Gendered Islamophobia Hindutva Indian Islamophobia

ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും

ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ, ഇന്ത്യൻ മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ മതേതരത്വവും മുസ്ലിം മതജീവിതത്തെ നിയന്ത്രിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ കൂടുതൽ പുനർനിർവചിക്കപ്പെടുകയാണ്. മതബഹുസ്വരതയുടെ സംരക്ഷണത്തിനു പകരം, മതം എങ്ങനെ, എവിടെ, ഏതുരൂപത്തിൽ ആചരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഇത്തരം വൈവിധ്യങ്ങളെ പിൻപറ്റുന്നവരിൽ രാഷ്ട്രബോധ്യത്തിലധിഷ്ഠിതമായ അച്ചടക്കം അടിച്ചേല്പിക്കാനാണ് ഈ ഭരണഘടനാതത്ത്വങ്ങളിപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മതേതരത്വമെന്നത് സഹവർത്തിത്വത്തിനുള്ള നിഷ്പക്ഷമായ വെറുമൊരു ചട്ടക്കൂടായല്ല വർത്തിക്കുന്നത്, മറിച്ച് ഹിന്ദുദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധം ന്യൂനപക്ഷമതങ്ങളെ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുന്നൊരു ഭരണകൂടതന്ത്രമായാണ്.

മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. സർവ്വ മതങ്ങളോടും തുല്യമായ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് നിഷ്പക്ഷത പാലിക്കാൻ ഇത് ഭരണകൂടത്തെ ബാധ്യസ്ഥമാക്കുന്നു. മനഃസ്സാക്ഷിക്കും മതാചരണത്തിനുള്ള സ്വാതന്ത്ര്യമുറപ്പേകുന്ന അനുച്ഛേദം 25-ൽ (Article 25) ഈ പ്രതിബദ്ധത പ്രകടമാണ്. ഭരണഘടനാ മുഖമുദ്രയായിട്ടും, മതേതരത്വത്തിന് ഏകീകൃതവും സർവ്വാംഗീകൃതവുമായ ഒരു നൈയാമിക നിർവ്വചനം (judicial doctrine) നല്കപ്പെട്ടിട്ടില്ല. ഈ പരിമിതി മറികടക്കാൻ മതത്തിന്റെ ഏതേതു വശങ്ങൾക്കാണു ഭരണഘടനാപരമായ സംരക്ഷണത്തിന് അർഹതയെന്നു നിർണ്ണയിക്കാൻ സുപ്രീം കോടതി ‘അനിവാര്യമായ മതാചാരങ്ങൾ’ (Essential Religious Practices – ERP) എന്ന പരീക്ഷണം വികസിപ്പിച്ചെടുത്തു. ഈ ചട്ടക്കൂടിന് കീഴിൽ, ഒരു മതത്തിന് “അത്യന്താപേക്ഷിതം” എന്ന് കോടതിക്കു ‘ബോധ്യമാകുന്ന’ ആചാരാനുഷ്ഠാനങ്ങൾക്കേ നൈയാമിക സംരക്ഷണം ലഭിക്കൂ; മറ്റുള്ളവ ഭരണകൂടത്തിന് നിയന്ത്രിക്കാവുന്ന വെറും ‘സെക്യുലർ’ പ്രവർത്തനങ്ങളാകും.

മുസ്ലിം മതാനുഷ്ഠാനങ്ങളെ നിയന്ത്രിച്ച് ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെ നൈയാമിക യുക്തിയെ തൃപ്തിപ്പെടുത്തുന്നതിനുമുള്ളൊരു ഉപകരണമായി ഈ ഇആർപി (ERP) പരീക്ഷണം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ പ്രബന്ധം പരിശോധിക്കുന്നു. ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച രണ്ട് സമീപകാല വിധികൾ—വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവും പള്ളികളിലെ ലൗഡ്‌സ്പീക്കറുകളുടെ നിയന്ത്രണവും—വിശകലനംചെയ്തുകൊണ്ട് ഇതു വ്യക്തമാക്കുന്നു. ഹിജാബ് വ്യക്ത്യാന്തസ്സിന്റെ സാക്ഷാത്കാരവുമായും ഉച്ചഭാഷിണികൾ മുസ്ലിംശബ്ദത്തിന്റെ പരസ്യപ്രകാശനവുമായും ബന്ധപ്പെട്ടിരിക്കുന്നതിലൂടെ മതജീവിതത്തിന്റെ വിഭിന്നതലങ്ങളെ പ്രതിനിധീകരിക്കുന്നതിനാലാണ് ഈ കേസുകളുടെ തിരഞ്ഞെടുപ്പ്.
നൈയാമികവും അല്ലാത്തതുമായ മതാനുഷ്ഠാനങ്ങളെ വേർതിരിക്കാൻ ഭരണകൂടത്തിനധികാരം നല്കുന്നതിലൂടെ (conditional right) ഇആർപി ചട്ടക്കൂട്, മതസ്വാതന്ത്ര്യത്തെ നിബന്ധനകൾക്കു വിധേയമായ പരിമിതാവകാശമാക്കി മാറ്റുന്നു. അത്, നിയമപരവും ഭൂരിപക്ഷ മതബോധത്തിന് കീഴൊതുങ്ങുന്നതുമായ ആചാരങ്ങൾക്കുമാത്രമേ സംരക്ഷണം നല്കൂ. രണ്ട് കേസുകളും സ്ഥാപനപരമോ നിയന്ത്രണപരമോ ആയിരുന്നു. സവിശേഷ സാഹചര്യാസ്പദമായാരംഭിച്ച ഈ തർക്കവിഷയങ്ങളെ, ഒരു ‘അനിവാര്യ പരിശോധന’യായി മാറ്റിക്കൊണ്ട് മഹാരാഷ്ട്രയിലാകമാനമുള്ള ലൗഡ്‌സ്പീക്കർ നിയന്ത്രണങ്ങളിലേക്കും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹിജാബ് നിരോധനത്തിലേക്കും കോടതി നയിച്ചു. ഈ പ്രക്രിയ പൊതു-സ്വകാര്യ അതിർവരമ്പുകളെ മാറ്റിവരയ്ക്കുകയും ന്യൂനപക്ഷമതാചാരങ്ങളെ ഹിന്ദു ദേശീയക്രമത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നു.
ദൃശ്യപരതയും ശ്രവണസാന്നിധ്യവുമുള്ള മുസ്ലിം ആചാരങ്ങളെ ഭരണഘടനാപരമായ സംരക്ഷണമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽനിന്നു മാറ്റി, പൊതു സമാധാനത്തിന്റെ (public order) പേരിൽ നിയന്ത്രിക്കാവുന്ന കാര്യങ്ങളായി മതേതര യുക്തി എങ്ങനെ പരിവർത്തനപ്പെടുത്തുന്നുവെന്ന് ഈ രണ്ട് കേസുകളും തെളിയിക്കുന്നു. നിഷ്പക്ഷതയുടെയും തുല്യാദരവിന്റെയും മുഖംമൂടിയിട്ട നൈയാമികവാദങ്ങൾ ഇത്തരം നിയന്ത്രണങ്ങളുടെ വിവേചനപരമായ പ്രത്യാഘാതങ്ങളെ മറച്ചുവയ്ക്കുന്നുവെന്നും ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമതത്തിന്റെ സാംസ്കാരിക മാതൃകകളോട് പൊരുത്തപ്പെട്ടാൽ മാത്രമേ അവർക്ക് രാജ്യത്തു സ്ഥാനമുള്ളൂ എന്നൊരു കാഴ്ചപ്പാടിനെ ഇത് ബലപ്പെടുത്തുന്നുവെന്നും പ്രബന്ധം വാദിക്കുന്നു.

