Data Brief Hindutva Kerala Islamophobia Special Report

മന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യം: വിദ്വേഷ പ്രചാരണങ്ങളും വസ്തുതകളും

വസ്തുത

ജനസംഖ്യാ കണക്ക്: കേരള ശാസ്‌ത്ര സാഹിത്യ പരിഷത് സാമ്പിൾ സർവേ ( 2019) പ്രകാരം മുസ്‌ലിം ജനസംഖ്യ 30.2%

21 അംഗ മന്ത്രിസഭയിൽ മുസ്‌ലിം ജനസംഖ്യാനുപാതിക പ്രാതിനിധ്യം: 6.3 മന്ത്രിമാർ

2021–2026

മന്ത്രിമാർ: 2.5

1. പി. എ. മുഹമ്മദ് റിയാസ്
2. വി. അബ്ദുറഹിമാൻ
3. അഹമ്മദ് ദേവർകോവിൽ (അര ടേം)

സ്പീക്കർ: എ. എൻ. ഷംസീർ

ആകെ മന്ത്രി പ്രാതിനിധ്യം: 2.5

ജനസംഖ്യാനുപാതിക കുറവ്: 3.5

2026–2031

മന്ത്രിമാർ: 6

1. പി. കെ. കുഞ്ഞാലിക്കുട്ടി
2. പി. കെ. ബഷീർ
3. കെ. എം. ഷാജി
4. എൻ. ഷംസുദ്ദീൻ
5. വി. ഇ. അബ്ദുൽ ഗഫൂർ / പാറക്കൽ അബ്ദുല്ല
6. ടി. സിദ്ദീഖ്

ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ

ആകെ മന്ത്രി പ്രാതിനിധ്യം: 6

ആകെ പ്രാതിനിധ്യം: 7

ജനസംഖ്യാനുപാതിക മന്ത്രി പ്രാതിനിധ്യം: തുല്യം

വിദ്വേഷ പ്രചാരണങ്ങൾ

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെയും മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യത്തെയും ലക്ഷ്യമാക്കി ശക്തമായ പ്രചാരണങ്ങൾ ദേശീയ തലത്തിൽ തന്നെ  ഉയർന്നിട്ടുണ്ട്. വി. ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് “മുസ്‌ലിം ലീഗിന്റെ സമ്മർദ്ദം” കൊണ്ടാണെന്നും, കേരളം ഇനി “ ഇൻഡ്യൻ യൂനിയൻ മുസ്‌ലിം ലീഗ് നിയന്ത്രിക്കുന്ന” (remote controlled എന്നാണ് പ്രയോഗം) സർക്കാർ ആകുമെന്നുമുള്ള ആരോപണങ്ങളാണ് ബിജെപി ഉയർത്തിയത്  ( “‘Janta mandate gone for a toss’: BJP claims new Kerala CM will be ‘remote-controlled’ by IUML,” Times of India, 14 May 2026).

ദി ഹിന്ദു ദിനപത്രം എഴുതിയ  എഡിറ്റോറിയൽ മുസ്‌ലിം ലീഗിന്റെ ആവശ്യങ്ങളെ “maximalist demands” (പരമാവധി അവകാശവാദം) എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, സീറ്റുകൾ, മന്ത്രിസ്ഥാനം, വകുപ്പുകൾ, കൂടാതെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച രാഷ്ട്രീയ ഇടപെടൽ എന്നിവയിൽ ലീഗ് പരമാവധി അവകാശവാദം ഉന്നയിച്ചുവെന്നാണ് ലേഖനം സൂചിപ്പിക്കുന്നത്. ഈ ആവശ്യങ്ങൾ മുസ്‌ലിം സമുദായത്തിന്റെയും ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ഇടയിൽ സംഘർഷം വർധിപ്പിക്കുന്നതുമായി ഭാഗികമായി ബന്ധപ്പെട്ടുവെന്നും, അത് ബി.ജെ.പിക്ക് ഗുണകരമാകാമെന്നും എഡിറ്റോറിയൽ വാദിക്കുന്നു (The Hindu Editorial, “Primary league: In Kerala, the UDF is engaged in ugly manoeuvres for the CM’s post,” The Hindu, 1 May 2026 ).

ദേശാഭിമാനിയുടെ ഒരു ഉപതലക്കെട്ട് (താഴെ) ഇങ്ങിനെ: “5 മന്ത്രിമാർ വേണമെന്ന ലീഗിന്റെ നിർബന്ധത്തിനു വഴങ്ങി” ( ഒ വി സുരേഷ്, 17 മെയ് 2026, കോൺഗ്രസിൽ മന്ത്രിമാരാകാൻ തർക്കം, ദേശാഭിമാനി).

 

വി. ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളം അടുത്ത അഞ്ച് വർഷം ഫലത്തിൽ ഇൻഡ്യൻ യൂനിയൻ മുസ്‌ലിം ലീഗ് ഭരിക്കും എന്ന ആരോപണം ബി.ജെ.പി കേരള ഘടകം ഉന്നയിക്കുകയും, കോൺഗ്രസ്–ഇൻഡ്യൻ യൂനിയൻ മുസ്‌ലിം ലീഗ് നേതൃത്വത്തെ ലക്ഷ്യമാക്കി ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ മീമുകൾ പങ്കുവെക്കുകയും ചെയ്തു (“BJP alleges IUML influence after Satheesan named Kerala CM, shares memes,” ThePrint/PTI, 14 May 2026).

