വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ ലോകത്തെയും ബാധിക്കുന്ന പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഏക ആഗോള പ്രശ്‌നം എന്ന സാര്‍വലൗകിക പദവിയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, കരയില്‍ അനുഭവിക്കുന്ന താപനത്തിലെ മാറ്റങ്ങളും കടലില്‍ വ്യാപകമായ ജലത്തിന്റെ അമ്ല വല്‍ക്കരണവും ഉണ്ടാക്കിയ കെടുതികള്‍ എല്ലാ പ്രദേശങ്ങളും ജനതകളും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വെളളപ്പൊക്കം, വരള്‍ച്ച, ഭൂചലനം, കടലെടുക്കല്‍ തുടങ്ങി ആണവ പ്രശ്‌നം, വൈറസ് വ്യാപനം തുടങ്ങി വിവിധ രീതിയില്‍ അതു ലോകത്തെ ബാധിച്ചിരിക്കുന്നു. വരാനിരിക്കുന്ന പാരിസ്ഥിതിക തകര്‍ച്ചയുടെ ആദ്യഘട്ട സൂചനകള്‍ മാത്രമാണിത്.
പ്രകൃതിക്കു മാറാന്‍ സ്വന്തമായ ചില വഴികള്‍ എക്കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ കാലത്ത് പ്രകൃതിയുടെ മേലെയുള്ള മനുഷ്യന്റെ അധികാരം പൂര്‍ണമായി. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപനം പുതിയൊരു മനുഷ്യസങ്കല്‍പം തന്നെ നിര്‍മിച്ചു. പ്രകൃതിയെ കീഴടക്കി മനുഷ്യരുടെ ശക്തി പുതിയൊരു ലോകക്രമം തന്നെ സ്ഥാപിച്ചു. എന്നാല്‍ ഈ പ്രക്രിയയില്‍ പ്രകൃതിയും മനുഷ്യരും മാറുന്നതോടെ മറ്റൊരു പ്രതിസന്ധി കൂടി ഉടലെടുത്തു. സ്രഷ്ടാവിനെ വിഴുങ്ങുന്ന സൃഷ്ടി പോലെ, പ്രകൃതിയിലെ മാറ്റങ്ങള്‍ ഈ മാറ്റത്തിന്റെ ഹേതുവായ മനുഷ്യനെ തന്നെ ഇല്ലാതാക്കുന്ന ഒരു പ്രക്രിയയിലേക്ക് സ്വയം എത്തിപ്പെട്ടു. ശാസ്ത്രജ്ഞരും സാമൂഹിക-രാഷ്ട്രീയ ഗവേഷകരും ഒരുപോലെ ആന്ത്രോ പൊസീന്‍ അഥവാ മനുഷ്യനിര്‍മിത യുഗം എന്ന ഭൗമ ചരിത്രഘട്ടമായി പൊതുവെ ഈ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ശാസ്ത്രജ്ഞരുടെ മാത്രം തലവേദനയായി പ്രകൃതി പ്രശ്‌നങ്ങളുടെ പരിഹാരം ഒതുങ്ങിയിരിക്കുന്നില്ല. മാനവിക-സാമൂഹിക-രാഷ്ട്രീയ ചിന്തയിലും പ്രയോഗത്തിലും ആന്ത്രോപൊസീന്‍ എന്ന പ്രശ്‌നം പുതിയൊരു പ്രശ്‌നമണ്ഡലമായി വികസിച്ചിരിക്കുന്നു.
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ തങ്ങളുടെ ജീവിതരീതികള്‍ പരിശോധിക്കാനും ഭരണതലത്തില്‍-തൊലിപ്പുറമേയാണെങ്കിലും തന്നെ വേണ്ട മാറ്റങ്ങള്‍ വരുത്താനും തുടങ്ങിയിരിക്കുന്നു. ‘പാരിസ്ഥിതിക അടിയന്തിരാവസ്ഥ’ എന്ന പ്രയോഗം പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണ മനുഷ്യരുടെ വരെ സംസാരത്തില്‍ കടന്നു വരുന്നു. മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ ഇടം തേടുന്നതാണ് നല്ലതെന്നു മരിക്കും മുമ്പു സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞതോര്‍ക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചും അസമത്വത്തെക്കുറിച്ചും പുറത്തിറക്കിയ ചാക്രിക ലേഖനം ലോക ശ്രദ്ധയില്‍ വരുന്നതും ഈ സാഹചര്യത്തിലാണ്.
