ഇസ്ലാമോഫോബിയപഠനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഏതെങ്കിലും പ്രത്യേക സാമൂഹികസ്ഥാപനങ്ങളോ സാമൂഹികവിഭാഗങ്ങളോ ഇസ്ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. ചരിത്രപരമായി വികസിച്ച വംശീയവല്‍ക്കരണപ്രക്രിയയെന്ന നിലയില്‍ ഇസ്ലാമോഫോബിയയുടെ വ്യാവഹാരിക സ്വാധീനം അതിന്റെ പ്രത്യക്ഷ ഏജന്റുമാരില്‍ മാത്രമല്ല, അതിന്റെ ഇരകളിലും കാണാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇസ്ലാമോഫോബിയ ഒരു സ്ഥാപനം എന്നതിനേക്കാള്‍ ഒരു വ്യവഹാരം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമോഫോബിയയുടെ വ്യാവഹാരിക സ്വഭാവം പക്ഷെ അതിന്റെ സ്ഥാപന രൂപങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തനക്ഷമമാവുന്നുമില്ല. കേരളത്തില്‍ത്തന്നെ ഇസ്ലാമോഫോബിയയുടെ വിവിധങ്ങളായ സ്ഥാപനരൂപങ്ങള്‍ നിലവിലുണ്ട്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ശക്തികള്‍ തുറന്നതും സ്വാഭാവികവല്ക്കരിച്ചതുമായ ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം കേരളത്തില്‍ അതിന്റെ തുടക്കകാലഘട്ടം മുതല്‍തന്നെ പയറ്റിവരുന്നുണ്ട്. സംഘപരിവാര്‍ ഇതര രാഷ്ട്രീയകക്ഷികളായ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പലതരത്തില്‍ ഇസ്ലാമോഫോബിയയുടെ വ്യാപനത്തെ അറിഞ്ഞും അറിയാതെയും സഹായിക്കുന്നുവെന്നതും വസ്തുതയാണ്.
ഇഎംഎസ് നമ്പൂതിരിപ്പാടു മുതല്‍ എ കെ ആന്റണി, വി എസ് അച്യുതാനന്ദന് വരെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇസ്ലാമോഫോബിയയുടെ പ്രചാരകരാവുന്നത് വളരെ വിശദമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്ലാമോഫോബിയയുടെ കേരളീയ സ്ഥാപനരൂപങ്ങളില് മുഖ്യധാരാരാഷ്ട്രീയപ്പാര്ട്ടികളേക്കാള് പങ്കുവഹിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളാണെന്ന്, വിശിഷ്യ പത്രദൃശ്യമാധ്യമങ്ങളാണെന്നത് പലപ്പോഴും വേണ്ടത്ര പഠനമോ ചര്‍ച്ചയോ നടന്നിട്ടില്ലാത്ത ഒരു മേഖലയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇസ്ലാമോഫോബിയയെ വിമര്‍ശിക്കുന്ന അത്ര ഗൗരവത്തിലും ആഴത്തിലും വ്യാപ്തിയിലും കേരളത്തിലെ മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയ വിമര്‍ശിക്കപ്പെടാറില്ല.
കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി നടന്നിട്ടുള്ള ഏറ്റവും വലിയ മുസ്ലിംവിരുദ്ധപ്രചാരണമാണ് ലൗജിഹാദ്. വശീകരിച്ചും വിവിധ സാമ്പത്തികസാംസ്കാരിക തന്ത്രങ്ങള്‍ ഉപയോഗിച്ചും ഹിന്ദു സ്ത്രീകളെയും മറ്റിതര മതവിഭാഗത്തിലെ സ്ത്രീകളെയും മുസ്ലിംപുരുഷന്മാര് വലവീശിപ്പിടിക്കുകയും ലൈംഗികചരക്കുകളാക്കി മാറ്റുകയും മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യുന്നുവെന്നാണ് ലൗജിഹാദ് എന്ന ആരോപണം പറയുന്നത്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പതിവുപോലെ 2006ല്‍ ജന്മഭൂമി പത്രമാണ് മലയാളഭാഷാ പത്രങ്ങളില്‍ ഈ പ്രചാരണം ആരംഭിച്ചത്. ഇതേ കാലയളവില്‍ മാംഗ്ലൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദുത്വവെബ്സൈറ്റുകളുടെ അജണ്ടയുടെ ഭാഗമായാണ് ജന്മഭൂമി ഈ പ്രചാരണത്തിന് തുടക്കമിടുന്നത്.
