ് പോയിന്റ്’ നല്‍കുന്ന വീക്ഷണപ്രകാരം അടിയന്തിരാവസ്ഥ ജനാധിപത്യത്തിലെ ഒരു ഹ്രസ്വകാല വ്യതിയാനമല്ല. മറിച്ച് സാമൂഹികഘടനാപരമായ വൈരുദ്ധ്യങ്ങളുടെ പരിണതഫലമാണ്. പരമ്പരാഗത വീക്ഷണത്തെ പൂര്‍ണമായി തള്ളുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വ്യാപകമായ അസമത്വവും സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ജനകീയ ഇച്ഛയും തമ്മിലുള്ള സംഘര്‍ഷമാണ് അടിയന്തിരാവസ്ഥയുടെ മൂലകാരണം. ജനകീയ ഇച്ഛയുടെ പ്രകാശനത്തോടുള്ള ഭരണവര്‍ഗത്തിന്റെ തിരിച്ചടിയുമാണിത്. ഇന്ദിരയുടെ വ്യക്തിത്വത്തിനപ്പുറം സാമൂഹികസാമ്പത്തിക അസന്തുലനങ്ങള്‍, അധികാര വികേന്ദ്രീകരണത്തിന്റെ അഭാവം, ജനാധിപത്യ സ്ഥാപനങ്ങളുടെ ദൗര്‍ബല്യം എന്നിവയാണ് അടിയന്തിരാവസ്ഥയിലേക്ക് നയിച്ചത്. ഈ കാഴ്ചപ്പാട് ഇന്ത്യന്‍ ജനാധിപത്യത്തിലെ ആഴത്തിലുള്ള വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുന്നതിനാല്‍ ഇന്നും പ്രസക്തമാണ്.
ഇന്ത്യയിലെ വിവിധ സാമൂഹികവിഭാഗങ്ങളെ അടിയന്തിരാവസ്ഥ എങ്ങനെ ബാധിച്ചുവെന്ന് ഈ പഠനങ്ങളൊന്നും പറയുന്നില്ല.

 

മറ്റൊരു പ്രധാന എഴുത്തുകാരനായ ക്രിസ്റ്റോഫ് ജാഫ്രലോയും പ്രതിവ് അനിലും ചേര്‍ന്നെഴുതിയ ‘ഇന്ത്യാസ് ഫസ്റ്റ് ഡിക്‌ടേറ്റര്‍ഷിപ്: എമര്‍ജന്‍സി, 1975-1977’ (ഓക്‌സ്ഫഡ് യൂ. സിറ്റി പ്രസ്, 2020) എന്ന പുസ്തകവും ഈ പൊതു ഒഴുക്കില്‍ നിന്നു വ്യത്യസ്തമല്ല. ഈ പുസ്തകത്തിന്റെ അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള വ്യാഖ്യാനം, ഇന്ദിരയുടെ ‘ഏകാധിപത്യ സ്വഭാവം’ എന്നതിനും സഞ്ജയ് ഗാന്ധിയുടെ ‘സുല്‍ത്താനിസം’ എന്നതിനും അപ്പുറത്തേക്ക് കാര്യമായി നീങ്ങുന്നില്ല. എങ്കിലും ഇവര്‍ നല്‍കുന്ന അടിയന്തിരാവസ്ഥയിലെ മുസ്‌ലിം ന്യൂനപക്ഷാനുഭവം പ്രത്യേകമായി എടുത്തു പരിശോധിക്കേണ്ടതാണ്.

മുസ്‌ലിം വാര്‍പ്പു മാതൃകകള്‍

അടിയന്തിരാവസ്ഥ ചുരുങ്ങിയത് മൂന്നു മുസ്‌ലിം വാര്‍പ്പു മാതൃകകളെങ്കിലും സൃഷ്ടിച്ചു. ക്രിസ്റ്റോഫ് ജാഫ്രലോയുടെ പുസ്തകം മൂന്നു സൂചനകളിലൂടെയാണ് ഈ അനുഭവം വിശദീകരിക്കുന്നത്. ഒന്ന്, മതേതരവാദികളുടെ സമീകരണ യുക്തി. രണ്ട്, പൊതുബോധത്തിലെ കള്ളക്കടത്തു വാര്‍പ്പു മാതൃക. മൂന്ന്, ദേശീയവാദികളുടെ ജനസംഖ്യാ ഭീതി. പില്‍ക്കാല ഇസ്‌ലാമോഫോബിയയുടെ ആഖ്യാന പരിസരം നിര്‍മിക്കുന്ന സംഭവങ്ങളുമാണിത്.