ആഗോള മാതൃകയുടെ പ്രശ്‌നം
ആധുനിക മുതലാളിത്ത വികസനത്തിന്റെ കേന്ദ്രങ്ങളില്‍ ‘പരിഷ്‌കൃതരുടെ’ ആശങ്കയായി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മാറുന്നതോടെയാണ് ഇതിനൊരു ‘ആഗോള’ മാനം വരുന്നത്. ആധുനിക-ശാസ്ത്ര-സാങ്കേതിക വിപ്ലവ നേട്ടങ്ങളുടെ കേന്ദ്രമായും മനുഷ്യ പുരോഗതിയുടെ ഉയര്‍ന്ന മാതൃകയായും സ്വയം അവരോധിച്ചിരുന്ന പാശ്ചാത്യ ലോകം പക്ഷെ അതിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക് ഉത്തരവാദിയായി മുഴുവന്‍ മനുഷ്യരെയും ലോകത്തെയും ചിത്രീകരിക്കുന്ന ആഖ്യാന മാതൃക ആന്ത്രോപൊസീന്‍ പഠനങ്ങളുടെ ബലഹീനതയായി തുടരുന്നു. വികസനത്തിന്റെ നേട്ടങ്ങള്‍ യൂറോ- അമേരിക്കന്‍ ലോകത്തിനും അതേ വികസനത്തിന്റെ കോട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരുടേതുമെന്ന ചരിത്ര വായനയില്‍ തകരാറുണ്ട്.
പ്രകൃതിയില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട്. 300 വര്‍ഷം മുമ്പു വികസിച്ച വ്യാവസായിക വിപ്ലവത്തിന്റെ ആവിര്‍ഭാവത്തോടെ ശക്തമായ മുതലാളിത്ത വികസന മാതൃകയുടെ അനിവാര്യമായ കെടുതികള്‍ ലോകം ഇപ്പോള്‍ പൂര്‍ണമായും അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാള്‍ മാര്‍ക്‌സ് വിശദീകരിച്ചതു പോലെ, ഫ്യൂഡല്‍ ബന്ധങ്ങളുടെ ദ്രവീകരണവും മുതലാളിത്ത ഉല്‍പ്പാദന രീതിയുടെ രൂപീകരണവും മൂലധനത്തിന്റെ പ്രാകൃത സഞ്ചയനം (പ്രിമിറ്റീവ് അക്യുമുലേഷന്‍) എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയില്‍ വളരെയധികം ത്വരിതഗതിയിലായി. പ്രാകൃത സഞ്ചയനം എന്ന പ്രക്രിയയില്‍ അടങ്ങിയ കീഴടക്കല്‍, അന്യവല്‍ക്കരണം, ചൂഷണം, അടിമവല്‍ക്കരണം തുടങ്ങിയ ഉപാധികള്‍ ഫ്യൂഡലിസത്തിന്റെ ചരിത്ര ഘട്ടത്തില്‍ തുടങ്ങി മുതലാളിത്ത വ്യവസ്ഥയുടെ സമകാലീനതയുടെ ഭാഗമായി തുടരുന്ന അധികാര പ്രയോഗമാണ്. ഒടുവില്‍ പ്രകൃതി എന്നത് അപര സ്വഭാവമുള്ള വന്യ ശക്തി എന്ന നിലയില്‍ നിന്നു മാറി മനുഷ്യ സ്വഭാവമുള്ള ഒരു ആത്മശക്തിയായി പൂര്‍ണമായും മാറുന്ന ചരിത്ര ഘട്ടമാണിത്.
