Kerala Islamophobia Theorising Islamophobia

മാപ്പിളപ്പേടിയുടെ ചൂഴ്നിലകൾ

ഈ പരിപാടിയിലേക്ക് എന്നെ വിളിച്ച സുദേഷ് എം. രഘു ചേട്ടനോടും ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലത്തെ നിരന്തരം തുറന്നുകാട്ടാൻ പണിയെടുക്കുന്ന ബാബുരാജ് ഭഗവതിയോടും കെ. അഷ്റഫിനോടും നന്ദി പറയുന്നു. എനിക്കു നേരിട്ടു പരിചയമില്ലാത്ത വ്യക്തികളുടെ ശ്രമഫലമാണ് ‘അപരപ്രിയം ട്രസ്റ്റും’ അതിന്റെ മുൻകൈയിൽ സാധ്യമായ ‘ഇസ്‌ലാമോഫോബിയ വാച്ചും’.

ശ്രീനാരായണ ഗുരു പാടി:

പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം.

അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഗുരുവിന്റെ ജീവിതചിന്ത നമുക്കു വഴി കാട്ടട്ടെ.

ഇതു പറയുമ്പോൾ, എന്റെ ചെറുപ്പത്തിലുണ്ടായിരുന്ന, അതായത് ഞാൻ വളർന്നുവന്ന കാലം മുതലുള്ള പല അനുഭവങ്ങളും ഓർമ വരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായ ആളുകൾ, മുസ്‌ലിംളെക്കുറിച്ചുള്ള മുൻവിധികൾ നിരന്തരം ഉൽപാദിപ്പിക്കുന്നതു കേൾക്കുകയും, എന്താണതിന്റെ കാരണമെന്നു പലപ്പോഴും ആലോചിക്കുകയും ചെയ്തിട്ടുണ്ട്.

ഉദാഹരണമായി, എന്റെ അനിയനായിട്ടുള്ള ഒരാൾ —സിപിഎമ്മിന്റെ വലിയ നേതാവും വക്കീലുമായ ഒരാൾ — പറഞ്ഞ ഒരു കഥ ഓർമ വരുന്നു. ഏകദേശം അഞ്ചാറു വർഷം മുൻപ് അയാൾ പറഞ്ഞ കഥയായിരുന്നു അത്. “മുസ്‌ലിംകൾക്കു യുക്തിയില്ലെ”ന്നു പറയാൻ വേണ്ടി ശ്രമിച്ചിട്ടുള്ള കഥയായിരുന്നു അത്.അയാൾ പറഞ്ഞതെന്താണെന്നു വച്ചാൽ, “മുസ്‌ലിം സ്ത്രീകൾ പർദ ധരിച്ചു രാവിലെ നടക്കാനിറങ്ങും. അങ്ങനെ, ഇരുട്ടത്ത് പർദ ധരിച്ചു നടന്നു കഴിഞ്ഞാൽ, അവരെ കാണാൻ പറ്റില്ല. അതുകൊണ്ടാണ് അവർ പലപ്പോഴും ആക്സിഡന്റിൽപ്പെട്ടു മരിക്കുന്നത”ത്രേ!

അപ്പോൾ, ആ സമയത്തു നടക്കാനിറങ്ങിയ ആളുകളെ വണ്ടി ഇടിക്കുന്നതുമായി ബന്ധപ്പെട്ട ചില വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ അയാളോടു ചോദിച്ചത്, “ആ സമയത്തു പത്രങ്ങളിൽ വന്നിരുന്ന ഒരു വാർത്ത, ശബരിമല അയ്യപ്പന്മാർ രാവിലെ വണ്ടി ഇടിച്ചു മരിക്കുന്നതിനെപ്പറ്റിയായിരുന്നു. അവരും കറുത്ത ഡ്രസ് ഇട്ടിട്ടാണല്ലോ നടക്കുന്നത്. അപ്പോ അതിനെപ്പറ്റി നമ്മൾ എന്തുകൊണ്ടാണ് ആലോചിക്കാത്തത്?” എന്നാണ്. പലപ്പോഴും, മുസ്‌ലിംകളായ സ്ത്രീകളുടെ ‘യുക്തിയില്ലായ്മ’യെക്കുറിച്ചു മാത്രം പറയാൻ വേണ്ടി നമ്മൾ ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? അതായത്, പുലർച്ച സമയം റോഡപകടങ്ങളുണ്ടാകുന്നതിനു നിരവധി കാരണങ്ങളുണ്ട്. ഒരു പക്ഷേ, റോഡിലുള്ള വെളിച്ചക്കുറവാകാം, പുലർച്ചെ വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ ഉറക്കക്കുറവിന്റെ പ്രശ്നമാവാം, അങ്ങിനെ നിരവധി കാരണങ്ങളുണ്ടാകാം. പക്ഷേ, അതു മുഴുവൻ മറന്നു റോഡപകടങ്ങളുണ്ടാകുന്നതിനു കാരണമായി പർദയെ മാറ്റുന്നത് യുക്തിരഹിതമായ ഒരു ചിന്തയുടെ അടിസ്ഥാനത്തിലാണ്.

