ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ നിന്നായിരുന്നു ‘ഐ ലവ് മുഹമ്മദ്’ സൈന്‍ബോര്‍ഡിനെതിരേയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളുടെ തുടക്കം. സെപ്റ്റംബര്‍ നാലിന് നബിദിനത്തില്‍ സയ്യിദ് നഗര്‍ പ്രദേശത്ത് ‘ഞാന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നു’ എന്ന് എഴുതിയ ഒരു സൈന്‍ബോര്‍ഡ് തൂക്കിയിരുന്നു. ഇതിനെതിരേ ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നു. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് ഇടപെട്ട് സൈന്‍ബോര്‍ഡ് മാറ്റിസ്ഥാപിച്ചു.
2025 സെപ്റ്റംബര്‍ ഒൻപതിന് 24 മുസ്്ലിംയുവാക്കള്‍ക്കെതിരേ സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.പി പൊലിസ് കേസെടുത്തു. ഹിന്ദുക്കളുടെ പോസ്റ്റര്‍ കീറിയെന്ന പുതിയ ആരോപണവും എഴുതിച്ചേര്‍ത്തിരുന്നു. പതിവില്ലാത്ത ഇടത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും ഈ പ്രദേശത്തുകൂടെയാണ് രാമനവമി ആഘോഷങ്ങള്‍ കടന്നുപോകുന്നതെന്നുമാണ് പൊലിസ് എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നത്. പൊലിസ് നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായി. തുടക്കത്തില്‍ കാൺപൂരായിരുന്നു പ്രതിഷേധത്തിന്റെ കേന്ദ്രം. എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ ഭരണകൂടം വഴങ്ങിയില്ല. പ്രതിഷേധമെന്ന നിലയില്‍ മറ്റ് നഗരങ്ങളിലും സമാന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൊലിസ് ഇതിനെതിരേയും കേസെടുത്തു.
ബറേലിയിലെ പ്രതിഷേധം
2025 സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച മൊറ്റൊരു പ്രതിഷേധം ബറേലിയില്‍ സംഘടിപ്പിക്കപ്പെട്ടു. ഇത്തിഹാദ് ഇ മില്ലത് കൗണ്‍സില്‍ മേധാവി മൗലാന തൗഖ്വീര്‍ റാസ ഖാനാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച പ്രാര്‍ഥനയക്കുശേഷം തൊട്ടടുത്ത മൈതാനത്ത് ഒത്തുചേരാനും ജില്ലാ മജിസ്‌ട്രേറ്റിന് മെമ്മോറാണ്ടം സമര്‍പ്പിക്കാനുമായിരുന്നു പരിപാടി. പ്രതിഷേധത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പരിപാടി നടക്കാനിരുന്ന പ്രദേശത്ത് പൊലിസിനെ വിന്യസിപ്പിച്ച് പ്രവേശനം തടഞ്ഞു. ഇത് സംഘര്‍ഷത്തിന് കാരണമായി. പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കുപറ്റി.വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഇതിന്റെ പേരില്‍ 10 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 82 പേരെ അറസ്റ്റ് ചെയ്തു; രണ്ട് പേര്‍ക്ക് കാലില്‍ വെടിയേറ്റു. മൗലാന തൗഖീര്‍ റസാ ഖാനെയായിരുന്നു ബറേലിയില്‍ ആദ്യം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേയും നടപടിയെടുത്തു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ബന്ധുക്കളുടെ വീടുകള്‍ ഇടിച്ചുനിരത്തി. കടകള്‍ തകര്‍ത്തു.
ബറേല്‍വികളുടെ ആത്മീയാചാര്യന്‍ അഹമ്മദ് റസാഖാന്‍ എന്ന ആലാ ഹസ്രത്തിന്റെ കൊച്ചു മകനാണ് മൗലാന തൗഖ്വീര്‍ റാസ ഖാന്‍. ബോജിപുര എന്ന നിയമസഭാ മണ്ഡലത്തില്‍ തൗഖീര്‍ ഖാന്റെ പാര്‍ട്ടി 2012ല്‍ അസംബ്ലി ഇലക്ഷനില്‍ വിജയിച്ചിരുന്നു. 2016ല്‍ ബീഫ് കയറ്റുമതിയിലൂടെ വിദേശനാണ്യം കൊയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും മുസ്്ലിം സംഘടനകളെ ഒപ്പം കൂട്ടി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത് ഇതോടുകൂടിയാണ്.
പ്രവാചക സ്നേഹം കുറ്റകൃത്യമാകുമ്പോള്‍
ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം പതിവുപോലെ വിദ്വേഷം കലര്‍ന്നതായിരുന്നു. ലാത്തിച്ചാര്‍ജും അറസ്റ്റും നടത്തി പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാനായിരുന്നു ശ്രമം. പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു: ‘ഓര്‍ക്കുക! നിങ്ങള്‍ എപ്പോള്‍ ധൈര്യം കാട്ടിയാലും, ബറേലിയില്‍ കിട്ടിയതുപോലെ തന്നെ നിങ്ങള്‍ക്ക് അടി കിട്ടും. ഭാവി തലമുറകള്‍ക്കുപോലും കലാപം ചെയ്യാന്‍ ധൈര്യം വരാത്ത വിധം ഞങ്ങള്‍ നിങ്ങളെ പാഠം പഠിപ്പിക്കും…’.
