Indian Islamophobia Source Suprabhatham

പൊലിസും ഇന്ത്യൻ മുസ്‌ലിംകളും

| Leave a comment

ലോക്‌നീതി സി.എസ്.ഡി.എസും കോമണ്‍കോസും സംയുക്തമായി തയാറാക്കിയ പൊലിസിങ്ങിനെക്കുറിച്ചുള്ള സര്‍വേ ‘സ്റ്റാറ്റസ് ഓഫ് പൊലിസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട്’(2025) കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മുസ്‌ലിംകളടക്കമുള്ള വിവിധ വിഭാഗങ്ങളോടുള്ള പൊലിസ് സേനയിലെ ഉദ്യേഗസ്ഥരുടെ   മനോഭാവത്തെക്കുറിച്ചാണ് സര്‍വേ പ്രധാനമായും പഠിച്ചത്. 17 സംസ്ഥാനങ്ങളിലും രാജ്യത്തെ കേന്ദ്രഭരണപ്രദേശങ്ങളിലുമായി  82 പ്രധാനപ്പെട്ട ഇടങ്ങളിലുള്ള 8,276 സീനിയര്‍, ജൂനിയര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 

മുസ്‌ലിംകളെ ‘സ്വാഭാവിക കുറ്റവാളികളായി’ കാണുന്ന പ്രവണത ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലിസുകാര്‍ക്കിടയില്‍ ശക്തമാണ്. സര്‍വേയോട് സഹകരിച്ച അഞ്ചില്‍ രണ്ട് പൊലിസുകാരും മുസ്‌ലിംകള്‍ക്ക് കുറ്റകൃത്യം ചെയ്യാനുള്ള സ്വാഭാവിക പ്രവണതയുണ്ടെന്ന് കരുതുന്നു. ഹിന്ദുക്കളായ പൊലിസുകാര്‍ക്കിടയിലാണ് ഈ മനോഭാവം കൂടുതലുള്ളത്. സിഖ് പൊലിസുകാര്‍ക്കിടയില്‍ ഇതത്ര രൂക്ഷമല്ല. മൂന്നില്‍ ഒന്ന് ഹിന്ദു പൊലിസുകാര്‍ ക്രിസ്ത്യാനികളെയും ഇതേ മട്ടില്‍ കാണുന്നു. 
ഡല്‍ഹിയിലെ 62 ശതമാനം പൊലിസുകാരും കരുതുന്നത് മുസ്‌ലിംകള്‍ കുറ്റം ചെയ്യാന്‍ ഏറിയും കുറഞ്ഞും സാധ്യതയുണ്ടെന്നാണ്. രാജസ്ഥാന്‍(70%), മഹാരാഷ്ട്ര(68%), മധ്യപ്രദേശ്(68%), ബംഗാള്‍(68%), ഗുജറാത്ത്(67%), ജാര്‍ഖണ്ഡ്(66%), കര്‍ണാടക(61%) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. നിയമബാഹ്യമായ ഇത്തരം മനോഭാവങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ന്യൂനപക്ഷ-ദലിത്-പിന്നോക്ക  വിഭാഗങ്ങളെയാണ്. പുറത്തുവന്ന കണക്കുകളും ഇത് ശരിവയ്ക്കുന്നു. പൊലിസുകാരുടെ പീഡനത്തിനു വിധേയമാകുന്നവരില്‍ പ്രധാനമായും മുസ്‌ലിംകളടക്കമുള്ള ഇതേ വിഭാഗമാണെന്നും   പഠനം കണ്ടെത്തിയിട്ടുണ്ട്. 

