Kerala Islamophobia

വെള്ളാപ്പള്ളിയെ വായിക്കേണ്ടതെങ്ങനെ?

2025 ഏപ്രിൽ മുതൽ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷപരാമര്‍ശങ്ങളുടെ തുടർപരമ്പര കേരളീയസമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. എസ്എന്‍ഡിപിയുടെ നേതൃയോഗങ്ങളിലൂടെയാണ് ഇവയില്‍ പലതും പുറത്തുവന്നത്. അദ്ദേഹത്തിന്റെ വിദ്വേഷപ്രസ്താവനകളും അതിന്റെ സാഹചര്യവും രാഷ്ട്രീയവും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

അതിനായി, വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യം പരിശോധിക്കുകയും തുടര്‍ന്നതിനെ സൂക്ഷ്മമായി വിശകലനംചെയ്ത് വര്‍ഗീകരിക്കുകയാണ് ലേഖനാദ്യഭാഗത്ത്. ഈ അന്വേഷണത്തിലൂടെ ഇതര വിദ്വേഷപ്രചാരകരുടെ വാദങ്ങളിൽനിന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കുള്ള വ്യത്യാസങ്ങള്‍ വേര്‍തിരിക്കും . ഒപ്പമൊരു സമുദായമെന്നനിലയില്‍ ഈഴവരുടെ സാമൂഹികാവസ്ഥയുടെ പ്രത്യേകതകളും പ്രശ്നങ്ങളും പരിശോധിക്കുന്നുമുണ്ട്. വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങളെ വേറിട്ടുകാണേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് വെളിച്ചംവീശുക. അതേസമയം, അദ്ദേഹത്തിന്റെ വംശീയപ്രസ്തവനകളുടെ പരിശോധന പൂര്‍ത്തിയാകണമെങ്കില്‍ എന്തുകൊണ്ടിപ്പോഴത്തെ ഭരണപക്ഷമായ ഇടതുപാര്‍ട്ടികള്‍ അവയോടു സഹിഷ്ണുത പുലര്‍ത്തുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതാണ് തുടര്‍ന്നുള്ള ഭാഗത്തുചെയ്യുന്നത്. കേരളരാഷ്ട്രീയത്തിലെ ഇസ്‌ലാമോഫോബിയയുടെ ബലതന്ത്രങ്ങളെപ്പറ്റി ഉള്‍ക്കാഴ്ചയേകാൻ ഈ പരിശോധന ഉപയോഗപ്പെടുമെന്നാണ് പ്രതീക്ഷ.

കേരള ഇസ്‌ലാമോഫോബിയ റിസര്‍ച്ച് കളക്റ്റീവ് 2025 ഏപ്രില്‍ 5നും ഡിസംബര്‍ 16നും ഇടയിൽ വെള്ളാപ്പള്ളി നടത്തിയ 60 ഇസ്‌ലാമോഫോബിക് പ്രസ്താവനകള്‍ ക്രോഡീകരിച്ചു. ഇക്കാലയളവില്‍, കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ച എസ്എന്‍ഡിപി നേതൃസംഗമങ്ങളിലും മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചകളിലുമായി നിരവധി വിദ്വേഷപരമാര്‍ശങ്ങളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ശരാശരി നാലു ദിവസത്തിലൊന്നെന്ന രീതിയില്‍ 255 ദിവസംകൊണ്ട് അദ്ദേഹത്തിന്റെ 60ഓളം പ്രസ്താവനകൾ രേഖപ്പെടുത്തപ്പെട്ടു. പലതും ഏറെക്കുറെ ഒരേയാശയംതന്നെ വ്യത്യസ്തശൈലികളില്‍ പറഞ്ഞവയാണ്.

വിദ്വേഷപരാമര്‍ശങ്ങളുടെ സന്ദർഭം

എസ്എന്‍ഡിപി നേതൃയോഗങ്ങളിലെ ഓരോ പ്രസ്താവനയും ഏറെക്കുറെ ഒരാഭിചാരക്രിയയുടെ മട്ടിലാണ് പുറപ്പെടുവിച്ചത്. ആദ്യം വേദിയിലൊരു വീഡിയോ പ്രദര്‍ശനംനടത്തും. ഇതിനാവശ്യമായ വിഭവങ്ങള്‍ യോഗനേതൃത്വം നേരിട്ട് ലഭ്യമാക്കും. വീഡിയോ ക്ലിപ്പുകളില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ എ കെ ആന്റണി വരെയുള്ള ഇടതു-വലത് മുന്നണി നേതാക്കളുടെ മുസ്‌ലിം ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളാണ് നിറഞ്ഞുനില്ക്കും. ഇതിനുപുറമേ, മലബാറില്‍ മുസ്ലിം സമുദായം കൈവരിച്ച വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളും ഇക്കാലംകൊണ്ട് അവർ കെട്ടിപ്പടുത്ത സ്ഥാപനങ്ങളുടെ കണക്കുകളും ഫോട്ടോ സഹിതം വിവരിക്കും. ഈഴവസമുദായത്തിന് ഈ മേഖലയില്‍ അര്‍ഹമായത് നിഷേധിച്ചതു ലീഗ് നേതാക്കളായിരുണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മലബാര്‍ കലാപം ഉള്‍പ്പെടെയുളള ചരിത്രവസ്തുതകളെ തിരസ്‌കരിക്കാനും വീഡിയോ ആഹ്വാനംചെയ്യുന്നു. (മുസ്‌ലിം വിരുദ്ധ ക്യാമ്പയിനുമായി വെള്ളാപ്പള്ളി, ആഗസ്റ്റ് 26, സിറാജ്).

