മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട പദങ്ങളും ആചാരങ്ങളും പൊതുസമൂഹത്തിൽ പലപ്പോഴും തെറ്റായി മനസ്സിലാക്കപ്പെടുകയും തെറ്റായ രീതിയിൽ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭാഷാപരമായ ചെറിയ പിഴവുകളായി തോന്നുന്ന ഇത്തരം കാര്യങ്ങൾ പോലും, വാസ്തവത്തിൽ, ഒരു വലിയ സാമൂഹിക അജ്ഞതയുടെ സൂചനകളാണ്. ‘റംസാൻ ആശംസകൾ’ എന്ന രീതിയിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കുന്നതുപോലുള്ള സംഭവങ്ങൾ അതിന്റെ ഏറ്റവും സാധാരണമായ ഉദാഹരണങ്ങളാണ്.
ഹിജ്റ കലണ്ടർ അല്ലെങ്കിൽ ഇസ് ലാമിക കലണ്ടർ പ്രകാരമുള്ള ഒമ്പതാം മാസത്തിന്റെ പേരായ ‘റമദാനെ’യും അതിന്റെ തൊട്ടടുത്ത മാസം (പത്ത് ) ‘ശവ്വാൽ’ ഒന്നിനു വരുന്ന ഈദ് -അൽ-ഫിത്ർ (ഈദുല്‍ ഫിത്ര്‍, ഈദ് അൽ-ഫിത്വർ എന്നും ഉപയോഗിക്കാറുണ്ട്) എന്ന ‘ചെറിയ പെരുന്നാൾ’ ആഘോഷത്തെയും തമ്മിൽ കലർത്തിപ്പറയുന്നത്, മുസ്‌ലിം ജീവിതരീതിയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളുടെ അഭാവം വ്യക്തമാക്കുന്നു.പെരുന്നാളുമായി ബന്ധപ്പെട്ട വാർത്തകൾ, അവധി തീരുമാനങ്ങൾ, പരീക്ഷ ഷെഡ്യൂളുകൾ എന്നിവയിലും ഇത്തരം അജ്ഞത വ്യക്തമായി പ്രതിഫലിക്കുന്നു.
ഇതേ കുറിച്ച് വ്യക്തത വരുത്താൻ എഴുത്തുകാരന്‍ സുദേഷ് എം രഘുവിന്റെ ഒരു പഴയ പ്രതികരണം സഹായിക്കുന്നു: ”റംസാന്‍/റമദാന്‍/റമളാന്‍ ഒരു മാസത്തിന്റെ പേരാണ്. അതു കഴിയുമ്പോള്‍ ഉള്ള ആഘോഷ ദിവസം ആണ് ഈദ്-അല്‍ – ഫിത്ര്‍ അഥവാ ചെറിയ പെരുന്നാള്‍. ചില ആള്‍ക്കാര്‍ പെരുന്നാളിന്റെ അന്നു രാവിലെ സുഹൃത്തുക്കള്‍ക്ക് ‘റംസാന്‍ ആശംസകള്‍’ എന്നു പറഞ്ഞു മെസേജ് അയക്കുന്നത് കാണാം. ഇന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പേജിലും കണ്ടു അത്. ഇത്തരം അജ്ഞതകള്‍ മറ്റ് ആഘോഷങ്ങളുടെ കാര്യത്തില്‍ കാണാറില്ല”(ഏപ്രില്‍ 10, 2024, ഫേസ്ബുക് പോസ്റ്റ്). അദേഹം ഇതേ കാര്യം ‘സത്യാന്വേഷി’ എന്ന ബ്ലോഗിൽ 2009 സെപ്തംബർ 28 നു എഴുതിയിരുന്നു. വര്ഷങ്ങൾ കഴിഞ്ഞിട്ടും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്നു സുദേഷ് എം രഘുവിന്റെ അനുഭവം തെളിയിക്കുന്നു.
“രണ്ട് ഈദുകൾ” എന്നത് രണ്ട് പ്രധാന മുസ്‌ലിം ആഘോഷങ്ങളെ സൂചിപ്പിക്കുന്നു. ഒന്ന്) ഈദ് അൽ-ഫിത്വർ (ചെറിയ പെരുന്നാൾ). റമദാൻ മാസം കഴിഞ്ഞ് നോമ്പ് പൂർത്തിയാക്കിയതിന് ശേഷമുള്ള ആഘോഷദിനം. മുസ്‌ലിംകൾ പിന്തുടരുന്ന ഹിജ്റ കലണ്ടർ പ്രകാരം ശവ്വാൽ ഒന്ന്. റമദാൻ കഴിഞ്ഞുള്ള തൊട്ടടുത്ത മാസത്തെ ഒന്നാം തിയ്യതി. അന്നാണ് ചെറിയ പെരുന്നാൾ. രണ്ട്) ഈദ് അൽ-അദ്ഹ (ബലി പെരുന്നാൾ, വലിയ പെരുന്നാൾ, ഈദുല്‍ അദ്ഹ, ബക്രീദ് എന്നും ഉപയോഗിക്കാറുണ്ട്). മക്കയിലെ ഹജ്ജിനു സമാന്തരമായി ഇത് സംഭവിക്കുന്നു. ലോകമെങ്ങും ഇബ്രാഹീം നബിയുടെ ത്യാഗസ്മരണയായി ആഘോഷിക്കുന്ന ദിനം. ഹിജ്റ കലണ്ടറിലെ അവസാന മാസമായ ‘ദുൽ ഹിജ്ജ’ പത്തിനാണ് ഈ ആഘോഷം. അതുകൊണ്ട് “രണ്ട് ഈദുകൾ” എന്ന് പറയുന്നത്, മുസ്‌ലിംകൾക്ക് വർഷത്തിൽ ഉള്ള ഈ രണ്ട് പ്രധാന ആഘോഷ ദിനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അജ്ഞത വ്യക്തിഗത തലത്തിൽ മാത്രമല്ല, മാധ്യമങ്ങളിലും വിദ്യാഭ്യാസ സംവിധാനങ്ങളിലും രാഷ്ട്രീയ പ്രസ്താവനകളിലും വരെ ആവർത്തിക്കപ്പെടുന്നുണ്ട് (അത് താഴെ നല്കുന്നു). നിഘണ്ടുക്കളിൽ നിന്നു തുടങ്ങി സാമൂഹികമാധ്യമങ്ങളിലേക്കും ഭരണ സംവിധാനങ്ങളിലേക്കും വ്യാപിക്കുന്ന ഈ തെറ്റുകൾ, ഒരു സമൂഹത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ രൂപപ്പെടുന്നു എന്ന വലിയ ചോദ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. മതപരമായും സാംസ്കാരികമായും വ്യക്തമായ അർഥമുള്ള സംജ്ഞകൾ തെറ്റായി ഉപയോഗിക്കപ്പെടുമ്പോൾ, അത് ഒരു ഭാഷാപിശക് മാത്രമല്ല, ഒരു സമൂഹത്തെ തെറ്റായി വായിക്കുന്ന പ്രക്രിയയുമാണ്.
