Islamophobia Studies Theorising Islamophobia

ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍

ഇസ്‌ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്.

ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു.

ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന ഒരു തുറന്ന ആവിഷ്‌കാരം എന്നതിലുപരി സൂക്ഷ്മവും നിരന്തരം വികസിക്കുന്നതും ആയ ഒരു ദൈനംദിന അനുഭവമായി കാണേണ്ടതുണ്ട്. അനുഭവങ്ങളുടെ ചെറിയ അടരുകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ബലതന്ത്രങ്ങളെ മനസ്സിലാക്കാന്‍ ഏറെ പ്രയാസവുമാണ്. ദൈനംദിന വിവേചനങ്ങളെയും അപമാനങ്ങളെയും പരിഹാസങ്ങളെയും ദ്വയാര്‍ഥപ്രയോഗങ്ങളെയും അടക്കം പറച്ചിലുകളെയും ശകാരങളെയും പുറന്തള്ളലുകളെയും ‘സഹിഷ്ണുത’യോടെ കാണാന്‍ പ്രേരിപ്പിക്കുന്ന സാമൂഹ്യസാഹചര്യം ഇസ്‌ലാമോഫോബിയ എന്ന പ്രത്യയശാസ്ത്ര ശക്തിയുടെ പ്രഭാവത്തെ സൂചിപ്പിക്കുന്നു. അനുഭവിക്കുന്നവരുടെ ജീവിതനിലവാരത്തെയും പ്രകടനത്തെയും ഇത് സാരമായി ബാധിക്കുന്നു. നിത്യജീവിതത്തിലെ ഈ മുറിവുകളെ, താഴ്ത്തിക്കെട്ടലുകളെ, ഒഴിവാക്കലുകളെ നോര്‍മലൈസ് ചെയ്യുന്ന ഒരധികാരമായിക്കൂടിയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്.
അങ്ങനെയാണ് ഇസ്‌ലാമോഫോബിയ എന്ന സംജ്ഞ കൈവരിച്ച സാമൂഹിക രാഷ്ട്രീയ ആശയവികാസത്തെ മനസ്സിലാക്കാന്‍ ദൈനംദിന ഇസ്‌ലാമോഫോബിയ അഥവാ എവരിഡേ ഇസ്‌ലാമോഫോബിയ എന്ന പരികല്‍പന സഹായകമാവുന്നത്.

താഴെ കൊടുക്കുന്ന എട്ടു പ്രധാന രീതികള്‍ ഒരു സൂചന മാത്രമാണെന്നും വിവിധ സമൂഹങ്ങളില്‍ ഇതിന്റെ ശൈലി മാറാമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഒന്നാമതായി, മുസ്‌ലിംകളെയോ മുസ്‌ലിംകളെപ്പോലെ തോന്നിപ്പിക്കുന്നവരെയോ മുസ്‌ലിംകളുമായി ബന്ധപ്പെട്ടവരെയോ ആണ് ഇസ്‌ലാമോഫോബിയ ലക്ഷ്യംവയ്ക്കുന്നത്. മുസ്‌ലിംകളുമായി രാഷ്ട്രീയമായി ബന്ധപ്പെടുന്നവര്‍, സാമൂഹികമായി സഹകരിക്കാന്‍ തയ്യാറാവുന്നവര്‍, മുസ്‌ലിംകളില്‍ത്തന്നെ മിശ്രവിവാഹജീവിതം നയിക്കുന്നവര്‍, മുസ്‌ലിം പേരുള്ളവര്‍, പലകാരണങ്ങളാല്‍ മുസ്‌ലിംകളോട് സാമ്യമുള്ള പേരുള്ളവര്‍, മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍… ഇവരൊക്കെ വംശീയ വിവചേനങ്ങള്‍ നേരിടുന്നു. മുസ്‌ലിംകളെ മാത്രമല്ല, മുസ്‌ലിംകളെന്ന് ഏതെങ്കിലും രീതിയില്‍ തോന്നിപ്പിക്കുന്നവരെയും ഇസ്‌ലാമോഫോബിയ ലക്ഷ്യമിടുന്നു.