ഈ മാതൃക, കേരളത്തിലെമ്പാടുമുള്ള നേതൃയോഗങ്ങളില്‍ ഒരേപോലെ ആവര്‍ത്തിച്ചു. വീഡിയോ പ്രദര്‍ശനത്തിനു ശേഷം വികാരഭരിതമായ അന്തരീക്ഷത്തിലാണ് വെള്ളാപ്പള്ളി വേദിയിലെത്തുക. പിന്നീടദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം മുസ്‌ലികൾക്കെതിരായ കടുത്ത പരാമര്‍ശങ്ങള്‍ നിറഞ്ഞുനില്ക്കും. പ്രസ്തുത സമുദായത്തിലെ ബഹുഭൂരിപക്ഷം നേതാക്കളെയും പേരെടുത്തുതന്നെ വെള്ളാപ്പള്ളി വിമര്‍ശിക്കും. തന്റെ പ്രസംഗങ്ങള്‍ സ്വസമുദായത്തിന്റെ അഭിവൃദ്ധിക്കായാണെന്നും സമുദായത്തിനായി സംസാരിക്കുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹമനുയായികളെ ബോധ്യപ്പെടുത്തും. മിക്കവാറുമെല്ലാ യോഗങ്ങളിലും അദ്ദേഹത്തിന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കും. അനുയായികള്‍ നിര്‍നിമേഷരായി ഈ വിദ്വേഷം കേട്ടിരിക്കുകയും അനന്തരം പിരിഞ്ഞുപോകുകയുംചെയ്യും.

വിദ്വേഷപ്രസ്താവനകളുടെയുള്ളടക്കം

മലപ്പുറമൊരു പ്രത്യേക രാജ്യത്തെപ്പോലെ പെരുമാറുകയാണെന്നും ഈഴവര്‍ക്ക് ലഭിക്കേണ്ടയവകാശങ്ങള്‍ മുസ്‌ലിംകളും മുസ്‌ലിംസംഘടനകളും തട്ടിയെടുക്കുകയാണെന്നും ഇക്കാര്യത്തില്‍ ലീഗിന് പ്രത്യേക താത്പര്യമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ ‘സുപ്രധാന’ സന്ദേശം. മലപ്പുറത്തൊന്നാകെ അവർ നേട്ടംകൊയ്യുമ്പോള്‍ ഈഴവര്‍ക്കാണ് അതിന്റെ നഷ്ടമെന്നും മുഹമ്മദീയർ മതരാജ്യം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കാന്തപുരം പറഞ്ഞതുകേട്ടാണ് സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്നും താമസിയാതെ കേരളം മുസ്‌ലിം ഭൂരിപക്ഷപ്രദേശമാകുമെന്നും അടിക്കടിയദ്ദേഹം ആശങ്കപ്രകടിപ്പിക്കുന്നുണ്ട്.

ചില പ്രസ്താവനകള്‍ താഴെ നല്കുന്നു: മലപ്പുറത്ത് പലയിടങ്ങളിലും ഈഴവസമുദായത്തിന് ശ്മശാനങ്ങള്‍പോലുമില്ല; മുസ്‌ലിംകളുടെ ചില പ്രവൃത്തികള്‍ ഹൈന്ദവവികാരം ഉണര്‍ത്തിയിട്ടുണ്ട്; ശ്രീനാരായണ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ മുസ്‌ലിം സമുദായക്കാരന്‍; ന്യൂനപക്ഷങ്ങള്‍ എന്തുചെയ്താലുംം ചോദിക്കാനുള്ള ധൈര്യമൊരു പാര്‍ട്ടിക്കുമില്ല; പലതിനുപിന്നിലും ജമാഅത്തെ ഇസ്ലാമിയാണ്; ലീഗ് എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചു; ആര്‍എസ്സിനെയും ബിജെപിയെയും എതിര്‍ക്കാന്‍ മുസ്‌ലിം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കണമെന്നാണ് അവര്‍ കരുതുന്നത്. പ്രതിപക്ഷം ലീഗിനെ പിണക്കാതിരിക്കാന്‍ അവര്‍ പറയുന്നതൊക്കെ അനുവദിച്ചുകൊടുക്കുകയാണെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. ഏറ്റവുമവസാനം റിപോര്‍ട്ടര്‍ ചാനലിലെയൊരു മാധ്യമപ്രവര്‍ത്തകനെയദ്ദേഹം തീവ്രവാദിയെന്ന് ആക്ഷേപിക്കുകയുംചെയ്തു.

