ഏതൊരു സമൂഹത്തെയും പറ്റിയുള്ള അറിവുകൾ സ്വാഭാവികമായി രൂപപ്പെടുന്നതല്ല; സാമൂഹികസ്ഥാപനങ്ങളിലൂടെയും അധികാരബന്ധങ്ങളിലൂടെയുമൊക്കെ നിർമിക്കപ്പെടുന്നതാണവ. മുസ്ലിംകളും ഇതിൽനിന്നു വ്യത്യസ്തരല്ല. സ്കൂൾ വിദ്യാഭ്യാസം, കോളേജ് പഠനം, രാഷ്ട്രീയപ്രസംഗങ്ങൾ, പത്രസാമൂഹികമാധ്യമങ്ങൾ, സാഹിത്യരചനകൾ തുടങ്ങിയവയ്ക്കൊക്കെ അവരെ സംബന്ധിച്ച പൊതുബോധം രൂപപ്പെടുത്തുന്നതിൽ നിർണ്ണായകസ്ഥാനമാണുള്ളത്. ചരിത്രപരമായ വൈവിധ്യവും സാമൂഹികയിടപെടലുകളുടെ സമ്പന്നതയും പ്രകടിപ്പിക്കുന്നൊരു സ്വാഭാവിക സമൂഹമായി വീക്ഷിക്കേണ്ടതിനു പകരം വിശദീകരിക്കപ്പെടേണ്ട ഒരു ‘പ്രശ്നം’ എന്നനിലയിലാണ് മുസ്ലിം സമുദായത്തെ അവതരിപ്പിക്കുന്നത്.
മുസ്ലിംകളെക്കുറിച്ചുള്ള ചർച്ചകൾ സാധാരണമായി വിദ്യാഭ്യാസപിന്നാക്കാവസ്ഥ, മതാധിപത്യം, സ്ത്രീയവകാശങ്ങൾ, രാഷ്ട്രീയാമിതത്വം (എക്സസ്) തുടങ്ങിയ വിഷയങ്ങളിൽ ‘സവിശേഷമായി’ കേന്ദ്രീകരിക്കുന്നു. ഇക്കാര്യങ്ങൾ പ്രധാനമല്ലെന്നല്ല, എന്നാൽ ഇവയിൽമാത്രമായി ശ്രദ്ധ ചുരുക്കുമ്പോൾ മുസ്ലിംകളെപ്പറ്റിയുള്ള ഒരു ഏകശിലാ ചിത്രം രൂപപ്പെടുന്നു.
മുസ്ലിംകളുടെ സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസ മുന്നേറ്റവും സാമൂഹിക സേവനങ്ങളും പൊതുചർച്ചകളിൽ വലിയ രീതിയിൽ-അപവാദങ്ങൾ ഇല്ലെന്നല്ല – ഇടംപിടിക്കാറേയില്ല. ഇതിലൂടെ, മുസ്ലിംകൾ സമൂഹത്തിന്റെ ഭാഗമായുള്ള സജീവ വിഷയികളായി കാണേണ്ടവരല്ല, മറിച്ച് നിയന്ത്രിക്കപ്പെടേണ്ട വിഭാഗമെന്ന നിലയിൽ അടയാളപ്പെടുത്തപ്പെടുന്നു. മുസ്ലിംകളെപ്പറ്റി ഇങ്ങനെ പഠിപ്പിക്കുമ്പോൾ, അവർ തുല്യമായ സമൂഹികപങ്കാളിത്വമുള്ളവരെന്നതിലുപരി; വിലയിരുത്തപ്പെടേണ്ട ‘കേസുകൾ’ ആയി മാറുന്നു. ഇതാണ് മുസ്ലിംകളെ സംബന്ധിച്ച പൊതുവായ പഠനരീതിയുടെ അടിസ്ഥാനപ്രശ്നം.
