വിദ്വേഷ പ്രസ്താവന അഥവാ ഹേറ്റ് സ്പീച്ച് എന്നത് വിവിധ ന്യൂനപക്ഷങ്ങൾക്കെതിരേ വാചികമായോ എഴുത്തായോ ദൃശ്യമായോ പുറത്തുവരുന്ന അക്രമവും വിവേചനവും ശത്രുതയും ഉൽപാദിപ്പിക്കുന്ന പ്രസ്താവനകളാണ്. അമേരിക്കയിൽ കറുത്ത വംശജരായ ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വംശീയതക്കെതിരായാണ് 1980-കളിൽ ഹേറ്റ് സ്പീച്ച് എന്ന പദം രാഷ്ട്രീയ – നിയമ വ്യവഹാരമായി വികസിച്ചത്. ഇന്ത്യയിൽ 2025ൽ മാത്രം ന്യൂനപക്ഷങ്ങൾക്കെതിരേ 1,318 വിദ്വേഷ പ്രസ്താവനകൾ പുറത്തുവന്നുവെന്നാണ് വാഷിങ്ടൺ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തൽ. അവയിൽ 98 ശതമാനവും ഇസ്്ലാമോഫോബിയയുടെ ഭാഗമാണ്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ഓഫിസ് 2019ൽ പുറത്തിറക്കിയ യു.എൻ സ്ട്രറ്റജി ആന്റ് പ്ലാൻ ഓഫ് ആക്ഷൻ ഓൺ ഹേറ്റ് സ്പീച്ച് റിപ്പോർട്ട്, വിദ്വേഷപ്രസ്താവനകൾ ജനാധിപത്യസ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വാഴ്ച നടന്ന രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള യൂറോപ്പിനെയും 1994-ലെ റുവാണ്ടയെയും വംശഹത്യകളിലേക്ക് നയിച്ചതിൽ വിദ്വേഷ പ്രസ്താവനകൾ നിർണായക പങ്ക് വഹിച്ചതായി ഐക്യരാഷ്ട്രസഭയുടെ പഠനങ്ങളും രേഖപ്പെടുത്തുന്നു.
ഇന്റർനാഷണൽ കവനന്റ് ഓൺ സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്സിലെ(ഐ.സി.സി.പി.ആർ, 1966) ആർട്ടിക്കിൾ 20(2) പ്രകാരം, ദേശീയത, വംശം, ലിംഗം, മതം എന്നിവ മൂലമുള്ള മുൻവിധിയുടെ അടിസ്ഥാനത്തിൽ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന എല്ലാ പ്രസ്താവനകളും വിദ്വേഷ പ്രസ്താവനകളാണ്. ഇവ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുന്ന വിമർശനങ്ങളല്ല; മറിച്ച്, ഒരു സമൂഹത്തെ അപമാനിക്കുകയും ‘ഭീഷണിയായി’ ചിത്രീകരിക്കുകയും അവർക്കെതിരായ വിവേചനങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കുകയും ചെയ്യുന്ന ഭാഷാരൂപങ്ങളാണ്.
സമൂഹമാധ്യമങ്ങൾ
സമൂഹമാധ്യമങ്ങൾ വ്യാപകമായ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും പൊതുനയങ്ങളെയും മാധ്യമപ്രവർത്തനത്തെയും നേരിട്ട് സ്വാധീനിക്കുന്ന ഘടകമായി വിദ്വേഷപ്രസ്താവന മാറിയിട്ടുണ്ട്. യഥാർഥത്തിൽ വിദ്വേഷപ്രസ്താവനകൾ പുതിയ ചരിത്രപ്രതിഭാസമല്ല. പതിനെട്ടാം നൂറ്റാണ്ടിൽ തത്വചിന്തകനായ സോറൻ കിർക്കഗോർഡ് അച്ചടി മാധ്യമങ്ങൾ സാധ്യമാക്കിയ ബഹുജന സംസ്കാരം ഉത്തരവാദിത്വമില്ലാത്ത ഒരു ‘പബ്ലിക്കി’നെ സൃഷ്ടിച്ചതായി ‘പ്രസന്റ് ഏജ്’ (1846) എന്ന കൃതിയിൽ വിമർശിക്കുന്നുണ്ട്. ‘പബ്ലിക്’ നിലനിൽക്കുമ്പോൾത്തന്നെയാണ് വ്യക്തികൾ അനോണിമസായി അഭിപ്രായങ്ങളും ആക്രമണങ്ങളും നടത്തിയിരുന്നത്. സ്വാഭാവികമായും വ്യക്തിഗതമായ നൈതികതയും പ്രതിബദ്ധതയും ക്രമേണ അപ്രത്യക്ഷമാകുന്നു.