എന്നാല്‍ പാരിസ്ഥിതിക പ്രതിസന്ധികളുടെ ഇരകള്‍ എല്ലാവരുമാണെങ്കിലും അതിന്റെ ഉത്തരവാദികള്‍ മുഴുവന്‍ മനുഷ്യരും അല്ല എന്നതും ശരിയാണ്. ആന്ത്രോപൊസീന്‍ എന്നതാണ് മുതലാളിത്ത വികസനത്തിന്റെ കേന്ദ്രങ്ങളില്‍ അതിനു പറയുന്ന പേരെങ്കിലും അതിന്റെ പാര്‍ശ്വങ്ങളില്‍ ഒരു കാപിറ്റലോസീന്‍ അഥവാ മുതലാളിത്ത നിര്‍മിത യുഗം തന്നെയായി മാറുന്നു (ജേസണ്‍ മൂര്‍ എഴുതിയ കാപിറ്റലിസം ഇന്‍ ദ വെബ് ഓഫ് ലൈഫ്: ഇകോളജി ആന്റ് അക്യുമുലേഷന്‍ ഓഫ് കാപിറ്റല്‍ (2015) എന്ന പുസ്തകം). പാരിസ്ഥിക പ്രശ്‌നത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ തുടങ്ങുന്നത് ഇത്തരമൊരു കെടുതി നിര്‍മിച്ചതില്‍ ഒരു പങ്കും ഇല്ലാത്ത ദരിദ്ര ലോക ജനതയും രാഷ്ട്രങ്ങളും ആവാസ വ്യവസ്ഥകളും ആണെന്നതാണ് വസ്തുത. ആന്ത്രോപൊസീന്‍ എന്ന അനുഭവം സാര്‍വലൗകികമാണെങ്കിലും അതിന്റെ രാഷ്ട്രീയത്തില്‍ നിന്ന് വംശീയതയെ മാറ്റിനിറുത്താന്‍ കഴിയില്ല. മനുഷ്യ പദവിയില്‍ നടത്തിയ തരംതിരിവുകളും ഉച്ചനീചത്വങ്ങളും മുതലാളിത്ത വികസനത്തിന്റെ വംശീയ സ്വഭാവത്തെ തുറന്നു കാണിക്കുന്നു.ലോകം അടക്കി ഭരിച്ച മുതലാളിത്ത അധിനിവേശ ശക്തികള്‍ ആദ്യം മനുഷ്യരെയും പ്രകൃതിയേയും ഒരു വന്യമൃഗത്തെ പോലെ വേട്ടയാടി പിടിച്ചു, പിന്നീട് ഗൃഹവല്‍ക്കരിച്ച് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞു. പ്രകൃതിയെ ഈ രീതിയില്‍ ഒരു മാലിന്യക്കൂമ്പാരമായി മാറ്റിയതിന്റെ പ്രശ്‌നമാണ് ആഗോള പരിസ്ഥിതി പ്രശ്‌നങ്ങളുടെ കാതല്‍.
എന്നാല്‍ സമകാലിക ഇസ്‌ലാമോഫോബിയയും ആഗോള പരിസ്ഥിതി പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം ഇതേ രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമാണെന്ന് വാദിക്കുകയാണ് ഗസന്‍ ഹാഗെ എഴുതിയ ‘ഈസ് റെയ്‌സിസം ആന്‍ എന്‍വയോണ്‍മെന്റല്‍ ത്രെറ്റ്?‘ (2017) എന്ന പുസ്തകം. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആലോചനകളും നയനിലപാടുകളും വംശീയതയുമായി ബന്ധിപ്പിക്കാതെ മനുഷ്യനും പ്രകൃതിയും അകപ്പെട്ട പ്രതിസന്ധിക്കു പരിഹാരമാവില്ലെന്നു ഹാഗെ വാദിക്കുന്നു. സമകാലിക വംശീയതയുടെ ഉച്ഛ രൂപമായ ഇസ്ലാമോഫോബിയെയാണ് ഹാഗെയുടെ പഠനം ഗൗരവത്തിലെടുക്കുന്നത്.
