Data Brief Global Islamophobia Hindutva Indian Islamophobia

നിര്‍മിതബുദ്ധിയും ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങളും

തലയില്‍ സ്‌കള്‍കാപ്പ് വച്ച ഒരു പാമ്പിന്റെ ചിത്രം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വിദ്വേഷ സ്വഭാവത്തിലുള്ള ചിത്രമാണിത്. മുസ്്ലിംസൂചനയോടെയുള്ള സമാനമായ മറ്റു ചിത്രങ്ങളുമുണ്ട്. 2022ഓടെയാണ് നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് (വിദ്വേഷപ്രസംഗം) രൂപപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ഇതുവരെ സമഗ്രമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല.

ഈ പ്രവണതയെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് 2025 ജൂണില്‍ റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ ഇന്‍ ദ ഏജ് ഓഫ് എ.ഐ’ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വിദ്വേഷപ്രചാരണത്തെ നിര്‍മിതബുദ്ധി ശതഗുണീഭവിപ്പിച്ചുവെന്നാണ് ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ‘പ്രോപഗണ്ട’ എന്ന പ്രവര്‍ത്തനത്തിന്റെ അധഃപതിച്ച രൂപമായ ‘സ്ലോപ്പഗണ്ട’(Slopaganda) എന്ന പ്രതിഭാസത്തിന്റെ ഉയര്‍ച്ചയാണ് ലോകം കാണുന്നത്. വ്യാജവിവരങ്ങളാല്‍ നിര്‍മിക്കപ്പെട്ട കൃത്രിമ ഉള്ളടക്കങ്ങള്‍ വിദ്വേഷം വിതയ്ക്കുന്നതിനുവേണ്ടി ഡിജിറ്റല്‍ മേഖലകളിലുടനീളം ബോധപൂര്‍വം ഉപയോഗിക്കുക എന്നതാണ് ഇതിനര്‍ഥം.

വിദ്വേഷം പ്രചരിപ്പിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് കുറച്ചൊക്കെ പഠിക്കപ്പെട്ടിട്ടുണ്ട്. അതു സംബന്ധിച്ച പഠനങ്ങളും റിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഈ കോളത്തില്‍തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ എ.ഐ നിര്‍മിതി വിദ്വേഷ പ്രചാരവേല വേണ്ടത്ര പരിശോധിക്കപ്പെട്ടിട്ടില്ല. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് കഴിഞ്ഞ സെപ്റ്റംബര്‍ 29നു പുറത്തിറക്കിയ പഠനം ഈ വിഷയത്തിലുള്ള ആദ്യത്തെ ചുവടുവയ്പാണ്. എ.ഐ – ജനറേറ്റഡ് ഇമേജറി ആന്റ് ന്യൂ ഫ്രോണ്ടിയേഴ്‌സ് ഓഫ് ഇസ്്ലാമോഫോബിയ ഇന്‍ ഇന്ത്യ എന്ന പേരിലുള്ള 60 പേജ് റിപ്പോര്‍ട്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ വികസിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇസ്്ലാമോഫോബിയയുടെ ആദ്യത്തെ സമഗ്ര വിശകലനമാണ്.

ഇന്ത്യന്‍ സാഹചര്യം
പ്രതിമാസം അഞ്ചു ഡോളറിനു (ഏകദേശം 400 രൂപ) താഴെ മാത്രം വരുന്ന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ചാറ്റ്ജിപിടി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെ ഇത്തരമൊരു വിശകലനത്തിന്റെ പ്രസക്തി ഏറെയാണ്. എ.ഐ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടിന്റെ മുഖ്യ പരിഗണന. മിഡ്‌ജേര്‍ണി, സ്റ്റെയ്ബിള്‍ ഡിഫ്യൂഷന്‍, ഡാല്‍-ഇ തുടങ്ങിയ എ.ഐ ഉപകരണങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷവും വ്യാജവിവരങ്ങളും ഉത്തേജിപ്പിക്കുന്ന സിന്തറ്റിക് (കൃത്രിമ) ചിത്രങ്ങള്‍ നിര്‍മിക്കാന്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. എ.ഐ നിര്‍മിത ചിത്രങ്ങളുടെ സഹായത്തോടെ മുസ്്ലിംകളെ അപമാനവീകരിച്ചു മനുഷ്യപദവിയില്‍നിന്നു പുറന്തള്ളുന്നതും ലൈംഗികവല്‍ക്കരിക്കുന്നതും കുറ്റവാളികളായി ചിത്രീകരിക്കുന്നതും എങ്ങനെ മുസ്്ലിംകള്‍ക്കെതിരേയുള്ള ആയുധമായി തീര്‍ന്നുവെന്ന് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.

