Kerala Islamophobia

മുന്നണി രാഷ്ട്രീയവും ‘ചീത്ത മുസ്‌ലിമിന്റെ’ നിർമ്മാണവും

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കേരളം പലപ്പോഴും മതേതരത്വത്തിന്റെ അപൂര്‍വവും സവിശേഷവുമായ ഒരു ഇടമായി ആഘോഷിക്കപ്പെടുകയും ഹിന്ദുത്വയുടെ കാലത്ത് അത് മലയാളിയുടെ ആത്മസാക്ഷ്യപ്പെടുത്തലിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്. തുറന്ന ഹിന്ദുത്വ വംശീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ട് വോട്ടുകളായി മാറുന്നതില്‍ വലിയ പരിമിതികളും അത് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, കേരളീയമായ ഈ സവിശേഷതയുടെ അനന്തരഫലം, ഇസ്‌ലാമോഫോബിയ പലപ്പോഴും ‘മതേതര’ രാഷ്ട്രീയ ശൈലികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അതിസൂക്ഷ്മവും അപകടകരവുമായ ആഖ്യാനങ്ങളായി മാറാന്‍ അത് കാരണമാകുന്നു എന്നതാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ പ്രത്യയശാസ്ത്ര ശത്രുതയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മതേതര രാഷ്ട്രീയത്തിലെ സഖ്യസമവാക്യങ്ങളിലും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലും വിശദീകരണങ്ങളിലും പൊതുചര്‍ച്ചകളിലും അദൃശ്യമായാണ് ഇസ്‌ലാമോഫോബിയ നിലകൊള്ളുന്നത്. മുസ്‌ലിങ്ങളെ സംബന്ധിച്ചുള്ള ധാരളം ‘സ്വാഭാവിക’ സംശയങ്ങളും അത് ഉയര്‍ത്തിവിടുന്നു. സൂചനകളിലൂടെയും തന്ത്രപരമായ അകലം പാലിക്കലിലൂടെയും നിബന്ധനകളോടെയുള്ള തെരഞ്ഞെടുപ്പ് ധാരണകളിലൂടെയും മുസ്‌ലിം രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കപ്പെട്ട ഒന്നായി ചിത്രീകരിച്ചുകൊണ്ടുമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

മുസ്‌ലിം രാഷ്ട്രീയത്തിന്റെ നിബന്ധനകളോടെയുള്ള ഉള്‍പ്പെടുത്തല്‍

കേരളത്തിലെ മതേതര രാഷ്ട്രീയത്തിന്റെ ഉള്‍ക്കൊള്ളലിന്റെയും പുറന്തള്ളലിന്റെയും കാതലായ വശം ഒരു വിരോധാഭാസമാണ്. ഏത് മുന്നണിയെയും സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ മുസ്‌ലിം വോട്ടുകളുടെ ഒരു സമാഹരണം അത്യന്താപേക്ഷിതമാണ്. അതിനുവേണ്ടി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ഹിന്ദുത്വ ഭരണകൂടത്തില്‍ നിന്ന് അവര്‍ അനുഭവിക്കുന്ന വിവേചനങ്ങളും ഹിംസയും അതേസമയം, കേരളം നല്‍കുന്ന ‘മതേതര സുരക്ഷിതത്വ’വും രാഷ്ട്രീയ നേതാക്കളുടെ ധാര്‍മ്മിക പ്രഘോഷണങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇതിന് സമാന്തരമായി, സാമുദായിക പ്രാതിനിധ്യത്തിന്റെയും സാംസ്‌കാരിക/ സാമൂഹ്യ ഉള്‍ക്കൊള്ളലിന്റെയും സ്വയം പ്രകാശനത്തിന്റെയും ആവശ്യങ്ങള്‍ ഉന്നയിക്കുന്ന മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ നിരന്തരം സംശയകരമായി ചിത്രീകരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ മുന്നണികള്‍ മുസ്‌ലിം പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെയോ സമുദായത്തെ അവരുടെ മുന്‍കൈയില്‍ അണിനിരത്തുന്നതിലൂടെയോ  മുസ്‌ലിങ്ങളുടെ പിന്തുണ തേടുന്നുണ്ടെങ്കിലും, പരസ്യമായി ഈ രാഷ്ട്രീയ ബന്ധങ്ങളെ തള്ളിപ്പറയുകയാണ് പതിവ്. മറ്റു ചിലപ്പോള്‍ നിസ്സാരവല്‍ക്കരിക്കുകയും അപകടമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മുസ്‌ലിം ലീഗ് മാത്രമാണ് അതിന്റെ സംഘടനാശക്തിയുടെ ബലത്തില്‍ പ്രകടമായ അകല്‍ച്ചയില്‍ നിന്ന് വലിയ രീതിയില്‍ സ്വാതന്ത്ര്യം പ്രാപിച്ച ഒരേയൊരു രാഷ്ട്രീയകക്ഷി. ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനങ്ങളോടു സംഘർഷപ്പെട്ടു മാത്രമല്ല, പ്രസ്തുത ബലതന്ത്രങ്ങളെ സൂക്ഷ്മമായി ഉപയോഗിച്ചുകൊണ്ടുമാണ് അവരും ഈ അംഗീകാരം നേടിയെടുത്തിട്ടുള്ളത്.

ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങള്‍ ‘നിബന്ധനകളോടെയുള്ള ഉള്‍പ്പെടുത്തല്‍’ (കണ്ടീഷണല്‍ ഇന്‍ക്ലൂഷന്‍ )എന്ന് വിളിക്കുന്ന ഒരു പ്രതിഭാസമാണിത്. അതായത്, മുസ്‌ലിം പങ്കാളിത്തം രാഷ്ട്രീയമായി അദൃശ്യമോ വിധേയമോ ആയിരിക്കുന്നിടത്തോളം മാത്രമേ അത് അംഗീകരിക്കപ്പെടുന്നുള്ളൂ. മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മതേതര നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്രമായി സാമുദായിക പ്രശ്‌നങ്ങളോ ആവശ്യങ്ങളോ ഉയര്‍ത്തുന്നതോടെ അവര്‍ ‘വിഭാഗീയവാദി’കളോ ‘വര്‍ഗീയവാദി’കളോ അതും കടന്നു ‘തീവ്രവാദികളോ’ ആയി മുദ്രകുത്തപ്പെടുന്നു.

ഇസ്‌ലാമോഫോബിയ വെറുമൊരു മുന്‍വിധി മാത്രമല്ല, മറിച്ച് ഭരണരീതി കൂടിയാണ് എന്ന സൈദ്ധാന്തിക നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങള്‍ വാദിക്കുന്നതുപോലെ,  ‘മുസ് ലിമിനെ’ നിരന്തരം മാനേജ് ചെയ്യേണ്ട ഒരു ‘രാഷ്ട്രീയ പ്രശ്‌ന’മായി അവതരിപ്പിച്ചുകൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതായത് നിയന്ത്രിക്കപ്പെടേണ്ടതോ മിതത്വം വരുത്തപ്പെടേണ്ടതോ ആയ ഒരു വിഭാഗം. മുസ്‌ലിം പാര്‍ട്ടികളെ ഹിന്ദുത്വ ശക്തികളുടെ പ്രതിബിംബമായി (മിറര്‍ ഇമേജ്) അവതരിപ്പിച്ചു കൊണ്ടാണ് കേരളത്തില്‍ ഇത് നടപ്പില്‍ വരുത്തുന്നത്. നിലനില്‍ക്കുന്ന അധികാര അസമത്വങ്ങളെ മറച്ചുവെക്കുന്ന ഒരു ‘തെറ്റായ തുല്യത’ (ഫാള്‍സ് ഇക്വലന്‍സ്) ഇത് സൃഷ്ടിക്കുന്നു. മുസ്‌ലിം സംഘാടനത്തെ ‘വര്‍ഗീയ’മായി ചിത്രീകരിക്കുന്നതിലൂടെ, മുസ്‌ലിം സ്വയം നിര്‍ണ്ണയം എന്നത് ‘മതേതര’ ക്രമത്തിന് ഭീഷണിയാണെന്ന ബൈനറി പൊതുസമൂഹത്തില്‍ ഉറപ്പിക്കുന്നു.

ഇത്തരത്തിലുള്ള തുലനം മതേതര ദേശീയതയുടെ (സെക്കുലര്‍ നാഷണലിസം) ധാര്‍മ്മികാധികാരത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള തന്ത്രമാണ്. ഹിന്ദുത്വത്തിനും മുസ്‌ലിം ‘വര്‍ഗീയതയ്ക്കും’ ഇടയിലുള്ള യുക്തിസഹമായ മധ്യം തങ്ങളാണെന്ന് അവകാശപ്പെടുന്നതിലൂടെ മുഖ്യധാരാ ഇടതു/ജനാധിപത്യ മുന്നണികള്‍ അവരുടെ മേധാവിത്വത്തെ സാധൂകരിക്കുന്നു. ഹിന്ദു ദേശീയതക്ക് സ്വാഭാവികത കല്‍പ്പിച്ചും മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മേല്‍ നിരന്തരമായ സംശയം ഉല്പാദിപ്പിച്ച് കൊണ്ടുമാണ് ഇത് നിലനില്‍ക്കുന്നത്. ഇവിടെ ഇസ്‌ലാമോഫോബിയപുറന്തള്ളലിലൂടെയല്ല, ‘നിയന്ത്രിതമായ ഉള്‍പ്പെടുത്തലിലൂടെയാണ്’ പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിങ്ങളെ വോട്ടര്‍മാരായും പൗരന്മാരുമായി അംഗീകരിക്കുമ്പോഴും അവരെ രാഷ്ട്രീയ കര്‍ത്താക്കളായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു.