ഇആർപി (ERP)-യും ഹിന്ദു ദേശീയതാ പദ്ധതിയും

ഒരാചാരമോ അനുഷ്ഠാനമോ ആ മതത്തിന്റെ ‘അടിസ്ഥാനം’ (Core) ആണോ എന്ന് നിർണ്ണയിക്കാൻ ഇആർപി (Essential Religious Practices) പരിശോധന കോടതികളെ അനുവദിക്കുന്നു. ഇത്തരം അടിസ്ഥാനപരമായ പ്രവൃത്തികൾക്ക് മാത്രമേ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കൂ; അതേസമയം ഈ പരിശോധനയിൽ പരാജയപ്പെടുന്ന ആചാരങ്ങളെ ഭരണകൂടത്തിന് നിയന്ത്രിക്കാവുന്നതാണ്. എന്നാൽ, ഇആർപി സംബന്ധിച്ച കോടതികളുടെ വ്യാഖ്യാനങ്ങൾ പലപ്പോഴും വൈരുദ്ധ്യപൂർണ്ണമായിരുന്നു. 1962-ലെ സർദാർ താഹെറുദ്ദീൻ സയദ്‌ന സാഹിബ് v സ്റ്റേറ്റ് ഓഫ് ബോംബെ പോലുള്ള ആദ്യകാല വിധികൾ മതവൈജാത്യത്തോടുള്ള സഹിഷ്ണുതയ്ക്കും ബഹുമാനത്തിനും മുൻഗണന നല്കിയിരുന്നു. എന്നാൽ, 1994-ലെ ഇസ്മായിൽ ഫാറൂഖി v യൂണിയൻ ഓഫ് ഇന്ത്യ പോലുള്ള പിൽക്കാല വിധികൾ മതേതരത്വത്തെ ‘സർവ്വ ധർമ്മ സമഭാവന’ എന്ന ഹൈന്ദവതത്ത്വശാസ്ത്ര വീക്ഷണത്തിലൂടെ പുനർനിർവചിച്ചു. ഇത്, ഭരണഘടനാപരമായ മതേതരത്വത്തെ ഹിന്ദുമതധാരണകളുമായി പൊരുത്തപ്പെടുത്തുന്നതിലേക്കാണു വഴിവച്ചത്.
രത്‌ന കപൂറിന്റെ ‘ഔപചാരിക സമത്വം’ (Formal Equality) എന്ന വിമർശനത്തെ അടിസ്ഥാനമാക്കിയാൽ, ഇന്നത്തെ ഭരണഘടനാപ്രയോഗങ്ങളിൽ മതേതരത്വം ബഹുസ്വരതയ്ക്ക് പകരം ‘ഏകീകൃത സ്വഭാവം’ (Sameness) ആയിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. മതേതരത്വമെന്നാൽ എല്ലാ മതങ്ങളോടുമുള്ള ‘തുല്യ പരിഗണന’ എന്ന് സ്ഥാപിക്കുന്നതിലൂടെ, ഹിന്ദു സാംസ്കാരിക മാനദണ്ഡങ്ങളെ പൊതുജീവിതത്തിന്റെ നിഷ്പക്ഷമായ അടിത്തറയായി സ്വാഭാവികവത്കരിക്കാൻ ഹൈന്ദവ ദേശീയതാ പദ്ധതിക്ക് സാധിക്കുന്നു. അതേസമയമിത്, ന്യൂനപക്ഷമതാവിഷ്കാരങ്ങളെ ആ മാനദണ്ഡങ്ങളിൽനിന്നുള്ള കുറ്റകരമായ വ്യതിയാനങ്ങളായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ഇആർപി പരിശോധന സമത്വത്തെ ഒരു ഔപചാരികമായ സദൃശ്യത മാത്രമായി ചുരുക്കുന്നു. ഭൂരിപക്ഷ ഹിന്ദു മതബോധവുമായി പൊരുത്തപ്പെടുന്ന ആചാരങ്ങൾ നിഷ്പക്ഷവും മതേതരവുമായി കാണപ്പെടുമ്പോൾ, മുസ്ലിം അനുഷ്ഠാനങ്ങൾ കർശനമായ പരിശോധനകൾക്ക് വിധേയമാവുകയും അവയ്ക്ക് പലപ്പോഴും ‘ അനിവാര്യമായ മതാചാരം’ എന്ന പദവി നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