പഠനങ്ങൾ, അനുഭവങ്ങൾ 

ഇന്ത്യന്‍ സാഹചര്യത്തില്‍ പൊലിസ് സേന ന്യൂനപക്ഷവിരുദ്ധ വംശീയ ചിന്തകളുടെയും പ്രയോഗങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന സവിശേഷ സാഹചര്യങ്ങളുണ്ടെന്നു ഇരുപതുവർഷം മുമ്പു 2006-ലെ  സച്ചാർ കമ്മിറ്റി റിപ്പോര്‍ട്ട് (പേജ് 13 -15)  ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാർ രേഖകൾ മാത്രമല്ല, ഉത്തര്‍പ്രദേശ് ഡി.ജി.പിയായിരുന്ന വിഭൂതി നരൈന്‍ റായ് (ഹാഷിംപുര: ദി ഫോര്‍ഗോട്ടന്‍ സ്റ്റോറി ഓഫ് ഇന്ത്യാസ് ബിഗ്ഗസ്റ്റ് കസ്റ്റോഡിയല്‍ കില്ലിങ്, 2016), ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാര്‍ (ഗുജറാത്ത് ബിഹൈന്‍ഡ് ദി കര്‍ട്ടന്‍, 2021), മഹാരാഷ്ട്ര പൊലിസ് ഐ.ജിയായിരുന്ന എസ്.എം മുഷരിഫ് (ഹൂ കില്‍ഡ് കര്‍ക്കരെ, 2009) തുടങ്ങിയ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ എഴുതിയ അനുഭവരേഖകള്‍ ഇക്കാര്യം വിവിധ സന്ദര്‍ഭങ്ങളില്‍  വിശദീകരിച്ചിട്ടുണ്ട്. 

സാമൂഹിക പഠന ഗവേഷകരും ഈ പ്രശ്നം  വിശദമായി പരിശോധിച്ചിട്ടുണ്ട്. ഒമര്‍ ഖാലിദി എഴുതിയ ‘ കാക്കി ആന്റ് എത്‌നിക് വയലന്‍സ് ഇന്‍ ഇന്ത്യ: ആംഡ് ഫോഴ്‌സസ്, പൊലിസ് ആന്റ് പാരാമിലിട്ടറി ഡ്യൂറിങ് കമ്യൂണല്‍ റയറ്റ്‌സ്’ (2010) എന്ന പുസ്തകം വംശീയ കലാപങ്ങളിലെ പൊലിസ് പക്ഷപാതിത്വക്കുറിച്ച് അനേകം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഭീകരവേട്ടയുടെ പേരില്‍ അരങ്ങേറിയ, അന്വേഷ ഏജന്‍സികളുടെ വംശീയ മുന്‍വിധികളെക്കുറിച്ചു മനിഷ സേഥി എഴുതിയ പഠനം ‘കാഫ്കലാന്‍ഡ്: പ്രജുഡിസ്, ലോ ആന്റ് കൗണ്ടര്‍ ടെററിസം ഇന്‍ ഇന്ത്യ’ (2014) സമാനമായ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. ഫാറൂഖ് ബി. ഹകീം, എം.ആര്‍ ഹാബര്‍ഫീല്‍ഡ്, അരവിന്ദ് വര്‍മ തുടങ്ങിയവര്‍ എഴുതിയ ‘പൊലിസിങ് മുസ്‌ലിം കമ്യൂണിറ്റീസ്’: കംപാരറ്റീവ് ഇന്റര്‍നാഷനല്‍ കോണ്ടക്സ്റ്റ്’ (2021) എന്ന പഠനം അന്താരാഷ്ട്ര വീക്ഷണകോണില്‍ വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്തു  ഇന്ത്യന്‍ പ്രശ്‌നം വിശദീകരിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ് ലാമോഫോബിക് ആശയധാരകള്‍ ജനങ്ങളെ മാത്രമല്ല, പൊലിസ് പോലുള്ള ഭരണകൂട ഏജന്‍സികളെയും സ്വാധീനിക്കുന്നുവെന്നാണ് പഠനങ്ങളും അനുഭവങ്ങളും പറയുന്നത്. 

പ്രാതിനിധ്യം (1947-2025)  

