ഇസ്‌ലാമോഫോബിയ തുറന്ന വിദ്വേഷപ്രസംഗങ്ങളായോ വ്യക്തമായ ആക്രമണങ്ങളായോമാത്രമല്ല പ്രത്യക്ഷപ്പെടുക. പലപ്പോഴുമത് ‘നിഷ്പക്ഷ’ വാക്കുകളിലൂടെയും ‘യുക്തിപരമായ’ അഭിപ്രായങ്ങളിലൂടെയും ‘സാധാരണ’ സാമൂഹിക സംഭാഷണങ്ങളിലൂടെയുമൊക്കെ തികച്ചും ‘സ്വാഭാവികമായി’ പ്രകടിപ്പിക്കപ്പെടും. ഇത്തരം ഭാഷാരൂപങ്ങളുടെ പ്രയോഗം മുസ്‌ലിംകളെ നേരിട്ടു ലക്ഷ്യമിടുന്നില്ലെന്ന ഭാവത്തിലാകും. പക്ഷേ, മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിലാക്കിയും അവരോട് സാമൂഹികാകലം സൃഷ്ടിച്ചും അവർക്കുമേൽ നിയന്ത്രണം അടിച്ചേല്പിച്ചും അവരുടെ കർത്തൃത്വം നിരസിച്ചുമൊക്കെ അവ പ്രവർത്തിക്കുന്നു.
‘നിശ്ശബ്ദ ഭൂരിപക്ഷം’, ‘ചില തീവ്രവിഭാഗങ്ങൾ’, ‘ആധുനിക സമൂഹം’, ‘ഞാൻ സംഘിയല്ല, പക്ഷേ….’, ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, പക്ഷേ……’, ‘അവർ ചെറിയ വിഭാഗമാണ്, പക്ഷേ ’, ‘മുസ്‌ലിം സുഹൃത്തുക്കളുണ്ട് ‘ എന്നീ 7 പ്രയോഗങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കപ്പെടുമ്പോഴും, അവയ്ക്ക് പൊതുവായൊരു ഭാഷാപ്രവർത്തനമുണ്ട്. അവ മുസ്‌ലിംകളെ വ്യക്തികളായും സാമൂഹിക കൂട്ടായ്മകളായുമെല്ലാം കാണുന്നതിന് പകരം, നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും പരിഷ്കരണത്തിന്റെയുമൊക്കെ ആവശ്യകതയുള്ള ‘വസ്തു’ക്കളാക്കിയവതരിപ്പിക്കും. സാമൂഹികവും മാധ്യമപരവുമായ പൊതുചർച്ചകളിൽ പതിവായാവർത്തിക്കപ്പെട്ടുകൊണ്ട് ഇത്തരം ഭാഷാപ്രയോഗങ്ങൾ ഇസ്‌ലാമോഫോബിയയെ സർവ്വസാധാരണമാക്കുന്നു.
രണ്ടായിരത്തിയിരുപത്തിനാല്-രണ്ടായിരത്തിയിരുപത്തിയാറ് വർഷക്കാലത്ത് മലയാള മാധ്യമങ്ങളിൽ ആവർത്തിച്ചുകണ്ട മലയാള ഭാഷാരൂപങ്ങളാണിവ. സാമൂഹികവിശകലനങ്ങളിലും മാധ്യമാഭിപ്രായങ്ങളിലും ചില പ്രമുഖർ പറഞ്ഞതുമെഴുതിയതുമാണിതൊക്കെ. അവരുടെ പേരോ റഫറൻസോ ഒന്നും ഇവിടെ പ്രസക്തമല്ല; അതിനാലവ നല്കുന്നുമില്ല. കാരണം, അതുപയോഗിക്കുന്നവർപോലും ഒരൊഴുക്കിൻ്റെയും വഴക്കമുള്ള സാമാന്യബോധത്തിന്റെയുമൊക്കെ ഭാഗമായാണ് ഈ ഭാഷാരൂപങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മറ്റുസാഹചര്യങ്ങളിലും പൊതുവായിത്തരം ഭാഷാരൂപങ്ങൾ പ്രയോഗിക്കപ്പെടുന്നതിനാൽ വ്യക്തിഗത സൂചനകൾക്കപ്പുറം പ്രസക്തിയും പ്രാധാന്യവുമിതിനുണ്ട്.
ഏഴ് ഇസ്‌ലാമോഫോബിക് ഭാഷാരൂപങ്ങളെ അടയാളപ്പെടുത്തുകയും അവയെങ്ങനെ മുസ്‌ലിം വശീയതയുടെ സൂക്ഷ്മഘടനകളാകുന്നുവെന്നത് ഈ കുറിപ്പ് വിശദീകരിക്കുന്നു. പൊതുചർച്ചകളിൽ തികച്ചും സ്വാഭാവികമായി ഉപയോഗിക്കുന്ന ഈ വാക്കുകൾക്ക് പിന്നിലുള്ള സാമൂഹിക-രാഷ്ട്രീയ അർത്ഥങ്ങൾ വ്യക്തമാക്കുകയാണ് ലക്ഷ്യം. ഇത്തരം ഭാഷാരൂപങ്ങൾ തിരിച്ചറിയുകയെന്നത്, ഇസ്‌ലാമോഫോബിയയെ കേവലഭീതി എന്നതിലുപരി ഘടനാപരമായ പ്രക്രിയയായി മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ്.