അറിവും അജ്ഞതയും
നമ്മുടെ നാട്ടിൽ ഇസ്‌ലാം ഏകദേശം 14 നൂറ്റാണ്ടായി നിലനില്‍ക്കുന്നുണ്ടെങ്കിലും, മുസ്‌ലിംകളുമായുള്ള സാമൂഹിക അടുപ്പം ഒരു സാമൂഹിക അറിവായിത്തീര്‍ന്നിട്ടില്ല. മാത്രമല്ല, സ്വാഭാവികമായും എല്ലാവര്‍ക്കും മുസ്‌ലിംകളെപ്പറ്റി അഭിപ്രായമുണ്ട്, പക്ഷെ അറിവ് കുറവാണ്. അറിവിന്റെ പ്രശ്‌നം വിദ്യാഭ്യാസത്തിലൂടെ പരിഹരിക്കാവുന്നതാണ്.
യഥാര്‍ഥത്തില്‍ ഇത് അറിവിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച്, ‘അജ്ഞതയുടെ അധികാരം’ കൂടിയാണ്. രണ്ടു തരം അജ്ഞതകളുണ്ട്. ‘ബോധപൂര്‍വമായ’ അജ്ഞതയും ‘ആധികാരിക’ അജ്ഞത’യും. ‘ബോധപൂര്‍വ്വമായ അജ്ഞത’ ഒരു അഭിപ്രായത്തെ ആധികാരമാക്കില്ല. എന്നാല്‍ ‘ആധികാരിക അജ്ഞത’ എന്നത് യാഥാര്‍ഥ്യത്തെക്കുറിച്ച് അറിയാതെ തന്നെ അതിനെക്കുറിച്ച് ആധികാരിക നിലപാടുകള്‍ പ്രകടിപ്പിക്കുന്ന പ്രവണതയെ സൂചിപ്പിക്കുന്നു. ഇസ്‌ലാമോഫോബിയ, ബോധപൂര്‍വ്വമായ അജ്ഞതയല്ല, കേവല അറിവില്ലായ്മയും അല്ല. മറിച്ച്, അജ്ഞതയയെ ‘ആധികാരികത’യായി മാറ്റുന്ന, വംശീയ അധികാരമാണ് (അധിക വായനക്ക്: ഹാതിം ബസിയാന്‍ (2016)).
ഭാഷയിലെ അജ്ഞത
മുസ്‌ലിംകളുമായി ബന്ധപ്പെട്ട ദൈവശാസ്ത്ര/സാമൂഹിക സാങ്കേതിക സംജ്ഞകളിൽ അജ്ഞത വളരെ അധികമാണ്. ചിലപ്പോള്‍ വസ്തുതാപരമായ തെറ്റുകളും വരുത്താറുണ്ട്. ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയില്‍ ‘ബിസ്മി ചൊല്ലുക’യെന്നതിന് നല്‍കിയ അര്‍ഥം ‘ആടിനെ അറക്കുമ്പോള്‍ വേദമന്ത്രം ഉച്ചരിക്കുക’യെന്നാണ് (പേജ്: 1329, ശബ്ദതാരാവലി. ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ള, പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണ സംഘം, എൻ ബി എസ്സ്, കോട്ടയം, എഡിഷന് 19, വര്ഷം: 1998). 1872ല്‍ പ്രസിദ്ധീകരിച്ച ഗുണ്ടര്‍ട്ട് നിഘണ്ടുവിലും സമാന അര്‍ഥം നല്‍കിയിരിക്കുന്നു (പേജ് 707, ഡോ ഹെർമൻ ഗുണ്ടർട്ട്, സ്വാൻ പബ്ലിക്കേഷന്,തിരുവനന്തപുരം 1985) . ശബ്ദതാരാവലിക്കാരന്‍ അവിടെനിന്ന് പകര്‍ത്തിയതാകാനുംമതി.
