Hindutva Indian Islamophobia Theorising Islamophobia

മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം

ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ  രീതിശാസ്ത്രമാണിത്.

ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്്ലിംകളെ ചില എഴുത്തുകാർ ‘ഭീതിയുടെ തടവുകാരെ’ന്ന് വിശേഷിപ്പിക്കാറുണ്ട്. മറ്റു ചിലരാകട്ടെ ‘സ്വയം നിർമിച്ച ചങ്ങലയിൽ കുരുങ്ങിക്കിടക്കുന്നവരാ’യും ‘ഘെറ്റോ മനസ്ഥിതിയുള്ളവരായും’ ചിത്രീകരിക്കുന്നു.

വിശാല മാർക്സിസ്റ്റ്  ചരിത്രകാരനായ ബിപിൻ ചന്ദ്രയെപ്പോലുള്ളവർ വികസിപ്പിച്ചെടുത്ത ചരിത്രപഠന സമ്പ്രദായമനുസരിച്ച് ഭൂരിപക്ഷസമൂഹത്തിന്റെ സാന്നിധ്യം ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. മുസ്്ലിംകൾക്കിടയിൽ കണ്ടുവരുന്നുവെന്ന് സങ്കൽപ്പിക്കുന്ന ഈ സ്വഭാവസവിശേഷതയാണ് മൈനോരിറ്റി കോംപ്ലക്‌സ് അഥവാ ന്യൂനപക്ഷങ്ങളുടെ അപകർഷബോധം.  ഇതാവട്ടെ ഭൂരിപക്ഷാധിപത്യത്തിൻ്റെ സൃഷ്ടിയാണ്. ചന്ദ്രയുടെ അഭിപ്രായത്തിൽ ഭൂരിപക്ഷങ്ങളുടെ സാന്നിധ്യം കാരണമായി ന്യൂനപക്ഷങ്ങളിൽ കണ്ടുവരുന്ന ഭീതിയെയും അരക്ഷിതാവസ്ഥയെയും പെരുപ്പിച്ചുകാണിച്ചും ഇതിന്റെ ബലത്തിൽ സമുദായങ്ങളെ ഏകീകരിച്ചുമാണ് ന്യൂനപക്ഷ സംഘടനകൾ ആളെ കൂട്ടുന്നത്.

വർഗീയതയും ഭയവും 

ബിപിൻ ചന്ദ്ര വർഗീയതയെ(കമ്യൂണലിസം) രാഷ്ട്രീയപ്രത്യയശാസ്ത്രമായാണ് വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ‘കമ്യൂണലിസം ഇൻ മോഡേൺ ഇന്ത്യ’(1984)യിൽ കമ്യൂണൽ ഫിയർ അഥവാ ‘വർഗീയഭയം’ അഥവാ ‘വർഗീയഭീതി’ എന്ന മനശ്ശാസ്ത്രപ്രയോഗം പലപ്പോഴും കടന്നുവരുന്നുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങളുടെ  ഭയത്തെ ഒരു സ്വാഭാവികപ്രക്രിയയായല്ല, പ്രത്യയശാസ്ത്രപ്രക്രിയയിലൂടെ നിർമിക്കപ്പെടുന്ന ഒന്നായാണ് അദ്ദേഹം കാണുന്നത്: ‘വർഗീയത പ്രവർത്തിക്കുന്നത് ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും വികാരങ്ങൾ ജനിപ്പിച്ചുകൊണ്ടാണ്. എന്നാൽ ഈ വികാരങ്ങൾ സ്വാഭാവികമല്ല…’ എന്നദ്ദേഹം എഴുതുന്നു(1984, പേജ്. 15). ഈ വിശദീകരത്തിലൂടെ വർഗീയഭീതിയെ ചന്ദ്ര, ഒരു മനശ്ശാസ്ത്ര പ്രശ്‌നമെന്നതിനേക്കാൾ രാഷ്ട്രീയനിർമിതിയായി (പൊളിറ്റിക്കൽ കൺസ്ട്രക്ഷൻ) അവതരിപ്പിക്കുന്നു.