1) “എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല!”
മുസ്‌ലിംകളെ പൊതുവായി കുറ്റപ്പെടുത്തുന്ന ചില കാഴ്ചപ്പാടുകൾ തിരുത്താൻ ഉപയോഗിക്കുന്ന ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല’ എന്ന വാചകം പ്രഥമദൃഷ്ട്യാ പ്രതിരോധാത്മകമായി തോന്നാം.
പക്ഷേ, സൂക്ഷ്മാർത്ഥത്തിൽ ഈ വാചകത്തിന്റെ ഘടനതന്നെ ഒരു ഇസ്‌ലാമോഫോബിക് മുൻധാരണയെ പ്രതിഫലിപ്പിക്കുന്നതാണ്, മുസ്‌ലിംകളെ സംശയനിഴലിലാക്കുന്നതാണീ വാക്യം. ‘എല്ലാവരും അല്ല’ എന്ന് പറയുമ്പോൾ, ‘ചിലർ ആയിരിക്കാം’ എന്ന സൂചനയുണ്ടിതിൽ. ഇവിടെ, ‘തീവ്രവാദ’ ആരോപണത്തിനു നിത്യമെന്നോണം വിശദീകരണം നല്കാൻ ബാധ്യതപ്പെട്ടൊരു സമുദായമാകുന്നു അവർ. ഈ ഭാഷാവ്യവഹാരത്തിന്റെ പ്രയോഗം ‘സംരക്ഷണാത്മക’മാണെങ്കിലും മുസ്‌ലിംകളൊന്നാകെ അവിശ്വാസത്തിന്റെ സ്ഥിരം പശ്ചാത്തലത്തിൽ നിലനിറുത്തപ്പെടുകയാണിതിലൂടെ.
ആഫ്രോ-അമേരിക്കൻ പഠനങ്ങൾ (ഖലീൽ ജിബ്രാൻ മുഹമ്മദ് 2011) ഉയർത്തുന്നൊരു പ്രധാന വാദംതന്നെ ‘എല്ലാ കറുത്തവരും കുറ്റവാളികളല്ല’ എന്ന് പറയേണ്ടിവരുന്ന സാമൂഹികസാഹചര്യത്തിൽത്തന്നെ കറുത്ത ശരീരം കുറ്റകൃത്യവുമായി മുൻകൂട്ടി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നതാണ്. ഇവിടെ കുറ്റം വ്യക്തിയുടെ പ്രവൃത്തിയല്ല; മറിച്ച് സാമൂഹികമായ തിരിച്ചറിവിന്റെതാണ്. ഇത് തുറന്ന വംശീയതയല്ല; മറിച്ച് പരോക്ഷ വംശീയതയാണ്.
‘പ്രശ്നക്കാരായ മുസ്‌ലിം’ എന്ന തിരിച്ചറിയലിലൂടെ നേരിട്ട് ഒരാൾ കുറ്റവാളിയാക്കപ്പെടുന്നില്ലെങ്കിലും, സുരക്ഷ, ഭീഷണി, ഭയം എന്നീ സൂചനകൾ നല്കുന്ന ഭാഷകളിലൂടെ അവരെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയരാക്കും. പൊതുവായി പറഞ്ഞാൽ, ചില ശരീരങ്ങൾ കുറ്റം ചെയ്തതിനാലല്ല കുറ്റവാളികളാക്കപ്പെടുക; മറിച്ച് സാമൂഹികക്രമം അവയെ കുറ്റംചെയ്യാൻ സാധ്യതയുള്ളവയായി മുൻകൂട്ടി കണക്കാക്കുന്നതിനാലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെടുംമുമ്പേതന്നെ ഇവിടെ ‘സ്ഥാപിതമായ സംശയം’ നിലവിലുണ്ട്.
ഇതിലൂടെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനഘടന വ്യക്തമാകുന്നു. മുസ്‌ലിംകളെ വ്യക്തികളായി കാണുന്നതിന് പകരം, ഒരു ‘റിസ്ക് ഗ്രൂപ്പ്’ ആയി കാണുന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രവർത്തിക്കുന്നത്. അതിനാൽ ‘എല്ലാവരുമല്ല’ എന്ന വിശദീകരണം ഇസ്‌ലാമോഫോബിയയെ ചോദ്യംചെയ്യുന്നതല്ല; മറിച്ച് അതിനെ സാധാരണമാക്കുന്ന ഭാഷാപ്രവർത്തനമായി മാറുന്നു. ഒരു സമൂഹത്തെ ‘റിസ്‌ക് ഗ്രൂപ്പ്’ ആയി കാണുന്നതിന്റെ പ്രധാന പ്രശ്നം, വ്യക്തിപരമായ വ്യത്യാസങ്ങൾ പരിഗണിക്കാതെ മുഴുവൻ സമൂഹത്തെയും കൂട്ടസംശയത്തിന്റെ നിഴലിലാക്കുന്നു എന്നതാണ്. ഇവിടെ, തികച്ചും വ്യക്തിഗതമായ പ്രവൃത്തികളുടെ ബാധ്യത അവരുടെ സമുദായം പേറേണ്ടിവരും. ‘പ്രശ്നക്കാരുടെ കൂട്ടത്തിലെ’ വെറും അംഗത്വംമാത്രമാകും ഇതിനു കാരണമെന്നതാണ് ഇതിലെ വിഷമസന്ധി.