പൊതുചർച്ചകളിലെ മുസ്ലിം
കേരളത്തിലെ പൊതുചർച്ചകളിൽ മുസ്ലിം സമൂഹത്തെ ‘പിന്നാക്കം’, ‘അടഞ്ഞ സമൂഹം’, ‘സ്ത്രീവിരുദ്ധതയുള്ള സമൂഹം’ എന്നിങ്ങനെയുള്ള ചാപ്പകളാൽ മുദ്രകുത്തുന്ന പ്രവണതയേറെ വ്യാപകമാണ്. മാധ്യമചര്ച്ചകളിലും അഭിപ്രായപ്രകടനങ്ങളിലും പഠനലേഖനങ്ങളിലുമൊക്കെ ഇത്തരം ഭാഷ സ്ഥിരമായാവർത്തിക്കപ്പെടുന്നു. ഈ സമുദായത്തിനുള്ളിലെ വിദ്യാഭ്യാസമുന്നേറ്റങ്ങളും സ്ത്രീപങ്കാളിത്തവും സംരംഭകത്വവും സാമൂഹികപ്രവർത്തനങ്ങളും മിക്കപ്പോഴും അവഗണിക്കപ്പെടുന്നു.
ഉദാഹരണത്തിന്, മുസ്ലിം സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വർധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ചുള്ള കണക്കുകൾ പലപ്പോഴും ചർച്ചയാകാറില്ല. പകരം, ‘മുസ്ലിം സ്ത്രീകൾ പിന്നാക്കമാണ്’ എന്ന പൊതുധാരണ ആവർത്തിച്ചുറപ്പിക്കുന്നു. ഇത്തരം രീതികളിലൂടെ, ഈ സമൂഹത്തെപ്പറ്റിയുള്ള അറിവുകൾ ‘വ്യക്തത’ കൈവരിക്കുന്നു.
കേരളത്തിലെ മുസ്ലിംകൾ സാമൂഹികമായും രാഷ്ട്രീയമായും ബഹുസ്വരമായ സമൂഹമാണ്. നഗര-ഗ്രാമ വ്യത്യാസങ്ങളും സാമ്പത്തിക-വിദ്യാഭ്യാസ വൈവിധ്യങ്ങളും അവർ പ്രകടിപ്പിക്കുന്നു. എന്നാൽ, പൊതുചർച്ചകളിൽ ഈ വൈവിധ്യത്തെ തമസ്കരിച്ച് അവരെയൊരു ഏകതാനമായ ഘടകമായി അവതരിപ്പിക്കുന്നു.
അങ്ങിനെ മുസ്ലിം സംബന്ധിയായ അറിവുകൾ അവർകൂടി ഉൾപ്പെടുന്ന സംഭാഷണങ്ങളിലൂടെ ഉരിത്തിരിയാതെ മുൻകൂട്ടി തയ്യാറാക്കപ്പെട്ട വിധിന്യായങ്ങളായി മാറുന്നു. അവ, പിന്നീട് വിദ്യാഭ്യാസത്തിലും മാധ്യമങ്ങളിലും രാഷ്ട്രീയചർച്ചകളിലും ആവർത്തിക്കപ്പെടുന്നു. ഇതിലൂടെ, അവരെക്കുറിച്ചുള്ള നിഷേധാത്മകമായ സ്ഥിരരൂപങ്ങൾ പൊതുജ്ഞാനമായി രൂപപ്പെടുന്നു.
മുസ്ലിം സംഘടനകളുടെ രാഷ്ട്രീയയിടപെടലുകൾ പലപ്പോഴും ‘തീവ്രവാദം’, ‘മതരാഷ്ട്രീയം’, ‘അമിതം’ എന്നീ പദങ്ങളിലൂടെ വിശദീകരിക്കപ്പെടുന്നത്. എന്നാൽ, മറ്റ് സമൂഹങ്ങളുടെ രാഷ്ട്രീയ സംഘാടനങ്ങൾ ജനാധിപത്യാവകാശമായി കാണപ്പെടുന്നു. മുസ്ലിം സംഘടനകൾ വിദ്യാഭ്യാസയവകാശം, സംവരണം, സാമൂഹികസുരക്ഷ, ന്യൂനപക്ഷാവകാശങ്ങൾ തുടങ്ങിയവയെപ്പറ്റി സംസാരിക്കുമ്പോൾ അത് ‘വർഗ്ഗീയ രാഷ്ട്രീയം’ എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇതര സമുദായങ്ങളുടെ സംഘടനകൾ അതേ വിഷയങ്ങൾ ഉന്നയിക്കുമ്പോൾ അത് ‘അവകാശസമരം’ ആയി അംഗീകരിക്കപ്പെടുന്നു. ഈ ഇരട്ടത്താപ്പ് മുസ്ലിംകളെ രാഷ്ട്രീയമായി അസാധുവാക്കുന്നു. അവരുടെ രാഷ്ട്രീയ സംസാരത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്നതിലൂടെ മുസ്ലിം രാഷ്ട്രീയ പങ്കാളിത്തത്തെത്തന്നെ പ്രശ്നമായി കാണുകയാണിതിലൂടെ.