90 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യമെന്ന നിലയില്‍, എ.ഐ ഉപയോഗിച്ച് നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളുടെ ലോകം രൂപപ്പെടുത്തുന്നതില്‍ ഇന്ത്യക്കാര്‍ പ്രധാന പങ്കുവഹിക്കുന്നു. ‘ലോക്കല്‍ സര്‍ക്കിള്‍’ നടത്തിയ ഒരു സര്‍വേയില്‍ ഇന്ത്യന്‍ എ.ഐ ഉപയോക്താക്കളിലെ ഒന്‍പത് ശതമാനം പേര്‍, ‘ചിത്രങ്ങള്‍ സൃഷ്ടിക്കാനോ മെച്ചപ്പെടുത്താനോ’ ഉള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി. ഇത് ഏകദേശം 22 കോടി വരും. ഇവരില്‍ ഭൂരിഭാഗവും എ.ഐ ഉപയോഗിക്കുന്നത് നിരുപദ്രവവും ദൈനംദിനവുമായ പ്രവൃത്തികള്‍ക്കാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഹിംസയുടെയും സാഹചര്യത്തില്‍ ഇവ മുസ്്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കും ദലിത് -ബഹുജന്‍ വിഭാഗങ്ങള്‍ക്കെതിരേയാവാന്‍ സാധ്യത കൂടുതലാണ്.

ഉള്ളടക്കം
മേയ് 2023 മുതല്‍ മേയ് 2025 വരെയുള്ള കാലയളവില്‍ എക്‌സ് (മുമ്പ് ട്വിറ്റര്‍), ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പോസ്റ്റ് ചെയ്ത ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലുള്ള 297 അക്കൗണ്ടുകളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവയില്‍നിന്ന് ശേഖരിച്ച എ.ഐ ഉപയോഗിച്ച് നിര്‍മിച്ച 1,326 ചിത്രങ്ങളും വിഡിയോകളും വിശകലനം ചെയ്തു. ജനുവരി 2024നുശേഷമാണ് വിദ്വേഷം പ്രചരിപ്പിക്കാന്‍ എ.ഐ നിമിത ഉള്ളടക്കങ്ങള്‍ കൂടുതലും ഉപയോഗിച്ചുതുടങ്ങിയത്.

ഇന്ത്യന്‍ ഓണ്‍ലൈന്‍ മേഖലയിലെ അതിവലതുപക്ഷ ഹിന്ദുത്വ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നവരാണ് ഈ അക്കൗണ്ടുകളുടെ ഉടമകള്‍. വിദ്വേഷപൂരിതമായ ഉള്ളടക്കം പതിവായി പോസ്റ്റ് ചെയ്യുന്ന ഇവര്‍ക്ക് ധാരാളം ഫോളോവര്‍മാരുണ്ട്. കാര്യമായ ‘എന്‍ഗേജ്മെന്റും’ ലഭിക്കുന്നു.