നമ്മുടെ നിഘണ്ടു നിര്‍മാതാക്കൾ പെരുന്നാളിനെക്കുറിച്ചും ഈ അലസത കാണിച്ചിട്ടുണ്ട്. അത്തരമൊരു കമന്റ് ഗവേഷകനും ഫാറൂഖ് കോളജിലെ മലയാളം അധ്യാപകനുമായ അസീസ് തരുവണ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചേര്‍ത്തിരുന്നു (31 മാർച്ച് 2025).അതനുസരിച്ച് “ശബ്ദതാരാവലിയില്‍ ഈദിന് നല്‍കിയ അര്‍ഥം ‘മുസ്‌ലിംകളുടെ നൊയമ്പ്’ എന്നാണ്. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്ക് നോമ്പ് വിലക്കപ്പെട്ട (ഹറാം) ദിവസമാണ് ഈദ് എന്ന പെരുന്നാൾ.” [ഈ വിവരം സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല: എഡിറ്റർ].
ചരിത്ര രേഖ (1950)
പെരുന്നാളിനെകുറിച്ചുള്ള അറിവുകൾ മലയാളികൾക്ക് 1950 ൽ തന്നെ ലഭ്യമാണ്. മാതൃഭൂമി ആഴ്ചപതിപ്പിൽ ( പുസ്തകം 28 ) 1950 ജൂലൈ 16ന് ‘ഈദുൽ ഫിത്തർ’ ( പേജ് 3) എന്ന പേരിൽ കെ സി കോമുക്കുട്ടി മൗലവി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്. “മുസ്ലിംകൾ കൊണ്ടാടാറുള്ള സുദിനങ്ങളുടെ കൂട്ടത്തിൽ മതപരമായി തന്നെ പ്രാധാന്യവും പ്രാമാണ്യവുമുള്ള വിശേഷ ദിവസങ്ങളാണ് രണ്ടു പെരുന്നാളുകൾ . അവയിൽ ഒന്നാമത്തേതാണ് ഈ ചെറു പെരുന്നാൾ. വൃതാനുഷ്ഠാനത്തിൽ നിന്നു വിരമിക്കുന്നതോടു കൂടി ആരംഭിക്കുന്ന ഈ സുദിനത്തെ ഈദുൽ ഫിത്തർ ( വൃതവിരാമ മഹോൽസവം ) എന്നും , ഈദുൽ അസ്ഗർ ( ചെറിയ പെരുനാൾ) എന്നും നാമകരണം ചെയ്തിരിക്കുന്നു.” തുടർന്ന് സൂര്യ വർഷം പിൻതുടർന്നാണ് മുസ്‌ലിംകൾ നമസ്കാരം നിർണ്ണയിക്കുന്നുമെന്നു വിവരിക്കുന്നു. ചന്ദ്രവർഷം പിന്തുടർന്നാണ് കാലനിർണ്ണയവും വിശേഷദിവസങ്ങളും പരിഗണിക്കുന്നതെന്നും പറയുന്നു.
1950 സെപ്തംബർ 14 നു കെ സി കോമുക്കുട്ടി മൗലവി തന്നെ ‘ ഈദുൽ അക്ബർ ( വലിയ പെരുനാൾ)’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മറ്റൊരു കുറിപ്പ് ( പേജ് 9, 21) പ്രസിദ്ധീകരിച്ചിരുന്നു. ഈ കുറിപ്പിൻ്റെ അവസാനം അദ്ദേഹം പറയുന്നു:
“ഇബ്രാഹിം സ്വപുത്രനെ അറുക്കാനായി ഒരു ക്രൂരനെ പോലെ നിലത്തു പിടിച്ചു കിടത്തിക്കൊണ്ട് കണ്ഠത്തിൽ കത്തി വെച്ചു. മകനാകട്ടെ യാതൊരു ക്ഷമ കേടും കാണിക്കാതെ കഴുത്ത് മേലോട്ട് പൊക്കിക്കൊണ്ട് കത്തിയോടിപ്പിച്ചു കൊടുത്തതേയുള്ളൂ. എന്നാൽ ഇസ്മായിലിന്റെ കഴുത്ത് ചോദിക്കാൻ ഇടയായപ്പോഴേക്ക് ഇബ്രാഹിമിന്റെ സ്വപ്ന താൽപര്യം നിറവേറ്റിയതായി ദൈവസന്നിധിയിൽ നിന്ന് വിളിച്ചു പറയപ്പെട്ടു. അങ്ങിനെ ഇരു പേരും പരീക്ഷണത്തിൽ നിന്ന് വിജയം പ്രാപിച്ചു. ഈ സംഭവത്തിന്റെ സ്മാരകമായി വലിയ പെരുന്നാൾ ദിവസം ആടുമാടുകളെ അറുത്ത് സാധുക്കൾക്ക് ദാനം ചെയ്യുന്നത് ഒരു പുണ്യകർമ്മമായി കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഗോവധത്തെപ്പറ്റി ഇപ്പോൾ ഇന്ത്യയിൽ എതിരഭിപ്രായം വളർന്നു വന്നിട്ടുണ്ട്. ചിലർ മതവിശ്വാസത്തിന്റെ പേരിലും മറ്റുചിലർ സാമ്പത്തിക അടിസ്ഥാനത്തിലും അതിനെ ആക്ഷേപിക്കുന്നു. ഈ ആക്ഷേപത്തിന്റെ ന്യായാന്യായത്തെപ്പറ്റി തർക്കിക്കരുതെന്നും രാജ്യസമാധാനത്തെയും ഹിന്ദു മുസ്ലിം ഐക്യത്തെയും പരിഗണിച്ച് മുസ്ലീങ്ങൾ തൽക്കാലം