നിർഭാഗ്യവശാൽ ഈ വിശദീകരണത്തോടെ അദ്ദേഹത്തിന്റെ വാദം കൂടുതൽ വ്യക്തമാവുകയല്ല ചെയ്തത് പകരം  സ്വന്തം ആഖ്യാനങ്ങളുടെതന്നെ കെണിയിൽ അകപ്പെടുകയായിരുന്നു. കമ്യൂണലിസം ഇൻ മോഡേൺ ഇന്ത്യയിൽ ഇതിന്റെ സൂചനകൾ കാണാം, പ്രത്യേകിച്ച് പഞ്ചാബ്, ബംഗാൾ തുടങ്ങിയ പ്രദേശങ്ങളെക്കുറിച്ച് എഴുതുമ്പോൾ. ഈ പ്രദേശങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായതുകൊണ്ട് മറ്റിടങ്ങളിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന എല്ലാ ഭീതികളിലൂടെയും അപകർഷകളിലൂടെയും ഇവരും കടന്നുപോയെന്ന് അദ്ദേഹം കണ്ടെത്തുന്നു(പേജ്. 146).
മുസ്്ലിം ‘വർഗീയവാദി’കൾ അവസരം കിട്ടിയാൽ ഹിന്ദു വർഗീയവാദികളെപ്പോലെ തന്നെ ഇതര ന്യൂനപക്ഷങ്ങളിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന ചന്ദ്രയുടെ സമീകരണ യുക്തിക്ക് നിരവധി പ്രചാരകരുണ്ട്. ദേശീയവാദ-മാർക്‌സിസ്റ്റ് ചരിത്രവായനയുടെയും മതനിരപേക്ഷ-വർഗീയവിരുദ്ധ ഇടപെടലുകളുടെയും അടിസ്ഥാനമാതൃക ചന്ദ്രയിൽ നിന്നാണ് കടംകൊണ്ടിട്ടുള്ളത്. കേരളത്തിലും നിരവധി ബുദ്ധിജീവികൾ ഈ രീതിശാസ്ത്രത്തിന്റെ വക്താക്കളാണ്.

സമുദായവും അധികാരവും 

ഗ്യാനേന്ദ്രപാണ്ഡെയെപ്പോലുള്ള പുതിയ എഴുത്തുകാർ 1980-കൾക്കുശേഷം ഈ ആശയത്തെ ഇഴകീറി പരിശോധിക്കുന്നതുവരെ നമ്മുടെ അക്കാദമിക വ്യവഹാരങ്ങളെ ‘മൈനോരിറ്റി കോംപ്ലക്‌സ്’ എന്ന പരികൽപന  അടക്കിഭരിച്ചു.  കീഴാള ചരിത്രപഠന മാതൃക പിന്തുടരുന്ന ചരിത്രകാരൻ ഗ്യാനേന്ദ്ര പാണ്ഡെയുടെ സമീപനങ്ങൾ തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ പ്രധാന വാദം ഇതാണ്:
സാമുദായിക സ്വത്വങ്ങൾത്തന്നെ ഒരു കൊളോണിയൽ നിർമിതിയാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രത്തിൽ നാം കാണുന്ന ഹിന്ദു-മുസ്്ലിം എന്നീ രണ്ട് രാഷ്ട്രീയ സംജ്ഞകൾ ആധുനികപൂർവമായ സമുദായങ്ങളെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് അവ ആധുനികരാഷ്ട്രം, സെൻസസ്, ഭരണപരമായ വർഗീകരണം, രാഷ്ട്രീയ ഇടപെടലുകൾ എന്നിവയുടെ സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ ‘ദി കൺസ്ട്രക്ഷൻ ഓഫ് കമ്മ്യൂണലിസം ഇൻ കൊളോണിയൽ നോർത്ത് ഇന്ത്യ’(1990) എന്ന പഠനം  ഈ വാദം ശക്തമായി മുന്നോട്ടുവയ്ക്കുന്നു.