2) “ചില തീവ്രവിഭാഗങ്ങൾ.”
മാധ്യമപ്രവർത്തകരും ചില നിരീക്ഷകരും ഏറെയുദാസീനമായുപയോഗിക്കുന്ന മറ്റൊരു പദാവലിയാണ് ‘ചില തീവ്രവിഭാഗങ്ങൾ’. ആരെക്കുറിച്ചാണു പറയുന്നതെന്ന സൂചനപോലുമില്ലാതെ ഇതാവർത്തിക്കുന്നതു കാണാം. ഒപ്പം ഉത്തരവാദിത്വമില്ലാതെ സംസാരിക്കാനും ഈ പ്രയോഗം സഹായിക്കുന്നു.
‘തീവ്ര വിഭാഗങ്ങൾ’ എന്നത് വ്യക്തമായ തിരിച്ചറിയൽ ലഭ്യമാകാത്ത, പൊതുവായൊരു സൂചനയാണ്. ഇത്, ആരെയൊക്കെപ്പറ്റിയാണെന്നത് വ്യക്തമാക്കാതെ, വിദൂരവും ദുരൂഹവുമായ വ്യവഹാരമണ്ഡലം സൃഷ്ടിക്കുന്നു. ഇവിടെ, വിദ്വേഷത്തിൻ്റെ നേരിട്ടുള്ളയാവിഷ്കാരമില്ല; സ്ഥാനമാറ്റമാണ് നടക്കുക. വിദൂരമാക്കിയാണിതു സാധ്യമാക്കുന്നത്. വംശീയതയുടെ ശക്തിതന്നെയിത്തരം കോഡിങ്ങുകളാണ്.
‘കോഡഡ് വംശീയത’ എന്നയാശയം ഏറെ വ്യക്തമായി വികസിപ്പിച്ചത് സ്റ്റുവർട്ട് ഹാളാണ് (1981). അദ്ദേഹത്തിന്റെ വാദം, വംശീയത പലപ്പോഴും വ്യക്തവും സുതാര്യമായതുമായ ഭാഷരൂപത്തിൽ പ്രകടമാക്കാതെ; സൂചനാപരമായ വാക്കുകളും ദുരൂഹമായ അർത്ഥസൂചനകളും ഉപയോഗിക്കുന്ന കോഡുഭാഷയിലൂടെയാണു സംവദിക്കുന്നതെന്നാണ്.
ഇസ്‌ലാമോഫോബിയപോലുള്ള വംശീയ വിദ്വേഷങ്ങളെ വ്യക്തികളുടെ വെറും വികാരപ്രകടനങ്ങളായിമാത്രം കാണാനാകില്ല. അത്, സമൂഹത്തിലും മാധ്യമങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ പതിഞ്ഞിരിക്കുന്ന സവിശേഷ വ്യവഹാരമായി പ്രവർത്തിക്കുന്നു. ഈ വ്യവഹാരരൂപം സ്ഥിരവുമല്ല; സാഹചര്യങ്ങൾക്കനുസരിച്ച് അത് രൂപംമാറി പുതുലക്ഷ്യങ്ങളെ കണ്ടെത്തും. അതിനായി അത് ഉപയോഗിക്കുന്ന ‘കോഡിങ്’ രീതികൾ ചിലപ്പോൾ വ്യക്തമായ പ്രയോഗങ്ങളായും ചിലപ്പോൾ സൗമ്യമായ സൂചനയായും പ്രത്യക്ഷപ്പെടും. എന്നാൽ, രണ്ടും ഒരേഘടനയുടെതന്നെ ഭാഗങ്ങളാണ് എന്നതാണ് ഏറെ പ്രധാനം.
3) “ഞാൻ സംഘിയല്ല, പക്ഷേ…”
ഇസ്‌ലാമോഫോബിക് നിലപാടുകൾ എടുക്കുന്നവർ വിമർശിക്കപ്പെട്ടാൽ, അവർ ‘ഞാൻ സംഘിയല്ല, പക്ഷേ…’ എന്ന് പറയുന്നത് പലപ്പോഴും കേൾക്കാറുണ്ട്. ഇതൊരു സാധാരണ പ്രതിരോധ ഭാഷാപ്രയോഗമാണ്.