കിർക്കഗോർഡിന്റെ വിമർശനത്തിന്റെ മെറിറ്റ് എന്തായാലും അച്ചടിമാധ്യമങ്ങൾ ഒരു ബഹുജന മാധ്യമമായി വികസിച്ച പതിനെട്ടാം നൂറ്റാണ്ടിലും ഇപ്പോഴത്തെപ്പോലെത്തന്നെ വിദ്വേഷപ്രചാരണങ്ങളുടെ കുത്തൊഴുക്ക് ദൃശ്യമായിരുന്നു. നിയമനിർമാണങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ് ഒരുപരിധിവരെ അത് മറികടന്നത്. ഇറ്റലിയിൽ 1930കളിലെ ഫാസിസ്റ്റുകളുടെ വളർച്ചയും റേഡിയോയുടെ കണ്ടുപിടിത്തവും തമ്മിലും ബന്ധമുണ്ടായിരുന്നു. സമാനമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളും കടന്നുപോകുന്നത്. സാമൂഹികമായ ബോധവൽക്കരണവും വിദ്യാഭ്യാസവും നിയമനിർമാണങ്ങളും തന്നെയാണ് വിദ്വേഷ നിയന്ത്രണത്തിന്റെ മാർഗങ്ങൾ മുൻനിർത്തി ചിന്തിക്കുമ്പോൾ ഐക്യരാഷ്ട്ര സഭക്കു മുന്നിലും തെളിഞ്ഞുവരുന്നത്.
2019-ൽ ഐക്യരാഷ്ട്രസഭ വിദ്വേഷപ്രസ്താവനകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഔദ്യോഗിക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച്, വിദ്വേഷപ്രസ്താവനകളെ മൂന്ന് ഘട്ടങ്ങളിലായി സമീപിക്കണം: വിദ്വേഷ പ്രസ്താവനകൾ നിലനിൽക്കുന്നു എന്ന യാഥാർഥ്യം അംഗീകരിക്കുകയും അവയെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുകയാണ് ആദ്യത്തേത്. രണ്ടാമതായി, അവയെ രാഷ്ട്രീയമായും സാമൂഹികമായും വിമർശനാത്മകമായും വിലയിരുത്തണം; മൂന്നാമതായി, ദേശീയനിയമങ്ങൾ, മനുഷ്യാവകാശ മാനദണ്ഡങ്ങൾ, മാധ്യമ നൈതികത എന്നിവയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഉത്തരവാദിത്വസംവിധാനങ്ങളും കൊണ്ടുവരണം.
നിശബ്ദതയും അവഗണനയും പരിഹാരമോ?
പഴയ കാഴ്ചപ്പാടനുസരിച്ച്, വിദ്വേഷപ്രസ്താവനകൾക്ക് ദൃശ്യത നൽകുന്നത് അതിന്റെ വ്യാപ്തി വർധിപ്പിക്കും. മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നതുപോലും ശരിയല്ലെന്നു കരുതുന്ന സമീപനവുമുണ്ട്. എന്നാൽ വിദ്വേഷപ്രസ്താവനകൾ സാമൂഹികാപവാദമോ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെയോ ചില വ്യക്തികളുടെയോ വഴിതെറ്റലിന്റെ പ്രശ്നമോ അല്ല.