താമസിയാതെ പ്രതിഷേധം യു.പിക്ക് പുറത്തേക്ക് കടന്നു. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രശ്‌നം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്റ്ററുകളും ലൈറ്റ് ബോര്‍ഡുകളും സ്ഥാപിക്കുന്നവരെ മാത്രമല്ല, തങ്ങളുടെ കംപ്യൂട്ടറുകളില്‍ ഐ ലവ് മുഹമ്മദ് എന്ന് പ്രിന്റ് ചെയ്തവരെയും രാജ്യത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസഫര്‍നഗറിലായിരുന്നു സംഭവം. അവിടെ പ്രിന്റ് ചെയ്യാനുപയോഗിച്ച കംപ്യൂട്ടറുകളും പ്രിന്ററുകളും പിടിച്ചെടുത്തു. ഗുജറാത്തില്‍ അറസ്റ്റ് ചെയ്തത് ഐ ലവ് മുഹമ്മദ് എന്ന് വാട്‌സ്ആപ്പ് മെസേജ് അയച്ചയാളെയാണ്. വീടുകളില്‍ കടന്നുകയറി ആക്രമണം നടത്തുന്ന െപാലിസുകാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായി ജുവനൈല്‍ ഹോമുകളിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരേ പലവിധ ആക്രമണങ്ങളാണ് നടക്കുന്നത്. ബറേലിയിലെ പ്രതിഷേധക്കാര്‍ക്കെതിരേ വൈദ്യുതി വിതരണക്കമ്പനി പവര്‍ തെഫ്റ്റിന് നോട്ടിസ് നല്‍കിയത് ഉദാഹരണം. അവിടെ ഒരാള്‍ക്കെതിരേ ഒരു കോടിയുടെ പിഴ ചുമത്തി.
കേസുകള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പുപോലും നിയമനടപടി ക്ഷണിച്ചുവരുത്തുമെന്നാണ് അനുഭവം. സ്വന്തം ജീവിതത്തിൽ പ്രവാചകസ്നേഹം പ്രകടിപ്പിക്കുന്നതും കുറ്റകരമായിയിരിക്കുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന കേസുകള്‍ പരിശോധിച്ചാല്‍ കൂട്ടശിക്ഷയുടെ സൂചനയാണ് നല്‍കുന്നത്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല, കുറ്റകൃത്യം നടന്ന പ്രദേശത്തുള്ള മുഴുവന്‍ പേരും നിയമനടപടിയുടെ നിഴലിലാവുകയാണ്.
‘ഐ ലവ് മുഹമ്മദ്’ കാംപയ്‌നുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, ‘ബറേലിയിലെ ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധങ്ങള്‍: കൂട്ടശിക്ഷയെയും വിശ്വാസത്തെ ക്രിമിനല്‍വത്കരിക്കുന്നതിനെയും കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ കണക്കനുസരിച്ച് ഇതുവരെ 4,505 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 23 നഗരങ്ങളിലായി 45 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രതിചേര്‍ക്കപ്പെട്ടവരില്‍ ചിലരുടെ വസ്തുവകകള്‍ തകര്‍ത്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എല്ലാവരുംതന്നെ മുസ്്ലിംകളായിരുന്നു. അറസ്റ്റിലായവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്കുപോലും എഫ്.ഐ.ആറുകളുടെ പകര്‍പ്പുകള്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നല്ല മുസ്്ലിം / മോശം മുസ്്ലിം
2014നുശേഷം ഹിന്ദുത്വർ ഇവ്വിഷയകമായി നടത്തിയ ഇടപെടലുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. 2015 ഓഗസ്റ്റ് 30ന് മോദി ഇന്ത്യയിലെങ്ങുമുള്ള 40 സൂഫി വര്യന്മാരുമായി കൂടിക്കാഴ്ച നടത്തി(എകണോമിക് ടൈംസ്). തുടർന്ന് 2016 മാര്‍ച്ച് 17 മുതല്‍ 20 വരെ ന്യൂഡല്‍ഹിയില്‍ നാല് ദിവസം ഒരു വേള്‍ഡ് സൂഫി ഫോറം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകന്‍. സൂഫി സന്യാസിമാര്‍ പ്രചരിപ്പിച്ച സ്നേഹ സിദ്ധാന്തം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും എന്നാല്‍ ‘ഭീകരവാദ’ ശക്തികള്‍ അതിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു: ‘ഇസ്്ലാമിന്റെ യഥാര്‍ഥ ചിത്രം ലോകം അറിയേണ്ടത് ഒരുപക്ഷേ ഏറ്റവും അത്യാവശ്യമായി മാറിയിരിക്കാം… സ്‌നേഹവുമായി ബന്ധപ്പെട്ട സൂഫി സംസ്‌കാരം ഈ സന്ദേശം വിദൂരത്തേക്ക് പ്രചരിപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇത് ഇസ്്ലാമിനും മനുഷ്യകുലത്തിനും ഗുണകരമായിരിക്കും,’ . സ്നേഹത്തിൻ്റെ ഇസ്‌ലാം / ഭീകരതയുടെ ഇസ്‌ലാം എന്ന ബൈനറിയായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ കാതൽ.