‘ഞാൻ സംഘിയല്ല, പക്ഷേ…’ എന്ന് പറഞ്ഞുതുടങ്ങുന്നതുതന്നെ, തന്റെ വാദത്തിലെ ഇസ്‌ലാമോഫോബിക് ചേരുവകളുടെ ഉത്തരവാദിത്വം ‘കയ്യൊഴിയാനുള്ള’ മുൻകൂർ ശ്രമമാണ്. പക്ഷേ, ഈ ജാമ്യമെടുപ്പിനുശേഷം വരുന്ന വാചകങ്ങളും അതേ വംശീയധാരണകളെയും മുൻവിധികളെയുംതന്നെ ഉറപ്പിക്കുന്നതാകും. അതിനാലിതൊരു ‘ഉത്തരവാദിത്വ നിഷേധ അറിയിപ്പ്’ (ഡിസ്ക്ലൈമർ) ആയി വർത്തിച്ച്, വിമർശനങ്ങളിൽനിന്ന് രക്ഷപ്പെടാനും തന്റെ വാദത്തെ സാധൂകരിക്കാനും മുസ്‌ലിം വിരുദ്ധ വംശീയവാദിക്ക് വഴിയൊരുക്കും (ട്യൂൺ എ. വാൻ ഡൈക് 1992).
പലരും കരുതുന്നപോലെ ‘നല്ല ഉദ്ദേശം’ ഉണ്ടെന്ന് പറഞ്ഞാൽമാത്രം ഇസ്‌ലാമോഫോബിക് ധാരണകളൊഴിവാകില്ല. ഇത് ‘ഉദ്ദേശത്തിന്റെ’യെന്നതിനുപരി ‘ബോധപൂർവമായ പ്രവർത്തന’ത്തിന്റെ പ്രശ്നമാണ്. പലപ്പോഴും, വ്യക്തികൾ ഹിന്ദുത്വ വിരുദ്ധരാണെന്ന് സ്വയംകരുതിയാലും, ബോധപൂർവമായ പഠനവും സ്വയംപരിശീലനവുമില്ലെങ്കിൽ അവരറിയാതെതന്നെ ഇസ്‌ലാമോഫോബിക് ഭാഷയും ധാരണകളും ആവർത്തിച്ചു പ്രചരിപ്പിച്ചേക്കാം. ആയതിനാൽ, ഇത് വ്യക്തികളുടെ ഉദ്ദേശ്യത്തെക്കാൾ, അവരെ രൂപപ്പെടുത്തുന്ന ധാരണകൾ തിരിച്ചറിഞ്ഞ് ബോധപൂർവ്വം തിരുത്താനുള്ള ശ്രമവുമായി ബന്ധപ്പെട്ടതാണ്.
സംഘപരിവാർ/ഹിന്ദുത്വ വിരുദ്ധരും ഇസ്‌ലാമോഫോബിയ ‘ബോധപൂർവ്വം ഉപേക്ഷിക്കാൻ’ പ്രത്യേകം പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയ വീക്ഷണത്തിൽ ഇസ്‌ലാമോഫോബിയക്കെതിരായ പ്രതിരോധവും ഹിന്ദുത്വ വിരുദ്ധതയും സമാനതകളൂളളതാണെന്നു തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, ഇവരണ്ടും വേറെവേറെ പ്രശ്നങ്ങളാണ്. അതിനാൽത്തന്നെ, വ്യത്യസ്തമായി ഇവയെ കാണേണ്ടതുമാണ്. ഇത്തരം സങ്കീർണ്ണതകളെ മറികടക്കണമെങ്കിൽ ആവശ്യമായ ഗൃഹപാഠം നടത്തി സ്വയംപരിശീലനത്തിന് തയ്യാറാകണം. അപ്പോൾമാത്രമേ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഇസ്‌ലാമോഫോബിക് ധാരണകൾ തിരുത്താനാകൂ. അതിലൂടെമാത്രമേ, ഹിന്ദുത്വ/ഭരണകൂട ഭാഷ്യത്തിനപ്പുറം വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനുമാകൂ.
4) “അവരൊരു ചെറിയ വിഭാഗമാണ്; ഭീഷണിയല്ല!”
മുസ്‌ലിം പ്രസ്ഥാനങ്ങളെക്കുറിച്ച് പലരും ഓർമ്മപ്പെടുത്തുന്ന ശ്രദ്ധേയമായ കാര്യം ‘അവർ ഒരു ചെറിയ വിഭാഗമാണ്, ഭീഷണിയല്ല’ എന്നതാണ്.