ഈ പ്രശ്നത്തെക്കുറിച്ച് മൂന്നു ബദൽ നിരീക്ഷണങ്ങളുണ്ട്. ഒന്ന്) ഇരകളുടെ മൗനം: വിദ്വേഷ പ്രസ്താവനകൾക്ക് നേരിട്ടു ഇരയാകുന്ന ന്യൂനപക്ഷങ്ങളും പാർശ്വവൽകൃത വിഭാഗങ്ങളും ആക്രമണങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുകയാണ് പതിവെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. 2020-ലെ യൂറോപ്യൻ യൂനിയൻ ഏജൻസി ഫോർ ഫണ്ടമെന്റൽ റൈറ്റസ് റിപ്പോർട്ട് പ്രകാരം, മുസ് ലിംകളും കുടിയേറ്റ പശ്ചാത്തലമുള്ളവരും ഹേറ്റ് സ്പീച്ചിന് ഇരയാവുന്ന സംഭവങ്ങളിൽ ഭൂരിഭാഗവും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ഇതും വിദ്വേഷ പ്രസ്താവനകളുടെ വിജയമാണ്.
രണ്ട്) ഘടനാപരമായ പ്രശ്നം: ഐക്യരാഷ്ട്രസഭയുടെ 2019-ലെ നിർദേശം സൂചിപ്പിക്കുന്നത്, അവഗണന വിദ്വേഷപ്രസ്താവനകളുടെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ്. വിദ്വേഷപ്രസ്താവനകൾ ഒറ്റപ്പെട്ട വ്യക്തികളുടെ മുൻവിധികളിൽ നിന്നു മാത്രം ഉത്ഭവിക്കുന്നതല്ല; നിയമം, ഭരണകൂടം, മാധ്യമങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളിലൂടെ പുനരുത്പാദിപ്പിക്കപ്പെടുന്ന ഘടനാപരമായ വംശീയതയുടെ ഭാഗമാണ്. ആ കാഴ്ചപ്പാടനുസരിച്ച്, വിദ്വേഷ പ്രസ്താവനകൾ ഒരു സമൂഹത്തെ ഭാഷയിലൂടെയുള്ള അപമാനിക്കൽ മാത്രമല്ല, ആ സമൂഹത്തെ താഴ്ന്നവരും അപകടകരികളും ദേശരാഷ്ട്രത്തിനുള്ളിലെ ‘അന്യരായും’ ചിത്രീകരിക്കുന്ന രാഷ്ട്രീയ അരികുവൽക്കരണത്തിന്റെ സാങ്കേതികവിദ്യകൂടിയാണ്.
മൂന്ന്) ഭാഷയുടെ രാഷ്ട്രീയം: വിദ്വേഷപ്രസ്താവനകൾ കേവലം വെറുപ്പുൽപ്പാദനം മാത്രമല്ല, അതു പലപ്പോഴും സാമൂഹ്യമായ ‘ന്യൂട്രൽ’ ഭാഷയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ ലക്ഷ്യംതന്നെ ഇരകളുടെ നിശബ്ദതയാണ്. ‘ദേശസുരക്ഷ’, ‘ജനസംഖ്യാ ഭീഷണി’, ‘സാംസ്കാരിക അധിനിവേശം’, ‘നിയമവാഴ്ച’ തുടങ്ങിയ കോഡുകൾ ഉപയോഗിച്ച് വംശീയ ലക്ഷ്യങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്നു. ഇത്തരം കോഡഡ് ഭാഷാപ്രയോഗങ്ങൾ അക്രമ ആഹ്വാനങ്ങളെപ്പോലെ തന്നെ അപകടകരമാണ്, കാരണം അവ വിവേചനത്തെ ന്യായീകരിക്കുന്നു. വിദ്വേഷപ്രസ്താവനകളുടെ ലക്ഷ്യംതന്നെ അതിനു വിധേയരാകുന്നവരുടെ നിശബ്ദതയും മൗനവുമാണ്.