തിരഞ്ഞെടുപ്പ് ചക്രവും സംശയത്തിന്റെ ഭാഷയും

‘പ്രീണനം’, ‘തീവ്രവാദ ബന്ധം’, ‘അവിശുദ്ധ രഹസ്യ സഖ്യം’ തുടങ്ങിയ പദങ്ങള്‍ തെരഞ്ഞെടുപ്പുകാല പ്രചാരണത്തിന്റെ ഭാഗമാകാറുണ്ട്. ഭൂരിപക്ഷത്തിന്റെയും മറ്റു ന്യൂനപക്ഷങ്ങളുടെയും വോട്ട് ഏകീകരിക്കാനുള്ള തന്ത്രങ്ങളായാണ് ഇവ പ്രത്യക്ഷപ്പെടുന്നതെങ്കിലും ‘മുസ്‌ലിം കപടത, രഹസ്യ പ്രവര്‍ത്തന ഭീഷണി, പ്രത്യയശാസ്ത്ര തീവ്രതയോടുള്ള ജാഗ്രത’ തുടങ്ങിയ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളെ ഇത് സാധാരണവല്‍ക്കരിക്കുന്നു. തീവ്ര ഹിന്ദുത്വ വിരുദ്ധവും മതേതരവുമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള ഈ സംഭാഷണങ്ങള്‍ക്ക് വലിയ തോതില്‍ ജനകീയ അംഗീകാരം ലഭിക്കുന്നു.

സൂക്ഷ്മമായ ഇത്തരം ഇസ്‌ലാമോഫോബിയയുടെ ഏറ്റവും വലിയ പ്രശ്‌നം, മുസ്‌ലിംകളുടെ മാത്രമല്ല,  വിവിധ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഐക്യത്തെ തകര്‍ക്കുന്നുവെന്നതാണ്. മുസ്‌ലിം രാഷ്ട്രീയ നീക്കങ്ങള്‍ തീവ്രവാദത്തിന് തുല്യമാണെന്ന് ആവര്‍ത്തിക്കുന്നതിലൂടെ, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം രാഷ്ട്രീയത്തോട് സംശയമുള്ളവരാക്കി മാറ്റുന്നു. റമോണ്‍ ഗ്രോസ്‌ഫോഗ്വാലിനെ പോലെയുള്ള സൈന്ധാന്തികര്‍ മുന്നോട്ട് വച്ച വംശീയവല്‍ക്കരണ (റെയ്‌സലൈസേഷന്‍) പ്രക്രിയ എന്ന സമീപനം   ഇവിടെ പ്രസക്തമാണ്. വംശീയവല്‍ക്കരണത്തിലൂടെ അധികാര വ്യവസ്ഥകള്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മില്‍ മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കിടയിലും വിഭജനമുണ്ടാക്കുന്നു. ഇസ്‌ലാമോഫോബിയ ഇവിടെ ശക്തമായ ഒരു വംശീയ വിഭജന തന്ത്രമായി പ്രവര്‍ത്തിക്കുന്നു.

അധികാരത്തിന്റെ പ്രയോഗവും മുസ്‌ലിങ്ങളുടെ ‘സ്വയം നിയന്ത്രണവും’