മുസ്ലിംകളുടെ രാഷ്ട്രീയയിടപെടലുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഇവിടെയംഗീകരിക്കപ്പെടുന്നില്ല. പകരം, അത് നിയന്ത്രിക്കപ്പെടേണ്ട പ്രവർത്തനമായി അവതരിപ്പിക്കുന്നു. ഇതിലൂടെ മുസ്ലിംകൾ ജനാധിപത്യ രാഷ്ട്രീയത്തിൽ ഉൾച്ചേർക്കപ്പെടേണ്ട സജീവ സാമൂഹിക വിഭാഗം എന്നതിനു പകരം സംശയദൃഷ്ട്യാ കാണേണ്ട വിഭാഗമാകുന്നു. ഈ വീക്ഷണം, മുസ്ലിംകളുടെ ജനാധിപത്യ അവകാശങ്ങളെ ചുരുക്കുന്നു. ഇത് വെറുമൊരു അറിവിന്റെ പ്രശ്നമല്ല, മറിച്ച് അധികാരബന്ധത്തിന്റെ പ്രകടനമാണ്.
മാധ്യമങ്ങളിൽ മുസ്ലിംകളെ അവതരിപ്പിക്കുന്ന രീതി ഈ പഠനമാതൃകയെ ശക്തിപ്പെടുത്തുന്നാണ്. ചില മുസ്ലിം പ്രദേശങ്ങളെ (ഉദാഹരണം: മലപ്പുറം) സ്ഥിരമായി സംശയത്തിന്റെ ചട്ടക്കൂടിൽ നിറുത്തുന്നത് സാധാരണമാണ്. അവിടങ്ങളിൽ സംഭവിക്കുന്ന ചെറിയ സംഭവങ്ങൾപോലും വലിയ സുരക്ഷാ ഭീഷണികളായി ചിത്രീകരിക്കപ്പെടുന്നു. ഇതിലൂടെ, ആ സ്ഥലങ്ങൾ സ്വാഭാവികമായ ‘പ്രശ്നബാധിതമേഖലകൾ’ ആണെന്ന ധാരണ പൊതുസമൂഹത്തിൽ ഉറയ്ക്കുന്നു. മുസ്ലിം പ്രദേശങ്ങളുടെ നന്മകൾ സമൂഹമനസ്സിലുറപ്പിക്കുന്ന പോസിറ്റീവ് വാർത്തകൾക്ക് മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നല്കാറില്ല. ഇതിനെ കേവലമൊരു റിപ്പോട്ടിങ്ങായി കാണാനാകില്ല; മറിച്ച്, രാഷ്ട്രീയലക്ഷ്യമുളള സാമൂഹിക വിദ്വേഷത്തിന്റെ നിർമ്മാണമാണ്. ഇതിലൂടെ, സമൂഹിക ബോധ്യങ്ങളുടെ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നനിലയിൽ. മുസ്ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇവിടെയാകെ വ്യാപിപ്പിക്കുകയാണ് മാധ്യമങ്ങൾ.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകളിലും ഇതേ പഠനരീതി പ്രകടമാണ്. മുസ്ലിം സംഘടനകളുമായുള്ള സഖ്യങ്ങൾ പലപ്പോഴും ഒരു ‘അപായസൂചന’യായി വിശകലനം ചെയ്യപ്പെടുന്നു. ഇതര സമുദായ സംഘടനകളുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകൾ തന്ത്രപരമായ നീക്കങ്ങളായി വാഴ്ത്തപ്പെടുമ്പോൾ, ഇസ്ലാമിക സംഘടനകളുടെ പിന്തുണയുള്ള പാർട്ടികൾ ‘സമുദായ പ്രീണനത്തിന്’ വഴങ്ങിയവരായി മുദ്രകുത്തപ്പെടുന്നു. ഇതിലൂടെ, മുസ്ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെത്തന്നെ സംശയനിഴലിലാക്കുകയാണ്. തിരഞ്ഞെടുപ്പ് വിശകലനങ്ങളിൽ മുസ്ലിം സംഘടനകളെ ‘നിർണ്ണായക സ്വാധീനശക്തി’യായി അവതരിപ്പിക്കുന്നത് പതിവാണെങ്കിലും, മറ്റ് സമുദായ സംഘടനകളെക്കുറിച്ച് , വിശിഷ്യാ സവര്ണ സമുദായങ്ങളെക്കുറിച്ച്, ഇത്തരം പ്രയോഗങ്ങൾ ബോധപൂർവ്വം ഒഴിവാക്കപ്പെടുന്നു. ആവർത്തിച്ചുള്ള ഇത്തരം വിശേഷണങ്ങൾ മുസ്ലിം രാഷ്ട്രീയ ഇടപെടലുകളെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിക്കുകയും, അവരുടെ പൗരത്വപരമായ പങ്കാളിത്തത്തെ രാഷ്ട്രീയമായി അസാധുവാക്കുകയും ചെയ്യുന്നു.