അപ്പോൾ, നമ്മുടെ യുക്തിയുടെ സ്വിച്ച് മുൻകൂട്ടി ഓഫ് ആക്കിയിട്ടുള്ള ഒരു ഭാഷണവ്യവസ്ഥയാണ് യഥാർഥത്തിൽ ഇസ്‌ലാമോഫോബിയ സാധ്യമാക്കുന്നത് പലപ്പോഴും. ഈ യുക്തിയെ അസാധ്യമാക്കുന്നതിന്റെ പിന്നിൽ ഒരു മനോനില മാത്രമല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായിട്ടുള്ള ഒരു ഡീപ്പ് സ്ട്രക്ചർ നിലനിൽക്കുന്നുണ്ടെന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.

ഇതു ഞാൻ പറയാൻ കാരണം, ബ്രാഹ്മണിക പരമാധികാരവും പശുവും മുസ്‌ലിംകളും ദലിതരുമൊക്കെ ആയിട്ടുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ച്, പരമാധികാരം എങ്ങനെയാണ് യൂറോപ്യൻ സോവറൈന്റിയിൽ (പരമാധികാരം) നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് 2016-ൽ ഒരു ലേഖനം എഴുതുകയുണ്ടായി, മാതൃഭൂമിയിൽ.

ആ സമയത്ത് 18-ാം നൂറ്റാണ്ടിലെ രേഖകൾ പരിശോധിച്ചു; മലയാളത്തിൽ ലഭ്യമായിരുന്ന പല ചരിത്രരേഖകളും പരിശോധിച്ചു. അതിൽ, പഴയ മലയാളത്തിൽ എഴുതിയിട്ടുള്ള ഒരു രേഖാസമാഹാരമാണ് പഴശ്ശി രേഖകൾ. 1798-ൽ ദറോഗാ ചന്ദ്ര എന്നു പറയുന്ന ബ്രിട്ടീഷ് ഓഫീസർ, പഴശ്ശിയുടെ രഹസ്യ നീക്കങ്ങളെക്കുറിച്ച് ഒരു കത്ത് ബ്രിട്ടീഷ് ഗവൺമെന്റിന് അയക്കുന്നുണ്ട്. യഥാർഥത്തിൽ രഹസ്യ നീക്കങ്ങളെക്കുറിച്ചുള്ള കത്തുമാണത്. അത് പഴശ്ശി രേഖകളിൽ നമ്മൾ കാണുന്നു.

അതിനകത്തു പറയുന്നത് താമരശ്ശേരിയിലും, അതുപോലെത്തന്നെ ഏറനാട്ടിലുമുള്ള മാപ്പിളമാർ, നമ്പൂതിരിമാരുടെ ഇല്ലം തൊട്ട് അശുദ്ധമാക്കുക, നായന്മാരുടെ വീടു തൊട്ട് അശുദ്ധമാക്കുക, പശുവിനെ പിടിക്കുക, അടിമയെ പിടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തുകൊണ്ട് ബ്രാഹ്മണരുടെയും പശുവിന്റെയും സ്വതന്ത്ര സഞ്ചാരത്തിനും ജീവിതത്തിനും പൂർണമായ വിലങ്ങുതടിയായി മാറിയിരിക്കുന്നു എന്നാണ്.