സമുദായങ്ങൾ അനുഭവിക്കുന്ന ഭീതി, ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ, ന്യൂനപക്ഷാപകർഷം എന്നീ വാക്കുകളുടെ പശ്ചാത്തലത്തിൽ ‘വർഗീയ’ സംഘർഷങ്ങളെ വിശകലനം ചെയ്യുന്നത് ചരിത്രത്തിന്റെ ലളിതവൽക്കരണമാണ്. ഇത്തരം യുക്തികൾ മുസ്്ലിം സംഘാടനത്തെ ചോദ്യം ചെയ്യാനും പ്രതിസന്ധിയിലാക്കാനും ദേശീയവാദികളും മാർക്‌സിസ്റ്റുകളും മുസ്്ലിംകൾക്കെതിരായി ഹിന്ദുത്വരും ഉപയോഗിക്കുന്നു. സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ ഭയം, ഭീതി പോലുള്ള മനഃശാസ്ത്ര സംവർഗങ്ങളിലൂടെ വിശദീകരിക്കാനാവില്ല. കാരണം  ദേശരാഷ്ട്ര കേന്ദ്രീകൃതമായ സമുദായം എന്നതുതന്നെ ഒരു നിർമിത ഗണമായതിനാൽ അരക്ഷിതാവസ്ഥയെ മനശ്ശാസ്ത്രപരമായല്ല, അധികാരബന്ധങ്ങളുടെയും പ്രാതിനിധ്യത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും സംവർഗങ്ങളിലൂടെയാണ് വിശദീകരിക്കേണ്ടത്.

എണ്ണത്തിൽ കുറവാകുമ്പോഴാണ് ന്യൂനപക്ഷ ഭീതി ഉണ്ടാകുന്നതെന്ന യുക്തിയെ പാണ്ഡെ തള്ളിക്കളയുന്നു. പഞ്ചാബിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ പ്രശ്‌നത്തെയും ഇന്ത്യയിലെ മുസ് ലിം ന്യൂനപക്ഷത്തിന്റെയും പ്രശ്‌നങ്ങളെ ഒരേതലത്തിൽ വിശദീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒന്ന് പ്രാദേശികമായ ജനസംഖ്യാപരമായ ആശങ്കയാണെങ്കിൽ മറ്റേത് ദേശീയതയുടെ തന്നെ അരികുവൽക്കരണമാണ്. ഇതിനെ രണ്ടിനെയും ഒരേ മട്ടിൽ ന്യൂനപക്ഷങ്ങളുടെ അപകർഷമെന്ന് സമീകരിക്കുന്നത് ശരിയല്ല. അത് ചരിത്രത്തിന്റെ വികലമായ അവതരണമാണ്.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയസ്വരൂപത്തെ പ്രാതിനിധ്യജനാധിപത്യം, കൊളോണിയൽ കാലത്തെ സെൻസസുകൾ, ഭൂരിപക്ഷ താൽപര്യങ്ങൾ പുലർത്തുന്ന ഭരണകൂടത്തിന്റെ നിർമിതി തുടങ്ങിയ ഘടകങ്ങളുടെ പശ്ചാത്തലത്തിലാണ് മനസിലാക്കേണ്ടത്. അതായത് അരക്ഷിതാവസ്ഥ വൈകാരികമോ സ്വാഭാവികമോ മനശ്ശാസ്ത്രപരമോ അല്ല ഘടനാപരമാണ്. ദേശീയതയുടെ ഉള്ളിൽനിന്നാണ് ഈ പ്രതിസന്ധികൾ ഉത്ഭവിക്കുന്നത്. ന്യൂനപക്ഷ സംഘാടനത്തെ തള്ളിക്കളഞ്ഞുകൊണ്ടും മതേതരമായ ഒരു പുറംദേശീയതയെ സങ്കൽപിച്ചതുകൊണ്ടും മാത്രം ഇതു പരിഹരിക്കപ്പെടമെന്നില്ല.

പരിഹാരം 

ഇന്ന് ന്യൂനപക്ഷങ്ങളുടെ അപകർഷബോധം എന്ന ധാരണ മുസ്്ലിം സമുദായത്തിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളെ കുറച്ചുകാണാനും അവരുടെ സുരക്ഷാപരമായ ആശങ്കകളെ പരിഹസിക്കാനുമാണ് ഉപയോഗിക്കുന്നത്. പാണ്ഡെ ഇത് ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ അധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് ചരിത്രപരമായി നിർമിക്കപ്പെടുന്നതാണെന്നും അല്ലാതെ അയുക്തിപരമായ അപകർഷബോധങ്ങളിൽനിന്നല്ലെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.