റോമിയോ ജിഹാദ്, മുഹമ്മദന്‍ ജിഹാദ്, ലൗജിഹാദ് തുടങ്ങിയ പദാവലികള്‍ ജന്മഭൂമി പോലുള്ള ഹിന്ദുത്വപത്രങ്ങളില് അച്ചടിച്ചുവന്നതുകൊണ്ട് അതിന് പൊതുസ്വീകാര്യത ലഭിക്കുകയില്ല. ഹിന്ദുത്വപത്രമെന്നതിനുപുറമെ നഗ്നമായ വ്യാജപ്രചാരണങ്ങളും വിഷലിപ്തമായ മുസ്ലിംവിരുദ്ധ പ്രചാരണങ്ങളും നടത്തുന്നതിനാല്‍ ആ പത്രം എന്നും മുന്നിലായിരുന്നല്ലോ. എന്നാല്‍ സംഘപരിവാറാണ് തുടക്കമിട്ടതെങ്കിലും 2009ല്‍ മലയാളമനോരമ, കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്തു. അതോടുകൂടിയാണ് ലൗജിഹാദെന്ന ഫാസിസ്റ്റ് പ്രചാരവേലയ്ക്ക് ഏറെ സ്വാധീനമുണ്ടായത്. ഏറെ വിമര്‍ശനങ്ങള്‍ക്കുശേഷം 2012ല്‍ മലയാളമനോരമ ലൗജിഹാദ് പ്രചാരണത്തിന് എതിരായുള്ള വാര്‍ത്തകള്‍ കൊടുത്തുതുടങ്ങുന്നതും അത്തരം വിഷയങ്ങള്‍ കൂടുതല്‍ സംയമനത്തോടുകൂടി കൈകാര്യം ചെയ്യുന്നതും കാണാം.
ഇത്രയും വസ്തുതകളായിരിക്കെത്തന്നെ കേരളത്തില്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ തുടങ്ങിവച്ച പ്രചാരണം വലിയ സ്വീകാര്യത നേടുകയും ഇന്നും കേരളത്തിലെ വിവിധ സമുദായവിഭാഗങ്ങള്ക്കിടയില് സ്വാധീനമുള്ള ഫാസിസ്റ്റ് പ്രചാരവേലയായി തീര്‍ന്നത് എന്നുള്ളത് പരിശോധിക്കുകയും പഠിക്കുകയും ചെയ്യേണ്ട കാര്യമാണ്.
കേരളത്തിലെ പ്രമുഖ സമുദായങ്ങളായ നായര്‍, ഈഴവ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള ഫാസിസ്റ്റ് പ്രചാരവേലയായി ലൗജിഹാദിനെ മാറ്റിത്തീര്‍ക്കുന്നതില്‍ കേരളകൗമുദിയുടെയും മലയാളമനോരമയുടെയും പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്.
നേരെമറിച്ച് ലൗജിഹാദ് പ്രചാരണത്തിന്റെ തുടക്കത്തില്‍ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരായാലും ആ സമയത്ത് കേരളത്തിലെ പ്രതിപക്ഷത്തുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായാലും ലൗജിഹാദിനെ ഒരു ഫാസിസ്റ്റ് പ്രചാരവേലയായി തിരിച്ചറിയുകയും അതിനെതിരായ ബോധവല്‍ക്കരണവും വസ്തുതകള്‍ അണിനിരത്തിയുള്ള പ്രചാരണവും നടത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. വി എസ് അച്യുതാനന്ദനെപ്പോലുള്ള ഒരാളുടെ വ്യക്തിപരമായ പ്രത്യേകത മാറ്റി നിര്‍ത്തിയാല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ലൗജിഹാദ് ആരോപണം ഫാസിസ്റ്റ് പ്രചാരവേലയാണെന്ന നിലപാടെടുത്തു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ പോലിസ് ഡിപാര്‍ട്ട്മെന്റ് പോലുള്ള ഭരണകൂട ഏജന്‍സികള്‍ പുറപ്പെടുവിച്ച കണക്കുകളും രാഷ്ട്രീയഇടപെടലിന്റെ ഭാഗമായിരുന്നു.
