2023 ലെ കേരളീയ ഇസ്ലാമോഫോബിയ: ഒരു വിശകലനം
ഭക്ഷണം, വസ്ത്രം, തൊഴില്‍,അന്താരാഷ്ട്ര പ്രശ്നം, മാധ്യമം, വിദ്യാഭ്യാസം, പ്രദേശം,രാഷ്ട്രീയ പ്രവര്‍ത്തനം, സാമുദായിക ചിഹ്നങ്ങള്‍,ലിംഗ രാഷ്ട്രീയം, സാമൂഹ്യ മനോഭാവം തുടങ്ങിയ നിരവധി വ്യവഹാരങ്ങളുടെ സന്ദർഭത്തില്‍ മുസ്ലിംകകളെ പ്രത്യേകം അടയാളപ്പെടുത്തുക. തുടർന്ന് മറ്റു സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നിർവചിക്കുകയും വിവേചനവും ബഹിഷ്കരണവും ഉച്ചനീചത്വവും കല്പിക്കുകയും ചെയ്യുന്ന വംശീയതയാണ് ഇസ്ലാമോഫോബിയ. ഒരു ജനവിഭാഗം എന്ന നിലയിൽ മുസ്ലിംകള് ‘വ്യത്യസ്തരാണ്’ എന്ന സ്വയം നിർണയനം ഒരു രാഷ്ട്രീയ അവകാശമാണ്. സ്വയം നിരണയവകാശത്തിന്റെ നിഷേധത്തിലൂടെ മുസ്ലിംകളെ എങ്ങിനെ ബാഹ്യ ശക്തികൾ ‘വ്യത്യസ്തരാക്കുന്നുവെന്നതാണ്’ അടിസ്ഥാന പ്രശ്നം. 2023 വര്‍ഷം കേരളത്തില്‍ നടന്ന പൊതു പ്രശ്നങ്ങള്‍ പരിശോധിച്ചാല്‍ ഈ വംശീയത നിരന്തരം ആവർത്തിക്കുന്ന ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. തിരഞ്ഞെടുത്ത 19 സംഭവങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഇതിലേറെ വിപുലമാണ് ഈ പ്രശ്നം എന്നതും കാണേണ്ടതുണ്ട്.
മുസ്ലിം സ്വയംനിര്ണ്ണയവാകാശത്തിന്റെ നിഷേധമാണ് ഇസ്ലാമോഫോബിയ എന്ന വംശീയത ലക്ഷ്യം വെക്കുന്നത്. മുസ്ലിം സാമുദായിക/ രാഷ്ട്രീയ സംഘാടനത്തിന്റെ നിഷേധമാണ് അതിന്റെ മൂര്‍ത്ത ഇന്ത്യന്‍ ദേശീയ സാഹചര്യം. എന്നാല്‍ ഈ ഘട്ടങ്ങളും കഴിഞ്ഞു മുസ്ലിം വ്യക്തികള്‍ മതേതരരോ ഇടതുപക്ഷ പ്രവര്‍ത്തകരോ മതനിഷേധികളോ ആയാല്‍ പോയാലും അവരുടെ ജീവിതത്തില്‍ നിന്നു കണ്ടെടുക്കുവുന്ന ദുര്‍ബലമായ മുസ്ലിം സൂചകങ്ങള്‍ പോലും വംശീയമായി ലക്ഷ്യമിടുന്ന തരത്തില്‍ ഇസ്ലാമോഫോബിയ വളര്‍ന്നു വികസിച്ചിരിക്കുന്നു.
വിവിധ വ്യവഹാരങ്ങളിലൂടെ ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത് നിരവധി മാതൃകകളിലൂടെയാണ്. തീവ്രവാദ/ഭീകരതാ ആരോപണം, ഹലാൽ ഭീതി, വ്യാജ പ്രചരണം , രാഷ്ട്രീയ അവകാശ നിഷേധം , ഇരട്ട നീതി, , സാമാന്യവൽകരണം , പ്രദേശ ഭീതി , അപര വിദ്വേഷം , ന്യൂനപക്ഷ അവകാശ നിഷേധം, മുസ്ലിം സ്ത്രീ അവകാശ നിഷേധം , തൊഴില്‍ വിവേചനം, പൊതു വ്യക്തി പക്ഷേ മുസ്ലിം ആവുന്ന രീതി, പൊതുബോധത്തെ കുറ്റം ചെയ്യാനുള്ള ഒരു പഴുതായി ഉപയോഗിക്കുന്ന രീതി, മുസ്ലിം മൂലധനത്തോടുള്ള ഭീതി, അദൃശ്യ മുസ്ലിം ഭീഷണി, മാധ്യമ പ്രചാരണം തുടങ്ങി നിരവധി മാതൃകകളായി ഇസ്ലാമോഫോബിയ ഈ വര്‍ഷം പ്രവർത്തിക്കുന്നത് കാണാം.
സംഘപരിവാര്‍ രാഷ്ട്രീയത്തിനു പുറത്തുള്ളതെന്നു പറയുന്ന കേരളം പോലും ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തന രീതികളാല്‍ സമ്പന്നമാണെന്നതിനു 2023 വര്‍ഷം നടന്ന സംഭവങ്ങള്‍ കാണിച്ചുതരുന്നു. പക്ഷേ സംഘപരിവാറും സംഘപരിവാര്‍ വിരുദ്ധരും നടത്തുന്ന ഇസ്ലാമോഫോബിയയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ഉന്മൂലന (അനൈഹിലെഷൻ) സ്വഭാവമുള്ള ‘സംഘപരിവാര്‍ ഇസ്ലാമോഫോബിയ’ പ്രചാരവേലയുടെ (പ്രൊപ്പഗണ്ഡ) മാതൃകയാണ് സ്വീകരിക്കുന്നത്. വിവേചന (ഡിസ്ക്രിമിനേഷൻ) സ്വഭാവമുള്ള ‘പൊതു ഇസ്ലാമോഫോബിയ’യും അതിന്റെ ലക്ഷ്യത്തിൽ വ്യത്യസ്തമാണെങ്കിലും മാർഗത്തില്‍ ഒന്നു ചേരുന്നതും കാണേണ്ടതാണ്. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഫാസിസ്റ്റ് പ്രചാരവേലയുടെ പല ഘടകങ്ങളും പൊതു ഇസ്ലാമോഫോബിയയുടെ ഭാഗമാണ്.
1 വസ്ത്രം, ഭക്ഷണം
വസ്ത്രം, ഭക്ഷണം, തുടങ്ങിയ ദൈനംദിന വ്യവഹാരങ്ങളിലൂടെ ഇസ്ലാമോഫോബിയക്ക് കാരണമാവാം. വളരെ അടിസ്ഥാനപരമായ ജീവിത തിരഞ്ഞെടുപ്പുകളാണ് വസ്ത്രം, ഭക്ഷണം എന്നിവ. എന്നാൽ ഹിജാബ് നിരോധനം, ബീഫ് വിരുദ്ധത തുടങ്ങിയ വംശീയ പ്രയോഗങ്ങളിലൂടെ ഭരണകൂടം തന്നെ ഇസ്ലാമോഫോബിയയുടെ ഉപകരണങ്ങളാക്കി വസ്ത്രം, ഭക്ഷണം എന്നിവയെ മാറ്റിയെടുത്തിരിക്കുന്നു. കേരളത്തിന്റെ പൊതു സാമൂഹിക – രാഷ്ട്രീയ പ്രയോഗങ്ങളിൽ ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ ധാരാളമാണ്.
1.1. വസ്ത്രം എന്ന വ്യവഹാരവും തീവ്രവാദ ആരോപണവും
2023 ജനുവരിയില്‍ കോഴിക്കോട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്കാരം വലിയ വിവാദമായി. പി.കെ ഗോപി രചിച്ച സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്കാരം മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള പ്രമുഖരുടെ മുന്നിലാണ് അരങ്ങേറിയത്. കഫിയ എന്ന അറബ് പുരുഷ ശിരോവസ്ത്രം രാജ്യത്തിനു ഭീഷണിയായ ഒരു തീവ്രവാദിയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു എന്നതായിരുന്നു പ്രശ്നം. അതോടെ ജനുവരിയിലെ ആദ്യത്തെ ആഴ്ച തന്നെ കേരളം ഇസ്ലാമോഫോബിയ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതമായി. വസ്ത്രം എന്ന സാമൂഹിക വ്യവഹാരങ്ങളെ ഭീകരത, തീവ്രവാദം തുടങ്ങിയ ഇസ്ലമോഫോബിയയുടെ മാതൃകയാക്കി മാറ്റുന്ന കാഴ്ചയാണ് കലോൽസവ വേദിയിൽ അരങ്ങേറിയത്. സംഭവം സംഘപരിവര്‍ ‘അസംബന്ധം’ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു (ജനുവരി 10, മലയാള മനോരമ ഓൺലൈൻ). നടക്കാവ് പോലീസ് കേസെടുത്തു. 1980കളോടെ തുടങ്ങിയതും ശീതയുദ്ധാനന്തരം ലോകത്തു ശക്തിപ്പെട്ടതും ആയ മുസ്ലിം എന്ന സാമൂഹിക/ രാഷ്ട്രീയ സ്ഥാനത്തെ ഭീകരത, തീവ്രവാദം തുടങ്ങിയ പദാവലികളിലേക്ക് പൂരണമായും കണ്ണിചേർക്കുന്ന മാതൃകക്കു നാല്പതു വര്‍ഷത്തെ പഴക്കമുണ്ട്.
1.2. ഹലാല്‍ ഭക്ഷണവും ഫാഷിസ്റ്റ് പ്രചാരവേലയും
ദീര്‍ഘകാലമായി കേരള സ്കൂള്‍ കലോല്‍സവത്തില്‍ വച്ചുവിളമ്പുന്നത് പഴയിടം നമ്പൂതിരിയാണ്. സസ്യഭക്ഷണമാണ് പതിവ്. നോണ്‍വെജ് ഭക്ഷണം കൂടി വിളമ്പണമെന്ന ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തവണ അതൊരു വിവാദമായി പൊട്ടിപ്പുറപ്പെട്ടു. അടുത്ത തവണ താന്‍ പാചകത്തിനില്ലെന്ന് പഴയിടം നമ്പൂതിരി പ്രസ്താവനയിറക്കി.