ഗോവധം ഉപേക്ഷിക്കണമെന്നും വടക്കേ ഇന്ത്യയിലെ മതപണ്ഡിതന്മാർ അഭ്യർഥിക്കുന്നു. സമാധാന സ്ഥാപന മാർഗ്ഗത്തിൽ ഇതിനേക്കാൾ പ്രധാനമായ കാര്യങ്ങൾ കൂടി നമ്മുടെ പൂർവികന്മാർ കൈവെടിഞ്ഞിട്ടുണ്ടായിരുന്ന സ്ഥിതിക്ക് ഈ അഭ്യർഥനയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പെരുന്നാളും ഗോവധവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടെന്ന് വരുത്തിക്കൂട്ടിയത് സമുദായ മൈത്രിയുടെ വിരോധികളാണ്. അവർ ഈ സുദിനത്തിന് മറ്റെല്ലാ പേരുകളെയും ഉപേക്ഷിച്ചുകൊണ്ട് ബക്രീദ് എന്ന പേരാണ് സ്വീകരിച്ചത്. ഘടനയിൽ തന്നെ പിഴവ് കാണപ്പെടുന്ന ഈ നാമധേയം നാം കൈവിട്ടു കളയേണ്ടതാണ്. ഈദുൽ അക്ബർ, ഈദുൽ ഹജ്ജ് എന്നീ പേരുകൾ കൊണ്ട് നമുക്ക് തൃപ്തിപ്പെടാം. ഹസ്രത്ത് ഇബ്രാഹിമിനെ പോലെ അല്ലാഹുവിന്റെ മാർഗത്തിൽ സർവസവും ബലിയർപ്പിക്കുവാനും അവന്റെ ഉത്കൃഷ്ട സൃഷ്ടികളായ മനുഷ്യവർഗ്ഗങ്ങൾക്കിടയിൽ സമത്വവും സമാധാനവും സംസ്ഥാപിക്കുവാനും ഈ പെരുന്നാൾ നമുക്ക് പ്രചോദനം നൽകട്ടെ. അല്ലാഹു അക്ബർ.
വലിയ പെരുന്നാൾ ദിവസം ആടുമാടുകളെ അറുത്ത് സാധുക്കൾക്ക് ദാനം ചെയ്യുന്നത് ഒരു പുണ്യകർമ്മമായി കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഗോവധത്തെപ്പറ്റി ഇപ്പോൾ ഇന്ത്യയിൽ എതിരഭിപ്രായം വളർന്നു വന്നിട്ടുണ്ട്. ചിലർ മതവിശ്വാസത്തിന്റെ പേരിലും മറ്റുചിലർ സാമ്പത്തിക അടിസ്ഥാനത്തിലും അതിനെ ആക്ഷേപിക്കുന്നു. ഈ ആക്ഷേപത്തിന്റെ ന്യായാന്യായത്തെപ്പറ്റി തർക്കിക്കരുതെന്നും രാജ്യസമാധാനത്തെയും ഹിന്ദു മുസ്ലിം ഐക്യത്തെയും പരിഗണിച്ച് മുസ്ലീങ്ങൾ തൽക്കാലം ഗോവധം ഉപേക്ഷിക്കണമെന്നും വടക്കേ ഇന്ത്യയിലെ മതപണ്ഡിതന്മാർ അഭ്യർഥിക്കുന്നു. സമാധാന സ്ഥാപന മാർഗ്ഗത്തിൽ ഇതിനേക്കാൾ പ്രധാനമായ കാര്യങ്ങൾ കൂടി നമ്മുടെ പൂർവികന്മാർ കൈവെടിഞ്ഞിട്ടുണ്ടായിരുന്ന സ്ഥിതിക്ക് ഈ അഭ്യർഥനയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പെരുന്നാളും ഗോവധവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടെന്ന് വരുത്തിക്കൂട്ടിയത് സമുദായ മൈത്രിയുടെ വിരോധികളാണ്. അവർ ഈ സുദിനത്തിന് മറ്റെല്ലാ പേരുകളെയും ഉപേക്ഷിച്ചുകൊണ്ട് ബക്രീദ് എന്ന പേരാണ് സ്വീകരിച്ചത്.”
ബക്ര എന്ന ഉറുദു / ഹിന്ദി വാക്കിൻ്റെ അർഥം “ആട്” എന്നാണ്. ദക്ഷിണേഷ്യയിലാണ് മുസ്‌ലിംകൾ ഈ വാക്കുപയോഗിക്കുന്നത്. പശുവിനു “ഗായ്” എന്നാണല്ലോ പറയുക. ഗോഹത്യയുമായി ഈ വാക്കിനു ബന്ധമൊന്നുമില്ല.
ഈദുൽ അദ്ഹ എന്ന അറബി വാക്കിൻറെ ഇംഗ്ലീഷ് അർഥം ‘ദി ഫീസ്റ്റ് ഓഫ് സാക്രിഫൈസ്’ എന്നാണ് ( ജോൺ എൽ എസ് പോസിറ്റോ എഡിറ്റ് ചെയ്ത ദി ഇസ്‌ലാമിക് വേൾഡ്: പാസ്റ്റ് ആൻ്റ്റ് പ്രസൻ്റ് , ഓക്സഫഡ് യൂനിവേഴ്സിറ്റി പ്രസ്, 2004). ‘അദ്‌ഹാ’ എന്നതിന് ത്യാഗം അല്ലെങ്കിൽ ബലി അർപ്പിക്കൽ എന്നർഥമാണ്. ‘ബലി പെരുന്നാൾ’ എന്ന രീതിയിൽ മലയാളത്തിൽ അർഥം നൽകാവുന്നതാണ്. എന്നാൽ ലേഖകൻ ‘വലിയ പെരുന്നാൾ’ എന്നാണ് അർഥം നൽകുന്നത്. അതാവട്ടെ ‘ഈദുൽ അക്ബർ’ എന്ന വാക്കിന്റെ പരിഭാഷയാണ്. രണ്ടു രീതിയിലും മലയാളത്തിൽ ഉപയോഗിക്കാറുണ്ട്.