ചെന്നായ: പ്രകൃതിയിലും മനുഷ്യരിലും
മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്ലാമോഫോബിയ. വംശീയവിരുദ്ധതയെയും പരിസ്ഥിതി പ്രശ്‌നത്തെയും യോജിപ്പിക്കുന്ന ഒരു കണ്ണിയായി ചെന്നായ എന്ന വന്യമൃഗത്തെ ഹാഗെ പഠിക്കുന്നു. ചെന്നായ എന്ന വിശകലന മാതൃകയ്ക്ക് പല അര്‍ത്ഥങ്ങളുണ്ട്. പ്രകൃതിയുടെ ഒരിക്കലും പിന്‍മടങ്ങാത്ത വന്യതയായാണ് കാല്‍പനിക ഭാവനയില്‍ ചെന്നായ ഇടം പിടിച്ചിട്ടുള്ളത്. ഗൃഹവല്‍കരണത്തിനു പാകമാകാത്ത നായ കൂടിയാണ് ചെന്നായ. ലോകത്ത് ഇന്ന് രണ്ടു ലക്ഷം ചെന്നായ്ക്കളുണ്ടെന്നാണ് കണക്ക്. അതേ സമയം ഗൃഹവല്‍കരിക്കപ്പെട്ട പട്ടികളുടെ എണ്ണം 40 കോടിയോളമാണ് എന്നാണ് യുവല്‍ നോവ ഹരാരിയുടെ ഹോമോഡ്യൂസ് (2005) എന്ന പഠനത്തില്‍ പറയുന്നത്. ഇന്ന് വന്‍ ജീവ ജന്തുക്കളില്‍ തൊണ്ണൂറു ശതമാനവും മനുഷ്യരോ വളര്‍ത്തു മൃഗങ്ങളോ മാത്രമാണ് എന്നതു ഗൃഹവല്‍ക്കരണത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു. മനുഷ്യന്‍ തന്റെ ഉപയോഗത്തിനായി വളര്‍ത്തി മെരുക്കിയെടുത്ത മൃഗങ്ങളുടെ ജൈവ പിണ്ഡം (ബയോറ്റിക്) മനുഷ്യനേക്കാള്‍ ഇരുപതു മടങ്ങാണ് എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍ക്കുന്ന കണക്ക്.
മെരുങ്ങാത്ത ചെന്നായയുടെ വന്യശക്തി പ്രകൃതിയുടെ ഭാഗമായും അതിനാല്‍ തന്നെ മനുഷ്യനില്‍ നിന്നകലെയായും സ്ഥിതി ചെയ്യുന്നു. ആദ്യം മൃഗങ്ങളില്‍ പരിശീലിച്ച വംശീയത പിന്നീടു മനുഷ്യരിലേക്കും വ്യാപിച്ചതിന്റെ ചരിത്രം തട്ടിച്ചു വായിക്കുന്ന വിശകലന രീതിയാണിത്. ഉദാഹരണത്തിന്, ബലിയാടുകള്‍ എന്നു പറയുന്നത് ആദ്യം ആടായും പിന്നെ മനുഷ്യരായും തന്നെ മാറുന്ന ചരിത്ര പ്രക്രിയയുടെ ഭാഗമാണിത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട സമാഗ്രാധിപത്യ വ്യവസ്ഥകള്‍ക്ക് ബലിയാടുകളെ നിര്‍മിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ കഴിവുണ്ടായിരുന്നു.
