2026 മെയ് 4നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 102 മണ്ഡലങ്ങളിൽ വിജയവുമായി യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡി എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങി. ചരിത്രത്തിലാദ്യമായി ബി ജെപി 3 സീറ്റുകൾ നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരവും യു ഡി എഫിന്റെ മികച്ച വിജയവും വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കും വിശകലനങ്ങൾക്കും കാരണമായി. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം, സാമ്പത്തിക ധൂർത്ത്, ഇടതുമുന്നണിയിലെ വിമതവിപ്ലവം, ദലിത് വിരുദ്ധത, ശബരിമലയിലെ മോഷണം, സ്വജനപക്ഷപാതം, ആശാ സമരത്തോടു സ്വീകരിച്ച നിലപാട്, പൊലീസിലെ ഹിന്ദുത്വ വാഴ്ച എന്നിങ്ങനെ പല കാരണങ്ങളും തെരഞെടുപ്പ് ഫലത്തിന്റെ അവലോകനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിൽതന്നെ ‘ഇസ്ലാമോഫോബിയ’ ഒരു കാരണമായി വിവിധ തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ ഇടംപിടിച്ചു. ചില വിശകലനങ്ങൾ മുഖ്യകാരണമായി വിശദീകരിച്ചു. മറ്റു ചില അവലോകനങ്ങൾ വിവിധ കാരണങ്ങളിലൊന്നായി ഇസ്ലാമോഫോബിയയെ വിശകലനം ചെയ്തു.

മേൽ സൂചിപ്പിച്ച പ്രതികരണങ്ങളുടെ മുഴുവൻ ടെക്സ്റ്റും താഴെ കൊടുക്കുന്നു. എഴുത്തുകാരും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും പത്രപ്രവർത്തകരും നടത്തിയ അവലോകനങ്ങളുടെ ഒരു രേഖാശേഖരമാണിത്. ഇതിൽ കൂടുതൽ അവലോകനങ്ങൾ ലഭ്യമാണ്. 2026 മെയ് 4 മുതൽ 9 വരെ പ്രസിദ്ധീകരിക്കപ്പെട്ട 10 അവലോകനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കൽപറ്റ നാരായണൻ:
“വാസ്തവത്തിൽ ഈ തോൽവിയുടെ മുഖ്യകാരണമായിട്ട് ഞാൻ കരുതുന്നത് ഈ വെള്ളാപ്പള്ളി നടേശനെ അധികാരത്തിന്റെ കാറിൽ പിടിച്ചു കയറ്റിയ ആ ഒരു ദൃശ്യം. എന്ത് ഭീകരമായിട്ടാണ് അയാളുടെ ഇസ്ലാമോഫോബിയ നാം കണ്ടിട്ടുള്ളത്. അങ്ങനെ ഒരാളെ അധികാരത്തിന്റെ കാറിൽ പിടിച്ച് കയറ്റുക എന്ന് പറഞ്ഞാൽ ഒരു വലിയ പ്രസ്താവനയാണ്. ആ പ്രസ്താവനയാണ് അതിലൂടെ നടത്തിയത്. അതിന് കിട്ടിയ തിരിച്ചടി കൂടിയാണ് ഇത്. മുസ്ലിം ഏകീകരണമൊന്നുമല്ല നടന്നിട്ടുള്ളത്, നമ്മുടെ മതനിരപേക്ഷ കേരളം ഉണരുകയാണ് വാസ്തവത്തിൽ ചെയ്തിട്ടുള്ളത്”(ജനാധിപത്യബോധമുള്ള ജനതയുടെ ജീവൻരക്ഷാ പ്രവർത്തനം, 5 മെയ് 2026, ഏഷ്യാനെറ്റ്).