സംവാദങ്ങളുടെ ഘടന
ഈ പഠനരീതിയെ സൂക്ഷ്മമായി വിശകലനം ചെയ്താൽ അതിലടങ്ങിയിരിക്കുന്ന അധികാരപരമായ ഘടന വ്യക്തമാകും. ഇവിടെ അറിവ് ഏകദിശാത്മകമായ (വൺ -വെ) ഒഴുക്കാണ്. ഇസ്ലാമോഫോബ് ‘അധ്യാപകനും’ മുസ്ലിംകൾ വെറും ‘ശിശുക്കളായി’ മാറുന്ന ഒരവസ്ഥയാണിത്. ഈ അധികാരക്രമത്തെ ഇങ്ങനെ സംഗ്രഹിക്കാം:
● ഇസ്ലാമോഫോബ് പഠിപ്പിക്കുന്നു; മുസ്ലിംകൾ പഠിക്കപ്പെടുന്നു.
● ഇസ്ലാമോഫോബ് സർവ്വജ്ഞനാകുന്നു; മുസ്ലിംകൾ അറിവില്ലാത്തവരായി മുദ്രകുത്തപ്പെടുന്നു.
● ഇസ്ലാമോഫോബ് ചിന്തിക്കുന്നു; മുസ്ലിംകളെക്കുറിച്ച് ചിന്തിക്കപ്പെടുന്നു.
● ഇസ്ലാമോഫോബ് സംസാരിക്കുന്നു; മുസ്ലിംകൾ നിശബ്ദരായി കേൾക്കാൻ നിർബന്ധിതരാകുന്നു.
● ഇസ്ലാമോഫോബ് നിയന്ത്രിക്കുന്നു; മുസ്ലിംകൾ നിയന്ത്രണങ്ങൾക്ക് വിധേയരാകുന്നു.
● ഇസ്ലാമോഫോബ് തിരഞ്ഞെടുക്കുന്നു; മുസ്ലിംകൾ അത് അനുസരിക്കുന്നു.
● ഇസ്ലാമോഫോബ് പ്രവർത്തിക്കുന്നു; മുസ്ലിംകൾ പ്രവർത്തിക്കുന്നതായി തോന്നുന്നു.
● ഇസ്ലാമോഫോബ് ചർച്ചയുടെ ഉള്ളടക്കം നിശ്ചയിക്കുന്നു; മുസ്ലിംകൾ ആ ചട്ടക്കൂടിനുള്ളിലേക്ക് ഒതുങ്ങിക്കൂടുന്നു.
● ഇസ്ലാമോഫോബ് വിഷയിയാകുമ്പോൾ (Subject), മുസ്ലിംകൾ കേവലം വസ്തുക്കളായി (Object) മാറുന്നു.
ചുരുക്കത്തിൽ, അറിവിന്റെ അധികാരവും വ്യക്തിപരമായ അധികാരവും ഒന്നാകുന്നതോടെ മുസ്ലിംകളുടെ സ്വതന്ത്രമായ അസ്തിത്വം തമസ്കരിക്കപ്പെടുന്നു. അവർ സംഭാഷണങ്ങളിലെ പങ്കാളികളല്ലാതാവുകയും മറ്റൊരാളുടെ നിരീക്ഷണത്തിലിരിക്കുന്ന ‘വസ്തുക്കൾ’ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.