ഇതുമൊരു സാധാരണ പ്രതിരോധ ഭാഷാപ്രയോഗമാണ്. എന്നാൽ, അവരിലൊരുവിഭാഗംതന്നെ തുടർച്ചയായി, ആ ചെറുവിഭാഗത്തെക്കുറിച്ച് സമൂഹത്തിൽ സംശയവും ഭീതിയും സൃഷ്ടിക്കുംവിധം സംസാരിക്കുമെന്നതാണ് വൈരുധ്യം. ഒരു സാമൂഹികവിഭാഗം നിരന്തരം അബദ്ധവിവരങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും ഇരകളാക്കപ്പെടൂമ്പോൾ, ‘അവർ ചെറിയ വിഭാഗമാണ്; ഭീഷണിയല്ല’ എന്ന വാദം ഒരു പ്രതിരോധമന്ത്രമായി എത്രത്തോളം ഫലപ്രദമാണ്, യുക്തിപരമാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ഇതിനൊരു ഉദാഹരണം മത ന്യൂനപക്ഷങ്ങളെ ‘ജനസംഖ്യാ ഭീഷണി’യായി ചിത്രീകരിക്കുന്നതാണ്. പല രാജ്യങ്ങളിലും മുസ്‌ലിംകൾ ജനസംഖ്യയിൽ ചെറിയ ശതമാനംമാത്രമാണെങ്കിലും ‘ജനസംഖ്യാ ബോംബ്’ എന്ന പേരിൽ അവർ രാഷ്ട്രഭീഷണിയായി അവതരിപ്പിക്കപ്പെടുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും മുസ്‌ലിം ജനത 1-10 ശതമാനത്തിനിടയിൽമാത്രമാണ്. ഒരുശതമാനത്തിൽ താഴെ ജനസംഖ്യയുള്ള പോളണ്ടുപോലുള്ള രാഷ്ട്രങ്ങൾവരെയുണ്ട്. എന്നിരുന്നാലും, ‘അവർ ഭൂരിപക്ഷമാകും’ എന്ന ഭീതി രാഷ്ട്രീയമായി പ്രചരിപ്പിക്കപ്പെടുന്നു. ഇതൊരു ‘അപായഭീഷണിയുടെ ചട്ടക്കൂട്’ (റിസ്ക് ഫ്രയിം) ആയി പ്രവർത്തിക്കുന്നു. ഒരതിസൂക്ഷ്മവിഭാഗത്തെപ്പോലും ഭാവി ഭീഷണിയായി ചിത്രീകരിച്ച്, അവരുടെയവകാശങ്ങൾ നിഷേധിക്കുന്നതിനും അവരുടെമേൽ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കുന്നതിനും വേണ്ട അംഗീകാരം ഭൂരിപക്ഷസമൂഹത്തിൽനിന്നു നേടാൻ വ്യാജമായി സൃഷ്ടിക്കുന്ന ഈയവസ്ഥ സമർത്ഥമായി ഉപയുക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, സൂക്ഷ്മമായ വിഭാഗമായിട്ടും വംശീയവാദികൾക്ക് എന്തുകൊണ്ട് മുസ്‌ലിംകളെപ്പറ്റി നിരന്തരം സംസാരിക്കേണ്ടിവരുന്നു എന്നചോദ്യവും ഏറെ പ്രസക്തമാണ്.
അതേസമയം, മുസ്‌ലിംകൾ ‘വളരെ ചെറിയ വിഭാഗം’ ആണെന്ന വാദം വംശീയവാദികൾക്ക് ഒരേസമയം ആശ്വാസവുമാണ്. കാരണം, യഥാർത്ഥത്തിൽ അവർ വലിയ ഭീഷണിയല്ലെന്ന് വെറുപ്പുല്പാദകർക്കുമറിയാം. എന്നിരുന്നാലും, സമൂഹത്തിൽ കൃത്രിമ ഭയം സൃഷ്ടിക്കാനും രാഷ്ട്രീയമായി ഉപയോഗിക്കാനും ഏറ്റവും എളുപ്പമുള്ള ‘ശത്രുവായി’ അവർ മാറുന്നു. പരിമിതശക്തിമാത്രമുള്ള ഒരു വിഭാഗത്തെ ചൂണ്ടിക്കാട്ടി, വലിയ സാമ്പത്തിക–സാമൂഹിക പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ഒരു സൗകര്യപ്രദമായ തന്ത്രമാണിത്.
അതോടൊപ്പം, ‘അവർ ചെറിയ വിഭാഗമാണ്’ എന്ന് നിരന്തരം ആവർത്തിക്കുന്നത്, അധികാരിവർഗ്ഗത്തിന്റെ സ്വന്തം നിലപാടുകൾ ‘നിഷ്കളങ്കവും യുക്തിസഹവും’ ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴിയായുമിത് പ്രവർത്തിക്കുന്നു. ഭീഷണി സൃഷ്ടിക്കുകയും ഒരേസമയം അതിനെ നിഷേധിക്കുകയും ചെയ്യുന്ന ഉഭയസ്വഭാവമാണ് ‘അവർ ഒരു ചെറിയ വിഭാഗമാണ്; പക്ഷേ’ എന്ന റിസ്ക് ഫ്രെയിമിന്റെ ഏറ്റവും സൂക്ഷ്മമായ പ്രവർത്തനം.
5) “എനിക്ക് മുസ്‌ലിം സുഹൃത്തുക്കളുണ്ട്!”
പലരിലും അന്തർലീനമായ ഇസ്‌ലാമോഫോബിയ ചൂണ്ടിക്കാണിച്ചാൽ ‘എനിക്കൊരു മുസ്‌ലിം സുഹൃത്ത് ഉണ്ടെന്നതിനാൽ ഞാൻ പറയുന്നത് ഇസ്‌ലാമോഫോബിയയോ വംശീയതയോ അല്ല’ എന്നു സൂചിപ്പിച്ചുകൊണ്ട് ഒഴിഞ്ഞുമാറുന്നതാണ് പതിവ്.
വംശീയതാ വിരുദ്ധ പഠനങ്ങൾ (റോബിൻ ഡി-ആൻജലോ 2018) ‘സുഹൃത്തി’നെക്കുറിച്ചുള്ള ചില അവകാശവാദങ്ങളെ ഒരു വംശീയ ന്യായീകരണ യുക്തിയായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്.