വിദ്വേഷപ്രസ്താവനകളുടെ വിശകലനം

ഒന്നാമതായി, മുസ്‌ലിംസമൂഹത്തിന്റെ അധികാരത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന സമുദായമാണ് ഈഴവരെന്നാണ് അദ്ദേഹം ആശയവിനിമയംനടത്താൻ ശ്രമിക്കുന്ന സുപ്രധാന സന്ദേശം. തീര്‍ച്ചയായും, ഈ പ്രസ്താവനകളില്‍ ഇസ്‌ലാമോഫോബിയയുടെ വ്യത്യസ്ത ഘടകങ്ങൾ കണ്ടെത്താമെങ്കിലും അവയില്‍ ഏറെയും ഒരുസമുദായമെന്നനിലയില്‍ ഈഴവരുടെ പരാതികളാണ്; സമുദായമാണു മുഖ്യപ്രമേയം.

രണ്ടാമതായി, ഇസ്‌ലാം, ഖുര്‍ആന്‍, ഹദീസ്, സെപ്തംബര്‍ 11, താലിബാന്‍, ഭീകരത തുടങ്ങിയ ആഗോളമോ മതപരമോ ആയ പ്രമേയങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമോഫോബിക് പ്രയോഗങ്ങള്‍ പ്രസ്താവനകളില്‍ ഏറെയൊന്നുമില്ല. ചിലപ്പോഴൊക്കെ അവയദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് സത്യംതന്നെയായിരിക്കുമ്പോഴും എണ്ണത്തിലേറെക്കുറവാണ്.

മൂന്നാമതായി, അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പരിശോധനയില്‍നിന്ന് വ്യക്തമാകുന്നത് അദ്ദേഹം മുസ്‌ലിംകളെ മാത്രമല്ല, ക്രൈസ്തവരെയും ചിലപ്പോൾ കുറ്റപ്പെടുത്തുന്നുണ്ടെന്നാണ്. ഇരുവിഭാഗങ്ങള്‍ക്കുമെതിരേ അദ്ദേഹം ചാര്‍ത്തുന്ന കുറ്റം അവര്‍ അവരുടെ സമുദായങ്ങളുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കംകൊടുക്കുന്നുവെന്നാണ്. തുടര്‍ന്ന്, സ്വസമുദായത്തിന്റെ നേര്‍ക്കുതിരിയുന്ന അദ്ദേഹം. ഈഴവര്‍ മതേതരത്വം പറഞ്ഞുനടന്ന് എല്ലാം തുലക്കുകയാണെന്നും ആശങ്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍, ഇതൊരു വിദ്വേഷമായി തോന്നാമെങ്കിലും ഇതിലൊരു സത്യമുണ്ട്. എന്നാലതു സത്യംമാത്രമായിരുന്നെങ്കില്‍ ഇങ്ങനെയൊരു ലേഖനം എഴുതേണ്ടിവരുമായിരുന്നില്ല. മറിച്ച്, അത് സത്യമായിരിക്കെത്തന്നെ തെറ്റായരീതിയില്‍ ഉപയോഗപ്പെടുത്തുന്ന സത്യമാണ്. അതെന്താണെന്നു കുറെകൂടിയാഴത്തിൽ പരിശോധിക്കാം.

മതവിദ്വേഷമോ സമുദായവിദ്വേഷമോ? ഒരു താരതമ്യ വിശകലനം

കേരളീയയിസ്‌ലാമോഫോബിയയുടെ മറ്റൊരു കേന്ദ്രമായ ദീപിക ദിനപത്രത്തിന്റെ പേജുകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകളുമായി ഇവയ്ക്കുള്ള വ്യത്യാസങ്ങള്‍ ഏറെപ്പെട്ടെന്ന് ശ്രദ്ധയില്‍പെടും (വിശദവായനക്ക്: ആഗോളഹിംസയും ക്രൈസ്തവസമൂഹവും: 2024 സെപ്റ്റംബര്‍ മാസം സംഭവിച്ചത്). ഈ വ്യത്യാസം ദീപികയുടെതുമായി മാത്രമല്ല, മറ്റു പലരുടെതുമായുമുണ്ട്. ഇവിടെ, അദ്ദേഹത്തിന്റെ വംശീയപരാമര്‍ശങ്ങളുടെ വ്യതിരിക്തതയെടുത്തുകാട്ടാന്‍ ദീപികയെ ഉദാഹരിച്ചുവെന്നേയുള്ളൂ.