കണ്ടെത്തലുകള്‍
ഒന്ന്) ജെന്‍സി മാധ്യമമെന്നു കരുതപ്പെടുന്നന്ന ഇന്‍സ്റ്റാഗ്രാമിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ ‘ഇടപെടലുകള്‍'(ലൈക്കുകള്‍, കമന്റുകള്‍, ഷെയറുകള്‍ എന്നിവയുടെ ആകത്തുകയാണ് എന്‍ഗേജ്മെന്റ്‌സ് അഥവാ ഇടപെടലുകള്‍) രേഖപ്പെടുത്തിയത്. 462 പോസ്റ്റുകളിലൂടെ 1.8 ദശലക്ഷം ഇടപെടലുകളാണ് ഇവിടെ ഉണ്ടായത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ എക്‌സില്‍ 7,72000 (509 പോസ്റ്റുകള്‍) ഫേസ്ബുക്കില്‍ 1,43000(355 പോസ്റ്റുകള്‍) ഇടപെടലുകള്‍ മാത്രമേ ഉണ്ടായുള്ളൂ. അതായത് എ.ഐ-നിര്‍മിത വിദ്വേഷ പ്രചാരണം ഏറ്റവും ഫലപ്രദമായി നടക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായി ഇന്‍സ്റ്റഗ്രാം മാറി. 2012ല്‍ പതിനഞ്ചു വയസു പൂര്‍ത്തിയായ ആദ്യ ഡിജിറ്റല്‍ നാറ്റീവ്‌സ് എന്നറിയപ്പെട്ട തലമുറയെയാണ് ഇതു ലക്ഷ്യമിടുന്നത്.

രണ്ട്) ഇന്ത്യന്‍ സാഹചര്യത്തില്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വിദ്വേഷ ഉള്ളടക്കങ്ങള്‍ നാല് പ്രധാന ആശയങ്ങള്‍ക്ക് ചുറ്റും കേന്ദ്രീകരിച്ചിരിക്കുന്നു: മുസ്്ലിം സ്ത്രീകളുടെ ലൈംഗികവല്‍ക്കരണം, മുസ്്ലിംകളെ ബഹിഷ്‌കരിക്കാനും പുറന്തള്ളാനും അപമാനവീകരിക്കാനുമുള്ള നിരന്തര ശ്രമങ്ങള്‍, ഹിന്ദുത്വ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിറഞ്ഞ വിദ്വേഷ പ്രചാരണങ്ങള്‍, മുസ്്ലിംവിരുദ്ധ ഹിംസയെ ലാവണ്യവല്‍ക്കരിക്കുകയും സൗന്ദര്യാനുഭൂതിയാക്കുകയും ചെയ്യുന്ന ഇടപെടലുകള്‍.

മൂന്ന്) മുസ്്ലിം സ്ത്രീകളെ ലൈംഗികവല്‍ക്കരിച്ച് ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങള്‍ക്കാണ് കൂടുതല്‍ ‘ഇടപെടലുകള്‍’ (6.7 ദശലക്ഷം) ലഭിച്ചത്. മുസ്്ലിം വിരുദ്ധ വിദ്വേഷവും സ്ത്രീവിദ്വേഷവും കൂടിച്ചേരുന്ന, ലിംഗവല്‍കരിക്കപ്പെട്ട ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ സ്വഭാവമാണ് ഇത് വെളിവാക്കുന്നത്. പര്‍ദയണിഞ്ഞ സ്ത്രീകളുടെ ചിത്രമാണ് കൂടുതല്‍ ഉപയോഗപ്പെടുത്തിയത്.

നാല്) ‘ലൗ ജിഹാദ്’, ‘പോപ്പുലേഷന്‍ ജിഹാദ്’, ‘റെയില്‍ ജിഹാദ്’ തുടങ്ങിയ വിദ്വേഷ സങ്കല്‍പ്പങ്ങളെ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ ശക്തിപ്പെടുത്തി. ഹിന്ദു സമൂഹത്തിനും ദേശസുരക്ഷയ്ക്കും നിരന്തര ഭീഷണിയാണ് മുസ്്ലിംകള്‍ എന്ന ഫ്രെയിമിങ്ങിന്റെ ഭാഗമായിരുന്നു പലതും. ദേശീയതയ്ക്കും സുരക്ഷാവല്‍ക്കരണത്തെയും (സെക്യൂരിറ്റൈസേഷന്‍) സമന്വയിപ്പിക്കുന്ന ഇസ്്ലാമോഫോബിക്ക് രീതിയാണിത്.