കേരളത്തിലെ മുസ്ലിം സംബന്ധിയായ പൊതുചർച്ചകളിൽ ഇതേ അധികാരഘടന വ്യക്തമായി ദർശിക്കാവുന്നതാണ്. അവിടെ മുസ്ലിംകളെക്കുറിച്ച് സംസാരിക്കുന്നവർതന്നെ അറിവിന്റെ ഏകപക്ഷീയമായ അധികാരികളായി മാറുന്നു. മുസ്ലിംകളുടെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി അവതരിപ്പിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അവരെ ഒഴിവാക്കിക്കൊണ്ടാണ് അവരെപ്പറ്റിയുള്ള ചർച്ചകൾനടക്കുന്നത്. ഇതിലൂടെ മുസ്ലിംകൾ അറിവിന്റെ നിർമ്മാതാക്കളാകാതെ, വെറും പഠനവിഷയങ്ങളോ ചർച്ചാവസ്തുക്കളോ മാത്രമായി ചുരുക്കപ്പെടുന്നു. അവരുടെ ജീവിതം, രാഷ്ട്രീയം, സാമൂഹിക യാഥാർത്ഥ്യം തുടങ്ങിയവ സംബന്ധിച്ച് അവർക്കു പകരം മറ്റുള്ളവർ ആധികാരികമായി സംസാരിക്കുന്നു എന്നതാണ് ഈ അധികാരപരമായ പഠനരീതിയുടെ പ്രധാന ലക്ഷണം.
നവീന രീതിശാസ്ത്രം
ഇസ്ലാമോഫോബിയ പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിമർശനാത്മക പഠനരീതി ഇതിൽനിന്നു തികച്ചും ഭിന്നമാണ്. മുസ്ലിംകളെക്കുറിച്ചുള്ള സാമൂഹികധാരണകൾ എങ്ങനെ രൂപപ്പെടുന്നു എന്ന ചോദ്യത്തിൽനിന്നാണ് ഈ അന്വേഷണം ആരംഭിക്കുന്നത്. മുസ്ലിംകളെ സംശയത്തോടെ കാണുന്നതെന്തുകൊണ്ട്? അവരുടെ രാഷ്ട്രീയ ഇടപെടലുകൾ എപ്പോഴും ഒരു ‘പ്രശ്നമായി’ ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ട്? മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ സുരക്ഷാ ഭീഷണിയുള്ള മേഖലകളായി അടയാളപ്പെടുത്തപ്പെടുന്നത് എന്തിനാണ്? ഈ സമുദായത്തിന്റെ സ്വയംനിർണയാവകാശം എന്തുകൊണ്ട് ഭീഷണിയായി അവതരിപ്പിക്കപ്പെടുന്നു? തുടങ്ങിയ നിർണ്ണായക ചോദ്യങ്ങളാണ് ഈ പഠനരീതി ഉയർത്തുന്നത്.
ഈ സമീപനം, മുസ്ലിംകളെക്കുറിച്ചുള്ള മുൻകൂട്ടി നിശ്ചയിച്ച ധാരണകളെ ശക്തമായി ചോദ്യംചെയ്യുന്നു. അവരെയൊരു ‘പ്രശ്നമായി’ കാണുന്നതിനു പകരം, അവതരിപ്പിക്കുന്ന ആഖ്യാനങ്ങൾ എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നത് എന്നാണ് ഇവിടുത്തെ പരിശോധന. ഇതിലൂടെ, അറിവെന്നത് ഏകദിശാത്മകമായ ഒന്നല്ലാതെ, പങ്കാളിത്തമുള്ള ഒരു സംഭാഷണമായി മാറുന്നു.
മുസ്ലിംകളുടെ അനുഭവങ്ങളും ശബ്ദങ്ങളും ഈ പഠനപ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ വിശകലനങ്ങളിലൂടെ, മുസ്ലിംകളെ കേവലം നിരീക്ഷണ വസ്തുക്കളായി കാണുന്ന രീതിയെ ഈ സമീപനം തകർക്കുന്നു. പകരം, അവരെ അറിവിന്റെ സ്വതന്ത്ര നിർമ്മാതാക്കളായി ഇത് തിരിച്ചറിയുന്നു.