പരിഹാരം
‘ഹേറ്റ് സ്പീച്ചിനെതിരെ മോർ സ്പീച്ച്’ എന്നാണ് 2019-ൽ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെച്ച ബദൽ കാഴ്ചപ്പാട്. വിദ്വേഷ പ്രസ്താവനകളുടെ ഉള്ളടക്കം, ലക്ഷ്യം, രാഷ്ട്രീയ ഉദ്ദേശ്യം എന്നിവ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നുകയാണ് ഈ നിർദേശം. ‘ഹാം ഇൻ ഹേറ്റ് സ്പീച്ച്’ (2012) എന്ന ഗ്രന്ഥത്തിൽ ജെറമി വാൾ ഡ്രനും വിദ്വേഷപ്രസ്താവനക്കു നിശബ്ദത പരിഹാരമല്ലെന്നു പറയുന്നു.
അതേസമയം, പ്രതിരോധം വെറും നിയമനടപടികളിലോ ‘മോർ സ്പീച്ച്’ എന്ന ആശയത്തിലോ ഒതുങ്ങുന്നില്ല. ഹേറ്റ് സ്പീച്ചിനെക്കുറിച്ചുള്ള നിർവചനങ്ങളും കോടതിവിധികളും പലപ്പോഴും ആധിപത്യസമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നാണ് രൂപപ്പെടുന്നത്. അതിനാലാണ് വംശീയമായി അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ ഘടനാപരമായ അനുഭവങ്ങൾ അദൃശ്യമായി തുടരുന്നത്. അതിനാൽ വിദ്വേഷ പ്രസ്താവനകൾക്ക് വിധേയരാകുന്ന സമൂഹങ്ങളുടെ അനുഭവങ്ങൾ അറിവിന്റെ കേന്ദ്രമായി അംഗീകരിക്കപ്പെടണം. ഈ രീതിയെ ഗവേഷകർ ‘കൗണ്ടർ സ്പീച്ച്’ എന്നാണ് വിളിക്കുന്നത്.
കൗണ്ടർ സ്പീച്ച് വിദ്വേഷപ്രസ്താവനകളെ അവഗണിക്കുകയല്ല, വസ്തുതകൾ മുന്നോട്ടുവച്ചും ഐക്യദാർഢ്യത്തിലൂടെയും രാഷ്ട്രീയപ്രതികരണത്തിന്റെ മാതൃക സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതുവഴി വിദ്വേഷം സാധാരണവൽക്കരിക്കപ്പെടുന്നതിനെ തടയുന്നു. ഇരയാക്കപ്പെടുന്ന സമൂഹങ്ങളുടെ അഭിമാനവും അവകാശങ്ങളും ഉറപ്പാക്കുകയാണ് കൗണ്ടർ സ്പീച്ചിന്റെ മറ്റൊരു ലക്ഷ്യം.
ഈ സാഹചര്യത്തിലാണ് വിദ്വേഷപ്രസ്താവനകൾ തരംതിരിച്ച് രേഖപ്പെടുത്തുന്നതും അവയുടെ രാഷ്ട്രീയ, മാധ്യമ ബന്ധങ്ങൾ വിശകലനം ചെയ്യുന്നതും യാഥാർഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതും നിർണായകമാകുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് ആഗോളതലത്തിൽ ഹേറ്റ് സ്പീച്ച് മോണിറ്ററിങ് ഗ്രൂപ്പുകളും സ്വതന്ത്ര ഗവേഷണ ഏജൻസികളും സർവകലാശാലകളിലെ പ്രത്യേക പഠന ശാഖകളും രൂപപ്പെട്ടിട്ടുള്ളത്. അവഗണനയല്ല; വിമർശനവും ബോധവൽക്കരണവും നിയമപരമായ ഇടപെടലുകളും ചേർന്ന സമഗ്രമായ സമീപനമാണ് വിദ്വേഷ പ്രസ്താവനകളെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
(കടപ്പാട് : സുപ്രഭാതം ദിനപത്രം)