അതിനിടയില്‍ കോഴിക്കോട്ടെ യുവജനോല്സവത്തില് ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അടുത്ത തവണ നോണ്‍-വെജ് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ് ബുക്കിലൂടെ അറിയിച്ചു (5 ജനുവരി 2023, ടൈംസ് ഓഫ് ഇന്ത്യ മലയാളം). പച്ചക്കറി മാത്രം വിളമ്പുന്നതിനെതിരേ മാധ്യമപ്രവര്‍ത്തകനായ അരുണ്‍കുമാറും സമാനമായ ചിലരും രംഗത്തുവന്നു. പച്ചക്കറി മാത്രം വിളമ്പുന്നത് ജാതീയതയുടെ ഭാഗമാണെന്നായിരുന്നു വിമര്‍ശനം. ഇടത് സഹയാത്രികനായ നടന് സുരേഷ് കീഴാറ്റൂര്‍ അരുണ്‍കുമാറിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തുവന്നു. ഈ വിഷയത്തില്‍ ജാതീയത കാണുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.
നോണ്‍വെജ് എന്നത് മുസ്ലിംകളുടെ മാത്രം ആവശ്യമായിരുന്നില്ല. ദലിത് പിന്നാക്ക/ക്രൈസ്തവ വിഭാഗങ്ങളും നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ വിവാദം കൊഴുത്തതോടെ പ്രശ്നത്തെ സംഘപരിവാര്‍ സംഘങ്ങള്‍ മുസ്ലിംഭക്ഷണവുമായി കൂട്ടിക്കെട്ടി. അതോടെ വസ്തുതകള്‍ മാറിമറിഞ്ഞു. കലോല്‍സവത്തില്‍ ഹലാല്‍ ഭക്ഷണം നല്‍കണെന്ന് മുസ്ലിംകള് ആവശ്യപ്പെട്ടെന്നും അങ്ങനെ സംഭവിച്ചാല്‍ തടയുമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്.വി ബാബു ഭീഷണിമുഴക്കി (8 ജനുവരി, ന്യൂസ് 18 മലയാളം) . ഭക്ഷണത്തെക്കുറിച്ചുള്ള ഒരു വ്യവഹാരം ഇസ്ലാമോഫോബിയയുടെ മാതൃകയിലേക്ക് മാറുന്നു. അതോടൊപ്പം തന്നെ ഒരു പൊതു രാഷ്ട്രീയ പ്രശ്നം മുസ്ലിം പ്രശ്നമാക്കി മാറ്റിയാൽ ആ പൊതു പ്രശനത്തിന് സാമൂഹിക സ്വീകാര്യത കുറയുമെന്ന കണക്കുക്കൂട്ടൽ സംഘപരിവാറിനുണ്ട്. ഒരു വ്യവഹാരത്തിലൂടെ ഇസ്ലാമോഫോബിയയുടെ പല മാതൃകകൾ ഒന്നിച്ചു ചേരുന്ന രീതിയാണ് ഇത്. സംഘപരിവാര്‍ ‘പൊതു ഇസ്ലാമോഫോബിയ’യെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന മാതൃകയുടെ ഭാഗമാണിത്.
1.3. തട്ടവും സ്വതന്ത്രചിന്തയുടെ അഭാവവും
2023 ഒക്ടോബറില്‍ സിപിഎം നേതാവ് അഡ്വ. അനില്‍ കുമാര്‍ യുക്തിവാദികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും മുസ്ലിം സ്ത്രീകള്‍ തട്ടത്തില്‍ നിന്ന് പുരോഗമിച്ചതിനു പിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് പ്രസംഗിക്കുകയും ചെയ്തത് മുസ്ലിംകളുമായി ബന്ധപ്പെട്ട വിവാദം പൊതുമണ്ഡലത്തില്‍ വികസിക്കാന്‍ കാരണമായി. 2023 ഒക്ടോബര്‍ 2നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്’23- നാസ്തിക സമ്മേളനത്തിലാണ് അനില്‍കുമാറിന്റെ പരാമര്‍ശം: ‘മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.’ വലിയൊരു പ്രസംഗത്തിലെ ചെറിയൊരു ഭാഗണെങ്കിലും മുസ്ലിം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച ‘പുരോഗമന നാഗരിക ദൗത്യ’ത്തിന്റെ ഭാഷ ശ്രദ്ധ പിടിച്ചുപറ്റി. മലപ്പുറത്തെ മുസ്ലിം സ്ത്രീകളെ വിമോചിപ്പിക്കുക എന്ന പരികല്പനയിലെ സ്ത്രീവിരുദ്ധതയും പ്രദേശ ഭീതിയും സ്ത്രീ എന്ന സാമൂഹിക സ്ഥാനം മുസ്ലിം ആവുമ്പോൾ നിഷേധിക്കപ്പെടുന്ന സ്വയം നിർണയവകാശവും ഇസ്ലാമോഫോബിയയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണ്.
വിശ്വാസികളെയടക്കം എല്ലാവരെയും ഉള്‍കൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം എന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന് വിശദീകരിച്ചത് അനില്‍ കുമാറിന്റെ പ്രസ്താവനയിലെ ലളിതബോധ്യങ്ങളുടെ തിരുത്തായിരുന്നു. കെ ദില്‍റുബ എഡിറ്ററായ ‘തട്ടവും തിട്ടൂരങ്ങളും: ഇസ്ലാമോഫോബിയ കാലത്തെ ഹിജാബനുഭവങ്ങള്‍’ (2023 പ്രൊഫൗണ്ട് ബുക്സ് ) എന്ന പുസ്തകം ഇരുപതോളം മുസ്ലിം സ്ത്രീ എഴുത്തുകാര്‍ അണിനിരക്കുന്ന പുസ്തകം ‘ലിംഗവൽകരിക്കപ്പെട്ട ഇസ്ലാമോഫോബിയ’ക്കെതിരായ മുസ്ലിം സ്ത്രീ രാഷ്ട്രീയ ഇടപെടലിന്റെ രേഖയാണ്.
2 പ്രദേശം
ചില പ്രദേശങ്ങള്‍ മറ്റ് പ്രദേശങ്ങളെക്കാള്‍ കുഴപ്പം പിടിച്ചതാണെന്ന ധാരണ സാമൂഹിക മുനവിധിയുടെ ഭാഗമാണ്. തൊഴിലാളികള്‍, ദളിതർ , ആദിവാസികള്‍ ഒക്കെ താമസിക്കുന്ന പ്രദേശങ്ങള്‍ ഈ മുൻവിധിക്കിരയാണ്. മലപ്പുറം , ഈറാറ്റ്പെട്ട, ബീമാപള്ളി, കളമശ്ശേരി, ആലുവ, കാസറഗോഡ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലനാമങ്ങള്‍ നമ്മുടെ സിനിമകളിലും മാധ്യമങ്ങളിലും ആഖ്യാനം ചെയ്യപ്പെട്ടതേങ്ങിനേയെന്നു പരിശോധിക്കുന്ന അറിവുകള്‍ ഇന്നു ധാരാളം. ഈ വർഷവും ഇതേ പ്രാദേശിക ഭീതിയുടെ ആവർത്തനം ഉണ്ടായി. ഇസ്ലാമോഫോബിയ മറ്റ് പല മാതൃകകളും ഒന്നുചേരുന്ന ഇടമാണ് പ്രദേശം എന്ന സംവർഗം.
2.1. എലത്തൂര്‍ ട്രെയിൻ അക്രമവും ഷാഹീന്‍ ബാഗും
ഏപ്രില്‍ 2ന് കോഴിക്കോടു എലത്തൂരില്‍ ട്രെയ്നില്‍ മൂന്ന് യാത്രക്കാരെ തീ കൊളുത്തി കൊന്ന സംഭവം മാധ്യമങ്ങള്‍ ഏറെ മുന്‍വിധികളോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര് അജിത് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളും മുന്‍വിധി കലര്‍ന്നതായിരുന്നു (ഏപ്രില്‍ 17, ന്യൂസ് 18 മലയാളം). പ്രതിയായ ഷാരൂഖ് സെയ്ഫി, സാക്കിര്‍ നായിക്കിനെപ്പോലുള്ളവരുടെ മതപ്രസംഗങ്ങള്‍ കേട്ട് പ്രചോദിതമായതാണെന്നും അയാള്‍ ജനിച്ചുവളര്‍ന്ന ഷാഹീന്‍ ബാഗിനെ സംശയത്തിന്റെ നിഴലില്‍ നിറുത്തി സംസാരിച്ചതും ഏറെ വിമര്‍ശിക്കപ്പെട്ടു. പൗരത്വ സംരക്ഷണ പ്രക്ഷോഭത്തിലൂടെയാണ് ഷാഹീന്‍ ബാഗ് ലോക ശ്രദ്ധ നേടിയത്. ഒരു വ്യക്തി കുറ്റകൃത്യത്തില്‍ ഏർപെട്ടാൽ ആ വ്യക്തിയുടെ മുസ്ലിം സൂചനകള്‍ എടുത്തുപയോഗിക്കുന്ന രീതി ഇസ്ലാമോഫോബിയ ശക്തിപ്പെടാനെ ഉപകരിക്കൂ. പ്രാദേശിക ഭീതി, തീവ്രവാദ ആരോപണം, പ്രാദേശിക മുൻവിധി തുടങ്ങിയ നിരവധി മാതൃകകളിലൂടെ ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നു.
- അദൃശ്യ ഭീഷണി
വസ്ത്രവും ഭക്ഷണവും ഇസ്ലാമോഫോബിയയുടെ നിർമിതിയിൽ വഹിക്കുന്ന പങ്ക് ചില തെറ്റിധാരണകൾക്ക് ഇടയായിട്ടെന്നു കരുതുന്ന സമീപനമുണ്ട്. വേറൊരു രീതിയിൽ പറഞ്ഞാൽ , പലരും കരുതുന്നത് മുസ്ലിംകളുടെ പ്രവാര്ത്തനവും ഇസ്ലാമോഫോബിയയുടെ കാരണമാണെന്നാണ്. ഒരു പ്രദേശത്തെ മുസ്ലിംകളുടെ ചിന്ത, ഭക്ഷണം , വസ്ത്രം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രവര്‍ത്തനം ഇവയൊക്കെ ഇസ്ലാമോഫോബിയയുടെ കാരണം ആണെന്ന് പറയുന്നവര്‍ പക്ഷേ മറ്റു സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇതേ നിലപാടുളളവരല്ല. ഉദാഹരണമായി, സ്ത്രീ വിരുദ്ധതതയുടെ കാരണം സ്ത്രീകളാണെന്നോ തൊഴിലാളിവിരുദ്ധതയുടെ കാരണം തൊഴിലാളികള്‍ തന്നെയാണ് കരുതാറില്ല. കരണം തൊഴിലാളിവിരുദ്ധത, സ്ത്രീ വിരുദ്ധതത ഒക്കെ മുതലാളിത്തം, ആൺകോയ്മ തുടങ്ങിയ ഘടനകളുടെ പ്രവാര്ത്തനമായി വിലയിരുത്തുന്നു. ഇസ്ലാമോഫോബിയയുടെ കാരണം ഇസ്ലാമോ മുസ്ലിംകളുടെ പ്രവാര്ത്തനമോ അല്ല , മറിച്ച് വംശീയത അധവാ മുസ്ളിം വിരുദ്ധ വംശീയത എന്ന ഇസ്ലാമോഫോബിയായാണ്. മുസ്ലിംകളുടെ ഇടപെടൽ ഇല്ലെങ്കിലും പ്രവർത്തിക്കുന്ന ഒന്നാണ് ഈ വംശീയത. വംശീയത അതിന്റെ ഇരകളുടെ പ്രവർത്തനം കൊണ്ടല്ല സജീവമാകുന്നത്. മറിച്ച് വംശീയവാദത്തിനു പൊതു സ്വീകാര്യത ലഭിക്കുകയും ജനപിന്തുണ ലഭിക്കുന്നതും മൂലമാണ്. അതിന്റെ ഉദാഹരണവും ഈ വർഷവും കേരളത്തിലുണ്ട്.