മനുഷ്യരെ തരം തിരിക്കുന്ന വംശീയതയ്ക്കും ചെന്നായ വളരെ പ്രാധാന്യമുള്ള ഒരു രൂപകമാണ്. ആഫ്രിക്കക്കാരെ കുരങ്ങിനോടുപമിച്ച ആഗോള വംശീയവാദം പക്ഷെ മുസ്‌ലിംകളെ ചെന്നായയോടാണ് ഉപമിക്കാറുള്ളത്. മുസ്‌ലിംകളെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയായി അഥവാ പുറത്തൊരു സ്വഭാവവും അകത്തൊരു സ്വഭാവമുള്ളവരായി ചിത്രീകരിക്കുന്ന വിവരണങ്ങള്‍ പരിചയമുള്ളതാണല്ലോ. ചെന്നായയുടെ സ്വഭാവം സൂത്രശാലിയുടേതും മെരുങ്ങാന്‍ വിസമ്മതിക്കുന്നതും വളര്‍ത്തു മൃഗമാവാന്‍ വിസമ്മതിക്കുന്നതും ചതിയുടെയും ഭീഷണിയുടേതും ആയാണ് പൊതുഭാവനയില്‍ ഇടം പിടിച്ചിട്ടുള്ളത്. മനുഷ്യന്‍ എന്ന സങ്കല്‍പത്തിലടങ്ങിയ ഗൃഹവല്‍ക്കരണത്തിനു പുറത്താണ് ചെന്നായയുള്ളത്.
ഇതേ മാതൃകയിലാണ് ഇസ്ലാമോഫോബിയ എന്ന വംശീയത നിര്‍മിച്ച മുസ്‌ലിംകളെക്കുറിച്ചുള്ള ഭാവനകള്‍. ആഗോള അധിനിവേശ ശക്തികള്‍ കൊളോണിയലിസത്തിലൂടെ മെരുങ്ങാത്ത ഒരു സാമൂഹിക ശക്തിയായി മുസ്‌ലിംകളെ തിരിച്ചറിയുന്നതിന്റെ നീണ്ട ഘട്ടത്തിനൊടുവിലാണ് ശീതയുദ്ധാനന്തരം കഴിഞ്ഞ മുപ്പതു വര്‍ഷമായി ആഗോള ഇസ്ലാമോഫോബിയ പുതിയൊരു ശക്തിയായി മാറിയത്. സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും പുറത്തുള്ള വന്യതയുടെ പ്രതീകമായി മുസ്‌ലിം ആവാസ വ്യവസ്ഥകള്‍ ചിത്രീകരിക്കപ്പെട്ടു.
ലോകം മനുഷ്യനും അവന്റെ വളര്‍ത്തു മൃഗങ്ങളും എന്ന രീതിയില്‍ ക്രമീകരിക്കപ്പെടുമ്പോള്‍ അതില്‍ നിന്നു വന്യമായി ബഹിഷ്‌കരിക്കപ്പെട്ട വിഭാഗമായി മുസ്‌ലിം എന്നു തിരിച്ചറിയുന്ന ജനവിഭാഗത്തെ നിര്‍മിക്കുന്ന ആധുനിക സാങ്കേതിക-ഭരണ മനോഭാവമാണ് ഇസ്ലാമോഫോബിയ. മുസ്ലിമിനെക്കുറിച്ചുള്ള ‘ചെന്നായ യുക്തി’ സമകാലിക ഇസ്ലാമോഫോബിയയുടെ ഭാവനാലോകത്തെ വിവിധ രീതികളില്‍ സമ്പന്നമാക്കുന്നു. പ്രകൃതിയില്‍ കാണുന്ന ഒരു വന്യമൃഗമായ ചെന്നായയായാലും ആഗോള വംശീയത നിര്‍മിച്ച ചെന്നായ യുക്തിയായാലും ആധിപത്യ അധികാരത്തിന്റ പരിധികളെ ലംഘിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ്. പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള ആധിപത്യ ധാരണകള്‍ക്ക് കോട്ടം തട്ടിക്കുന്ന ഒരു ഭീഷണിയായി ചെന്നായ മാറുന്നു. വളര്‍ത്തുജീവിയുടെയും മനുഷ്യന്റെയും നിര്‍വചനങ്ങളെ അതു പ്രതിസന്ധിയിലാക്കുന്നു.കൊന്നിട്ടും നശിപ്പിച്ചിട്ടും മാലിന്യക്കൂമ്പാരമാക്കിയിട്ടും തിരിച്ചു വരുന്ന പ്രകൃതിയും മുസ്ലിമും അധികാരത്തിന്റെ ശക്തി മാത്രമല്ല ദൗര്‍ബല്യവും വെളിവാക്കുന്നു. പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തു വരുതിയില്‍ നിറുത്തിയിട്ടും പ്രകൃതി മറ്റൊരു രീതിയില്‍ ഒരു വെല്ലുവിളിയായി, ‘മനുഷ്യര്‍ക്കു’ മുന്നില്‍ നിരന്തരം അവതരിക്കുന്നു.
