Hindutva Islamophobia Studies Kerala Islamophobia

നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും

2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്‌ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്.

 

അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം എന്നതിനേക്കാൾ, സ്റ്റേറ്റ് അല്ലെങ്കിൽ അധികാരം സാധുത നൽകാത്ത വിശ്വാസങ്ങളാകുന്നു. അങ്ങനെയുള്ളപ്പോൾ കീഴാളനോ, സാധാരണക്കാരനായ ഒരുവന്റെയോ സമാധി എന്നത് പൊതുവിന് അത്ര ദഹിക്കാതെ, മുഴച്ചു നിൽക്കുന്ന ഒന്നാണ്. പക്ഷെ, മാധ്യമങ്ങളിലൂടെ വളരെ പരസ്യമായി മുസ്ലിമിനെ ‘ആവാഹി’ക്കുന്നതോടെ അതിന്റെ സ്വീകാര്യതയ്ക്കും മാറ്റം വരുന്നു. ലൂയി അൽതൂസറിന്റെ ‘Interpellation’ എന്ന വാക്കിനു സമാനമായ അർത്ഥത്തിൽ ആണ് ‘ആവാഹനം’ എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു കാര്യം പറയുമ്പോൾ അതിനു അർത്ഥം പോലും കൈവരുന്നത് അധികാരത്തിന്റെ ഭാഷയുമായി ഒത്തു പോകുമ്പോഴാണ്. അധികാരത്തിന് പുറത്തുള്ള ഭാഷ പരിഹാസയോഗ്യമോ, നങ്കൂരമില്ലാത്തവയോ ആയി മാറുന്നു. കേൾക്കുന്നവർക്ക് അപരിചിതത്വം തോന്നുന്ന ഈ ഭാഷ അധികാരത്തിന്റെ ചട്ടക്കൂടിൽ എത്തുന്നതോടെയാണ് അതിന് പരിചിതത്വം കൈ വരുന്നത്. ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലാത്ത മുസ്ലിങ്ങളാണ് ഇതിനുത്തരവാദികൾ എന്നു പറയുന്നതോടെ ഇതിന്റെ മാനവും മാറുന്നു. ഇതിലൂടെ മുസ്‌ലിം വിരുദ്ധത വേരോടുന്ന സമൂഹത്തിൽ ഈ സംഭവത്തിന് ആധികാരികത കൈവരുന്നു. ചിത്രത്തിൽ ഇല്ലാത്തവരെ ‘ആവാഹനം’ ചെയ്യുന്നതിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. അപരിചിതത്വത്തിൽ നിന്ന് പരിചിതമായ ഒന്നിലേക്ക് കടക്കുന്നു.

ഇത്തരത്തിലുള്ള ഈ ‘ആവാഹനം’ പല പ്രശ്നങ്ങളിലും നമുക്ക് കാണാവുന്നതാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അവകാശ നിഷേധം അനുഭവിച്ചു കേസ് കൊടുത്തത് ഹിന്ദു സ്ത്രീകളാണെങ്കിലും പല ചർച്ചകളിലും ‘പള്ളിയിൽ സ്ത്രീകളെ കയറ്റിയിട്ട് മതി ശബരിമലയിൽ’ എന്ന സമീപനം ആയിരുന്നു. ആര് അധികാരത്തിനെതിരെ അവകാശ പോരാട്ടത്തിന് ഇറങ്ങിയാലും അതിന്റെ ഉത്തരവാദി മുസ്ലിങ്ങൾ ആവുന്നു. കുറ്റകൃത്യങ്ങളും ആർക്കും ഒരു തെളിവോ അടിസ്ഥാനമോ ഇല്ലാതെ മുസ്ലിമിന് മേൽ ആരോപിക്കാൻ കഴിയുന്നു. കളമശ്ശേരി സ്ഫോടനം മുതൽ മറ്റ് എണ്ണമറ്റ പല സംഭവങ്ങളിലും ആദ്യത്തെ കുറ്റവാളികൾ മുസ്ലിങ്ങളായിരുന്നു എന്ന് നാം ഓർക്കേണ്ടതുണ്ട്. ഇടത്, മതേതര, ലിബറൽ സ്പേസ് കയ്യാളുന്ന ‘പുരോഗമനക്കാർ’ അടക്കം അധികാരത്തിന്റെ പ്രശ്നങ്ങളെ മുസ്ലിമിന്റെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമിക്കുന്നു. ഇവരെല്ലാം കൊണ്ടു നടക്കുന്നതും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതും ബ്രാഹ്‌മണ്യ ബോധത്തെയാണ്. മുസ്ലിങ്ങളാണ് എല്ലാ പ്രതിരോധങ്ങളുടെയും ഉറവിടം എന്നു ഇന്ത്യൻ ബ്രാഹ്മിണിക്ക് സ്റ്റേറ്റ് പറയുന്നതോടെ അത്തരം നീക്കങ്ങളെ ജനം വീക്ഷിക്കുന്നത് സംശയത്തോടെയോ അല്ലെങ്കിൽ വെറുപ്പോടെയോ ആയിരിക്കും. അധികാരത്തിനെതിരെ മർദ്ദിതർ ഒന്നിക്കുന്നത് അങ്ങനെ തടയിടുന്നു.