സമീകരണ യുക്തി

അടിയന്തിരാവസ്ഥക്കാലത്ത് വിവിധ പ്രതിപക്ഷ സംഘടനകളെ ഇന്ദിരാഗാന്ധി നിരോധിച്ചു. ആര്‍എസ്എസാണ് നിരോധിക്കപ്പെട്ട ഒരു പ്രധാന സംഘടന. ആര്‍എസ്എസിനെതിരേ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭരണകൂട നീക്കവുമായിരുന്നു അത്. മറ്റൊന്ന് ജമാഅത്തെ ഇസ്‌ലാമിയാണ്. ജമാഅത്തെ ഇസ്‌ലാമിയെ എന്തിനു നിരോധിച്ചുവെന്ന ചോദ്യം ഈ പുസ്തകം പരിശോധിക്കുന്നുണ്ട് (പേജ് 46-47). ആര്‍എസ്എസുമായി താരതമ്യം ചെയ്യുമ്പോള്‍, ജമാഅത്തെ ഇസ്‌ലാമി കുറച്ചു മാത്രം അംഗങ്ങളുള്ള ചെറിയ സംഘടനയാണ്. രാജ്യത്ത് നാമമാത്ര സാന്നിധ്യമേയുള്ളൂ (പേജ് 46-47). ഇന്ത്യന്‍ ധൈഷണിക ജീവിതത്തില്‍ ഈ സംഘടനയ്ക്ക് വലിയ സ്വാധീനമൊന്നുമില്ലായിരുന്നു. അന്ന് 20-30 ലക്ഷം പേര്‍ അണിനിരന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ജമാഅത്തെ ഇസ്‌ലാമിയില്‍ അക്കാലത്ത് 2,831 മെമ്പര്‍മാരേയുള്ളൂ (എക്കണോമിസ്റ്റ്, 24 ജനുവരി 1976). ആര്‍എസ്എസിന് തുല്യത കണ്ടെത്താനുള്ള ‘സെക്കുലര്‍’ നിലപാടായിരുന്നു അതെന്നാണ് ക്രിസ്റ്റോഫ് ജാഫ്രലോ നല്‍കുന്ന ഉത്തരം. അതായത് ഹിന്ദു സംഘടനകള്‍ക്കൊപ്പം മുസ്‌ലിം സംഘടനകളെയും നിരോധിക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെ ഒരു കാരണം ഭരണകൂടത്തിന്റെ മതേതര ‘നിഷ്പക്ഷത’ എന്ന വീക്ഷണമാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ സവിശേഷതകളിലേക്ക് ഈ നടപടി വെളിച്ചം വീശുന്നു. ഈ സമീകരണ യുക്തി ഒരു ആശയ വ്യവസ്ഥയായി പില്‍ക്കാല ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു.

കള്ളക്കടത്ത് വാര്‍പ്പുമാതൃക

അഴിമതിയായിരുന്നു അക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന മറ്റൊരു പ്രശ്‌നം. ദരിദ്രരാണ് അഴിമതിയുടെ ആദ്യ ഇരകളെന്ന് കരുതപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടം ദാരിദ്ര്യ നിര്‍മാര്‍ജനവുമായാണ് ബന്ധപ്പെടുത്തിയത്. ഇന്ദിരാ ഗാന്ധിയുടെ ഇരുപതിന പരിപാടി ഇത്തരം ഘടകങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു. അഴിമതി തുടച്ചുനീക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് ശക്തമായ ഒരു ഭരണകൂടം ആവശ്യമായിരുന്നു. അക്കാലത്ത് ധനകാര്യ സഹമന്ത്രിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി, തന്റെ ഓര്‍മക്കുറിപ്പുകളില്‍, അടിയന്തിരാവസ്ഥയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടി ‘വീട് ക്രമീകരിക്കുന്ന’ ഒരു മാര്‍ഗമായാണ് വിലയിരുത്തിയത്. ഇതിനായി, വിദേശനാണ്യ സംരക്ഷണവും കള്ളക്കടത്ത് തടയലും സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുകയും കള്ളക്കടത്തുകാര്‍ക്കും വിദേശനാണ്യ കൃത്രിമക്കാര്‍ക്കും (സ്വത്ത് കണ്ടുകെട്ടല്‍) എതിരേ നിയമം പാസ്സാക്കുകയും ചെയ്തു.