കെ എസ് ഹരിഹരൻ:
“ഒരുപക്ഷേ കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായ ഒരു മണ്ഡലം പേരാമ്പ്രയാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലം പൊതുവിൽ ഇടതുപക്ഷ അനുകൂല മണ്ഡലമായാണ് അറിയപ്പെടുന്നത്. കാലാകാലങ്ങളായി അവിടെ വലിയതോതിലുള്ള കടുത്ത മത്സരം ഒന്നു ഇല്ലാതെ സിപിഎമ്മിന്റെ നേതാക്കൾ നിയമസഭയിലേക്ക് പോകുന്ന മണ്ഡലമാണ്. പറയത്തക്ക ദുഷ്പേരുകൾ ഒന്നും കേൾപ്പിച്ചിട്ടില്ലാത്ത ടിപി രാമകൃഷ്ണൻ പക്ഷേ ഇത്തവണ തോറ്റുപോയി. തോറ്റതാകട്ടെ രാഷ്ട്രീയത്തിൽ നവാഗതയായ ഫാത്തിമ തഹ്ലിയ എന്ന തട്ടമിട്ടു നടക്കുന്ന ഒരു മുസ്ലിം പെൺകുട്ടിയോടാണ്. ഫാത്തിമ തഹ്ലിയയുടെ വേഷവും അവരുടെ പ്രചാരണ പ്രവർത്തനങ്ങളും അവരുടെ രാഷ്ട്രീയ പ്രചരണങ്ങളും ഒക്കെ ചെറിയ അസ്വസ്ഥതയൊന്നുമല്ല പേരാമ്പ്രയിലും മറ്റു മണ്ഡലങ്ങളിലും സിപിഎമ്മിന് സൃഷ്ടിച്ചത്. ഒരു പാർട്ടി എന്ന നിലക്ക് ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്താൻ ബാധ്യതപ്പെട്ട സിപിഐഎമ്മിന്റെ നേതാക്കളിൽ എത്രത്തോളം ശക്തമാണ് ഇസ്ലാമോഫോബിയ എന്ന് വെളിപ്പെടുത്തിയ സംഭവങ്ങളാണ് പേരാമ്പ്രയിൽ ഉണ്ടായത്. ഫാത്തിമ തഹ്ലിയക്കെതിരെ സൈബർ ഗുണ്ടകൾ ആഞ്ഞു രംഗത്തിറങ്ങി. നിരന്തരം അധിക്ഷേപങ്ങൾ ഉണ്ടായി, അവരെ പരമാവധി അപഹസിക്കാൻ ശ്രമിച്ചു. അവരുടെ ആത്മവീര്യം ചോർത്താൻ ശ്രമിച്ചു. പല രീതിയിലുള്ള ആക്രമണങ്ങൾ അവർക്കെതിരെ രൂപപ്പെട്ടുവന്നു” (രാമകൃഷ്ണനും ഫാത്തിമ തഹ്ലിയയും പേരാമ്പ്രയുടെ പാഠവും, 6 മെയ് 2026, കേരള ഇൻസൈറ്റ്).
സി ആർ നീലകണ്ഠൻ:
“എക്സിറ്റ് പോളുകളെല്ലാം തന്നെ എൽഡിഎഫ് പിന്നിലാണെന്നാണ് സൂചിപ്പിക്കുന്നത്. എങ്കിലും എം വി ഗോവിന്ദനോ മുഖ്യമന്ത്രിക്കോ അങ്ങനെ ഒരു കോൺഫിഡൻസ് ഉണ്ടാവണമെങ്കിൽ, അതിനെ സത്യസന്ധമായി ആണ് അവർ കാണുന്നതെങ്കിൽ, അവരെന്താണ് അതിന് കാണുന്ന കാരണം, അവർ രാഷ്ട്രീയമായി മുന്നോട്ട് വെച്ച കാര്യങ്ങൾ കേരളം സ്വീകരിച്ചു എന്നാണോ, അവർ രാഷ്ട്രീയമായി മുന്നോട്ട് വെച്ച പലതും അബദ്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാനല്ലാതെ മറ്റാരുണ്ട് എന്ന് ചോദിച്ച് പിണറായിയുടെ പടം വെക്കുന്നതോ, രാഷ്ട്രീയത്തെക്കാൾ വികസനം അജണ്ടയാക്കുന്നതോ, ഒരു മൃദു ഇസ്ലാമോഫോബിയ കൊണ്ട് തെരഞെടുപ്പ് ജയിക്കാമെന്ന് വിശ്വസിക്കുന്നതോ, അതാണോ അവരുടെ കാര്യം?” (എക്സിറ്റ് പോളുകൾ തെറ്റാണെന്നു പിണറായി പറയാൻ കാരണം, ഇസ്ലാമോഫോബിയയും പിആർ വർക്കും ആണോ? ദ പ്രൈം വിറ്റ്നെസ്, 4 മെയ് 2026)
അനന്ദു രാജ്:
“സിപിഐഎം ഭരണത്തിന്റെ തണലിൽ വിരാജിച്ച ഇസ്ലാമോഫോബിയ, ദലിത് വിരുദ്ധത, തൊഴിലാളി വിരുദ്ധത എന്നിവയുടെ പ്രതിഫലമാണ് ഇടതുപക്ഷത്തിന്റെ തോൽവി. മലയാളിയുടെ അരാഷ്ട്രീയതയല്ല മറിച്ച് മലയാളിയുടെ രാഷ്ട്രീയ ഭാവനയുടെ മാറ്റമാണ് ഇലക്ഷൻ നമുക്ക് കാണിച്ചു തരുന്നത്” (5 മെയ് 2026, മക്തൂബ് മലയാളം, ഫേസ്ബുക് പോസ്റ്റർ).