ഗോപൻ സമാധി ആയെന്ന വിവരം പ്രസിദ്ധപ്പെടുത്തുന്നത് കുടുംബം തന്നെയാണ്. ഇത് ഇത്രയും വൈറൽ ആയി, പരിഹാസയോഗ്യമായി തീരാനുള്ള കാരണവും അത് തന്നെയാവാം. ഒരു ബ്രാഹ്മണനോ മറ്റോ ഏതെങ്കിലും ഒരു സവർണ സ്ഥാപനത്തിൽ ആയിരുന്നു ഇത് സംഭവിച്ചതെങ്കിൽ കേരളത്തിലെ ‘പുരോഗമന സമൂഹം’ അടക്കം ഇത് വലിയ വിഷയമാക്കില്ലായിരുന്നു. ശ്രദ്ധ ആകർഷിക്കേണ്ട അത്തരം സംഭവങ്ങൾ ഇവിടെ ദിവസേന നടക്കാറുമുണ്ട്. പക്ഷെ ഇതിന് കൂടുതൽ ശ്രദ്ധ ലഭിച്ചത് ‘മുസ്‌ലിം തീവ്രവാദികൾ’ എന്ന പ്രയോഗം കേട്ടപ്പോഴാണ്. തങ്ങളെ സ്വയം ഹിന്ദു ധർമ വിശ്വാസികളായി ഉയർത്താനും (elevate), പൊതുബോധത്തിന്റെ മുന്നിൽ സാധുത കിട്ടാനും മുസ്ലിമിനെ കൊണ്ടു വരുന്നു. മുസ്‌ലിം വെറുപ്പ് എത്ര കൂടുന്നോ അത്രയും സ്വീകാര്യത ആർജിക്കുന്നു. ഇത് തന്നെയാണ് ബ്രാഹ്‌മണിക്ക് സ്റ്റേറ്റിന്റെ ഇന്നത്തെ സ്വരൂപം.

ബ്രാഹ്‌മണ സ്വത്വം എന്നത് അപരനിൽ നിന്ന് വേറിട്ട് അല്ല നിലനിൽക്കുന്നത്. കാരണം അപരൻ ഇല്ലാതെ ബ്രാഹ്മണനും ഉണ്ടാവുകയില്ല. ബ്രാഹ്മണന്റെ അസ്തിത്വം ആധിപത്യത്തിലാണ്. അത് നിലനിൽക്കുന്നത് അപരന്റെ പൈശാചികവൽക്കരണത്തിലാണ്. അപരന്റെ മാനുഷിക ഗുണങ്ങളുടെ, പ്രകൃതത്തിന്റെ നിരാകരണമാണ് അതിലൂടെ സംഭവിക്കുന്നത്. ഇന്ത്യയിൽ നിലനിന്നിരുന്ന അപരത്വങ്ങളെ എല്ലാം തങ്ങളുടെ കുടക്കീഴിലാക്കിയാണ് ബ്രാഹ്മണ്യം ഇന്ന് അധികാരം നിലനിർത്തുന്നത്. തങ്ങൾക്ക് സ്വാംശീകരിക്കാൻ (assimilate) കഴിയാത്തത് എല്ലാം തങ്ങൾക്ക് ഭീഷണി ആണ് എന്ന് ഏറ്റവും നന്നായി മനസിലാക്കുന്നവർ ആണ് മർദ്ദകർ. ഹിംസാത്മകമായി എല്ലാത്തിനെയും അതിന്റെ കീഴിലാക്കിയെങ്കിലേ ആധിപത്യത്തിന് നിലനിൽപ്പുള്ളൂ. വൈവിധ്യങ്ങളുടെ സത്തയിൽ ആധിപത്യത്തിന് നിലനിൽപ്പില്ല. എല്ലാവരുടെയും ചിന്തകൾ പോലും ഒരു ബിന്ദുവിൽ എത്തിക്കുക എന്നതാണ് മർദ്ദനത്തിന്റെ ഒരു രീതി . എല്ലാവരും വ്യത്യസ്ത ബിന്ദുക്കളിൽ നിന്നുള്ള അറിവുകൾ അടിസ്ഥാനമാക്കുമ്പോൾ അത് ഒന്നിലേക്കുള്ള ബോധത്തിലേക്ക് പരിണമിക്കില്ല. അതില്ലാതാക്കാൻ മറ്റുള്ളവയെല്ലാം നീചമാണെന്നു സ്ഥാപിക്കുക എന്നതാണ് വഴി. അതിനെ അറപ്പും വെറുപ്പും തോന്നുന്നവ ആക്കി മാറ്റി അവയെ ‘മ്ലേച്ഛ’മെന്നു പറഞ്ഞു തള്ളിക്കളയുന്നു.