ലൗജിഹാദിനെതിരായ മാധ്യമപ്രതികരണങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതികരണങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ലൗജിഹാദ് പ്രചാരണത്തിന് ശക്തിനല്കിയത് രാഷ്ട്രീയപ്പാര്‍ട്ടികളേക്കാള്‍ കേരളത്തിലെ മാധ്യമങ്ങളാണെന്നു കാണാം. ആര്‍എസ്എസ്സുകാരായ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, പൊതുവെ മതേതര, സ്ത്രീഅവകാശ നിലപാടുള്ള എഴുത്തുകാര്‍ വരെ മാധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് ശക്തിയേകിയതും നാം കണ്ടതാണ്. എങ്കിലും കേരളത്തിലെ സാമുദായിക, രാഷ്ട്രീയ സാമൂഹ്യശക്തിയായ മുസ്ലിം ന്യൂനപക്ഷത്തിന് രാഷ്ട്രീയപ്രസ്ഥാനങ്ങള്ക്കുമേല് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് അവരുടെ നിലപാടുകളെ പുനപ്പരിശോധിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളുടെ ഈ വിഷയത്തിലുള്ള നിലപാടുകളില്‍ തിരുത്തല്‍ വരുത്താനോ അതില്‍ മാറ്റങ്ങള്‍ വരുത്താനോ മുസ്ലിംകള്‍ക്കോ മാധ്യമരാഷ്ട്രീയത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അഭിപ്രായവിദഗ്ധര്ക്കോ സാമൂഹിക അവകാശ പ്രസ്ഥാനങ്ങള്‍ക്കോ സാധിച്ചില്ല. അങ്ങനെ സാധിക്കാറുമില്ല. ഇത് സൂചിപ്പിക്കുന്നത് കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളേക്കാള്‍ ഇസ്ലാമോഫോബിയയുടെ പ്രചാരണത്തെ സാധ്യമാക്കുന്ന സാമൂഹികരാഷ്ട്രീയസംവിധാനം മാധ്യമങ്ങളാണ് എന്നതാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇസ്ലാമോഫോബിയയെ വിമര്‍ശിക്കുന്നവര്‍ കേരളത്തിലെ മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ ഗൗരവത്തില്‍ വിമര്ശിക്കേണ്ടതും വിലയിരുത്തേണ്ടതും ആവശ്യമായിരിക്കുന്നു. അത് അടിയന്തരപ്രശ്നവുമായി മാറിയിരിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട തിരിച്ചറിവുകൂടി ഉണ്ടാവേണ്ടതുണ്ട്. ഇന്ത്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇന്നും 30-40 ശതമാനത്തിനടുത്താണ് സ്വാധീനം. ആര്എസ്എസ്സിനെതിരായും ബിജെപിക്കെതിരായുമുള്ള ചെറുത്തുനില്‍പ്പുകള്‍ നടത്തുന്നതില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഒരു പരിധിവരെ ശ്രമങ്ങള്‍ നടത്തുന്നു.
എന്നാല്‍, ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും കാര്യം അത്ര പ്രതീക്ഷനല്കുന്നതല്ല. ഈ രംഗത്തെ നല്ലൊരു ശതമാനം മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കാഴ്ചപ്പാടുകള്‍ സംഘപരിവാര്‍ അനുകൂലവും ഇസ്ലാമോഫോബിക്കുമായി പരിവര്ത്തിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു ദേശീയ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളും വിമുക്തമല്ലെന്നത് ഗൗരവമേറിയ പ്രശ്നമാണ്.
മുസ്ലിംകളുമായി ബന്ധപ്പട്ട സാമൂഹികരാഷ്ട്രീയപ്രശ്നങ്ങള്‍ ഹിംസ, അക്രമങ്ങള്‍, വിവേചനങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സെന്സേഷനിലിസ്റ്റ് സമീപനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. അത്തരം പ്രശ്നങ്ങളെ ഗൗരവത്തില്‍ പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സമീപനം കേരളത്തില്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇസ്ലാമോഫോബിയക്കെതിരായ രാഷ്ട്രീയപ്രതിരോധത്തിലേര്പ്പെടുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഏറെ ഗൗരവത്തിലേറ്റെടുക്കേണ്ട അടിയന്തര പ്രശ്നവുമാണിത്.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)