ചന്ദ്രയുടെ ഫ്രെയിംവർക്ക് ദേശീയവും മതേതരവുമായ വിപുല ആഖ്യാനമാതൃകയുടെ ഭാഗമായാണ് നിലനിൽക്കുന്നത്. സാമുദായികത എന്നത് വ്യതിയാനവും ദേശീയത സ്വാഭാവികവുമാണെന്ന കാഴ്ചപ്പാട് ന്യൂനപക്ഷ ആശങ്കകളെ വെറുമൊരു പ്രതികരണം മാത്രമായാണ് കാണുന്നത്. എന്നാൽ പാണ്ഡെയെ സംബന്ധിച്ചിടത്തോളം ദേശീയതയും സാമുദായികതയും ആധുനിക ഇന്ത്യൻ അറിവ് മാതൃകയുടെ സ്വതന്ത്രമായ രണ്ട് മുഖങ്ങളാണ്. സമുദായങ്ങളുടെ ആശങ്കകളെയും ഭീതികളെയും മനശ്ശാസ്ത്രപരമായി വിശദീകരിക്കുന്നത് ദേശരാഷ്ട്രത്തിനുള്ളിൽ നടക്കുന്ന രാഷ്ട്രീയപ്രക്രിയെ മറച്ചുവയ്ക്കുന്നു.

അങ്ങനെ നോക്കുമ്പോൾ പാണ്ഡെയുടെ വിശകലനമാതൃകയാണ് സമകാലിക സാഹചര്യത്തിൽ കൂടുതൽ യുക്തിഭദ്രമെന്ന് കാണാം-അതിൻ്റെ പരിമിതികൾ മറ്റൊരു ചർച്ചയാണ്. ന്യൂനപക്ഷ അപകർഷബോധംപോലുള്ള പ്രയോഗങ്ങൾ അധികാരത്തിന്റെ ബലതന്ത്രങ്ങൾ മറച്ചുവയ്ക്കാനാണ് സഹായിക്കുന്നത്. അത് ചരിത്രപരമായി പുറംതള്ളപ്പെട്ട കൂട്ടങ്ങളുടെ അനുഭവങ്ങളെ വ്യക്തികളുടെ പ്രശ്‌നമായി ചുരുക്കുന്നു. ന്യൂനപക്ഷ സ്വത്വത്തെ അധികാരത്തിന്റെ പ്രശ്‌നമെന്ന നിലയിലാണ് അല്ലാതെ കൂട്ടങ്ങളുടെ മനശ്ശാസ്ത്ര ധാരണയനുസരിച്ചല്ല വായിക്കേണ്ടതെന്നാണ് ഇതിനർഥം.

സാമുദായികമായ ഭീതിയെ നിർമിതിയായി കാണുന്ന ചന്ദ്രയുടെ ചരിത്രവീക്ഷണങ്ങളെക്കാൾ സാമുദായികത സ്വത്വംതന്നെ നിർമിതിയായി കാണുന്ന പാണ്ഡെയുടെ ചരിത്രധാരണയാണ് ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ ഇസ്്ലാമോഫോബിയ പോലുള്ള പ്രതിഭാസങ്ങളെ വിശകലനം ചെയ്യാനും നമ്മെ സഹായിക്കുന്നത്. ഇവിടെ ചന്ദ്രയുടെ ചരിത്രവീക്ഷണം പുറംലക്ഷണങ്ങളുടെ വിശകലനമായി ചുരുങ്ങുമ്പോൾ പാണ്ഡെയുടേത് വ്യവസ്ഥയെ ഘടനാപരമായി അവതരിപ്പിക്കുന്നതും അടിസ്ഥാനപരവുമാണ്.

ന്യൂനപക്ഷങ്ങളുടെ അപകർഷബോധം  എന്ന ആശയം കീഴാളസമൂഹങ്ങളെ കുറ്റപ്പെടുത്തുന്നതിനുള്ള ഉപകരണം മാത്രമാണെന്നാണ് ഇതിന്റെ അർഥം. അത് ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന അടിസ്ഥാന കാരണങ്ങളെ മറച്ചുവയ്ക്കുന്നു. സമുദായങ്ങൾ രാഷ്ട്രീയനിർമിതികളായതുകൊണ്ടുതന്നെ അരക്ഷിതാവസ്ഥകൾ അപകർഷയുടെ ഭാഗമായല്ല, രാഷ്ട്രീയാധികാരത്തിന്റെ പ്രശ്‌നമായി മനസിലാക്കണം.

(കടപ്പാട് : സുപ്രഭാതം ദിനപത്രം)