1950- കളിൽ നിലനിന്ന സാമുദായികാന്തരീക്ഷമായിരിക്കാം ലേഖകനെ ഇത്തരത്തിലുള്ളൊരു വായനക്കു പ്രേരിപ്പിച്ചിട്ടുണ്ടാവുക. മൌലവിയുടെ രാഷ്ട്രീയ -സാമൂഹ്യ പശ്ചാത്തലം കൂടി പരിഗണിക്കേണ്ടതുണ്ട്.
1900-ൽ മലപ്പുറം ജില്ലയിലെ ഒളവട്ടൂരിൽ ജനിച്ച കോമുക്കുട്ടി മൗലവി ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 1920-ൽ കോൺഗ്രസിൽ ചേർന്നു. 1921- ൽ ബ്രിട്ടീഷുകാരുടെ അടിച്ചമർത്തൽ കാരണം അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് പോയി. 1927ൽ എം.സി.സി. അബ്ദുറഹ്മാൻ മൗലവി, പി.കെ മൂസ മൗലവി തുടങ്ങിയവരുടെ കൂടെ കോഴിക്കോട്ടെ മദ്റസതുൽ മുഹമ്മദിയ്യയിൽ അറബി അധ്യാപകനായി. രാഷ്ട്രീയ രംഗത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അനുയായിയും ഇ.മൊയ്തു മൗലവിയുടെ സഹപ്രവർത്തകനുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1930-32ൽ ഗാന്ധിജി നേതൃത്വം നൽകിയ ഉപ്പ് സത്യാഗ്രഹത്തിലും സിവിൽ നിയമലംഘനത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും സജീവമായി നിലകൊണ്ടു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചാരപ്രവർത്തനങ്ങളും രഹസ്യ പ്രവർത്തനങ്ങളുമായി കരുക്കൾ നീക്കി. 1940 കളിൽ ജിന്നയുടെ മുസ്ലിം ലീഗിനെയും പാകിസ്താൻ വാദത്തെയും അദേഹം എതിര്ത്തു. 1960ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയപ്പോൾ അതിൽ പ്രതിഷേധിച്ച് കോൺഗ്രസിനെതിരെ സ്വതന്ത്രനായി കോമുക്കുട്ടി മൗലവി മത്സരിച്ചു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചു. 1967-ൽ നിര്യാതനായി.
പെരുന്നാള്‍ ദിനത്തിലെ റംസാന്‍ ആശംസ(2025)
മുസ്‌ലിംകളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും മറ്റു വസ്തുതകളും അലസമായി ഉപയോഗിക്കുക പതിവാണ്. കഴിഞ്ഞ വര്ഷം ഈദ് ആശംസകള്‍ക്കു പകരം റംസാന്‍ ആശംസകള്‍ വരുന്നത് അങ്ങനെയാണ്. മുസ്‌ലിംകള്‍ക്ക് രാഹുല്‍ഗാന്ധി റംസാന്‍ ആശംസ നല്‍കിയതായി ജനംടിവി റിപോര്‍ട്ട് ( 2025 മാർച്ച് 31) ചെയ്തു.
സി പി ഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് മറ്റൊരാള്‍. അദ്ദേഹം നേര്‍ന്നതും ‘റംസാന്‍ ആശംസ’ തന്നെ. വിമര്ശനം വന്നപ്പോൾ പിന്നീടു തിരുത്തി(2025 മാര്‍ച്ച് 31, ഫേസ്ബുക്ക്/ ബിനോയ് വിശ്വം)
ഇതൊന്നും വ്യക്തികൾ ബോധപൂര്‍വം എടുത്ത നിലപാടല്ല. വ്യക്തിപരമായ ഒരു പ്രശ്‌നത്തിന്റെ ഭാഗമായി ഇസ്‌ലാമോഫോബിയയെ കാണാന്‍ കഴിയില്ല. പക്ഷെ ഇസ്‌ലാമോഫോബിയയുടെ ഘടനാപരമായ പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നു.
പെരുന്നാൾ (2025)
2025- ൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് (22 ആഗസ്റ്റ് 2025) കാണുക. കേരളത്തിലെ പ്രധാന ആഘോഷവേളകളിൽ വിദ്യാലയങ്ങളിൽ യൂണിഫോം വേണ്ടെന്ന ഉത്തരവ് പുറപ്പെടുവിച്ചതിനെക്കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിൽ മന്ത്രി വി.ശിവൻകുട്ടി ‘ഓണം,ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ’ എന്ന് ആദ്യം എഴുതുകയും പിന്നീട് പെരുന്നാൾ എന്ന് തിരുത്തുകയും ചെയ്തു. ‘റംസാൻ മാസം മുഴുവൻ ആഘോഷമാണോ’ എന്ന തരത്തിൽ ഒരുപാട് കമെന്റുകൾ വന്ന ശേഷമാണ് തിരുത്ത്.
ചെറിയ പെരുന്നാൾ (2024)
2024ലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചു. അതൊക്കെ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. മാധ്യമങ്ങള്‍ സ്വന്തം നിലയ്ക്കും ആശംസകള്‍ അറിയിച്ചു. പെരുന്നാള്‍ ദിനത്തില്‍ പലരും മുസ്‌ലിംകള്‍ക്ക് ‘റംസാന്‍ ആശംസകളാണ്’ നല്‍കിയത്. കേരള കൗമുദി പത്രം ഏപ്രില്‍ 10ന് ഗവണര്‍റുടെ റംസാന്‍ ആശംസകള്‍ അറിയിച്ചു. കേരള കൗമുദി ദിനപത്രം നല്‍കിയ തെലക്കെട്ട് ഇങ്ങനെയായിരുന്നു: ‘റംസാന്‍ ആശംസകളുമായി ഗവര്‍ണര്‍’ (ഏപ്രില്‍ 10, 2024). ഈദുല്‍ ഫിത്ര്‍, ചെറിയ പെരുന്നാള്‍ ആശംസകള്‍ നല്‍കേണ്ടിടത്തായിരുന്നു ഈ തെറ്റ് വരുത്തിയത്.