ഹിന്ദുത്വരാഷ്ട്രീയം പിടിമുറുക്കിയ നവീന സാഹചര്യത്തില്‍ കേരളത്തിലെ പല ക്രൈസ്തവവിഭാഗങ്ങള്‍ക്കിടയിലും ആഗോളതലത്തിലുള്ള ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളാണേറെ പ്രചരിക്കുന്നത്. സംഘ്പരിവാറിനോട് അനുഭാവം പുലര്‍ത്തുന്ന വലതു ക്രൈസ്തവചാനലുകളിലൂടെയും ചില സാമൂഹികമാധ്യമയക്കൗണ്ടുകളിലൂടെയുമാണിത് നടക്കുന്നത്. ഇത്തരമനവധി വാര്‍ത്തകളും ലേഖനകളും ദീപിക ദിനപത്രവും ആവർത്തിച്ചു പ്രസിദ്ധീകരിച്ചു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നും ഇതിനുപിന്നില്‍ ഇസ്ലാമിക ഭീകരസംഘങ്ങളാണെന്നും ക്രൈസ്തവരുടെ വംശശുദ്ധി നശിപ്പിക്കുകയാണ് മുസ്‌ലിംകളുടെ ലക്ഷ്യമെന്നുമിത്തരം കുറിപ്പുകളിലൂടെ ആ പത്രം ആരോപിച്ചു. ഇസ്ലാമികഭീകരവാദികള്‍ മറ്റിതര മതവിഭാഗങ്ങളെ വേട്ടയാടുന്നു; ആഗോളതലത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന മതവിഭാഗം ക്രൈസ്തവരാണ്; യൂറോപ്പിലെ മുസ്‌ലിം കുടിയേറ്റം വര്‍ധിച്ചതോടെ യുവാക്കള്‍ ഭീകരവാദത്തിലേക്കാകര്‍ഷിക്കപ്പെടുന്നു; വംശശുദ്ധി നശിപ്പിക്കാന്‍ ഇതരവിഭാഗങ്ങളിലെ സ്ത്രീകളെ ബലത്സംഗംചെയ്യുകയും മതംമാറ്റം നടത്തുകയുംചെയ്യുന്നു; സ്ത്രീകളെ ലൈംഗികയടിമകളാക്കുന്നു; ഇസ്ലാമിക് സ്റ്റേറ്റിനെപ്പോലുള്ള സംഘടനകള്‍ ക്രൈസ്തവരെ ലക്ഷ്യമിടുന്നു; യൂറോപ്പും ആഫ്രിക്കയുമൊക്കെ ഇത്തരം സംഘങ്ങളുടെ കൈപ്പിടിയിലാണ്; ആക്രമണങ്ങളുടെ പേരില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന മാനവികവാദികളിത്തരം സംഭവങ്ങള്‍ കണ്ടതായി നടിക്കുന്നില്ല-തുടങ്ങിയവയാണ് ക്രൈസ്തവഭാഗത്തുനിന്നുള്ള പ്രചാരകരുടെ പ്രധാന ആക്ഷേപങ്ങൾ. ചുരുക്കത്തില്‍, പല വിമര്‍ശനങ്ങളും ആഗോളമാനങ്ങളുള്ളവയും മതപരമായ സൂചനകള്‍ മുന്‍നിറുത്തിയുള്ളവയുമാണ്.

മുകളിൽ നാം ചര്‍ച്ചചെയ്ത വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രചാരണങ്ങള്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. ആഗോളതലത്തിലുള്ള ഇസ്‌ലാമോഫോബിക് ചട്ടക്കൂടുകൾ (ഫ്രയിംസ്) അദ്ദേഹമുപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ ഊന്നല്‍ മതപരമെന്നതിനെക്കാള്‍ സാമുദായികമാണ്. താനുള്‍പ്പെടുന്ന സമുദായത്തിന്റെതെന്ന് അദ്ദേഹം കരുതുന്ന പരാതികളാണ് അവയിലേറെയും. അതുതന്നെ എത്രത്തോളം വസ്തുതാപരമാണെന്നത് മറ്റൊരു പ്രശ്‌നം. അതോടൊപ്പം, അദ്ദേഹത്തിന്റെ സംഭാഷണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളുമായി വ്യത്യാസമുണ്ട്. സംഭാഷണങ്ങള്‍ സാമുദായികമായ വിഷയങ്ങളില്‍ ഊന്നുമ്പോള്‍ ലേഖനങ്ങള്‍ മതപരമായ വിമര്‍ശനങ്ങള്‍ക്കുകൂടി ഇടംനല്കുന്നു.

അതിനര്‍ത്ഥം, വെള്ളാപ്പള്ളി ഇസ്‌ലാമോഫോബിക് പ്രസ്താവനകള്‍ നടത്തുന്നില്ലെന്നല്ല, അവ മറ്റുപലരുടെതില്‍നിന്നും വ്യത്യസ്തമാണെന്നാണ്. ഒരു സമുദായനേതാവെന്നനിലയില്‍ അദ്ദേഹമുയര്‍ത്തുന്ന പല വിമര്‍ശനങ്ങളും ഈഴവസമൂഹത്തിന്റെ സജീവമായ പരിഗണനാവിഷയമാവേണ്ടതാണെന്ന കാര്യമൊരു വസ്തുതയാണ്. എന്നാല്‍, അവരനുഭവിക്കുന്ന ഈ വികസന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിക്ക് അദ്ദേഹം കണ്ടെത്തുന്ന കാരണവും പ്രസ്തുത ആക്ഷേപമുന്നയിക്കുന്ന രീതിയും ഭാഷാപ്രയോഗങ്ങളും ഇസ്ലാമോഫോബിക്കാണെന്നതിൽ സംശയമില്ല. ഈ സങ്കീര്‍ണതയാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങള്‍ പരിശോധിക്കുന്ന ഒരാളുടെ ശ്രദ്ധയാദ്യമാകര്‍ഷിക്കുക. ഈ തിരിച്ചറിവ് നമ്മുടെ വിശകലനങ്ങളെ സങ്കീര്‍ണമാക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വംശീയപ്രസ്താവനകളോട് ഇടതുപക്ഷം സഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നതാണ് തുടര്‍ന്ന് നാം വിശകലനംചെയ്യുക.