3.1. ശബരി മലയിലെ കുട്ടിയുടെ കരച്ചിലും അദൃശ്യ മുസ്ലിമും
ശബരിമലയും കുറേ കാലമായി മുസ്ലിംവിരുദ്ധപ്രചാരണങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് ആവര്‍ത്തിക്കാറുണ്ട്. ശബരിമലയില്‍ സ്വാഭാവികമായുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാരിന്റെ വീഴ്ചയെ പല മാധ്യമങ്ങളും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാമൂഹികമാധ്യമങ്ങളും സംഘപരിവാര്‍ അനുകൂല സൈറ്റുകളും അതിനെ ഹിന്ദുക്കളോടുള്ള അവഗണനയായി ചിത്രീകരിച്ചു. അയ്യപ്പന്മാരെ നിറച്ചുകൊണ്ടുപോകുന്ന ഒരു കെഎസ്ആര്‍ടിസി ബസ്സിനെയും ഹജ്ജ് തീര്‍ത്ഥാടകര്‍ ഇരുന്നുപോകുന്ന ഒരു വിമാനത്തിന്റെ ഉള്‍വശവും ഒരുമിച്ച് ചിത്രീകരിച്ചുകൊണ്ടായിരുന്നു കുപ്രചാരണം അരങ്ങേറിയത്. മുസ്ലിംകള് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന ആരോപണത്തിലായിരുന്നു ഊന്നല്‍.
ഡിസംബര്‍ രണ്ടാം വാരം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള ബസ് യാത്രക്കിടയില്‍ ശബരിമലയിലേക്ക് പോകുന്ന സംഘത്തിലെ ഒരു കുട്ടി അച്ഛനെ കാണാതെ ആശങ്കയിലായി. ഒരു മലയാളി പോലീസുകാരനോട് ഈ വിവരം കുട്ടി കരഞ്ഞുപറഞ്ഞു. ഇതിന് പിന്നാലെ കുട്ടിയുടെ പിതാവും ബസില്‍ കയറി. കുഞ്ഞിന് സമാധാനമായി. അവന് പോലിസുകാരനോട് കൈവീശി യാത്ര ചോദിച്ചു. ഈ സംഭവത്തിന്റെ ഒരു വീഡിയോ പുറത്തുവന്നു. ശബരിമലയില്‍ കുട്ടി ഒറ്റപ്പെട്ടു, പോലീസ് സഹായിച്ചില്ല തുടങ്ങിയ വ്യാജ പ്രചാരണങ്ങളും കൂടെയുണ്ടായിരുന്നു. ഏതാനും മിനിറ്റ് നീളമുള്ള വീഡിയോയില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ മുറിച്ചെടുത്താണ് പചാരണത്തിന് ഉപയോഗിച്ചത്. യഥാര്‍ത്ഥ വീഡിയോ പുറത്തുവന്നതോടെയാണ് പ്രചാരണങ്ങള്‍ അടങ്ങിയത്. കേരളത്തിനെതിരായ പ്രചാരണം മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ നടത്തുന്നത് മറിച്ച് ഈ വിഷയത്തിനു ഒരു ഇസ്ലോമോഫോബിക് സ്പിന്‍ നല്‍കാനും ശ്രമിച്ചതായി കാണാം. ഇസ് ലാമോഫോയാപ്രചാരണങ്ങള് രൂപപ്പെടാന്‍ മുസ്ലിംകള് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. മുസ്ലിംകളുടെ നല്ലതോ മോശമോ ആയ പ്രവര്‍ത്തനം കൊണ്ടല്ല ഇസ്ലാമോഫോബിയ സാധ്യമാവുന്നതെന്നും മനസിലാക്കേണ്ടതുണ്ട്.
- രാഷ്ട്രീയ പ്രവർത്തനം
ഇസ്ലാമോഫോബിയ വ്യക്തിയുടെ മനോഭാവമാണെന്ന മട്ടില്‍ ലളിതമായി കാണാവുന്ന ഒന്നല്ല. മറിച്ച് അത് ഭരണകൂട അധികാരത്തിന്റെ ഘടനയെത്തന്നെ സ്വാധീനിക്കുകയും മുസ്ലിംകള്ക്കെതിരായ വിവേചനത്തിന് കാരണമാവുകയും ചെയ്യും. അത്തരം നിരവധി സംഭവങ്ങള്‍ ഈ വര്‍ഷവും അരങ്ങേറുകയുണ്ടായി. ഒരു ജനവിഭാഗം എന്ന നിലയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെയും സംഘടിത മുന്നേറ്റങ്ങളെയും നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നത്. ഇത് വിവിധ മാതൃകകകളുടെ സമന്വയത്തിലൂടെ എങ്ങിനെ പ്രവരത്തിക്കുന്നുവെന്ന് പരിശോധിക്കാം.
4.1. ഹർത്താലും ഇരട്ട നീതിയും
പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് 2023 ജനുവരി അവസാന വാരത്തില്‍ നടന്ന ജപ്തി കേരളത്തില്‍ വലിയ ചര്‍ച്ചയായി. 2022 സെപ്തംബര്‍ 23നായിരുന്നു ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിലെ നാശനഷ്ടത്തിന്റെ പേരില്‍ നടപടിയെടുത്തപ്പോള്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തു പോലും ജപ്തി ചെയ്ത് പിടിച്ചെടുത്തതായിരുന്നു നിയമനടപടികളെ കൂടുതല്‍ ദൃശ്യതയിലേക്കു കൊണ്ടുവന്നത്.
സംസ്ഥാനത്തെ 178 കേന്ദ്രങ്ങളില്‍ ജപ്തി നടന്നു. മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍- 89 എണ്ണം. കോഴിക്കോട് 23, കണ്ണൂരില്‍ 9, കാസര്‍കോട് 3, വയനാട് 14, തൃശൂര്‍ 16, കോട്ടയം അഞ്ച്, ഇടുക്കി 6, പത്തനംതിട്ട 2, തിരുവനന്തപുരം 5, കൊല്ലം 1 എന്നിങ്ങനെയും ജപ്തി നടന്നിരുന്നു. മലപ്പുറം ജില്ലയില്‍ 13, കോട്ടയത്ത് 4, കണ്ണൂര്‍- വയനാട് ജില്ലകളില്‍ 2 വീതം, തൃശൂര്‍ പാലക്കാട് കാസര്‍കോട് ആലപ്പുഴ 1 വീതം എന്നിങ്ങനെ സംഘടനയുമായി ബന്ധമില്ലാത്ത 25 മുസ്ലിംകളുടെ സ്വത്തുക്കളും കൂട്ടത്തില്‍ തെറ്റായി ജപ്തി ചെയ്തിരുന്നു. ജപ്തി വിവാദമായതോടെ പിടിച്ചെടുത്ത സ്വത്ത് തിരികെ നല്‍കിയതായി സര്‍ക്കാര്‍ ഫെബ്രുവരി അവസാന വാരം ഹൈകോടതിയെ അറിയിച്ചു. ഹര്‍ത്താലിലെ അക്രമങ്ങളില്‍ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. കേരള ചരിത്രത്തില്‍ ഒരു ഹര്‍ത്താലിനെതിരെ നടന്ന ഏറ്റവും വ്യത്യസ്തമായ ഒരു നിയമപ്രതികരണമായിരുന്നു ഇത്. മറ്റ് ഏത് ഹര്‍ത്താലുകള്‍ക്കെതിരെയും നടക്കാത്ത തരത്തിലുള്ള ഭരണകൂട വേട്ടയാണ് ആ ജപ്തിയുടെ പേരില്‍ കേരളത്തില്‍ അരങ്ങേറിയത്. നിയമ വാഴ്ചയുടെ പേരില്‍ നടക്കുന്ന ഇരട്ട നീതി ഇസ്ലാമോഫോബിയയുടെ പ്രചാരണ ഉപാധിയായി മാറുന്നു.
4.2. ആര്‍എസ്എസ്സുമായുള്ള ജമാഅത്ത് ചര്‍ച്ച എന്ന വ്യാജപ്രചാരണം
കേരളത്തിൽ സംഘപരിവാറിന്റെ എതിര് കക്ഷികളാണ് എല്ലാ രാഷ്ട്രീയ കക്ഷികളും. ഇൻഡ്യൻ ഫാശിസത്തിന്റെ പ്രാഥമിക ഇരകളായ മുസ്ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെ നിഷേധിക്കാനും പക്ഷേ ഈ സംഘപരിവാര്‍ വിരുദ്ധതയുടെ പേരില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ഇസ്ലാമോഫോബിയയുടെ ഒരു മാതൃകയുടെ ഭാഗമാണ്. രാഷ്ട്രീയം ചെയ്യാനുള്ള മുസ്ലീം ന്യൂനപക്ഷ അവകാഷത്തിന്റെ നിഷേധമാണ് ഇൻഡ്യൻ ഇസ്ലാമോഫോബിയയുടെ അടിസ്ഥാന സ്വഭാവം എന്നു മറന്നു പോകുന്നതിന്റെ കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
2023 ജനുവരി 14ന് ഡല്‍ഹി മുന്‍ ലഫ് ഗവര്‍മര്‍ നജീബ് ജങ്ങിന്റെ വസതിയില്‍ മുസ്ലിം സംഘടനാ നേതാക്കളും ആര്‍എസ്എസ്സ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. ആര്‍എസ്എസ് നേതാക്കളായ ഇന്ദ്രേഷ് കുമാര്‍, റാംലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവരാണ് ഒരു ഭാഗത്തുണ്ടായിരുന്നത്. മുസ്ലിംസംഘടനകളായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി, ആഹ്ലെ ഹദീസ്, ദാറുല്‍ ഉലൂം ദയൂബന്ധ്, ശിആ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരായിരുന്നു മറുഭാഗത്ത്. ഹിന്ദുത്വവക്താക്കളുടെ വിദ്വേഷപ്രസംഗം, മഥുര-കാശി മസ്ജിദുകളുടെ മേലുള്ള അവകാശവാദങ്ങള്‍, ഗോഹത്യയുടെ പേരിലുള്ളു അതിക്രമങ്ങള്‍ ഇതൊക്കെയായിരുന്നു ചര്‍ച്ചാവിഷം.