മിഷേല്‍ ഫൂക്കോ വിഭാവന ചെയ്തതുപോലെ, അധികാരം എന്നത് വെറുമൊരു അടിച്ചമര്‍ത്തലല്ല, മറിച്ച് അത് നിയന്ത്രണത്തിന്റെ നൂതന പ്രവണതകളെ ഉല്പാദിപ്പിക്കുന്നു. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തകര്‍ തങ്ങള്‍ ‘തീവ്രവാദി’കളും ‘മതരാഷ്ട്രവാദി’കളും അല്ലെന്ന് നിരന്തരം തെളിയിക്കേണ്ടി വരുന്ന വളരെ ഇടുങ്ങിയ ഒരു നിരീക്ഷണ ഗോപുരത്തിനകത്താണ് (പനോപ്റ്റികോണ്‍) നിലകൊള്ളുന്നത്. തങ്ങള്‍ ‘മിതവാദി’കളാണെന്ന് ബോധ്യപ്പെടുത്താനും മതേതര അധികാരത്തിന്റെ പൊതുധാരയോട് കീഴ്‌പ്പെട്ട് നില്‍ക്കാനും അവര്‍ പരിശീലിപ്പിക്കപ്പെടുന്നു. ഇത് സമുദായത്തിനകത്തെ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളെ ഒരുതരത്തിലുള്ള സ്വയം നിയന്ത്രണത്തിന് (സെല്‍ഫ്- റെഗുലേഷന്‍) തയ്യാറാക്കുന്നു. തെരഞ്ഞെടുപ്പ് വേളകളില്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന മുന്നണികളുടെ വിജയത്തെ അപകടപ്പെടാത്ത രീതിയില്‍, അസ്പൃശ്യരായി, തങ്ങളുടെ സാന്നിധ്യം തന്നെ അദൃശ്യമാക്കി, ഫലത്തില്‍ തങ്ങളെത്തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വ്യവസ്ഥകളെ സ്വയം സ്വീകരിക്കാന്‍ അവർ  നിര്‍ബന്ധിതരാകുന്നു.

ഇസ്‌ലാമോഫോബിയ എന്നത് പുറത്തുനിന്ന് അടിച്ചേല്പിക്കപ്പെടുന്ന ഒന്നാണെങ്കിലും മുസ്‌ലിം സമുദായത്തിനുള്ളിലെ ‘അനിവാര്യമായ’ രാഷ്ട്രീയ മത്സരങ്ങളിലൂടെയും അത് പലരീതിയില്‍ ആന്തരികമായി പുനരുല്പാദിപ്പിക്കപ്പെടുന്നുണ്ട്. തീര്ച്ചയായും, ഇസ്‌ലാമോഫോബിയയുടെ ഉദ്പാദകർ മുസ്‌ലിംകളല്ല. എന്നാൽ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിക് വ്യവസ്ഥയിൽ, തങ്ങള്‍ ‘നല്ല മുസ്‌ലിം’ ആണെന്ന് തെളിയിക്കാന്‍ ‘എതിരാളി’കളായ മറ്റ് ‘ചീത്ത’ മുസ്‌ലിം വിഭാഗങ്ങള്‍ക്കുമേല്‍ ‘തീവ്രവാദ സ്വഭാവം, മതരാഷ്ട്രവാദം, രഹസ്യ അജണ്ടകള്‍, അവിശുദ്ധ പ്രവര്‍ത്തനങ്ങള്‍, വോട്ട് കച്ചവടം’ തുടങ്ങിയ ‘മതേതര ആരോപണങ്ങൾ’ ഉന്നയിക്കുന്നു. ഈ പ്രക്രിയയിൽ ഏർപ്പെടുന്നവർ, ഒരു സന്ദർഭത്തിലല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിൽ, ഇസ്‌ലാമോഫോബിയയുടെ  ഘടനയെ ‘അബോധമായി’ സ്വാംശീകരിക്കുന്നു.

ഓരോ കാലത്തും ‘പൊതു’സമൂഹത്തിന്റെയും അംഗീകൃത മതേതര ഭരണമുന്നണികളുടെയും അംഗീകാരം നേടാനായി ചില മുസ്‌ലിം പാര്‍ട്ടികള്‍ക്ക്  ‘അമിതത്വം’ ഉള്ള മുസ്‌ലിം പാർട്ടികളെ, ആദ്യം  കണ്ടെടുക്കാനും, പിന്നെ അകറ്റിനിര്‍ത്താനും  അകന്നു നില്‍ക്കാനുമുള്ള പരിശീലനം നിരന്തരം നിശ്ചയിക്കപ്പെടുന്നു. ഇത് മുസ്‌ലിം രാഷ്ട്രീയത്തിനുതന്നെ വിനയായി മാറുന്ന ഇസ്‌ലാമോഫോബിക് ബിംബങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരാ മുന്നണികളുടെ ഭാഗമല്ലാത്ത എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ മുസ്‌ലിം ഉള്ളടക്കമുള്ള രാഷ്ട്രീയ സംഘടനകളുടെ പിന്തുണക്കാരെന്നവകാശപ്പെടുന്ന ചിലരെങ്കിലും, ഇരുമുന്നണികളുടെയും  സമവായ നിർമിതികളുടെ ഭാഗമായി,  മതേതര ഇസ്‌ലാമോഫോബിക് പ്രവണതകളെ അറിഞോ  അറിയാതെയോ  പരിശീലിക്കുന്നതായാണ് നാം കാണുന്നത്. ഇതൊരു ‘കുറ്റാരോപണമോ കുറവോ’  എന്നതിലുപരി,  ഇസ്‌ലാമോഫോബിയയുടെ ശക്തിയേയും അധികാര വൈപുല്യത്തെയുമാണ് കാണിക്കുന്നത്.