ഈ പ്രശ്നം പഴശ്ശിരാജാവിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പഴശ്ശിരാജാവ് ഉടൻ തന്നെ ചുരമിറങ്ങി വന്ന് താമരശ്ശേരിയിലെയും ഏറനാട്ടിലെയും മാപ്പിളമാരെ പാഠം പഠിപ്പിക്കുന്നു എന്നാണ് ആ കത്ത് പറയുന്നത്. പക്ഷേ പഴശ്ശിരാജാവ് വന്നോ അയാൾ മുസ്‌ലിം കളുമായി ഏറ്റുമുട്ടിയോ എന്നതിനെപ്പറ്റി രേഖകളിലൊന്നും തെളിവില്ലാത്തതുകൊണ്ട് എന്താണു നടന്നതെന്ന് നമുക്കു പറയാൻ പറ്റില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്: ആ കാലഘട്ടത്തിലുള്ള മുസ്‌ലിം വിരുദ്ധ മുൻവിധിയെക്കുറിച്ചുള്ള സൂക്ഷ്മമായ സൂചന ഈ കത്തിലുണ്ട്.

അപ്പോൾ  എന്താണ് യഥാർഥത്തിൽ ഇതിന്റെ യുക്തി? നോക്കാം: ഇത് പുലപ്പേടി പോലുള്ള ഒരു പേടിയാണോ? പുലപ്പേടി പോലെ മുസ്‌ലിം പേടിയെയോ അല്ലെങ്കിൽ മാപ്പിളപ്പേടിയെയോ നമുക്കു കാണാൻ കഴിയുമോ? ഇതാണു ചോദ്യം.

പുലപ്പേടിയെപ്പറ്റിയുള്ള പ്രത്യേകത, യഥാർഥത്തിൽ നമുക്കറിയാം. നമ്മൾ തൊട്ടുകൂടായ്മയെക്കുറിച്ചു പറയുന്ന സമയത്തു തന്നെ, ബ്രാഹ്മണ ശരീരത്തെ കേന്ദ്രസ്ഥാനത്തു നിർത്തി, അതിനു താഴെ നായർ ശരീരം, പിന്നെ തീയ്യന്മാരുടെ ശരീരം. അങ്ങനെ നിരവധി ശരീരങ്ങളിൽ ഏറ്റവും താഴെയായി ദലിത് ശരീരത്തെയും വിന്യസിക്കുന്ന, ശരീരങ്ങളെ നിയന്ത്രിക്കുന്ന അധികാരക്രമമായിട്ടാണ് പലപ്പോഴും, തൊട്ടുകൂടായ്മ പ്രവർത്തിക്കുന്നത്. ഈ അധികാരക്രമം, യഥാർഥത്തിൽ വിഭവങ്ങളുടെ ഹൈയറാർക്കിയേയും (ശ്രേണിക്രമം) അതേപോലെ, പലതരത്തിലുള്ള പ്രിവിലേജുകളുടെ ഹൈയറാർക്കിയേയുമൊക്കെ നിയന്ത്രിക്കുന്ന ഒരു ഘടനയാണ്.

അതായത്, മുസ്‌ലിംകൾ തൊടുമ്പോൾ ബ്രാഹ്മണന്റെ ഇല്ലവും നായരുടെ വീടും അശുദ്ധമാവുന്നതു മുസ്‌ലിംകൾ അസ്പൃശ്യർ / തൊട്ടുകൂടാത്തവർ ആയതുകൊണ്ടാണ്. മാത്രവുമല്ല, ഈ മുസ്‌ലിംകൾ കുടിയാന്മാരാണ്. അവർക്ക് യഥാർഥത്തിൽ ജന്മ റൈറ്റ് ഇല്ല. അതായത്,  ഭൂമിക്കു മുകളിൽ ജന്മാവകാശമില്ല. കുടിയാൻ എന്നു പറഞ്ഞാൽ പാട്ടം കൊടുത്തുകൊണ്ട് ഭൂമിയിൽ നിൽക്കുന്ന ആളാണ്. പക്ഷേ കേരളത്തിൽ ജന്മികളായ മുസ്‌ലിംകളും ഉണ്ടായിരുന്നു. അതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്.