എന്നാൽ ചര്‍ച്ച നടന്നു ആഴ്ചകള്‍ കഴിഞ്ഞു ജമാഅത്ത് നേതാക്കള്‍ ആര്‍എസ്എസ്സുമായി ഗൂഢാലോചന നടത്തുന്നുവെന്ന് ഇതിനെതിരേ വിമര്‍ശനമുയര്‍ന്നു. ഇത്തരമൊരു ചര്‍ച്ച ശരിയാണോ അല്ലയോ എന്നു പറയാനും അതിന്റെ ഫലപ്രാപ്തി പരിശോധിക്കാനും വിയോജിക്കാനും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ സംഘപരിവാര്‍ വിരുദ്ധർക്കുമുണ്ട്. എന്നാല്‍ നടന്നത് അതായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തോളം പാരമ്പര്യമുള്ള ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് പോലുള്ള സംഘടനകള്‍ ചേര്‍ന്നാണ് ചര്‍ച്ച നടത്തിയതെങ്കിലും ആരോപണവും വിമര്‍ശനവും നേരിട്ടത് ഈ ചര്‍ച്ചയിൽ നേരിട്ടു പങ്കെടുക്കാത്ത കേരളത്തിലെ ജമാഅത്ത് ഇസ്ലാമി ഘടകമായിരുന്നു. കേരളത്തിലെ രണ്ട് സംഘടനകള്‍ തമ്മിലല്ല ചര്‍ച്ചയെന്നും ഭരണകൂട അധികാരത്തിലുള്ളവരും അതിന്റെ ഇരകളും തമ്മിലാണ് ചര്‍ച്ചയെന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല.
സമാനമായ സന്ദര്‍ഭത്തില്‍ ശ്രീ എം എന്ന അധ്യാമത്മഗുരുവിന്റെ സാന്നിധ്യത്തില്‍ സിപിഎമ്മും സംഘപരിവാര്‍ സംഘടനകളും തമ്മില്‍ രണ്ടു തവണ തിരുവനന്തപുരത്തും കണ്ണൂരും ചര്‍ച്ച നടന്നിട്ടുണ്ടെന്നും ഇപ്പോഴുള്ളതുപോലുള്ള വിമര്‍ശനമായിരുന്നില്ല അന്നു നടന്നതെന്നും പലരും ഓര്‍മിപ്പിച്ചു (കെ എ ജോണിയുമായി ശ്രീ എം നടത്തിയ അഭിമുഖം, മാതൃഭൂമി ഓൺലൈൻ, 1 മാര്‍ച്ച് 2021). മാത്രമല്ല, സി പി മ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയൻ ആർ.എസ്.എസുമായി ചര്‍ച്ച നടത്തിയ കാര്യങ്ങൾ ഇകണോമിക് ടൈംസിന്റെ ന്യൂഡൽഹി ലേഖകനായ ദിനേഷ് നാരായണൻ രചിച്ച ‘ദ ആര്‍എസ്എസ് ആന്റ് ദ മെയ്ക്കിങ് ഓഫ് ദ ഡീപ് നാഷന്’ (2020 ഇൻഡ്യ വൈകിംഗ്) എന്ന പുസ്തകത്തിൽ പറയുന്നു. ഉല്ലേഖ് എൻ പി രചിച്ച ‘കണ്ണൂര്‍: ഇൻസൈഡ് ഇൻഡ്യസ് ബ്ലഡിയെസ്റ്റ് റിവഞ്ച് പൊലിറ്റിക്സ്’ ( 2018 പെൻഗ്വിൻ റാൻഡാം ഹൌസ്) എന്ന പുസ്തകവും ഇത്തരം ചര്‍ച്ചകളെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. കാര്യങ്ങൾ ഇപ്രകാരമായിരിക്കെ വസ്തുതകളെ അദൃശ്യമാക്കി നടത്തുന്ന വ്യാജ പ്രചാരണങ്ങളിലൂടെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള മുസ്ലിംകളുടെയും മുസ്ലിംസംഘടനകളുടെയും അവകാശം നിഷേധിക്കുന്നന്റെ പേരാണ് ഇസ്ലാമോഫോബിയ.
- തൊഴില്‍ – വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധം
മുസ്ലിംങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസ അവകാശ നിഷേധത്തിന്റെ രൂപവും ഇസ്ലാമോഫോബിയക്കുണ്ട്. 1970-കളില്‍ ആരംഭിച്ച ഗൾഫ് കൂടിയേറ്റത്തോടെ മുസ്ളിം കളുടെ തൊഴില്‍ രാഷ്ട്രീയം കേരളത്തിൽ ഭീതിയോടെ ചര്‍ച്ച ചെയ്യുന്ന ഒരു പ്രത്യേക രീതിയുണ്ട്. സാമൂഹിക ചലനം സംഭവിച്ച മുസ്ലിംകളുടെ മതപരതയെക്കുറിച്ചുള്ള ഭീതിയായി ഈ തൊഴില്‍ പങ്കാളിത്തംമാറുന്നു. തൊഴിലിടത്തിലും വിദ്യാഭ്യാസ മേഖലകളിലും മുസ്ളീംങ്ങൾ അനുഭവിക്കുന്ന അവകാശ നിഷേധങ്ങള്‍ തൊഴിലിടത്തിന്റെ പ്രത്യേകതയിൽ നിന്നു മാറ്റി ഇസ്ലാമോഫോബിയയുടെ മാതൃകയാക്കി പരിവരത്തിപ്പിക്കുന്ന പ്രക്രിയ ഏറെ വിപുലമാണ്.
5.1. ഹിജാബും സര്‍ജിക്കല്‍ മാസ്കും
2023 ജൂണ്‍ അവസാന വാരം ഓപറേഷന് തിയ്യറ്ററില്‍ തലമറയും വിധമുള്ള ശസ്ത്രക്രിയാവസ്ത്രം (സര്‍ജിക്കല്‍ ഹുഡ്) ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന് കത്തു നല്കി. വിവിധ ബാച്ചുകളില്‍ പഠിക്കുന്ന ഏഴ് എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് സര്‍ജിക്കല്‍ ഹുഡും കൈ നീളമുള്ള ജാക്കറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. നിലവിലെ പ്രോട്ടോകോള്‍ വിശദീകരിച്ചശേഷം, കമ്മിറ്റിയെ നിയോഗിച്ച് വിഷയം പരിശോധിച്ച് തീരുമാനിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സര്ജന്മാരുടെയും ഇന്ഫെക്ഷന് കണ്ട്രോള് വിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തില്‍ അപേക്ഷ ചര്‍ച്ച ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ മറുപടി പറഞ്ഞു. തികച്ചും വ്യക്തിപരമായും തൊഴില്‍ സൗകര്യര്ഥവും സ്വഭാവത്തിലും നല്കിയ ഈ കത്ത് ദുരുദ്ദേശ്യത്തോടെ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ക്ക് പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്കി. ദേശീയമാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചു.
മെഡിക്കല്‍കോളജില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് നല്കിയ കത്ത് ചോര്‍ത്തിയത് ഇസ്ലാമോഫോബിയ വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കമായി കാണണമെന്ന് എസ്എഫ്ഐ പ്രസ്താവനയിറക്കി. എന്നാല്‍ ആ സമയത്തും പല മുന്‍ എസ്എഫ്ഐക്കാരായ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകരും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന തിരക്കിലുമായിരുന്നുവെന്നു ശമീര്‍ കെ മുണ്ടോത്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തൊഴിലിടത്തിലെ അവകാശ നിഷേധം മാത്രമല്ല, ലിംഗ രാഷ്ട്രീയം, ഹിജാബ് വിരുദ്ധത അടക്കമുള്ള മാതൃകകളും സമന്വയിപ്പിച്ചാണ് ഇസ്ലാമോഫോബിയ വികസച്ചിരിക്കുന്നത്.
- ഫാഷിസ്റ്റ് പ്രചാരവേല
യാതൊരു മറയും കൂടാതെ വളരെ തുറന്ന രീതിയില്‍ പരവരത്തിക്കുന്ന ഇസ്ലാമോഫോബിയയാണ് സംഘപരിവാറിന്റെത്. തുടക്കത്തിൽ പൊതു ഇസ്ലാമോഫോബിയയുടെ മാതൃകകൾ ഉപയോഗിച്ചു പ്രവരത്തിച്ച സംഘപരിവാര്‍ ഇസ്ലാമോഫോബിയ നേരിട്ടുള്ള ആക്രമണത്തിലൂടെ ദൃശ്യതയിൽ വരുന്ന കാലമാണിത്. പ്രചാരവേലയിലൂടെ അൾകൂട്ടത്തെ സ്വാധീനിക്കാനാണ് ശ്രമം.
6 .1. കേരള സ്റ്റോറി എന്ന പ്രചാരവേല
2023 മെയ് മാസമായതോടുകൂടി സംഘപരിവാറിന്റെ മുന്‍കയ്യില്‍ നിര്‍മിച്ച ‘ദി കേരളസ്റ്റോറി ‘ കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ അന്താരാഷ്ട്രതലത്തിലുള്ള ഇസ്ലോമോഫോബിയ ആഖ്യാനവുമായി കണ്ണിചേര്‍ക്കുന്ന ഒരു പ്രാധാന സംഭവമായി. വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മ്മിച്ച് സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ഇന്ത്യന്‍ ഹിന്ദി ഭാഷാ ചിത്രമാണ് ‘ദി കേരളസ്റ്റോറി’.
കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ’ എന്നായിരുന്നു സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിനു നല്‍കിയിരുന്ന അടിക്കുറിപ്പ്. വ്യാജപ്രചാരണമുള്ള സിനിമക്കെതിരായ പ്രതിഷേധം ശക്തമായതോടെ അടിക്കുറിപ്പ് ‘കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകള്‍’ എന്ന് തിരുത്തി. എങ്കിലും മെയ് ആദ്യവാരം പ്രദര്‍ശനത്തിനെത്തിയ സിനിമ ലൗജിഹാദെന്ന സംഘപരിവാര്‍ പ്രചാരണത്തെ തന്നെയാണ് ഇതിവൃത്തമായി വികസിപ്പിച്ചത്. മുസ്ലിംകളല്ലാത്ത മലയാളി പെണ്‍കുട്ടികളെ തട്ടിയെടുത്തു തീവ്രവാദ പ്രവര്‍ത്തനത്തിലേക്കു നയിക്കുന്നുവെന്ന ആരോപണമാണ് സിനിമ. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തുന്നത് പോലുള്ള നാടകീയത നിറഞ്ഞ രംഗങ്ങളിലൂടെയാണ് കഥ പറയുന്നത്. ലിംഗ രാഷ്ട്രീയം, മുസ്ലിം ന്യൂനപക്ഷം നിർണായകശക്തിയായ കേരളം, തീവ്രവാദ ആരോപണം തടങ്ങി ഇസ്ലാമോഫോബിയയുടെ വിവിധ മാതൃകകൾ ഒന്ന് ചേർന്നു ശക്തി വരുന്ന ഫാഷിസ്റ്റ് പ്രചാരവേലയാണിത്. പൊതുവെ, സംഘപരിവാര്‍ നിര്‍മിക്കുന്ന ഇസ്ലോമോഫോബിയയെ കുറിച്ച് വളരെയധികം ജാഗ്രതയുള്ളതിനാല്‍ തന്നെ കേരള സ്റ്റോറി കേരളത്തിലെ എല്ലാ വിഭാഗം രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും തള്ളികളയുന്നത് ശ്രദ്ധയില്‍പ്പെട്ടു.
6.2. വീണ്ടും ലൗജിഹാദ്
ലൗജിഹാദ് ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് പൂരണത പ്രാപിക്കുന്നത് ഹാദിയ സംഭവത്തോടെയാണ്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് മതംമാറിയശേഷം ഒരു മുസ്ലിംചെറുപ്പക്കാരനെ വിവാഹം കഴിച്ചതോടെയാണ് ഹാദിയ എന്ന ഹോമിയോ വിദ്യാര്‍ത്ഥി(ഇപ്പോള്‍ ഡോക്ടര്‍)ലൗജിഹാദ് വിവാദത്തിലേക്ക് തള്ളിയിടപ്പെടുന്നത്. ഹാദിയയുടെ വരന് ഷെഫിന് ജഹാന് ഇസ്ലാമിലേക്ക് മതംമാറ്റണമെന്ന ഉദ്ദേശ്യത്തോടെ ഹാദിയയെ കുടുക്കിയതാണെന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. പിന്നീട് സുപ്രിംകോടതി തന്നെ വിവാദത്തിന് തിരശ്ശീലയിട്ടു.
പക്ഷേ, ഡിസംബര്‍ ആദ്യവാരത്തോടെ വിവാദം വീണ്ടും സജീവമായി. കാസയുടെ നേതാവാണ് ഇത്തവണ തുടക്കമിട്ടത്. ഹാദിയ വിവാഹമോചിതയായി മറ്റൊരു മുസ്ലിമിനെ വിവാഹം കഴിച്ചുവെന്ന് കാസ നേതാവ് കെവിന് പീറ്റര്‍ പറഞ്ഞു. അതിനു പിന്നാലെ തന്റെ മകള്‍ ഐഎസ്സിനുവേണ്ടി പൊട്ടിത്തെറിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് പറഞ്ഞ് ഹാദിയയുടെ പിതാവ് അശോകന് കോടതിയെ സമീപിച്ചു. കോടതി പക്ഷേ, കേസ് കാര്യമായെടുത്തില്ല. മുസ്ലിംകളുടെ ഇടപെടലുകളില്‍ ദുരൂഹത ആരോപിക്കുക ഇസ്ലാമോഫോബിയയുടെ ലക്ഷണമാണ്. ഹാദിയ മുന്‍കാലങ്ങളില്‍ ഹിന്ദുവായിരുന്നുവെന്നതൊന്നും അവരുടെ രക്ഷക്കെത്തിയില്ല.
6.3. ഏക സിവില്‍ കോഡ് ചര്‍ച്ച
നീതി നിഷേധം സംഘപരിവാര്‍ നടത്തുമ്പോള്‍ എല്ലാവരും ഒരു പോലെ പ്രതികരിക്കുന്ന രീതി കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സംഘപരിവാര്‍ മോഡൽ ഇസ്ലാമോഫോബിയയുടെ സ്വീകാര്യത ‘പൊതു ഇസ്ലാമോഫോബിയ’യുടെ സ്വീകാര്യതയോളം വരുന്നില്ല. കക്ഷി രാഷ്ട്രീയത്തിന്റെ കീഴ്വഴക്കങ്ങള് അതിനെ തടഞ്ഞു നിറുത്തുന്നു .
2023 മെയ് മാസമായതോടുകൂടി കേന്ദ്ര സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതിനെതിരെ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടായി. അത് മുസ്ലിം വ്യക്തി നിയമം, മുസ്ലിം വ്യക്തിനിയമ പരിഷ്കരണം തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വികസിച്ചു. ഏക സിവില്‍ കോഡിനെ എതിര്‍ക്കുമ്പോള്‍ മറ്റുപാധികളില്ലാതെ കേരളം സംസാരിച്ചത് തികച്ചും ആശാവഹമായ ഒരു മാറ്റവും സംഘപരിവാറിന്റെ ഇസ്ലാമോഫോബിയക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ ഈ വിഷയത്തിലും നല്ല മുസ്ലിം/ മോശം മുസ്ലിം എന്ന തരംതിരിവു നിര്‍മിക്കാന്‍ ശ്രമിച്ച സിപിഎം ശ്രമം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
- വ്യക്തി അവകാശം
വ്യക്തിക്ക് സ്വന്തം അഭിപ്രായങ്ങളും അഭിരുചികളും പ്രവാര്ത്തനങ്ങളും ആകാമെന്നുള്ളത് ഒരു ഭരണഘടന അവകാശമായി എല്ലാവരും കരുതുന്നു. എന്നാൽ വ്യക്തിക്ക് ഈ തിരഞ്ഞെടുപ്പ് എല്ലായ്പ്പോഴും നല്കാന് ഇസ്ലാമോഫോബിയ എന്ന വംശീയ പ്രയോഗം വിസമ്മതിക്കുന്നു. വ്യക്തി ആഗ്രഹിക്കാഞ്ഞിട്ടും മുസ്ലിം സൂചനകള്‍ ആ വ്യക്തിക്ക് ആരോപിച്ചു നല്കുന്ന രീതി ഇതിന്റെ ഭാഗമാണ്. മുസ്ലിം സൂചനകള്‍ ഒഴിവാക്കിയ മതരഹിത വ്യക്തികൾ വരെ പലപ്പോഴും ഈ വിഷമസന്ധിയില്‍ പ്പെടാറുണ്ട്. ഇസ്ലാമോഫോബിയ മുസ്ലിംകളുടെ വ്യത്യസ്തമായ പ്രവര്‍ത്തനം കൊണ്ടല്ല , നേരെ മറിച്ച് വംശീയ ഘടനയുടെ പ്രവാര്ത്തനമാണ് എന്ന സമീപനം ആവശ്യമാകുന്നത് ഇതിനാലാണ്.
7.1. ശാസ്ത്രീയ അഭിപ്രായവും കമ്യൂണിസ്റ്റ് വ്യക്തിയും
ജൂലൈ 21ന് കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കവേ നിയമസഭാ സ്പീക്കറായ എന്‍.എം ഷംസീര്‍ മിത്തും ശാസ്ത്രവും എന്ന വിഷയത്തില്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായി: ‘പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്സ് ആണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പകവിമാനമാണെന്നും ഇപ്പോള്‍ പറയുന്നു. ശാസ്ത്ര സാങ്കേതികരംഗം വികസിക്കുമ്പോള്‍ സയന്‍സിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാര് എന്നെഴുതിയാല്‍ തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകാത്തവര്‍ ഐവിഎഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. ട്രീറ്റ്മെന്റില്‍ ചിലര്‍ക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐവിഎഫ് ട്രീറ്റ്മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവര്‍ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സര്‍ജറിയും പുരാണ കാലത്തേ ഉള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാന് ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു’
പ്രസ്താവനക്കെതിരെ പ്രതിപക്ഷകക്ഷികളും സംഘപരിവാരവും രംഗത്തുവന്നു. ആര്‍ക്കും ഷംസീറിന്റെ അഭിപ്രായത്തോടു യോജിക്കുകയും വിയോജിക്കുകയും ചെയ്യാം. ശാസ്ത്രവും മിത്തും എന്ന വിഷയം കേരളചരിത്രത്തില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. എന്നാല്‍ ഷംസീറിന്റെ മുസ്ലിം ഐഡന്റിറ്റിയെയാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടത് എന്നതായിരുന്നു ഇത്തവണത്തെ മാറ്റം. പൊതുസ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയുടെ നിലപാടില്‍ സാമാന്യവല്ക്കരണമുണ്ടെങ്കില് അതു ചൂണ്ടിക്കാട്ടാവുന്നതാണ്. ഇവിടെയാണെങ്കില്‍ ഷംസിര്‍ അഭിപ്രായം പറയുന്നത് ഒരു മുസ്ലിംവ്യക്തിയെന്ന നിലയിലല്ല, ഉത്തരവാദപ്പെട്ട ഒരു പൊതുപദവിയുടെ ഭാഗമായാണ്. സ്പീക്കറെന്ന നിലയില്‍ വിമര്ശിക്കാമായിരുന്നിട്ടും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്നിന്ന് മുസ്ലിം സൂചനകള്‍ മാത്രം കണ്ടെടുക്കുന്നത് ഇസ്ലാമോഫോബിയയുടെ വേറിട്ട പ്രവര്‍ത്തനശൈലിയുടെ ഭാഗമാണ്. മിത്ത് വിവാദത്തില്‍ ഷംസീറിനെ എതിര്‍ത്ത എന്‍എസ്എസിനെ ‘വര്‍ഗീയക്കെതിരായ അതിശക്തമായ നിലപാടെടുത്ത സാമുദായിക പ്രസ്ഥാനമായി ‘ചിത്രീകരിച്ചത് ഷംസീറിന്റെതന്നെ പാര്‍ട്ടിയുടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ജെയക്ക് എം തോമസായിരുന്നു( 13 ആഗസ്റ്റ് 2023 ഡ്യൂള്‍ ന്യൂസ്).