എ.ജി നൂറാനിയുടെ ‘ മുസ്‌ലിംസ് ആൻ്റ് പൊലിസ്’(2014) എന്ന ‘ഫ്രൻ്റ്ലൈൻ ദ്വൈവാരിക’ പ്രസിദ്ധീകരിച്ച   പഠനം   നല്‍കുന്ന കണക്കനുസരിച്ച് സ്വാതന്ത്ര്യത്തിനു മുമ്പ് പൊലിസ് സേനയിലെ മുസ്‌ലിം ഉദ്യോഗസ്ഥരുടെ എണ്ണം ഇതിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു.  സ്വാതന്ത്ര്യത്തിനുമുമ്പ് 40 ശതമാനം ഉണ്ടായിരുന്ന മുസ്‌ലിം പൊലിസ് ഉദ്യോഗസ്ഥരുടെ എണ്ണം സ്വാതന്ത്ര്യാനന്തരം 1958-ലെ കണക്ക്പ്രകാരം 7 ശതമാനമായി മാറി. പിന്നീട് ഈ ദേശീയ ശരാശരി ഘട്ടം ഘട്ടമായി കുറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ ദേശീയ ശരാശരി 3-4 ശതമാനം മാത്രമാണെന്ന് മുഹമ്മദ് അബ്ദുൽ മന്നാൻ്റെ ‘മുസ്‌ലിം ഇന്‍ ഇന്ത്യ-ഗ്രൗണ്ട് റിയാലിറ്റി വേഴ്സസ് ഫേക്ക് നരേറ്റീവ് അച്ചീവ്മെന്റ്സ് & അകംപ്ലീഷ്മെന്റ്സ്’(2024) എന്ന പുതിയ  പുസ്തകം പറയുന്നു. ഈ പുസ്തകം നല്‍കുന്ന കണക്കനുസരിച്ച് ഇന്നു  സ്വാതന്ത്ര്യം കിട്ടി 77 വര്‍ഷം കഴിഞ്ഞപ്പോള്‍ പൊലിസ് സേനയിലെ മുസ്‌ലിംകളുടെ പങ്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. 

2023ല്‍ ആകെയുള്ള 4,344 ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ മുസ്‌ലിംകളുടെ എണ്ണം 151 മാത്രമായിരുന്നു. 252 ഉയര്‍ന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥരില്‍ 19 പേരാണ് മുസ് ലിംനാമധാരികള്‍. കേന്ദ്രഭരണപ്രദേശങ്ങള്‍ മൊത്തത്തിലെടുത്താല്‍ മുസ്‌ലിംകളുടെ എണ്ണം  47ല്‍ ഒരാള്‍ മാത്രമേയുള്ളൂ. 26 സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് പൊലിസ് സര്‍വിസില്‍ 8,434 പൊലിസുകാരില്‍ മുസ്‌ലിംകള്‍ 387 പേരാണുള്ളത്. ഇതില്‍ 120 പേരും ജമ്മുകശ്മിരില്‍നിന്നാണ്. രാജ്യത്ത് ഇതുവരെയുണ്ടായ 999 ഡി.ജി.പിമാരില്‍ 27 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. യു.പി അടക്കമുള്ള രാജ്യത്തെ പ്രധാന 9 സംസ്ഥാനങ്ങളില്‍ ഇതുവരെ ഒരു മുസ്‌ലിം പൊലിസ് ചീഫുപോലുമുണ്ടായിട്ടില്ല.  ഡാറ്റയനുസരിച്ച് 1,884 എസ്.പി, അഡീഷണല്‍ എസ്.പിമാരില്‍ 68 പേരാണ് മുസ്‌ലിംകള്‍. രാജ്യത്തെ 20,022 ഇന്‍സ്‌പെക്ടര്‍, സബ്ഇന്‍സ്‌പെക്ടര്‍മാരില്‍ 493 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍നിന്നുള്ളവര്‍. 1950മുതല്‍ എടുത്താല്‍ ഐ.പി.എസില്‍ മുസ്‌ലിംകളുടെ എണ്ണം 5 ശതമാനത്തില്‍ താഴെയായിരുന്നുവെന്നും മുഹമ്മദ് അബ്ദുൽ മന്നാന്റെ  പുസ്തകം പറയുന്നു.

റിപ്പോര്‍ട്ടുകള്‍ 

‘ദി കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ്’ 2018ല്‍ നടത്തിയ പഠനത്തില്‍ മുസ്‌ലിംകള്‍ അവരുടെ സ്വത്വത്തിന്റെ ഭാഗമായി പൊലിസില്‍നിന്ന് വിവേചനവും ആക്രമണവും ഭീഷണിയും നേരിടുന്നതായി കണ്ടെത്തി. മുസ്‌ലിംസ്ത്രീകളാകട്ടെ സ്ത്രീകളെന്ന നിലയിലും മുസ്‌ലിമെന്ന നിലയിലും പൊലിസില്‍നിന്ന് ചൂഷണം നേരിടുന്നു. ഹിജാബോ ബുര്‍ഖയോ ധരിച്ച സ്ത്രീകളോടുള്ള പൊലിസിന്റെ പെരുമാറ്റം വളരെ മോശമാണ്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പൊലിസ് കൂടുതല്‍ നിരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുസ്‌ലിംപ്രദേശങ്ങളില്‍ സ്വന്തം ഏജന്റുമാരെ നിയോഗിക്കുന്ന പൊലിസ് നീക്കങ്ങള്‍ മുസ്‌ലിംസമുദായത്തില്‍പ്പോലും വിള്ളലുണ്ടാക്കുന്നു. സേനക്കുള്ളിലും മുസ്‌ലിംകളായ പൊലിസുകാര്‍ (25 ശതമാനം) കടുത്ത വിവേചനം നേരിടുന്നതായും ഈ പഠനം കണ്ടെത്തിയിട്ടുണ്ട്. 