ഹിജാബ്, പള്ളികളിലെ ലൗഡ്‌സ്പീക്കറുകൾ, ബക്രീദ് വേളയിലെ കന്നുകാലി കശാപ്പ് തുടങ്ങിയ മുസ്ലിം ആചാരങ്ങളെ നിയന്ത്രിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായല്ല, മറിച്ച് പൊതുസമാധാനത്തിന്റെയും സമത്വത്തിന്റെയും ഭാഗമായുള്ള നിഷ്പക്ഷ നടപടികളായാണ് ഈ യുക്തി ചിത്രീകരിക്കുന്നത്. ഇത്തരം അനുഷ്ഠാനങ്ങളെ സംരക്ഷിക്കപ്പെട്ട മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽനിന്ന് മാറ്റി പൊതുനിയമത്തിന്റെ (Public Law) നിയന്ത്രണ പരിധിയിലേക്ക് കൊണ്ടുവരുന്നതിലൂടെ, മതസ്വാതന്ത്ര്യത്തെയും സമത്വത്തെയും നിബന്ധനകൾക്ക് വിധേയമായ അവകാശങ്ങളായി (Conditional Entitlements) ഇആർപി ചട്ടക്കൂട് മാറ്റുന്നു. ഭൂരിപക്ഷ ഹിന്ദു ‘മതേതര’ ക്രമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കുമാത്രം ലഭ്യമാകുന്ന ഒന്നായി ഈ അവകാശങ്ങൾ തരംതാഴ്ത്തപ്പെടുന്നു.

രണ്ട് വിധികൾ: കേസുകളുടെ ചുരുക്കം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം

ചെമ്പൂർ എൻ.ജി. ആചാര്യ, ഡി.കെ. മറാത്തെ കോളേജുകൾ ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച യൂണിഫോം നിയമത്തെ ചോദ്യംചെയ്തു രണ്ടാം/മൂന്നാം വർഷ ബിരുദപഠനം നടത്തുന്ന മുസ്ലിം വിദ്യാർത്ഥിനികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിയമത്തിന് മുന്നിലെ സമത്വം (അനുച്ഛേദം 14), അഭിപ്രായസ്വാതന്ത്ര്യം (അനുച്ഛേദം 19(1)(a)), മതസ്വാതന്ത്ര്യം (അനുച്ഛേദം 25) എന്നീ ഭരണഘനാനുച്ഛേേദങ്ങൾ കോളേജ് നിയമം ലംഘിക്കുന്നു എന്ന് ഹർജിക്കാർ വാദിച്ചു.

കോളേജിന്റെ വസ്ത്രധാരണച്ചട്ടം ഇപ്രകാരമായിരുന്നു: “വിദ്യാർത്ഥികൾ മാന്യമായതും നിയമാനുസൃതമായതുമായ വസ്ത്രധാരണരീതി പിന്തുടരണം. ഒരാളുടെ മതം വെളിപ്പെടുത്തുന്ന ബുർഖ, നിഖാബ്, ഹിജാബ്, തൊപ്പി, ബാഡ്ജ്, സ്റ്റോൾ തുടങ്ങിയവ പാടില്ല. ആൺകുട്ടികൾക്ക് ഫുൾ അല്ലെങ്കിൽ ഹാഫ് ഷർട്ടും സാധാരണ ക്രമത്തിലുള്ള ട്രൗസറും, പെൺകുട്ടികൾക്ക് മാന്യമായതും ശരീരദൃശ്യതയില്ലാത്തതുമായ ഇന്ത്യൻ/പാശ്ചാത്യ വസ്ത്രങ്ങളും ക്യാമ്പസിനുള്ളിൽ അനുവദനീയമാണ്. പെൺകുട്ടികൾക്ക് വസ്ത്രം മാറുന്നതിനായി പ്രത്യേക മുറി ലഭ്യമാണ്.”

‘വിദ്യാർത്ഥികളുടെ മതം വെളിപ്പെടാതിരിക്കാനും അച്ചടക്കം ഉറപ്പാക്കാനുമാണ് ഇത്തരമൊരു ചട്ടം കൊണ്ടുവന്നതെന്ന്’ കോളേജ് അധികൃതർ വാദിച്ചു.  2024 ജൂണിൽ ബോംബെ ഹൈക്കോടതി കോളെജ് വളപ്പിൽ ഹിജാബ്/ബുർക്വ/നിഖാബ് നിയന്ത്രിക്കുന്നതിനുള്ള കോളെജിന്റെ തീരുമാനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ല (Essential Religious Practice) എന്ന്നി രീക്ഷിച്ചുകൊണ്ടായിരുന്നു ഇത്.

പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രണം

കോടതിയുത്തരവുകളുടെയും ഭരണപരമായ നടപടികളുടെയും ഒരു പരമ്പരയിലൂടെയാണ് പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രണം നടപ്പിലായത്. ജാഗോ നെഹ്‌റു നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ v. കമ്മീഷണർ ഓഫ് പോലീസ് (2025) എന്ന കേസിൽ, ഉച്ചഭാഷിണിയുപയോഗം ഏതെങ്കിലും മതത്തിന്റെ അത്യാവശ്യമോ അവിഭാജ്യമോ ആയ ഭാഗമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. 2000-ലെ ശബ്ദമലിനീകരണ (നിയന്ത്രണ) നിയമങ്ങൾ കർശനമായി നടപ്പാക്കാൻ മഹാരാഷ്ട്ര പോലീസിനും മതസ്ഥാപനങ്ങളിലെ ശബ്ദപരിധി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിനും കോടതി നിർദ്ദേശം നല്കി. പ്രദേശത്തെ പള്ളികളിലെ ലൗഡ്‌സ്പീക്കറുകളുണ്ടാക്കുന്ന ശബ്ദമലിനീകരണം തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടു എന്ന് കാണിച്ച് ഹൗസിംഗ് സൊസൈറ്റികൾ നല്കിയ ഹർജിയിലായിരുന്നു ഈ വിധി.