വിദ്വേഷപ്രസ്താവനകളുടെ രാഷ്ട്രീയ ഉപയോഗം: ഇടതുപക്ഷ മതേതര തന്ത്രങ്ങൾ

2026-ൽ മൂന്നാംവട്ടവും ഭരണത്തിലേറുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാനയുന്നം. ഈ ലക്ഷ്യത്തില്‍ മുസ്‌ലിം സംഘടനകളുടെ പിന്തുണ തുലോം കുറവായിരിക്കുമെന്നതില്‍ ഇടതുപക്ഷത്തിനിപ്പോള്‍ സംശയമശ്ശേഷമില്ല. അത് നേടിയെടുക്കുക എളുപ്പമായിരിക്കുകയില്ലെന്നും അവര്‍ കരുതുന്നു. അതിനാൽ, ഹൈന്ദവമനഃസാക്ഷിയെ തങ്ങള്‍ക്കൊപ്പമാക്കുകയെന്നതാണ് ഈ പ്രതിസന്ധിയതിജീവിക്കാൻ അവർ കണ്ടെത്തിയ ‘ഏകപ്രതിവിധി’. മുസ്‌ലിം സംഘടനകളുടെ നിരന്തരമായ ഓഡിറ്റ് ഇതിന്റെ ഭാഗമാണ്. കഴിഞ്ഞയേതാനും ഉപതിരഞ്ഞെടുപ്പുകളിലും ലോകസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം സ്വീകരിച്ച തന്ത്രവുമിതായിരുന്നു. മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ പക്ഷത്ത് തുലോം കുറവാണെന്നത് ഈ ഓഡിറ്റിങ്ങ് സുഗമമാക്കി. കൂടുതല്‍ മുസ്‌ലിം സംഘടനകള്‍ ഇടതുപക്ഷത്തുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. അങ്ങനെയെങ്കില്‍, യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിലും സമാനമായ മാറ്റം നമുക്കു കാണാനാകുമായിരുന്നു.

ഇന്നത്തെ സാഹചര്യത്തില്‍, ഇടതുപക്ഷം രണ്ട് തന്ത്രങ്ങളാണ് പയറ്റുന്നത്. തങ്ങള്‍ സനാതനധർമ്മത്തിന്റെ പരിരക്ഷകരും ഹിന്ദുക്കളുടെ രാഷ്ട്രീയസംരക്ഷകരുമാണെന്ന് ഹൈന്ദവജനതയെ ബോധ്യപ്പെടുത്തി അവരുടെ വോട്ടുകള്‍ ഏകീകരിക്കുകയാണ് ഇതിലാദ്യത്തേത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, ഈ തന്ത്രത്തിന് പരിമിതികളുണ്ട്. ഹിന്ദുക്കളിലെ ‘ദുരാചാരങ്ങളെ’ എതിര്‍ക്കേണ്ടത് ഇടതുപക്ഷത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണെന്ന് കരുതുന്ന അനേകരിന്നും ആ പാര്‍ട്ടിയിലുണ്ടെന്നത് അനിഷേധ്യസത്യമാണ്. തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാൻ ശക്തിയുള്ളത്ര, സമാനചിന്തയുള്ളവര്‍ കേരളീയ പൊതുമണ്ഡലത്തില്‍ ഉണ്ടെന്നതും സത്യമാണ്. ഇടതുപക്ഷം മുൻകാലങ്ങളിൽ ഈ പുരോഗമനപക്ഷത്തിന്റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുത്തിരുന്നു. എന്നാല്‍, ഈ നിലപാട് തിരഞ്ഞെടുപ്പുരംഗത്ത് എത്രത്തോളം ഉപകരിക്കുമെന്ന കാര്യത്തില്‍ ഇന്നവര്‍ക്കു സന്ദേഹമുണ്ട്. അതുകൊണ്ട്, സിപിഎമ്മിലെ മുഖ്യധാര ഇക്കാലത്ത് ആചാര സംരക്ഷകര്‍ക്കൊപ്പമാണ്. ഈ തിരഞ്ഞെടുപ്പിനു മുന്നോടിയായി അവർ സ്വീകരിച്ച മുഖ്യതന്ത്രങ്ങളിലൊന്ന് തങ്ങള്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും വിശ്വാസങ്ങള്‍ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരായൊരു വിശ്വസ്തവിഭാഗമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയെന്നതാണ്. ഹൈന്ദവസമുദായങ്ങളെയൊന്നാകെ തങ്ങൾക്കൊപ്പം കൊണ്ടുവരുന്നതിനായി ആഗോള അയ്യപ്പ സംഗമം നടത്തിയത് ഈ സ്ട്രാറ്റജിയുടെ ഭാഗമാണ്. എസ്എൻഡിപിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 3 ദശാബ്ദം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ഇടതുപക്ഷ നേതാക്കള്‍ പ്രകീര്‍ത്തിച്ചതും ഇതിന്റെ ഭാഗംതന്നെ.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത സമുദായ സംഘടനകളുടെ പട്ടിക പരിശോധിച്ചാല്‍ നിരവധി സംഘടനകള്‍ അതിന്റെ ഭാഗമായതായിക്കാണാം. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്, മലയരയസഭ, ഗ്ലോബല്‍ ബ്രഹ്‌മിണ്‍ കണ്‍സോര്‍ഷ്യം, അഖിലകേരള വിശ്വകര്‍മ മഹാസഭ, കേരള ബ്രാഹ്മണസഭ, കേരള ദലിത് ഫെഡറേഷന്‍, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, വിശ്വകര്‍മാ സൊസൈറ്റി, കേരള വിശ്വകര്‍മ സഭ, വിളക്കത്തല നായര്‍ സമാജം, കേരള വെള്ളാള മഹാസഭ, മലവര്‍ഗമഹാജന സംഘം, വണിക വൈശ്യസംഘം, അഖില കേരള ഗൗഢസാരസ്വത ബ്രാഹ്‌മണ ഫെഡറേഷന്‍, പ്രത്യക്ഷരക്ഷാദൈവസഭ, കേരള സാംബവര്‍ സൊസൈറ്റി, വാര്യര്‍ സമാജം, തന്ത്രി സമാജം, ക്ഷത്രിയ ക്ഷേമസഭ, മേല്‍ശാന്തി സമാജം, നാടാര്‍ സര്‍വീസ് ഫോറം, അരുന്ധതിയാര്‍ ചക്കിലിയാര്‍ സമുദായ സമിതി, കേരള മണ്‍പാത്ര നിര്‍മാണ സമുദായസഭ, ഉതിയന്‍കുളങ്ങര ചെട്ടിസഭ, കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി, തണ്ടാന്‍ സര്‍വീസ് സൊസൈറ്റി, കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി, ഭാരതീയ വേലന്‍ സൊസൈറ്റി, ഹിന്ദു ധര്‍മപരിഷത്ത്, തിയ്യ മഹാസഭ, അഖില ഭാരതീയ ഹിന്ദു മഹാസഭ… സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ജാതി-സമുദായ സംഘടനകളും ഈ പട്ടികയിലുണ്ട്.