ഇത്തരം പഠനരീതികൾ മുസ്ലിംകളെ കേവലം നിഷ്ക്രിയരായ നിരീക്ഷകരല്ല, മറിച്ച് സജീവമായ സാമൂഹിക-രാഷ്ട്രീയ പങ്കാളികളായാണ് അടയാളപ്പെടുത്തുന്നത്. അവരുടെ രാഷ്ട്രീയയിടപെടലുകൾ ജനാധിപത്യപ്രക്രിയയുടെ സ്വാഭാവികമായ ഭാഗമാണെന്ന് ഈ സമീപനം അടിവരയിടുന്നു. വിദ്യാഭ്യാസം, സംവരണം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ ഈ സമൂഹമുയർത്തുന്ന ശബ്ദങ്ങൾ വെറും സമുദായ രാഷ്ട്രീയമല്ല, മറിച്ച് ജനാധിപത്യപരമായ അവകാശപ്പോരാട്ടങ്ങളാണെന്ന് ഈ പഠനരീതി വ്യക്തമാക്കുന്നു.
മുസ്ലിംകളെ ഒരു ‘പ്രശ്നമായി’ കാണുന്ന രീതിയിൽനിന്ന്, അവരെ സാമൂഹിക സംഭാഷണങ്ങളിലെ (സോഷ്യൽ ഡയലോഗ്) സജീവ പങ്കാളികളായി തിരിച്ചറിയുന്നിടത്താണ് അറിവിന്റെ ഈ പുതിയ ചട്ടക്കൂട് രൂപപ്പെടുന്നത്. ഇതിലൂടെ അവരെ സംബന്ധിച്ച ചർച്ചകൾ ഏകദിശാത്മകമായ വിധിന്യായങ്ങളാകാതെ, ബഹുസ്വരമായ ഒരു സംവാദ പ്രക്രിയയായി മാറുന്നു. മുസ്ലിംകളുടെ തനതായ അനുഭവങ്ങളും ചരിത്രവും രാഷ്ട്രീയ ഇടപെടലുകളും ഈ പഠനരീതിയുടെ ഭാഗമാകുന്നതോടെ, അവരെക്കുറിച്ചുള്ള അറിവ് എന്നത് നിർജ്ജീവമായ ഒരു സംഗതിയല്ല, മറിച്ച് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയായി മാറുകയാണ്.
കേരളത്തിൽ മുസ്ലിംകളെ പഠിപ്പിക്കുന്ന രീതി എന്നത് അറിവിന്റെയും അധികാരത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രശ്നമാണ്. നിലവിലുള്ള സ്ഥിരധാരണകളെ ചോദ്യംചെയ്യാത്ത പഠനരീതികൾക്ക് സമൂഹത്തിൽ വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ല. ഈ സമുദായത്തെ എപ്പോഴും നിയന്ത്രിക്കപ്പെടേണ്ട ഒരു വിഭാഗമായി അവതരിപ്പിക്കുന്നതിലൂടെ യഥാർത്ഥത്തിൽ ജനാധിപത്യത്തെത്തന്നെയാണ് ദുർബലമാക്കുന്നത്. ബഹുസ്വരമായ ഒരു പൊതുസമൂഹത്തിന്റെ നിർമ്മാണത്തിന് വിമർശനാത്മകമായ ഈ പഠനരീതികൾ അത്യന്താപേക്ഷിതമാണ്.
മുസ്ലിം സംബന്ധിയായ അറിവ് കേവലം വിധിന്യായങ്ങളായല്ല, മറിച്ച് ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെയാണ് രൂപപ്പെടേണ്ടത്. അവരുടെ തനതു ശബ്ദങ്ങളും അനുഭവങ്ങളും ഈ പഠനപ്രക്രിയയുടെ അവിഭാജ്യ ഘടകമാകണം. വിദ്യാലയങ്ങളും മാധ്യമങ്ങളും രാഷ്ട്രീയവേദികളും അവരെപ്പറ്റിയുള്ള വാർപ്പുമാതൃകകളെയും മുൻവിധികളെയും നിരന്തരം ചോദ്യം ചെയ്യേണ്ടതുണ്ട്. അത്തരം വിമർശനാത്മകമായ ഇടപെടലുകളിലൂടെ മാത്രമേ മുസ്ലിംകളെക്കുറിച്ചുള്ള പൊതുബോധം ബഹുസ്വരവും ജനാധിപത്യപരവുമായ ദിശയിലേക്ക് ചലിക്കുകയുള്ളൂ.
റഫറൻസ്
Paulo Freire. (1968). Pedagogy of the Oppressed. Penguin Books.
Paulo Freire. (2008). Education for Critical Consciousness. Continuum.
(എഡിറ്റിംഗ്: റെൻസൺ വി. എം)