ഇന്നു നമ്മൾ ഓരോ സംഭവ വികസങ്ങളും കാണുമ്പോൾ ബ്രാഹ്‌മണ്യം അതിൽ വിജയിച്ചു എന്നു തന്നെ മനസിലാക്കാം. അടിച്ചമർത്തപ്പെട്ട് പുഴുക്കളെ പോലെ നരകിച്ചു കഴിഞ്ഞിരുന്ന മനുഷ്യർക്ക് ചിന്തിക്കാൻ ബ്രാഹ്മണ്യത്തിനപ്പുറത്തേക്ക് മറ്റു തുറവികൾ ഉണ്ടാക്കാൻ ശ്രീനാരായണ ഗുരുവിനെ പോലെ, മഹാത്മാ അയ്യൻ കാളിയെ പോലെ, പൊയ്കയിൽ അപ്പച്ചനെ പോലെ, ഡോ. ബി.ആർ അംബേദ്‌കറെ പോലെ, പെരിയാറേ പോലെയുള്ള മഹാത്മാക്കളും ബുദ്ധിസം, ഇസ്ലാം, ക്രിസ്ത്യാനിറ്റി തുടങ്ങിയ മറ്റ് ചിന്താപദ്ധതികളും ഉണ്ടായി. വിമോചനത്തിന്റെ വെളിച്ചം വീശി ഈ ബിന്ദുക്കൾ വന്നതോടെ ബ്രാഹ്മണ്യമെന്ന മർദ്ദക വ്യവസ്ഥയുടെ പിടി അയയുമെന്നു കാണുന്ന പടി, അവർ അതിനെ ശക്തിപ്പെടുത്താൻ പുതിയ ശത്രുവിനെ മുന്നിൽ നിർത്തുന്നു. “നമ്മളെല്ലാം ഒന്നാണ്, പുറത്തു നിന്നു വന്നവർ നമ്മുടെ ശത്രുക്കളാണ്” എന്ന അപരനെ മുൻ നിർത്തിയുള്ള ആഖ്യാനം ഏറെക്കുറെ വിജയിച്ചുവെന്നു തന്നെ പറയാം.