രണ്ടാമതായി, മുസ്‌ലിംകളുടെ വൈവിധ്യങ്ങളെ നിരാകരിച്ചു കൊണ്ടാണ് ഇസ്‌ലാമോഫോബിയ നിത്യജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലിടങ്ങളിലും സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടപെടുന്ന മുസ്‌ലിംകള്‍ വിവിധ രീതികളിലാണ് ജീവിക്കുന്നതെങ്കിലും ഈ വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് മുസ്‌ലിംകളെ ഒരൊറ്റ ഗണമാക്കി തിരിച്ചുകൊണ്ട് ലക്ഷ്യംവയ്ക്കുന്നു. മുസ്‌ലിംകള്‍ക്ക് വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയെ ഇത് നിരാകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മുസ്‌ലിംകളെ ഒരൊറ്റ ഗണമാക്കി മാറ്റിക്കൊണ്ട് ഏകശിലാ രീതിയില്‍ മുസ്‌ലിംകളെ ചിത്രീകരിക്കുന്നു.

മൂന്നാമതായി, പത്രമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വിവരങ്ങള്‍ പ്രാദേശിക തലത്തില്‍ സ്വാധീനം ചെലുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതായത് സിറിയയിലോ അഫ്ഗാനിസ്താനിലോ ഇറാഖിലോ മുസ്‌ലിംകള്‍
നടത്തുന്ന അക്രമങ്ങളോ അനീതികളോ, മാധ്യമങ്ങള്‍ മുസ്‌ലിംകളെക്കുറിച്ച് തെറ്റായി റിപോര്‍ട്ട് ചെയ്യുന്നതോ, അവര്‍ക്കുമുകളില്‍ വച്ചുകെട്ടുന്ന സംഭവങ്ങളോ ഉപയോഗിച്ചുകൊണ്ട് തങ്ങള്‍ ജീവിക്കുന്ന പ്രദേശത്തും തൊഴിലിടങ്ങളിലും സാമൂഹിക ഇടങ്ങളിലും മുസ്‌ലിംകള്‍ ധാരാളം വിവേചനങ്ങളും അസഭ്യങ്ങളും ശകാരവാക്കുകളും സഹിക്കേണ്ടിവരുന്നു. ഇതും ദൈനംദിന ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രമാണ്.

നാലാമതായി, മുസ്‌ലിംകളിലെ വിവിധ ലിംഗവിഭാഗങ്ങള്‍ വ്യത്യസ്ത രീതിയിലാണ് ഇസ്‌ലാമോഫോബിയ അനുഭവിക്കേണ്ടിവരുന്നത്. ഇന്ത്യയിലെ ട്രെയിനുകളില്‍ ഹിജാബ്, നിഖാബ്, പര്‍ദ്ദ തുടങ്ങി പ്രത്യക്ഷമായ ഇസ്‌ലാമിക സൂചനകളുള്ള വസ്ത്രങ്ങളുമായി യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ ശകാരവര്‍ഷങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്നു. അതുപോലെത്തന്നെ മതപരമായ കാരണങ്ങളാല്‍ താടി, കുര്‍ത്ത, തൊപ്പി എന്നിവ ധരിക്കുന്ന മുസ്‌ലിംപുരുഷന്‍മാരും ഇസ്‌ലാമോഫോബിയയുടെ ദൈനംദിന അക്രമങ്ങള്‍ക്ക് ഇരയാകുന്നവരാണ്. ഇത് വിവിധ രീതികളിലാണ് മുസ്‌ലിംകളിലെത്തന്നെ ഓരോ ലിംഗവിഭാഗത്തിനും അനുഭവപ്പെടുന്നത്.

അഞ്ചാമതായി, പൊതുഇടത്തില്‍ പോകാന്‍ മുസ്‌ലിംകള്‍ക്ക് ഭയമുണ്ടാക്കുന്ന തരത്തിലാണ് ദൈനംദിന ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. തൊഴിലിടങ്ങളിലും യാത്രകളിലും വീടിന് സ്ഥലമന്വേഷിക്കുന്ന കാര്യത്തിലും ദൈനംദിന ക്രയവിക്രയങ്ങളിലും കച്ചവടകാര്യത്തിലുമൊക്കെ മുസ്‌ലിംകളെ പിന്തിരിപ്പിക്കുന്ന തരത്തിലാണ് ദൈനംദിന
ഇസ്‌ലാമോഫോബിയ സ്വയം ആവിഷ്‌കരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. വിവിധ പ്രദേശങ്ങളില്‍ ആ സ്ഥലങ്ങളുടെ പ്രാദേശിക ബലതന്ത്രമനുസരിച്ച് ഇത് പ്രത്യക്ഷപ്പെടുകയോ ഇതില്‍ വ്യത്യാസമുണ്ടാവുകയോ ചെയ്യാം.