മുമ്പുനടന്ന ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിവാദത്തെയും ആഗോള അയ്യപ്പ സംഗമത്തെയും താരതമ്യംചെയ്താല്‍ ഒരു നിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുന്ന ആദ്യകാര്യം ഇപ്രാവശ്യം ഇടതുപക്ഷം സംഘപരിവാരവുമായി ‘വിശ്വാസസംരക്ഷണ’കാര്യത്തിൽ സമവായത്തിലെത്തിച്ചേര്‍ന്നതാണ്.ഹിന്ദുക്കളുടെ വിശ്വാസങ്ങളില്‍ കയറിയിടപെടരുതെന്ന നിലപാടില്‍ സർവ്വരും ഉറച്ചുനിന്നു. നാമജപ സമരകാലത്ത് സര്‍ക്കാരിനെതിരേ നിന്ന എന്‍.എസ്.എസ്. ഇത്തവണ ഗവൺമെന്റിനു പിന്തുണ പ്രഖ്യാപിച്ച് സംഗമത്തില്‍ പങ്കെടുത്തു. പാരമ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുനല്കിയെന്നവകാശപ്പെട്ട അവര്‍ സംഘപരിവാര്‍ വിളിച്ചുചേര്‍ത്ത പന്തളം സമ്മേളനത്തില്‍ പങ്കെടുത്തതുമില്ല. ഈ സംഗമത്തില്‍ വെള്ളാപ്പള്ളിക്ക് ലഭിച്ച സ്വീകാര്യതയും ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി സമ്മേളനസ്ഥലത്തെത്തിയത് വലിയൊരു രാഷ്ട്രീയസൂചനയാണ് നല്കിയത്. ശബരിമലയുടെ പാരമ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുലഭിച്ചതായി എന്‍.എസ്.എസ്. നേതാക്കളെപ്പോലെ അദ്ദേഹവുമവകാശപ്പെട്ടു.

അഗോള അയ്യപ്പ സംഗമം പ്രത്യക്ഷത്തില്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ടാണ് നടന്നതെങ്കിലും വിവിധ ജാതികളെ കോര്‍ത്തെടുത്തു സൃഷ്ടിക്കുന്ന വിശാല ഹൈന്ദവരാഷ്ട്രീയമാണ് അതിനു പിന്നിലുണ്ടായിരുന്നത്. ഹൈന്ദവ സമുദായങ്ങളെ മാലയിലെ മുത്തുകളെന്നപോലെയാണ് സര്‍ക്കാര്‍ കണക്കാക്കിയത്. സംഗമത്തിലും അതിനുശേഷവും സര്‍ക്കാര്‍ പ്രതിനിധികളും അനുയായികളും നടത്തിയ പ്രതികരണങ്ങളിലെ സവര്‍ണ ഹൈന്ദവ സൂചനകള്‍ ഇങ്ങനെയൊരു നിഗമനത്തിലെത്താനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ ഇടം