കള്ളക്കടത്ത് ദീര്‍ഘകാലമായി ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വലിയ പ്രശ്‌നമായിരുന്നു. അതിന്റെ ധാര്‍മിക വശം മാത്രമല്ല, സാമ്പത്തിക അച്ചടക്കവും അവര്‍ പ്രധാനമായി കണ്ടു. കുറഞ്ഞ സ്വര്‍ണ ഉപയോഗവും പാശ്ചാത്യ ഉപഭോഗ സംസ്‌കാരത്തിന്റെ ചെറുത്തുനില്‍പ്പും പൗരന്‍മാരെ കൂടുതല്‍ സാമ്പത്തിക മിച്ചമുള്ളവരാക്കുമെന്ന് രാജ്യത്തിന്റെ ആസൂത്രകര്‍ വിശ്വസിച്ചിരുന്നു.
എന്നാല്‍, ഈ നയം നടപ്പാക്കുന്നതിലെ മുന്‍ഗണനകളെക്കുറിച്ച് അത്ര വ്യക്തമല്ല.

ഉദാഹരണത്തിന്, 1974 സപ്തംബറില്‍, കള്ളക്കടത്തിനെതിരേ അതിശക്തമായി പ്രവര്‍ത്തിച്ച മന്ത്രി കെ ആര്‍ ഗണേഷിനെ ഇന്ദിരാ ഗാന്ധി മന്ത്രിസഭയില്‍ നിന്ന് നീക്കി. അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ആദായനികുതി വകുപ്പിലെ അന്വേഷണ ഡയറക്ടര്‍ വി വി ബദാമിയെ ഡിപ്രമോട്ട് ചെയ്ത് മദ്രാസിലേക്ക് അയച്ചു. ബന്‍സിലാലിനോട് അടുപ്പമുള്ള ജിന്ദാള്‍ കുടുംബം കള്ളക്കടത്തില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായിരുന്നു കാരണം. എല്ലാ കള്ളക്കടത്തുകാരും ഇന്ദിരയ്ക്ക് ശല്യമായിരുന്നില്ല; ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു പ്രശ്‌നം.
അടിയന്തിരാവസ്ഥയിലെ കള്ളക്കടത്തിനെതിരായ നടപടികളുടെ ലക്ഷ്യം പ്രധാനമായും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് എതിരാളികളുടെ ഫണ്ടിങ് തടയലായിരുന്നു.

ഉദാഹരണത്തിന്, കേരളത്തില്‍, മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുന്ന മാപ്പിള മുസ്‌ലിംകളായിരുന്നു പ്രധാന ലക്ഷ്യം (അതേ പുസ്തകം, പേജ് 83). യഥാര്‍ത്ഥത്തില്‍ കേരളത്തിലെ സാധാരണക്കാരായ ഗള്‍ഫുകാരെ വേട്ടയാടുന്ന പ്രവണത വ്യാപിച്ചതും കള്ളക്കടത്ത് സമം മുസ്‌ലിം എന്ന വാര്‍പ്പു മാതൃക സൃഷ്ടിക്കാനും അടിയന്തിരാവസ്ഥയ്ക്കു മുമ്പും ശേഷവുമുള്ള ഇന്ദിരാ ഗാന്ധിയുടെ നടപടികള്‍ കാരണമായിട്ടുണ്ട്. മറ്റു ചില സന്ദര്‍ഭങ്ങളില്‍, കള്ളക്കടത്തിനെതിരായ പോരാട്ടം, രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള രഹസ്യ കരാറുകളെ മറയ്ക്കുന്ന ഒരു മുഖംമൂടി മാത്രമായിരുന്നു. കരാര്‍ പാളിയാല്‍ വ്യവസായികളെ കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന ഭീഷണി ഉപയോഗിച്ച് രാഷ്ട്രീയ നിയന്ത്രണം ഉറപ്പാക്കി. എങ്കിലും കേരളത്തിലടക്കം ഇന്നും തുടരുന്ന ഒരു പൊതു രാഷ്ട്രീയ വാര്‍പ്പുമാതൃകയായി അതു മാറി.