ടി കെ അഷ്റഫ്:
“ഇസ്ലാം ഭീതി പടർത്തിയോ ഒരു വിഭാഗത്തെ അപരവൽക്കരിച്ചോ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ആരും കരുതേണ്ടതില്ല. അത്തരം നീക്കങ്ങളെ കേരളം അവജ്ഞയോടെ തള്ളും”(4 മെയ് 2026, തെരഞ്ഞെടുപ്പ് ഫലം: കേരളം നൽകുന്ന 10 പാഠങ്ങൾ, ഫേസ്ബുക് പോസ്റ്റ്).
എം ഗീതാനന്ദൻ:
“ഈ ഭരണത്തിന്റെ മറ്റൊരു വശം അത് ഏറ്റവും കുഴപ്പം പിടിക്കുന്ന തരത്തിൽ കേരളത്തെ എത്തിച്ചിട്ടുണ്ട്. അതിന്റെ ഒരു സെക്കുലർ സ്വഭാവത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ ഹിന്ദുത്വ വർഗീയവാദത്തെ പ്രൊമോട്ട് ചെയുന്ന തരത്തിൽ പല ഘട്ടങ്ങളിലായി ഇസ്ലാമോഫോബിയ കേരളത്തിൽ പ്രചരിക്കപ്പെട്ടു” (അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് നടത്തിയ വാർത്താ സമ്മേളനം, തുടർ ഭരണത്തെ തടയുന്നതിൽ ദലിത് – ആദിവാസികൾ നിർണ്ണായക പങ്കുവഹിച്ചു, ദൃശ്യ ന്യൂസ് ലൈവ്, 6 മെയ് 2026)
വേണുഗോപാലൻ കുനിയിൽ:
“ഒരേ പാർട്ടിയിലെ ഷാഫിക്കും വാരിയർക്കുമിടയിൽ നിന്ന് ഒരാളെ തെരഞ്ഞുപിടിച്ച് “വർഗീയ മേലങ്കി” പുതപ്പിക്കുന്ന വ്യാജ ഇടതുപക്ഷം. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം രൂപീകൃതമായ 1977 മുതൽ 2026 വരെ ജയിച്ചത് മുഴുവനും CPM സ്ഥാനാർത്ഥികളാണ്. അവരുടെ കൂട്ടത്തിൽ ഇ.കെ.നായനാർ, ഒ.ഭരതൻ,പി. കരുണാകരൻ മുതലായ അതിപ്രമുഖർ വരെയുണ്ട്. 2026 ൽ സിപിഎമ്മിന്റെ ഡോക്ടർ വിപിപി മുസ്തഫയെ പരാജയപ്പെടുത്തി വിജയിക്കുന്നത് സന്ദീപ് വാര്യരാണ്. സന്ദീപ് വാര്യർ ബിജെപിയുടെ അതിശക്തനായ വക്താവായിരുന്നു. അവിടെനിന്ന് കോൺഗ്രസ്സിലേക്ക് മാറി. ( അത് മോശം കാര്യമാണെന്ന് പറയുന്നില്ല. ബിജെപിയിൽ അടിഞ്ഞു കൂടിയ എല്ലാ മനുഷ്യരും മതഭ്രാന്ത് കയ്യൊഴിഞ്ഞ് പുറത്തേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത് )സന്ദീപ് വാരിയർ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ് ജനിച്ചതും ജീവിക്കുന്നതും. ഇനി നമുക്ക് വടകര ലോകസഭാ മണ്ഡലത്തെക്കുറിച്ച് പറയാം. സിപിഎമ്മിന്റെ എക്കാലത്തെയും ശക്തി കേന്ദ്രം എന്നു പറയാവുന്ന മണ്ഡലം ആണെങ്കിൽ കൂടി അവരുടെ കയ്യിൽ നിന്ന് പലപ്പോഴും കുതറിപ്പോയ ഒന്നുകൂടിയാണ് വടകര. മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും ഒക്കെ വിജയിച്ച സ്ഥലം. 