കോടതിവിധിയെത്തുടർന്ന് ഹിന്ദുത്വ രാഷ്ട്രീയ സംഘടനകൾ ക്യാമ്പയിനുകൾ ആരംഭിക്കുകയും, പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കാനുള്ള ഭരണപരമായ നടപടികൾ അധികൃതർ സ്വീകരിക്കുകയുംചെയ്തു.  പിന്നീട്, ജാഗോ നെഹ്‌റു നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ v. കമ്മീഷണർ ഓഫ് പോലീസ് (2025) വിധിയെ ആധാരമാക്കിക്കൊണ്ട് അനുവദനീയമായ ശബ്ദപരിധിക്കുള്ളിൽനിന്നുകൊണ്ട് പ്രസരണികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് എ ഗൗസിയ എന്ന സ്ഥാപനം കോടതിയെ സമീപിച്ചു. എന്നാൽ, കോടതി ഈ ഹർജി തള്ളി. ബാങ്ക് വിളി (Call to prayer) ഒരുപക്ഷേ, മതപരമായ അനിവാര്യയാചാരമായിരിക്കാം; എന്നാൽ, അതിന്റെ ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദവർദ്ധനവ് (Amplification) ശബ്ദമലിനീകരണ നിയമങ്ങളുടെ പരിധിയിൽ വരുമെlന്ന് കോടതി വ്യക്തമാക്കി. ലൗഡ്‌സ്പീക്കർ സ്ഥാപിക്കുന്നത് മതപരമായ അനിവാര്യതയാണെന്നു തെളിയിക്കുന്ന പ്രമാണങ്ങളോ നിയമപരമായ തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാർക്കായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഈ അവകാശനിഷേധം.

 ഇആർപി (ERP) ചട്ടക്കൂടിന് കീഴിലുള്ള നിബന്ധനകളാൽ പരിമിതപ്പെട്ട മതസ്വാതന്ത്ര്യം

അനുഷ്ഠിത മതം vs നൈയാമിക അനിവാര്യത (Lived Religion vs Legal Essentiality)

മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ മതസ്വാതന്ത്ര്യമെന്ന ഭരണഘടനാമൂല്യത്തിനു പകരം ‘സ്ഥാപനപരമായ അച്ചടക്കത്തിന്റെ’ കണ്ണിലൂടെ കാണുന്ന ദീർഘകാലമായുള്ള നീതിന്യായ പ്രവണതയുടെ ഭാഗമായി വേണം മനസ്സിലാക്കാൻ. മിസ് ഫാത്തിമ ഹുസൈൻ v ഭാരത് എഡ്യൂക്കേഷൻ സൊസൈറ്റി (2003), ഫാത്തിമ തൻസീം v സ്റ്റേറ്റ് ഓഫ് കേരള (2019), കർണാടക ഹൈക്കോടതിയുടെ രേഷം v സ്റ്റേറ്റ് ഓഫ് കർണാടക (2022) എന്നീ മുൻകാല വിധികൾ ഇതിനായി കോടതി ആധാരമാക്കി.26 ഈ കേസുകളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണച്ചട്ടം മതാവിഷ്കാരങ്ങൾക്കു മേലുള്ള അനുവദനീയ നിയന്ത്രണമായാണ് കോടതികൾ കണ്ടത്. ഒരാചാരമെന്ന നിലയിൽ നിർബന്ധിത മതകടമയാകാത്തതിനാൽ, യൂണിഫോം നിയന്ത്രണ നിയമങ്ങൾ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലെന്ന് കോടതികൾ ആവർത്തിച്ചു.
സൈനബ് അബ്ദുൾ ഖയ്യൂം ചൗധരി കേസിൽ, ഹിജാബ് ധരിക്കുന്നത് ഒരു ‘അനിവാര്യ മതാചാരം’ ആണോയെന്നത് ചരിത്രപരമായും വസ്തുതകളുടെ അടിസ്ഥാനത്തിലും തീരുമാനിക്കേണ്ടതാണെന്ന് കോടതി ആവർത്തിച്ചു. ഹർജിക്കാർ ‘നാളുകളായി ഹിജാബ്/നിക്വാബ് ധരിക്കുന്നുണ്ടെന്ന’ വസ്തുത അംഗീകരിക്കുമ്പോഴും, അവർ ഹാജരാക്കിയ തെളിവുകൾ—പ്രധാനമായും കൻസുൽ ഈമാൻ, സുനൻ അബു ദാവൂദ് എന്നിവയുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ—‘മതപരമായ അനിവാര്യത’ സ്ഥാപിക്കാൻ അപര്യാപ്തമാണെന്ന് കോടതി വിധിച്ചു. ഒരാചാരത്തിന്റെ നിലനില്പിനെ അംഗീകരിക്കുകയും എന്നാൽ അതിന് ഭരണഘടനാപരമായ സംരക്ഷണം നിഷേധിക്കുകയും ചെയ്യുന്നതിലൂടെ, നിത്യജീവിതത്തിലെ മതാവിഷ്കാരത്തെ നിയമപരമായി അംഗീകരിക്കപ്പെട്ട മതാനുഷ്ഠാനത്തിൽനിന്ന് കോടതി വേർപെടുത്തുന്നു. ഒരാചാരത്തിന്റെ ദീർഘകാല നിലനില്പോ, ഒരു മുസ്ലീം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിനുള്ള വ്യക്തിപരമായ പ്രാധാന്യമോ ഒന്നും ഭരണഘടനാപരമായ സംരക്ഷണത്തിനുള്ള അളവുകോലല്ലെന്നും, പകരമതിനു രാഷ്ട്രം (State) നിശ്ചയിച്ചിട്ടുള്ള ‘അനിവാര്യതയുടെ’ (Essentiality) മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള വസ്തുത ഈ കോടതി വിധി അടിവരയിടുന്നു. ഇതിലൂടെ, കേവലമൊരു തർക്കത്തിൽ വിധി പറയുക മാത്രമല്ല കോടതി; മറിച്ച്, ഏതേതു മതാനുഷ്ഠാനങ്ങളും അനുഭവങ്ങളുമാണ് വിശ്വസനീയവും ആധികാരികവും നിയമപരമായി അംഗീകരിക്കപ്പെടേണ്ടതുമെന്ന് നിശ്ചയിച്ചുറപ്പിക്കുകയാണ്.
വിചാരണവേളയിൽ, ഹിജാബ് ധാരണം അനിവാര്യമായ മതാചാരമാണെന്ന് (Essential Religious Practice) തെളിയിക്കുന്ന ഖുർആൻ വിവർത്തനങ്ങൾ ഹർജിക്കാർ സമർപ്പിച്ചു. അവയെക്കാളുപരി, ‘പ്രമാണപരമായ തെളിവുകളിൽ’ (Doctrinal proof) കോടതി ഊന്നലേകുന്നു. ഇത്, സ്ത്രീകളുടെ ആത്മനിഷ്ഠമായ മതബോധത്തെയും അന്തസ്സിനെയും തഴഞ്ഞുകൊണ്ട് വിഷയത്തെ വെറും തെളിവുകളുടെ അഭാവന്ന സാങ്കേതികത്വത്തിലേക്ക് മാറ്റുന്നു. ഇതുമൂലം, മുസ്ലിം സ്ത്രീകളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾ നൈയാമികമായി അപ്രസക്തമാകുന്നു. മതസ്വാതന്ത്ര്യമെന്നതൊരു നിത്യജീവിതാവകാശമെന്നതിൽനിന്നു മാറി, കോടതിയുടെ അംഗീകാരത്തിലൂടെമാത്രം കൈവരിക്കാവുന്നൊരു പദവിയായി (Status) ഇവിടെ ചുരുക്കപ്പെടുന്നു.

