ഞാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിൻപറ്റുന്ന ഒരു ഈഴവ സമുദായാംഗമാണ്. കഴിഞ്ഞ മാർച്ച് 15-ലെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഞാൻ പങ്കുവച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിന് എന്റെ ഒരു സുഹൃത്തിൽ നിന്ന് വന്ന പ്രതികരണ സന്ദേശം, നമ്മുടെ സമൂഹത്തിൽ മുസ്‌ലിംകളോടുള്ള സാഹോദര്യത്തിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളുടെ ആഴം വെളിപ്പെടുത്തുന്നു.
എന്റെ ആത്മസുഹൃത്തായിരുന്ന ഒരു ഈഴവ സമുദായാംഗമിട്ട “കാക്കാൻമാർക്ക് കു**ഞ്ഞും കൊടുക്ക്.” എന്ന സന്ദേശം എനിക്ക് അതിയായ മനോവിഷമമുണ്ടാക്കി. ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിരുന്ന ആ സുഹൃത്തിന്റെ പ്രതികരണം അങ്ങേയറ്റം വംശീയധിക്ഷേപം നിറഞ്ഞതുമായിരുന്നു.
ഒരുകാലത്ത് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ മുസ്‌ലിം സമൂഹത്തോടുള്ള എന്റെ സൗഹൃദപരമായ സമീപനം അദ്ദേഹത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതിന്റെ പേരിൽ നിരന്തരം എന്നെ പരിഹസിക്കുകയും തെറി പറയുകയും ചെയ്തിരുന്ന ആ വ്യക്തി കഴിഞ്ഞ നാല് വർഷമായി എന്നോട് സംസാരിക്കാറുപോലുമില്ലായിരുന്നു. ഫോൺ വിളിച്ചാൽപ്പോലും എടുക്കാൻ തയ്യാറാകാത്തവിധം തീവ്രമായിരുന്നു അദ്ദേഹത്തിന്റെ ഇസ്‌ലാമോഫോബിയ.
മുസ്‌ലിം സ്ത്രീയെ വിവാഹം കഴിച്ച വ്യക്തിയായിട്ടും അദ്ദേഹത്തിനുള്ളിലെ മുസ്‌ലിം വിരുദ്ധത അതികഠിനമായിരുന്നു. മുസ്‌ലിംകളോടുള്ള സൗഹൃദത്തിന്റെ പേരിൽ ഒരിക്കൽ എന്നെ അസഭ്യം പറഞ്ഞുകൊണ്ട് വിമർശിച്ചപ്പോൾ “നീ ഒരു മുസ്‌ലിം സ്ത്രീയെ അല്ലേ വിവാഹം കഴിച്ചത്” എന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ എനിക്ക് ലഭിച്ച മറുപടി തീർത്തും ക്രൂരവും അതിയായ മനോവേദനയുണ്ടാക്കുന്നതുമായിരുന്നു.
ഇടതുപക്ഷ ചിന്താഗതിക്കാരെന്ന് നടിക്കുന്നവരിൽ—പ്രത്യേകിച്ച് ഈഴവ സമുദായത്തിനിടയിൽ—‘മുസ്‌ലിം വിരുദ്ധ വെറുപ്പ്’ എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്നതിന്റെ തെളിവായിരുന്നു ആ പെരുമാറ്റം.
സമാനാനുഭവങ്ങൾ എനിക്ക് പുതുമയല്ല. ഫേസ്ബുക്കിൽ മുസ്‌ലിം വിഷയങ്ങളെ സംബന്ധിച്ച് ഞാൻ പോസ്റ്റുകൾ ഇടുന്ന ദിനങ്ങളിൽ രാത്രിയിൽ സെക്രട്ടേറിയറ്റിൽ ഉന്നതോദ്യോഗവും പരന്ന വായനയുമുള്ള മറ്റൊരു സുഹൃത്തിന്റെ ഫോൺകോളോ സന്ദേശമോ ഉറപ്പായും വരുമായിരുന്നു. ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും പ്രശ്നങ്ങൾ നിരത്തി മണിക്കൂറുകളോളം അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യ ഒരു ഭൂരിപക്ഷ രാജ്യമായാൽ അത് മതരാഷ്ട്രമായി മാറുമെന്നും, ഇവിടുത്തെ ഇസ്‌ലാമിക വിശ്വാസികൾ ഈ രാജ്യം ഒരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നവരാണെന്നുമുള്ള മുൻവിധിയാണദ്ദേഹത്തെ ഭരിച്ചിരുന്നത്. ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ നിന്നാണ് എനിക്കിത്തരം കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നിട്ടുള്ളതെന്നത് എന്നെയേറെ ദുഃഖിപ്പിക്കുന്നു.
അടുപ്പമുള്ളവരുടെയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ലെന്നതാണ് എന്നെയേറെ വിഷമിപ്പിക്കുന്നത്. ഒരിക്കൽ അമ്മയുടെ ഭാഗത്തുനിന്നും പോലും വിമർശനമുണ്ടായി. അച്ഛന്റെ മരണശേഷം പത്തു വർഷമായി വീട്ടിൽ വരുത്തിയിരുന്ന ‘മാതൃഭൂമി’ പത്രവും ആഴ്ചപ്പതിപ്പും നിർത്തി പകരം ‘മാധ്യമം’ വരുത്താൻ തുടങ്ങിയതും വായിക്കുന്ന പുസ്തകങ്ങളിലെ മുസ്‌ലിം ഉള്ളടക്കവുമൊക്കെ അമ്മയിൽ ആശങ്കയുണ്ടാക്കി. “കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു, നിന്റെ പോക്ക് അത്ര ശരിയല്ല. നീ എന്താ മതം മാറാൻ പോകുകയാണോ” എന്ന എന്റെ മാതാവിന്റെ ചോദ്യം കേവലമൊരു വ്യക്തിയുടെതെന്നതിനുപരി എന്റെ ബന്ധുക്കളുടെ പൊതുവായ ഭയത്തിന്റെ പ്രതിഫലനമായിരുന്നു.