7.2. മുസ്ലിം ഒരു മന്ത്രിയാവുമ്പോൾ
ഇസ്ലാംമതപ്രചാണത്തിനായി ടൂറിസംവകുപ്പ് ധനസഹായം നല്‍കുന്നുവെന്നാണ് ഒക്ടോബര്‍ മാസത്തില്‍ ഉയര്‍ന്നുവന്ന ഒരു ആരോപണം. ജനനംകൊണ്ട് മുസ്ലിമായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ആരോപണവിധേയനായത്. ഇസ്ലാം ഇന്‍ കേരള എന്ന മൈക്രോ സൈറ്റിനുവേണ്ടി സര്‍ക്കാര്‍ 93 ലക്ഷം അനുവദിച്ചെന്നും അത് ഇസ് ലാംമതപ്രീണനമാണെന്നുമാരോപിക്കുന്ന ഒരു വീഡിയോയാണ് ആദ്യം പുറത്തുവന്നത്. ‘കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും പിണറായി വിജയനും മനസിലാക്കണം. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ലെ’ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു.(ന്യൂസ് 18, ഒക്ടോബര്‍, 26, 2023)
കേരളത്തിലെ ഇസ്ലാമിന്റെ തുടക്കം മുതലുള്ള ചരിത്രവും മുസ്ലിംകളുടെ സംസ്കാരവും ജീവിതരീതിയും വ്യക്തമാക്കുന്ന മൈക്രോസൈറ്റിനുവേണ്ടി പണം അനുവദിച്ചെന്നത് വസ്തുതയാണ്. എന്നാല്‍ അത് പാതി സത്യമേ ആകുന്നുള്ളൂ. ഒക്ടോബര്‍ 16നാണ് ഇതു സംബന്ധിച്ച ഉത്തരവ് ടൂറിസം വകുപ്പ് പുറപ്പെടുവിച്ചത്. കേരളത്തിന്റെ സംസ്കാരപൈതൃകം ലോകത്തെ അറിയിക്കുകയും അതിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയുമായിരുന്നു ലക്ഷ്യം. ഇസ്ലാം മതത്തെ മാത്രമല്ല, ശബരിമലയെക്കുറിച്ചും പ്തമനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചും മലബാറിലെ തെയ്യത്തെയും കാവുകളെയും പരിചയപ്പെടുത്തുന്ന സൈറ്റുകള്‍ക്കും പണം അനുവദിച്ചിരുന്നു. ക്രിസ്തുമതത്തെയും എന്തിന് ജൂതമതത്തെക്കുറിച്ചുപോലും വിവരിക്കുന്ന സൈറ്റിനും പണം നല്‍കിയിട്ടുണ്ട്. ഇതൊക്കെ മറച്ചുവച്ചുകൊണ്ടായിരുന്നു ആരോപണം ഉയര്‍ന്നത്. മുഹമ്മദ് റിയാസ് എന്ന പേരുള്ള ഒരു മന്ത്രി ആയതിനാല്‍ ഈ പ്രചാരണം നടക്കുന്നത്. പേരിന്റെ ഭാരം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വകുപ്പിന് പോലും നല്കുന്ന പ്രചാര വേലയുടെ ഭാഗമാണിത്.
- അന്താരാഷ്ട്ര പ്രശ്നങ്ങള്‍
സാരവദേശീയ പ്രശ്നങ്ങള്‍ കേരളത്തിൽ എമ്പാടും ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ ശീതയുധാനന്തരം മുസ്ലിം ഉള്ളടക്കമുള്ള സാരവദേശീയ പ്രശ്നങ്ങള്‍ ആഗോള ഇസ്ലാമോഫോബിയയുടെ വളർച്ചയുടെ കൂടെ ഭാഗമായി മാറി. മുസ്ലിം എന്ന ആഗോള ശത്രുവിനെ നിരമിക്കാന് സാമ്രാജ്യത്വ ശക്തികൾ രൂപപ്പെടുത്തിയ പ്രചാരണ യുദ്ധം കേരളത്തെ സ്വാധീനിക്കാന്‍ തുടങ്ങിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.
8.1. ഫലസ്തീനും ഇസ്ലാമോഫോബിയയും
പലസ്തീന് ഒരു കാലത്തും ഇന്ത്യയില്‍ ഒരു ‘തര്‍ക്ക’ വിഷയമായിരുന്നില്ല. ഇസ്രയേല്‍ രൂപീകരണത്തിനു മുമ്പു പോലും പലസ്തീനെ ഞെരുക്കുന്ന ബ്രിട്ടീഷ് നിലപാടിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇസ്രയേല്‍ രൂപീകരണം വ്യക്തമായ അനീതിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഈ സമീപനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കേന്ദ്രം ഭരിച്ചിരുന്ന വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇസ്രയേല്‍ പ്രശ്നത്തില്‍ നേരത്തെത്തന്നെ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയിരുന്നു.. മുഖ്യധാരാ കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളിലുണ്ടായ മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരായ പിണറായിയുടെ സര്‍ക്കാര്‍ ഭരണപരമായിത്തന്നെ ഇസ്രായേലുമായി സഹകരണം പ്രഖ്യാപിക്കുകയുണ്ടായി. കൃഷി വികസനം പടിക്കാന് കേരള സര്‍ക്കാര്‍ ഇസ്രയേലുമായി സഹകരിച്ചിരുന്നു (14 ഡിസംബര്‍ 2022 ഔട്ട്ലുക് വാരിക). ഇസ്രായേലിന് ലഭിച്ച ഈ സ്വീകാര്യത അത്ര യാദൃശ്ചികമല്ല. ഇസ്ലാമോഫോബിയയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കണം.
എം എ ബേബി ഉൾപ്പെട്ട സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം വ്യക്തമായ നിലപാടാണ് ഇത്തവണയും ഫലസ്തീന്-ഹമാസ് വിഷയത്തില്‍ എടുത്തതെങ്കിലും താഴെതലത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ഗസയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഹമാസിനെ ഭീകരതയായി വിശേഷിപ്പിച്ച ശൈലജ ടീച്ചറുടെ പ്രസ്താവന ഇതിന്റെ സൂചനയാണ്. എന്നാല്‍ ഹമാസ് നടത്തുന്ന ഫലസ്തീന് പ്രതിരോധത്തെ പിന്തുണച്ച സിപിഎം നേതാവ് സ്വരാജിന്റെ എഫ്ബി പോസ്റ്റ് വന്നതോടെയാണ് പൊതുവെ ഒരു മാറ്റം ദൃശ്യമായത്. കോണ്‍ഗ്രസ് നേതാവായ വി ടി ബല്‍റാമാകട്ടെ അപ്പോഴും ഹമാസിനെ നിരായുധീകരിക്കണമെന്ന് നിലപാടെടുത്തു.
ഫലസ്തീന് വിഷയം ചര്‍ച്ച ചെയ്യുന്ന ചിലരെങ്കിലും ഇസ്ലാമോഫോബിയയുടെ വീക്ഷണകോണുകളാണ് ഉപയോഗിക്കുന്നത്. ഹമാസിനെ വിലയിരുത്തുമ്പോള്‍ മതപരമായ സൂചകങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇസ്രയേലിനെ രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കുന്നു. ഇത് മതത്തെ മനസ്സിലാക്കാനുള്ള ശ്രമമല്ല, മറിച്ച് മതം വിശിഷ്യാ ഇസ്ലാം തിന്മകളുടെ കേന്ദ്രമാണെന്ന എസൻഷ്യലിസ്റ്റ് കാഴ്ചപ്പാടിനെ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ്. ഇസ്ലാമിന് ജൂതരോടുള്ള കാലുഷ്യമായും ഇതിനെ ചരിത്രരഹിതമായി അവതരിപ്പിക്കുന്നവരുണ്ട്.
ചെറുത്തു നില്‍പ്പ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഏത് ജനതയ്ക്കുമുണ്ട്. ഫലസ്തീനിലെ അറബ് മുസ്ലിംകള്ക്കുമുണ്ട്. പ്രതിരോധത്തിന് പല രീതി ശാസ്ത്രങ്ങള്‍ അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാവോവാദികളും ലിബറലുകളും ഇസ്ലാമിസ്റ്റുകളും ഒക്കെ അവിടത്തെ പ്രതിരോധത്തി ചരിത്രത്തിന്റെ ഭാഗമാണ്. ചെറുത്തുനില്‍പ്പില്‍ മുന്നില്‍ നില്ക്കുന്ന ജനകീയ സംഘടന ഇപ്പോള്‍ ഹമാസാണ്. ജനങ്ങള്‍ വോട്ട് നല്കി വിജയിപ്പിച്ചവരുമാണ് അവര്‍. അവരുടെ പ്രതിരോധത്തെയാണ് ഭീകരതയായി ചിത്രീകരിക്കുന്നത്. സ്വയം നിര്‍വചിക്കാനും സ്വയംനിര്ണയനത്തിനുമുള്ള അവകാശം മുസ്ലിം സമൂഹത്തില്‍നിന്ന് എടുത്തു മാറ്റുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണ്.
- കുറ്റത്തിന്റെ രാഷ്ട്രീയം
കുറ്റകൃത്യങ്ങള്‍ നടത്തുന്ന വ്യക്തികള്‍ അതു മുസ്ലിംങ്ങള്‍ നടത്തിയതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന സവിശേഷമായ ഒരു സാമൂഹിക കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. യഥാര്‍ഥ പ്രതികള്‍ സ്വയം രക്ഷപ്പെടാനുള്ള വഴിയായി ഇസ്ലാമോഫോബിയ എന്ന സാമൂഹിക ബോധത്തെ ഒരു പഴുതായി ഉപയോഗിക്കുന്നു. ഒരു കുറ്റകൃത്യം നടന്നാല്‍ അതിനു പിന്നില്‍ മുസ്ലിംകളായിരിക്കും എന്ന പൊതുബോധത്തെ ഉപകരണമാക്കുന്ന മാതൃകയാണിത്. കുറ്റവാളികള്‍ വരെ ഇസ്ലാമോഫോബിയയുടെ മാതൃകകള്‍ സ്വീകരിക്കുന്നു. മറ്റൊരു മാതൃക മാധ്യമങ്ങളുടേതാണ്. മാദ്ധ്യമങ്ങൾ ഒരു കുറ്റം നടന്നാല്‍ അതിനു പിന്നില്‍ ഒരു മുസ്ലിം പ്രതിയെ തേടുന്ന രീതിയും ഉണ്ട്. ഈ രണ്ടു മാതൃകകളും ഈ വര്‍ഷം കേരളത്തിൽ കാണാം.