ലൗഡ്‌സ്പീക്കറുകളും നിബന്ധനകൾക്ക് വിധേയമായ മതാവിഷ്കാരവും

സമാനമായ യുക്തിതന്നെയാണ് മസ്ജിദ് എ. ഗൗസിയ (2025) കേസിലും ദൃശ്യമാകുന്നത്.
“മതാചരണത്തിന് ഉച്ചഭാഷിണി നിർബന്ധമാണോ? അല്ലെങ്കിൽ അത്തരമൊരു ആവശ്യത്തിനായി ഹർജിക്കാരെപ്പോലുള്ള മതസ്ഥാപനങ്ങൾക്ക് ഒരവകാശമെന്ന നിലയിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുമതി തേടാനാകുമോ?” തുടങ്ങിയ ചോദ്യങ്ങളിലൂടെ കോടതി പ്രശ്നത്തെ ‘അനിവാര്യതയുടെ പരിശോധന’ എന്ന തലത്തിലേക്കുമാത്രമായി ചുരുക്കി. പ്രശ്നത്തെ ഇത്തരത്തിൽ പരിമിതപ്പെടുത്തിയതിലൂടെ, അനുച്ഛേദം 25-ന്റെ പരിധിയിൽ നിന്ന് ഈ വിഷയത്തെ കോടതി തുടക്കത്തിലേ ഒഴിവാക്കി. അനുവദനീയ ശബ്ദപരിധിക്കുള്ളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി നല്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും, മതമാചരിക്കാൻ ‘അനിവാര്യമോ’ എന്നതിലേക്ക് മാത്രം കോടതി ശ്രദ്ധ കേന്ദ്രീകരിച്ചു. ശബ്ദമലിനീകരണന്ന നിയന്ത്രണപരമായ വിഷയത്തെ, മതത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാവുന്ന ഒന്നായി കോടതി മാറ്റി.
ചുരുക്കത്തിൽ, ഹിജാബ് നിരോധനവും ലൗഡ്‌സ്പീക്കർ കേസുകളും ഇന്ത്യൻ മതേതരത്വത്തിന്റെ കാതലായൊരു വൈരുദ്ധ്യത്തെ തുറന്നുകാട്ടുന്നു. മുസ്ലിം പൗരന്മാർക്ക് തങ്ങളുടെ അവകാശങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ സമത്വത്തിന്റെയും പൗരത്വത്തിന്റെയും ഭാഷ ഉപയോഗിക്കേണ്ടി വരുന്നു, എന്നാൽ ഇതേ ഭാഷ തന്നെയാണ് കോടതികൾ ആ അവകാശങ്ങളെ ചുരുക്കാനും ന്യൂനപക്ഷങ്ങളെ അച്ചടക്കം പഠിപ്പിക്കാനും ഉപയോഗിക്കുന്നത്. അന്തസ്സിനും മതപരമായ അസ്തിത്വത്തിനും തുല്യപൗരത്വത്തിനും വേണ്ടിയുള്ള ആവശ്യങ്ങളെ പ്രമാണപരമായ സാങ്കേതിക ചോദ്യങ്ങളാക്കി മാറ്റുന്നതിലൂടെ, മതസ്വാതന്ത്ര്യമെന്നത് സ്ഥിരതയുള്ളൊരു അവകാശമെന്നതിനു പകരം രാഷ്ട്രനിബന്ധനകൾക്ക് വിധേയമായ ഒന്നായിമാറുന്നു.