ബ്രാഹ്മണ്യം നമ്മുടെ മുന്നിൽ തന്നിരിക്കുന്ന ശത്രുവിനെ നമ്മൾ സർവാത്മനാ ഏറ്റെടുത്തിരിക്കുന്നു. ബ്രാഹ്‌മണ്യ സ്വത്വത്തിന്റെ ഭീഷണിയായ മുസ്ലിമെന്ന അപര സ്വത്വം ബ്രാഹ്‌മണ്യ സ്റ്റേറ്റിൽ ഉള്ള എല്ലാവർക്കും ഭീഷണിയായി പരിണമിക്കുന്നു. ഇന്ത്യ മുഴുവൻ സവർണതയുടെ കീഴ്പ്പടിയിൽ അമരുമ്പോഴും അതിനെ കാണാതിരിക്കാൻ, മനസിലാക്കാതിരിക്കാൻ ഉള്ള വ്യാജ ഭീഷണി ആണ് അപരൻ. ബ്രാഹ്മണ്യത്തിന്റെ ‘വസുധൈവ കുടുംബകം’, ‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’, അഹം ബ്രഹ്മാസ്മി, ‘ഹിന്ദുയിസം ഒരു ജീവിത പാത ആകുന്നു‘ തുടങ്ങി കേൾക്കുമ്പോൾ എല്ലാ മനുഷ്യർക്കും വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്ന പലതിനെയും പിന്നോക്ക സമുദായങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ സ്ഥിതിക്ക് അവർക്ക് പേടിക്കാനുള്ളത് അതിനു പുറത്തു നിൽക്കുന്നവരെയാണ്: സത്താപരമായി (ontologically) ഹിന്ദുയിസം  എന്ന ബ്രാഹ്മണിസത്തെ ‘Way of Life’ ആയി, അഥവാ ജീവിത പാതയോ പദ്ധതിയോ ആയി സ്വീകരിക്കാത്തവരെ. എല്ലാ അറിവുകളും ഇന്ത്യയിൽ നിന്നുദയം ചെയ്യുന്നു എന്ന രീതിയിലുള്ള ബ്രാഹ്‌മണ്യ ജല്പനങ്ങളെ പല രീതിയിൽ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്ന മാർക്സിസ്റ്റ്‌ തത്വചിന്തകന്മാരടക്കം ഈ ‘Way of life’ എന്ന ആഖ്യാനത്തെ ചിന്താപദ്ധതിയായി സ്വീകരിച്ചവരാണ്. ഈ ‘Way of Life’ ജാതിയുടേതാണ് എന്നു തിരിച്ചറിയാതെ ഇരിക്കുമ്പോൾ ബ്രാഹ്മണ്യം അസുഖപ്പെടുത്തുന്ന മനസുകളിൽ അതിന്റെ ആഘാതം വലുതാണ്. ബ്രാഹ്മണ്യ സ്റ്റേറ്റ് നിയന്ത്രിക്കുന്നത് മുസ്ലിമാണെന്നു തെറ്റിദ്ധരിപ്പിച്ചു ആധിപത്യം നിലനിർത്തുന്നത് കൊണ്ട് തന്നെയാണ് ഇതിൽ ഒരു പങ്കുമില്ലാത്ത മുസ്ലിമിന്റെ പേര്‌ പറയുന്നത്. അത് ഇസ്ലാമിസ്റ്റ് എന്നോ, ജിഹാദി എന്നോ, ലീഗ് എന്നോ, സുഡാപ്പി എന്നോ, മൗദൂദി എന്നോ, ഏറ്റവും പുതുതായി ജമാഅത്തെ ഇസ്ലാമി എന്നോ അധികാരത്തിന്റെ അന്നന്നത്തെ വെല്ലുവിളികൾക്ക് അനുസരിച്ച് മാറി വരുന്നു.

മുസ്‌ലിം പ്രത്യക്ഷൻ (Present) ആയിരിക്കുന്ന ഇടങ്ങളിലും അപ്രത്യക്ഷനായിരിക്കുന്നതാണ് (Absent) വിസിബിലിറ്റി  ഇല്ലായ്മയുടെ, വിവേചനത്തിന്റെ തലമെങ്കിൽ അതിനേക്കാൾ ആഴത്തിലാണ്, മുസ്‌ലിം ഇല്ലാത്തയിടത്തും വെറുപ്പിനെ ഇളക്കാൻ മുസ്ലിമിനെ കൊണ്ട് വരിക എന്ന ബ്രാഹ്‌മണ്യ ബോധം കിടക്കുന്നത്. ബ്രാഹ്മണ്യത്തിൽ എത്ര മാത്രം നമ്മൾ ആഴ്ന്നിരിക്കുന്നുവോ അത്ര മാത്രം മുസ്‌ലിം വെറുപ്പും നമ്മൾ പേറുന്നു എന്നത് അപ്പോൾ അതിന്റെ തുടർച്ച മാത്രമാകുന്നു. മർദ്ദകർക്ക് മർദ്ദിതരുടെ അസ്തിത്വം തന്നെ വെറുപ്പുളവാക്കുന്നു. ഹിന്ദു ധർമത്തിന് അപരനില്ലാതെ നിലനിൽപ്പില്ല. വെറുപ്പിന്റെ പാത്രമായി ആരെയെങ്കിലും വയ്ക്കാതെ, നീചത്വം അടിച്ചേല്പിക്കാതെ, സ്വയം മഹത്തരം എന്നു പറഞ്ഞു വെയ്ക്കാനാവില്ല. എല്ലാ മർദ്ദക വ്യവസ്ഥകളും നില നിൽക്കുന്നത് അങ്ങനെയാണ്. ഏറ്റവും വെറുക്കപ്പെടേണ്ടവരായി തങ്ങളിൽ നിന്നു വ്യത്യസ്തർ ആയവരെ മാറ്റിയെങ്കിൽ മാത്രമേ തങ്ങളുടെ ആധിപത്യത്തെ അവർക്ക് ഉറപ്പിക്കാൻ ആവൂ.

(കടപ്പാട്: കാമ്പസ് എലൈവ്)