പെരുന്നാള്‍ അവധി വിവാദം (2025)
ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 2025 ജൂണ്‍ 6ാം തിയ്യതി പ്രഖ്യാപിച്ച അവധി 7ാം തിയ്യതിയിലേക്ക് മാറ്റി. കലണ്ടര്‍ പ്രകാരം 6ാം തിയ്യതിയായിരുന്നു അവധി. പെരുന്നാള്‍ ഏഴാം തിയ്യതിയായ സാഹചര്യത്തിലായിരുന്നു ഈ മാറ്റം.
സംസ്ഥാനത്ത് ഒരുവിഭാഗം ജൂണ്‍ 6ാം തിയ്യതി പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ആറാം തിയ്യതിയിലെ അവധി സര്‍ക്കാര്‍ ഏഴിലേക്ക് മാറ്റിയത്. അഞ്ചാം തിയ്യതി വൈകീട്ടാണ് അവധി മാറ്റിയതായ തീരുമാനം പുറത്തുവന്നത്. ആറാം തിയ്യതി അവധിയാണെന്ന ധാരണയില്‍ പലരും വീടുകളിലേക്ക് പോയ സമയത്ത് ഇങ്ങനെയൊരു തീരുമാനം വന്നത് പലര്‍ക്കും അസൗകര്യങ്ങളുമുണ്ടാക്കി(കെഎസ്ടിയു പ്രസ്താവന, 2025 ജൂണ്‍ 5).
അവധി ദിനം മാറ്റിയതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. (പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം – മുസ്‌ലിംലീഗ്, 2025 ജൂണ്‍ 5, മാധ്യമം). ലീഗ് പരസ്യമായി രംഗത്തുവന്നു. സ്‌കൂളുകളും കോളജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാദമിക് കലണ്ടര്‍ അടക്കം ക്രമീകരിച്ചിട്ടുള്ളതെന്നും അത് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകുമെന്നും കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ അഭിപ്രായപ്പെട്ടു. കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ, എസ്‌കെഎസ്എസ്എഫ്, എംഎസ്എം, കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍… തുടങ്ങി നിരവധി സംഘടനകള്‍ അവധി മാറ്റിയതിനെതിരേ രംഗത്തുവന്നു.
കുത്തിത്തിരുപ്പ്
അവധി വിവാദം കുത്തിത്തിരുപ്പു മാത്രമാണെന്നും പെരുന്നാള്‍ ഏഴാം തിയ്യതിയായതിനാല്‍ അന്നുതന്നെയാണ് അവധി വേണ്ടതെന്നും മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന തന്റെ ഫേസ്ബുക്കില്‍ കുറിച്ചു: ”പെരുന്നാള്‍ മറ്റന്നാളാണ്. അപ്പോള്‍ അവധി വേണ്ടതും മറ്റന്നാളാണ്. കേരളത്തിലെ മുസ് ലിംകള്‍ക്ക് അതറിയാം. നാളെ അവധി തരാത്തതില്‍ പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ മനസ്സിലിരിപ്പും അറിയാം. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. പെരുന്നാള്‍ അവധിയുടെ പേരില്‍ കുത്തിത്തിരിപ്പുമായി ഇറങ്ങുന്നവര്‍ അതോര്‍ക്കണം” (2025 ജൂണ്‍ 5, ഫേസ്ബുക്ക്/ കെ കെ ഷാഹിന).
വര്‍ഗീയ വിഷം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ പ്രചാരണത്തില്‍ വര്‍ഗീയ വിഷം കലക്കാനാണ് പെരുന്നാള്‍ അവധി വിവാദമാക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ എം സ്വരാജ് കുറ്റപ്പെടുത്തി(പെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരിച്ച് എം സ്വരാജ്; പ്രചാരണത്തില്‍ വര്‍ഗീയ വിഷം കലക്കാന്‍ ശ്രമിക്കുന്നു, അതാണ് ഇത്തരം വിഷയങ്ങള്‍ക്ക് പിന്നില്‍, 2025 ജൂണ്‍ 6, ഏഷ്യാനെറ്റ്)
രാഷ്ട്രീയമുതലെടുപ്പ്
അവധി വിവാദമാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു(പെരുന്നാള്‍ അവധി: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി, 2025 ജൂണ്‍ 6, മാധ്യമം)
വര്‍ഗീയവിഷം കലര്‍ത്താന്‍ ശ്രമം
ബലി പെരുന്നാള്‍ അവധി വിവാദത്തില്‍ ഇടപെട്ട് എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. വര്‍ഗീയ വിഷം കലര്‍ത്താനാണ് ശ്രമം. കലണ്ടര്‍ അനുസരിച്ചാണ് അവധി തീരുമാനിച്ചത്. അതില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. (ബക്രീദ് അവധി വിവാദം; വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എം.വി ഗോവിന്ദന്‍, 2025 ജൂണ്‍ 6, മാധ്യമം)
വിവാദം കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആറാം തിയ്യതിയും ഏഴാം തിയ്യതിയും അവധി പ്രഖ്യാപിച്ചു(ബക്രീദ് അവധി സര്‍ക്കാര്‍ വെച്ചി; പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്ത്, 2025 ജൂണ്‍ 6, വീക്ഷണം).