 സമത്വം, മതേതരത്വം, മുസ്ലിം ആചാരങ്ങളുടെ നിയന്ത്രണം

ഹിജാബ് നിരോധന വിധിയിൽ, സ്ഥാപനത്തിന്റെ വസ്ത്രധാരണ നിയന്ത്രണാധികാരത്തെ ഭരണപരമായ സ്വയംഭരണത്തിന്റെ (Administrative autonomy) ഭാഗമായി ചിത്രീകരിക്കാനും മതസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കോടതി അനുച്ഛേദം 19(1)(g), 26 എന്നിവ ഉപയോഗിച്ചു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ വിശാല താൽപര്യങ്ങൾക്കും’ അച്ചടക്കത്തിനും മുൻഗണന നല്കിയ വിധി, വിദ്യാർത്ഥികൾക്കു തങ്ങളുടെ മതസ്വത്വപ്രകാശനത്തിന് അവകാശമില്ലെന്ന് ഊന്നിപ്പറഞ്ഞു. ഒന്നാമതായി, വ്യക്തിപരമായ മതസ്വാതന്ത്ര്യത്തെയും സാമൂഹിക താൽപര്യങ്ങളെയും വിരുദ്ധചേരികളിൽ പ്രതിഷ്ഠിച്ച കോടതി, സാമൂഹിക താൽപര്യങ്ങൾക്ക് മുൻഗണന നല്കുകയും അതുവഴി ഹൈന്ദവ-ഭൂരിപക്ഷാധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും പെരുമാറ്റച്ചട്ടങ്ങളെയും പരോക്ഷമായി അടിച്ചേൽപ്പിക്കുകയും ചെയ്തു. രണ്ടാമതായി, നിയന്ത്രണം, നിരീക്ഷണം, നിയമവിധേയത്വം (Conformity) എന്നിവയെ മതേതര ഭരണകൂടത്തിന്റെ അനിവാര്യമായ സ്വഭാവങ്ങളായി ചിത്രീകരിക്കുന്ന വിപുലമായ നിയമയുക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഈ വിധി വിശ്വാസത്തെ തികച്ചും വ്യക്തിപരവും ആന്തരികവും സ്വകാര്യവുമായി പരിമിതപ്പെടുത്തുന്നു, അതേസമയം മതം ആചരിക്കാനുള്ള അധികാരത്തെ നിയന്ത്രിക്കപ്പെടാവുന്ന ഒരു പൊതുവകാശമായി കാണുന്നു.രത്‌ന കപൂർ നിരീക്ഷിച്ചതുപോലെ, ഇത് ‘ഹിന്ദുരാഷ്ട്ര താൽപര്യത്തിനായുള്ള നിയമവാഴ്ച’ (rule of law for the Hindu nation) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം ഔപചാരിക സമത്വമാണ് (Formal equality) സൃഷ്ടിക്കുന്നത്. ഇവിടെ ഭരണഘടനാപരമായ മതേതരത്വം ബഹുസ്വരതയുടെ സംരക്ഷകനാകുന്നതിന് പകരം മതവ്യത്യാസങ്ങളെ കൈകാര്യംചെയ്യാനുള്ള ഉപകരണമായി മാറുന്നു.

മുസ്ലിംപള്ളിയിലെ ഉച്ചഭാഷിണി സംബന്ധിച്ച കേസുകളിലും സമാന യുക്തി കാണാം. ശബ്ദമലിനീകരണ നിയമങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ച ബോംബെ ഹൈക്കോടതി, ലൗഡ്‌സ്പീക്കറുകൾ ഒരു മതത്തിനും അത്യാവശ്യമല്ലെന്ന് വിധിച്ചു.35 ഈ വിധിക്ക് പിന്നാലെ പ്രസരണി നിരോധനത്തിനായി ഹിന്ദുത്വ സംഘടനകൾ കാമ്പയിനുകൾ ശക്തമാക്കി. പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കാൻ നോട്ടീസയച്ച പൊലീസ്; വസ്തുവിന്റെ ഉടമസ്ഥതാ പ്രമാണങ്ങൾ, കെട്ടിട നിർമ്മാണത്തിനുള്ള നിയമപരമായ രേഖകൾ, വഖഫ് രജിസ്ട്രേഷൻ പേപ്പറുകൾ തുടങ്ങിയവ ഹാജരാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കർശനമായ പരിശോധനാ നടപടികളിലൂടെ പ്രസരണി ലൈസൻസിനായി വീണ്ടും അപേക്ഷിക്കാനും നിർദ്ദേശിച്ചു. മുംബൈ പോലീസ് 1,500ൽ അധികം സ്പീക്കറുകൾ നീക്കംചെയ്തു, ഇതിൽ ഭൂരിഭാഗവും മുസ്ലിംപള്ളികളിൽനിന്നായിരുന്നു. ഒരുവിഭാഗത്തിന് അവരുടെ ശബ്ദാവിഷ്കാരാവകാശം പ്രയോഗിക്കാനാകുന്നത് ഹിന്ദുത്വർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ അതൊതുങ്ങുമോ എന്നതിനെ ആശ്രയിച്ചാകണം എന്നതരത്തിലേക്കു നിയമത്തിന് മുന്നിലെ സമത്വമെന്ന ഭരണഘടനാമൂല്യം ചുരുക്കപ്പെട്ടു എന്ന് ഈ നടപടികൾ തെളിയിക്കുന്നു. ‘ലൗഡ്‌സ്പീക്കർ രഹിത മഹാരാഷ്ട്ര’ എന്ന അവകാശവാദത്തിനിടയിലും ക്ഷേത്രങ്ങളിലെ മണിമുഴക്കങ്ങളും ഹൈന്ദവോത്സവങ്ങളിലെ ഉച്ചഭാഷിണികളും ഇപ്പോഴും കേൾക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിയമയുക്തിയിൽനിന്ന് ഭൂരിപക്ഷാധിപത്യ ഭരണത്തിലേക്ക്