അപ്പോൾ, അങ്ങനെയുള്ള ആളുകൾ, അതായത്, കീഴാളരായ മുസ്‌ലിംകൾ, തൊട്ടുകൂടാത്ത മാപ്പിളമാർ,  ജാതിവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാകുന്ന സന്ദർഭത്തിലാണ് യഥാർഥത്തിൽ മുസ്‌ലിംകളോടുള്ള ഭയം, ആ കത്തിൽ നമുക്കു കാണാൻ കഴിയുന്നത്. അതായത് കേവലമായ വംശീയമായ ആരോപണമോ ചാപ്പകുത്തലോ അല്ല മുസ്‌ലിംകൾക്കെതിരെ നിലനിൽക്കുന്നത്. ബ്രാഹ്മണികമായ അധികാരവ്യവസ്ഥയെ നൈതികമായി വെല്ലുവിളിക്കാൻ ശേഷിയുള്ള പല ഘടകങ്ങളും ഇസ്‌ലാമിക ജീവിതത്തിൽ ചിലപ്പോൾ ഉണ്ടായേക്കാം. അതുകൂടെയായിരിക്കാം ചിലപ്പോൾ ഇതിനു കാരണമന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്.

അതായത്, മുസ്‌ലിംകളെ സംബന്ധിച്ച് ഹിന്ദുക്കളിലേതു പോലെ, അതായത് ബ്രാഹ്മണിക വ്യവസ്ഥയിൽ നിലനിൽക്കുന്ന പോലെ, ജാതി ഉണ്ടായിരുന്നില്ല. അതിനു നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട്. ഉദാഹരണത്തിന്, വില്യം ലോഗനെ വായിക്കുമ്പോൾ മനസിലാകുന്നത് — 1800 മുതൽ 1921 വരെയുള്ള കാലത്ത് മുസ്‌ലിംകളുടെ ജനസംഖ്യ മൂന്നു മടങ്ങായി വർദ്ധിക്കുന്നു എന്നു മനസിലാക്കാം. ഈ ചെറിയ കാലയളവിൽ മുസ്‌ലിംകളുടെ ജനസംഖ്യ, അതായത് മലബാറിലെ മുസ്‌ലിം ജനസംഖ്യ, മൂന്നു മടങ്ങായി വർദ്ധിക്കുന്നു.

ഈ മൂന്നു മടങ്ങായ വർദ്ധന എങ്ങനെയാണുണ്ടായതെന്നന്വേഷിച്ച് അദ്ദേഹം കണ്ടെത്തുന്നത്, ചെറുമക്കളുടെയും തീയന്മാരുടെയും, അതുപോലെ മറ്റു കീഴാള ജാതികളുടെയും ജനസംഖ്യയിലുള്ള കുറവാണ്. അപ്പോൾ മനസിലാകുന്നത്, ഈ മൂന്നു മടങ്ങായ വർദ്ധന, മുസ്‌ലിംകളിലേക്കുള്ള കീഴാളരുടെ പരിവർത്തനത്തിൽ നിന്നാണെന്നാണ്. ഈ കീഴാള ജാതികളെ, ജാതികളായി ഇന്നു നമുക്ക് കേരളത്തിലെ ഇസ്‌ലാം മതത്തിൽ കാണാൻ കഴിയില്ല. അതായത് ഒരു ചെറുമ മാപ്പിളയെ കാണാൻ കഴിയില്ല. ഇസ്‌ലാം നടപ്പാക്കിയ ജാതിനിർമൂലനമാണിത്. ഉമ്മത്തിന്റെ ശക്തി. പക്ഷേ മാപ്പിളമാർ മാപ്പിളമാർക്കു പുറത്തുള്ള കീഴാളസമുദായങ്ങളോട് ജാതീയ മനോഭാവം കാണിക്കാറുണ്ട്. ഒരു പക്ഷേ ഉമ്മത്തിനെ അപരോന്മുഖമാക്കിയാൽ ഈ പ്രശ്നം മറികടക്കാൻ കഴിഞ്ഞേക്കാം.

അപ്പോൾ, ജാതിയെ മറികടന്നുകൊണ്ടുള്ള ഇസ്‌ലാമിക ജീവിതം, അധികാരവ്യവസ്ഥയെ, ബ്രാഹ്മണികമായ അധികാരവ്യവസ്ഥയെ, ഏതൊക്കെയോ തരത്തിൽ പ്രതിസന്ധിയിലാഴ്ത്തുന്ന നിരവധി ഘടകങ്ങൾ കൂടി ഉള്ളതായിരിക്കാം. ചിലപ്പോൾ ഇതായിരിക്കാം ഇസ്‌ലാമിനെക്കുറിച്ചുള്ള ഭയം, അതായത് മാപ്പിളപ്പേടി ഉണ്ടാവാൻ കാരണം.

