Islamophobia Studies Theorising Islamophobia

വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ?

ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസ്സിലാവുകയുള്ളൂ.

1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്.

സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 1906ല്‍ മുസ് ലിം ലീഗ് നിലവില്‍ വരികയും മുസ് ലിംകള്‍ക്കും സാമുദായികമായ അഥവാ ‘കമ്മ്യൂണല്‍’ ആയിട്ടുള്ള അവകാശങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഒരര്‍ഥത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണ നിര്‍വഹണ സംജ്ഞയാണ് കമ്യൂണലിസം അഥവാ വര്‍ഗീയത.

അംബേദ്കര്‍ അടക്കമുള്ള പിന്നാക്ക ജാതി വിഭാഗങ്ങളും നേതാക്കളും കമ്മ്യൂണല്‍ അവാര്‍ഡിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട്. 1900 മുതല്‍ 1940 വരെ കമ്മ്യൂണല്‍ അവകാശങ്ങള്‍ എന്നത് പിന്നാക്ക ജാതി വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും അവരുടെ അവകാശ പോരാട്ടത്തെ സൂചിപ്പിക്കാന്‍ പോസിറ്റിവായി ഉപയോഗിച്ചിരുന്ന വാക്കാണ്.

1940കളോടുകൂടി വിഭജനവാദം ശക്തമായി. വിഭജനവിരോധികളായ നേതാക്കള്‍ ഇന്ത്യക്ക് വേണ്ടത് ദേശീയവാദവും മതേതരത്വവുമാണെന്ന സൈദ്ധാന്തിക ധാരണ ഊന്നിപ്പറഞ്ഞു.

1940- കളുടെ അവസാനത്തോടെ പ്രത്യേക അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മതന്യൂനപക്ഷങ്ങളെയും ദലിത് പിന്നാക്കവിഭാഗങ്ങളെയും കമ്മ്യൂണലിസ്റ്റുകള്‍ അഥവാ വര്‍ഗീയവാദികള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സവര്‍ണ അധികാരം സംരക്ഷിക്കുകയും എന്നാല്‍ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ദേശീയവാദികളും മതേതതരവാദികളുമായി.

1950കളില്‍ സംവരണത്തെക്കുറിച്ച് നടത്തിയ പ്രഭാഷണങ്ങളിലും പുറപ്പെടുവിച്ച നയരേഖകളിലും അംബേദ്കര്‍ സംവരണത്തെ പോസിറ്റീവായ കമ്മ്യൂണല്‍-വര്‍ഗീയ- അവകാശമെന്നാണ് വിശേഷിപ്പിച്ചത്. 1960- 70കളില്‍ പോലും കമ്മ്യൂണലിസ്റ്റ് എന്ന വാക്കിന് ഇന്ന് വ്യവഹരിക്കുന്നതുപോലുള്ള അര്‍ത്ഥമുണ്ടായിരുന്നില്ല. 1940 മുതല്‍ 70കള്‍വരെ കോണ്‍ഗ്രസ്സിലെ നെഹ്രുവിയന്‍ധാര തങ്ങളുടെ വിമര്‍ശകരായ വലതുപക്ഷത്തിനെതിരെ പൊതുവായാണ് ഈ പദം ഉപയോഗിച്ചിരുന്നത്.

കോണ്‍ഗ്രസിലെ ഒരു വിഭാഗം വര്‍ഗീയതക്കെതിരേ സോഷ്യലിസമോ കമ്മ്യൂണിസമോ അല്ല മതേതരവാദമാണ് പരിഹാരമായി പ്രഖ്യാപിച്ചത്. വര്‍ഗീയതക്കെതിരേ മതേതരത്വം ദുര്‍ബലമായ സങ്കല്‍പ്പമാണെന്നായിരുന്നു ഒരു വിഭാഗം മാര്‍ക്സിസ്റ്റുകളുടെ നിലപാട്. പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്ന പദം കൊണ്ടു വന്നതോടെ വര്‍ഗീയത എന്ന ഫ്രെയിം ഒരു ഭരണനിര്‍വഹണ സ്വഭാവം കൈവരിച്ചു.

1981-ല്‍ ബിജെപി രൂപംകൊണ്ടു. ഇതോടെ വര്‍ഗീയതക്കെതിരേ മതേതരത്വം എന്ന സമവാക്യത്തിന് പൊതുസമ്മതിയുണ്ടായി.

കോണ്‍ഗ്രസിനെതിരായ പ്രതിപക്ഷം എന്ന നിലക്കു ഭാരതീയ ജനസംഘത്തിനു സ്വീകാര്യതയുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു സംഘപരിവാര്‍ ബാന്ധവം ഒരിക്കലും ഇല്ലാതിരിന്നിട്ടും ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനാല്‍ മുസ്ലിം പ്രസ്ഥാനങ്ങള്‍ വര്‍ഗീയവാദികളായി മുദ്ര കുത്തപെട്ടു. വര്‍ഗീയത എന്ന ഫ്രെയിംവര്‍ക്കിന്റെ അപര്യാപ്തതയാണിത്.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിലും മുകളില്‍ ചര്‍ച്ച ചെയ്ത പ്രവണതകള്‍ നമുക്ക് കാണാം.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയകര്‍തൃത്വത്തെയോ സംഘാടനത്തെയോ ഒരു ഘട്ടത്തിലും പരിഗണിക്കാന്‍ വര്‍ഗീയതയെന്ന ചട്ടക്കൂടിന് സാധിട്ടില്ല. ജനത, വിശ്വാസിസമൂഹം, മതന്യൂനപക്ഷം തുടങ്ങിയുള്ള വിവിധങ്ങളായ വ്യത്യാസങ്ങളെ ആവിഷ്‌കരിക്കാനും ഈ സംജ്ഞയ്ക്കാവുന്നില്ല. അതിനാല്‍ തന്നെ മുസ്ലിംങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വത്തെ ഗൗരവത്തിലെടുക്കാന്‍ കഴിയുന്നുവെന്ന കാരണത്താല്‍ ഇസ്ലാമോഫോബിയ എന്ന ഫ്രെയിംവര്‍ക്കിനു രാഷ്ട്രീയ പ്രസക്തിയുണ്ട്.