ഇരുകേസുകളിലും, ഭരണഘടനാ ലംഘനങ്ങൾക്കെതിരായ വെല്ലുവിളികളായി ആരംഭിച്ച തർക്കങ്ങൾ കോടതിയുടെ യുക്തിപരമായ കണ്ടെത്തലുകളിലൂടെയും (Judicial Reasoning), ഹിന്ദുത്വരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘാടനത്തിലൂടെയും (Political Mobilisation) തുടർന്നുണ്ടായ ഭരണപരമായ നടപടികളിലൂടെയുമൊക്കെ മുസ്ലീം ആചാരങ്ങളെ ബാധിക്കുന്ന പ്രായോഗിക നിയന്ത്രണങ്ങളായി (De facto restrictions) സംസ്ഥാനത്തെമ്പാടും മാറ്റപ്പെട്ടു. കോടതിഭാഷയിൽ ‘ഏതെങ്കിലും മതചിഹ്നം’ എന്നും ‘എല്ലാ മതസ്ഥാപനങ്ങളും’ എന്നുമൊക്കെ പരാമർശിച്ചുകൊണ്ട് ഔദ്യോഗികമായി നിഷ്പക്ഷത പുലർത്തിയെങ്കിലും, ഈ വിധിതീർപ്പുകളുടെ പ്രായോഗിക ഫലം ഇസ്ലാമികാചാരങ്ങളെയും വിശ്വാസങ്ങളെയും തിരഞ്ഞെടുത്ത് പുറന്തള്ളുക എന്നതായിരുന്നു. ഇവിടെ പ്രയോഗിക്കപ്പെട്ട ‘ഔപചാരിക സമത്വം’ (Formal equality) മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിന് പകരം, മതേതരവും സാർവത്രികവുമായി അവതരിപ്പിക്കപ്പെടുന്ന ഭൂരിപക്ഷ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ മുസ്ലീം വിശ്വാസികളെ നിർബന്ധിച്ചുകൊണ്ട് മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതായി മാറി അർത്ഥത്തിലിവിടെ, ‘സമത്വം’ എന്നത് ഹിന്ദു ദേശീയതാ സങ്കല്പങ്ങളോടൊട്ടിനില്ക്കുന്ന ന്യൂനപക്ഷവിരുദ്ധമായൊരു ഭരണനിയന്ത്രണോപാധിയായി മാറുന്നു.

ഹിജാബ്, ഉച്ചഭാഷിണി തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഈ വിവേചനപരമായ നിയന്ത്രണങ്ങൾ, മതസ്വാതന്ത്ര്യത്തെയും നിയമത്തിന് മുന്നിലുള്ള തുല്യതയെയുംപറ്റി ശ്രേണീബദ്ധമായൊരു (hierarchical) കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുക. ഇവിടെ ഹിന്ദു-ഭൂരിപക്ഷ മാനദണ്ഡങ്ങൾ സ്വഭാവികാടിസ്ഥാനമായി മാറുന്നു. ഭരണഘടനാപരമായ മതേതരത്വമെന്നത് വൈവിധ്യസംരക്ഷണത്തിന് പകരം മതവൈജാത്യങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമായിട്ടാണ് പ്രവർത്തിക്കുക. ഈ അർത്ഥത്തിൽ, തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുള്ള ഉപകരണങ്ങളാക്കപ്പെട്ടിരിക്കുന്നു. ഇത് മുസ്ലിം മതജീവിതത്തെ നിയമപരമായ സൂക്ഷ്മപരിശോധനയിലൂടെ ചിട്ടപ്പെടുത്തുകയും (disciplining), മൗലികാവകാശങ്ങളെ ഭരണകൂടോപാധികളോടെയുള്ള അവകാശങ്ങളായി മാറ്റുകയുംചെയ്യുന്നു. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ, മതേതരത്വവും ഭരണഘടനാ സംരക്ഷണവും സർവ്വരെയും ഒരേയച്ചിൽ വാർത്തൊപ്പിക്കാനുള്ള (uniformity) ഉപകരണങ്ങളായി പുനർനിർവചിക്കപ്പെടുന്നു. ഇതിലൂടെ പൊതുവിടങ്ങളിലെ മുസ്ലിം സാന്നിധ്യത്തെയും അവരുടെ ശബ്ദത്തെയും കാഴ്ചയെയും നിയന്ത്രിക്കാനാണ് ശ്രമം.