ഇസ്‌ലാമോഫോബിയ, വ്യക്തികളുടെ ഉദ്ദേശ്യങ്ങളിലോ സ്വകാര്യബന്ധങ്ങളിലോ മാത്രമായി ഒതുക്കാനാകാത്തതുമാണ്. പൊതുവേ, ഒരാൾ വംശീയമോ വിദ്വേഷപരമോ ആയ പ്രസ്താവന നടത്തുകയും, തുടർന്ന് താനാക്ഷേപിച്ച സമൂഹത്തിൽ സുഹൃത്തുക്കളുണ്ടെന്ന അവകാശവാദം മുഴക്കുകയും ചെയ്യുന്നതിലൂടെ ഒരു രാഷ്ട്രീയപ്രശ്നത്തെ ‘ധാർമികവിഷയമായി’ വഴിമാറ്റുകയെന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതിലൂടെ, വിമർശനത്തിന്റെ കേന്ദ്രം ‘ഈ പ്രസ്താവന എന്തുപറയുന്നു’ എന്നതിൽനിന്നു ‘ഈ പ്രസ്താവന നടത്തിയത് ഏതുതരം വ്യക്തിയാണ്’ എന്ന ചോദ്യത്തിലേക്കു മാറ്റപ്പെടുന്നു. അതായത്, ചർച്ച പ്രസ്താവത്തിന്റെ ഉള്ളടക്കത്തിൽനിന്നു വ്യക്തിത്വത്തിലേക്കും, അധികാരബന്ധങ്ങളിൽനിന്നു കേവലമായ ധാർമികതയിലേക്കും വഴിമാറുന്നു. ഇസ്‌ലാമോഫോബിയ പഠനങ്ങളിൽ ഇത് ലക്ഷണമൊത്തൊരു ‘ശ്രദ്ധ തെറ്റിക്കൽ തന്ത്ര’മായാണ് (ഡിഫ്ലക്ഷൻ ടെക്നിക്) തിരിച്ചറിയപ്പെടുക.
ഇവിടെ,‘മുസ്‌ലിം സുഹൃത്ത്’ സാമൂഹികവും രാഷ്ട്രീയമായുമൊയൊക്കെ സ്വതന്ത്രാസ്തിത്വത്തോടെ നിലനില്ക്കാനവകാശമുള്ള വ്യക്തിയായി പരിഗണിക്കപ്പെടുന്നില്ല. മറിച്ച്, ആ സുഹൃത്ത് മറ്റൊരാളുടെ വാദത്തെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നൊരു ‘വസ്തു’മാത്രമായി ചുരുക്കപ്പെടുന്നു. മനുഷ്യബന്ധം തന്നെ ഒരു ഉപകരണമായി മാറുന്ന ഈ പ്രവണതയാണ് ‘ടോക്കണിസം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
ഇതോടൊപ്പംതന്നെ, ഇത്തരം അവകാശവാദങ്ങൾ ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനമണ്ഡലത്തിലെ സങ്കീർണ്ണമായ അധികാരബന്ധങ്ങളിൽ ഉൾപ്പെടുന്നവരെ ‘നല്ലവരും ചീത്തവരും’ എന്ന ലളിതമായ ‘ധാർമിക വിഭജന’ത്തിലേക്ക് ചുരുക്കുന്നു. വംശീയത ഒരു സമഗ്രവ്യവസ്ഥയായാണ് പ്രവർത്തിക്കുന്നതെന്ന വസ്തുത ഇതിലൂടെ മറയ്ക്കപ്പെടുന്നു.
ഒരാൾക്ക് മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ടാകുന്നതും, അതേ വ്യക്തിതന്നെ ആ സമൂഹത്തെ ലക്ഷ്യമിട്ട് ഹാനികരമായ വിദ്വേഷഭാഷയും വംശീയാശയങ്ങളും പുനരുത്പാദിപ്പിക്കുന്നതും ഒരേസമയം സംഭവിക്കാമെന്നതാണ് ഇതിന്റെയപകടം. അതിനാൽ, ‘എനിക്ക് മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ട്’ എന്ന അവകാശവാദം ഇസ്‌ലാമോഫോബിയ വിരുദ്ധതയ്ക്കു തെളിവല്ല. പ്രശ്നം ഒരാൾ ആരെയറിയുന്നു എന്നതല്ല; അയാളുടെ വാക്കും പ്രവൃത്തിയും സൃഷ്ടിക്കുന്ന സാമൂഹികവും ചരിത്രപരവും രാഷ്ട്രീയപരവുമായ അർത്ഥങ്ങൾ മുസ്‌ലിം വിരുദ്ധ വശീയത ഉദ്പാദിപ്പിക്കുമോ എന്നതാണ്.
6)”നിശബ്ദ ഭൂരിപക്ഷം.”
മുസ്‌ലിം സമുദായത്തിലെ ‘നിശബ്ദ ഭൂരിപക്ഷം’ എന്ന പ്രയോഗം പൊതുസംവാദങ്ങളിൽ മുസ്‌ലിം സംഘടനകളെയും കൂട്ടായ്മകളെയും വിമർശിക്കാൻ പലപ്പോഴും ആവർത്തിക്കുന്നതു കാണാം.