പെരുന്നാൾ പരീക്ഷ വിവാദം ( 2024)
കാലിക്കറ്റ് സര്‍വകലശാല ചെറിയ പെരുന്നാള്‍ ദിനത്തോട് അടുത്ത ദിവസങ്ങളില്‍ പരീക്ഷ പ്രഖ്യാപിച്ച വാര്‍ത്ത വന്നത് 2024 ഏപ്രില്‍ രണ്ടിനാണ് (മീഡിയ വണ്‍). സ്വാഭാവികമായും ഈ തീരുമാനത്തിനെതിരേ പ്രതിഷേധമുണ്ടായി. മുസ്‌ലിംസംഘടനകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ ആറിലേക്ക് പരീക്ഷ മാറ്റി(മാധ്യമം, 2024 ഏപ്രില്‍ 6). നേരത്തെ നടക്കേണ്ട മറ്റൊരു പരീക്ഷ മാറ്റിവെച്ചതും പെരുന്നാളിനോട് അനുബന്ധിച്ച ദിവസങ്ങളിലേക്കാണ്. സര്‍വകലശാലയിലെ ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഒന്‍പതാം തീയതിയും 12-ാം തീയതിയും നടത്താനാണ് തീരുമാനിച്ചത്. പത്താം തീയതിയോ പതിനൊന്നാം തീയതിയോ ആയിരിക്കും പെരുന്നാള്‍ എന്നറിയാത്തവരല്ല സര്‍വകലാശാലയില്‍ ഇരിക്കുന്നത്. 2021 മുതല്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പരീക്ഷാഭവന്റെ തീരുമാനം വിവാദമാകുന്നത്. (2 ഏപ്രില്‍ 2024, മാധ്യമം). പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും പരീക്ഷകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചായിരുന്നു കോഴിക്കോട് സര്‍വകലാശാലയുടെ നടപടി. കേരളത്തിലെ 26 ശതമാനം വരുന്ന മതന്യൂനപക്ഷത്തിന്റെ, വര്‍ഷത്തില്‍ രണ്ടാഘോഷമുള്ളതില്‍ ഒന്നിനെക്കുറിച്ചു കാലിക്കറ്റ് സര്‍വകലാശാല പുലര്‍ത്തിയ അജ്ഞത നിരാശാജനകമായിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ പരീക്ഷ നടത്താന്‍ മദ്രാസ് സര്‍വകലാശാലയും തീരുമാനിച്ചിരുന്നു. ഇതിനെതിരേയും പരാതി ഉയര്‍ന്നു. കേരളത്തില്‍നിന്ന് വ്യത്യസ്തമായി എസ്ഐഒ അടക്കമുള്ള സ്‌ലിംസംഘടനകള്‍ക്കു പുറമെ എസ്എഫ്‌ഐയും പരാതിയുമായി രംഗത്തെത്തിയിരുന്നു (4 ഏപ്രിൽ 2024 , മദ്രാസ് യൂണിവേഴ്സിറ്റി രെജിസ്ത്രാറുടെ മെമോ). എന്നാൽ കേരളത്തിൽ അത്തരമൊരു നീക്കം ഉണ്ടായില്ല.
ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി: സമസ്ത നൂറാം വാർഷിക പ്രമേയം (2026)
ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാസര്‍കോട് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം (‘ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി നല്‍കണം’; സമസ്ത സമ്മേളനത്തില്‍ പ്രമേയം , 8 ഫെബ്രുവരി 2026 , റിപ്പോർട്ടർ ടിവി). വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്. കെ ടി ഹംസ മുസ്‌ലിയാര്‍ വയനാട് അനുവാദകനായി.
മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണെന്ന് സമ്മേളനം വിലയിരുത്തുന്നു. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന് ഈ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നുവെന്നും പറയുന്നു.
പൊതുവിദ്യാഭ്യാസ കലണ്ടറില്‍ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്‌കാരത്തിന് തടസ്സമാകാത്ത രീതിയില്‍ പരീക്ഷകള്‍ നടത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജുമുഅ സമയത്ത് പരീക്ഷകള്‍ നടത്തുന്നത് വിശ്വാസികളോടുള്ള അനീതിയാണെന്നും പ്രമേയത്തില്‍ പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം
2026ലെ സര്ക്കാർ കലണ്ടർ പ്രകാരം 2026 മാർച്ച് 20 (ഈദുൽ ഫിത്വർ), 2026 മെയ് 27 (ബക്രീദ്) തുടങ്ങിയവയാണ് പെരുന്നാൾ അവധികൾ. ആകെ രണ്ടു ദിവസം.
പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി നൽകണമെന്നത് നയപരമായ തീരുമാനം വേണ്ട കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു (പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി: നയപരമായ തീരുമാനം വേണമെന്ന് മന്ത്രി, മാധ്യമം, 2026 ഫെബ്രുവരി 8 ). അതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ഇപ്പോൾ മറുപടി പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുന്നാളുകൾക്ക് മൂന്നു ദിവസത്തെ അവധി: നാലര പതിറ്റാണ്ട് മുമ്പത്തെ ഉത്തരവിന് എന്ത് സംഭവിച്ചു?