9.1. പി എഫ് ഐ ചാപ്പ
2023 സെപ്തംബറില്‍ കൊല്ലം കടക്കലില്‍ സൈനികന്റെ മുതുകില്‍ പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന വ്യാജ പരാതി നല്‍കിയത് പ്രശസ്തനാകാന് വേണ്ടിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൈനികന്റെ സുഹൃത്തായ ജോഷിയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. സൈനികനായ ഷൈന്‍ കുമാറായിരുന്നു ചാപ്പ കുത്തിയതെന്ന പരാതി നല്‍കിയത്. പരാതിയിലും മൊഴിയിലും പൊരുത്തക്കേടുകള്‍ തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്തുവന്നത്. പക്ഷെ ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജപ്രചാരണവുമായി കാതങ്ങള്‍ താണ്ടിയിരുന്നു.
‘പ്രശസ്തനാകാന് വേണ്ടിയാണ് ഇത് ചെയ്തത്. എനിക്ക് ഒരുപകാരം ചെയ്യണം, എനിക്ക് ഫേമസാകണം എന്നാണ് അവന് പറഞ്ഞത്. ടി ഷര്‍ട്ട് ബ്ലേഡ് കൊണ്ട് കീറാനും പറഞ്ഞു. ഡി.എഫ്.ഐ എന്നാണ് താന്‍ ആദ്യം എഴുതിയത്. എന്നാല്‍ അങ്ങനെയല്ല, പി.എഫ്.ഐ എന്നെഴുതണമെന്നും ഷൈന്‍ കുമാര്‍ പറഞ്ഞു. പിന്നെ രണ്ടാമതാണ് പി.എഫ്.ഐ എന്ന് എഴുതിയത്. തന്നെ ഇടിക്കണമെന്നും ഷൈന്‍ കുമാര്‍ പറഞ്ഞു. പക്ഷേ താന്‍ മദ്യപിച്ച അവസ്ഥയിലായിരുന്നതിനാല്‍ അതിന് മുതിര്‍ന്നില്ല’.’സുഹൃത്ത് ജോഷി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു ( 26 സെപ്തംബര്‍ 2023 മീഡിയാവണ്‍)
9.2. കളമശ്ശേരി സ്ഫോടനവും മാധ്യമങ്ങള്‍ സൃഷ്ടിച്ച ഭീകരതയും
ഒക്ടോബര്‍ 29ാം തിയ്യതി കളമശ്ശേരി യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേനത്തിനിടയിലുണ്ടായ സ്ഫോടനത്തിനുശേഷം കേരളത്തില്‍ അരങ്ങേറിയത് മാധ്യമവല്‍കൃത ഇസ്ലാമോഫോബിയയുടെ ടെക്സ്റ്റ് ബുക് ശൈലിയായിരുന്നു. മുസ്ലിംകളെ ആദ്യം കുറ്റവാളികളാക്കി സൂചനകള്‍ നിര്‍മിക്കുക, പിന്നീട് തെളിവുകള്‍ സമാഹരിക്കുക എന്നതാണ് മാധ്യമവല്‍കൃത ഇസ്ലാമോഫോബിയയുടെ ആഖ്യാന മാതൃക. ആദ്യം തെളിവ്, പിന്നീട് കുറ്റവാളിയെ പ്രഖ്യാപിക്കുയെന്ന സാമാന്യനീതിയുടെ ലംഘനം മുസ്ലിംകളെ വംശീയമായ തരംതിരിക്കുന്നതിന്റെ ഭാഗമായിരുന്നു.
വാര്‍ത്ത വന്നു ഏറെ താമസിയാതെ ഡൊമനിക് മാര്ട്ടിന് എന്നയാള്‍ കൊടകര സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. 16 വര്‍ഷം യഹോവകളുടെ സാക്ഷി പ്രവര്‍ത്തകനായിരുന്ന ഇയാള്‍. പ്രതിയെ പിടികൂടുന്നതിനു മുമ്പ് മൂന്നു മണിക്കൂര്‍ ഇടവേളയില്‍ റിപോര്‍ട്ടര്‍ ടി വി, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങള്‍ പോലീസ് സ്ഥിരീകരണമില്ലാതിരുന്നിട്ടും ഒരു മുസ്ലിം പ്രതിയെ തിരഞ്ഞു പിടിക്കുന്ന പ്രവര്‍ത്തിയിലായിരുന്നു. സ്ഫോടനത്തെ ആദ്യം ഭീകരത എന്ന അടയാളപെടുത്തിയ മാധ്യമങ്ങള്‍ പിന്നീടതിനെ വെറും സ്ഫോടനമാക്കി ചിത്രീകരിച്ചതു ഞങ്ങള്‍ തന്നെ വിശദമായി വിശകലനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു (കളമശ്ശേരിയും മാധ്യമങ്ങളും, സുപ്രഭാതം ദിനപത്രം 23 നവംബര്‍ 2023 ). ആ സ്ഫോടനത്തില്‍ ഇതുവരെ ഏട്ടു പേരാണ് കൊലപ്പെട്ടത്.
സ്ഫോടനം നടന്ന ഉടന്‍ രണ്ട് മുസ്ലിംകളെ അറസ്റ്റ് ചെയ്തതും അത് റിപോര്‍ട്ട് ചെയ്ത മക്തൂബ് മീഡിയയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതും നമ്മുടെ ഭരണസംവിധാനങ്ങള്‍ എത്രമാത്രം ഇസ്ലാമോഫോബിക്കായി മാറിയെന്നതിന്റെ സൂചനകളാണ്.
- മൂലധന ഭീതി
കുത്തക മൂലധനം സമൂഹ ശരീരത്തെ തകർക്കുന്നുവെന്നും അതിനാല്‍ തന്നെ നിശിതമായ സാമൂഹ്യ/രാഷ്ട്രീയ വിമര്‍ശനം വിവിധ രീതികളിലുള്ള കുത്തക മൂലധന സംരംഭങ്ങള്‍ക്കെതിരെ രൂപപ്പെടാറുണ്ട്. എന്നാൽ മൂലധനവിരുദ്ധതയുടെ മറവില്‍ ന്യൂനപക്ഷ വിരുദ്ധത, ദേശീയതയുടെ ഭാഗമായി രൂപം പ്രാപിക്കാറുണ്ട്. ന്യൂനപക്ഷ ഉടമസ്ഥതയിൽ രൂപപ്പെടുന്ന സംരംഭങ്ങള്‍ക്ക് പിറകില്‍ അമൂർത്തമായ ( അബ്സ്ട്രാകട്) മൂലധനം ഉണ്ടെന്നു ആരോപിക്കുകക എന്നതു മൂലധന ഭീതിയുടെ രൂപമുള്ള ഇസ്ലമോഫോബിയായയാണ്. ഇൻഡ്യയിലെ തന്നെ മുസ്ലിം ഉടമസ്ഥതായിലുള്ള ഏക പൊതു വാര്‍ത്താ ചാനല്‍ എന്നു മീഡിയാവാന് പറയാവുന്നതാണ്. എന്നാൽ മീഡിയ വണിന്റെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ് . പിഴവുകള്‍ ധാരാളം വരുത്താന്‍ സാധ്യതയയുള്ള ഒരു മാധ്യമ മേഖലയാണ് ദൃശ്യ മാധ്യമ പ്രവര്‍ത്തനം. എന്നാൽ മീഡിയവൺ എന്ന മാധ്യമത്തിന്റെ ഉള്ളടക്കം അല്ല, മറിച്ച് അതിന്റെ ഉടമസ്ഥതയാണ് മിക്കവാറും വിമാർഷിക്കുക. മറ്റ് മാധ്യമങ്ങളെ ഉള്ളടക്കം കൊണ്ടാണ് മിക്ക സമയത്തും വിമാർഷിക്കുകക. എന്നാൽ മീഡിയാവണിന്റെ വിമര്‍ശനം അതിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടാണ് എപ്പോഴും നടക്കാറുള്ളത്.
10.1. മീഡിയാവണിന്റെ അനുഭവം
കഴിഞ്ഞ സെപ്റ്റംബറില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കലാശക്കൊട്ട് വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ പാട്ടുപാടുന്ന ദൃശ്യം മീഡിയാ വണ്‍ ചിത്രീകരിച്ചിരുന്നു. അത് പിന്നീട് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഫേസ്ബുക്കില്‍ അതിന്റെ തലക്കെട്ട് ആര്‍എസ്എസ് ഗണഗീതത്തിന്റെ താളത്തില്‍ പാട്ടുപാടി എന്നായിരുന്നു. ഇങ്ങനെ ഒരു പാട്ടുപാടിയിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തില്‍ മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് ഖേദം പ്രകടിപ്പിക്കുകയും തെറ്റ് തിരുത്തുകയും ചെയ്തു ( 6 സെപ്തംബര്‍ 2023).
എന്നാല്‍ മീഡിയാവണ്‍ വരുത്തിയ തെറ്റുകളോടുള്ള ഇടത് സാമൂഹ്യമാധ്യമ ആക്റ്റിവിസ്റ്റുകളുടെ പ്രതികരണം ഒട്ടും സ്വാഭാവികമായിരുന്നില്ല. മാത്രമല്ല, പലതും ഹിന്ദുത്വ-വംശീയ സ്വഭാവത്തിലുള്ളതുമായിരുന്നു. മീഡിയാവണിനെ ഫാഷിസ്റ്റുകള്‍ ലക്ഷ്യമിട്ട സമയത്ത് രക്തസാക്ഷിത്വപരിവേഷമാണ് പൊതുവെ ഇടത് പ്രവര്‍ത്തകര്‍ മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് നല്‍കിയത്. എന്നാല്‍ വീഴ്ചയുടെ സമയത്ത് എല്ലാ ഉത്തരവാദിത്തത്തില്‍ നിന്നും അവര്‍ അദ്ദേഹത്തെ ‘ഔദാര്യപൂര്‍വം’ ഒഴിവാക്കുക മാത്രമല്ല, ഇത് അവസരമാക്കി ‘രക്ഷപ്പെടാനുള്ള ഉപദേശവും’ നല്കി. മുസ്ലിംകളോട് ഒപ്പം നില്ക്കുന്ന ശക്തരായ ഇതര വ്യക്തികളെ മുസ്ലിംകളില്നിന്ന് വേര്‍തിരിക്കാന്‍ ഈ തന്ത്രം മുന്‍പും ഉപയോഗിച്ചിട്ടുണ്ട്. ശക്തരല്ലെങ്കില്‍ ഈ ഔദാര്യം ലഭിക്കണമെന്നുമില്ല. എന്നാല്‍ ഈ കുരുക്കില്‍ പ്രമോദ് രാമന് വീണില്ല. ഇത് ചൂണ്ടിക്കാട്ടുന്നത് പ്രമോദ് രാമനെതിരേ ആരോപണമെന്ന നിലയിലല്ല, മറിച്ച് ഏത് സന്ദര്‍ഭത്തെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്ന ഇസ്ലാമോഫോബിയവീക്ഷണത്തെ എടുത്തു കാട്ടുന്നതിനുവേണ്ടി മാത്രമാണ്.