വലിയ മാറ്റമാണ് ചുറ്റും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മൈസൂരിലെ ശ്രീരംഗപട്ടണം സന്ദർശിച്ചപ്പോൾ മുസ്‌ലിം ബന്ധമുള്ളതിന്റെ പേരിൽ ചരിത്രത്തെ വക്രീകരിക്കുന്നത് നേരിട്ട് കാണാനുമിടയായി. അവിടെവച്ച് ഞങ്ങൾ ഒരു ഗൈഡിന്റെ സഹായം തേടിയിരുന്നു. തകർന്നുകിടന്ന കോട്ടകളും കൊട്ടാരവുമൊക്കെ ചുറ്റിനടന്ന് ഒരു സ്ഥലത്തെത്തിയപ്പോൾ ഒരു കവാടം കണ്ടു. അത് കാവേരി നദിയിലേക്കുള്ള കുളിക്കടവിലേക്കുള്ളതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. “അവിടെ ഒന്നും കാണുവാനില്ല. നദിയിൽ പോയി കുളിച്ച് തിരികെ വരുമ്പോഴാണ് ടിപ്പു വെടികൊണ്ട് വീണത്” എന്നും ആ ഗൈഡ് പറഞ്ഞു. തൊട്ടടുത്തുതന്നെ ഒരു ഫലകത്തിൽ ‘Body of Tipu Sultan was found here’ എന്നും എഴുതിവച്ചിട്ടുണ്ടായിരുന്നു. “കടവിൽവച്ച് വെടികൊണ്ട ടിപ്പു ഇവിടെയാണ് മരിച്ചുവീണത്,” അദ്ദേഹം തുടർന്നു. നദിയിൽ കുളിച്ചുവരുമ്പോഴാണ് ടിപ്പു സുൽത്താൻ വെടിയേറ്റുവീണതെന്ന അവിടുത്തെ ഗൈഡിന്റെ വിവരണം കേട്ട് ഞെട്ടിപ്പോയ എനിക്ക് കടുത്ത ദേഷ്യമുണ്ടായി; ഞാൻ ദിവസങ്ങളോളം ആശങ്കാകുലനായിരുന്നു. ബ്രിട്ടീഷുകാരുമായി ധീരമായി പോരാടി യുദ്ധക്കളത്തിലാണ് ടിപ്പു വീരമൃത്യു വരിച്ചതെന്ന ചരിത്രസത്യം നിലനിൽക്കെ, അദ്ദേഹത്തെ അവഹേളിക്കാൻ ബോധപൂർവം ചമച്ചെടുത്ത നുണക്കഥകളായിരുന്നു അവ. ഈ വ്യാജ ചരിത്രനിർമ്മിതി എന്നെ ഏറെനാൾ അസ്വസ്ഥനാക്കിയിരുന്നു.
ബ്രാഹ്മണ്യത്തോട് നിരന്തരം പടപൊരുതിയ ഉജ്ജ്വല ചരിത്രമുള്ളവരാണ് ഈഴവർ. എന്നാൽ വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിൽ വന്നതോടെ മുസ്‌ലിംകൾ ഈഴവരുടെ ശത്രുക്കളാണെന്ന ചിന്ത അവരിൽ ബോധപൂർവ്വം കുത്തിവയ്ക്കപ്പെട്ടു. ഗുരുദർശനങ്ങളിൽനിന്ന് അകന്ന അവരിന്ന് കർമ്മബ്രാഹ്മണ്യത്തിന്റെ വക്താക്കളായി മാറിക്കഴിഞ്ഞു.
വെള്ളാപ്പള്ളി നടേശൻ വിമർശിക്കുന്നത് മുസ്‌ലിം ലീഗിനെയല്ല, മറിച്ച് മുസ്‌ലിം സമൂഹത്തെയാകെ വംശീയമായി അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹത്തിന്റെ നിലപാടുകൾ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാകും. വെള്ളാപ്പള്ളി നടേശൻ മുസ്‌ലിംകൾക്കെതിരെയല്ല പറഞ്ഞത്, മുസ്‌ലിം ലീഗിനെതിരേയാണെന്നു വിശദീകരിച്ച് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ (20 മാർച്ച് 2026) വെള്ളാപ്പള്ളിയുടെ ഇസ്‌ലാമോഫോബിക് പ്രസ്താവനകളെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴും യാഥാർഥ്യം മറ്റൊന്നാണ്. ഉത്തരവാദിത്വപ്പെട്ട സാമൂഹിക രാഷ്ട്രീയ നേതാക്കളിൽനിന്ന് നിരന്തരം ഉണ്ടാകുന്ന ഇത്തരം നടപടികൾ കേരളത്തിന്റെ ബഹുസ്വര മനസ്സിനേൽപ്പിക്കുന്ന മുറിവുകൾ ആഴത്തിലുള്ളതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.
(എഡിറ്റിംഗ്: റെൻസൺ വി എം)