പെരുന്നാളുകൾക്ക് മൂന്നു ദിവസത്തെ അവധി അനുവദിച്ച നാലര പതിറ്റാണ്ട് പഴക്കമുള്ള സർക്കാർ ഉത്തരവിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കാൻ എൽ ഡി എഫ് സർക്കാരിന് കഴിയുന്നില്ലന്നു സുപ്രഭാതം റിപ്പോര്ട്ട് ചെയ്യുന്നു (പെരുന്നാളുകൾക്ക് മൂന്നു ദിവസത്തെ അവധി: നാലര പതിറ്റാണ്ട് മുമ്പത്തെ ഉത്തരവിന് എന്ത് സംഭവിച്ചു? 2026 മാർച്ച് 19 , സുപ്രഭാതം).
കൊയിലാണ്ടി സ്വദേശിയായ എസ്. വി. കവിത നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ ഗവൺമെന്റ് അണ്ടർ സെക്രട്ടറി പി. എസ്. ശ്രീദേവിയാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്.
1979 ഓഗസ്റ്റ് 13-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 1460/79 H.Edn. ഉത്തരവിൽ ഈദുൽ ഫിത്വറിനും ഈദുൽ അദ്ഹക്കും മൂന്നു ദിവസത്തെ അവധി അനുവദിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് 1983-ലെ 210 517/83 H.Edn. ഉത്തരവിലൂടെ വീണ്ടും സ്ഥിരീകരിക്കപ്പെട്ടതുമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്കാദമിക് കലണ്ടർ തയ്യാറാക്കുമ്പോൾ ഇത് പരിഗണിക്കണമെന്ന് വകുപ്പിന്റെ നിർദേശവും ഉണ്ടായിരുന്നു.
1983-ലെ ഉത്തരവ് നടപ്പിലാക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നുവരുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമ്മേളനത്തിലും ഇത് പ്രമേയമായി അംഗീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2023-ൽ കവിത വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു.
എന്നാൽ നൽകിയ മറുപടിയിൽ 40 വർഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രാബല്യം സംബന്ധിച്ചോ, പിന്നീട് അത് റദ്ദാക്കിയിട്ടുണ്ടോയെന്നതുമായി ബന്ധപ്പെട്ട രേഖകൾ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പക്കൽ ലഭ്യമല്ലെന്ന് അറിയിച്ചു.
നിലവിൽ പെരുന്നാളുകളുടെ അവധി ഓരോ വർഷവും പ്രത്യേകം അനുവദിക്കുകയാണ് ചെയ്യുന്നതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മുസ്ലിംകളുടെ പ്രധാന ആഘോഷങ്ങളായ ഈദുൽ ഫിത്വറും ഈദുല്‍ അദ്ഹയും ഓരോന്നിനും മൂന്നു ദിവസത്തെ അവധി അനുവദിക്കണമെന്ന ആവശ്യം വിവിധ വേദികളിൽ ഉയർന്നിട്ടുണ്ട്.
ഇപ്പോൾ ഒരു ദിവസത്തെ അവധിയാണ് അനുവദിക്കുന്നത്. മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയാണ് പെരുന്നാൾ നിശ്ചയിക്കുന്നത് എന്നതിനാൽ, തീയതി മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കലണ്ടറിൽ രേഖപ്പെടുത്തിയ ദിവസത്തിൽ നിന്ന് വ്യത്യസ്തമായി പെരുന്നാൾ വരുമ്പോൾ അവധിയിൽ മാറ്റം വരുത്തുകയോ, ഒരു ദിവസം കൂടി അനുവദിക്കുകയോ ആണ് നിലവിൽ ചെയ്യുന്നത്.
മൂന്നു ദിവസത്തെ അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട് എന്നു സുപ്രഭാതം റിപ്പോര്ട്ട് പറയുന്നു.
പോസ്റ്റ് സ്ക്രിപ്റ്റ്
ഈ ലേഖനം പ്രസിദ്ധീകരിച്ചത് 2026 മാർച്ച് 19 നായിരുന്നു. അന്നു വൈകുന്നേരം മാസപ്പിറവികണ്ടു ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചതോടെയാണ് ലേഖനം പുറത്തുവന്നത്. എന്നിരുന്നാലും ധാരാളം ‘റംസാൻ ആശംസകൾ’ ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ 24 ന്യൂസിന്റെ ന്യൂസ് കാർഡ് (2026 മാർച്ച് 20) ഇങ്ങിനെയായിരുന്നു: “സമാധാനത്തിന്റെയും ആത്മശുദ്ധിയുടെയും റംസാൻ ആശംസകൾ.” മുൻ ഡി. ജി. പി. യും സംഘപരിവാർ അനുകൂലിയുമായ ടി. പി. സെൻകുമാറിന്റെ ( 2026 മാർച്ച് 20) ഫേസ്ബുക് പോസ്റ്റ് ഇതായിരുന്നു: “ഏവർക്കും റംസാൻ ആശംസകൾ” എന്നു മലയാളം ടൈറ്റിൽ. താഴെ ഇംഗ്ലീഷിൽ “ഈദ് മുബാറക്” എന്ന പോസ്റ്റർ. സതേൺ റെയിൽവേ നല്കിയ ഇംഗ്ലീഷ് കാര്ഡ് ഇങ്ങിനെ: “റംസാൻ മുബാറക്” (2026 മാർച്ച് 20, ഫേസ്ബുക് പോസ്റ്റ്).
റഫറൻസ്
Hatem Bazian. (2016). Muslims are studied but not known. Daily Sabah. 31 March. Available from: https://www.dailysabah.com/columns/hatem-bazian/2016/03/31/muslims-are-studied-but-not-known
John L. Esposito (2004). The Islamic World: Past and Present. New York: Oxford University Press.
(കടപ്പാട്: ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്)
അപ്ഡേറ്റഡ്: 21 മാർച്ച് 2026.