രണ്ടാമതായി, ഹിന്ദുസംരക്ഷണ അജണ്ടയുടെ മറുപുറമായ ഹൈന്ദവരില്‍ ഭീതിപടര്‍ത്തുന്ന വിദ്വേഷപ്രചാരണങ്ങളാണ്. ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനമവിടെയാണ്. മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്തും സമ്പത്തും അധികാരവുമൊക്കെ തട്ടിയെടുക്കുമെന്ന് ഹൈന്ദവ ഭൂരിപക്ഷം പല കാലങ്ങളിലും വിശ്വസിച്ചിട്ടുണ്ട്, ഇപ്പോഴും അങ്ങനെതന്നെ. മുസ്‌ലിങ്ങള്‍ ഈ നാട്ടില്‍ അവരുടെ അധികാരം സ്ഥാപിക്കുമെന്നും അതിനുള്ള കെട്ടുറപ്പൊക്കെ മുസ്‌ലിം സമൂഹത്തിനുണ്ടെന്നും ഈ ദൗത്യപൂർത്തീകരണത്തിനായി മുസ്‌ലിം സംഘടനകള്‍ മുന്നില്‍നിന്നു നയിക്കുമെന്നും ഒരുപരിധിവരെ ഹിന്ദുക്കൾ പലരും വിശ്വസിക്കുന്നു. മുസ്‌ലിംകള്‍ സ്ഥാപിക്കാനൊരുങ്ങുന്ന ‘മതരാഷ്ട്രം’ അവരെ സംബന്ധിച്ചിടത്തോളം ഭയാനകമായ ഭീകരതയാണ്. ഈ പരിതസ്ഥിതിയിൽ, ‘മതരാഷ്ട്രവാദ’ ആരോപണം ഇസ്‌ലാമോഫോബിയുടെ ശക്തമായൊരു പ്രചാരണ മാതൃകയായി മാറിയിട്ടുണ്ട്.

ഈ പ്രചാരണങ്ങളുടെ അനുബന്ധമായാണ് വെള്ളാപ്പള്ളിയും തന്റെ വിദ്വേഷപ്രചാരങ്ങളെ പ്രയോജനപ്പെടുത്തുന്നത്. ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെ വിളവെടുപ്പുകാരായ ഹിന്ദുത്വരുടെ സ്വാധീനം ഈഴവര്‍ക്കിടയില്‍ വളരുകയാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എങ്കിലും, സവര്‍ണ സമുദായങ്ങളെപ്പോലെ ഒരിടനില  ഏജന്‍സിയുടെ അഭാവത്തില്‍ ഈ സ്വാധീനമെത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തില്‍ ഹിന്ദുത്വര്‍ക്കുതന്നെ സംശയമുണ്ട്. അതുകൊണ്ടാണ് ബിഡിജെഎസ്സിനെപ്പോലെയൊരു സംഘടനയെ മുന്നില്‍നിറുത്തി ഈഴവരില്‍ സ്വാധീനംചെലുത്താന്‍ അവര്‍ ശ്രമിക്കുന്നത്. അതേസമയം, സവര്‍ണസമുദായങ്ങളെക്കുറിച്ച് ഹിന്ദുത്വര്‍ക്ക് ഈ സംശയമില്ല. ഹൈന്ദവവത്കരണത്തിലൂടെ കടന്നുപോകുമ്പോഴും അധികാരഘടനയ്ക്ക് പുറത്തുനില്ക്കേണ്ടിവരുന്നുവെന്നതാണ് ഈഴവരെപ്പോലുള്ള കീഴാള സമുദായങ്ങളെ മറ്റിതര സവര്‍ണ സമുദായങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങള്‍ പരിശോധിക്കേണ്ടതും ഈ ഇടനിലയ്ക്കുളളില്‍ (ലിമിനൽ സ്പേസ്)നിന്നുകൊണ്ടാണ്.

വിദ്വേഷപ്രസ്താവനകളുടെ പ്രശ്നവത്കരണമെങ്ങനെ? ഈഴവരുടെ ഇടനില

ഇന്ത്യ ജാതികളുടെയൊരു കൂട്ടമാണ്. അവരുടെ സാമുദായിക രാഷ്ട്രീയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യതയോടെ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട പല ന്യൂനപക്ഷമതവിഭാഗങ്ങളും അതുകൊണ്ടുതന്നെ സാമുദായികതയുടെ ഈ രാഷ്ട്രീയമൊഴിയാന്‍ ആദ്യം മുതലേ തയ്യാറായിരുന്നില്ല. അവരുടെ നിലനില്പും അതിജീവനവും അതിലധിഷ്ഠിതമായിരുന്നു. മതേതരത്വവും പൊതുരാഷ്ട്രീയവുമൊക്കെ സവര്‍ണഹിന്ദുവിന്റെ രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിക്കൊണ്ടുതന്നെ അവര്‍ തങ്ങളുടെ സാമുദായികത ഉയര്‍ത്തിപ്പിടിക്കുകയും അതനുസരിച്ചുള്ള രാഷ്ട്രീയം കെട്ടിപ്പടുക്കുകയുംചെയ്തു. എന്നാല്‍, ഈ പ്രക്രിയ അത്ര സുഖകരമായിരുന്നില്ല. മതേതരവാദികളുടെ ശകാരങ്ങള്‍ക്കും ‘വര്‍ഗീയവാദചാപ്പ’യ്ക്കുമിടയിലാണ് അവര്‍ തങ്ങളുടെ അതിജീവനം കണ്ടെത്തിയത്. ഈ ചാപ്പപതിക്കലുകള്‍ക്കിടയിലും അവര്‍ പതറാതെനിന്നു. ഇതരസമുദായങ്ങളുമായുള്ള ഐക്യത്തിനു ശ്രമിക്കുകയുംചെയ്തു. തീര്‍ച്ചയായും, അതിന്റെ വില അവര്‍ കൊടുക്കേണ്ടിവന്നു; ഇന്നുമത് കൊടുത്തുതീർന്നിട്ടുമില്ല.