ഈ പ്രയോഗം നടത്തുന്നവർ, തങ്ങൾ ഈ ‘നിശബ്ദ ഭൂരിപക്ഷ’ത്തിന് ശബ്ദം നല്കുന്നവരാണെന്നോ അല്ലെങ്കിൽ അതിൻ്റെ നിശബ്ദ സാനിധ്യം അടയാളപ്പെടുത്തുന്ന മുന്നറിവുകാരാണെന്നോ വരുത്തിത്തീർക്കുന്നു. എന്നാൽ, ഭൂരിപക്ഷം വരുന്ന ‘നിശബ്ദർ’ ശബ്ദമാവശ്യപ്പെട്ടതിന് യാതൊരു തെളിവുമിവർക്ക് ഹജരാക്കാനുണ്ടാകില്ല. ആരും കേൾക്കാത്തത് കേൾക്കുന്ന ‘അതിഭൗതിക ശക്തി’ ഉള്ളവരാണെങ്കിലും അവർ ‘യുക്തിയുടെ വക്താക്കളാണ്’ എന്നതാണ് വൈരുദ്ധ്യം.
ഈ പ്രയോഗത്തിനു പല ചരിത്രങ്ങളുമുണ്ട്. ഒരുദാഹരണംമാത്രം സൂചിപ്പിക്കുന്നു. വിയറ്റ്നാം യുദ്ധകാലത്ത് (1969-1973) അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ, യുദ്ധവിരുദ്ധ പ്രക്ഷോഭകർക്കെതിരേ ‘നിശബ്ദ ഭൂരിപക്ഷം’ എന്ന ആശയം ഉപയോഗിച്ചതായി പഠനങ്ങളുണ്ട് (സ്കോട്ട് ലാഡർമാൻ 2019). യുദ്ധത്തെ പിന്തുണയ്ക്കുന്നവർ ഭൂരിപക്ഷമാണെന്നും പ്രക്ഷോഭകരെപ്പോഴും ശബ്ദമുയർത്തുന്ന ന്യൂനപക്ഷംമാത്രമാണെന്നും ധ്വനിപ്പിച്ചു, താൻ ആ ഭൂരിപക്ഷത്തിന്റെ സ്വയംനിർമിത പ്രതിനിധിയാണെന്ന് സ്ഥാപിക്കാൻ നിക്സൺ ശ്രമിച്ചു. ‘നിശബ്ദ ഭൂരിപക്ഷം’ എന്ന പ്രയോഗമൊരു വലതുപക്ഷ ആശയാവലിയായാണ് അക്കാലത്ത് അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിച്ചത്.
പക്ഷേ, കേരളത്തിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നവർ വാക്കുകളുടെ ചരിത്രമൊന്നും അറിഞ്ഞല്ല അത് ചെയ്യുന്നത്. മുൻകൂർനൽകപ്പെട്ട (പ്രീ-ഗിവൻ) ഒരു സാമൂഹിക വിശകലന ഭാഷയായാണ് അവർ ഉപയോഗിക്കുന്നത്. ഫലത്തിൽ, മുസ്‌ലിംകളുടെ കർത്തൃത്വ നിരാസം ഉറപ്പാക്കുന്ന ആരോപണസങ്കേതം മാത്രമാണ് ‘നിശബ്ദ ഭൂരിപക്ഷം.’ ഇത്തരം ‘ലളിത’ സമീപനങ്ങളില്ലാതെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമർശിക്കാവുന്നതാണ് എന്നിരിക്കെയാണത്.
7) “ആധുനിക സമൂഹം.”
മുസ്‌ലിം സമുദായത്തിൽ നടക്കുന്ന സാമൂഹിക ചലനങ്ങളുടെ ചാലകശക്തി ‘ആധുനിക സമൂഹമാണ്’ എന്ന വാദം പതിവായാവർത്തിക്കപ്പെടുന്നതാണ്. ചിലർ ഇതേ രീതിയിൽ ‘പൊതുസമൂഹമാണ് ‘മുസ്‌ലിംകളിൽ മാറ്റമുണ്ടാക്കിയതെന്ന് പറയാറുണ്ട്. പ്രത്യേകിച്ച്, മുസ്‌ലിം സ്ത്രീകളെ ‘ആധുനിക സമൂഹമാണ് പരിഷ്കരിച്ചത്’ എന്ന അവകാശവാദം പലപ്പോഴും മുന്നോട്ടുവയ്ക്കപ്പെടുന്നു. വിദ്യാഭ്യാസരംഗത്തെ സമുദായത്തിന്റെ മുന്നേറ്റവും ഇങ്ങിനെ അടയാളപ്പെടുത്തപ്പെടാറുണ്ട്. മുസ്‌ലിം പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന പലരുടെയുമൊരു പൊതുവിചാരമാണിത്.