അഞ്ച്) ആമുഖത്തില്‍ സൂചിപ്പിച്ച തൊപ്പി (സ്‌കള്‍കാപ്പ്) ധരിച്ച വിഷം ചീറ്റുന്ന പാമ്പുകളായി മുസ്്ലിംകളെ ചിത്രീകരിക്കുന്ന എ.ഐ ചിത്രങ്ങളാണ് മറ്റൊരു ഇനം. വഞ്ചകരും അപകടകാരികളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരായ പാമ്പുകളായി മുസ്്ലിംകളെ കണക്കാക്കുന്ന മൃഗവല്‍ക്കരിക്കപ്പെട്ട രൂപകമാണിത്.

ആറ്) ഹിന്ദുത്വ തീവ്രദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓപ്പിന്ത്യ, സുദര്‍ശന്‍ ന്യൂസ്, പഞ്ചജന്യ എന്നിവ, വിദ്വേഷപ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചു. എ.ഐ ഉപയോഗിച്ച് നിര്‍മിച്ച ഇസ്്ലാമോഫോബിക് ചിത്രങ്ങള്‍ മുഖ്യധാരാ വ്യവഹാരത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്ന മാധ്യമസ്ഥാപനങ്ങളാണ് ഇവ. പതുക്കെ ഇത് മുഖ്യധാരാ മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ തുടങ്ങി.

ഏഴ്) ഇക്കാലയളവില്‍ എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ആകെ 187 പോസ്റ്റുകള്‍ മാത്രമാണ് കമ്മ്യൂണിറ്റി മാര്‍ഗരേഖ ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവയില്‍, എക്‌സ് നീക്കം ചെയ്തത് ഒരു പോസ്റ്റ് മാത്രം. വിദ്വേഷ പ്രചാരണത്തില്‍ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് ഇത് വെളിപ്പെടുത്തുന്നു.

പരിഹാര നിര്‍ദേശങ്ങള്‍
2024 ജനുവരി മുതല്‍ 20 മാസംകൊണ്ട് എ.ഐ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ഇസ്്ലാമോഫോബിക് വിദ്വേഷപ്രചാരണം ശക്തമായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

ഒന്ന്) മിഡ്‌ജേര്‍ണി, ഡാള്‍-ഈ പോലുള്ള എ.ഐ ചിത്രങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇതിന് വലിയ പങ്കുണ്ട്. ന്യൂനപക്ഷ – കീഴാള വിഭാഗങ്ങളെ ലക്ഷ്യംവച്ച് വിദ്വേഷപൂരിതമായ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ സോഫ്റ്റ്‌വെയറില്‍ത്തന്നെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണം. തങ്ങളുടെ ഉപകരണങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് എ.ഐ കമ്പനികള്‍ ജാഗ്രതയുണ്ടാവണം.

രണ്ട്) ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ കടമയും വലുതാണ്. എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വിദ്വേഷപ്രചാരണ പോസ്റ്റുകള്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വേഗത്തില്‍ നീക്കം ചെയ്യണം. ഒരു പോസ്റ്റ് എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണോ എന്ന് തിരിച്ചറിയാനും അത് വിദ്വേഷം പ്രചരിപ്പിക്കുന്നതാണോ എന്ന് വിലയിരുത്താനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. എത്ര പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, എത്ര നീക്കം ചെയ്തു എന്ന വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.

മൂന്ന്) ഈ പ്രശ്‌നം ഇപ്പോള്‍ പരിഹരിക്കാതെ വിട്ടാല്‍, ഭാവിയില്‍ ഗുരുതരമാകും. എ.ഐ വിദ്വേഷം ഇന്ത്യന്‍ ഇന്റര്‍നെറ്റ് സംസ്‌കാരത്തിന്റെ ഭാഗമാകും. സര്‍ക്കാരുകളും കമ്പനികളും സിവില്‍ സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയാണിത്.

(കടപ്പാട് : സുപ്രഭാതം ദിനപത്രം)