ഉപസംഹാരം

ഹിജാബ് നിരോധനവും പള്ളികളിലെ ലൗഡ്‌സ്പീക്കർ നിയന്ത്രണവും വ്യത്യസ്ത തലങ്ങളിലുള്ള വിഷയങ്ങളാണെങ്കിലും—ഒന്ന് ശരീരത്തിന്റെ അന്തസ്സിനെയും ലിംഗാധിഷ്ഠിതമായ മതസ്വത്വപ്രകാശനത്തെയും ബാധിക്കുന്നതും, മറ്റൊന്ന് പൊതുവിടങ്ങളിലെ കൂട്ടായ ശ്രവണസാധ്യതയെയും (Collective Audibility) മതപരമായ സാന്നിധ്യത്തെയും നിയന്ത്രിക്കുന്നതുമാണ്—ഇവ രണ്ടും നിയന്ത്രിക്കപ്പെടുന്നത് ഒരേ നിയമയുക്തിയിലൂടെയാണ്. ഓരോ സാഹചര്യത്തിലും, മുസ്ലീം മതാവിഷ്കാരങ്ങളെ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട വിശ്വാസരൂപമായി കാണുന്നതിന് പകരം, അവ ഏകീകൃതസ്വഭാവത്തിനും പൊതുസമാധാനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഒന്നായി പുനർനിർവചിക്കാൻ ERP (Essential Religious Practices) എന്ന മാനദണ്ഡം ഉപയോഗിക്കപ്പെടുന്നു. ഈ നീക്കം നിഷ്പക്ഷമല്ല. ഭൂരിപക്ഷമതത്തിന്റെ പ്രബലമായ സാംസ്കാരിക പ്രതീക്ഷകൾക്ക് അനുസൃതമാകുന്നെങ്കിൽമാത്രം ഇതരമതങ്ങളോടു സഹിഷ്ണുതയുണ്ടാകുന്ന ഒരു ഹൈന്ദവ-ഭൂരിപക്ഷാധിഷ്ഠിത നിയമക്രമത്തിനുള്ളിലാണ് ഇത് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷമതങ്ങളുടെ നിയന്ത്രണവും ദൃശ്യാദൃശ്യതയും പൊതുക്രമത്തിൽനിന്നുള്ള വ്യതിയാനവുമൊക്കെ ഈ വ്യവസ്ഥയുടെ ഉപാധികൾക്കനുസൃതമാകും. ഏതേതാചാരങ്ങളാണ് ‘അനിവാര്യം’ എന്ന് നിശ്ചയിച്ചു ക്രോഡീകരിക്കുന്നതിലൂടെ, ഹൈന്ദവേതര മതവ്യാഖ്യാനങ്ങളെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി സംയോജിപ്പിക്കുകയും പ്രസ്തുത ന്യൂനപക്ഷമതവിശ്വാസങ്ങളുടെ നിയമാനുസൃത പരിധിയായി ഭൂരിപക്ഷമതത്തിന്റെ മാനദണ്ഡങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഒരു നിയമതന്ത്രമായി ERP മാറുന്നു.
മുസ്ലീങ്ങളെപ്പോലുള്ള ന്യൂനപക്ഷങ്ങൾ അവകാശസംരക്ഷത്തിന് ഭരണഘടനയെ ആശ്രയിക്കുമ്പോൾ ഇന്ത്യൻ മതേതരത്വത്തിന്റെ കാതലായൊരു വൈരുദ്ധ്യം തുറന്നുകാട്ടപ്പെടുന്നു എന്ന് ഈ കേസുകൾ തെളിയിക്കുന്നു. നൈയാമിക യുക്തികൾ തങ്ങളുടെ അവകാശവാദങ്ങളുടെ വ്യാപ്തി പരിമിതപ്പെടുത്തുമ്പോഴും, അവ പരിമിതമായെങ്കിലും അംഗീകരിക്കപ്പെടണമെങ്കിൽ സമത്വം, മതസ്വാതന്ത്ര്യം, പൗരത്വം തുടങ്ങിയ തങ്ങളെ അടിച്ചമർത്താനുപയോഗിക്കുന്ന ഭാഷകളിലൂടെതന്നെ അവയുന്നയിക്കാൻ മുസ്ലീം സമൂഹം നിർബന്ധിതരാകുന്നു. അന്തസ്സിനും മതപരമായ അസ്തിത്വത്തിനും തുല്യപൗരത്വത്തിനുമായുള്ള ആവശ്യങ്ങളെ കേവലം മതപ്രമാണപരമായ അനിവാര്യതകളെക്കുറിച്ചുള്ള സാങ്കേതികാന്വേഷണങ്ങളാക്കി മാറ്റുന്നതിലൂടെ, മതസ്വാതന്ത്ര്യത്തെ ഒരു മൗലികാവകാശമെന്ന നിലയിൽനിന്ന് നിബന്ധനകളുള്ള ഭരണകൂട ഔദാര്യംമാത്രമായി ERP ചട്ടക്കൂട് പുനർനിർമ്മിക്കുന്നു. ഭൂരിപക്ഷ മാനദണ്ഡങ്ങൾക്കുള്ള വഴങ്ങലാണ് സമത്വ ലഭ്യതയുടെ മാനദണ്ഡമെന്ന ദുഃരവസ്ഥയാണ് ഈ കേസുകൾക്കു പിന്നിലെ സാമൂഹികസാഹചര്യം വരച്ചിടുന്നത്.

റഫറൻസ് 

Books 
Asad T, ‘Secularism, Nation-State, Religion’ (Chapter 4) in Formations of the Secular: Christianity, Islam, Modernity (Stanford University Press 2003) 181–202
Kapur R, ‘“Belief” in the Rule of Law and the Hindu Nation and the Rule of Law’ in Chatterji AP, Hansen TB and Jaffrelot C (eds), Majoritarian State: How Hindu Nationalism is Changing India (Oxford University Press 2019) \
Menon N, Secularism as Misdirection: Critical Thought from the Global South (Duke University Press 2024)
Journal Articles 
Padhy S, ‘Secularism and Justice: A Review of Indian Supreme Court Judgments’ (2004) 39 Economic and Political Weekly 5027
Bhatia G, ‘The Essential Religious Practices Test and the Inversion of Agency: Notes from the Hijab Hearing’ (Constitutional Law and Philosophy, 9 February 2022)
Mustafa F and Sohi JS, Freedom of Religion in India: Current Issues and Supreme Court Acting as Clergy (2017) 2017 BYU Law Review 915
Saxena S, ‘Court’ing Hindu Nationalism: Law and the Rise of Modern Hindutva’ (2018) 26(4) Contemporary South Asia 378 https://doi.org/10.1080/09584935.2018.1546672
Cases
Zainab Abdul Qayyum Choudhary v Chembur Trombay Education Society’s N G Acharya & D K Marathe College of Art, Science & Commerce (Writ Petition (L) No. 17737 of 2024, Bombay High Court, 26 June 2024).
Masjid A. Gousiya through its Secretary Sayyad Iqbal Ali v State of Maharashtra (Criminal Writ Petition No. 852 of 2025, Bombay High Court, Nagpur Bench, 1 December 2025).
Jaago Nehru Nagar Residents Welfare Association & Anr v Commissioner of Police & Ors (2025) 2025:BHC‑AS:3288‑DB (Bombay High Court, Criminal Appellate Jurisdiction, 23 January 2025).
News / Opinion Articles
Haq S, ‘Muslim leaders push back loudspeaker ban in Mumbai’ mosques (Maktoob Media, 28 June 2025)
Pandit N and Sood M, ‘Goregaon college revokes burqa ban after students protest’ (Hindustan Times, 5 December 2025)
Punwani J, ‘Sound of bias | Loudspeaker‑free Mumbai is a farce’ (Deccan Herald, 17 July 2025)