ജനസംഖ്യാഭീതി

1976 ഏപ്രില്‍ 18ന് ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റ് പ്രദേശത്തെ സംഭവങ്ങള്‍ ഇന്നും പലരുടെയും ഓര്‍മകളിലുണ്ട്. അക്കാലത്താണ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ചേരികള്‍ നീക്കം ചെയ്യാനും ദരിദ്രരെ നഗരത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ഒരു ‘നഗരസൗന്ദര്യവല്‍ക്കരണ’ പദ്ധതി ആരംഭിച്ചത്. 1976 ഏപ്രില്‍ 13ന് ബുള്‍ഡോസറുകള്‍ തുര്‍ക്ക്മാന്‍ ഗേറ്റില്‍ എത്തി. വീടുകളും അനധികൃത നിര്‍മിതികളും പൊളിക്കാന്‍ തുടങ്ങി. മുഗള്‍ കാലം മുതല്‍ ആ പ്രദേശത്ത് താമസിച്ചിരുന്ന തുര്‍ക്ക്മാന്‍ ഗേറ്റിലെ താമസക്കാര്‍, തങ്ങളുടെ വീടുകള്‍ പൊളിക്കുന്നതിനെ എതിര്‍ത്തു. നാട്ടുകാര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, തെരുവില്‍ ഇറങ്ങി. കാരണം ദൂരെയുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നാല്‍, ജീവനോപാധിക്കായി ഉയര്‍ന്ന ബസ് ചാര്‍ജ് നല്‍കി ദിവസവും നഗരത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുമായിരുന്നു.

 

സഞ്ജയ് ഗാന്ധിയുടെ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി, തുര്‍ക്ക്മാന്‍ ഗേറ്റിനടുത്തുള്ള ദുജന ഹൗസില്‍ നിര്‍ബന്ധിത വന്ധ്യംകരണ ക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടു. റുക്‌സാന സുല്‍ത്താന എന്ന സാമൂഹിക പ്രവര്‍ത്തക, പ്രദേശവാസികളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, പണവും മറ്റ് പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്ത് വന്ധ്യംകരണത്തിന് പ്രേരിപ്പിച്ചു. ഏപ്രില്‍ 18ന്, പ്രതിഷേധക്കാര്‍, പ്രത്യേകിച്ച് ഫൈസ്ഇഇലാഹി മോസ്‌കിന് സമീപം, ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നിര്‍മിതിക്കു മുകളില്‍ ഇരുന്ന് പ്രതിഷേധിച്ചു. പോലിസ് ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, വെടിവയ്പ് എന്നിവ നടത്തി. ഔദ്യോഗികമായി ആറ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തതെങ്കിലും 400ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. ബുള്‍ഡോസറുകള്‍ പ്രതിഷേധക്കാരെ ഇടിച്ചുമറിച്ചതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അടിയന്തിരാവസ്ഥയിലെ സെന്‍സര്‍ഷിപ്പ് മൂലം, ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കൂട്ടക്കൊലകള്‍ റിപോര്‍ട്ട് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. ബിബിസി പോലുള്ള വിദേശ മാധ്യമങ്ങളിലൂടെയാണ് ജനങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞത്. പ്രദേശത്തെ മുസ്‌ലിം ഭൂരിപക്ഷത്തെ (തുര്‍ക്ക്മാന്‍ ഗേറ്റിന്റെ മുസ്‌ലിംആധിപത്യമുള്ള പ്രദേശം) ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സയ്യിദ് മുഹമ്മദ് ഷഹാബുദ്ദീനെ പോലുള്ളവര്‍, സഞ്ജയ് ഗാന്ധി ‘മുസ്‌ലിം വീടുകള്‍ മാത്രം’ പൊളിക്കാന്‍ ഉത്തരവിട്ടതായി വാദിച്ചു.