2019 ൽ അവിടെ ജയിച്ചത് കെ.മുരളീധരൻ. അത്തരം ഒരു മണ്ഡലത്തിലേക്കാണ് 2024 ൽ പാലക്കാട് MLA ആയ മുഹമ്മദ് ഷാഫി UDF സ്ഥാനാർത്ഥിയായി വരുന്നത്. LDFന്റെ സ്ഥാനാർത്ഥിയാകട്ടെ മറ്റൊരു MLA തന്നെയായ കെ.കെ.ശൈലജയും. സന്ദീപ് വാര്യരെ പോലെത്തന്നെ പാലക്കാടുകാരനാണ് മുഹമ്മദ് ഷാഫിയും. സന്ദീപ് വാരിയർ എന്ന കോൺഗ്രസ്സുകാരനിൽ നിന്നും ഷാഫി വ്യത്യസ്തമാകുന്നത് അയാൾ സമീപകാലത്ത് പരിവർത്തനം ചെയ്യപ്പെട്ട കോൺഗ്രസുകാരനല്ല എന്നതിനാലാണ്. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന മുഖ്യ ഭാരവാഹിയായിരുന്ന ഒരാൾ. KPCC യുടെ പ്രമുഖ ഭാരവാഹിയായി തുടരുന്ന ഒരാൾ. ഇങ്ങനെ ഒരാൾ പാലക്കാട് നിന്നും തൃക്കരിപ്പൂരിനേക്കാൾ ദൂരം കുറവായ വടകര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പാലക്കാടു നിന്നൊരു ഷാഫി വന്നിട്ടുണ്ട് എന്ന പച്ചയായ വർഗീയത ആയിരുന്നു എന്ന കാര്യം ആ മണ്ഡലത്തിലെ ഒരു വോട്ടർ കൂടിയായ എനിക്ക് മറക്കാനാകില്ല ……പക്ഷേ തന്റെ പേരിനൊപ്പം ഒരു “അങ്കവാൽ” കൂടി സൂക്ഷിക്കുന്ന ഒരു പാലക്കാടൻ വാരിയർ തൃക്കരിപ്പൂരിൽ മത്സരിക്കാൻ വന്നപ്പോൾ അയാൾക്കെതിരെ ഇതുപോലുള്ള ഒരു ആക്ഷേപവും ഉയർന്നില്ല. തന്റെ വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന മുഹമ്മദ് ഷാഫിയുടെ തലയിൽ ജമാഅത്തെ ഇസ്ലാമിയുടെയും “മൗദൂദി”യുടെയും ബന്ധം ഇപ്പോഴും ആരോപിക്കപ്പെടുകയാണ്. പക്ഷെ താൻ ബിജെപി വക്താവായിരുന്ന സമയത്ത് ഗാന്ധിയുടെ വധത്തെ പോലും പരിഹസിച്ചു സംസാരിച്ച സന്ദീപ് വാര്യർക്കെതിരെ ഒരു തവണ പോലും അദ്ദേഹത്തിന്റെ രണ്ടുവർഷത്തിനപ്പുറമുള്ള സംഘീ ബന്ധം ചർച്ച ചെയ്യപ്പെട്ടില്ല..കൂടുതൽ പറയേണ്ടതില്ല. ഇത്രമാത്രം നഗ്നമായ രീതിയിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച സിപിഎമ്മിനെതിരായ ജനാധിപത്യ-മതേതര മനസ്സിന്റെ ശക്തമായ പ്രതിഷേധം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ പിണറായി വിജയൻ മുന്നണിയുടെ പരാജയം” (6 മേയ് 2026 , ഫേസ്ബുക് പോസ്റ്റ്).