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ  നല്കുന്ന റിപ്പോർട്ട് പ്രകാരം കോൺഗ്രസ് ഹൈക്കമാൻഡ് ഇൻഡ്യൻ യൂനിയൻ മുസ്‌ലിം ലീഗിൻ്റെയും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള ഗ്രൂപ്പുകളുടെയും സമ്മർദ്ദത്തിന് വഴങ്ങിയെന്ന രീതിയിൽ വിഷയം ഫ്രെയിം ചെയ്തു. (“Keralam: Congress high command accused of yielding to pressure from IUML, Jamaat-e-Islami in choosing VD Satheesan,” Organiser, 14 May 2026)

ബി.ജെ.പിയും രണ്ട് പ്രമുഖ ജാതി സംഘടനകളും സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്‌ലിം ലീഗ് സമ്മർദ്ദം മൂലമാണെന്ന് വിമർശിച്ചതായി പ്രിൻ്റ് റിപ്പോർട്ട് ചെയ്തു ( “IUML a ‘brother party’, vital for secularism: Satheesan,” ThePrint/PTI, 16 May 2026).

ഇതോടൊപ്പം ഹിന്ദുത്വ സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും പ്രസ്താവനകളും ഈ വിദ്വേഷ നിർമ്മാണത്തെ കൂടുതൽ ശക്തമാക്കി. കെ. പി. ശശികല ടീച്ചർ ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നത് “ആശങ്കാജനകം” ആണെന്നും, തീരപ്രദേശങ്ങളെയും മാറാട് പോലുള്ള സംഭവങ്ങളെയും “ജിഹാദി അജണ്ട” എന്ന ഫ്രെയിമിൽ ബന്ധിപ്പിക്കുന്ന രീതിയിലും പോസ്റ്റ് ചെയ്തു ( “ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നത് ആശങ്കാജനകം…,” കെ പി ശശികല ടീച്ചർ,ഫേസ്ബുക്, 17 മെയ് 2026).

പ്രതീഷ് വിശ്വനാഥൻ കോൺഗ്രസ് “പൊളിറ്റിക്കൽ ഇസ്ലാമിന് മുൻപിൽ മുട്ടുകുത്തി” എന്ന രീതിയിൽ കോൺഗ്രസ്–മുസ്‌ലിം ലീഗ് ബന്ധത്തെ അവതരിപ്പിക്കുകയും, “ന്യൂനപക്ഷം ഭൂരിപക്ഷമായാൽ എല്ലാ പാർട്ടിക്കും ഇതേ ഗതിയായിരിക്കും” എന്ന രീതിയിൽ മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യത്തെ ഭാവി രാഷ്ട്രീയ ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്തു. (“പൊളിറ്റിക്കൽ ഇസ്ലാമിന് മുൻപിൽ മുട്ടുകുത്തി കോൺഗ്രസ്…,” പ്രതീഷ് വിശ്വനാഥൻ, ഫേസ്ബൂക്,, 17 മെയ് 2026).

കാലടി സർവകലാശാല മുൻ വൈസ് ചാൻസ്ലർ കെ. എസ്. രാധാകൃഷ്ണന്റെ പ്രസ്താവനകൾ ഇതിലും തുറന്ന ഇസ്‌ലാമോഫോബിക് ഫ്രെയിമിലേക്ക് നീങ്ങുന്നു. “കേരളം മുസ്‌ലിം തീവ്രവാദികളുടെ ഭരണത്തിലേക്ക്” എന്നും, “സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ” ആണെന്നും അദ്ദേഹം ആരോപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു (“കേരളം മുസ്ലിം തീവ്രവാദികളുടെ ഭരണത്തിലേക്ക്…,” ബ്രേവ് ഇൻഡ്യ ന്യൂസ്, 17 മെയ് 2026).

ജനം ടിവിയുടെ ചില പോസ്റ്റുകളും ചർച്ചകളും മുസ്‌ലിം ലീഗിനെ അധികാരത്തിന്റെ “യഥാർത്ഥ നിയന്ത്രകർ” എന്ന രീതിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. “ഏറ്റവും നല്ല അടിമയെ തേടിയാണ് ഇന്ന് മുസ്‌ലിം ലീഗ് നിൽക്കുന്നത്”, “മുസ്ലിം ലീഗിന്റെ ഏറ്റവും നല്ല അടിമയാര്?”, “കേരള മുഖ്യമന്ത്രി മുസ്ലിം ലീഗിന്റെ അടിമ” തുടങ്ങിയ തലക്കെട്ടുകൾ ഈ ഫ്രെയിമിനെ ശക്തിപ്പെടുത്തുന്നു (“ഏറ്റവും നല്ല അടിമയെ തേടിയാണ് ഇന്ന് മുസ്‌ലിം ലീഗ് നിൽക്കുന്നത്…,” ജനം ടി വി / അഡ്വ. എസ്. സുരേഷ് , 17 മെയ് 2026) (“മുസ്ലിം ലീഗിന്റെ ഏറ്റവും നല്ല അടിമയാര്?,” ജനം ടി വി / അഡ്വ. എസ്. സുരേഷ് , 17 മെയ് 2026), (“കേരള മുഖ്യമന്ത്രി മുസ്ലിം ലീഗിന്റെ അടിമ…,” ജനം ടി വി / അഡ്വ. എസ്. സുരേഷ് , ഇൻസ്റ്റഗ്രാം, 17 മെയ് 2026).

