Islamophobia Studies Kerala Islamophobia Theorising Islamophobia

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്.

ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി അഭിനയിക്കുകയും “യഥാർത്ഥ മുസ്ലീം ശബ്ദങ്ങളെ കേൾക്കാൻ തയ്യാറാണെന്ന്” ഭാവിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ സ്വന്തം സമുദായത്തെ വിറ്റു കൊണ്ട് പ്രശസ്തിയും അധികാരവും ആർജ്ജിക്ക്കാൻ വെമ്പുന്നവരെയാണ് അത് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നത്. ആയാൻ ഹിർസി അലി തുടങ്ങി കേരളത്തിലെ പല എക്സ്-മുസ്ലിം ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ട്. എന്നാൽ കേരളത്തിൽ എല്ലാ കാലത്തും ഏറ്റവും കൂടുതൽ മാർക്കറ്റ് ലഭിച്ചത് “നിഷ്പക്ഷത” നടിക്കുന്ന നേറ്റീവ് ഏജന്റുകൾക്കായിരുന്നു എന്ന് എംഎൻ കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ തുടങ്ങിയവരുടെ കരിയർ സാക്ഷ്യപെടുത്തുന്നു.

അധികാരത്തിന്റെ ഉപകരാറുകാരായാണ് ഈ സ്വദേശി ദല്ലാളുകൾ  പ്രവർത്തിക്കുന്നത്. ഇവരുടെ മുഴുവൻ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയും പടുത്തുയർത്തിയിരിക്കുന്നത് ‘ഒറ്റിക്കൊടുക്കലിലാണ്’: മുകളിലേക്ക് രോഷം വിൽക്കുക, താഴേക്ക് ഇട്ടുതരുന്ന പാരിതോഷിതങ്ങളും പ്രത്യുപകാരങ്ങളും സ്വീകരിക്കുക. അധികാരവുമായുള്ള “വിവരം” പങ്കിടൽ ഒരു സ്വാധീനമാണെന്നും, അധികാരത്തിലേക്കുള്ള വഴി ദല്ലാൾ പണിയാണെന്നും, സ്വന്തം ജനതയെ “പൊതു”മധ്യത്തിൽ ശകാരിക്കുന്നത് ധീരതയാണെന്നും ഇവർ തെറ്റിദ്ധരിക്കുന്നു. സാത്താനുമായുള്ള സാമീപ്യത്താൽ ധർമ്മികമായി അധഃപതിച്ച ഇവർ മോചനത്തിനായി “സത്യം പറയുക” എന്നതാണ് ചെയ്യുന്നത് എന്ന് ആത്മ വഞ്ചനയിലൂടെ അഭിനയിക്കുന്നു. അധികാരത്തിന്റെ അതേ ഭാഷ തന്നെ പരിശീലിച്ച് അവർ പ്രയോഗിക്കുന്നത് ആ അധികാരത്താൽ തങ്ങൾ ഒരിക്കലും വേട്ടയാടപ്പെടില്ല എന്ന പ്രതീക്ഷയിലാണ്.

ഇതുണ്ടാക്കുന്ന ആഘാതം ഘടനാപരമാണ്. രാഷ്ട്രീയ ബോധമുള്ള മുസ്ലീങ്ങൾ അപകടകാരികളോ അയുക്തികരോ അപകടകാരികളോ ആയി ചിത്രീകരിക്കപ്പെടുമ്പോൾ, ഇസ്‌ലാമോഫോബിയ മതേതര സുരക്ഷിതത്വത്തോടെ മറഞ്ഞിരിക്കുന്നു – കാരണം “ഒരു മുസ്ലീം തന്നെയാണല്ലോ ഇത് പറഞ്ഞത്” എന്ന വാദം അവർക്ക് മറയായി ലഭിക്കുന്നു. അധികാരം ഇവിടെ നേരിട്ട് സംസാരിച്ച് സ്വയം സംശയത്തിന്റെ നിഴലിൽ ആകേണ്ടതില്ല. അത് വിലക്കെടുത്തവർക്ക് ആതിഥ്യം അരുളുകയും, തങ്ങളുടെ ഏജന്റുകളുടെ പ്രകടനങ്ങൾ കണ്ട് നിർവൃതി കൊള്ളുകയും ചെയ്താൽ മതി.

കർത്താക്കളില്ലാത്ത വംശീയ വിദ്വേഷം ഇവിടെ വിശുദ്ധീകരിക്കപ്പെടുന്നു, അക്രമം അദൃശ്യമാകുന്നു, വിയോജിപ്പുകളെ രോഗാവസ്ഥയായി ചിത്രീകരിക്കുന്നു, കഴുത്തിൽ കയർ മുഴുകി ശ്വാസത്തിനായി പിടയുന്നവർ കുറ്റവാളികൾ ആയി ചിത്രീകരിക്കപ്പെടുന്നു. ദല്ലാളുകളുടെ വായിൽ നിന്ന് “സ്തോഭജനകമായ” കാര്യങ്ങൾ പുറത്ത് വരുമ്പോൾ ഇതൊന്നും വംശീയത പുറത്തുനിന്ന് അടിച്ചേൽപ്പിച്ചതാണെന്ന് ഒരിക്കലും തോന്നുകയുമില്ല. ഇവിടെ ഇവർ നടത്തുന്നത് വിമർശനമല്ല, മറിച്ച് അധികാരവുമായുള്ള അതിനീചമായ സഹകരണമാണ്. ഇരകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട് കൈപ്പാവയായി മാറി, ഈ വിവരദാതാക്കൾ മർദ്ദകന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ, വംശീയത അതിന്റെ ഏറ്റവും കാര്യക്ഷമമായ രൂപം കൈവരിക്കുന്നു. മർദ്ദകന്റെ സ്വന്തം വിരലടയാളം ഒരിടത്തും അവശേഷിപ്പിക്കാത്ത ആധിപത്യം.