കേരളത്തിലെ വിവിധ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വങ്ങള്‍ പലപ്പോഴും അവര്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഒരു ‘പ്രതിരോധ കോട്ടയ്ക്കുള്ളിലാണ്’ (ഡിഫെന്‍സീവ് ട്രാപ്പ്)  പ്രവർത്തിക്കുന്നത്. തങ്ങള്‍ ‘സംശയാര്‍ഹമായ’ പ്രവര്‍ത്തനം നടത്തുന്നവരല്ലെന്ന് തെളിയിക്കാന്‍ ഓരോ സംഘടനകളും  നിര്‍ബന്ധിതരാകുന്നു. ഒരുവേള ഇതൊരു നിരന്തര പരിശോധനയായും പരിശീലനമായും മാറുന്നു. ഇസ്‌ലാമോഫോബിയ രൂപപ്പെടുത്തിയ ‘സംശയത്തിന്റെ ഭാഷ’ ഇതര പ്രസ്ഥാനങ്ങള്‍ക്കെതിരേ നിരന്തരം നിക്ഷേപിച്ചാണ്  ഓരോരുത്തരും തങ്ങളുടെ ‘വിശുദ്ധി’ പരിശീലിക്കേണ്ടതെന്ന സാഹചര്യമുണ്ട്. അങ്ങിനെ ഓരോ  മുസ്‌ലിം സംഘടനയും  മറ്റൊരു വിഭാഗത്തെ ‘അമിതസ്വഭാവമുള്ളവരും ജനാധിപത്യ ആഭിമുഖ്യം ഇല്ലാത്തവരും തീവ്രവാദികളും മതരാഷ്ട്രവാദികളും’ ഒക്കെയായി ചിത്രീകരിക്കുമ്പോള്‍, അത് മതേതര പൊതുബോധത്തിന് മുസ്‌ലിം രാഷ്ട്രീയത്തെ മൊത്തത്തില്‍ അവിശ്വസിക്കാനുള്ള ‘തെളിവായി’ മാറ്റാനും സാധിക്കുന്നു.   ഇത്, മതേതര ഇസ്‌ലാമോഫോബിയയെ സമുദായത്തിനകത്തു നിന്നു തന്നെ ‘അനുവാദം’ ലഭിച്ച ഒരു സ്വാഭാവിക പ്രക്രിയയായി പുനരുൽപാദിപ്പിക്കുന്നു. ഫലത്തില്‍, രാഷ്ട്രീയ അതിജീവനത്തിനായി നടത്തുന്ന ‘വിട്ടുവീഴ്ചകള്‍’ മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ വികാസത്തെ തടയുകയും പൊതുമണ്ഡലത്തിലെ വിവേചനത്തിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യുന്നു. ഇസ് ലാമോഫോബിയ കാലത്തെ  തിരഞ്ഞെടുപ്പു ചര്‍ച്ചകളുടെ പ്രഹരശേഷി ഇതാണ്.

ഉപസംഹാരം

കേരളത്തിലെ ഇസ്‌ലാമോഫോബിയ അതിന്റെ മതേതരവും ജനാധിപത്യപരവുമായ ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ ഏറെ പ്രയാസമുള്ള ഒന്നാണ്. ഇത് കേവലം മുന്‍വിധി എന്നതിനപ്പുറം, പൊതുസമൂഹത്തിൽ മാത്രമല്ല സമുദായത്തിനകത്തു വരെ പ്രവര്‍ത്തിക്കുന്ന ഘടനാപരമായ വംശീയ അധികാര പ്രയോഗമാണ്. മുസ്‌ലിം രാഷ്ട്രീയ ഏജന്‍സികളെ അപ്രസക്തമാക്കാനും പിളർക്കാനും ഉപയോഗിക്കുന്ന ഈ സൂക്ഷ്മ തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നത് സൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമാണ്. കേവലമായ അടിച്ചമര്‍ത്തലുകളെ മാത്രമല്ല, മുസ്‌ലിം രാഷ്ട്രീയ ജീവിതത്തിനുള്ളില്‍ തന്നെ ഈ വിദ്വേഷ തന്ത്രങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.