ഇത് പുലപ്പേടിയെ സംബന്ധിച്ചും വളരെ ശരിയായ കാര്യമായി പലരും നിരീക്ഷിച്ചിട്ടുണ്ട്. കേവലമായ ഒരു മനോഘടനയല്ല, മറിച്ച് സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങളുള്ള ഒരു പ്രവർത്തന മേഖല ഇതിനടിയിലുണ്ട്.

പിന്നെ ,“ഇസ്‌ലാമോഫോബിയ വാച്ച്” എന്നു നമ്മൾ പറയുന്ന സമയത്ത്, ആ “വാച്ച്” എന്ന വാക്ക് യഥാർഥത്തിൽ ഇസ്‌ലാമോഫോബിയ നിർമിച്ചുകൊണ്ടിരിക്കുന്ന വ്യവഹാരത്തിന്റെ സ്വാഭാവികമായ പ്രക്രിയകളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്, അത് ഏതൊക്കെ തരത്തിലാണ് അതിന്റെ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്, അതിന്റെ പ്രവർത്തന പദ്ധതികൾ എന്തെല്ലാമാണ്, അത് എങ്ങനെയാണ് ഒരു പ്രത്യേകതരത്തിൽ ആളുകളെ വർഗീകരിക്കാനുള്ള ഒരു അധികാര വ്യവസ്ഥയായി നിലനിൽക്കുന്നത് എന്നതു ചൂണ്ടിക്കാണിക്കാനുള്ള, സൂക്ഷ്മമായ ശ്രമമായി കണക്കാക്കേണ്ടതുണ്ട്.

അതു വളരെ ശ്രദ്ധേയമായ കാര്യമാണ്, വളരെ പ്രധാനപ്പെട്ട കാര്യമാണ്, അത്യന്തം ഗൗരവമായ പ്രവൃത്തിയാണ്.

അതേസമയം, യഥാർഥത്തിൽ ഈ ‘നിരീക്ഷണം’ എന്നു പറയുമ്പോൾ — അതായത് ഇസ്‌ലാമോഫോബിയ പ്രവർത്തിപ്പിക്കുന്ന ആളുകളെ നമ്മൾ നോക്കുമ്പോൾ — നമ്മൾ പുറത്തേക്കാണു നോക്കിക്കൊണ്ടിരിക്കുന്നത്. യഥാർഥത്തിൽ പുറത്തേക്ക് എപ്പോഴും നോക്കുമ്പോൾ, നമ്മുടെ അകത്തു തന്നെ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നത് എന്നതിനെ തിരിച്ചറിയാതിരിക്കാനുള്ള ഒരു സാധ്യത രൂപപ്പെടും.

അപ്പോൾ നമ്മൾ നമ്മളെത്തന്നെ തിരിച്ചുനോക്കാനുള്ള ഒരു ശ്രമം നടത്തേണ്ടതുണ്ട്. നമ്മുടെ തിരിഞ്ഞു നോട്ടങ്ങൾക്കു കൂടി ഈ അന്വേഷണങ്ങൾ സാധ്യമാവട്ടെ എന്നു പറഞ്ഞുകൊണ്ട് ഔപചാരികമായി ‘ഇസ്‌ലാമോഫോബിയ വാച്ചി’ന്റെ ഉദ്ഘാടനം ഞാൻ നിർവഹിക്കുന്നു.

(2026 മാർച്ച് 15-ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് അപരപ്രിയം ട്രസ്റ്റ്, കേരള നെറ്റ്‌വർക്ക് അഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ, എടവനക്കാട്ട് സംഘടിപ്പിച്ച ഇസ്‌ലാമോഫോബിയ വാച്ച് വെബ്സൈറ്റിന്റെ ഉൽഘാടനം നിർവഹിച്ച് നടത്തിയ പ്രസംഗത്തിന്റെ എഡിറ്റഡ് വേർഷൻ.)

ട്രാൻസ്ക്രിപ്ഷൻ: കമാൽ വേങ്ങര