ഭരണകൂടം നിര്‍ബന്ധിത വന്ധ്യംകരണത്തിലേക്ക് തിരിഞ്ഞത് ആദ്യമായിട്ടായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ ‘അനഭിലഷണീയരെ’ ഇല്ലാതാക്കി ജനസംഖ്യാ വളര്‍ച്ച കുറയ്ക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചിരുന്നു. സഞ്ജയ് ഗാന്ധിയുടെ പ്രവര്‍ത്തനത്തിന്റെ പുതുമ, പ്രോഗ്രാമിന്റെ വന്‍തോതിലുള്ള നടത്തിപ്പിലും, നയം പ്രചരിപ്പിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉപയോഗത്തിലും, ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പൗരന്‍മാര്‍ക്ക് കൈമാറ്റം ചെയ്തതിലുമാണ്.

1930കളില്‍ തന്നെ കോണ്‍ഗ്രസ് ജനസംഖ്യാ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നതാണ് ചരിത്രം. ഇവ കേവലം മാല്‍ത്തൂസിയന്‍ ഭയങ്ങളായിരുന്നില്ല. അതായത്, ഉല്‍പ്പാദനം കുറഞ്ഞ സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ ആളുകള്‍ ജനിക്കുന്നതല്ല പ്രശ്‌നമായിക്കണ്ടത്. മറിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രചാരത്തിലാക്കിയ വംശീയ ശാസ്ത്രത്തിന്റെ (റെയ്‌സ് സയന്‍സ്) സ്വാധീനത്താലായിരുന്നു. ഈ ആശയങ്ങള്‍ ആന്തരവല്‍ക്കരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചിന്തകളില്‍ യൂജനിക്‌സിന്റെ ഒരു ഘടകം ഉണ്ടായിരുന്നു. 1947ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനസംഖ്യാ ഉപസമിതി, ‘മിസ്‌പോപ്പുലേഷന്‍’ മൂലം രാജ്യത്തിന്റെ ‘വംശീയ ഘടനയില്‍’ ‘ക്ഷയം’ സംഭവിക്കുന്നതിനെക്കുറിച്ച് ഭയം പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളും താഴ്ന്ന ജാതികളും വളരെ വേഗം വര്‍ധിക്കുന്നതിനെയാണ് അവര്‍ പ്രശ്‌നമായി കണ്ടത്. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, ഇത്തരം ആശങ്കകള്‍ ഇത്ര വ്യക്തമായി ഒരിക്കലും പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. വസ്തുത ഇതായിരിക്കെത്തന്നെ ദലിതരും മുസ്‌ലിംകളും ഈ നയത്തിന്റെ എക്കാലത്തെയും ഇരകളായിരുന്നു (പേജ്144-145)വെന്നാണ് ഇന്ത്യയുടെ ചരിത്രം പറയുന്നത്.

നിയമപരമായ അടിയന്തരാവസ്ഥ പിന്‍വലിച്ചുകഴിഞ്ഞിട്ടും ഇത്തരം ഘടകങ്ങള്‍ ഇന്നും ഭരണകൂടത്തിന്റെ പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമാണെന്ന് കാണാം. അടിയന്തിരാവസ്ഥയുടെ എതിരാളികള്‍ വരെ അതിന്റെ ഉപഭോക്താക്കളായി മാറി. മുസ്‌ലിം സംഘടനകളെയും സംഘപരിവാറിനെയും സമീകരിക്കുന്ന പ്രവണതകളും കള്ളക്കടത്തു വാര്‍പ്പുമാതൃകയും ജനസംഖ്യാ ഭീതിയും ഇന്നും നമ്മുടെ പൊതു ഭാവനയില്‍ ശക്തമായി തുടരുന്നു. അടിയന്തിരാവസ്ഥ ബലം നല്‍കിയ ഇസ്‌ലാമോഫോബിക് ഘടനയാണിത്.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)