ശീതയുദ്ധത്തിനു ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷം കൊണ്ടു മാത്രം ഏകദേശം രണ്ടു ദശലക്ഷം മുസ്‌ലിംകളെ വരെ പല രീതിയില്‍ അധിനിവേശ യുദ്ധം ചെയ്തു കൂട്ടക്കൊല നടത്തിയിട്ടും ‘മുസ്‌ലിം പ്രശ്‌നം’ പരിഹരിക്കാന്‍ കഴിയാതെ ലോകത്തെ പിന്തുടരുന്നു. പുഴയില്‍ തള്ളുന്ന മാലിന്യം കടല്‍ തീരത്തണയും പോലെ മുസ്‌ലിം പ്രദേശങ്ങളിലെ അധിനിവേശം യൂറോ- അമേരിക്കയിലേക്കുള്ള കുടിയേറ്റമായി മുതലാളിത്ത വികസിത ലോകത്തെ പിന്തുടരുന്നു. ചെന്നായയെ കൂട്ടിലടച്ചു മെരുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. പ്രകൃതിയോടും അപര മനുഷ്യരോടും കരുതലില്ലാത്ത ആധിപത്യ അധികാരത്തിന്റെ ആന്തരിക പ്രശ്‌നമാണിത്.
അപരജീവിതങ്ങള്‍ എന്ന നിലയില്‍ പ്രകൃതിയേയും മനുഷ്യരെയും കാണാതെയുള്ള രാഷ്ട്രീയത്തിനൊരു തിരുത്തു വരുത്താതെ ഈ വിഷമവൃത്തത്തില്‍ നിന്നു പുറത്തു കടക്കാന്‍ സാധിക്കുകയില്ല. പ്രകൃതിയെ ഗാര്‍ഹികവല്‍കരിക്കാതെയിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. മുസ്‌ലിംകളുടേത് അടക്കമുള്ള വ്യത്യസ്തകളെ വിമര്‍ശിക്കാനും വിലയിരുത്താനും മനുഷ്യര്‍ക്കു പരസ്പരം സാധിക്കുകയും വേണം. എന്നാല്‍ ഈ ബന്ധത്തെ ചൂഷണത്തില്‍ നിന്നു വ്യത്യസ്തമായി സങ്കല്‍പിക്കാന്‍ കഴിയുമോയെന്ന ചോദ്യം വളരെ നിര്‍ണായകമാണ്. അപരര്‍ക്ക് അതു പ്രകൃതിയായാലും മനുഷ്യനായാലും വ്യത്യാസം എന്ന പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഇടം നല്‍കാതെ ലോകത്തിനു ഇനി മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല. അപരവല്‍ക്കരണത്തിനു പകരം പാരസ്പര്യവും അകറ്റി നിറുത്തലിനു പകരം കൂടിച്ചേരലുകളും ചൂഷണത്തിനു പകരം പരസ്പരാഭിവാദ്യങ്ങളും ചേര്‍ന്നൊരു രാഷ്ട്രീയ ഭാവനയെക്കുറിച്ചുള്ള പ്രതീക്ഷകളും അതിന്റെ വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു. മാത്രമല്ല പരിസ്ഥിതി രാഷ്ട്രീയം, ഇസ്ലാമോഫോബിയ, മുതലാളിത്തം തുടങ്ങിയ പ്രശ്‌നങ്ങളെ പരസ്പര ബന്ധിതമായി തിരിച്ചറിയാനുള്ള ഒരു സൈദ്ധാന്തിക സമീപനത്തിന്റെ പ്രാരംഭ പരിശ്രമമായി ഗസാന്‍ ഹാഗെയുടെ ചിന്തകളെ മനസിലാക്കാന്‍ കഴിയേണ്ടതുണ്ട്.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)