പ്രമോദ് പുഴങ്കര:
“കേരളത്തിലെ അവർക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷത്തിന്റെ വിശാല സ്പെക്ട്രത്തിൽ നിൽക്കുന്ന ആളുകളോട് അവർ കാണിച്ച പൊളിറ്റിക്കൽ ചതിയാണ് , രാഷ്ട്രീയ വഞ്ചനയുടെ ഭാഗമായിട്ടാണ്. ഈ നേരത്തെ പറഞ്ഞ വെള്ളാപ്പള്ളിയുടെ വിഷയം പോലെ, മുസ്ലിം വെറുപ്പിനെ ഒരു പൊതു വിഷയമാക്കി മാറ്റുക. മറ്റേത് മുസ്ലിം വെറുപ്പ് എന്ന് പറയുന്നത് വേണമെങ്കിൽ ശശികല മുതൽ കുമ്മനം രാജശേഖരൻ വരെ ഓടിക്കളിക്കുന്ന വാക്കുകളായിരുന്നുവെങ്കിൽ, മുസ്ളിം വെറുപ്പ് എന്ന് പറയുന്നത് വെള്ളാപ്പള്ളിയിൽ നിന്ന് പിണറായി വിജയനിലേക്കും പിണറായി വിജയനിൽ നിന്ന് സിപിഎമ്മിന്റെ സൈബർ പോരാളികളിലേക്കും സംക്രമിക്കുന്ന ഒരു സാംക്രമിക രോഗമാക്കി മാറ്റിയത് സിപിഎമ്മാണ്. ഒരു മടിയും ഇല്ലാത്ത രീതിയിൽ, മുസ്ലിം ലീഗ് വന്നാൽ എന്തോ വലിയ അപകടമാണ്, ലീഗിനോട് നമുക്ക് വലിയ വിമർശനങ്ങളൊക്കെയുണ്ട്. ജമാഅത്തെ ഇസ്ലാമിയോട് വിമർശനങ്ങളുണ്ട്. ലീഗ് പോലെയല്ല ജമാഅത്തെ ഇസ്ലാമി. വലിയ വിമർശനങ്ങളുണ്ട്. പക്ഷെ ജമാഅത്തെ ഇസ്ലാമി എന്ന് അവർ പറയുന്നത് മുസ്ലിം മുസ്ലിം മുസ്ലിം എന്ന് ജനങ്ങൾ കേൾക്കണം എന്നുള്ളത് കൊണ്ട്. അതെല്ലാവർക്കും മനസ്സിലാവുന്നു. അത് അങ്ങനെയല്ല എന്നാണ് അവർ പറയുന്നത് എങ്കിൽ കൂടി. ഇങ്ങനെ മുസ്ലിം അപരത്വത്തെ നിർമിച്ചെടുക്കുക എന്ന് പറയുന്നത് സംഘപരിവാറിന്റെ ഒരു പ്രത്യയശാസ്ത്ര രാഷ്ട്രീയ പദ്ധതിയാണ് ഇന്ത്യയിൽ, അതിനെ കേരളത്തിൽ..അല്ലെങ്കിൽ കേരളത്തിൽ മുസ്ലിം പൊളിറ്റിക്സ് ആണോ ഈ തെരഞ്ഞെടുപ്പിൽ ഒക്കെ ഏറ്റവും വലിയ വിഷയമായി വരേണ്ടത്. അല്ല!, ഇപ്പോൾ മൂന്ന് സീറ്റ് നേടിയ ബിജെപിയുടെ, സംഘ്പരിവാറിന്റെ പൊളിറ്റിക്സിനെ ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നേതാക്കൾ എത്ര ടാർഗെറ്റ് ചെയ്തിട്ടുണ്ട്. അവർ മുഴുവൻ ഊന്നിയത് ജമാഅത്തെ ഇസ്ലാമി, അത് ഇത് എന്ന് പറഞ്ഞാണ് അവർ ഊന്നിയത്. ഇന്ത്യയിലെ മെജോറിറ്റേറിയൻ ഹിന്ദുത്വ ഫാഷിസ്റ്റ് പൊളിറ്റിക്സിനെക്കുറിച്ച് സംസാരിക്കാനുള്ള ചരിത്രപരമായ ബാധ്യതയുള്ള ഇടതുപക്ഷം ആ ചരിത്രപരമായ ബാധ്യത അവർക്ക് ഏറ്റെടുക്കാൻ പറ്റാത്തത് അവർ ഇടത് പക്ഷമല്ല എന്നത് കൊണ്ടാണ്”. ( മുസ്ലിം വെറുപ്പ് ഉയർത്തി സി പി എം നടത്തിയ രാഷ്ട്രീയ വഞ്ചന, ട്രൂകോപി തിങ്ക്, 6 മെയ് 2026).