‘അടിമ’ എന്ന പ്രയോഗം പുതിയതല്ല. മുഖ്യമന്ത്രി ചർച്ചക്കിടെ  ജനം ടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് ആരോപിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് “ജമാഅത്ത് അമീറിന്റെ നല്ല അടിമ ആരാണ്” എന്ന അന്വേഷണത്തിലാണെന്നും, അവസാനം “മുസ്‌ലിം ലീഗിന്റെയും ജമാഅത്തിന്റെയും തീരുമാനമാണ്” കോൺഗ്രസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു (“കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജമാഅത്ത് ഇസ്ലാമി; അമീറിന്റെ നല്ല അടിമ ആരാണെന്ന അന്വേഷണത്തിലാണ് കോൺഗ്രസ്: എസ്. സുരേഷ്,” ജനം ടിവി, 12 മെയ് 2026).

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, യോഗനാദം എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ “അധികാരം കിട്ടിയതോടെ ലീഗ് ഹിന്ദുവിരുദ്ധരായി” എന്നും “ലീഗിനെ എതിർത്താൽ മുസ്ലീം വിരുദ്ധനാക്കും” എന്നും ആരോപിച്ചു ( “‘അധികാരം കിട്ടിയതോടെ ലീഗ് ഹിന്ദുവിരുദ്ധരായി’; മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി,” ഏഷ്യാനെറ്റ് ന്യൂസ് , 17 മെയ് 2026).

വിശകലനം

ഈ പശ്ചാത്തലത്തിലാണ് കേരള മന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്കുകൾ പൊതുവിവരമായി അവതരിപ്പിക്കുന്നത്. 21 അംഗ മന്ത്രിസഭയിൽ 30.2 ശതമാനം ജനസംഖ്യാനുപാതികമായി മുസ്‌ലിം പ്രാതിനിധ്യം 6.3 മന്ത്രിമാർക്ക് തുല്യമാണ്.

2021–2026 കാലഘട്ടത്തിൽ മുസ്‌ലിം മന്ത്രി പ്രാതിനിധ്യം 2.5 ആയിരുന്നു: പി. എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ അര ടേം. എ. എൻ. ഷംസീർ സ്പീക്കറായതിനാൽ മന്ത്രിസഭാ കണക്കിൽ ഉൾപ്പെടുന്നില്ല. അതായത് 2021–2026 കാലത്ത് ജനസംഖ്യാനുപാതികമായി 3.5 മന്ത്രിമാരുടെ കുറവ് ഉണ്ടായിരുന്നു.

2026–2031 കാലഘട്ടത്തിൽ മുസ്‌ലിം മന്ത്രി പ്രാതിനിധ്യം 6 ആയി വരുന്നു: പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. ബഷീർ, കെ. എം. ഷാജി, എൻ. ഷംസുദ്ദീൻ, വി. ഇ. അബ്ദുൽ ഗഫൂർ / പാറക്കൽ അബ്ദുല്ല, ടി. സിദ്ദീഖ്. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും വരുന്നു. അതായത് 2026–2031 കാലത്ത് മന്ത്രി തലത്തിലുള്ള മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് തുല്യമായ നിലയിലേക്കാണ് എത്തുന്നത്.

 

ചുരുക്കിപ്പറഞ്ഞാൽ  2021–2026 കാലത്ത് ഉണ്ടായിരുന്ന കുറവ് 2026–2031 കാലത്ത് ഭാഗികമായി പരിഹരിക്കപ്പെടുന്നു എന്നതാണ് വസ്തുത. 1957 മുതൽ ഇതുവരെയുള്ള മന്ത്രിസഭകളിൽ 22.99 ശതമാനം കുറവ് മുസ്‌ലിംകൾക്കുണ്ട്. ഈ മന്ത്രി സഭയും അതു നികത്തുന്നില്ല.   ജനാധിപത്യത്തിൽ ഒരു സമുദായത്തിന്റെ ജനസംഖ്യാനുപാതികമായ രാഷ്ട്രീയ പ്രാതിനിധ്യം സാമൂഹിക നീതിയുടെയും ഭരണഘടനാപരമായ പങ്കാളിത്തത്തിന്റെയും ഭാഗമാണ്.

അനുബന്ധം: കേരള മന്ത്രിസഭ 2026 -2031  ( സമുദായ പ്രാതിനിധ്യം )