എന്നാല്‍, ഈഴവരടക്കമുള്ള കീഴാളസമുദായങ്ങള്‍ക്ക് പൊതുരാഷ്ട്രീയപ്പാര്‍ട്ടികളോടായിരുന്നു ചായ്വ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘പൊതു’ എന്നാല്‍ സവര്‍ണരാഷ്ട്രീയത്തിന്റെ മറുപേര് മാത്രമാണെന്ന് കീഴാളപക്ഷ നേതൃത്വം എത്രയോ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും അണികൾക്കത് മനസ്സിലായില്ല. ദേശീയവാദത്താല്‍ വിജ്രംഭിതരായി അവര്‍ കൂട്ടംകൂട്ടമായി അത്തരം രാഷ്ട്രീയപാര്‍ട്ടികളില്‍ ചേക്കേറി. ഇതിന്റെഫലം, അടിമത്തത്തിനുള്ള ഉഭയകക്ഷി കരാറില്‍ ഒപ്പുവയ്ക്കാന്‍ സ്വമേധയാ അവർക്കു നിന്നുകൊടുക്കേണ്ടിവന്നു എന്നതാണ്. ഈ പ്രക്രിയയില്‍ ഈഴവരെപ്പോലുള്ള പിന്നാക്കക്കാര്‍ മാത്രമല്ല, ദലിതരും പങ്കെടുത്തു. ചില അപസ്വരങ്ങളൊക്കെ അവരുടെയിടയിൽനിന്ന് ഉയര്‍ന്നെങ്കിലും അതൊന്നും കൂസാതെ കീഴാള സമുദായങ്ങള്‍ ‘മതേതരത്വം’ തെളിയിച്ചു.

എന്നാല്‍, പൊതുരാഷ്ട്രീയത്തിന്റെ വക്താക്കളായി രംഗത്തുവരുമ്പോഴും സവര്‍ണര്‍ അവരുടെ സാമുദായികത നിലനിറുത്തുന്നതില്‍ അതീവശ്രദ്ധാലുക്കളായിരുന്നു. ‘നമ്മുടെയാളുകളെ’ അവര്‍ പിന്തുണച്ചു; സംരക്ഷിച്ചു. ഭരണത്തിന്റെയെല്ലാത്തലങ്ങളിലും തങ്ങളുണ്ടെന്ന് അവരുറപ്പുവരുത്തി. കീഴാളരെ മാത്രമല്ല, സവര്‍ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ബലത്തില്‍ ന്യൂനപക്ഷമതസമുദായങ്ങളെയും അവര്‍ നിയന്ത്രിച്ചു. ഈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ കീഴാള അവർണ നേതാക്കളും ഉണ്ടായിരുന്നുവെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യം.

വെള്ളാപ്പള്ളി നടേശന്റെ സമുദായത്തിന് സാമുദായികതയുടെ രാഷ്ട്രീയം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണു സത്യം. അതിനുകാരണം, ദേശീയതയുടെയും സവര്‍ണ ഹൈന്ദവതയുടെയും രാഷ്ട്രീയത്തിലേക്കവര്‍ ചേക്കേറിയെന്നതാണ്. അതിനവരെ പ്രേരിപ്പിച്ച ഘടകങ്ങളനവധിയാണ്. പ്രസ്തുത താത്പര്യമുള്ള നേതൃത്വം ഈഴവരിൽ വളർന്നു എന്നതാണ് അതിൽ പ്രധാനം. തീര്‍ച്ചയായും, ദേശീയതയുടെ കുത്തൊഴുക്കില്‍ അവര്‍ക്കു പറ്റിയ പരുക്കുകളാണവ. ഈ സാമൂഹികാന്തരീക്ഷം ഈഴവരെപ്പോലുള്ള കീഴാളര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നാണ് വെള്ളാപ്പള്ളിയുയര്‍ത്തുന്ന വിമര്‍ശനം. ആ അര്‍ത്ഥത്തില്‍ ഇത് ശരിയുമാണ്. എന്നാല്‍, ഇത് സമുദായത്തിന്റെ ‘ആന്തരികപ്രതിസന്ധിയായി’ തിരിച്ചറിയാതെ അതിനുപിന്നില്‍ മുസ്‌ലിം സാമുദായികതയുടെ ‘അദൃശ്യകരം’ കണ്ടെത്തുന്നുവെന്നതാണ് അദ്ദേഹത്തിന്റെ കുഴപ്പം.