2019ല്‍ രാജ്യത്ത് നടന്ന സര്‍വേയും(ദി സ്റ്റാറ്റസ് ഓഫ് പൊലിസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട്: പൊലിസ് അക്കാദമി ആന്റ് വര്‍ക്കിങ് കണ്ടീഷന്‍സ്) ഇത്തരം വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 21 സംസ്ഥാനങ്ങളിലായി 12, 000 പേരെ അഭിമുഖം ചെയ്തതില്‍നിന്ന് ഏകദേശം മൂന്നിലൊന്ന് പൊലിസുകാരും(35%) കരുതുന്നത് പശുക്കടത്ത് ആരോപണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണെന്നാണ്. മുസ്‌ലിംകള്‍ സ്വാഭാവികമായി കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയുള്ളവരാണെന്ന് കരുതുന്ന പൊലിസുകാരുടെ എണ്ണം ആ വര്‍ഷം 50 ശതമാനമായിരുന്നു. 

മേൽപറഞ്ഞ റിപ്പോര്‍ട്ട് പ്രകാരം യു.പിയിലെയും ബിഹാറിലെയും പൊലിസ് സേന രാജ്യത്തെ ഏറ്റവും പക്ഷപാതപരമായി പെരുമാറുന്ന ഏജന്‍സിയാണ്. ആക്രമണം നേരിട്ട മുസ്‌ലിംകള്‍ പൊലിസില്‍ പരാതികൊടുക്കാന്‍പോലും മടിച്ചിരുന്നുവെന്നും അവര്‍ കണ്ടെത്തിയിരുന്നു. കാരണം ഒന്നുകില്‍ പൊലിസുകാര്‍ നിയമവ്യവസ്ഥപ്രകാരം പ്രവര്‍ത്തിക്കാനോ അന്വേഷണം നടത്താനോ തയാറായില്ല. കുറ്റവാളികളെ നിയമത്തിനു മുന്നില്‍നിന്ന് രക്ഷപ്പെടുത്തുക മാത്രമല്ല, ഇരകള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കെതിരേ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതില്‍ ഗുജറാത്തിലെ പൊലിസുകാരാണ് ഏറെ മുന്നിലെന്നാണ് ‘ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ’ 2022ലെ റിപ്പോര്‍ട്ട് പറയുന്നത്.

2022ൽ  രാമനവമിയെ തുടർന്നുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള ‘റിപ്പോർട്ട് ഓൺ റയറ്റ്സ് ഡ്യൂറിങ് റിലീജ്യസ് പ്രോസഷന്(2023) എന്ന 176 പേജുള്ള റിപ്പോർട്ടിന് എഴുതിയ ആമുഖത്തിൽ  സുപ്രിംകോടതി  മുൻ ജഡ്ജി ആർ.എഫ് നരിമൻ പറഞ്ഞ ഒരു നിർദേശം  ശ്രദ്ധേയമാണ്: ‘ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാർ ആണെന്നു പൊലിസ് സേനയെ  ബോധ്യപ്പെടണം.’  എല്ലാ പഠനങ്ങളും അനുഭവങ്ങളും  വസ്തുതകളും  റിപ്പോർട്ടുകളും നൽകുന്ന സൂചന ഇതാണ്:  കുറഞ്ഞുവരുന്ന പൊലിസ് സേനയിലെ മുസ്‌ലിം പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുക. ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ/ പൗരാവകാശ  ലംഘനങ്ങളെ തുറന്നു കാട്ടുക. പൊലിസിലെ  ഇസ് ലാമോഫോബിയ ചെറുക്കാനുള്ള വഴിയാണിത്.