ജെ രഘു:
“ഏപ്രിൽ 9ന് കേരളത്തിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ നടത്തിയ പരസ്യപ്രസ്താവനകൾ ഇന്നാട്ടിലെ മുസ്ലിംകളെ അയിത്തക്കാരാക്കുന്ന തരത്തിലുള്ളതായിരുന്നു. യുഡിഎഫ് ഭരിച്ചാൽ കേരളം ഭരിക്കുന്നത് ‘മുസ്ലിം തീവ്രവാദികളായിരിക്കും’, ‘കേരളത്തിൽ മാറാട് ആവർത്തിക്കും’ആഭ്യന്തരവകുപ്പ് ലീഗിന് കൈമാറും”മുസ്ലിം ലീഗ് നേതാവ് ഉപമുഖ്യമന്ത്രി ആവും’. തുടങ്ങിയ പ്രസ്താവനകൾ സിപിഎമ്മും ബിജെപിയും നിരന്തരം ആവർത്തിച്ചു. മുസ്ലിം ലീഗിന്റെ വർധിച്ച ജനപിന്തുണയിൽ, യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന ആശങ്കയായിരുന്നു ഇത്തരം ഇസ്ലാംവിരുദ്ധ പ്രസ്താവനകൾക്ക് പിന്നിൽ. പിണറായി വിരുദ്ധ തരംഗത്തിൽ, സിപിഎം എന്ന രാഷ്ട്രീയ മാഫിയ തകരുകയും യുഡിഎഫ് വൻവിജയം നേടുകയും ചെയ്തത് മുസ്ലിം വർഗീയതയുടെ’ ഏകീകരണമാണെന്നാണ് സിപിഎം-ബിജെപി ഇരട്ടകളുടെ വ്യാഖ്യാനം. ഇത് നമുക്ക് പരിചിതമായ ‘ഇസ്ലാമോഫോബിയ’ അല്ല. മുസ്ലിംകളുടെ വോട്ട് കൊണ്ടുള്ള യുഡിഎഫ് വിജയത്തിന് ആചാരപരമായ സാധൂകരണം ഇല്ലെന്ന പരോക്ഷമായ ആക്ഷേപമാണ് ഇത്. അതായത്, ഒബിസി-ദലിത്-ആദിവാസികളെ പോലെ, കേരളത്തിന്റെ 27 ശതമാനം വരുന്ന മുസ്ലിംകൾ സനാതനധർമത്തിന്റെ പുതുവ്യാഖ്യാനമനുസരിച്ച് അയിത്തക്കാരായി മാറിയിരിക്കുന്നു” (മുസ്ലിം വോട്ടുകൾക്ക് അയിത്തമോ? 9 മെയ് 2026, മാധ്യമം).
അയ്യപ്പൻ. ആർ:
“2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം, സെക്കുലർ ബാലൻസ് കാരണം ഹിന്ദു വോട്ടുകളും മുസ്ലിം വോട്ടുകളും നഷ്ടപ്പെട്ടുവെന്ന വിലയിരുത്തൽ ഉണ്ടായപ്പോൾ, സിപിഎം നിഷ്പക്ഷത കാറ്റിൽ പറത്തി. ഹിന്ദു വോട്ടുകളുടെ കൊഴിഞ്ഞുപോക്കായിരിക്കാം സിപിഎമ്മിനെ കൂടുതൽ വേദനിപ്പിച്ചത്.
അതിനുശേഷം ജമാഅത്തെ ഇസ്ലാമിയെ പ്രത്യേകിച്ച് ആക്രമണലക്ഷ്യമാക്കി. എ. കെ. ബാലനെപ്പോലുള്ള ഒരു മുതിർന്ന സിപിഎം നേതാവ്, യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കും എന്നു പറഞ്ഞു. ജമാഅത്തിന്റെ യഥാർത്ഥ സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോൾ ആക്രമണങ്ങളുടെ തീവ്രത അതിരുകടന്നതായിരുന്നു; അത് ഇസ്ലാമോഫോബിയയുടെ അതിർത്തികളിൽ പ്രവേശിച്ചു.
ഇത് വെറും സംശയം മാത്രമായിരുന്നെങ്കിൽ, നിത്യ രോഷാകുലനായ മുഖ്യമന്ത്രി, നിരന്തരം മുസ്ലിം വെറുപ്പ് പ്രചരിപ്പിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചെറിയ തോതിൽ പോലും ശാസിക്കാൻ തയ്യാറാകാതിരുന്നത്, അതിന് സ്ഥിരീകരണമായി” (പിണറായി, ഹൂ എൽസ് റ്റു ബ്ലെയിം ഫോർ സിപിഎം’ സ് ‘സെൽഫ് ഹാം’ തെറാപ്പി. ഓൺ മനോരമ ഡോട്ട്കോം, 5 മെയ് 2026).