ആറാമതായി, സ്ഥൂലവും സൂക്ഷ്മവുമായ വിവേചനങ്ങള്‍ക്ക് മുസ്‌ലിംകള്‍ വിധേയമാകുന്നു. മനുഷ്യ സഹജമായി തെറ്റായ ഇടപെടല്‍ നടത്തുന്ന മുസ്‌ലിമിന്റെ പേരോ കമന്റോ ഉപയോഗിച്ചുകൊണ്ട് മൊത്തം മുസ്‌ലിംകളെ അടച്ചാക്ഷേപിക്കുന്ന രീതി വ്യാപകമാണ്. തൊഴിലിടങ്ങളിലും യാത്രകളിലും വിദ്യാഭ്യാസ ഇടങ്ങളിലും മറ്റു സാമൂഹിക ഇടങ്ങളിലും നിരന്തരമായി മുസ്‌ലിംകള്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുന്നു. ഇതിന്റെ ഏറ്റവും മൂര്‍ത്ത രൂപം ഓണ്‍ലൈന്‍ ഇസ്‌ലാമോഫോബിയയുടെ ആവിഷ്‌കാരമാണ്. മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചാരവേലകള്‍ നടത്തുന്നു. ഇത് സാധാരണ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെയും അവരുടെ മാനസികവും സാമൂഹികവും വ്യക്തിപരമായുമുള്ള സംതുലനത്തെത്തനെയും കാര്യമായി ബാധിക്കുന്നു.

ഏഴാമതായി, ഇസ്‌ലാമോഫോബിയ സ്ഥാപനരൂപം കൈവരിച്ച് ദൈനംദിന ജീവിതത്തില്‍ നിരന്തരമായി ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് വിവേചനപരമായ നിയമനിര്‍മാണങ്ങള്‍ നടത്താനും പ്രായോഗികമാക്കാനും ഇസ്‌ലാമോഫോബിയ സഹായകമാകുന്നു. പോലിസിങിലെ വിവേചനങ്ങള്‍ ഇതിന്റെ ഭാഗമാണ്.

ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയും മുസ്‌ലിംകള്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും അത് സാമൂഹികമാധ്യമങ്ങളില്‍ വിതരണം ചെയ്തുകൊണ്ടുമാണ് ഇസ്‌ലാമോഫോബിയ നമ്മുടെ പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംകളെ തെറ്റായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും പരിശോധനയില്ലാതെ പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ വായനക്കാര്‍ ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃകകള്‍ സത്യമാണെന്ന് തെറ്റിദ്ധരിക്കുന്നു. അത് മുസ്‌ലിംകളെക്കുറിച്ചുള്ള സ്ഥാപനവല്‍ക്കരണ ധാരണയുടെ പൊതു ആവിഷ്‌കാരമായി മാറുകയും ചെയ്യുന്നു.

എട്ടാമതായി, മുസ്‌ലിംകളില്‍ത്തന്നെ ചിലര്‍ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ തയ്യാറാവുമ്പോള്‍ത്തന്നെ മറ്റു ചിലര്‍ ഇത്തരം പ്രതിരോധങ്ങള്‍ പോലും കാര്യമില്ലെന്ന് വിശ്വസിക്കുകയും പലപ്പോഴും നിശബ്ദമായി അതൊക്കെ സഹിക്കുകയും ചെയ്യുന്നു. അതോടൊപ്പം ലിബറലിസം, ജനാധിപത്യം, മതേതരത്വം തുടങ്ങിയവയുടെ പേരില്‍ ഇസ്‌ലാമോഫോബിക്കായ ഹിംസകളെ ന്യായീകരിക്കാന്‍ ഭരണകൂട സ്ഥാപനങ്ങള്‍ തയ്യാറാവുന്നതോടുകൂടി അത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടമായ അനീതിക്കെതിരേ നിശബ്ദരാവാന്‍ മുസ്‌ലിം വ്യക്തികളോ അവരോട് ചേര്‍ന്നുനില്‍ക്കുന്നവരോ നിര്‍ബന്ധിതരാവുന്നു. ഇസ്‌ലാമോഫോബിയക്കെതിരേ സംസാരിക്കാനും എഴുതാനും പ്രവര്‍ത്തിക്കാനും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തയ്യാറാവുന്നവര്‍ ഇത്തരം വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടും അതിനെ മറികടന്നുകൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ പഠനം നല്‍കുന്ന സൂചന.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)