എന്നാല്‍ നല്ല മുസ്്ലിം / മോശം മുസ്്ലിം എന്ന ബൈനറിക്ക് അൽപായുസാണുണ്ടായിരുന്നത്. 2022ൽ മോദിയുടെ പാര്‍ട്ടിയുടെ ഭാഗമായ നുപൂര്‍ ശര്‍മയാണ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് അവര്‍ പ്രവാചകന്റെ വ്യക്തിത്വത്തെയും വിവാഹജീവിതത്തെയും അവഹേളിച്ചത്. ഇതിനെതിരേ അന്താരാഷ്ട്രതലത്തില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനമുയർന്നു.
പ്രവാചക സ്‌നേഹവും ഹിന്ദുത്വ പരമാധികാരവും
നിരപേക്ഷമായ അർഥത്തിൽ സ്‌നേഹം സ്വയംതന്നെ അതിര്‍ത്തികളെ മറികടക്കുന്ന ബന്ധമാണ്. അതിനാല്‍ത്തന്നെ പരമാധികാരത്തിനും രാഷ്ട്രത്തിനും അതിൻ്റെ ദിശ നിയന്ത്രിക്കണമെന്ന ആഗ്രഹം ചരിത്രപരമായിത്തന്നെയുണ്ട്. മുസ്്ലിംകളെ സംബന്ധിച്ചിടത്തോളം സ്‌നേഹം ഒരു നിരപേക്ഷ മനുഷ്യവികാരം മാത്രമല്ല, അത് അവരുടെ അതിഭൗതിക വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.
എന്നാല്‍ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയില്‍, ഒരു മുസ്്ലിമിന്റെ സ്‌നേഹം -ഭക്തിയായാലും മനുഷ്യബന്ധത്തിന്റെ ഭാഗമായാലും- പലപ്പോഴും ഭരണകൂട സുരക്ഷാരാഷ്ട്രീയത്തിൻ്റെ ലക്ഷ്യമായി മാറിയിട്ടുണ്ട്. മുസ്്ലിംകള്‍ അന്യമതസ്ഥരെ സ്‌നേഹം നടിച്ചു വശത്താക്കുന്നുവെന്ന ലൗജിഹാദ് പ്രചാരണം ഒരു വശത്ത്. മറുവശത്ത് വിശ്വാസത്തിന്റെ ഭാഗമായ പ്രവാചക സ്‌നേഹത്തെ ക്രിമിനല്‍വല്‍ക്കരിച്ചിരിക്കുന്നു. മുസ്്ലിംകള്‍ എങ്ങനെ സ്‌നേഹിക്കണം എന്ന കാര്യത്തിലാണ് ഹിന്ദുത്വ പരമാധികാരം തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത്.
മുസ്്ലിംകളെ സംബന്ധിച്ചിടത്തോളം പ്രവാചകനോട് പ്രാഥമികമായും ആത്മീയമായ സ്നേഹമാണുള്ളത്. എന്നാല്‍ ഹിന്ദുത്വരാകട്ടെ ഈ സ്നേഹത്തെ രാഷ്ട്രീയഭീഷണിയായി കാണുന്നു. മുസ്്ലിംകള്‍ സ്വയം സ്‌നേഹിക്കുന്നതിനെ മറ്റുള്ളവര്‍ ഭയപ്പെടുന്നതെന്തിനാണെന്ന ചോദ്യം വളരെ പ്രസക്തമാണ്. മാത്രമല്ല, പ്രവാചകസ്‌നേഹം വൈയക്തികമായ ആത്മീയാനുഭവം മാത്രമല്ല; അത് ഒരു സമൂഹത്തിന്റെ നൈതിക-ആത്മീയ കൂട്ടായ്മയുടെ അടയാളമാണ്. മുസ്്ലിം കൂട്ടായ്മയും സംഘാടനവും ഹിന്ദുത്വ പരമാധികാര വാഴ്ചയ്ക്കു വഴങ്ങാത്ത സ്നേഹത്തിൻ്റെ ലോകമായാണ് അനുഭവപ്പെടുന്നത്. ഐ ലവ് മുഹമ്മദ് എന്ന നിഷ്കളങ്കമായ സൈൻ ബോർഡ് അവരെ അസ്വസ്ഥപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
(കടപ്പാട് : സുപ്രഭാതം ദിനപത്രം)