എന്നാൽ, ‘ആധുനികം/ആധുനികത’ എന്ന പദത്തിന് ഏകാർത്ഥം മാത്രമല്ലയുള്ളത്. കാലഘട്ടം, സമൂഹം, രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങൾ എന്നിവയൊക്കെയനുസരിച്ച് അതിനു വ്യത്യസ്താർത്ഥങ്ങളും പ്രയോഗങ്ങളുമുണ്ടാകുന്നു. ഉദാഹരണത്തിന്, യൂറോപ്പിന്റെയും ഇന്ത്യയുടെയും സാഹചര്യങ്ങളിൽ ആധുനികതയ്ക്ക് ഒരേയർത്ഥമല്ല കല്പിക്കുക. ഈഴവരിലും ദലിതരിലുമൊക്കെ ഒരുപോലെയല്ല ആധുനികത പ്രവർത്തിച്ചത്. ഇറാനിലും ഈജിപ്തിലും കേരളത്തിലും ബംഗാളിലും ഒരുപോലെയല്ല ആധുനികതയുടെ പ്രയോഗം. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വിവിധ അർത്ഥതലങ്ങൾ അതു പ്രകടിപ്പിക്കുന്നുണ്ട്.
എം എസ് എസ് പാണ്ഡ്യനെ (2002)പ്പോലുള്ള കീഴാള ചിന്തകർ ചൂണ്ടിക്കാട്ടുന്നത്, ‘ആധുനികം’ എന്ന പദം പലപ്പോഴും അപരത്വനിർമ്മിതിയുടെ ഭാഷാവ്യവഹാരമായി പ്രവർത്തിക്കുന്നുവെന്നതാണ്. ആരാണ് പുറത്തുള്ളവർ/ആരാണ് ‘ആധുനികതയുടെ പരിധിക്കു പുറത്തുള്ളവർ’ എന്നതു നിശ്ചയിക്കാനാണ് ഈ പദം പലസന്ദർഭങ്ങളിലും ഉപയോഗിക്കപ്പെടുന്നത്. അതിലൂടെ, ‘ആരാണ് ആധുനികർ’ എന്നയന്വേഷണം നടത്തി അവരുടെ അധികാരം നിർണ്ണയിക്കുന്നു.
കീഴാള ബഹുജനങ്ങളെയും അവരുടെ കാമനകളെയും ഉൾക്കൊള്ളുന്നതിൽ ‘ആധുനികം’ എന്ന ഈ സവിശേഷമായ ഭാഷാവ്യവഹാരത്തിന് താൽപര്യമില്ലെന്ന വിമർശനവുമുണ്ട്. പലപ്പോഴും അതൊരു രക്ഷകപിതൃത്വഭാഷയായി പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്.
ഇവിടെയുന്നയിക്കുന്ന വിമർശനം ആധുനികതയുടെ ജ്ഞാനപരമായ അധികാരത്തിനു നേരേയല്ല; അതേറെ വിപുലമായ ചർച്ചയാണ്. മറിച്ച്, ഇസ്‌ലാമോഫോബിയയെ നിലനിറുത്താൻ, മുസ്‌ലിംകളുടെ സാമൂഹികചലനങ്ങളിൽ അവർ സ്വയം വഹിച്ച പങ്കിനെ പുറന്തള്ളാൻ ജനപ്രിയ വ്യവഹാരങ്ങളിൽ ഈ പദം ഉപയോഗിക്കുന്നതിനോടാണ്.
ഉപസംഹാരം
കേരളത്തിൽ ഇന്ന് നിലനില്ക്കുന്ന സവിശേഷമായ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയുടെ ഏഴു ഭാഷാരൂപങ്ങളെക്കുറിച്ചുള്ളൊരു സുപ്രധാന നിരീക്ഷണത്തിലേക്കിതു നമ്മെ കൊണ്ടെത്തിക്കുന്നു. മുസ്‌ലിം വിരുദ്ധ വംശീയതയുടെ ഉല്പാദനത്തിലൂടെ സൃഷ്ടിപ്പെടുന്ന ഹിന്ദുത്വ സാമൂഹികനിയന്ത്രണത്തെ മറികടക്കാൻ നാം അന്തരികവത്കരിച്ചതും പ്രച്ഛന്ന ഭാഷാരൂപങ്ങളിലൂടെയും മറ്റും വ്യാപിക്കുന്ന ഇസ്‌ലാമോഫോബിയക്കുറിച്ചുള്ള സ്വയം വിമർശനം സൂക്ഷ്മതലത്തിൽതന്നെ നടത്തുന്നതിലൂടെ മാത്രമേ സാധിക്കൂ.
റഫറൻസ്
Khalil Gibran Muhammad (2010). The Condemnation of Blackness: Race, Crime, and the Making of Modern Urban America. Harvard University Press.
M. S. S. Pandian (2002). One Step Outside Modernity: Caste, Identity Politics and Public Sphere.Economic and Political Weekly, 37(18), pp. 1735–41.
Robin DiAngelo (2018). White Fragility: Why It’s So Hard for White People to Talk About Racism. Beacon Press.
Scott Laderman. (2019). The “Silent Majority” Speech: Richard Nixon, the Vietnam War, and the Origins of the New Right. Taylor & Francis.
Stuart Hall. (1981). The Whites of Their Eyes: Racist Ideologies and the Media. Lawrence & Wishart.
Teun A. van Dijk (1992). Discourse and the Denial of Racism. Discourse & Society, 3(1), pp. 87–118.
(എഡിറ്റിംഗ്: റെൻസൺ വി എം )