- ലിംഗ രാഷ്ട്രീയം
മുസ്ലിം ന്യൂനപക്ഷാവകാശങ്ങളെ നിഷേധിക്കാന്‍ ലിംഗ നീതിയുടെ രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന രീതിയെ ഫെമിനിസ്റ്റുകൾ തന്നെ വിമാർഷിച്ചിട്ടുള്ളതാണ്. ഭൂരിപക്ഷ ദേശീയതയുടെ താല്പര്യത്തിന് വേണ്ടി ലിംഗ രാഷ്ട്രീയത്തെ ചലിപ്പിക്കുന്ന രീതി പലപ്പോഴും ന്യൂനപക്ഷവകാശത്തിന്റെ നിഷേധത്തെ സഹായിച്ചുവെന്ന അനുഭവം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ തിരിച്ചറിയപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്നംആണ്. മൂത്തലാഖ് നിരോധനം അടക്കമുള്ള പ്രശ്നങ്ങളിൽ ഇൻഡ്യൻ ഫെമിനിസ്റ്റുകൾ തന്നെ ഈ പ്രശ്നം ഉണയിച്ചിട്ടുണ്ട്. ‘ലിംഗവൽകരികപ്പെട്ട ഇസ്ലാമോഫോബിയ’ എന്ന സംജ്ഞ വികസിച്ചുവന്നതിന്റെ കാരണവും മറ്റൊന്നല്ല.
- അനന്തരാവകാശ ചര്‍ച്ചകളിലെ രാഷ്ട്രീയ നിഷേധം
അഡ്വ. ഷുക്കുറും ഡോ. സീനയും 1994ല്‍ നിക്കാഹിന്റെ ചടങ്ങളുകളോടെ വിവാഹം കഴിച്ചവരായിരുന്നു. സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം തങ്ങള്‍ വീണ്ടും വിവാഹം കഴിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അഡ്വ ഷുക്കുറിന് മുന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. 1937ലെ മുസ്ലിം പേഴ്സണ്ല് ലോ ആപ്ലിക്കേഷന്‍ ആക്റ്റ് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നില്‍ രണ്ടുഭാഗം മാത്രമേ, ഈ പെണ്‍കുട്ടികള്‍ക്ക് കിട്ടുകയുള്ളു. ഷുക്കുറിനും ഷീനക്കും ആണ്മക്കള് ഇല്ലാത്തതിനാല്‍ ബാക്കി സ്വത്തുക്കള്‍പോവുക ഷുക്കൂറിന്റെ സഹോദരങ്ങള്‍ക്കാണ്. വില്‍പ്പത്രം എഴുതിവച്ചാല്‍പോലും അത് നിയമവിധേയമാവുകയില്ല. എന്നാല്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ വിവേചനത്തില്‍നിന്ന് രക്ഷപ്പെടാം. അതുകൊണ്ട് വനിതാദിനത്തില്‍, അതായത് 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം അദേഹവും ഭാര്യയും വിവാഹിതരാകുകയാണെന്ന് ഷുക്കുര്‍ വക്കീല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഈ വിഷയത്തില്‍ ഇസ്ലാമിക നിയമത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതിനേക്കാള്‍ മുസ്ലിംകളെ അച്ചടക്കം പഠിപ്പിക്കാനാണ് വിമര്‍ശകര്‍ ശ്രമിച്ചത്. ശരിഅ: എന്ന വാക്കിന്റെ പേരില്‍ തന്നെ മുന്‍വിധികള്‍ ഉല്പാദിപ്പിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ സ്വത്തുടുമസ്ഥത, സാമ്പത്തിക ഉത്തരവാദിത്തം ഒക്കെ നല്കിയ ശരീഅ:യുടെ തത്വങ്ങള്‍ക്ക് ആധുനിക നിയമ വ്യവസ്ഥയില്‍ സംഭവിച്ച പരിണാമങ്ങള്‍ ഏറെ പഠിക്കേണ്ട ഒരു മേഖലയാണ്. ഇത്തരമൊരു ചര്‍ച്ചയ്ക്കുപകരം മുസ്ലിം സമുദായത്തിന്റെ ചരിത്രപരമായ അനുഭവങ്ങളും അറിവുകളും നിഷേധിക്കുന്ന രീതിയില്‍ ലിംഗരാഷ്ട്രീയത്തെ ഉപയോഗിച്ചതിനാല്ത്തന്നെ ആ ഇടപെടല്‍ ഇസ്ലാമോഫോബിയയുടെ ആവനാഴിയിലേക്ക് വരവുവെക്കപ്പെട്ടു. സ്വയംനിര്‍ണയാവകാശമുള്ള ഒരു സാമൂഹിക വിഭാഗം എന്ന രീതിയില്‍ മുസ്ലിംകളെ പരിഗണിക്കാതെയുള്ള ലിംഗ അവകാശ ചര്‍ച്ചകള്‍ ഇസ്ലാമോഫോബിയയുടെ യുക്തിയെ ശക്തിപ്പെടുത്തുകയേയുള്ളൂ.
11.2. കണ്ണൂരിലെ മുസ്ലീം കല്യാണവും സ്ത്രീ വിരുദ്ധതയുടെ നിർമിതിയും
‘കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’: നിഖില വിമല്‍ ‘(മലയാളം ന്യൂസ് ) . ഏപ്രില്‍ 18 നു പുറത്തിറങ്ങിയ അയല്‍വാശി എന്ന സിനിമയുടെ പ്രമോഷനിടെയാണ് നടി നിഖിലാ വിമല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ദീര്‍ഘമായ ഒരു ചര്‍ച്ചക്കിടയില്‍ നടന്ന ഒരു പരാമര്‍ശമായിരുന്നെങ്കിലും എല്ലാ മാധ്യമങ്ങളിലും അതു മുഖ്യതലക്കെട്ടായി മാറി. നിരവധി പേര് ഇതിനെതിരേ രംഗത്തുവന്നു. പോത്തും എരുമയും കഴിക്കും എന്നു നിഖിലാ വിമല്‍ പറഞ്ഞപോള്‍ സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ അവരുടെ അഭിപ്രായത്തെ തളളിക്കളയുന്നു എന്ന എതിര്‍പ്രചാരണവും ഉണ്ടായി.
സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെപ്പറ്റി ഒരു വ്യക്തി നടത്തിയ പ്രസ്താവന പോലെയല്ല സ്വന്തം വ്യക്തിഅനുഭവങ്ങളെ മുന്‍നിറുത്തി ഒരു പ്രദേശത്തെയോ സാമൂഹിക വിഭാഗത്തെയോ ഒരു വിഭാഗം സ്ത്രീകളുടെ സാമൂഹിക അനുഭവത്തെയോ സാമാന്യവല്‍ക്കരിച്ച് സംസാരിക്കുന്നത്. ഇത് കേവല അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. അഭിപ്രായങ്ങളുടെ ഉള്ളടക്ക പ്രശ്നം ആണ്. രാഷ്ട്രീയ ജാഗ്രതയുള്ള ഒരു കലാകാരിക്കു പോലും മുസ്ലിം/ സ്ത്രീ അനുഭവങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ കേവല അനുഭവങ്ങളുപയോഗിച്ചുള്ള സാമാന്യവല്ക്കരണം എന്ന ചട്ടക്കൂടിനപ്പുറത്തേക്ക് വികസിക്കാനാവാത്തത് ഭാഷയിലെയും വ്യവഹാരങ്ങളിലെയും ഇസ്ലാമോഫോബിയ കൊണ്ടാണ്. ലിംഗ രാഷ്ട്രീയം, പ്രാദേശിക അനുഭവം തുടങ്ങിയ അനേകം മാതൃകളിലൂടെ ഇസ്ലാമോഫോബിയ പ്രവർത്തനക്ഷമാവുന്നതിന്റെ ഉദാഹരണമാണിത്.
പുതിയ പ്രതിരോധം
ഇസ്ലാമോഫോബിയ പ്രതിരോധാം പുതിയ വഴികൾ സ്വീകരിക്കുന്ന കാഴ്ചയും ലോകത്തുണ്ട്. ഇസ്ലാമോഫോബിയയുടെ വിവിധ രീതികള്‍ പടിക്കാനും പടിപ്പിക്കാനും ഇന്ന് നിരവധി ഗവേഷണ, പടന വേദികള്‍ നിലവി വന്നിരിക്കുന്നു. 2023 മാര്‍ച്ചു 15 ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായിരുന്നു. ഇത് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. കേരളത്തിലെ ചുരുക്കം ചില മാധ്യമങ്ങളെങ്കിലും അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനം എന്നുള്ളത് ഗൗരവത്തിലെടുക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇസ്ലാമോഫോബിയ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്നും അതിനെ അഭിമൂഖീകരിക്കേണ്ടത് അത്യാവശ്യമാണെന്നുമുള്ള ചര്‍ച്ചയിലേക്ക് മാറി. ഇസ്ലാമോഫോബിയക്കെതിരായ പോരാട്ടം ഏതെങ്കിലും പ്രത്യേക വിവേചനത്തോടുള്ള പ്രതികരണം എന്നതില്‍ നിന്നു മാറി , ഒരു സാമൂഹ്യ പ്രശ്നം എന്ന നിലയില്‍ ചര്‍ച്ച ചെയ്യാന്‍ ഈ ദിനാചാരണത്തിലൂടെ സാധിച്ചിരുന്നു. കാരണം മുസ്ലീംകളോടുള്ള വിവേചനവും പ്രത്യക്ഷമായ വിദ്വേഷവും ‘പകര്‍ച്ചവ്യാധി പോലെ’ ഉയരുന്നതായി മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എന്നിന്റെ പ്രത്യേക റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍, വിഭവങ്ങളുടെ ലഭ്യതയിലും, തൊഴില്‍ കണ്ടെത്തുന്നതിലും, വിദ്യാഭ്യാസത്തിലും മുസ്ലിംകള് വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട് തുടങ്ങിയ പ്രശ്നങ്ങള്‍ ഐക്യരാഷ്ട്ര സഭ തന്നെ ചൂണ്ടിക്കാട്ടിയതാണ്. കേരളീയ സാഹചര്യത്തില്‍ ഇസ്ലാമോഫോബിയയുടെ വിവിധ രീതികള്‍ വിശകലനം ചെയ്യാനും അന്വേഷിക്കാനും തയ്യാറാകുന്ന ഒരു സാമൂഹ്യ- രാഷ്ട്രീയ സമീപനം തന്നെ വികസിച്ചു വരേണ്ടതുണ്ട്.
കടപ്പാട്: പ്രബോധനം വാരിക ( 5, 12, ജനുവരി 2024)